TopTop

രാഹുല്‍ ദ്രാവിഡ് കളിച്ചതിനെക്കാള്‍ മികച്ചൊരു കവര്‍ ഡ്രൈവ് ഞാന്‍ കണ്ടിട്ടില്ല-ഹരീഷ് ഖരെ എഴുതുന്നു

രാഹുല്‍ ദ്രാവിഡ് കളിച്ചതിനെക്കാള്‍ മികച്ചൊരു കവര്‍ ഡ്രൈവ് ഞാന്‍ കണ്ടിട്ടില്ല-ഹരീഷ് ഖരെ എഴുതുന്നു
19 വയസില്‍ താഴെയുള്ളവരുടെ ലോകകപ്പ് ക്രിക്കറ്റ് കിരീടപ്പോരാട്ടത്തില്‍  ഇന്ത്യ നേടിയ ഉജ്വല വിജയം, ആ ചെറുപ്പക്കാരായ ക്രിക്കറ്റ് കളിക്കാരെ പരിശീലിപ്പിച്ച രാഹുല്‍ ദ്രാവിഡിനെക്കുറിച്ച് പറയാന്‍ എനിക്ക് എന്തുകൊണ്ടും അവസരം തരുന്നു. സ്വയം ഒഴിഞ്ഞുമാറുന്ന, തികഞ്ഞ മാന്യനായ അദ്ദേഹത്തിന് എന്തെങ്കിലും ബഹുമതി ചാര്‍ത്തുന്നത് അല്പം അസ്വസ്ഥതയുണ്ടാക്കാം; പക്ഷേ ഈ കുട്ടികളെ ജേതാക്കളാക്കിയത് അദ്ദേഹമാണെന്ന് രേഖപ്പെടുത്തണം.

അതാണ് നേതൃത്വം. നേതൃത്വമെന്നാല്‍, പ്രതിഭയുള്ള ഒരു കൂട്ടം ആളുകളെ അത് പ്രവര്‍ത്തിക്കാന്‍ പ്രചോദിപ്പിക്കുകയാണ്, അവരില്‍ ഒളിഞ്ഞുകിടക്കുന്ന പ്രതിഭ കണ്ടെത്താന്‍ സഹായിക്കുകയാണ്, ലക്ഷ്യബോധം നഷ്ടപ്പെടുന്നില്ല എന്നുറപ്പാക്കലാണ്.

മറ്റെല്ലാ കളിയും പോലെ ക്രിക്കറ്റും ഒരു കൂട്ടായ ശ്രമമാണ് എന്നയാള്‍ക്കറിയാം. കളിയുടെ പേര് സംഘ പ്രയത്നം എന്നാണ്. വ്യക്തികളുടെ മിടുക്കും  ഊര്‍ജവും ഒരു പൊതുലക്ഷ്യത്തിനുവേണ്ടി കൂട്ടിയിണക്കണം. ആരെങ്കിലും അത് ചെയ്യേണ്ടതുണ്ട്, ആ തീപ്പൊരി ആരെങ്കിലും ഉണ്ടാക്കേണ്ടതുണ്ട്. വ്യക്തിഗത നേട്ടങ്ങളെക്കാളുപരി, സംഘത്തിന്റെ ജയത്തിനുവേണ്ടി പ്രതിബദ്ധത പ്രകടിപ്പിക്കാന്‍, അനുഭപരിചയമില്ലാത്ത ഈ ചെറുപ്പം കുട്ടികളെ സന്നദ്ധരാക്കി എന്നത് ദ്രാവിഡിന്റെ നേട്ടമാണ്.

