Top

ശവത്തില്‍ കുത്തരുത് മിസ്റ്റര്‍ സെബാസ്റ്റ്യന്‍ പോള്‍...

ശവത്തില്‍ കുത്തരുത് മിസ്റ്റര്‍ സെബാസ്റ്റ്യന്‍ പോള്‍...
വിടില്ല ഞാന്‍ എന്ന് തന്നെയാണ് സെബാസ്റ്റ്യന്‍ പോളിന്റെ നിലപാടെന്ന് തോന്നുന്നു. സൗത്ത് ലൈവില്‍ വന്ന വിവാദ ലേഖനത്തെ ന്യായീകരിച്ച് ഇന്നലത്തെ മാതൃഭൂമി ചാനല്‍ ചര്‍ച്ചയില്‍ മുഴുനീളം അദ്ദേഹം  നിരത്തിയ അതിദുര്‍ബലമായ വാദങ്ങള്‍ അത് ഉറപ്പിക്കുന്നു. നിയമപരമായോ നൈതികമായോ യുക്തിപരമായോ ഒരു നിലയ്ക്കും നില്‍ക്കക്കള്ളിയില്ലാതെ അദ്ദേഹത്തെ പോലൊരാള്‍ ഉരുണ്ട് കളിക്കുന്നത് പക്ഷെ ഖേദകരമായ ഒരു കാഴ്ച, കേള്‍വി തന്നെയായിരുന്നു.

ഒരു നിയമജ്ഞന്‍ എന്നതിന് പുറമേ നൈതികതയേയും ഓചിത്യത്തേയും ഉയര്‍ത്തിപ്പിടിച്ചിരുന്ന ഒരു മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍, മാധ്യമ വിചാരകന്‍ എന്ന നിലകളിലും കേരളം ബഹുമാനിക്കുന്ന ഒരു സാംസ്കാരിക പ്രമുഖനാണദ്ദേഹം. കൂടാതെ അന്തിച്ചര്‍ച്ചകളില്‍ പാനല്‍ അംഗങ്ങളെ നോക്കി തിരഞ്ഞെടുപ്പ് നടത്തുന്ന പ്രേക്ഷകരെ, പങ്കെടുക്കുന്ന ചര്‍ച്ചകളിലൊക്കെയും അക്ഷോഭ്യനായി, സ്വന്തം അഭിപ്രായം പുരോഗമനപക്ഷത്തു ഉറച്ചുനിന്ന് യുക്തിഭദ്രമായി പറയുന്ന പതിവുകൊണ്ട് ആകര്‍ഷിച്ചിരുന്ന ഒരു വ്യക്തിത്വവും. പക്ഷെ ഇന്നലത്തെ ചര്‍ച്ചയില്‍ അദ്ദേഹം 'ഹി കട്ട് എ വെരി സോറി ഫിഗര്‍' എന്ന പ്രയോഗത്തെ ശരിക്കും അന്വര്‍ത്ഥമാക്കുന്നതാണ് കണ്ടത്.

