UPDATES

ട്രെന്‍ഡിങ്ങ്

രണ്ടു ഗ്ലാസ് വൈനിന്റെ ബലത്തില്‍ ഇടയലേഖനം വായിക്കുന്നതു പോലെയല്ല നീതിക്ക് വേണ്ടി തെരുവിലിറങ്ങിയ കന്യാസ്ത്രീകള്‍ എന്നോര്‍മ വേണം

കർത്താവിന്റെ മണവാട്ടിമാർ എന്ന കാല്പനികതക്കപ്പുറം സ്വന്തം സഹോദരിയുടെ നീതിക്കു വേണ്ടി പോരാടാനിറങ്ങിയവരാണ്. ഇനിയും നീതി വൈകിക്കുന്നത് ‘നമ്പർ വൺ കേരള’ത്തിന് ഭൂഷണമല്ല.

Avatar

ഗിരീഷ്‌ പി

ജലന്ധർ ബിഷപ്പ് ഫ്രാങ്കോ പ്ലാക്കലിനെതിരെ കന്യാസ്ത്രീ ഉയര്‍ത്തിയ ബലാല്‍സംഗ ആരോപണത്തില്‍ സര്‍ക്കാരില്‍ നിന്നും സഭയില്‍ നിന്നും നീതി ലഭിച്ചില്ലന്ന അരോപിച്ച് കൊച്ചിയില്‍ കന്യാസ്ത്രീകളുടെ പ്രതിഷേധം ഇന്ന് രണ്ടാം ദിവസമാണ്. തങ്ങളുടെ സഹോദരിയെ സഹായിക്കാന്‍ സഭയും സര്‍ക്കാരും ഒന്നും ചെയ്തില്ലെന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളുള്‍പ്പെടെയാണ് പ്രതിഷേധ സമരത്തില്‍ അണിചേര്‍ന്നിട്ടുള്ളത്.

ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതില്‍ ആശങ്കയുണ്ടെന്നും, നീതി വൈകുന്നത് കൊണ്ടാണ് പരസ്യപ്രതിഷേധവുമായി എത്തേണ്ടി വന്നതെന്നും കന്യാസ്ത്രീമാര്‍ വിശദമാക്കുന്നു. സഭ, സര്‍ക്കാര്‍, പോലീസ് എന്നിവയില്‍ നിന്നൊന്നും നീതി കിട്ടുന്നില്ല, കോടതിയില്‍ മാത്രമാണ് ഇനി പ്രതീക്ഷയെന്നും കന്യാസ്ത്രീകള്‍ വ്യക്തമാക്കി. പണവും സ്വാധീനവും ഉള്ളതുകൊണ്ടാണോ പരാതി കിട്ടി 74 ദിവസം പിന്നിട്ടിട്ടും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാത്തതെന്ന് കന്യാസ്ത്രീകള്‍ ഉപവാസ സമരത്തില്‍ ആവർത്തിച്ചു ചോദിക്കുന്നു.

കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്തെന്ന കേസില്‍ കത്തോലിക്ക സഭയുടെ ജലന്ധര്‍ ബിഷപ്പ് ഫാ. ഫ്രാങ്കോ മുളയ്ക്കലിനെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് സര്‍ക്കാര്‍ ദിവസങ്ങൾക്കു മുൻപ് ഹൈക്കോടതിയെ അറിയിച്ചതാണ്”; തേങ്ങാ ഉടയ്ക്കും എന്ന് പറയുന്നതല്ലാതെ ഈ നിമിഷം വരെ അതുടച്ചു കാണാൻ ഉള്ള യോഗം ഉണ്ടായില്ല.

