TopTop
Begin typing your search above and press return to search.

ജനപ്രിയത ആഗോളപ്രതിഭാസം; സാങ്കേതിക വിദ്യയുടെ പുരോഗതിയും ആഗോളീകരണവും പുറന്തള്ളിയ വിഭാഗങ്ങളുടെ ആക്രോശമാണത്

ജനപ്രിയത ആഗോളപ്രതിഭാസം; സാങ്കേതിക വിദ്യയുടെ പുരോഗതിയും ആഗോളീകരണവും പുറന്തള്ളിയ വിഭാഗങ്ങളുടെ ആക്രോശമാണത്

ലോകവ്യാപകമായി രാഷ്ട്രീയ വ്യവഹാരത്തില്‍ ജനപ്രിയതയുടെ ആഗോളപ്രതിഭാസം വര്‍ധിച്ചുവരികയാണ്. ആരാണ് ജനപ്രിയര്‍ എന്ന് വ്യക്തമാക്കാന്‍ ആ പദത്തെക്കുറിച്ചു വിശദീകരണം ആവശ്യമില്ലാത്ത തരത്തില്‍ അത് സാധാരണമായിക്കഴിഞ്ഞു. എന്നാലും ഈ സമയത്ത് ആ പദത്തിനെയൊന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. 2004-ല്‍ ഡച്ച് രാഷ്ട്രീയ ഗവേഷകനായ കാസ് മുഡേയാണ് ഗവേഷണ പഠനങ്ങളുടെ ഭാഗമായി ഈ പദത്തിന്റെ നിര്‍വ്വചനം നല്‍കിയത്.

സമൂഹത്തെ പരസ്പരവിരുദ്ധമായ ഏകസ്വഭാവമുള്ള രണ്ടു സംഘങ്ങളായി വേര്‍തിരിക്കുന്ന ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു: 'ശുദ്ധരായ മനുഷ്യരും' 'അഴിമതിക്കാരായ ഉപരിവര്‍ഗവും'- ആ രാഷ്ട്രീയം ജനങ്ങളുടെ പൊതുവികാരത്തിന്റെ പ്രകടനം കൂടിയാകണം. യുഎസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടതാണ് ജനപ്രിയതയിലേക്കുള്ള ആഗോളമാറ്റത്തിന്റെ വലിയ സൂചന. മറ്റു രാജ്യങ്ങളിലും ജനപ്രിയ രാഷ്ട്രീയക്കാര്‍ വിജയിച്ചു.

ഫിലിപ്പീന്‍സില്‍ റോഡ്രീഗോ ഡ്യൂറ്റര്‍ട്ടെ, തുര്‍ക്കിയില്‍ റിസെപ് തയ്യിബ് എര്‍ദോഗാന്‍, ഹംഗറിയില്‍ വികട്ര്‍ ഓര്‍ബാന്‍, ഫിന്‍ലാന്റില്‍ ഫിന്‍സ് കക്ഷി ജനപ്രിയതയുടെ ആഗോളവ്യാപനത്തിന്റെ തെളിവാണ്. ജനാധിപത്യത്തിന്റെ മുഖഛായ തന്നെ മാറ്റുന്ന തരത്തില്‍ ആഗോളതലത്തില്‍ പൗരന്മാരുടെ സമീപനം ദ്രുതഗതിയില്‍ മാറുന്നു എന്നുകൂടി ഇത് കാണിക്കുന്നു. ജനപ്രിയതയുടെ ആഗോളവ്യാപനം ചില ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ട്.

ജനപ്രിയ നേതാക്കളെല്ലാം ഏതാണ്ട് ഒരേതരത്തിലുള്ള സ്വഭാവവിശേഷങ്ങള്‍ പ്രകടിപ്പിക്കുന്നു എന്ന് കാസ് മുഡേ ചൂണ്ടിക്കാണിക്കുന്നു: വ്യവസ്ഥാ വിരുദ്ധത, സമഗ്രാധിപത്യം, തദ്ദേശീയത. സാധാരണക്കാരായ മനുഷ്യര്‍ വ്യവസ്ഥക്കെതിരെ എന്നതാണ് ഇതിലെ മഹത്വവത്കരിക്കപ്പെടുന്ന സങ്കല്പം എന്നതിനാല്‍ ജനപ്രിയതയുടെ നേതാക്കള്‍ ഇപ്പോഴും നിലവിലുള്ള വ്യവസ്ഥക്കെതിരെ അസംതൃപ്തി പ്രകടിപ്പിക്കുന്നു. സ്ഥാപന നിയന്ത്രണങ്ങളോടുള്ള ഇവരുടെ വിമുഖത, സമ്പദ് വ്യവസ്ഥയിലേക്കും നീളാം. ജനങ്ങളുടെ താല്‍പര്യങ്ങളുടെ പേരില്‍ സമ്പൂര്‍ണ നിയന്ത്രണം കയ്യാളുക എന്നതിനര്‍ത്ഥം നിയന്ത്രണ സംവിധാനങ്ങള്‍ അവര്‍ക്കൊരു തടസവും ഉണ്ടാക്കാതിരിക്കുക എന്നാക്കി മാറ്റുന്നു.

