TopTop
Begin typing your search above and press return to search.

കരക്കിരുന്ന് മീന്‍ പിടിക്കുന്ന കോണ്‍ഗ്രസിനും കുളം കലക്കുന്ന ബിജെപിക്കും വേണ്ടാത്ത ഒന്നുണ്ട്; നവോത്ഥാന കേരളം

കരക്കിരുന്ന് മീന്‍ പിടിക്കുന്ന കോണ്‍ഗ്രസിനും കുളം കലക്കുന്ന ബിജെപിക്കും വേണ്ടാത്ത ഒന്നുണ്ട്; നവോത്ഥാന കേരളം
ഈ ഒക്ടോബര്‍ മാസം ഏഴാം തിയതി റിപ്പോര്‍ട്ടര്‍ ടി.വിയില്‍ അഭിലാഷ് നയിച്ച എഡിറ്റേഴ്സ് അവര്‍ ചര്‍ച്ചയുടെ തലക്കെട്ട്‌, 'നീക്കം വിമോചന സമരത്തിനോ' എന്നായിരുന്നു. ഇവിടെ നീക്കം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ശബരിമലയില്‍ യുവതികള്‍ക്കും പ്രവേശനം അനുവദിച്ചുകൊണ്ട് ഉണ്ടായ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ അനുവദിക്കില്ല എന്ന് പറഞ്ഞുകൊണ്ട് നടക്കുന്ന ആഭാസ സമരം തന്നെ. അങ്ങനെ ഒരു സമരം തെരുവില്‍ അഴിച്ചുവിടാന്‍ തീരുമാനിച്ച ശക്തികള്‍ തങ്ങളുടെ നീക്കംകൊണ്ട് ലക്ഷ്യം വയ്ക്കുന്നത് ഒരു രണ്ടാം വിമോചന സമരമാണോ?

ആറു പതിറ്റാണ്ട് മുമ്പ് നടന്ന ആ സമരവും ഇന്ന് നടക്കുന്ന സമരവും തമ്മില്‍ എന്ത് സാമ്യം എന്ന് ചോദിച്ചാല്‍, ഉണ്ട്. ഭരിക്കുന്ന സര്‍ക്കാരിനെതിരെ മത, സാമുദായിക ശക്തികളെ കൂട്ടുപിടിച്ച് മുഖ്യ പ്രതിപക്ഷം നടത്തിയ കലാപമായിരുന്നു അതെങ്കില്‍ ഇവിടെ അവര്‍ അങ്ങനെ പ്രത്യക്ഷമായി നേതൃനിരയില്‍ സ്വന്തം വിലാസത്തില്‍ വരുന്നില്ല എന്നേ ഉള്ളൂ. പാര്‍ട്ടികളും മുന്നണികള്‍ പോലും ഏതാണ്ട് ഒന്ന് തന്നെ. ഭരണപക്ഷത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വം നല്‍കുന്ന മുന്നണി; പ്രതിപക്ഷത്ത് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഒന്ന്.

സമാനതകളും വ്യത്യാസങ്ങളും

ആരാധനയുമായി ബന്ധപ്പെട്ട സുപ്രീംകോടതിയുടെ ഒരു വിധി ആയിരുന്നില്ല, വിമോചന സമരത്തിന് കാരണം എന്നത് ഒരു വ്യത്യാസമാണ്. എന്നാല്‍ കുറച്ചുകൂടി വിശാലമായ അര്‍ത്ഥത്തിലെടുത്താല്‍ വിമോചന സമരവും ഇന്നത്തെ സമരം പോലെ സാംസ്കാരിക രാഷ്ട്രീയ യാഥാസ്ഥിതികത്വവും പുരോഗമനോന്മുഖതയും തമ്മിലുള്ള സംഘര്‍ഷം തന്നെയായിരുന്നു.
ഇവിടെയിപ്പോള്‍ സര്‍ക്കാര്‍ നിയമനിര്‍മ്മാണതലത്തില്‍ എടുത്ത തീരുമാനങ്ങളോ, പരിഷ്കാര ശ്രമങ്ങളോ അല്ല പ്രതിഷേധത്തിന് കാരണം.