നിയമവശം

നിയമപരമായി സെബാസ്റ്റ്യന്‍ പോളിന്റെ ലേഖനത്തിലെ വീഴ്ചകളെ വിലയിരുത്താന്‍ ഞാനൊരു നിയമജ്ഞന്‍ പോയിട്ട് നിയമ വിദ്യാര്‍ഥി പോലുമല്ല. എന്നാല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന നിയമജ്ഞര്‍ ഉന്നയിക്കുന്ന മറുവാദങ്ങളും അവയെ നേരിടാന്‍ അദ്ദേഹം പെടുന്ന പാടും കണ്ടാല്‍ അത് സാമാന്യ യുക്തിയുള്ളവര്‍ക്ക് മനസിലാക്കാവുന്നതെ ഉള്ളു. "പോലീസ് പറയുന്നത് വിശ്വസിക്കരുതെന്ന മുന്നറിയിപ്പാണ് ക്രിമിനല്‍ നിയമവും ഭരണഘടനയും നല്‍കുന്നത്" എന്ന അദ്ദേഹത്തിന്റെ ലേഖനത്തിലെ വാചകത്തോടുള്ള, ഇത് എവിടെനിന്നും വന്നു എന്ന് ഭരണഘടനയും ശിക്ഷാനിയമവും മുഴുവനും നോക്കിയിട്ടും മനസിലാകുന്നില്ല എന്ന പാനലിലെ മറ്റൊരു നിയമജ്ഞന്റെ പരിഹാസത്തെ, അതങ്ങനെ എഴുതിവച്ചിട്ടില്ല, പക്ഷെ അതങ്ങനെയായതുകൊണ്ടല്ലേ വിചാരണയും തെളിവെടുപ്പുമൊക്കെ, എന്ന നിലയിലാണ് അദ്ദേഹം പ്രതിരോധിച്ചു എന്ന് വരുത്തിയത്. പ്രോസിക്യൂഷന്‍ വാദങ്ങളെ നീതിപീഠം അപ്പാടെ മുഖവിലയ്ക്കെടുക്കരുത് എന്ന വളരെ പ്രകടമായ ഒരു അടിസ്ഥാനതത്വമാണ് ഇവിടെ അദ്ദേഹം പറയുന്നത്.

ആ നിലയ്ക്ക് ഒരു കാര്യം ഊഹിക്കാം. അതായത് ഈ കേസില്‍ ആ അടിസ്ഥാന തത്വം തന്നെ ലംഘിക്കപ്പെട്ടിരിക്കുന്നു എന്നാണ് ധ്വനി. എന്നാല്‍ എന്തുകൊണ്ട്  അങ്ങനെ ഒരു നിഗമനത്തില്‍ എത്തുന്നു എന്നതിനെ കുറിച്ച്  അദ്ദേഹം കുടുതലൊന്നും പറയുന്നില്ല. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയം എന്ന നിലയില്‍ അത് അനൌചിത്യമാകും എന്നത് ശരിതന്നെ. പക്ഷെ അങ്ങനെയെങ്കില്‍ കോടതി നടപടികളെ മുഴുവന്‍ സംശത്തിന്റെ നിഴലിലാക്കുന്ന ഈ പ്രസ്താവത്തിന്റെ സാംഗത്യം? ന്യായാധിപര്‍ "നിര്‍ഭാഗ്യവശാല്‍ മജിസ്‌ട്രേറ്റുമാരും ജഡ്ജിമാരും ഈ മുന്നറിയിപ്പിനെ അവഗണിക്കുന്നു. അവര്‍ പോലീസിനെ വിശ്വസിക്കുന്നു. തീയില്ലാതെ പുകയുണ്ടാകുമോ എന്ന അതീവലളിതമായ നാടന്‍ ചോദ്യത്താല്‍ അവര്‍ നയിക്കപ്പെടുന്നു" എന്നൊക്കെ ഒരു അഭിഭാഷകന്‍ കൂടിയായ ആള്‍ പറയുകയും ഇവിടിപ്പോള്‍ അങ്ങനെ തോന്നാന്‍ കാരണമെന്ത് എന്ന് ചോദിക്കുമ്പോള്‍ അനൌചിത്യ സിദ്ധാന്തം ഇറക്കി പിടിച്ച് നില്‍ക്കാന്‍ നോക്കുന്നതും  തികച്ചും നിരുത്തരവാദപരമാണ്.

