TopTop
Begin typing your search above and press return to search.

ഉഭയകക്ഷി സമ്മതമെന്ന് കേട്ടിട്ടുപോലുമില്ലാത്ത പുരുഷന്റെയടുത്താണോ നിങ്ങള്‍ ഉത്തമസ്ത്രീ കളിക്കുന്നത് പെണ്ണുങ്ങളെ?

ഉഭയകക്ഷി സമ്മതമെന്ന് കേട്ടിട്ടുപോലുമില്ലാത്ത പുരുഷന്റെയടുത്താണോ നിങ്ങള്‍ ഉത്തമസ്ത്രീ കളിക്കുന്നത് പെണ്ണുങ്ങളെ?

തിരുവനന്തപുരം നഗരത്തില്‍ ആണ്. ഒരു സ്ത്രീ റോഡ് മുറിച്ചു കടക്കാന്‍ നില്‍ക്കുമ്പോള്‍ ഒരു ഓട്ടോ അവരുടെ അടുത്തേയ്ക്ക് സ്ലോ ചെയ്തു വന്നു. ആ സ്ത്രീയുടെ തൊട്ടടുത്ത് എത്തിയതും ഓട്ടോ ഡ്രൈവര്‍ യാതൊരു പരിചയവും ഇല്ലാത്ത, ആദ്യമായി കാണുന്ന ആ സ്ത്രീയെ നോക്കി അശ്ലീലങ്ങള്‍ വര്‍ഷിക്കുകയാണ്. പറയുന്നതെന്താണ് എന്ന് കേള്‍ക്കുകയും മനസ്സിലാവുകയും ചെയ്ത ഉടനെ അമ്പരപ്പോടെ ഭയത്തോടെ കൈയ്യിലിരുന്ന ബാഗ് കൂടുതല്‍ അടുക്കിപ്പിടിച്ച് അവര്‍ ധൃതിയില്‍ റോഡ് ക്രോസ് ചെയ്തു പോവുകയാണ് ഉണ്ടായത്.

സര്‍വ്വസമ്മതനായ ഒരു മാധ്യമ പ്രവര്‍ത്തകനാണ്. അയാള്‍ ഒരു സുഹൃത്തിന്റെ വീട്ടില്‍വച്ച് ഒരു സ്ത്രീയെ പരിചയപ്പെടുന്നു. രണ്ടു മണിക്കൂര്‍ പോലും സമയം കടക്കുന്നതിന് മുന്നേ അവരുടെ തോളില്‍ കൈ വെച്ച് താഴേയ്ക്ക് കൈയ്യുരുമ്മി അയാള്‍ പ്രശംസകള്‍ ചൊരിയുകയാണ്, നീയെത്ര കഴിവുള്ളവള്‍ എത്ര ബുദ്ധിയുള്ളവള്‍, നിനക്ക് എന്തെങ്കിലും ആവശ്യങ്ങള്‍ ഉണ്ടെങ്കില്‍ എന്നെ സമീപിക്കാന്‍ മടിക്കരുത് എന്ന്. കൂട്ടത്തില്‍ തന്റെ വീട്ടില്‍ മുന്തിയ വൈന്‍ ഇരിക്കുന്നു, ഒരു സായാഹ്നത്തില്‍ നമ്മുക്കത് ഒരുമിച്ച് പങ്കുവെയ്ക്കാം എന്ന ക്ഷണവും.