ബിഷപ്പിനെതിരായ പരാതിയില്‍ പറയുന്ന ആദ്യ സംഭവം നടന്നത് 2014-ലാണ്. അതിനാല്‍ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ അറസ്റ്റ് അടക്കമുള്ള കാര്യങ്ങളുമായി മുന്നോട്ട് പോവാനാവൂ എന്നും എപ്പോള്‍ അറസ്റ്റ് ചെയ്യണമെന്നത് അന്വേഷണ ഉദ്യോഗസ്ഥന്റെ വിവേചനാധികാരമാണ്; കോടതിക്ക് ഇക്കാര്യത്തില്‍ ഇടപെടാനാവില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു; കേസിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

ക്രിസ്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭയിലെ ഒരു ബിഷപ്പും മറ്റൊരു കേസില്‍ അഞ്ചോളം വൈദികരും പ്രതിചേര്‍ക്കപ്പെട്ടിരിക്കുന്ന ലൈംഗികാപവാദക്കേസ് കേരളത്തിലുടനീളം വാര്‍ത്തയായിട്ട് കുറച്ച് നാളായി. വെറുമൊരു ലൈംഗികാപവാദമെന്നതിനപ്പുറം പല മാനങ്ങളും പ്രസ്തുത കുറ്റകൃത്യത്തിനുണ്ട് എന്നതാണ് മലയാളിയുടെ സാംസ്‌കാരിക പരിസരത്ത് ആ സംഭവങ്ങള്‍ ഇത്രമാത്രം ചർച്ചയ്ക്ക് ഇടയാക്കുന്നത്. അതായത്, ഒരു കന്യാസ്ത്രീയെ പലതവണ ലൈംഗികമായി വേട്ടയാടിയെന്ന ആരോപണം ഒരു സാദാ പള്ളി വികാരിക്കെതിരെ അല്ല, അത്യുന്നതനായ ഒരു ബിഷപ്പിനെതിരെയാണ് ഉയര്‍ന്നത്. രണ്ടാമത്തെ കേസാകട്ടെ, അതിലും നീചമായ കുറ്റകൃത്യമാണ് പുറത്തുകൊണ്ടുവന്നിരിക്കുന്നത്. ദൈവഭയത്താല്‍ തന്റെ പാപക്കെട്ട് ഇറക്കിവെക്കാന്‍ കുമ്പസാരക്കൂട്ടിലെത്തിയ ഒരു വീട്ടമ്മയെ ദൈവത്തിന്റെ പ്രതിനിധിയായി വന്ന പുരോഹിതന്‍ നിരവധി തവണ ലൈംഗിക ചൂഷണത്തിന് ഇരയാക്കി എന്ന് മാത്രമല്ല, ലൈംഗിക മാഫിയകളെപ്പോലും കവച്ചുവെക്കുന്ന രീതിയില്‍ അദ്ദേഹത്തിന്റെ മറ്റു മൂന്ന് പാതിരി സുഹൃത്തുക്കള്‍ക്ക് കൂട്ടിക്കൊടുക്കുകയും ചെയ്തു എന്നതാണ് വളരെ ഭീകരമായ കുറ്റകൃത്യമാക്കി അതിനെ മാറ്റുന്നത്. പാപം ഇറക്കിവെക്കുന്ന കുമ്പസാരക്കൂടാണ് ഇതിനെല്ലാം കാരണമായിത്തീര്‍ന്നത് എന്നതാണ് ഏറെ വിചിത്രമായ വസ്തുത.

പാതിരിമാര്‍, പൂജാരിമാർ, മുസ്ലിയാക്കന്മാർ ഏതു മത വിഭാഗത്തിന്റെ പുരോഹിതന്മാർ ആയാലും, മത, ജാതി, രാഷ്ട്രീയ ഭേദമന്യേ കേരളം സമൂഹം അവരെ ബഹുമാനിക്കുന്നുണ്ട്. അത് കൊണ്ടാണ് ഒരു ശരാശരി മനുഷ്യന്റെ തെറ്റിൽ നിന്നും ഇവരുടെ തെറ്റുകൾ വലുതാകുന്നത്. യുവാവ് പീഡനത്തിന് പിടിയിൽ എന്നതിനും പൂജാരി പീഡനത്തിന് പിടിയിൽ എന്നതിനും രണ്ടു മാനങ്ങൾ ആണ് വായിക്കുന്നവരുടെ മനസ്സിൽ രൂപപ്പെടുക. കേവലമൊരു ‘അവിഹിത’ ലൈംഗികബന്ധ വാര്‍ത്ത മാത്രമായിരുന്നുവെങ്കില്‍ ക്രിസ്ത്യൻ പുരോഹിതന്മാരുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഇത്രമാത്രം പ്രശ്നമാകില്ലായിരുന്നു, പക്ഷെ ഇതിൽ കൃത്യമായ ക്രിമിനൽ കൃത്യം ദൃശ്യമാണ്.