ശബരിമല യുവതി പ്രവേശം എന്ന വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് ലിംഗപരമായ തുല്യതയെ അടിവരയിടുന്നതാണ് എങ്കിലും വിഷയം വിശ്വാസവുമായി കൂടി ബന്ധപ്പെട്ടതാകയാല്‍ ആ മേഖലയിലെ പണ്ഡിതരും സാംസ്കാരിക നായകരും അടങ്ങുന്ന ഒരു കമ്മീഷന്‍റെ നിര്‍ദ്ദേശം തേടിയ ശേഷം തീരുമാനം എടുക്കുന്നതാവും ഉചിതം എന്നായിരുന്നു അവരുടെ സത്യവാങ്മൂലവും. എന്നാല്‍ അത് പോലും തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനെ പിരിച്ചുവിടാന്‍ കാരണമായേക്കാം എന്നതാണ് വര്‍ത്തമാന അവസ്ഥ. അത് തന്നെയാണ് 'നീക്കം വിമോചന സമരത്തിനോ' എന്ന റിപ്പോര്‍ട്ടര്‍ ചര്‍ച്ചാ തലക്കെട്ടിന്റെ സാധുതയും.

വിമോചന സമരം വിജയിക്കുകയും ഒന്നാം ഇഎംഎസ് സര്‍ക്കാര്‍ പിരിച്ചുവിടപ്പെടുകയും ചെയ്തപ്പോള്‍ ആ നടപടിക്ക് തുല്യം ചാര്‍ത്തിയത് പുരോഗമന വാദിയും അടിയുറച്ച ജനാധിപത്യ വിശ്വാസിയും ആധുനികനുമായ നെഹ്‌റു ആയിരുന്നു എന്ന ഒരു വൈരുദ്ധ്യമെങ്കിലും ഉണ്ടായിരുന്നു. എന്നാല്‍ ഇതൊരു രണ്ടാം വിമോചന സമരമായി വികസിച്ചു വിജയിക്കുന്നു എങ്കില്‍ അതില്‍ അത്തരം ഒരു വൈരുദ്ധ്യവും കാണാന്‍ കഴിയില്ല എന്ന ഒരു വ്യത്യാസവും ഈ രണ്ട് കാലങ്ങള്‍ തമ്മിലുണ്ട്; ഭരണത്തലവന്മാര്‍ തമ്മിലും. അതുകൊണ്ട് തന്നെ പണ്ട് ഒന്നാം വിമോചന സമരത്തില്‍ വെടിവയ്പ്പില്‍ കൊല്ലപ്പെട്ട ഒരു സ്ത്രീ എന്ന വൈകാരിക ഉത്തേജകം ഉണ്ടായിരുന്നുവെങ്കില്‍ ഇവിടെ ഇന്ന് അങ്ങനെ ഒരു ദുരന്തം പോലും ആവശ്യമാകുന്നില്ല എന്നതും വസ്തുതയാണ്. എങ്കിലും ബിജെപി സര്‍ക്കാര്‍ അത്തരം ഒരു നീക്കം നടത്താന്‍ സാധ്യത കുറവാണ്. അങ്ങനെ ഒരൂഹത്തിന് കാരണം അവരെ ഭരിക്കുന്ന സൂപ്പര്‍ ഭരണകൂടമായ ആര്‍എസ്എസിന്റെ അഖിലേന്ത്യാ ഹിന്ദുത്വ നയത്തിന് വിരുദ്ധമാണ് ഈ സമരം എന്നതും. വരുന്ന തിരഞ്ഞെടുപ്പില്‍ സ്ഥിതി മെച്ചപ്പെടുത്താന്‍ ഇതുകൊണ്ട് ആവുമെങ്കില്‍ ആവട്ടെ എന്ന നിലയില്‍ ഇപ്പോള്‍ അവര്‍ തത്കാലം കേരളത്തില്‍ സൗകര്യപൂർവം രണ്ടായി പിരിഞ്ഞുനില്‍ക്കുന്നു എന്ന് മാത്രം.