വിര്‍ച്ച്വല്‍ ലോകമാണ്. ഒരു സ്ത്രീ പുതിയ പ്രൊഫൈല്‍ ചിത്രം ഇടുന്നു. അത് പബ്ലിക് വിസിബിലിറ്റിയില്‍ ആണ്. അവരുടെ ശരീരമോ ജീവിതമോ ആയി യാതൊരു ഇടപാടും ഇല്ലാത്ത പരിചയക്കാരന്‍ പുരുഷ സുഹൃത്ത്, അയാള്‍ക്ക് പറയാനുള്ളത് അവരുടെ ശരീരവര്‍ണനയാണ്. തടിച്ചല്ലോ എന്ന്. അളവഴകുകള്‍ നോക്കി തിട്ടപ്പെടുത്തി വച്ചിരുന്നു, കൂടിയത് അറിയിക്കാന്‍. ചോദ്യം ചെയ്താല്‍ അയാളുടെ ന്യായീകരണം എന്റെ സുഹൃത്താണ് എനിക്കങ്ങനെ പറയാമെന്നാണ്.

http://www.azhimukham.com/women-in-malayalam-movie-writers-directors-technicions/

വീടിനടുത്ത് താമസിച്ചിരുന്ന ലീല, തടിച്ച ആരോഗ്യമുള്ള ഒരു സ്ത്രീയായിരുന്നു. അവരുടെ ഭര്‍ത്താവ് തീരെ മെലിഞ്ഞ ഒട്ടും ആരോഗ്യമില്ലാത്ത ഒരു കള്ളുകുടിയനും. എന്നും അയാള്‍ കുടിച്ചു വന്ന് ലീലയെ കൈയ്യില്‍ കിട്ടുന്ന സാധനങ്ങള്‍ വച്ചൊക്കെ മര്‍ദ്ദിക്കും, അവരുടെ ഉച്ചത്തിലുള്ള നിലവിളികള്‍ എല്ലാ സന്ധ്യയ്ക്കും ഉയര്‍ന്നു കേള്‍ക്കും. ഇത്രയും ആരോഗ്യമുള്ള ഈ സ്ത്രീ എന്തിനാണ് ഇയാളുടെ മര്‍ദ്ദനം സഹിക്കുന്നത് എന്ന് എത്ര വേണമെങ്കിലും ആലോചിക്കാം. പക്ഷേ ഒരു യുക്തിയിലും വിശദീകരിക്കാന്‍ ആവുന്ന ഒന്നല്ല അടിമത്തം എന്നതുകൊണ്ട് ഉത്തരങ്ങള്‍ കിട്ടുകയില്ല. കുട്ടിയാനയെ ചെറിയൊരു മരക്കുറ്റിയില്‍ ചങ്ങലയ്ക്കിട്ടു ശീലിപ്പിച്ചിട്ട് അത് വളര്‍ന്നാലും അതേ കുറ്റിയില്‍ കെട്ടിയിട്ടാല്‍ അത് അനുസരണയോടെ നില്‍ക്കുമെന്ന് വായിച്ചു കേട്ടിട്ടുണ്ട്, അതുപോലൊരു അവസ്ഥയാണ് സ്ത്രീകളുടെത്.

പലപ്പോഴും മാനസികപീഡനമോ അഭിമാനക്ഷതമോ പോലുമല്ല അവരെ പ്രതികരിക്കാന്‍ പ്രേരിപ്പിക്കുന്നത്, ശാരീരിക വേദന സഹിക്കാന്‍ വയ്യാതാകുമ്പോള്‍ ആണ് സ്ത്രീകള്‍ ഗാര്‍ഹിക പീഡനത്തെ കായികമായോ നിയമപരമായോ എതിര്‍ക്കുന്നത്. അതുവരെ കുഞ്ഞുങ്ങള്‍ക്ക് അച്ഛന്‍ ഇല്ലാതായാലോ എന്നോര്‍ത്ത് സ്വന്തം വ്യക്തിത്വത്തെ, ജീവിതത്തെ, ശരീരത്തെ ഒക്കെ അവര്‍ ഓവുചാലുകളില്‍ ഒഴുക്കി കളയും. സമൂഹം പഠിപ്പിക്കുന്ന ഉത്തമസ്ത്രീയായി കഴിയാന്‍.

http://www.azhimukham.com/trending-men-must-know-that-every-women-are-continuously-wounding/

