TopTop
Begin typing your search above and press return to search.

ഉടുമുണ്ടഴിയുന്ന മതങ്ങൾ മതേതര സമൂഹത്തിന്റെ ബാധ്യതയല്ല

ഉടുമുണ്ടഴിയുന്ന മതങ്ങൾ മതേതര സമൂഹത്തിന്റെ ബാധ്യതയല്ല

മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ [പ്രസിദ്ധീകരിച്ചിരുന്ന എസ്. ഹരീഷിന്റെ നോവൽ, 'മീശ' ഹിന്ദുത്വ രാഷ്ട്രീയഗുണ്ടകളുടെ ഭീഷണി മൂലം എഴുത്തുകാരൻ പിൻവലിച്ചിരിക്കുന്നു. എഴുത്തുകാരന് സംഘപരിവാർ ഗുണ്ടകളെ നേരിടാനുള്ള ധൈര്യമുണ്ടോ, ഇരട്ടച്ചങ്കുണ്ടോ, അമ്പത്താറ് ഇഞ്ച്‌ നെഞ്ചുവിരിവുണ്ടോ, ഇല്ലെങ്കിൽ കഷ്ടമായി എന്ന തരത്തിലുള്ള ചോദ്യങ്ങളും വിലാപങ്ങളും ഇവിടെ അപ്രസക്തങ്ങളാണ്. ഒരു സമൂഹമെന്ന നിലയിൽ നാം പുലർത്തുന്ന ജനാധിപത്യമൂല്യങ്ങളുടെയും രാഷ്ട്രീയ മൂല്യങ്ങളുടെയും ഉള്ളുറപ്പാണ് നമ്മൾ പരിശോധിക്കേണ്ടത്. ഹിന്ദുത്വ വർഗീയതയുടെയും മത, സാമുദായിക വർഗീയതയുടെയും സാമാന്യവത്കരിക്കപ്പെടുകയും സ്വാഭാവികം എന്ന മട്ടിൽ മലയാളികൾ സ്വീകരിക്കുകയും ചെയ്യുന്ന മതബദ്ധ രാഷ്ട്രീയത്തിന്റെ വൈതാളിക നൃത്തമാണ് നമ്മളിപ്പോൾ കാണുന്നത്.

പുരോഗമനപരമായ സാമൂഹ്യമൂല്യങ്ങളും ജീർണമായ മത കെട്ടുകാഴ്ച്ചകളിൽ നിന്നുമുള്ള മുന്നോട്ടുപോക്കും ഒരു ചുമതലയായി കാണാൻ തുടങ്ങിയ കേരളീയ സമൂഹത്തെ അതേ ജീർണത ഒരു അലങ്കാരമായി കാണുന്ന തരത്തിലേക്ക് മാറ്റുന്നതിൽ ഏതാണ്ടൊക്കെ വിജയിച്ച സാമൂഹ്യ, രാഷ്ട്രീയ കാലാവസ്ഥയാണ് കേരളത്തിലുള്ളത്. മതവും ഭക്തിയും ദൈവവും വിശ്വാസവുമെല്ലാം സമൂഹത്തിന്റെ പൊതുരാഷ്ട്രീയത്തെ നിശ്ചയിക്കുന്നതിൽ അപായകരമായ വിധത്തിൽ കൈകടത്തുന്ന കാലമാണിത്. മതവിമർശനം എത്ര വരെ പോകാം എന്നത് വിമർശകന്റെ കാഴ്ച്ചപ്പാടിന്റെയും രാഷ്ട്രീയത്തിന്റെയും മാത്രം കാര്യമാണ്. മതങ്ങളെയോ അതിൻെറ ഒരു ഭാഗമായ ദൈവവിശ്വാസത്തെയോ അതിന്റെ ജീവിത രീതികളെയോ എല്ലാം തീർത്തും എതിർപക്ഷത്തുനിന്നുകൊണ്ട് വിമർശിക്കാനും നിഷ്കരുണം ആക്രമിക്കാനും ആർക്കും അവകാശമുണ്ട്. മതങ്ങൾ ചെയ്യുന്നതും അതാണ്. ദൈവമില്ല എന്നും മതങ്ങൾ നിലവിലെ ചൂഷണാധിഷ്ഠിത രാഷ്ട്രീയ-സാമ്പത്തിക വ്യവസ്ഥയുടെ ചട്ടുകങ്ങളാണെന്നും കരുതുന്ന ഒരാൾക്ക് മതത്തോടോ തീർത്തും അശാസ്ത്രീയമായ അതിന്റെ വിശ്വാസജീർണതയോടോ, ജനാധിപത്യവിരുദ്ധവും സ്ത്രീവിരുദ്ധവുമായ ജീവിതരീതികളോടോ ഒരു ദയാദാക്ഷിണ്യവും കാണിക്കേണ്ടതില്ല. ഇതിനുള്ള സ്വാതന്ത്ര്യം കൂടിയായാണ് ഒരു മതേതര ജനാധിപത്യ റിപ്പബ്ലിക് അതിന്റെ പൗരന്മാർക്ക് നൽകുന്നത്.