ഇനിയുമൊരു വിമോചന സമരമോ?

ഇനിയും ഒരു വിമോചന സമരം കേരളത്തില്‍ സംഭവിക്കുമോ എന്ന് ആലോചിച്ചുതുടങ്ങുമ്പോഴാണ് നാം വിഷയത്തിന്റെ സത്തയിലേക്ക് എത്തുന്നത്. ഒന്നാം വിമോചന സമരം കഴിഞ്ഞ് ഒരു പതിറ്റാണ്ടായ ശേഷമാണ് വീണ്ടും ഒരു കമ്യൂണിസ്റ്റ് മുന്നണി കേരളം കാണുന്നത്. അതാവട്ടെ ഒന്നാം ഇഎംഎസ് സര്‍ക്കാരിനെ അട്ടിമറിച്ച മുന്നണി പോരാളികളില്‍ പലരെയും ഉള്‍ക്കൊണ്ട ഒരു മുന്നണിയും.

വിമോചന സമരത്തിന്റെ കേട്ട പാഠങ്ങള്‍ പഠിച്ച് വന്ന സപ്തമുന്നണി എന്നൊക്കെ വിമര്‍ശിക്കുമ്പോഴും തിരഞ്ഞെടുപ്പ് രാഷ്ട്രിയത്തിന്റെ ബലാബലങ്ങളില്‍ പാര്‍ട്ടി പിന്നെ വിജയകരമായി അടയാളപ്പെടുന്നത് ആ പ്രായോഗിക നീക്കുപോക്ക് വഴി ആയിരുന്നു എന്ന ചരിത്ര സത്യത്തെ കണ്ണടച്ച് ഇല്ലാതാക്കാന്‍ പറ്റില്ല.

ഇന്ന് നാം കേരളാ മാതൃകയുടെ അടിത്തറയായി എണ്ണുകയും ബിജെപിയെ മാത്രം ഒഴിവാക്കി പങ്കുവച്ച് നല്‍കുകയും ചെയ്യുന്ന ആ 'നവോത്ഥാന രാഷ്ട്രിയ പാരമ്പര്യ'മുണ്ടല്ലോ. അതില്‍ കോണ്‍ഗ്രസിന്റെ പങ്ക് ഒന്നാം വിമോചന സമരത്തില്‍ ഉയര്‍ന്ന മുദ്രാവാക്യങ്ങള്‍ ഓർത്തെടുത്താൽ കിട്ടും; ഗൂഗിളില്‍ തിരഞ്ഞാലും മതി. അതുകൊണ്ട് അത് ഉദ്ധരിച്ച് ഈ ഇടം മലീമസമാക്കുവാന്‍ നില്‍ക്കുന്നില്ല. എന്നാല്‍ ആ വിമോചന സമരം കഴിഞ്ഞ് പത്തുകൊല്ലം കോൺഗ്രസ്സ് ഇവിടെ ഭരിച്ചു. അതിന് ശേഷം എത്രയോ കഴിഞ്ഞാണ് ഓരോ ടേം വീതം ഇരുമുന്നണികളും വീതം വച്ച് ഭരിക്കുന്ന പതിവൊക്കെ ഉണ്ടാവുന്നത്. വിചിത്രമായ കാര്യം അതുമല്ല. വിമോചന സമരം എന്ന് ഇന്ന് നാം കറുത്ത ലിപിയില്‍ അടയാളപ്പെടുത്തുന്ന ഒരു സമരത്തിന്റെ നായകത്വം വഹിച്ചതുകൊണ്ട് കോൺഗ്രസ്സിന് ഇവിടെ നഷ്ടമായതെന്താണ്? അതിനുശേഷം പത്ത് കൊല്ലം ഭരിച്ചു. തുടര്‍ന്ന് ഇന്നുവരെയുള്ള കാലം എടുത്താല്‍ ഇപ്പോള്‍ ഈ ശബരിമല വിഷയത്തിലെ ഇരട്ടത്താപ്പിന്റെ പേരിലാണ് അവരുടെ 'നവോത്ഥാന പാരമ്പര്യം' നമ്മുടെ ചില മാധ്യമ അവതാരകര്‍ എങ്കിലും ചോദ്യം ചെയ്യുന്നത്.