നൈതിക പക്ഷം 

നിയമത്തിലുപരി നൈതിക പക്ഷത്തിലാണ് താന്‍ ഊന്നുന്നത് എന്ന് തോന്നിപ്പിക്കും വിധമാണ് അദ്ദേഹത്തിന്റെ വാദങ്ങള്‍. ലേഖനത്തിന്റെ തുടക്കം മുതല്‍ക്കേ അതുണ്ട്. "ഇരയോടുള്ള സഹാനുഭൂതി പ്രതിയോടുള്ള വിദ്വേഷത്തിന് കാരണമാകരുത്" എന്ന വാചകത്തിലുമുണ്ടത്. ശരിയാണ്. ശിക്ഷ ഒരു പ്രതികാര നടപടിയല്ല, തിരുത്തല്‍ നടപടിയാണ്. ഒരു പരിഷ്കൃത ജനാധിപത്യ സമൂഹത്തില്‍ അത് അങ്ങനെ ആയിരിക്കേണ്ടതുണ്ട്. അത് ഒരു പൊതുനൈതികതയുടെ ഭാഗവുമാണ്. എന്നാല്‍ ഈ സവിശേഷ പ്രശ്നത്തില്‍ അത് പരാമര്‍ശിക്കപ്പെടാന്‍ കാരണം എന്താണ്? പ്രതിയോടുള്ള കേവല വിദ്വേഷത്താല്‍ പ്രചോദിതമായി പൊലീസും പൊതുസമൂഹവും പ്രവര്‍ത്തിക്കുകയും അത് നീതിന്യായ വ്യവസ്ഥയെ വരെ സ്വാധീനിക്കുകയും അതിനാല്‍ അയാള്‍ക്ക് നീതി ലഭിക്കാനുള്ള എല്ലാ മാര്‍ഗ്ഗങ്ങളും അടയുകയും ചെയ്ത പശ്ചാത്തലത്തിലാണോ സ്ത്രീപീഢന കേസില്‍ സൂത്രധാരത്തം ആരോപിക്കപ്പെട്ട് റിമാന്‍ഡിലായ ചലച്ചിത്ര താരവും വ്യവസായിയും ഒക്കെയായ പ്രതി?

ദിലീപിനുവേണ്ടി വാദിക്കുന്നത് നാട്ടില്‍ ലഭ്യമായതില്‍ ഏറ്റവും മികച്ച ക്രിമിനല്‍ അഭിഭാഷകരാണ്. നാട്ടില്‍ വന്‍ സ്വാധീന ശേഷിയുള്ള പല പ്രമുഖ വ്യക്തികളും സ്ഥാപനങ്ങളും അയാള്‍ക്ക് അനുകൂലമായി പ്രത്യക്ഷ നിലപാടെടുക്കുകയും അതില്‍ തുടരുകയും ചെയ്യുന്നു. ഒരു ഭരണപക്ഷ എംഎല്‍എ ഔദാര്യം പറ്റിയവര്‍ നന്ദി കാട്ടണമെന്ന് പരസ്യമായി ആവശ്യപ്പെടുന്നു, മറ്റൊരു എംഎല്‍എ വേറെ വഴിക്ക് ഇരയെ തന്നെ പിന്നെയും ഇരയാക്കുന്നു. നാട്ടില്‍ ഏറ്റവും ലാഭകരമായി നടക്കുന്ന ഒരു വ്യവസായത്തിന്റെ ചുക്കാന്‍ പിടിക്കുന്ന വിവിധ സംഘടനകള്‍ അയാള്‍ക്ക് അനുകൂലമായി നില്‍ക്കുന്നു. സിനിമ വഴി കേരളത്തിന്റെ ബൌദ്ധികത മൊത്തമായി കണ്ടുപിടിച്ച ആള്‍ ദിലീപ് ഇങ്ങനെ ഒരു മണ്ടത്തരം ചെയ്യില്ലെന്ന് സ്വഭാവ സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്നു. ഇതൊക്കെ നടക്കവേയാണ് സെബാസ്റ്റ്യന്‍ പോളിന് ജനപ്രിയ നായകന്‍ ആകെ നീതി നിഷേധിതനാണെന്ന വെളിപാടുണ്ടാകുന്നത്.