യേശുക്രിസ്തു മാനവരെ രക്ഷിക്കുവാനും ലോകത്തിനു സ്‌നേഹം ചൊരിയുവാനുമായിട്ടാണ് ജീവൻ വെടിഞ്ഞത് എന്ന് വിശ്വസിക്കുകയും അത് ഘോഷിക്കുകയും ചെയ്യുന്നവർ, ആ ക്രിസ്തുവിന്റെ പേരിലുള്ള ഒരു കർമ്മം അതെ ക്രിസ്തുവിന്റെ വിശ്വാസികളെ പീഡിപ്പിക്കുവാനായിട്ട് ഉപയോഗിക്കുന്നുവെങ്കിൽ അത് തീർച്ചയായും മാറ്റപ്പെടണം. പുരോഹിതന്മാർക്കിടയിലെ ഇത്തരം പുഴുക്കുത്തുകളെ നിയമപരമായി നേരിടണം.

കുമ്പസാര രഹസ്യം ചോർത്തുമെന്നു ഭീഷണിപ്പെടുത്തി ഒരു സ്ത്രീയെ ലൈംഗികമായി ഉപയോഗിച്ചു എന്ന നടുക്കുന്ന വാർത്തയുടെ അടിസ്ഥാനത്തിൽ കുമ്പസാരം എന്ന പേരിൽ അറിയപ്പെടുന്ന ക്രൈസ്തവ ആചാരം ഇന്ന് ചോദ്യം ചെയ്യപ്പെടുകയാണ്. ക്രിസ്തീയ സഭകളിലെ കുമ്പസാരം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കോടതികളിൽ ഹർജികൾ വരെ സമർപ്പിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ ചെന്നെത്തി. മതാനുഷ്ഠാനങ്ങള്‍ ശ്രേഷ്ടമായി കൈകാര്യം ചെയ്യുന്ന വലിയൊരു വിഭാഗത്തിന് ഒരു ചെറു ന്യൂനപക്ഷം ആളുകളുടെ മോശം ഇടപെടൽ മൂലം കളങ്കമേൽക്കുന്ന അവസ്ഥ ഒട്ടും ശുഭകരമല്ല.

സഭാ വിശ്വാസികള്‍ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും തെറ്റുകള്‍ ഏറ്റുപറഞ്ഞ് കുമ്പസാരിക്കണമെന്നാണ് നിയമം. ദൈവത്തിന്റെ പ്രതിപുരുഷനായ വൈദികനോട് എല്ലാം തുറന്നു പറഞ്ഞ് ആശ്വാസം കണ്ടെത്താന്‍ വിശ്വാസി ശ്രമിക്കുമ്പോള്‍ ഈ കുമ്പസാര രഹസ്യങ്ങളില്‍ നിന്ന് പുതിയ ഇരയെ കണ്ടെത്താനാണ് ചില പള്ളി വികാരികള്‍ എങ്കിലും ശ്രമിക്കുന്നുണ്ടെങ്കില്‍ ഒന്നുറപ്പാണ്, ആ പുരോഹിതന്മാർ ദൈവത്തിന്റെ ശത്രുപക്ഷത്താണ്‌.

ആ കന്യാസ്ത്രീകള്‍ നടത്തുന്നത് ചരിത്ര പോരാട്ടമാണ്; സര്‍ക്കാരില്ലെങ്കിലും കേരള സമൂഹം ഒപ്പമുണ്ടാകണം

ഇതുവരെ ദുരൂഹസാഹചര്യത്തില്‍ കേരളത്തില്‍ കൊല്ലപ്പെട്ടത് ഇരുപതോളം കന്യാസ്ത്രീകളാണ്. 1987-ല്‍ കൊല്ലപ്പെട്ട സിസ്റ്റര്‍ ലിന്റ, 1992-ല്‍ സിസ്റ്റര്‍ അഭയ, 1993ല്‍ സിസ്റ്റര്‍ മേഴ്‌സി, 1998-ല്‍ പാലാ കോണ്‍വെന്റില്‍ കൊല്ലപ്പെട്ട സിസ്റ്റര്‍ ബിന്‍സി, അതേവര്‍ഷം കോഴിക്കോട് കല്ലൂരിട്ടിയില്‍ സിസ്റ്റര്‍ ജ്യോതിസ്, 2000-ല്‍ പോള്‍സി, 2006-ല്‍ റാന്നിയില്‍ മരിച്ച ആന്‍സി വര്‍ഗ്ഗീസ്, 2006-ല്‍ കോട്ടയം വാകത്താനത്ത് ലിസ തുടങ്ങി 2015 ഡിസംബര്‍ ഒന്നിന് വാഗമണ്ണില്‍ മരിച്ച ലിസാ മരിയ വരെ ആ പട്ടിക നീളുന്നു. ഈ ദുരൂഹ മരണങ്ങളില്‍ പലതിലും അന്വേഷണം എങ്ങും എത്തിയില്ല. ശക്തമായ ഒരു സമരം പോലും ഈ മരണങ്ങളെ തുടര്‍ന്ന് സഭ നടത്തിയില്ല. ഇവരെല്ലാം കൊല്ലപ്പെട്ടത് സഭകളുടെ സ്ഥാപനങ്ങളില്‍ തന്നെ ആയിരുന്നു എന്നതും ശ്രദ്ധേയം.

സഭയുടെ വെളിച്ചം കടക്കാത്ത ചട്ടക്കൂടില്‍ നിന്ന്‌ പുറത്തു കടന്ന്‌ സഭാവസ്‌ത്രം അഴിച്ചുവെച്ച്‌ സഭയ്‌ക്കുള്ളിലെ ലൈംഗിക അരാജകത്വത്തെയും ദുഷ്‌ചെയ്‌തികളെയും അഴിമതികളെയും തുറന്നു കാട്ടിയ സിസ്റ്റർ ജെസ്മി കേരളത്തെ ഞെട്ടിച്ചിട്ടുണ്ട്. അഭയ എന്ന കന്യാസ്ത്രീയുടെ കൊലപാതകവും കേരളക്കരയാകെ ക്രൈസ്തവ പുരോഹിത വർഗത്തിന് നാണക്കേട് വരുത്തി വെച്ചിട്ടുണ്ട്. ഇതിന്റെയെല്ലാം തുടർച്ചയായിട്ടാണ് പുതിയ സംഭവ വികാസങ്ങളെ സമൂഹം നോക്കി കാണുന്നത്.

സ്വയം ദൈവരൂപമണിയുകയും എന്നാല്‍ നീതിമാനായ ദൈവത്തെ തന്നെ അപമാനിക്കും വിധം അസത്യത്തിനും അന്യായത്തിനും അനുകൂലമായി നിലപാടെടുക്കുകയും ചെയ്തിരുന്ന പൗരോഹിത്യ സഭയുടെ നേരെ വിശ്വാസി സമൂഹവും നിയമവും കോടതികളും സംയുക്തമായി രംഗത്തിറങ്ങേണ്ടതുണ്ട്. കോണ്ടസ്സയിലും, ബെന്‍സിലും ഇനി ബിഎംഡബ്ല്യു ആയാലും സാരമില്ല കോർപ്പറേറ്റ് സഭകളുടെ ഈ കാലത്ത് അവരുടെ പ്രമാണിത്ത ജീവിത രീതികൾ ഒരു വിഷയമേ അല്ല, മറിച്ച് വിശ്വാസം ഉപയോഗിച്ച് സാമ്പത്തിക ചൂഷണം മുതൽ ലൈംഗിക ചൂഷണവും കൊലപാതകവും വരെ എത്തി നിൽക്കുന്ന പുരോഹിത മാഫിയകൾ ഒരു വലിയ വിഷയം തന്നെയാണ്. നേരത്തെ പറഞ്ഞത് ഒരിക്കൽ കൂടി ആവർത്തിക്കുന്നു; ഈ പുരോഹിതർ ദൈവത്തിന്റെ ശത്രുപക്ഷത്താണ്‌.

ബിഷപ്പുമാരുടെ കയ്യില്‍ ക്രിസ്ത്യാനികളുടെ വോട്ടുബാങ്കിന്റെ താക്കോലുണ്ടെന്നു കരുതി അവരോടൊപ്പം രാഷ്ട്രീയം കളിക്കുന്ന ഇടതുപക്ഷ-വലതുപക്ഷ നേതാക്കന്മാരുടെ ഇരട്ടത്താപ്പിന് ഗാഡ്ഗില്‍, കസ്തൂരിരംഗൻ റിപ്പോര്‍ട്ടിനെതിരെ നടന്ന പ്രതിഷേധം അടക്കം ഒട്ടനവധി ഉദാഹരണങ്ങളുണ്ട്. ഇവിടെ ഒരു ജാലിയൻവാലാബാഗ് ആവർത്തിക്കും എന്ന് ഒരു മെത്രാൻ വിളിച്ചു പറഞ്ഞിട്ടും പെറ്റി കേസ് പോലും എടുക്കാത്ത സർക്കാരും മൗനം ഭൂഷണമാക്കിയ അന്നത്തെ പ്രതിപക്ഷവും ഒരു ജനാധിപത്യ സിസ്റ്റത്തിന് നാണക്കേടാണ്.

അഭയ കേസിൽ നീതി പുലർന്നിട്ടില്ല, ക്രിസ്ത്യൻ പൗരോഹിത്യത്തിനുള്ളിലെ നെറി കേടുകൾ ചൂണ്ടിക്കാട്ടിയ സിസ്റ്റർ ജെസ്മിയെ ഭ്രാന്ത് ആരോപിച്ചു നിശ്ശബ്ദയാക്കി, സിസ്റ്റര്‍മാരുടെ സമരം ആരംഭിച്ച ആദ്യ മണിക്കൂറിൽ തന്നെ ഫ്രാങ്കോയുടെ ക്വൊട്ടേഷൻ ഏറ്റെടുത്ത് പി സി ജോർജ് രംഗത്തെത്തി; കാര്യങ്ങള്‍ ഇങ്ങനെ മുന്നോട്ടു പോകുന്നത് നമ്മുടെ കണ്‍മുന്നില്‍ തന്നെയാണ്.

“നീതി ലഭിക്കുന്നതുവരെ സമരപരിപാടികളുമായി മുന്നോട്ടുപോകും. ഒരുപാട് സഹിച്ചാണ് (പീഡിപ്പിക്കപ്പെട്ട) സിസ്റ്റര്‍ മുന്നോട്ടുവന്നിരിക്കുന്നത്. അവര്‍ക്ക് നീതി നേടിക്കൊടുക്കുക എന്നതാണ് ലക്ഷ്യം” – സമരം ചെയ്യുന്ന സിസ്റ്റര്‍മാരുടെ വാക്കുകളാണ്. ഇനി പറയാനുള്ളത് ഭരണ, പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളോടാണ്. ഇവർ ആവശ്യപ്പെടുന്നത് ഐക്യദാർഢ്യമല്ല; നീതിയാണ്. അവരുടെ വാക്കുകളുടെ മൂർച്ച ശ്രദ്ധിക്കുക, രണ്ടു ഗ്ലാസ് വൈനിന്റെ ബലത്തിൽ തിരുമേനിമാർ ഇടയലേഖനം വായിക്കുന്ന പോലെയല്ല, അവർ ഇപ്പോൾ കർത്താവിന്റെ മണവാട്ടിമാർ എന്ന കാല്പനികതക്കപ്പുറം സ്വന്തം സഹോദരിയുടെ നീതിക്കു വേണ്ടി പോരാടാനിറങ്ങിയവരാണ്. ഇനിയും നീതി വൈകിക്കുന്നത് ‘നമ്പർ വൺ കേരള’ത്തിന് ഭൂഷണമല്ല.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

പാര്‍ട്ടിയിലെ ശശിമാരെയും സഭയിലെ ഫ്രാങ്കോമാരെയും ഇങ്ങനെ നേരിട്ടാല്‍ മതിയോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