ഈ ചോദ്യം ചെയ്യല്‍ പോലും ഒരു ലെജിറ്റിമൈസേഷനായി തീരുകയാണ്. ഈ ഒരൊറ്റ, ശബരിമല യുവതി പ്രവേശന വിഷയത്തില്‍ മാത്രമായി നഷ്ടപ്പെടാന്‍ എന്ത് ഉജ്വലമായ നവോത്ഥാന പാരമ്പര്യമാണ് കേരളത്തിലെ കോൺഗ്രസ്സിനുണ്ടായിരുന്നത്? വിമോചനസമരം വഴി പത്തുകൊല്ലം ഭരിച്ചു. അതുകഴിഞ്ഞ് എന്തിനെതിരെ അവര്‍ സമരം നയിച്ചുവോ അതിന്റെ സാംസ്കാരിക പുരോഗമന മൂല്യങ്ങളുടെ പങ്കും ലഭിച്ചു.

ഇത് തന്നെയാണ് അവര്‍ ഇവിടെയും ലക്ഷ്യം വയ്ക്കുന്നത്. പിണറായി സര്‍ക്കാര്‍ ശബരിമലയില്‍ തട്ടി പിരിച്ച് വിടപ്പെടുമോ എന്നതൊക്കെ പിന്നത്തെ കാര്യം. അതെന്തായാലും വിശ്വാസികളുടെ കുറേ വോട്ട് എന്തായാലും കിട്ടും. ഈ പ്രതിഷേധമൊക്കെ ഏതാനും കൊല്ലം കഴിയുമ്പോള്‍ മാറും. അപ്പോള്‍ സ്ത്രീകള്‍ക്ക് വെയിറ്റിംഗ് ഷെഡോ, ബിജെപി മാതൃകയില്‍ പത്തു മുത്രപ്പുര കക്കൂസും പണിതാല്‍ ആ ചരിത്ര വിധിയിലും ഒരു പങ്ക് കിട്ടും; നവോത്ഥാന ചരിത്രത്തിലും. അതായത് കക്കൂസ് കുഴിച്ച് ചരിത്രത്തില്‍ കയറി പറ്റുന്ന പരിപാടി ബിജെപി കണ്ടുപിടിച്ചതൊന്നും അല്ല എന്ന്. കേരള പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റി ഇതിലും വലിയ അങ്കങ്ങള്‍ നടത്തിയിട്ടുണ്ട് എന്ന്. അതുകൊണ്ട് തന്നെ ചരിത്രം കറുത്ത ലിപിയില്‍ അടയാളപ്പെടുത്തിയ ഒരു സമരത്തിന്റെ തനിയാവര്‍ത്തനത്തിന് ഒരു ജനാധിപത്യ രാഷ്ട്രീയ കക്ഷി നില്‍ക്കുമോ എന്ന് ചോദിച്ചാല്‍ അവര്‍ നില്‍ക്കില്ലായിരിക്കാം, കേരള പ്രദേശ് കോൺഗ്രസ് നില്‍ക്കുകയല്ല, കിടക്കും. ചെന്നിത്തല പന്തളത്ത് കിടന്ന പോലെ.