ഉഭയകക്ഷിസമ്മതം എന്ന ആശയം മലയാളി പുരുഷനില്ല, പുരുഷാധിപത്യത്തിനില്ല. സ്ത്രീയെ പുരുഷന്‍ ഉടമസ്ഥാവകാശത്തോടെ മാത്രമേ സമീപിക്കുകയുള്ളൂ. ആദ്യമായി കാണുന്നവളെ, പൊതുനിരത്തില്‍ കാണുന്നവളെ, വിര്‍ച്ച്വല്‍ ഇടങ്ങളില്‍ കാണുന്നവളെ ഒക്കെ ഏതൊരു പുരുഷനും എങ്ങനേയും സമീപിക്കാം. എത്ര വഷളായും അശ്ലീലമായും അക്രമകരമായും പെരുമാറാം, സംസാരിക്കാം. ഒരിക്കല്‍ പോലും അവര്‍ക്കൊന്നും മറിച്ചു ചിന്തിക്കേണ്ടി വരുന്നില്ല. തന്റെ ജീവിതവുമായി ബന്ധമുള്ള ഭാര്യയെന്ന സ്ത്രീയെ തൊട്ട് ഒരു പരിചയവുമില്ലാത്ത സ്ത്രീയെ വരെ അവന്‍ തന്റെ ഉടമസ്ഥതയില്‍ ആണ് കാണുന്നത്. സ്ത്രീയോട് പറഞ്ഞു പഠിപ്പിക്കുന്നും ഉണ്ട്, പുരുഷനാണ് അവളുടെ ഉടമയെന്ന്. ജാതിമതവര്‍ഗ്ഗരാഷ്ട്രീയപ്രായഭേദമന്യേ മലയാളി സമൂഹം ഒത്തൊരുമയോടെ നില്‍ക്കുന്ന ഒരിടമാണ് പുരുഷാധിപത്യം. സ്ത്രീ അനുസരിക്കേണ്ടവളാണ് എന്ന ആശയത്തിന്മേല്‍ യാതൊരു ആശയക്കുഴപ്പവും ഇല്ല. കടന്നുകയറ്റങ്ങള്‍ മേല്‍പ്പറഞ്ഞത് പോലെ ഏതു രൂപത്തിലും ആകാം. വാക്കായും എഴുത്തായും പ്രഹരമായും പ്രശംസയായും. സഹനമാണ് സ്ത്രീയെ ആദ്യം പഠിപ്പിക്കുന്നതും അതുകൊണ്ട് തന്നെ. എല്ലാത്തരം പുരുഷാധിപത്യ കടന്നുകയറ്റങ്ങളെയും സഹിക്കാന്‍, മതം പഠിപ്പിക്കുന്നു, ആത്മീയത പഠിപ്പിക്കുന്നു, വിദ്യാഭ്യാസം, അധ്യാപകര്‍, സമൂഹം, കുടുംബം ഇവയെല്ലാം പെണ്‍കുട്ടികളെ അടങ്ങാനും ഒതുങ്ങാനും പുരുഷനെന്ന ഇരുകാലിയ്ക്ക് മേയാനുള്ള ലോകത്തില്‍ ഒച്ചയില്ലാതെ ഓജസ്സില്ലാതെ അവന്റെ സന്താനങ്ങളേയും പെറ്റ് അവന്റെ വീട്ടുകാരേയും നോക്കി കഴിയാന്‍ ആണ് പഠിപ്പിക്കുന്നത്, സാധ്യമാകുന്ന എല്ലാ രൂപത്തിലും ഇതിന്റെ അതിപ്രസരം ആണ് ഒരു മലയാളി സ്ത്രീയുടെ ജീവിതം.

http://www.azhimukham.com/offbeat-when-patriarchy-and-its-institutions-defines-the-history-of-women-by-maya/

ഇടതുപക്ഷ മൂല്യബോധം കൂടുതലുള്ള കേരളത്തില്‍, സമൂഹത്തിന്റെ ആവശ്യമായ അടിസ്ഥാന മനുഷ്യാവകാശമായ ലിംഗസമത്വം പാഠപുസ്തകങ്ങളില്‍ പോലുമില്ല. അക്കാര്യത്തില്‍ മാത്രം നമ്മുക്ക് പുരോഗമനവും ഇടതുപക്ഷവും പുകമറയില്‍ അകന്നു പോകും. സ്ത്രീകളോട് സമൂഹത്തിലെ രാഷ്ട്രീയ സാമ്പത്തിക മേഖലകളില്‍ സംഭാവനകള്‍ നടത്തുന്ന, പങ്കെടുക്കുന്ന പൗരസമൂഹം ആവുക എന്നൊരു ആശയമേ നമ്മള്‍ വളര്‍ത്തുന്നില്ല. സ്ത്രീയ്ക്ക് സമൂഹത്തിനു നല്‍കാന്‍ ആകെയുള്ള സംഭാവന പ്രസവമാണ്. വിദ്യാര്‍ഥിനികളെ ആത്മാഭിമാനമുള്ള വ്യക്തിത്വങ്ങള്‍ക്ക് ഉടമകള്‍ ആക്കാന്‍ സ്‌കൂള്‍ തലങ്ങളില്‍ നിന്ന് തന്നെ പാഠങ്ങള്‍ തുടങ്ങണം എന്നിരിക്കേ നാം അതൊന്നും അല്ല ചെയ്യുന്നത്. മതശിക്ഷണം നല്ലൊരു ഭാഗം ശ്രദ്ധിക്കുന്നത് സ്ത്രീയുടെ അനുസരണ എങ്ങനെ പോഷിപ്പിക്കാം എന്നാണ്. നമ്മുടെ സമൂഹത്തിന് സ്ത്രീ ഒരു വ്യക്തിയല്ല, ഒരു മനുഷ്യനല്ല. പകരം ശരീരമാണ്, പുരുഷന്റെ അധീനതയില്‍ അനുശാസനത്തില്‍ കഴിയേണ്ട ഒരു ശരീരം. അവനതിനെ മര്‍ദ്ദിക്കാം അനുസരിപ്പിക്കാം.

http://www.azhimukham.com/offbeat-hindu-janajagruti-samiti-says-women-should-not-go-out-with-loose-hair/