ജനക്കൂട്ടത്തിന്റെ താല്‍പര്യങ്ങളെയാണ് തങ്ങള്‍ പ്രതിനിധീകരിക്കുന്നത് എന്ന് വിശ്വസിക്കുന്നതിനാല്‍ അവര്‍ സമഗ്രാധിപത്യ സ്വഭാവവും പ്രകടിപ്പിക്കും. ഒടുവില്‍ ജനപ്രിയതയുടെ നേതാക്കള്‍ ഉണ്ടാക്കിവെക്കുന്ന ഈ ആഖ്യാനം പൗരന്മാരിലെ ദേശീയതയേയും തീവ്രമാക്കും. അത് ട്രംപിന്റെ അമേരിക്കയോ നിഗെല്‍ ഫരാജിന്റെ ബ്രിട്ടനോ പോലെയാകും. ഈ മൂന്ന് സ്വഭാവവിശേഷങ്ങളും കൂടിയാകുമ്പോള്‍ അത് സ്ഥാപനങ്ങളെ നിര്‍വ്വീര്യമാക്കുകയും അധികാരം ചിലരിലേക്ക് മാത്രമായി ചുരുക്കുകയും ജനങ്ങളെ ധ്രുവീകരിക്കുകയും ചെയ്യുന്നു.

ജനപ്രിയത എന്നാല്‍ വലതുപക്ഷത്തിന്റെ ഒരു മുന്നേറ്റം മാത്രമല്ല എന്നുകൂടി മനസിലാക്കണം. ലോകത്തെ പല ജനപ്രിയ കക്ഷികളും ഇടതുപക്ഷ സാമ്പത്തിക നയങ്ങളുള്ളവരാണ്. രാജ്യത്ത് ഒരു സോഷ്യലിസ്റ്റ് വിപ്ലവം നടപ്പാക്കാന്‍ ലക്ഷ്യമിട്ടുകൊണ്ട്, യുഎസിനും രാജ്യത്തെ കൊള്ളയടിക്കുന്ന ഉപരിവര്‍ഗത്തിനും എതിരായി നിലപാടെടുത്താണ് ഹ്യുഗോ ഷാവേസ് വെനെസ്വേലയെ നയിച്ചത്. ട്രംപ് പോലും അക്കാര്യത്തില്‍ വ്യാപാര തടസങ്ങളുടെയും ആഗോള വാണിജ്യ ധാരണകളുടെയും കാര്യത്തില്‍ സോഷ്യലിസ്റ്റ് പ്രവണതകള്‍ കാണിക്കുന്നുണ്ട്. അതുകൊണ്ട് ജനപ്രിയതയുടെ വളര്‍ച്ച ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തിന്റെ ഭാഗമല്ല. അതിന്റെ മൂലകാരണം മറ്റെവിടെയോ ആണ്.

ആദ്യ ദശാബ്ദങ്ങളില്‍ ഉണ്ടായ ഘടനാപരമായ മാറ്റങ്ങള്‍ ഇതിന് ഒരു കാരണമാണ്. ഒന്നാമതായി, 1980 കളില്‍ ഉണ്ടായ സാങ്കേതിക വിദ്യ വിപ്ലവം ഉയര്‍ന്ന വൈദഗ്ധ്യമുള്ള തൊഴിലാളികള്‍ക്ക് അസന്തുലിതമായ രീതിയില്‍ നേട്ടമുണ്ടാക്കുകയും വികസിത രാജ്യങ്ങളിലടക്കമുള്ള ബാക്കി വരുന്ന തൊഴിലാളികളുടെ വരുമാനം വളര്‍ച്ച മുട്ടുകയോ കുറയുകയോ ചെയ്യുകയുമുണ്ടായി. ഉപരിവര്‍ഗവും ബഹുജനങ്ങളും തമ്മിലുള്ള സാമ്പത്തിക അന്തരം ഇതുമൂലം ഏറെ വര്‍ധിച്ചു. ആധുനിക സമൂഹത്തിലെ അസമത്വത്തിന്റെ ഗണ്യമായ വളര്‍ച്ചയ്ക്കാണ് ഇത് വഴിവെച്ചത്. രണ്ട്, 1990-കളില്‍ ശക്തി പ്രാപിച്ച ആഗോളവത്കരണം വികസിത വിപണികളിലും ഉയര്‍ന്നുവരുന്ന വിപണികളിലും ഒരുപോലെ വിജയികളെയും പരാജിതരെയും സൃഷ്ടിച്ചു.