ദ്രാവിഡ് ഒരിക്കലും പ്രകടനപരതയുള്ള ഒരാളായിരുന്നില്ല. വൈകാരികക്ഷോഭങ്ങള്‍ കാണിക്കാറുമില്ല. ശേഷിയുടെയും കഴിവിന്റെയും ശാന്തമായ ഒരാന്തരീക്ഷം എപ്പോഴുമുണ്ടായിരുന്നു. സ്വന്തം കാര്യത്തില്‍ കടുത്ത ആത്മവിശ്വാസമുള്ള വിരാട് കോഹ്ലിയെപ്പോലെ ഒരാളുള്ള ഒരു സംഘത്തെ ദ്രാവിഡിന് പരിശീലിപ്പിക്കാന്‍ കഴിയില്ലായിരിക്കും. പൃഥ്വി ഷായെയും സംഘാംഗങ്ങളെയും ഒരു വിജയസഖ്യമാക്കി മാറ്റിയത് ദ്രാവിഡാണ്. കൃത്യമായ അളവില്‍ ക്ഷമയും ശേഷിയും ആത്മവിശ്വാസവും ഒത്തുചേരണം അതിന്. ഒരു ബാറ്റ്സ്മാന്‍ എന്ന നിലയില്‍ പ്രയോഗം എന്ന ആശയത്തിന്റെ മൂര്‍ത്തരൂപമായിരുന്നു അയാള്‍. ക്രീസില്‍ നില്‍ക്കുമ്പോള്‍ ലക്ഷ്യത്തിന്റെ വലിപ്പമോ എതിര്‍ സംഘത്തിന്റെ ആക്രമണോത്സുകതയോ തന്നെ കീഴ്പ്പെടുത്താന്‍ ദ്രാവിഡ് അനുവദിക്കാറില്ല. തനിക്കുള്ള പണിയെന്താണെന്ന് അയാള്‍ നോക്കുന്നു, ഓരോ പന്തും, ഓരോ ഓവറും, ഓരോ സെഷനും, ഓരോ ദിവസവും അയാള്‍ ശ്രദ്ധയോടെ കളിക്കുന്നു. അതുകൊണ്ടാണ് 'വന്‍മതില്‍' എന്ന വിളിപ്പേര് അയാള്‍ക്ക് വന്നത്.

പട്ടോഡിയിലെ ജൂനിയര്‍ നവാബിന് ശേഷം ഞാന്‍ ഏറ്റവും ആരാധിക്കുന്ന ഇന്ത്യയിലെ ക്രിക്കറ്റ് കളിക്കാരന്‍ ദ്രാവിഡാണ്. രാഹുല്‍ ദ്രാവിഡ് കളിച്ചതിനെക്കാള്‍ മികച്ചൊരു കവര്‍ ഡ്രൈവ് മറ്റാരും കളിച്ചതായി ഞാന്‍ കണ്ടിട്ടില്ല.

Also Read: ഇങ്ങനെ പറയാന്‍ ഒരു ദ്രാവിഡിനല്ലാതെ മറ്റാര്‍ക്കു കഴിയും; ഈ മനുഷ്യനോടുള്ള ബഹുമാനം കൂടുകയാണ്

ഒരു ക്രിക്കറ്റ് കളിക്കാരന്‍ എന്ന നിലയില്‍ പൊതുജീവിതത്തില്‍, ക്രിക്കറ്റ് കളിക്ക് പുറത്തും ഒരു മാതൃകയാണ് ദ്രാവിഡ്. തന്റെ പ്രശസ്തി മുതലാക്കാന്‍ അയാളൊരിക്കലും ആര്‍ത്തിയോടെ പാഞ്ഞുനടന്നിട്ടില്ല. രാഷ്ട്രീയ മുദ്രാവാക്യങ്ങളുടെയോ പ്രമുഖ വ്യക്തികളുടെയോ നടുവില്‍ നിന്നുകൊടുത്തിട്ടുമില്ല. തറയില്‍ ചവിട്ടി നിന്ന ഒരു മനുഷ്യന്‍, ശാന്തമായ സ്വാധീനം.

Also Read: ഡോക്ടറേറ്റ് ബിരുദം വെറുതെ വേണ്ട പഠിച്ച് നേടിക്കോളാമെന്ന് ദ്രാവിഡ്

ലണ്ടനിലെ നമ്മുടെ ആളാണ് ആശിസ് റേ. ഒരുപക്ഷേ ഏറ്റവും അനുഭവപരിചയമുള്ള വിദേശകാര്യ ലേഖകന്‍. രണ്ടു ദശാബ്ദത്തിലേറെയായി സങ്കീര്‍ണവും പ്രതിഫലരഹിതവുമായൊരു പണികൂടിയെടുക്കുന്നു അദ്ദേഹം; നമ്മുടെ ഏറ്റവും നീണ്ട- ഏറ്റവും പൊള്ളയായ- 1947 മുതലുള്ള ഒരു രാഷ്ട്രീയ വിവാദത്തിന്-സുഭാഷ് ചന്ദ്ര ബോസിന്റെ മരണം; അറുതിവരുത്താനാണ് അദ്ദേഹം ശ്രമിക്കുന്നത്. ഇപ്പോള്‍ ആ വിഷയത്തില്‍ ചേരുന്ന തലക്കെട്ടോടെ ഒരു പുസ്തകം അദ്ദേഹം പ്രസിദ്ധീകരിച്ചിരിക്കുന്നു: Laid to Rest.