സ്‌കൂളുകളിലും വീടുകളിലും പുതിയ പാഠങ്ങള്‍ പഠിപ്പിക്കേണ്ട സമയമാണ്. സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി എത്ര കോടി ചിലവഴിച്ചാലും സര്‍ക്കാരുകള്‍ അടിസ്ഥാന പാഠങ്ങള്‍ സമൂഹത്തില്‍ നടപ്പാക്കിയില്ലെങ്കില്‍ അക്രമങ്ങള്‍ വര്‍ദ്ധിക്കുക തന്നെ ചെയ്യും. വിവാഹബന്ധത്തില്‍ നടക്കുന്ന ബലാത്സംഗം കുറ്റകരമല്ല എന്ന് നിരീക്ഷിക്കുന്ന നിയമങ്ങള്‍ ഉള്ള പ്രാകൃത സമൂഹത്തില്‍ നിന്നും നമ്മള്‍ മുന്നോട്ടു നടന്നാലേ മതിയാകൂ. ആത്മാഭിമാനവും വ്യക്തിത്വവും ഉള്ള മനുഷ്യരാണ് സ്ത്രീകള്‍ എന്നത് ചെറുപ്പത്തില്‍ തന്നെ ആണ്‍കുട്ടികള്‍ക്ക് പറഞ്ഞു കൊടുത്തു വളര്‍ത്തണം, അവര്‍ ബഹുമാനവും മര്യാദയും അര്‍ഹിക്കുന്ന സഹജീവികള്‍ ആണെന്ന് വീണ്ടും വീണ്ടും ഉറപ്പിച്ചു പറയണം. ആങ്ങള പെങ്ങളെയോ, ഭര്‍ത്താവ് ഭാര്യയെയോ, കാമുകന്‍ കാമുകിയെയോ തല്ലുമ്പോള്‍ ഒരിക്കല്‍ പോലും മറിച്ച് ചിന്തിക്കാന്‍ നമ്മുടെ പുരുഷന്മാര്‍ക്ക് യുക്തിയില്ല. ശാരീരികമായ ആക്രമണങ്ങള്‍ കടന്നുകയറ്റങ്ങള്‍ പുരുഷന്റെ അവകാശമല്ല എന്ന് ആണിനേയും പെണ്ണിനേയും ഒരുപോലെ പഠിപ്പിക്കണം. അങ്ങനെ ചെയ്യുന്നവര്‍ ചെയ്യിപ്പിക്കുന്നവര്‍ ക്രിമിനലുകള്‍ ആവുകയാണ് അവര്‍ ചെയ്യുന്നത് ക്രൈം ആണ്. പുരുഷാധിപത്യത്തിന്റെ ചരിത്രം തിരുത്തി എഴുതാന്‍ ഒരു സമൂഹമെന്ന നിലയ്ക്ക് നമ്മുക്ക് ബാധ്യതയുണ്ട്. അതിനിയും തുടങ്ങിയില്ലെങ്കില്‍ വ്യാപകമായി പടര്‍ത്തിയില്ലെങ്കില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ വര്‍ദ്ധിക്കുക തന്നെ ചെയ്യും. സ്വയം ബഹുമാനവും നല്ല പെരുമാറ്റവും മാന്യതയും അര്‍ഹിക്കുന്ന മനുഷ്യനാണ് താനെന്ന് സ്ത്രീകളുടേയും ഉപബോധം വരെ ആഴത്തില്‍ പതിയത്തക്ക ആശയങ്ങള്‍ സമൂഹം എമ്പാടും പാകേണ്ടതാണ്. ആണധികാരം എന്ന അനീതിയുടെ ഇരകള്‍ ആകേണ്ടുന്ന വെറും മാംസപിണ്ഡമല്ല സ്ത്രീയെന്നത് അവള്‍ക്കും കൂടെ ബോധ്യം ആകണം, ആക്കണം. സ്ത്രീയായിപ്പോയത് കൊണ്ട് അടികിട്ടാനും, അക്രമങ്ങള്‍ക്ക് ഇരയാകാനും വിധിക്കപ്പെട്ടവള്‍ ആണെന്ന ആശയവും പ്രായോഗികതയും തെറ്റാണ്, മാറ്റം അനിവാര്യമായ ഒന്ന്. എത്രയോ ദുര്‍ബലമായ പുരുഷാധിപത്യ ആശയങ്ങള്‍ക്ക് മേല്‍ ചങ്ങലയ്ക്കിടപ്പെട്ട സ്ത്രീ, അനായാസം പൊട്ടിച്ച് എറിയാവുന്ന ചങ്ങലകളെ അനുസരണയോടെ ഭയന്ന് കഴിയുന്ന സ്ത്രീ എന്നത് പോയകാലത്തിന്റെ ദുഷിച്ച രീതികളെ അടയാളപ്പെടുത്തുന്നു എന്നതുമാത്രമായി മാറണം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

http://www.azhimukham.com/kerala-sfi-university-college-patriarchy-gender-justice-revolution-women-maya-leela/

http://www.azhimukham.com/shaveyouropinion-socialmedia-campaign-tvactress-ondressing/

http://www.azhimukham.com/masculinity-patriarchy-society-valuesystem-men-women-sanil/

http://www.azhimukham.com/menstruation-fear-women-patriarchy-taboos-memories-hairunneesa-p/

Next Story

Related Stories