ഹെക്ഷര്‍-ഓലിന്‍ സിദ്ധാന്തം അനുസരിച്ച് ദേശീയ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെട്ടു നില്‍ക്കുന്ന ഘടകങ്ങള്‍ സ്വന്തമായുള്ള വ്യക്തികള്‍ക്കാണ് വാണിജ്യം അനുകൂലമാകുന്നത്. അത് താരതമ്യേന ദുര്‍ലഭമായ വ്യക്തികളെ വാണിജ്യം ദോഷകരമായി ബാധിക്കും. അതുകൊണ്ട്, മൂലധന സമൃദ്ധമായ ഏറ്റവും വികസിതമായ രാജ്യങ്ങളില്‍ അവിദഗ്ധ തൊഴിലാളികള്‍ മുന്നേറ്റത്തിന്റെ ഏറ്റവും പിന്നിലേക്ക് തള്ളപ്പെട്ടു. അതിര്‍ത്തികള്‍ അടയ്ക്കുകയും തൊഴിലുകള്‍ തിരിച്ചു നല്‍കുകയും ചെയ്യുമെന്ന് പറയുന്ന ജനപ്രിയ നേതാക്കളുടെ ഏറ്റവും ശക്തരായ അനുഭാവികളാണ് ഈ വിഭാഗം ജനങ്ങള്‍.

ഒടുവിലായി, ഒട്ടകത്തിന്റെ നടുവൊടിച്ച അവസാന വൈക്കോല്‍ത്തുറുമ്പ് 2008-ലെ സാമ്പത്തിക പ്രതിസന്ധിയാണ്. അത് ഉപരിവര്‍ഗ്ഗത്തിന്റെ സൃഷ്ടിയായ ഒരു പ്രതിസന്ധിയായാണ് തൊഴിലാളി വര്‍ഗം കണ്ടത്. കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിക്കൊണ്ട്, ഭരണകൂടങ്ങള്‍ ഇതിന്റെ കാരണക്കാര്‍ക്ക് സാമ്പത്തിക രക്ഷാപദ്ധതികള്‍ നല്‍കുകയും ബാക്കിയുള്ളവര്‍ക്ക് ചെലവുചുരുക്കലും തൊഴിലില്ലായ്മയും നല്‍കുകയും ചെയ്തു. അപ്പോഴാണ് ജനങ്ങള്‍ തങ്ങളുടെ ഭാഷയില്‍ സംശയിക്കുന ഏകവിഭാഗം എന്ന ധാരണയില്‍ ജനപ്രിയ നേതാക്കളുടെ പുറകെ പോയത്.

ലോകത്തെ വര്‍ധിക്കുന്ന വരുമാന അസമത്വവും തൊഴിലവസരങ്ങള്‍ നഷ്ടപ്പെടലുമാണ് ജനപ്രിയതയുടെ ആഗോള വ്യാപനത്തിനു കാരണം. സാങ്കേതിക വിദ്യയുടെ പുരോഗതിയും ആഗോളീകരണവും പുറന്തള്ളിയ വിഭാഗങ്ങളുടെ ആക്രോശമാണത്. തങ്ങള്‍ക്കു ചുറ്റും സമ്പത്ത് പെരുകുമ്പോഴും തങ്ങള്‍ക്കൊന്നുമില്ലാത്ത മനുഷ്യരില്‍ നിന്നുള്ള ആക്രോശങ്ങള്‍.

കഴിഞ്ഞ കാലങ്ങളിലെ ഏതൊരു വ്യാവസായിക, സാങ്കേതിക വിപ്ലവവും സാമൂഹ്യമായ അങ്കലാപ്പുകള്‍ ഉണ്ടാക്കുകയും അവയെ സാമൂഹ്യമായും സാമ്പത്തികമായും ഉള്‍ക്കൊള്ളേണ്ടിവരികയുമാണ് ഉണ്ടായിട്ടുള്ളത്. 21- ആം നൂറ്റാണ്ട് അത്തരത്തിലൊരു വഴക്കത്തിന് തയ്യാറെടുക്കേണ്ടിയിരിക്കുന്നു.

(Chirag Yadav, senior researcher, Institute for Competitiveness, has contributed to the article)

IANS


Next Story

Related Stories