കേരളത്തിൽ ഹരീഷിന്റെ നോവലിന് നേരെ നടന്ന ഈ ഹിന്ദുത്വ രാഷ്ട്രീയ ഗുണ്ടകളുടെ ആക്രമണത്തിന്റെ പല തലങ്ങളും പരിശോധിക്കുന്നതിന് മുമ്പ് അതിനു പാകമായ ഒരു ചരിത്രം എല്ലായ്പ്പോഴും ഇവിടെ ഉണ്ടാക്കിക്കൊണ്ടിരുന്നു എന്ന് നാം കാണണം. 'ക്രിസ്തുവിന്റെ ആറാം തിരുമുറിവ്' എന്ന നാടകത്തിനെതിരെ കേരളത്തിലെ ക്രിസ്ത്യൻ സഭകൾ നടത്തിയ, അഭിപ്രായ സ്വാതന്ത്ര്യത്തെ നിരോധിക്കുന്നതിനുവേണ്ടിയുള്ള പ്രക്ഷോഭം, ക്രിസ്ത്യൻ സഭകൾ കേരളത്തിന്റെ രാഷ്ട്രീയ-സാമ്പത്തിക മണ്ഡലത്തിൽ ഉണ്ടാക്കിയെടുത്തിട്ടുള്ള മാഫിയ സംഘങ്ങൾക്ക് സമാനമായ ശക്തി ഉപയോഗിച്ചായിരുന്നു വിജയിപ്പിച്ചത്. ക്രിസ്തു ക്രിസ്ത്യാനികളുടെ ഒരു പ്രവാചക വിശ്വാസമാണ്. ദൈവം എന്ന പോലെ അനേകം അസംബന്ധങ്ങളും കെട്ടുകഥകളും കൂട്ടിച്ചേർത്ത ഒന്ന്. അതിനോട് ക്രിസ്ത്യാനികൾക്കുള്ള പ്രതിബദ്ധത അതല്ലാത്ത ഒരാൾക്ക് എന്തിനാണ്? ക്രിസ്തുവിനെക്കുറിച്ച്, വെള്ളം വീഞ്ഞാക്കുകയും കുരിശിലേറ്റി മൂന്നാം നാൾ ഉയർത്തെഴുന്നേൽക്കുകയും ചെയ്തു എന്നുമൊക്കെയുള്ള കള്ളക്കഥകൾ ഉണ്ടാക്കി വിൽക്കുമ്പോൾ അയാൾക്ക് മഗ്ദലനത്തിലെ മറിയത്തോട് അനുരാഗമുണ്ടായിരുന്നുവെന്നും കുരിശിൽ കിടക്കുമ്പോൾ, ജീവിതത്തെക്കുറിച്ചുള്ള ആത്മാനുഭവ സഞ്ചാരങ്ങളിൽ അവളുമൊത്തുള്ള കുടുംബ ജീവിതവും ശരീര ലാളന സുഖങ്ങളുമൊക്കെ സ്വപ്നം കണ്ടയാൾ കുറച്ചുനേരത്തേക്ക് അതിൽ പ്രലോഭിതനായിപ്പോയെന്നും പറയാൻ ആർക്കും അവകാശമുണ്ട്. എന്നാൽ പട്ടിണിയിലും ചൂഷണത്തിലും അനീതിയിലുമൊന്നും വ്രണപ്പെടാത്ത ഒരു വികാരം മതങ്ങൾക്കുണ്ടെന്നും ആ മതവികാരത്തെ വ്രണപ്പെടുത്തുക എന്നതാണ് ഈ സാഹിത്യസൃഷ്ടി ചെയ്തതെന്നും ക്രിസ്ത്യൻ സഭ മാഫിയ തീട്ടൂരമിറക്കിയപ്പോൾ അതിനു കീഴിൽ ശൂ എന്ന് വഴങ്ങി ഒപ്പിട്ടു കേരളത്തിലെ രാഷ്ട്രീയ നേതൃത്വം.

കണിയാപുരം രാമചന്ദ്രൻ എഴുതിയ 'ഭഗവാൻ കാലുമാറുന്നു' എന്ന കെപിഎസി നാടകത്തിനെതിരെ സംഘപരിവാർ കായികമായ ആക്രമണങ്ങൾ നടത്തി. എന്നിട്ടും നാടകം കേരളത്തിൽ അവതരിപ്പിക്കാനായത് അന്ന് ഇത്രയും ദുര്‍ബലമായിട്ടില്ലായിരുന്നു നമ്മുടെ മതേതര സങ്കല്പങ്ങൾ എന്നതുകൊണ്ടാണ്.

ഇസ്‌ലാമിലെ പ്രവാചകനായ മുഹമ്മദിനെ നിന്ദിച്ചു എന്ന് പറഞ്ഞ് പോപ്പുലർ ഫ്രണ്ടിന്റെ ഇസ്‌ലാമിക വർഗീയവാദി ഗുണ്ടകൾ ജോസഫ് മാഷുടെ കൈ വെട്ടിയപ്പോൾ അശ്ലീലമായ മൗനം പാലിച്ചു കേരളത്തിന്റെ രാഷ്ട്രീയ സമൂഹം. നിങ്ങൾക്കയാൾ പ്രവാചകൻ, ബാക്കിയുള്ളവർക്ക് വെറുമൊരു മനുഷ്യൻ എന്ന് പറയാനുള്ള ആർജവം കേരളം കാണിച്ചില്ല. ജോസഫ് മാഷെ ജോലിയിൽ നിന്നും പുറത്താക്കിയാണ് സർവമത ഗുണ്ടാ സംഘത്തിലെ പ്രധാന വേഷക്കാരായ ക്രിസ്ത്യൻ സഭ തങ്ങളുടെ മതേതര വിരുദ്ധ ഐക്യദാർഢ്യ പ്രഖ്യാപനം നടത്തിയത്.

ഇതേ മതവെറിയുടെ തുടർച്ചയാണ് ഹരീഷിന്റെ നോവൽ പിൻവലിക്കേണ്ടി വന്ന സാഹചര്യത്തിലേക്ക് എത്തിച്ചത്. എന്നുമാത്രമല്ല മുമ്പത്തേതിൽ നിന്നും വ്യത്യസ്തമായി ഇത്തരം ജനാധിപത്യ, മതേതര വിരുദ്ധർക്ക് തങ്ങളുടെ ജീർണ സ്വത്വങ്ങൾ പകിട്ടോടെ പ്രദർശിപ്പിക്കാനുള്ള അന്തരീക്ഷം കേരള സമൂഹത്തിലുണ്ട്.

അമ്പലത്തിൽ പോകുന്ന സ്ത്രീകൾ തങ്ങളുടെ ലൈംഗിക സന്നദ്ധതയെ വിളിച്ചറിയിക്കുന്നു എന്ന് നോവലിലെ ഒരു കഥാപാത്രം പറയുന്നുണ്ടെങ്കിൽ അതയാൾക്കു പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. ഹരീഷ് എഴുതുന്നത് 'മീശ' എന്ന് പേരുള്ള ഒരു നോവലാണ്. അല്ലാതെ കേരളത്തിലെ ക്ഷേത്രാചാര ചരിത്രമല്ല. അയാളുടെ ഭാവനയ്ക്കും ആഖ്യാനരീതികൾക്കും ആരേയും ഭയക്കാതെ ഇടം കിട്ടുന്ന ഒരു ഒരു സമൂഹമാണ് നമ്മളെന്ന് ഉറപ്പുവരുത്തേണ്ടതുമുണ്ട്. അതിന് ഒരു ന്യായവും പറയേണ്ടതില്ല, നൽകേണ്ടതുമില്ല. ശ്രീകോവിലിൽ രണ്ടു പേര് രതിയിലേർപ്പെട്ടു എന്നും ശാന്തിക്കാരൻ പതിവായി കഴകക്കാരിയുമായി അമ്പലത്തിനുള്ളിൽ സംഭോഗം നടത്തിയിരുന്നുവെന്നും ഒരു കഥയിൽ എഴുതാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ട്. എന്നാൽ അതില്ല എന്നൊരു ഹിന്ദുത്വ രാഷ്ട്രീയ ഗുണ്ടാസംഘം പറയുമ്പോൾ, സംഘപരിവാർ കണ്ണുരുട്ടുമ്പോൾ, എഴുത്തുകാരനെ ശാരീരികമായി ആക്രമിക്കുമെന്ന് ഭീഷണി മുഴക്കുമ്പോൾ, എഴുതൂ സധൈര്യം, ഉടുമുണ്ടഴിയുന്ന ദൈവങ്ങൾ വെളിച്ചപ്പെട്ടു തുള്ളിക്കോട്ടെ എന്ന് പറയാനും അയാൾക്കതെഴുതാനുമുള്ള ആത്മധൈര്യം നൽകാനും ഈ സമൂഹത്തിന്റെ രാഷ്ട്രീയ ശരീരത്തിനും മൂല്യങ്ങൾക്കും ചരിത്രത്തിനും കഴിയുന്നില്ല എന്നതാണ് അപായമണികൾ കൂട്ടമായി മുഴങ്ങുന്ന ശബ്ദം നമ്മെ കേൾപ്പിക്കുന്നത്.

ദൈവവിശ്വാസവും മതവുമെല്ലാം അതിന്റെ എല്ലാ ആത്മീയ നാട്യങ്ങൾക്കുമപ്പുറം ഒരു സാമൂഹ്യ സ്വീകാര്യതയുടെ അളവുകോലിലാണ് വളരുന്നത്. അത്തരത്തിലുള്ള സാമൂഹ്യ സ്വീകാര്യത എല്ലാ മതജീര്‍ണതകൾക്കും ഒരുക്കിക്കൊടുത്താണ് കേരളത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ രംഗം ഈയവസ്ഥ സൃഷ്ടിച്ചത്. കുളിച്ചു കുറിയിട്ട് കസവുമുണ്ടുടുത്ത് ഭക്തിയും വിഭക്തിയും കാലവർഷവും വെള്ളപ്പൊക്കവുമാകും വിധം കർക്കടകത്തിൽ വായിക്കേണ്ട ഒന്നാണ് രാമായണം എന്ന് ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി എംഎൽഎയ്‌ക്ക്‌ തോന്നുന്ന വിധത്തിൽ മതബദ്ധ ശരീരമായി കേരളത്തിന്റേത്. ഹിന്ദുത്വ വർഗീയതക്കെതിരായ രാഷ്ട്രീയ നിലപാടുകൾക്കുള്ള സാക്ഷ്യപത്രങ്ങൾ, രാഷ്ട്രീയ ഇസ്ളാമിന്റെ ജനാധിപത്യ, സ്ത്രീവിരുദ്ധ മത കമ്മട്ടങ്ങളിൽ നിന്നും അടിച്ചുനല്‍കിയാലേ സാധുതയുള്ളൂ എന്ന നിലയിലേക്ക് എത്തിക്കുന്നു നമ്മുടെ പൊതുരാഷ്ട്രീയ വ്യവഹാരങ്ങളെ. വിശ്വാസം വിശുദ്ധ വസ്തുവായി മാറുന്നു. മതേതരത്വം ഒരു വശത്ത് 'ഹിന്ദു മതേതര ഊള'കളുടെ രാഷ്ട്രീയമായും മറുവശത്ത് ന്യൂനപക്ഷ പ്രീണനമായും വ്യാജ വ്യാഖ്യാനങ്ങളിൽ അവതരിക്കപ്പെടുന്നു. ഈ കേരളത്തിലാണ് അമ്പലത്തിൽ പോകുന്ന സ്‌ത്രീകളെക്കുറിച്ച് ഒരു നോവലിലെ ഒരു കഥാപാത്രം എന്തെങ്കിലും പറയുമ്പോൾ സംഘപരിവാറിന്റെ സാംസ്കാരിക ഗുണ്ടകളുടെ ആക്രമണ ഭീഷണി മുഴങ്ങുന്നതും എഴുത്തുകാരൻ നിശ്ശബ്ദനാകുന്നതും.

ഇത് എഴുത്തുകാരന്റെ മരണമല്ല, ഇത് കേരളത്തിലെ ജനാധിപത്യ, മതേതര രാഷ്ട്രീയത്തിന്റെ പരാജയമാണ്.

ക്ഷേത്രങ്ങൾ ഒരു കാലത്തും നന്മയുടെയോ ജനാധിപത്യ സംസ്കാരത്തിന്റെയോ അടയാളങ്ങളോ കേന്ദ്രങ്ങളോ ആയിരുന്നിട്ടില്ല. ജീര്‍ണമായ ബ്രാഹ്‌മണ്യ മൂല്യബോധത്തിന്റെ ദുർഗന്ധം വമിപ്പിക്കുന്ന കേന്ദ്രങ്ങളാണ് അന്നും ഇന്നും ക്ഷേത്രങ്ങൾ. ക്ഷേത്രങ്ങളെയും ക്ഷേത്രാചാരങ്ങളെയും ദൈവവിശ്വാസത്തെയുമൊക്കെ അതിന്റെ എതിര്‍പക്ഷത്തുനിന്നും അവതരിപ്പിക്കുക എന്നത് (ഈ നോവലിൽ അങ്ങനെ ചെയ്തു എന്നല്ല) വാസ്തവത്തിൽ പുരോഗമനപരമായ ഒരു ജനാധിപത്യ രാഷ്ട്രീയം കൂടിയാണ്.

ഇപ്പോഴുയർന്ന ഈ ഭീഷണിയെ രാജ്യത്താകെ സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയ ഗുണ്ടാസംഘം സൃഷ്ടിക്കുന്ന ഭീതിയുടെ അന്തരീക്ഷവുമായി ചേർത്തുവെച്ചു കാണണം. പശുവിൽ നിന്നും അത് ഏതു തരത്തിലുള്ള ഹിന്ദുത്വ ബിംബങ്ങളിലേക്കും സംക്രമിക്കുകയാണ്. ഹിന്ദുത്വം എതിർക്കപ്പെടേണ്ട ഒരു രാഷ്ട്രീയം എന്നതിൽ നിന്നും സാമാന്യവും സ്വാഭാവികവുമായ ഒരു പൊതുജീവീതമാക്കി മാറ്റാനായാണ് സംഘപരിവാർ എത്രയോ കാലമായി ശ്രമിക്കുന്നത്. ഈ മതബദ്ധ സാമാന്യ സ്വാഭാവികത എല്ലാ മതചട്ടക്കൂടുകളും ഉപയോഗിക്കുന്ന ഒന്നാണ് താനും. എന്നാൽ സംഘപരിവാറിന്റെ രാഷ്ട്രീയ പദ്ധതിയുടെ രാഷ്ട്രീയ-സാമ്പത്തിക മാനങ്ങൾ ഈ രാജ്യത്തെ സമൂലം മാറ്റിമറിക്കാനും അതിന്റെ ദുര്‍ബലമായെങ്കിലുമുള്ള മതേതര ചട്ടക്കൂട്ടിനെ ഇല്ലാതാക്കാൻ പ്രാപ്തിയുള്ളതുമാണ് എന്നതാണ് ഇപ്പോഴുയരുന്ന തരം ഭീഷണികളെ വെറുമൊരു പുസ്തക വിരോധം മാത്രമല്ലാതാക്കുന്നത്.

എഴുത്തുകാരൻ നിശബ്ദനാകുമ്പോൾ അയാൾക്കിരിക്കാനുള്ള മരങ്ങൾ ഇല്ലാതാകുന്നു എന്നാണറിയേണ്ടത്. ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും മഹാവൃക്ഷങ്ങൾ വെട്ടിമാറ്റിയും കടപുഴകിയും മരുഭൂമിയാക്കപ്പെടുന്ന സമൂഹത്തിൽ മതരാഷ്ട്രീയത്തിന്റെ കള്ളിച്ചെടികൾ മാത്രമാണ് വളരുക. എന്നിട്ടും നിങ്ങൾ അകലങ്ങളിൽനിന്നും നന്മ വരും എന്ന് കാത്ത് നിശ്ശബ്ദരായിരിക്കുകയാണെങ്കിൽ നമ്മെ മൂടാനുള്ള മണൽക്കാറ്റ് വീശിത്തുടങ്ങി എന്നാണ് അര്‍ത്ഥം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

https://www.azhimukham.com/literature-kureeppuzha-sreekumar-speaks-against-extremism-supporting-hareesh/

https://www.azhimukham.com/india-kerala-sanghparivar-rss-modi-yogi-adityanath-hindu-muslim-maya/

https://www.azhimukham.com/offbeat-fascist-sanghparivar-against-hareesh-and-his-novel-meesha-writes-shiju/

https://www.azhimukham.com/trending-its-shame-mathrubhumi-not-naming-sanghparivar-which-threatens-hareesh-and-family-ezhuthal/

https://www.azhimukham.com/literature-hareesh-withdraws-meesha-novel-writes-saju/


Next Story

Related Stories