നവോത്ഥാനാനന്തര കേരളത്തില്‍ ഇതൊക്കെ വിലപ്പോകുമോ?

പ്രബുദ്ധരായ മലയാളികള്‍ ഇതൊക്കെ മനസിലാക്കും, ഈ കള്ളക്കളി അവര്‍ ചെറുത്ത് തോല്‍പ്പിക്കും എന്നൊക്കെയേ ഈ വിഷയത്തില്‍ ഒരു പബ്ലിക് പ്ലാറ്റ്ഫോമില്‍ പ്രസംഗിക്കാന്‍ പറ്റൂ. പക്ഷേ അങ്ങനെ വിശ്വസിക്കുന്നത് സ്വന്തം റിസ്കില്‍ ചെയ്യണം. കാരണം കേരളത്തിലെ നവോത്ഥാനവും അതുവഴി ലഭിച്ച പ്രബുദ്ധതയും വസ്തുതയില്‍ ഉപരി, വേദികള്‍ വഴി കൊഴുത്തുവന്ന ഒരു ഭാഷാഭിമാനം മാത്രമാണ്.

ചരിത്രപരമായി ലഭ്യമായ തെളിവുകള്‍ മുഴുവന്‍ ഈ മിഥ്യാധാരണയെ തകര്‍ക്കുന്നവയാണ്. ഇന്ന് നാം ഒരു സര്‍ക്കാരിനെ വിലയിരുത്തുന്ന മാതൃകാ മാനദണ്ഡം തന്നെ ഒന്നാം ഇഎംഎസ് സര്‍ക്കാര്‍ ആണ്. എന്നാല്‍ ആ സര്‍ക്കാര്‍ പിരിച്ചുവിടപ്പെട്ട ശേഷം പത്തുകൊല്ലം നിലം തൊടീച്ചില്ല പ്രബുദ്ധ കേരളം. നിലത്തിറങ്ങിയത് സപ്തമുന്നണി വഴി. അടിയന്തിരാവസ്ഥയെ ഇന്ത്യ മുഴുവന്‍ തള്ളിയപ്പോള്‍ ആകെ അതിനൊരു താങ്ങായത് കേരളമായിരുന്നു. ഇന്ന് അതിന്റെ ഏറ്റവും വോക്കലായ, ശബ്ദമുള്ള വിമര്‍ശകരും നമ്മള്‍ തന്നെ. ഇത് തെളിയിക്കുന്നത് നമ്മുടെ നവോത്ഥാനത്തിന്റെ പരിമിതികളെയാണ് എന്ന് പറഞ്ഞാല്‍ നമുക്ക് ഇഷ്ടമാവുകയുമില്ല.

നമ്മുടെ നവോത്ഥാന നായകരുടെ വര്‍ത്തമാന അവസ്ഥ നോക്കൂ, നാരായണഗുരു ദൈവമായി. കുമാര ഗുരു ആള്‍ദൈവമായി. അയ്യങ്കാളി സ്വത്വവാദിയായി. അതായത് ഇവര്‍ ഒക്കെയും അവര്‍ അതാത് കാലത്ത് ഉന്നയിച്ച കലഹങ്ങളുടെ സാമൂഹ്യ, രാഷ്ട്രീയ ഉള്ളടക്കങ്ങളുടെ ചലനാത്മകമായ പാരമ്പര്യത്തില്‍ നിന്നും എടുത്ത് മാറ്റപ്പെട്ട് വിഗ്രഹവത്ക്കരിക്കപ്പെട്ടു. എന്നുവച്ചാല്‍ സാംസ്കാരികമായി അവരാല്‍ പരിഷ്കരിക്കപ്പെടുന്നതിനുപകരം നമ്മള്‍ അവരെ സാംസ്കാരികമായി ഒതുക്കി. അതാണ്‌ നമ്മുടെ നവോത്ഥാന പാരമ്പര്യം, അത് സത്തയില്ലാത്ത, ആചാര അനുഷ്ടാനങ്ങളിലേക്ക് മാത്രം നിരന്തരം മടങ്ങി പോകുന്ന ഒന്നായിരുന്നു. അതിനെ വിമര്‍ശനാത്മകമായി സമീപിക്കുക എന്ന തലവേദനയ്ക്ക് പകരം അതിനെ സാമാന്യമായി ആദര്‍ശവത്ക്കരിക്കുക എന്ന എളുപ്പവഴി അവലംബിച്ച് പോന്നവരാണ് നമ്മുടെ ബുദ്ധിജീവികളും. അത് നമ്മള്‍ അന്യഥ നേരിടുന്ന നവോതഥാനത്തിന്റെ തുടര്‍ച്ചയില്ലായ്മ എന്ന പ്രശ്നത്തെ കുടുതല്‍ സങ്കിര്‍ണ്ണമാക്കുന്നു,