നേതാജി എന്ന് ആദരപൂര്‍വം വിളിക്കപ്പെട്ട സുഭാഷ് ചന്ദ്ര ബോസ് നമ്മുടെ ദേശീയ ഭാവനകളില്‍ സവിശേഷമായ സ്ഥാനം നേടിയിരുന്നു. മഹാത്മാ ഗാന്ധിയെ എതിര്‍ത്തിട്ടുപോലും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് അദ്ദേഹം വിജയിച്ചു എന്നത് അദ്ദേഹത്തിന് ഒരു രാഷ്ട്രീയ തേജസ് നല്കി. അഹിംസാ മാര്‍ഗം കൈവെടിയുകയും സായുധമായ മാര്‍ഗങ്ങളിലൂടെയേ ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തെ അവസാനിപ്പിക്കാനാകൂ എന്ന തീരുമാനം അദ്ദേഹത്തിനൊരു കാല്പനിക പരിവേഷവും നല്കി. ഹിന്ദ് ഫൌജ് ഉണ്ടാക്കി ജപ്പാന്‍ സൈന്യത്തോടൊപ്പം ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയത് അദ്ദേഹത്തിന് ഇതിഹാസ സമാനമായ നായക പരിവേഷവും നല്കി.

1945 ആഗസ്ത് 18-നു നടന്ന വിമാനാപകടത്തില്‍ നേതാജി കൊല്ലപ്പെട്ടതിന്റെ വിവരങ്ങള്‍ അവ്യക്തമായതുകൊണ്ട് അദ്ദേഹത്തെക്കുറിച്ച് ഒരുതരം നിഗൂഢത നിലനിന്നു. ആ നിഗൂഢത മറ്റൊരു മിഥ്യയിലേക്ക് നയിച്ചു: നേതാജി അപകടത്തില്‍ നിന്നും രക്ഷപ്പെട്ട് ജീവിച്ചിരിക്കുന്നുണ്ടെന്നും ഇന്ത്യയുടെ നേതൃത്വം ഏറ്റെടുക്കാന്‍ തയ്യാറാവുകയാണെന്നും. പശ്ചിമബംഗാളില്‍ ഈ കഥ സകലരുടെയും വിശ്വാസ പ്രമാണമായി. ജവഹര്‍ലാല്‍ നെഹ്രു വിരുദ്ധ സംഘത്തിന് അതൊരു സൌകര്യപ്രദമായ ആയുധമാവുകയും ചെയ്തു.

11 അന്വേഷണങ്ങള്‍ ഇതുവരെ ഉണ്ടായെന്ന് ആശിസ് റേ ചൂണ്ടിക്കാണിക്കുന്നു- ജപ്പാന്‍കാര്‍  നടത്തിയ 3 എണ്ണം, 3 ബ്രിട്ടന്‍, 4 ഇന്ത്യ, 1 തായ്വാന്‍- "എല്ലാവരും ഒരു അവ്യക്തതയുമില്ലാതെ ഒരേ നിഗമനത്തിലാണ് എത്തിയത്." എന്നിട്ടും ആ പ്രേതം ഇനിയും ശാന്തി നേടിയില്ല. ഇത്, "ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ അനിഷേധ്യ നേതാവായിരുന്ന ബോസിനോടുള്ള വലിയ അനാദരവാണ്," എന്ന് റേ പറയുന്നു.

ബോസിന്റെ ജര്‍മ്മന്‍കാരിയായിരുന്ന ഭാര്യ എമിലി ഷെങ്കലിന്റെ കുടുംബവുമായുള്ള വ്യക്തിപരമായ ബന്ധം, 'നുണപ്രചാരകര്‍', 'വലതുപക്ഷ തീവ്രവാദികള്‍' എന്നിവരില്‍നിന്നും തന്റെ ഓര്‍മകളെ രക്ഷിച്ചെടുത്തു എന്നു റേ പറയുന്നുണ്ട്. നേതാജിയുടെ മകള്‍ അനിത ഫാഫ് എഴുതിയ ആമുഖം ഗ്രന്ഥകര്‍ത്താവിന്റെ വാദങ്ങളെയും നിഗമനത്തേയും ശരിവെക്കുന്നു.