ദിലീപ് കുറ്റാരോപിതന്‍ മാത്രമാണ്. പക്ഷെ കുറ്റം നടന്നതായി പ്രഥമദൃഷ്ട്യാ തെളിവുണ്ട് എന്ന പോലീസിന്‍റെ വാദം കോടതി സമ്മതിച്ചതുകൊണ്ടാണ് അയാള്‍ റിമാന്‍ഡില്‍ കിടക്കുന്നത്. ആത്യന്തികമായി അത് ശരിയോ എന്നത് പിന്നീട് തീരുമാനിക്കാം. എന്നാലും ഒരു കാര്യം വ്യക്തമാണല്ലോ. അറുപതില്‍പ്പരം ദിവസങ്ങളായി ദിലീപ് ജയിലില്‍ കിടക്കുന്നു എന്നത് വസ്തുതാപരമായി ശരിയായിരിക്കുമ്പോഴും അയാള്‍ അവിടെ അനാഥനൊന്നുമായിരുന്നില്ല. വ്യവസ്ഥയുടെ ഉള്ളിലും പുറത്തും അയാള്‍ക്കായി പ്രവര്‍ത്തിക്കാന്‍ ആളും അര്‍ത്ഥവും ഉണ്ടായിരുന്നു എന്ന് വ്യക്തം. എന്നിട്ടും അയാള്‍ക്ക് പുറത്തുവരാനായില്ലെങ്കില്‍, നിലവില്‍ ഏതൊരു കുറ്റാരോപിതനും ഉപയോഗിക്കാവുന്ന നിയമ യുക്തികളൊന്നും അയാള്‍ക്ക് വേണ്ടി ഹാജരായ കൊടി കെട്ടിയ അഭിഭാഷകര്‍ക്കും കോടതിയെ ബോദ്ധ്യപ്പെടുത്താനായില്ല എന്ന് തന്നെയാണ്.

ജാമ്യം 

ജാമ്യം എന്നത് ഏതൊരു കുറ്റാരോപിതനും വ്യവസ്ഥകള്‍ക്കനുസരിച്ച് നല്‍കപ്പെടുന്ന ഒന്നാണ്. അതിന്റെ അംഗീകൃത നിയമ വ്യവസ്ഥകള്‍ പല പല ഭാഷ്യങ്ങളാല്‍ അട്ടിമറിക്കപ്പെടുമ്പോഴാണ് അത് ചോദ്യം ചെയ്യപ്പെടുന്നത്. മദിനി കേസ് അത്തരം ഒന്നായിരുന്നു. അതില്‍ സെബാസ്റ്റ്യന്‍ പോള്‍ മുന്‍ നിരയില്‍ ഉണ്ടായിരുന്നു എന്നതും സമ്മതിക്കണം. എന്നാല്‍ വര്‍ഷങ്ങള്‍ വിചാരണ തടവുകാരനായി ചിലവഴിച്ച മദിനിയുടെ ജയില്‍ അനുഭവത്തെ ദിലീപ് എന്ന താരത്തിന്റെ അറുപത്തിരണ്ട് ദിവസവുമായി താരതമ്യം ചെയ്യുന്ന യുക്തിയ്ക്ക് തകരാറുണ്ട് എന്ന് തന്നെ വേണം മനസിലാക്കാന്‍.

കുറ്റാരോപിതന്‍ എന്ന നിലയില്‍ ആരെയും അനന്തകാലം തടവില്‍ പിടിച്ചിടരുത്, വിചാരണാ നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കിയ ശേഷം കുറ്റവാളിയെങ്കില്‍ ശിക്ഷിക്കുകയും അല്ലെങ്കില്‍ കുറ്റവിമുക്തമാക്കപ്പെടുകയും വേണം എന്നതില്‍ തര്‍ക്കമില്ല, പറ്റുമെങ്കില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ കുറ്റവാളിയെ പിടിക്കുകയും ദിവസങ്ങള്‍ക്കുള്ളില്‍ വിധി വരികയും വേണം. എന്നാല്‍ ഇത് പ്രയോഗ തലത്തില്‍ നടപ്പില്ല എന്നത് നാട്ടില്‍ ഏതാണ്ട് നോര്‍മലൈസ്ട് ആണെന്ന് വേണം പറയാന്‍. പ്രതി ജാമ്യത്തില്‍ ഇറങ്ങിയാല്‍ തെളിവ് നശിപ്പിക്കും എന്നൊക്കെ പതിവെന്നോണം വാദിക്കുകയും വാദം അംഗീകരിക്കപ്പടുകയും ചെയ്യുന്ന നിരവധി അവസരങ്ങള്‍ റുട്ടീന്‍ പോലെ നടക്കുന്നു. ഇതുകൊണ്ട് 'കിടന്നുപോകുന്ന' എത്രയോ മനുഷ്യരുണ്ട്.

കുറ്റാരോപിതരെ ആള്‍ക്കൂട്ട വിചാരണയ്ക്ക് നല്‍കണം എന്നോ, സമൂഹത്തിന്ടെ സഞ്ചിത മന:സാക്ഷിയെ തൃപ്തിപ്പെടുത്താന്‍ തക്കവണ്ണം ശിക്ഷാ വിധികള്‍ ഉണ്ടാകണമെന്നോ അല്ല. എന്നാല്‍ നീതിന്യായ വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം നിലവില്‍ പ്രായോഗികമായ ഒരു അനിവാര്യത എന്ന നിലയില്‍ നോര്‍മലൈസ് ചെയ്യപ്പെടുന്ന കാലതാമസങ്ങള്‍ ഉത്പാദിപ്പിക്കുന്ന സിലക്റ്റീവായ ധാര്‍മിക രോഷങ്ങളാണ് പ്രശ്നം. ഇവിടെ ദിലീപില്‍ ആരോപിക്കപ്പെടുന്ന ക്രിമിനല്‍ ഗൂഡാലോചന, ക്വൊട്ടേഷന്‍ കൊടുക്കല്‍ തുടങ്ങിയവ തെളിയിക്കുക എളുപ്പമല്ല എന്നും അതിന് സമയം വേണം എന്നും വന്‍ സ്വാധീനമുളള പ്രതി പുറത്തിറങ്ങിയാല്‍ തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കുവാനും സാധ്യതയുണ്ട് എന്ന പൊലീസിന്റെ വാദം വെറും ഒരു പതിവ് പല്ലവിയല്ലെന്നു തെളിയിക്കുന്നതാണ് താര സംഘടനയുടെ മലക്കം മറിച്ചിലുകളും, പ്രമുഖരുടെ ഇടപെടലുകളും ഒരു ഭരണകക്ഷി എംഎല്‍യുടെ, ആനുകൂല്യങ്ങള്‍ കൈപറ്റിയവര്‍ നന്ദി പ്രകാശിപ്പിക്കണം എന്ന ആഹ്വാനവും ഒക്കെ.

ഇതിപ്പോ പറഞ്ഞുവരുമ്പോ 'ജനപ്രിയ നായക'ന്റെ പീഡാനുഭവം മദനിയും പോയിട്ട് ക്രിസ്തുവിന്റെതിനു സമാനമാണെന്ന് വരെ ഒരു വിശ്വാസിയായ സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞുവയ്ക്കുന്നു. ഇതില്‍ വൈചിത്ര്യമില്ലെങ്കില്‍ പിന്നെ എന്തിലാണതുള്ളത്?ദിലീപിനെ ആരു കുടുക്കി?

ദിലീപിനെ കുടുക്കിയതെന്ന് അദ്ദേഹം ആരോപിക്കുന്നത് പോലീസിനെയും മാധ്യമങ്ങളെയും പൊതുബോധത്തെയുമാണ്. ഇത് മൂന്നും വിശുദ്ധ പശുക്കളല്ല എന്നും നമുക്കറിയാം. പക്ഷെ ഇവ അങ്ങനെ അല്ലാതാകുന്നതിനും കാരണമുണ്ടാകണമല്ലോ. പൊലീസ് ഭരണകൂട താല്പര്യങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുന്ന ഒരു ഉപകരണമാണ്, ശരി. മാധ്യമങ്ങള്‍ പ്രത്യക്ഷ ഭരണകൂടങ്ങള്‍ക്കും മേലെ ഹെഗമണിക് താല്പര്യങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്നവരാണ് എന്ന വിമര്‍ശനവും ശരിവയ്ക്കുന്നു. ഇവയ്ക്ക് ചേര്‍ന്ന് മാനിപ്യുലെറ്റ് ചെയ്യാവുന്നതെ ഉള്ളൂ പൊതുബോധത്തെയും എന്നതും സമ്മതിക്കുന്നു.