ശബരിമല വിവാദത്തിലെ അസംബന്ധങ്ങള്‍

ഒരു നവോത്ഥാനാനന്തര സമൂഹമാണ് നമ്മള്‍ എന്ന തെറ്റിദ്ധാരണയെ അതിന്റെ ഉച്ചസ്ഥായിയില്‍ കേള്‍പ്പിച്ച ഒരു വിവാദമാണ് ശബരിമല യുവതി പ്രവേശനം. പല തവണ തള്ളപ്പെട്ട ഒരു സത്തയും ഇല്ലാത്ത വാദങ്ങള്‍ പ്രതിനിധാനത്തിന്റെ പേരില്‍ നമ്മള്‍ പേര്‍ത്തും പേര്‍ത്തും കേട്ടുകൊണ്ടിരുന്നു, അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണ് എന്നത് മുതല്‍ ആര്‍ത്തവം അശുദ്ധിയാണ് എന്നതുവരെയുള്ള വാദങ്ങളുടെ പല പ്രശ്ചന്ന ഉച്ചാരണങ്ങള്‍. എന്നാല്‍ അവയൊക്കെയും വിശ്വാസി സമൂഹത്തിന്റെ എണ്ണം മാത്രം അവലംബിച്ച് സാധൂകരിക്കപ്പെടുകയാണ്. ഇതുവഴി നഷ്ടമാകുന്നത് പൊരുതി നേടിയ ജനാധിപത്യ സംസ്കാരവും അതിന്റെ സദാചാരവുമാണ് എന്നത് ഒരിക്കലും മുമ്പില്‍ വരുന്നില്ല. അതിനായുള്ള ആത്മാര്‍ത്ഥമായ ഒരു ശ്രമവും നടക്കുന്നില്ല.

ആ പശ്ചാത്തലത്തിലാണ് രണ്ടാം വിമോചന സമരം എന്ന രണ്ടാം അടിമത്ത സമരം ജനകീയ പങ്കാളിത്തത്തോടെ നടക്കുമോ എന്ന ഭയം, ആശങ്ക ശക്തിപ്പെടുന്നത്. ആര്‍ക്കുവേണ്ടി നിയമങ്ങള്‍ ഉണ്ടാകുന്നുവോ ആ നിയമങ്ങളുടെ പുരോഗമന ഉള്ളടക്കം അവരുടെ വിശ്വാസങ്ങളാല്‍ തന്നെ താത്കാലികമായി തുരങ്കം വയ്ക്കപ്പെടുന്നതും പിന്നെ അവര്‍ തന്നെ 'ഞങ്ങള്‍ ഇങ്ങനെയൊക്കെ ചെയ്തിരുന്നുവോ' എന്ന് വേറൊരു ചരിത്ര പശ്ചാത്തലത്തില്‍ വ്യാക്ഷേപിക്കുന്നതും ചരിത്രത്തില്‍ ഒരു പുതിയ സംഗതിയൊന്നുമല്ല.