ഏതുതരം അയുക്തിയേയും, വലിയ കെട്ടുകഥയാണെങ്കില്‍ അത്രയും, സ്വീകരിക്കാനുള്ള നമ്മുടെ ദേശീയ ശേഷിക്കുള്ള ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ആശിസ് റേയുടെ ഈ പുസ്തകം. ഈ ദേശീയ ദൌര്‍ബല്യത്തെ ചൂഷണം ചെയ്ത്, തങ്ങളുടെ അസാധാരണമായ അവകാശവാദങ്ങളും നുണകളും നമുക്കുമേല്‍ ചെലുത്തുകയാണ് നമ്മുടെ വക്രബുദ്ധികളായ രാഷ്ട്രീയ നേതാക്കള്‍.

മാധ്യമപ്രവര്‍ത്തനത്തിന്റെ ഏറ്റവും മികച്ച രൂപമാണിത്.

Also Read: ഗാന്ധി ഘാതകര്‍ പിന്‍വാങ്ങിയിട്ടില്ല, ഇന്ത്യ മഹാത്മാവിനെയും വിട്ടുകളഞ്ഞിട്ടില്ല-ഹരീഷ് ഖരെ എഴുതുന്നു


ഫെബ്രുവരി ആദ്യം ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ലോക്സഭയില്‍ വാര്‍ഷിക ബജറ്റ് അവതരിപ്പിച്ചു. കുറച്ചുദിവസം മുമ്പ് ഞങ്ങള്‍ രണ്ടു മുതിര്‍ന്ന പൊതുപ്രവര്‍ത്തകരെ ബന്ധപ്പെട്ടിരുന്നു-ഇരുവരും അടല്‍ ബിഹാരി വാജ്പേയി മന്ത്രിസഭയിലെ മുതിര്‍ന്ന അംഗങ്ങളായിരുന്നു-ബജറ്റിനെക്കുറിച്ച് ട്രിബ്യൂണില്‍ അഭിപ്രായമെഴുതാനായിരുന്നു. രണ്ടുപേരും അത് നിരസിച്ചു. അരുണ്‍ ജെയ്റ്റ്ലിയുടെ ബജറ്റ് പ്രസംഗം കേള്‍ക്കുക എന്നല്ലാതെ അതിനെക്കുറിച്ച് ഒന്നും എഴുതാനില്ലെന്നായിരുന്നു അവര്‍ അവജ്ഞയോടെ സൂചിപ്പിച്ചത്.

സമാനമായ ആവശ്യവുമായി ഒരു പഴയ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ബന്ധപ്പെട്ടപ്പോള്‍ അദ്ദേഹവും, "ഹരീഷ്, എന്താണീ ബജറ്റിനോടുള്ള ഇത്ര ആവേശം? ഈ സര്‍ക്കാരിന് കീഴില്‍ ബജറ്റ് എന്നത് ഒരു 'വിശുദ്ധകര്‍മ്മ'ത്തേക്കാളുപരി മറ്റൊന്നുമല്ലെന്ന് മാധ്യമങ്ങള്‍ക്കിനിയും മനസിലായില്ലേ? ഒരു രാഷ്ട്രീയ വേഷംകെട്ടലിനുള്ള അവസരമാണിത്."

ഈ നിരീക്ഷണങ്ങള്‍ എന്നെ അമ്പരപ്പിച്ചു. പക്ഷേ വ്യാഴാഴ്ച് ജെയ്റ്റ്ലിയുടെ പ്രകടനം കണ്ടപ്പോള്‍, ഞാനും അത് സമ്മതിക്കാന്‍ പ്രേരിതനായി. ധനമന്ത്രി ഹിന്ദിയില്‍ സംസാരിക്കാന്‍ തുടങ്ങിയപ്പോഴേ രാഷ്ട്രീയ സന്ദേശങ്ങളാണ് കരുതിവെച്ചിരിക്കുന്നതെന്ന് ഉറപ്പായി.

സാമ്പത്തിക വിദഗ്ധര്‍ ബജറ്റിനെക്കുറിച്ച് സംസാരിച്ചെങ്കിലും അതെന്തിനെക്കുറിച്ചാണ് എന്ന് എല്ലാവരെയും ആശയക്കുഴപ്പത്തിലാക്കി എന്ന ഫലമേ ഉണ്ടായുള്ളൂ. പിന്നെ വെള്ളിയാഴ്ച്ച ഓഹരി വിപണി തകര്‍ന്നു. ഇകണോമിക് ടൈംസ് തലക്കെട്ട് മരവിപ്പിക്കുന്നതായിരുന്നു; "വിപണി തകര്‍ച്ച നിക്ഷേപകര്‍ക്ക് നഷ്ടം 4600000000000 രൂപ". എനിക്കു ഓഹരിവിപണികളെക്കുറിച്ച് വലിയ പിടിയില്ല, പക്ഷേ ഈ സര്‍ക്കാര്‍ അതിന്റെ മുന്‍ഗാമികളെപ്പോലെത്തന്നെ- ഓഹരി വിപണി കുതിക്കുമ്പോള്‍ വയറുനിറഞ്ഞ ഒരു പൂച്ചയെപ്പോലെ സംതൃപ്തിയോടെ മുരളാറുണ്ട്.

അപ്പോള്‍, സര്‍ക്കാരിന്റെ സ്വന്തം മാനദണ്ഡങ്ങള്‍ വെച്ച് വെള്ളിയാഴ്ച്ചത്തെ തകര്‍ച്ച നമുക്കെല്ലാവര്‍ക്കും ചില അപായസൂചനകള്‍ നല്കണം.

2018-19-ലെ ബജറ്റില്‍ ഒരുതരം പൊരുത്തക്കേടുണ്ട്. സാമ്പത്തിക യുക്തികള്‍ കണക്കുകൂട്ടി, പതിവുപോലെ നോര്‍ത്ത് ബ്ലോക്കിലെ ധനകാര്യ വിദഗ്ദ്ധര്‍ ബജറ്റ് തയ്യാറാക്കും എന്നാണ് തോന്നുക; പൊടുന്നനെ ധനമന്ത്രാലയം രാഷ്ട്രീയ മേലാളന്മാരുടെ ആജ്ഞയനുസരിച്ച് അതൊരു തെരഞ്ഞെടുപ്പിന് മുമ്പുള്ള ബജറ്റാക്കുന്നു, ആനുകൂല്യങ്ങള്‍ ഒഴുക്കുന്നു.

നല്ല സാമ്പത്തികശാസ്ത്രവും തെരഞ്ഞെടുപ്പ് രാഷ്ട്രീയവും കൂട്ടിക്കലര്‍ത്തുക ഒരിക്കലും എളുപ്പം പണിയല്ല. പക്ഷേ അപ്പോഴാണ് രാഷ്ട്രീയക്കാര്‍ രാഷ്ട്രീയക്കാരാവുന്നത്.

Also Read: നമ്മെളെന്തുകൊണ്ടാണ് ഇത്ര അക്രമാസക്തമായ ഒരു സമൂഹമായത്? ഹരീഷ് ഖരെ എഴുതുന്നു

ഭൂമി പിന്നേയും പിന്നേയും വാങ്ങിക്കൂടാനുള്ള രാഷ്ട്രീയ നേതാക്കളുടെ അടങ്ങാത്ത ആര്‍ത്തി എനിക്കു മനസിലാകുന്നതേയില്ല. പഞ്ചാബ് മുഖ്യമന്ത്രി, ഇപ്പോള്‍ സുഖ്ബീര്‍ ബാദലിന്റെ വസ്തുവിനടുത്തായി ഭൂമി വാങ്ങിയതായി അറിയുന്നു. ഇതൊട്ടും ദഹിക്കുന്നില്ല, കുറഞ്ഞത് എനിക്കെങ്കിലും. പട്യാല മുന്‍ മഹാരാജാവ് എന്ന നിലയില്‍ ക്യാപ്റ്റന്‍  അമരീന്ദര്‍ സിംഗിന് ഇഷ്ടം പോലെ ഭൂമിയുണ്ട്.

ലിയോ ടോള്‍സ്റ്റോയ്യുടെ പഴയ കഥ ആര്‍ക്കെങ്കിലും ഓര്‍മ്മയുണ്ടോ, "ഒരാള്‍ക്ക് എത്ര ഭൂമി വേണം?"

തത്വംപറച്ചില്‍ നിര്‍ത്താറായി. കാപ്പിക്കുള്ള സമയമായി. നല്ല ചൂടുള്ള കടുംകറുപ്പിലുള്ള കാപ്പി. ചേരൂ.

Also Read: ദളിതര്‍ എന്ന പുതിയ ‘മുസ്ലീം’-ഹരീഷ് ഖരെ എഴുതുന്നു

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories