UPDATES

പ്രീതേഷ് ബാബു

കാഴ്ചപ്പാട്

ഗസ്റ്റ് കോളം

പ്രീതേഷ് ബാബു

ശബരിമല; പൗരോഹിത്യത്തിനും മതമൗലികവാദികള്‍ക്കും മാത്രമല്ല, പുരോഗമനസമൂഹത്തിനും സ്ത്രീപ്രവേശനം ഒരു വിഷയമാണ്‌

സ്ത്രീ പ്രവേശനത്തെ കോടതി അംഗീകരിച്ചാൽ മതത്തിന്റെ കാർക്കശ്യ ചട്ടക്കൂടിനു മേൽ മനുഷ്യൻ നേടുന്ന ധാർമിക മാനുഷികവിജയമായും, ലിംഗ സമത്വത്തിന്റെ എക്കാലത്തെയും വലിയ പ്രഖ്യാപനവുമായി അത് മാറാം

ഏതൊരു കോടതി വ്യവഹാരത്തിലും വിധി അന്തിമമായി വരുന്നതിനു മുൻപ്, മുൻവിധികൾക്ക് അനുസൃതമായി തീർപ്പു കൽപ്പിക്കാൻ കഴിയില്ലെങ്കിലും ശബരിമല വിഷയത്തിൽ ഏതു സമയവും വരാൻ പോകുന്ന കോടതി തീരുമാനം നമ്മുടെ സമൂഹത്തിൽ ഉണ്ടാക്കാവുന്ന ചലനങ്ങൾ, മറ്റേതു സാധാരണ കേസുകളും പോലെ ആയിരിക്കില്ല എന്ന് മുൻകൂട്ടി പറയുവാൻ സാധിക്കും. എന്നാല്‍ പ്രത്യാശയും പ്രത്യാഘാതങ്ങളും ഒരുപോലെ ഉണ്ടാക്കാവുന്ന ഒരു സാമൂഹിക ദശാസന്ധി ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കേരളത്തിൽ ഉണ്ടാകാൻ പോകുന്നു എന്നത് സാമൂഹിക ശാസ്ത്രജ്ഞരോ മാധ്യമങ്ങളോ ശ്രദ്ധിക്കുണ്ടെന്നു ഇതു വരെ തോന്നിയിട്ടില്ല.

സ്ത്രീവിരുദ്ധത ‘നിയമാനുസൃതം’

തികഞ്ഞ മതാധിഷ്ടിത സവർണ ഭാഷ്യം, അതിനുള്ളിലെ അടിമ – ഉടമ ഭാവങ്ങൾ, സ്ത്രീവിരുദ്ധത തുടങ്ങിയവ ഒട്ടും തന്നെ വിഷം ചോരാതെ മുഖ്യധാര, സാമൂഹിക മാധ്യമ ചർച്ചകളിൽ ഇതു പോലെ നിരന്തരം ഉയരുന്നത് ശബരിമല വിഷയത്തിലല്ലാതെ, ഇതിനു മുൻപ് വർത്തമാന തലമുറ കണ്ടിട്ടുണ്ടാകില്ല. കോടതിയിൽ നടക്കുന്ന കേസിന്റെ വാദ പ്രതിവാദങ്ങൾ ചർച്ച ചെയ്യുന്നു എന്ന ന്യായം പറഞ്ഞ്, ‘നിയമാനുസൃതമായി’ ഉന്നയിക്കപ്പെടുകയാണ് ഒന്നാംതരം സ്ത്രീ വിരുദ്ധത.

ഭാവനാപൂർണമെന്ന് സ്വയം അവകാശപ്പെട്ട്, ഈയിടെ ഇറങ്ങിയ ഒരു വാട്സ്ആപ് സന്ദേശത്തിൽ, പ്രമുഖ നടികൾ ഇരുമുടി കെട്ടുമായി മലകയറുന്ന ഫോട്ടോഷോപ്പും, ആ ‘വിനോദ യാത്ര’യിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളും, സാനിറ്ററി നാപ്‌കിൻ ഉപയോഗിച്ച് കഴിഞ്ഞ് കാട്ടിൽ വലിച്ചെറിയരുതെന്നു’വരെയുള്ള, പരിഹാസ രൂപേണയുള്ള ശബ്ദരേഖയും ഉണ്ടായിരുന്നു. ‘മാതാവ്’, ‘ദേവി’ തുടങ്ങിയ ആലങ്കാരിക പ്രയോഗങ്ങൾക്കപ്പുറം, എന്തുമാത്രം വിരുദ്ധ മനോഭാവമാണ് ഒരു ശരാശരി മതവിശ്വാസി സ്ത്രീത്വത്തോട് പുലർത്തുന്നതെന്ന് മനസിലാക്കുവാൻ സ്ത്രീകളുടെ അടക്കം ‘ലൈക്ക്’ നിർലോഭം കിട്ടിയ ആ സന്ദേശം അവസരം തന്നു.

അട്ടഹസിക്കുന്ന പൗരോഹിത്യം, മതമൗലികവാദം, സദാചാര ഗുണ്ടായിസം

പുറമേ പുരോഗമനമെന്ന് അവകാശപ്പെടുന്നെങ്കിലും ആചാരാനുഷ്ഠാന നിർബന്ധബുദ്ധി ഇത്രകണ്ട് പിന്തിരിപ്പനാക്കിയ ഒരു സമൂഹമാണോ നമ്മുടേത് എന്ന് തോന്നിപ്പിക്കുമാറ്, അട്ടഹാസങ്ങളും വെല്ലുവിളികളും ആത്മഹത്യ ഭീക്ഷണി വരെ മുഖ്യധാര മാധ്യമങ്ങളിൽ ഇരുന്ന് തൊടുക്കുന്ന, സ്വയം പ്രഖ്യാപിത ഹിന്ദു വിശ്വാസ സംരക്ഷകരും, അതിനോട് പേരിനു മാത്രം ദുർബല ചെറുത്തു നിൽപ്പ് നടത്തുന്ന പുരോഗമനവാദികളും, സൂക്ഷിച്ചു മാത്രം അഭിപ്രായം പറഞ്ഞാൽ മതിയെന്ന മുൻധാരണയിലിരിക്കുന്ന മാധ്യമ സമൂഹവും, എന്തൊക്കെയോ സംഭവിക്കാൻ പോകുന്നെന്ന ഭാവത്തിൽ ആകെ പേടിച്ചു വിറച്ച് അറച്ചു നിൽക്കുന്ന വിശ്വാസി/അവിശ്വാസി വിഭാഗവും, ‘അർഥപൂർണമായ’ ഭൂരിപക്ഷ പ്രീണന നയം തുടരുന്ന ബുദ്ധിജീവി വർഗ്ഗവും ചേർന്ന് ആകെ ഇരട്ടത്താപ്പിന്റെ അഴകൊഴമ്പന്‍ തത്സമയ ദുരന്തമാണ് ശബരിമല വിഷയത്തിൽ കേരളം ഇതു വരെ.

ഇങ്ങനെയുള്ള ഒരു പരിതസ്ഥിതിയിൽ, സ്ത്രീകൾ ശബരിമലയിൽ പ്രവേശിക്കരുതെന്ന് കോടതി തീരുമാനിച്ചാൽ ഉണ്ടാകാവുന്ന ആഘോഷ തിമിർപ്പിൽ ഉയരുക, ശബരിമല ശാസ്താവെന്ന നൈഷ്ഠിക ബ്രഹ്മചാരിയെ ഏതോ ഒരു വലിയ അപകടത്തിൽ നിന്നു ‘രക്ഷിക്കാൻ’ കഴിഞ്ഞതിന്റെ ഭക്തി നിർവൃതി ആയിരിക്കുമോ അതോ പൊതുബോധത്തെ ആകമാനം സ്വന്തം വരുതിയിലാക്കി, മറ്റെല്ലാ സ്ഥാപനങ്ങളും അംഗീകരിച്ച തുല്യനീതി സ്ത്രീക്ക് തങ്ങളാൽ നിഷേധിക്കാൻ സാധിച്ചതിന്റെയും, ശാരീരിക ബലഹീനയെ നിയമപരമായി തന്നെ കീഴ്പ്പെടുത്താൻ കഴിഞ്ഞതിന്റെയും, മതമൗലിക മനസുകളുടെ ആപത്കരമായ ഉന്മാദ അട്ടഹാസവുമായിരിക്കുമോ? മതവിശ്വാസ വിഷയത്തിൽ പരസ്പരം അസഹിഷ്ണത പുലർത്തിയാലും, സൈബർ ഇടങ്ങളിലെ ‘തട്ടമെവിടെ’ സാരോപദേശക്കാർ പോലും ഇത്തരം കോടതി വിധിയെ കൈയ്യടികളോടെ സ്വീകരിക്കും. സദാചാര ഗുണ്ടായിസത്തിൽ തുടങ്ങി സ്ത്രീകള്‍ക്കെതിരെയുള്ള മതമൗലിക വാദികളുടെ സൈബർ ആക്രമണങ്ങളിൽ വരെ ശബരിമല വിധി സ്വാധീനം ചെലുത്തുമെന്നു ചുരുക്കം.

അതിവൈകാരികമായി മതാന്ധതയും വർഗീയ ധ്രുവീകരണവും പൗരോഹിത്യം അധികാരം കൈയാളിയിരുന്ന ലോകക്രമത്തിൽ നിന്നും രാഷ്ട്രീയ പക്വത ആർജിച്ച ജനാധിപത്യ വ്യവസ്ഥിതിയിലേക്ക് എത്തി, സമൂഹവും മതങ്ങളും ഏറെ കുറേ ക്രമപ്പെട്ടു നിൽക്കുന്ന ഒരു കാലയളവിലാണ്, സമൂഹത്തിൽ കൃത്യമായ വേർതിരിവ് ഉണ്ടാക്കി ഈ ‘ക്ഷേത്ര വിഷയം’ പൊതുമണ്ഡലത്തിൽ വലിയ ചർച്ച ആയിരിക്കുന്നത്. അതിവൈകാരികമായ മതാന്ധത ഉപബോധ തലത്തിൽ സാംശീകരിച്ച, മതങ്ങളോടുള്ള ഒരു തലമുറയുടെ അടിമത്വ പ്രഖ്യാപനം മുതൽ ‘വിശുദ്ധ യുദ്ധ’ മാനസികാവസ്ഥയിലെ അക്രമോത്സുകത വരെ കൃത്യമായി പുറത്തു കൊണ്ടു വരാൻ ശബരിമല ധർമ്മ ശാസ്താവ് നിദാനമായിരിക്കുന്നു. കോടതി വിധി അനുകൂലമായാലും പ്രതികൂലമായാലും ഈ വിഭാഗത്തിന്റെ അക്രമോത്സുകത പതിന്മടങ്ങു വർധിക്കും. വർഗീയ ധ്രുവീകരണത്തിനു ശ്രമിക്കുന്ന ഏവർക്കും പാകപ്പെട്ട മനസുകൾ ഏറെ പിറക്കുമെന്നു ചുരുക്കം.

‘എന്തുകൊണ്ട് മുസ്ലീം, ക്രിസ്ത്യൻ ദേവാലയങ്ങളിലെ ആചാരങ്ങൾ ആരും തൊട്ടു കളിക്കുന്നില്ല’ എന്ന് എല്ലാ തരം മാധ്യമങ്ങളിലും, സ്ത്രീ പ്രവേശനത്തെ എതിർക്കുന്നവർ ഉയർത്തുന്ന വാദമുഖങ്ങളിലെ വസ്തുതാ പിശകുകൾ മാറ്റി വെച്ചാൽ പോലും, ശബരിമല ഇന്ന് ഒരു ഹിന്ദു ആരാധനാലയ വിഷയം മാത്രമായി ഒതുങ്ങുന്നില്ല. ശബരിമലയിലെ കോടതി വിധി, മറ്റു പല മത ആചാര വിഷങ്ങൾക്കും കോടതിക്കു മുൻപിൽ ഇനി മുതൽ അടിസ്ഥാനമാകുമെന്നതും മറ്റൊരു കാരണം. അതുകൊണ്ടു തന്നെ പൗരോഹിത്യം മേൽക്കോയ്മയുള്ള എല്ലാ മത വിഭാഗങ്ങളിലെയും യാഥാസ്ഥിതികവിഭാഗം ശബരിമലയിൽ സ്ത്രീ പ്രവേശിക്കരുതെന്നു കോടതി പറയണമെന്ന് അകമഴിഞ്ഞ് ആഗ്രഹിക്കുന്നുണ്ടാകും.

ഒരു നിയമ പ്രശ്നത്തിനപ്പുറം

അഥവാ സ്ത്രീ പ്രവേശനത്തെ കോടതി അംഗീകരിച്ചാൽ മതത്തിന്റെ കാർക്കശ്യ ചട്ടക്കൂടിനുമേൽ സാധാരണ മനുഷ്യൻ നേടുന്ന ധാർമിക മാനുഷിക വിജയമായും, ലിംഗസമത്വത്തിന്റെ എക്കാലത്തെയും വലിയ പ്രഖ്യാപനവുമായി അത് മാറാം. കലിയുഗവരദനായ ശ്രീ അയ്യപ്പന്റെ സന്നിധാനത്തിൽ തന്നെ തങ്കത്തിൽ കുറിച്ചിരിക്കുന്ന ‘തത്വമസി’ (അത് നീയാകുന്നു) എന്ന സാമവേദവാക്യം അക്ഷരാർത്ഥത്തിൽ സാർത്ഥകമാക്കി ഒരു വിധത്തിലുമുള്ള ലിംഗ, ഭാഷാ, ജാതി, മത വ്യത്യാസമില്ലാത്ത ഒരു അന്തർദേശീയ ആത്മീയ കേന്ദ്രമായി ശബരിമലയുടെ ഖ്യാതി വാനോളം ഉയരാം. അന്യമതസ്ഥർക്ക് പ്രവേശനം നിഷേധിച്ച ഗുരുവായൂർ അടക്കമുള്ള ആരാധനാലയങ്ങളിൽ പുനർവിചിന്തനം ഉണ്ടാകാം. സർവോപരി, പ്രസ്തുത കോടതി വിധി ‘രണ്ടാം ക്ഷേത്ര പ്രവേശന വിളംബര’മായി ചരിത്രം തന്നെ ആയി മാറാം. അതൊക്കെ തന്നെയാണല്ലോ സർവ്വ മത പൗരോഹിത്യത്തിന് ഒരിക്കലും സങ്കൽപിക്കാൻ കഴിയാത്തത്. ‘മതാമേതായാലും പൗരോഹിത്യം നന്നാകില്ല’ എന്ന് പറയേണ്ടി വരുന്നത്, മതത്തെ മുൻനിറുത്തി അവർ ജനത്തിനു മേൽ ഏല്പിക്കുന്ന ദൃശ്യവും അദൃശ്യവുമായ ഈ അധീശത്വ മനോഭാവം കാരണമാണ്. ഈ അധീശത്വത്തിനു മുഖമടച്ചൊരു പ്രഹരം കിട്ടാനുള്ള അവസരം കൂടിയാണ്, കോടതിയുടെ സ്ത്രീ അനുകൂല വിധി.

എന്നാൽ ഈ അധീശത്വത്തിനു ലഭിക്കുന്ന വലിയ ഒരു കൈത്താങ്ങായി മാറും സ്ത്രീ പ്രവേശനത്തെ പൂർണമായോ ഭാഗികമായോ വിലക്കി കൊണ്ടുള്ള കോടതി വിധിയുമെന്നത് ഈ അവസരത്തിൽ എടുത്തു പറയേണ്ടതുണ്ട്. കോടതി അംഗീകരിക്കുന്നത് ചിലപ്പോൾ ഒരു ക്ഷേത്രത്തിലെ ഒറ്റപ്പെട്ട ആചാര അനുഷ്ഠാനമാണെങ്കിൽ കൂടിയും തങ്ങളുടെ മേൽക്കോയ്മ അംഗീകരിക്കപെട്ട സംതൃപ്തിയിൽ കൂടുതൽ പ്രകോപന, പ്രതിലോമ മോഡിലേക്ക് നീങ്ങാൻ മതമേലധ്യക്ഷന്മാർ തയാറായെന്നു വരാം.

കോടതിക്കു പോലും എതിർക്കാൻ കഴിയാത്ത വലിയ പ്രതിരോധ കോട്ടക്കുള്ളിലാണ് മതങ്ങൾ എന്ന രീതിയിലെ പ്രചാരണം പൗരോഹിത്യം നടത്താനും, അതുവഴി ഭരണഘടന ഉറപ്പു നൽകുന്ന ശാസ്ത്ര, അവബോധ, മാനവിക മൂല്യങ്ങളിൽ സമൂഹത്തിന്റെ ഐക്യപ്പെടലിനു വിഘാതം സൃഷ്ടിക്കാനും സാധിക്കും. ഭയപ്പെടുത്തി കൂടെ നിറുത്തുന്ന തന്ത്രം പൗരോഹിത്യം മതത്തിന്റെ സുരക്ഷിതത്വത്തിലൂടെ ചെയ്യുമ്പോൾ അതിൽ അടുത്തതായി വിജയാഹ്ളാദം നടത്താൻ പോകുന്നത്, മതത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്ന വർഗീയ പ്രസ്ഥാനങ്ങളും വലതുപക്ഷ യാഥാസ്ഥിതികരുമായിരിക്കും. അതോടെ കൂടുതൽ സുരക്ഷ ലഭിക്കുന്ന മതത്തിന്റെ തണലിലേക്ക് കൂടുതലായി രാഷ്ട്രീയക്കാരുടെ ഒഴുക്ക് ഉണ്ടാകുകയും, മതവും രാഷ്ട്രീയവും ഇടകലരുന്ന പ്രതിലോമ പ്രക്രിയക്ക് ആക്കം കൂടുകയും ചെയ്യും. ദൈവവിശ്വാസവും ആചാരങ്ങളും സ്വാർത്ഥ താല്പര്യങ്ങളെ ഒളിച്ചു കടത്താനും സ്ഥാപിച്ചെടുക്കാനുമുള്ള കുറുക്കു വഴിയായി മാറുമ്പോൾ കുടുംബ, സാമൂഹിക ബന്ധങ്ങളിലെ നവോത്ഥാന പൂർവ്വ സ്ത്രീ പുരുഷ സഹവർത്തിത്വത്തിൽ, സ്ത്രീ വീണ്ടും വസ്തുവത്ക്കരണത്തിലേക്ക് പുറകോട്ടടിക്കപ്പെടാം.

പുരോഗമന ആശയങ്ങൾക്കു മേൽ യാഥാസ്ഥിതിക വിജയം

വർഗീയവാദ വലതുപക്ഷം ശക്തമായപ്പോൾ ഇടതുപക്ഷ ആശയ ഇടപെടലിലൂടെ സമൂഹത്തിൽ ഉയർത്തി കൊണ്ടു വന്ന പുരോഗമന ആശയങ്ങളും യുക്തി ബോധവും പൗരോഹിത്യ, ആൾദൈവ മേല്‍ക്കോയ്മയിലൂടെ സൃഷ്ടിച്ചെടുത്ത അന്ധത ബാധിച്ച വിശ്വാസി വിഭാഗത്തെ തിരിച്ചു പിടിക്കാൻ കുറച്ചൊക്കെ സഹായിച്ചിരുന്നെങ്കിൽ, മതത്തിന്റെ ‘വിശ്വാസ ആചാര അനുഷ്ഠാനങ്ങളിൽ ഇടപെടില്ല’ എന്ന ഒരു കോടതി വിധി (ശബരിമല വിഷയത്തിൽ അങ്ങനെ വന്നാൽ)യിലൂടെ, യുക്തിക്കല്ല പ്രസക്തി, മറിച്ചു മതത്തെ വ്യാഖാനിച്ചു തങ്ങളുടെ മുൻപിൽ നിൽക്കുന്ന പുരോഹിത, ആൾദൈവ സമൂഹത്തിനാണെന്ന് ഒരു വിഭാഗമെങ്കിലും കരുതാൻ സാധ്യതയുണ്ട്. അതോടെ വിശ്വാസവും അന്ധവിശ്വാസവും ആചാരവും അനാചാരവും തമ്മിലുള്ള അതിർവരമ്പുകൾ നേർപ്പിച്ച്, സ്വാർത്ഥ കച്ചവട താല്പര്യങ്ങളിലെ ആത്മീയ വ്യാപാരങ്ങൾക്ക് നിയമ പരിരക്ഷയുണ്ടെന്നു തെറ്റിദ്ധരിപ്പിച്ച്, അവിടേക്കുള്ള ആളെക്കൂട്ടലിന്റെ ആക്കം കൂടുകയും ചെയ്യും.

ദേര സച്ച സൗദ, ആശാറാം ബാപ്പു മുതൽ സകലമാന തട്ടിപ്പു വികാരി, ഉസ്താദുകൾക്കും ചാകര വരുമെന്ന് സാരം. ഒപ്പം അന്ധവിശ്വാസ ആഭിചാര ക്രിയകൾ വിശ്വാസ മേലങ്കിയിൽ ചോദ്യം ചെയ്യപ്പെടാതെ കൂടുതലായി സ്ഥാപിതവത്ക്കരിക്കപ്പെടാനും സാധ്യതയുണ്ട്. കാര്യങ്ങളെ ദുർവ്യാഖാനം ചെയ്യുന്ന മനുഷ്യർ ഇത്തരത്തിൽ അനാചാരങ്ങൾക്കൊരു ഔദ്യോഗിക ഭാഷ്യം കൊടുക്കുമ്പോൾ, അതിനെ ചിലരെങ്കിലും പിന്തുടരുമ്പോൾ, ‘വിശ്വാസത്തെ തൊടാൻ’ പാടില്ലാത്തതുകൊണ്ട്, മാധ്യമങ്ങളും അളന്നു കുറിച്ചൊരു മൗനം അവിടെയും പാലിക്കും. ഒരിക്കൽ നവോത്ഥാനം ഉഴുതു മറിച്ചൊരു മണ്ണിൽ മാലിന്യ കൂമ്പാരം കുന്നു കൂടും.

ശാസ്ത്രാവബോധം, വിശ്വാസം, ലിംഗ നീതി

ശാസ്ത്ര/വൈജ്ഞാനിക മേഖലയിൽ പോലും പൗരാണിക ദൈവിക ബിംബങ്ങളുടെ ആശയാതിശയ ആചാരങ്ങൾ കുറവല്ലാത്ത സാഹചര്യം ഇപ്പോഴുണ്ട്. ബഹിരാകാശത്തു റോക്കറ്റ് വിടുന്നതിനു മുൻപ് ഉന്നത ശാസ്ത്രജ്ഞൻമാർ വിഘ്‌നങ്ങൾ നീക്കുന്നതിന് ഗണപതി ഹോമങ്ങളും മറ്റും നടത്തുന്നത് ഇന്ന് എപ്പോഴും കാണാവുന്ന കാര്യമാണല്ലോ. ഒരു നിയമ സാധൂകരണം ഒരു വിശ്വാസ വിഷയത്തിൽ ഉണ്ടാകുമ്പോൾ, അത് ആ ഒരു ഘടകത്തിൽ മാത്രം ഒതുങ്ങി നിൽക്കാതെ സർവവ്യാപി ആയി വരുമെന്നതിനാൽ, അതിപ്രശസ്തമായ ശബരിമലയിലെ ‘വിശ്വാസ സംബന്ധമായ’ കോടതി വിധിക്ക് നമ്മൾ ഉദ്ദേശിക്കുന്ന വ്യാപ്തിക്കപ്പുറം സാധ്യതകൾ ഉണ്ടെന്നത് സവർണ ആൺബോധങ്ങൾ ഉൾക്കൊള്ളുന്നുണ്ട്. ശാസ്ത്ര ബോധത്തിനു മേൽ മതനിയന്ത്രണങ്ങൾ നേടുന്ന വിജയമായി അതിനെ പല മേഖലകളിൽ കൊട്ടിഘോഷിക്കപ്പെടാം.

ആർത്തവമെന്നത് ജൈവശാസ്ത്രപരമായ ഒരു പ്രത്യേകതയായി കാണാതെ, ഒന്ന് ശ്രദ്ധവിട്ടുപോയാൽ ‘പാപ’കാരണമായി മാറു മെന്നുള്ള, ‘ട്രോമ’യുമായിട്ടായിരിക്കും തുല്യനീതിയിലേക്കുള്ള ഇനിയത്തെ പ്രയാണം എന്ന സത്യം സ്ത്രീ സമൂഹം തിരിച്ചറിയും. അല്ലെങ്കിൽ തന്നെ സ്ത്രീക്കെതിരെ നിലവിലുള്ള സദാചാര ശാസനകൾക്കധികമായിട്ടായിരിക്കും ഓരോ സ്ത്രീസ്വത്വങ്ങള്‍ക്കും ഈ നിയമം അനുശാസിക്കുന്ന നടാടെയുള്ള പുത്തൻ ‘ട്രോമ’. ‘റെഡി ടു വെയിറ്റ്’കാരിലും, ‘ഹാപ്പി ടു ബ്ലീഡ്’ വിഭാഗത്തിനും സ്ത്രീ പ്രവേശന വിലക്ക് സാധൂകരിക്കുന്ന ഒരു കോടതി വിധി ഉണ്ടാക്കാൻ പോകുന്ന സ്ഥായിയായ ബോധം കാലക്രമത്തിൽ തന്റെ തന്നെ ശരീരത്തോടുള്ള അപകർഷത തന്നെ.

സാമൂഹിക മാറ്റങ്ങളും കോടതിയും

ഡോ ബി. ആർ അംബേദ്ക്കറോട്, ‘എന്തുകൊണ്ടാണ് താങ്കൾ ദലിതരുടെ ക്ഷേത്ര പ്രവേശനത്തിനായി ഇത്രയധികം ആഗ്രഹിക്കുന്ന’തെന്ന ചോദ്യത്തിന്, ‘പ്രശ്നം വെറും ക്ഷേത്രപ്രവേശനമല്ല, മറിച്ച് തുല്യനീതിയുടേതാണ്’ എന്ന ലളിതമായ ഉത്തരമായിരുന്നു അദ്ദേഹത്തിന്. സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ സാമൂഹിക രാഷ്ട്രീയ മുന്നേറ്റങ്ങൾക്കൊപ്പം, വിപ്ലവ മാറ്റങ്ങൾ/തിരുത്തലുകൾ സമൂഹത്തിൽ ഉണ്ടാക്കിയിട്ടുള്ള കോടതി വിധികൾ അനവധിയാണ്. അഥവാ ജനകീയ പ്രക്ഷോഭവും കോടതിയും നിയമ നിർമാണ സഭകളും ഒരേ ലക്ഷ്യത്തിലേക്കു വിവിധ ധാരകളായി ഒഴുകിയ ജലപ്രവാഹം പോലെയാണെന്ന് പല ഘട്ടങ്ങളിലും തോന്നിച്ചിരുന്നു. സതി നിരോധന നിയമം, പട്ടിക വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമനിരോധന നിയമം, ഗാർഹിക പീഡന നിരോധന നിയമം, സ്വകാര്യത അടിസ്ഥാന തത്വത്തിൽ ഉൾപ്പെടുത്തിയ വിധി, മുംബൈയിലെ ഹാജി അലി ദർഗ യിൽ, ശനി ശിക്നപുർ, ത്രയംബകേശ്വര ക്ഷേത്രങ്ങളിൽ സ്ത്രീകൾക്കുള്ള വിലക്ക് നീക്കി കൊണ്ടുള്ള മുംബൈ ഹൈക്കൊടതി വിധികൾ, മഹാരാഷ്ട്ര പാസാക്കിയ മന്ത്രവാദത്തിനെതിരായുള്ള നിയമം തുടങ്ങിയവ അവയിൽ ചിലതു മാത്രം.

‘ആചാര വിശ്വാസ വിഷയങ്ങൾ കോടതികളല്ല തീരുമാനിക്കേണ്ടതെന്നും, മാറ്റങ്ങൾ വേണമെങ്കിൽ വിശ്വാസികൾ തന്നെ മുൻകൈ എടുത്തോളാം’ തുടങ്ങിയ പൗരോഹിത്യത്തിന്റെ വാദം മേൽ സൂചിപ്പിച്ച, കോടതികൾ തന്നെ മുൻകൈ എടുത്തു നടപ്പിലാക്കിയ നിരവധി പരിഷ്കരണങ്ങളെ നിരാകരിക്കുന്നതാണ്. കോടതികൾ തുടർന്നു പോരുന്ന മാനുഷികതലത്തിലുള്ള ഈ പുരോഗമന പരിഷ്കരണ നിലപാട് ശബരിമല വിഷയത്തിലും തുടരുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്. ഇതുവരെ ഉണ്ടായിട്ടുള്ളതിന്റെ സംരക്ഷകനും, ഇനി ഉണ്ടാകാൻ കാലം കാത്തിരിക്കുന്നതുമായ നിരവധിയായ പുരോഗമന, മാനുഷിക നിയമസമീപനങ്ങളുടെ മുൻഗാമിയാകുമോ ആ നിലപാടെന്നതും അതിപ്രാധാന്യമർഹിക്കുന്നു.

മത, ആത്‌മീയ വ്യാപാരങ്ങളിലൂടെ ആളും അർത്ഥവും പുൽകി ശക്തിയാർജിച്ച സാമ്രാജ്യങ്ങളായി പൗരോഹിത്യം മാറുമ്പോൾ, മുൻകാലങ്ങളെ അപേക്ഷിച്ചു സുസംഘടിതവും സുസജ്ജവുമാണിന്ന് മതമൗലിക വാദവും. അനുഗുണമായി സാമൂഹിക രീതികൾ തന്നെ രൂപപ്പെടുത്താനും, തങ്ങളാണ് ദൈവമെന്നും തങ്ങളിലൂടെ ദൈവം സംവദിക്കുന്നു എന്നുമുള്ള കാഴ്ചപാട് ഒരു വിശ്വാസിയിൽ ചെലുത്താനും പ്രാപ്തമാണിന്ന് മതവക്താക്കൾ. സ്ത്രീയെ പൊതുയിടങ്ങളിൽ നിന്ന് അകറ്റാനുള്ള അവരുടെ തീരുമാനത്തിനു പിന്നിലെ ഗൂഡാലോചനയിലെ ഒരു ഭാഗം മാത്രമാണ് ‘സ്ത്രീയുടെ ആര്‍ത്തവം’ എന്ന കാര്യം, ‘വൈവിധ്യ ധർമ്മ പരിപാലന’ സംജ്ഞകൾക്കിടയിൽ കോടതി കണ്ടെത്താതെ പോകുമോ എന്നതും ഇനി കാത്തിരുന്നു കാണേണ്ടതാണ്.

ഡൽഹിയിലെ നിർഭയ കേസോടെ സ്ത്രീ സുരക്ഷ ഒരു പ്രധാന ചർച്ചാ വിഷയമാകുകയും, പലവിധ നിയമ നിർമാണ/പരിപാലനങ്ങൾക്കത് കാരണമാകുകയും ചെയ്തു. കേരളത്തിൽ നടി അക്രമിക്കപെട്ടപ്പോൾ സിനിമയിലെയും പൊതു വ്യവഹാരങ്ങളിലെയും സ്ത്രീ വിരുദ്ധതക്കെതിരെ വലിയ ജനരോഷം ഉണർന്നു. സമൂഹം അങ്ങനെയാണ്. നിരന്തരം ചിലതു നടന്നാൽ പ്രത്യേകിച്ചൊന്നും സംഭവിക്കില്ല, എന്നാൽ നിരന്തരമുള്ളതിൽ തന്നെ വ്യത്യസ്തതയോടെ ചിലതു നടന്നാൽ, പ്രത്യേകിച്ചെന്തെങ്കിലും തിരികെ സംഭവിപ്പിക്കും. ശബരിമലയുടെ കോടതി വിധി കരുതിവെച്ചിരിക്കുന്നതും അതു തന്നെയാകാം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