സെബാസ്റ്റ്യന്‍ പോള്‍ തന്റെ ലേഖനത്തില്‍ ദിലീപ് അനുഭവിക്കുന്ന മനുഷ്യാവകാശ പ്രശ്നങ്ങള്‍ക്ക് സമാന്തരമായി ഉദാഹരിക്കുന്നത് മദിനി മുതല്‍ സാക്ഷാല്‍ യേശു ക്രിസ്തു വരെയുള്ളവരുടെ പീഢകളെയാണ്. എന്നാല്‍ പ്രശ്നം ഈ താരതമ്യം ഏതെങ്കിലും നിലയ്ക്ക് സംഗതമാണോ എന്നതും. ഇവര്‍ക്ക് സമാന്തരമായി ഉന്നയിക്കാവുന്ന എന്ത് ഭരണകൂട, ഹെഗമണിക് താല്പര്യമാണ് ദിലീപിന് എതിരായി പ്രവര്‍ത്തിക്കുന്നത് എന്ന് സെബാസ്റ്റ്യന്‍ പോള്‍ ആരോപിക്കുന്നത്? പോലീസ് കള്ളം പറയും, കള്ളക്കേസ് എടുക്കും, ഒക്കെ ശരി. എന്നാല്‍ അത്  ആ തൊഴില്‍ എടുക്കുന്നവര്‍ക്ക് നിയമന ഉത്തരവ് കൈപ്പറ്റുമ്പോള്‍ മാത്രം  പൊടുന്നനെ വന്നുചേരുന്ന എന്തോ സഹജ  തൊഴില്‍വാസന  എന്ന നിലയ്ക്കല്ല. ഇവിടെ പോലീസ് അങ്ങനെ വൈരനിര്യാതന സ്വഭാവത്തോടെ പെരുമാറുന്നുണ്ടെങ്കില്‍ അത് ആരുടെ താല്പര്യം മുന്‍ നിര്‍ത്തി എന്ന് കൂടി അദ്ദേഹം പറയണം.

ദിലീപിനെ കുടുക്കിയതാണ്, അയാള്‍ കുറ്റവാളിയല്ല എന്ന് പ്രഖ്യാപിക്കുന്നതിന് സമാനമാണ്, അല്ലെങ്കില്‍ പൊതുബോധത്തില്‍  അങ്ങനെ ഒരു ഷിഫ്റ്റ്‌ ഉണ്ടാക്കാന്‍ പണിപ്പെടുന്നതാണ് ഈ വിഷയത്തില്‍  അദ്ദേഹത്തിന്റെ ഇടപെടല്‍. എന്നാല്‍ അതിലെ യുക്തിയിലെ നിര്‍ണ്ണായകമായ പല വിടവുകളെയും കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് അദ്ദേഹം വഴുതി മാറുകയും ചെയ്യുന്നു എന്നതാണ് സത്യം. ഇല്ലെങ്കില്‍ ഈ ലളിതമായ ചോദ്യത്തിന്റെ ഉത്തരം അദ്ദേഹം പറയണം. ദിലീപിനെ ആരുകുടുക്കി?

ബലാത്സംഗത്തില്‍ വേറെന്ത് ഉദ്ദേശം?

