TopTop
Begin typing your search above and press return to search.

ദി 'പാരഡോക്സിക്കല്‍' ശശി തരൂരിനെ പുകച്ചു പുറത്തു ചാടിച്ചു സംഘപരിവാർ പാളയത്തിൽ എത്തിക്കാന്‍ നോക്കുന്ന കേരളത്തിലെ കോണ്‍ഗ്രസുകാര്‍

ദി പാരഡോക്സിക്കല്‍ ശശി തരൂരിനെ പുകച്ചു പുറത്തു ചാടിച്ചു സംഘപരിവാർ പാളയത്തിൽ എത്തിക്കാന്‍ നോക്കുന്ന കേരളത്തിലെ കോണ്‍ഗ്രസുകാര്‍

ഒടുവിൽ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിക്കും അതിന്റെ അധ്യക്ഷനും കാര്യം പിടികിട്ടിയെന്നു വേണം കരുതാൻ. അല്ലെങ്കിൽ പിന്നെ മോദി സ്തുതി ആരോപിച്ചു ശശി തരൂർ എം പിക്കു മേലുള്ള കുതിരകയറ്റം ഇത്രയും പെട്ടെന്ന് അവസാനിപ്പിച്ചതെന്തിന്? മോദി സ്തുതിയിൽ വിശദീകരണം തേടി കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ അയച്ച നോട്ടീസിന് തരൂർ വിശദീകരണം നൽകിയ സാഹചര്യത്തിലാണ് വിവാദം അവസാനിപ്പിക്കാൻ കെ പി സി സി നേതൃത്വം തീരുമാനിച്ചതെന്നാണ് വാർത്തകൾ പറയുന്നത്. വിവാദം അവസാനിപ്പിക്കാൻ തീരുമാനിച്ചു എന്ന് മാത്രമല്ല തരൂരിനെതിരായ ചൊറിച്ചിൽ നിറുത്തണമെന്ന് കെ മുരളീധരൻ അടക്കമുള്ളവരോട് ആവശ്യപ്പെടാൻ തീരുമാനിച്ചുവെന്നും ചില പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തരൂർ നൽകിയ മറുപടിയിൽ തന്നെ വിമർശിക്കുന്നവരുടെ, മുല്ലപ്പള്ളിയുടെ അടക്കം വായടപ്പിക്കാൻ പോന്ന കുത്തുവാക്കുകൾ ഉണ്ടെന്നു ചില പത്രങ്ങൾ പറയുന്നുണ്ടെങ്കിലും സംഗതി അതുമാത്രം ആകാൻ തരമില്ല. ഒന്നും അത്ര എളുപ്പത്തിൽ വിട്ടുകൊടുക്കുന്ന ആളല്ല മുല്ലപ്പള്ളിയെന്നു അദ്ദേഹത്തെ അടുത്തറിയുന്നവർക്കെല്ലാം നന്നായി അറിയാം. അടിയന്തിരാവസ്ഥ കാലത്തു പോലും ഇന്ദിര ഗാന്ധിക്കും കെ കരുണാകരനുമൊപ്പം നിന്ന മുല്ലപ്പള്ളി പക്ഷെ ചാരക്കേസിൽ കരുണാകരനെ അന്ധമായി പിന്തുണക്കാൻ തയ്യാറായില്ല. "I don't think he is guilty. But still there is a needle of suspicion against him" എന്നാണ് അക്കാലത്തു മഞ്ചേരിയിൽ വെച്ച് കണ്ടപ്പോൾ അദ്ദേഹം നടത്തിയ പ്രതികരണം. ആ മുല്ലപ്പള്ളി ശശി തരൂരിന്റെ വിശദീകരണം മാത്രം വായിച്ചു തൃപ്തി അടഞ്ഞുവെന്നു വിശ്വസിക്കാൻ അല്പം പ്രയാസമുണ്ട്.

അപ്പോൾ പിന്നെ തരൂരിനെതിരായ വിവാദം ഇത്ര പെട്ടെന്ന് അവസാനിപ്പാൻ എന്തായിരിക്കും കാരണം? പാലാ ഉപതിരഞ്ഞെടുപ്പ് എന്ന് പറയുന്നവരുണ്ട്. മാണി സാറിന്റെ ദേഹവിയോഗത്തെ തുടർന്ന് അനാഥമായ പാലാക്ക് ഒരു പുതിയ നാഥനെ കണ്ടെത്താനുള്ള തിരെഞ്ഞെടുപ്പ് ഇത്ര എടുപിടീന്ന് ഉണ്ടാകുമെന്ന് ആരും നിനച്ചതല്ല. ലോക്സഭ തിരെഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ച നാല് എം എൽ എ മാർ രാജി സമർപ്പിച്ചതോടെ ഒഴിവു വന്ന നാല് മണ്ഡലങ്ങളും ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ അനാഥമായ മഞ്ചേശ്വരവും അടക്കം മൊത്തം ആറു നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരെഞ്ഞെടുപ്പുകൾ ഒരുമിച്ചു നടക്കുമെന്ന് കരുതി ഇരുന്നിടത്താണ് പാലായിൽ മാത്രം ഉപതിരഞ്ഞെടുപ്പ് നടത്താൻ തിരെഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചത്. കെ എം മാണി തുടർച്ചയായി 52 വര്‍ഷം പ്രതിനിധീകരിച്ച പാലാ മണ്ഡലം കേരളാ കോൺഗ്രസ് എമ്മിന് തന്നെ നൽകണമെന്ന കാര്യത്തിൽ കോൺഗ്രെസ്സിലോ യു ഡി എഫിലോ അഭിപ്രായ വ്യത്യാസമില്ല. പക്ഷെ കേരളാ കോൺഗ്രസ് എമ്മിലെ ജോസ് കെ മാണി വിഭാഗവും പി ജെ ജോസഫ് വിഭാഗവും തമ്മിൽ തുടരുന്ന തർക്കം ചില്ലറ തലവേദനയൊന്നുമല്ല യു ഡി എഫിന്, പ്രത്യേകിച്ചും മുന്നണിയെ നയിക്കുന്ന കോൺഗ്രസിനും ഉണ്ടാക്കുന്നത്. ആ തർക്കം പരിഹരിച്ചു ഉപതിരെഞ്ഞെടുപ്പിൽ വിജയം എന്ന ലക്ഷ്യവുമായി മുന്നോട്ടു പോകേണ്ട ഈ ഘട്ടത്തിൽ തരൂർ വിവാദത്തിനു പിന്നാലെ നടന്നാൽ സംഗതി ആകെ കുളമാകും എന്ന തിരിച്ചറിവിൽ നിന്നാണ് വിവാദം അവസാനിപ്പിക്കാനുള്ള തീരുമാനം എന്നാണ് അവരുടെ വാദം.

എന്നാൽ പാലാ ഉപതെരെഞ്ഞെടുപ്പൊന്നുമല്ല തരൂർ വിഷയത്തിൽ കോൺഗ്രസ് കേന്ദ്ര നേതൃത്വം തുടരുന്ന മൗനം തന്നെയാണ് വിവാദം അവസാനിപ്പിക്കാനുള്ള തീരുമാനത്തിന് പിന്നിലെന്നത് പകൽ പോലെ വ്യക്തമാണ്. ഒരാഴ്ച പിന്നിട്ടിട്ടും തരൂരുമായി ബന്ധപ്പെട്ട മോദി സ്തുതി വിവാദത്തിൽ എ ഐ സി സിയുടെ താൽക്കാലിക അധ്യക്ഷ സോണിയ ഗാന്ധി പാലിക്കുന്ന നിശബ്ദത കേരളത്തിൽ തരൂരിനുമേൽ കുതിര കയറുന്ന മറ്റാർക്കും മനസ്സിലായില്ലെങ്കിലും മുല്ലപ്പള്ളി രാമചന്ദ്രന് മനസ്സിലായി എന്ന് തന്നെ വേണം കരുതാന്‍. രണ്ടു ദിവസം മുൻപ് കേരളത്തിലെത്തിയ മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ മുന്നിൽ തരൂർ വിഷയം അവതരിപ്പിച്ചെങ്കിലും അദ്ദേഹവും അത് കാര്യമായി ഗൗനിച്ചതായി കണ്ടില്ല. സോണിയയുടെയും രാഹുലിന്റെയും ഒക്കെ തണുപ്പൻ പ്രതികരണം തന്നെയാണ് ഇപ്പോഴത്തെ ഈ വെടിനിര്‍ത്തലിനു പിന്നിൽ എന്ന് തന്നെ വേണം കരുതാൻ.

അല്ലെങ്കിൽ തന്നെ എന്തിനും ഏതിനും മോദിയെ വിമർശിക്കുന്നത് അയാൾക്ക് ഗുണമേ ചെയ്യൂ എന്ന് ആദ്യം പറഞ്ഞത് കർണാടകത്തിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമൊക്കെ ആയ ജയറാം രമേശ് ആയിരുന്നു. ജയറാം രമേശിന്റെ അഭിപ്രായത്തിനു ആദ്യ പരസ്യ പിന്തുണ ലഭിച്ചത് മറ്റൊരു മുതിർന്ന നേതാവ് മനു അഭിഷേക് സിങ്‌വിയിൽ നിന്നും. അവരെ ആരെയും താക്കീതു ചെയ്യാത്ത എ ഐ സി സിക്കു എങ്ങനെ തരൂരിനെതിരെ മാത്രം നടപടി എടുക്കാൻ കഴിയും എന്ന ചോദ്യവും ഇവിടെ പ്രസക്തമാണ്. ലോക്സഭയിലും രാജ്യസഭയിലും മോദിക്കെതിരെയോ കേന്ദ്ര സർക്കാരിനെതിരെയോ വായ തുറക്കാത്ത കേരളത്തിലെ എം പി മാർ ഉറഞ്ഞു തുള്ളുന്നത് കണ്ട് നാലക്ഷരം നേരെ ചൊവ്വേ പറയാൻ കെൽപ്പുള്ള നേതാക്കളെ പുകച്ചു പുറത്തു ചാടിച്ചു സംഘപരിവാർ പാളയത്തിൽ എത്തിക്കാൻ പോന്ന മൗഢ്യമൊന്നും സോണിയ ഗാന്ധിക്കോ രാഹുൽ ഗാന്ധിക്കോ ഉണ്ടെന്നു കരുതുക വയ്യ.

യു എന്നിൽ അണ്ടർ സെക്രട്ടറി വരെ ആയ ശശി തരൂർ കോൺഗ്രസിൽ ചേർന്നത് 2009ൽ മാത്രമാണ്. ആ വര്‍ഷം തന്നെ തിരുവനന്തപുരത്തു നിന്നും കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചു പാർലമെന്റിൽ എത്തി. ശശി തരൂരിന് ടിക്കറ്റ് നല്കുന്നതിനെക്കുറിച്ചു അന്നും വിവാദം ഉണ്ടായിരുന്നു. 1989ൽ പ്രസിദ്ധീകൃതമായ 'The Great Indian Novel' എന്ന കൃതി ചൂണ്ടിക്കാട്ടിയായിരുന്നു എതിർപ്പ്. ഗാന്ധിജിയെ ഭീഷ്മരും നെഹ്‌റുവിനെ ധൃതരാഷ്ട്രരും ഇന്ദിര ഗാന്ധിയെ ദുര്യോധനനുമൊക്കെയായി ചിത്രീകരിച്ച ഒരാൾക്ക് എങ്ങനെ കോൺഗ്രസ് ടിക്കറ്റ് നൽകും എന്ന് ചോദിച്ചായിരുന്നു എതിർപ്പ്. കേരളത്തിൽ നിന്നും ഉയർന്ന ഈ എതിർപ്പിനെ മറികടന്നു സോണിയ ഗാന്ധി നേരിട്ടാണ് അന്ന് തരൂരിന് മത്സരിക്കാൻ അവസരം ഒരുക്കിയതും പിന്നീട് മന്ത്രി ആക്കിയതുമൊക്കെ. ഇതേ തരൂർ തന്നെ പിന്നീട് നരേന്ദ്ര മോദിയെ വിമർശിച്ചു കൊണ്ട് 'The Paradoxical Prime Minister' എന്ന പേരിലും നെഹ്‌റുവിനെ പുകഴ്ത്തിക്കൊണ്ടു ' 'Nehru The Invention of India' എന്ന പേരിലും പുസ്തകങ്ങൾ രചിട്ടുണ്ട്.

ഇങ്ങനെ ഒക്കെയുള്ള ഒരാളെ വെറും ഒരു ട്വീറ്റിന്റെ പേരിൽ പുകച്ചു പുറത്തുചാടിക്കാൻ ശ്രമിക്കുന്നവരുടെ മനസ്സിലിരിപ്പും സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമൊക്കെ നന്നായി അറിയാം. 2009 ലെ തിരെഞ്ഞെടുപ്പിൽ തരൂരിനെതിരെ രംഗത്തുവന്നവർ ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിലും പാലം വലിക്കാൻ ശ്രമിച്ച കാര്യവും അവര്‍ക്ക് അറിയാം. പൊതു തിരഞ്ഞെടുപ്പിൽ കനത്ത തോൽവി ഏറ്റുവാങ്ങിയതിനു പിന്നാലെ രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനം രാജിവെക്കുകയും അധികാര മോഹികളായ നേതാക്കൾ ബി ജെ പി യിലേക്ക് കൂടുമാറ്റം തുടങ്ങുകയും ചെയ്തതോടെ തൂഫാൻ അടിച്ചുപോയ പാർട്ടിയിൽ നിന്നും ഏതെങ്കിലും ഉണ്ണാക്കന്മാർ പറയുന്നതുകേട്ടു കൊള്ളാവുന്ന നേതാക്കളെക്കൂടി പുറത്താക്കിയാലത്തെ അവസ്ഥ എന്തായിരിക്കും എന്ന് കൂടി ആലോചിച്ചു നോക്കുക.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Read More: കെപിസിസിയോ തരൂരോ, ആരാണ് മോദിയോട് മൃദുവാകുന്നത്?

Next Story

Related Stories