പെണ്‍കുഞ്ഞുങ്ങളെ മുതലയ്ക്ക് എറിഞ്ഞുകൊടുക്കുന്ന ആചാരം പോലും നിയമ വ്യവസ്ഥയ്ക്ക് വെടിയുണ്ട കൊണ്ട് നേരിടേണ്ട അവസ്ഥ ഉണ്ടായിട്ടുള്ള ഒന്നാണ് നമ്മുടെ പുരോഗമന ചരിത്രം എന്ന് മുഖ്യമന്ത്രിക്ക് ഓര്‍മ്മപ്പെടുത്തേണ്ടിവന്നത് ഇവിടെയാണ്. കുഞ്ഞുങ്ങളെ എറിഞ്ഞുകളയുന്ന സ്ത്രീകളുടെ വിശ്വാസ സ്വാതന്ത്ര്യത്തിനെതിരെ വെടിവയ്ക്കാന്‍ ആവാത്തതുകൊണ്ടും മുതലയെ വെടിവച്ചാല്‍ പ്രായോഗികമായി ഒരു സാധ്യതയുണ്ട് എന്നതിനാലും അന്നത് ആകുമായിരുന്നു.

ഇന്ന് നമ്മള്‍ക്ക് പെണ്‍കുഞ്ഞും പൊന്‍കുഞ്ഞാണ് താനും. ഇടക്കാലത്തെ എങ്ങനെ നേരിടുമായിരുന്നു എന്നതാണ് പ്രശ്നം, നാളെ ശബരിമല യുവതി പ്രവേശവും ചരിത്രത്തിന്റെ ഭാഗമാകും. അതിനും അവകാശ തര്‍ക്കമുണ്ടാവും. അന്നും കോണ്‍ഗ്രസ് (സമൂലമായി ബിജെപി വിഴുങ്ങിയില്ലെങ്കില്‍) ഉണ്ടാവും. നവോത്ഥാന പാരമ്പര്യമുള്ള കോൺഗ്രസ് വരുത്തിയ ഒരു ചരിത്രപരമായ വീഴ്ച എന്ന് കരുണയോടെ അതിനെ വിശേഷിപ്പിക്കാന്‍ മാധ്യമങ്ങളും ഉണ്ടാവും.
നഷ്ടം പുരോഗമന പക്ഷത്തിന് ആവുകയേ നിവൃത്തിയുള്ളൂ. നിങ്ങള്‍ എന്തുകൊണ്ട് നവോത്ഥാനത്തിന് സമഗ്രമായ തുടര്‍ച്ച ഉണ്ടാക്കിയില്ല? ആ വില നിങ്ങള്‍ ഒടുക്കുക. ഞങ്ങള്‍ കളി ആസ്വദിക്കും, കമന്ററി പറയും; നിലപാടെടുക്കില്ല. അതിനി രണ്ടാം വിമോചന സമരമായാലും ശരി... ഇനി ആലോചിക്കുക, ഇത് വിമോചന സമരമായാലും ഇല്ലെങ്കിലും സര്‍ക്കാര്‍ പിരിച്ചുവിടപ്പെട്ടാലും ഇല്ലെങ്കിലും തീരുമാനം ആരുടെ അജണ്ടക്ക് അനുസൃതമായി ആയിരിക്കും എന്ന്. അതില്‍ ഇനിയും അഭിമാനിക്കാന്‍ വല്ലതും ഉണ്ടോ എന്ന്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

https://www.azhimukham.com/trending-facebookdiary-sabarimala-women-entry-government-position-historic-one-kj-jacob-writes/

https://www.azhimukham.com/trending-sabarimala-women-entry-mathrbhumi-discussion-sreechitharan-speaks/

https://www.azhimukham.com/offbeat-thazhamon-matom-and-kerala-brahmin-history-when-rahul-easwar-makes-noise-on-sabarimala/

https://www.azhimukham.com/trending-sabarimala-woman-entry-some-doubts-and-its-answers/

Next Story

Related Stories