സെബാസ്റ്റ്യന്‍ പോള്‍ ഉന്നയിക്കുന്ന വാദങ്ങളില്‍ ഏറ്റവും ദയനീയമായി തോന്നിയത് ഇതാണ്. "സ്ത്രീയെ ലൈംഗികമായി ആക്രമിക്കുന്ന പുരുഷന്റെ ഉദ്ദേശ്യമെന്തെന്ന് അന്വേഷിക്കേണ്ടതില്ല" എന്നതാണ്. ഇതിനെക്കുറിച്ച് ചാനല്‍ ചര്‍ച്ചയില്‍ ആവര്‍ത്തിച്ചുണ്ടായ ചോദ്യങ്ങള്‍ക്ക് അത് സകല ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും അറിയാം എന്ന സാമാന്യവത്ക്കരണമായിരുന്നു മറുപടി.

ഇത്തരം ഒരു മറുപടി പറഞ്ഞുവയ്ക്കുന്ന ഒരു കാര്യം ബലാത്സംഗം ഒരു ജൈവചോദനയാവാം എന്നാണ്.  ഇതിനെ സിദ്ധാന്തവത്ക്കരിച്ച മാര്‍ക്വിസ്‌ ദേ സാദിനെയും നമുക്ക് അറിയാം. എന്നാല്‍ ഈ പേട്രിയാര്‍ക്കിക് നിര്‍വചനത്തെ പ്രശ്നവത്ക്കരിക്കുന്ന യുക്തികളെ മാത്രം നമുക്ക് അറിയില്ല എന്നതില്‍ തന്നെ ഒരു തിരഞ്ഞെടുത്ത തമസ്കരണമുണ്ട്. ലൈംഗിക അതിക്രമങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏതാനും പതിറ്റാണ്ടായി ഉയര്‍ന്നുവന്ന ചര്‍ച്ചകളില്‍ ലോകത്തെ, ഇന്ത്യയിലെ, കേരളത്തിലെ ഫെമിനിസ്റ്റുകള്‍  ഏറ്റവുമധികം പ്രശ്നവത്ക്കരിച്ചതും ഇതിനെയാവും. അത് അദ്ദേഹത്തെ പോലെ ഒരു മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന് അറിയില്ല എന്ന് കരുതാനും വയ്യ. സാധാരണ സെബാസ്റ്റ്യന്‍ പോളിന്റെ കുറിപ്പുകളിലോ സംഭാഷണങ്ങളിലോ ഇല്ലാത്ത അതിവൈകാരികതയും അതിന്റെ  എകപക്ഷീയമായ കേന്ദ്രീകരണവും കൂടിയാവുമ്പോള്‍ സംഗതി പൂര്‍ത്തിയാവുന്നു.

അദ്ദേഹം ലേഖനം അവസാനിപ്പിക്കുന്ന ഇടത്തേക്ക് എത്തുമ്പോഴേയ്ക്കും സംഗതി ദൈന്യവും വിട്ട് മറ്റെന്തോ ആയിത്തീരുന്നു. മദനിയില്‍ നിന്ന് യേശുവരെ പോയ സെബാസ്റ്റ്യന്‍ പോള്‍ സമീപ വരത്തമാനകാലത്തിലേക്ക് ഇറങ്ങുന്നത്  ഗൌരി ലങ്കേഷ് വഴിയാണ്.

"ഈ ചോദ്യങ്ങള്‍ ചോദിക്കുന്നതിന് എല്ലാവര്‍ക്കും അവകാശമുണ്ട്. ചോദ്യങ്ങളിലൂടെയാണ് വ്യക്തിയുടെയും സമൂഹത്തിന്റെയും സ്വാതന്ത്ര്യം ഉറപ്പാക്കപ്പെടുന്നത്. ഗൗരിക്ക് ലഭിച്ചതുപോലെ ചിലപ്പോള്‍ വെടിയുണ്ടകളായിരിക്കും മറുപടി..."

ഈ ജാതി നിലപാടുകള്‍ക്ക് ലഭിക്കുന്നതും വെടിയുണ്ടയാവാം, ഗൌരി ലങ്കെഷിനു ലഭിച്ചതും അതാവാം എന്നാണിതിന്റെ ആന്തരിക ധ്വനി. ശവത്തില്‍ കുത്തുക എന്നത് ഇതാവുമോ?

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories