Top

തെരഞ്ഞെടുപ്പ് കമ്മീഷന്റെ പിടിയിലൊതുങ്ങാത്ത നവ സാമൂഹ്യ മാധ്യമങ്ങള്‍

തെരഞ്ഞെടുപ്പ് കമ്മീഷന്റെ പിടിയിലൊതുങ്ങാത്ത നവ സാമൂഹ്യ മാധ്യമങ്ങള്‍
ഗുജറാത്ത് തെരഞ്ഞെടുപ്പ് കാലത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നടപ്പിലാക്കുന്നതില്‍ വീഴ്ച വരുത്തിയെന്നും ബിജെപിക്ക് അനുകൂലമായി നിന്നുവെന്നും പ്രതിപക്ഷ കക്ഷികളില്‍ നിന്നും ആക്ഷേപം കേട്ട തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒഴിവാക്കാവുന്ന ഒരു വിവാദത്തിലേക്കായിരുന്നു ചാടിയത്. ഏപ്രിലിനും ഡിസംബറിനും ഇടയില്‍ കര്‍ണാടക, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ മൂന്നു പ്രധാന സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജനാധിപത്യത്തിന്റെ മൂല്യങ്ങളും താത്പര്യങ്ങളും സംരക്ഷിക്കാനായി, അന്താരാഷ്ട്രതലത്തില്‍ പ്രശംസിക്കപ്പെട്ട ഒരു സ്ഥാപനം എന്ന നിലയില്‍ ഗുജറാത്ത് മാതൃകയിലുള്ള പിഴവുകള്‍ ഒഴിവാക്കി, കമ്മീഷന്‍ അതിന്റെ മേലുള്ള പ്രതീക്ഷകള്‍ നിറവേറ്റേണ്ടതുണ്ട്.

നവ സാമൂഹ്യ മാധ്യങ്ങളുടെ സ്ഫോടനാത്മകമായ വളര്‍ച്ചയും അതിലെ ഉള്ളടക്കം നിരീക്ഷിക്കുന്നതിനുള്ള കമ്മീഷന്റെ ശേഷിക്കുറവും അതിലെ അസമമായ സ്വാധീനവുമാണ് കമ്മീഷന്റെ മുന്നിലുള്ള വലിയ വെല്ലുവിളി. മാതൃക പെരുമാറ്റ ചട്ടത്തെ മറികടക്കാനും സ്വതന്ത്രമായ തെരഞ്ഞെടുപ്പിനെ തുരങ്കം വെയ്ക്കാനും കഴിയുന്ന തരത്തില്‍ നവ സാമൂഹ്യ മാധ്യമങ്ങള്‍ വളര്‍ന്നിരിക്കുന്നു. മാതൃക പെരുമാറ്റ ചട്ടം നിലവിലുള്ള സമയത്ത് ഭരണകക്ഷികള്‍ നവ സാമൂഹ്യ മാധ്യമങ്ങളെ ദുരുപയോഗം ചെയ്യുന്നത് തടയാനും അവയെ നിയന്ത്രിക്കാനും കമ്മീഷന് ആവശ്യമായ ശക്തിയില്ല എന്നത് വ്യക്തമാണ്.

കയ്യിലുള്ള അധികാരം കമ്മീഷന്‍ ശരിയായി വിനിയോഗിക്കുന്നില്ല എന്നും ആരോപണമുണ്ട്. മാതൃക പെരുമാറ്റ ചട്ടത്തിന് നിയമപരമായ അടിത്തറയൊന്നും ഇല്ലെങ്കിലും, അത് ലംഘിക്കുന്ന സ്ഥാനാര്‍ത്ഥിയെ അയോഗ്യനാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ട്. വോട്ടെടുപ്പിന് 48 മണിക്കൂര്‍ മുമ്പ് തുടങ്ങി ടെലിവിഷനിലോ മറ്റ് മാധ്യമങ്ങളിലോ തെരഞ്ഞെടുപ്പ് സംബന്ധമായ എന്തെങ്കിലും വിഷയം നല്‍കുന്നതില്‍ നിന്നും മാതൃക പെരുമാറ്റ ചട്ടം സ്ഥാനാര്‍ത്ഥിയെ വിലക്കുന്നു.

കമ്മീഷനും രാഷ്ട്രീയ കക്ഷികളും തമ്മില്‍ മാതൃക പെരുമാറ്റ ചട്ടത്തിന്റെ പേരില്‍ നിരന്തരം ഇടയാറുണ്ട്. നവ സാമൂഹ്യ മാധ്യമങ്ങളും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടെലിവിഷന്‍ വാര്‍ത്താ ചാനലുകളും വന്നതോടെ കമ്മീഷന്റെ ജോലി കൂടുതല്‍ വിഷമം പിടിച്ചതായി. പിന്‍വാതില്‍ പ്രചാരണളും ദുരുപയോഗവും തടയുന്നതിനും മാതൃക പെരുമാറ്റ ചട്ട ലംഘനം നിരീക്ഷിക്കുന്നതിനുമായി കഴിഞ്ഞ വര്‍ഷം കമ്മീഷന്‍ ഒരു നവ സാമൂഹ്യ മാധ്യമ നയം രൂപപ്പെടുത്താന്‍ മുന്‍കൈ എടുത്തിരുന്നു. പ്രതീക്ഷിച്ചപോലെ, അതെങ്ങും എത്തിയില്ല. അടുത്തിടെ, ജനപ്രാതിനിധ്യ നിയമത്തിലെ 126-ആം വകുപ്പില്‍ വോട്ടെടുപ്പിന് മുമ്പുള്ള അവസാന 48 മണിക്കൂറിലെ പ്രചാരണം തടയുന്നതിനായി നിയമഭേദഗതികള്‍ നിര്‍ദ്ദേശിക്കാന്‍ ഒരു 14-അംഗ സമിതിയെ കമ്മീഷന്‍ ചുമതലപ്പെടുത്തിയിരുന്നു.

പെരുമാറ്റ ചട്ടം ലംഘിച്ച രാഷ്ട്രീയക്കാര്‍ക്കും ഇലക്ട്രോണിക് മാധ്യമങ്ങള്‍ക്കുമെതിരെ നടപടിയെടുക്കുന്നതില്‍ ഗുജറാത്ത് തെരഞ്ഞെടുപ്പ് കാലത്ത് കമ്മീഷന്‍ പരാജയപ്പെട്ടു. രണ്ടാം വട്ട വോട്ടെടുപ്പിന്റെ തലേന്ന് 48 മണിക്കൂര്‍ നിരോധനം ലംഘിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രണ്ട് പ്രാദേശിക ചാനലുകള്‍ക്ക് അഭിമുഖം നല്കി. ബിജെപി ഉടനെ പരാതി നല്കുകയും കമ്മീഷന്‍ രാഹുല്‍ ഗാന്ധിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്കി, അഭിമുഖം സംപ്രേഷണം ചെയ്ത ചാനലുകള്‍ക്കെതിരെ FIR രേഖപ്പെടുത്തുകയും ചെയ്തു. വോട്ട് രേഖപ്പെടുത്തിയതിന് ശേഷം അഹമ്മദാബാദിലെ റാനിപ്പില്‍ ചട്ടം ലംഘിച്ചു റോഡ് ഷോ നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരാതി നല്കി കോണ്‍ഗ്രസ് തിരിച്ചടിച്ചു. പ്രധാനമന്ത്രിക്കെതിരെ നടപടിയെടുക്കാത്ത കമ്മീഷന്‍ ബിജെപിയുടെ കൂട്ടിലിട്ട പാവയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. രണ്ടുകൂട്ടരുടെയും ചട്ട ലംഘനങ്ങള്‍ക്ക് നേരെ കണ്ണടച്ചാണ് ഈ വിഷമഘട്ടത്തില്‍ നിന്നും കമ്മീഷന്‍ രക്ഷപ്പെട്ടത്.

http://www.azhimukham.com/edit-election-commission-and-evm-should-not-loose-hope-in-democracry/

ചട്ടം ലംഘിച്ച് ഇലക്ട്രോണിക് മാധ്യമങ്ങളുമായി സംഭാഷണം നടത്തിയ റെയില്‍വേ മന്ത്രി പീയൂഷ് ഗോയലും ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായും ഒരു നടപടിയും നേരിട്ടില്ല. കമ്മീഷന്‍ രാഹുല്‍ ഗാന്ധിക്ക് നല്കിയ നോട്ടീസ് പിന്‍വലിച്ചു. നോട്ടീസ് നല്കിയ കമ്മീഷന്‍ നടപടി തെറ്റായിരുന്നു എന്നു സമ്മതിക്കുന്ന പോലെയായിരുന്നു ഇത്. എന്നാല്‍ പ്രധാനമന്ത്രിയെ കുഴപ്പത്തിലാക്കാതിരിക്കാന്‍ ചെയ്ത നടപടിയായിരുന്നു ഇതെന്നാണ് കേള്‍ക്കുന്നത്. “അവരുടെ (ബി‌ജെ‌പിയുടെ) കയ്യില്‍ നിന്നും കാശ് വാങ്ങിക്കോളൂ, പക്ഷേ നിങ്ങളുടെ ഭാവിക്കായി വോട്ട് ചെയ്യൂ” എന്നു പഞ്ചാബ്-ഗോവ തെരഞ്ഞെടുപ്പ് കാലത്ത് പ്രസംഗിച്ചതിന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളിനെതിരെ എഫ് ഐ ആര്‍ രേഖപ്പെടുത്തി. തൊട്ടുപിന്നാലെ ബിജെപി നേതാവ് മനോഹര പരീക്കറിനെതിരെ പെരുമാറ്റ ചട്ട ലംഘനത്തിന് ആപ് പരാതി നല്കി. ഫലം; രണ്ടു പേര്‍ക്കെതിരെയുമുള്ള നടപടികള്‍ അവസാനിപ്പിച്ചു.

രാഹുലിനെതിരെയുള്ള നോട്ടീസ് പിന്‍വലിക്കുമ്പോള്‍ സാമൂഹ്യമാധ്യമങ്ങളുടെ വിപുലമായ വളര്‍ച്ച മൂലം മാതൃക പെരുമാറ്റ ചട്ടം, ജനപ്രാതിനിധ്യ നിയമം 1951-വകുപ്പ് 126 എന്നിവ പുതുക്കേണ്ടതുണ്ടെന്ന് കമ്മീഷന്‍ നിരീക്ഷിച്ചിരുന്നു. ജനുവരി 8-നു സമിതിയെ നിയോഗിച്ചത് ഈ വിഷയങ്ങള്‍ പരിശോധിക്കാനായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണം നിരോധിച്ച സമയത്തെ സാമൂഹ്യ മാധ്യമങ്ങളുടെ സ്വാധീനവും സമിതി പരിശോധിക്കും. ചില സംശയാസ്പദമായ വാര്‍ത്ത പോര്‍ട്ടലുകളുടെ സെര്‍വറുകള്‍ വിദേശത്താണ് (വടക്കന്‍ കൊറിയ പോലുള്ള സ്ഥലങ്ങളില്‍). അതുകൊണ്ട് നടപടിയെടുക്കല്‍ ദുഷ്കരമാണ്.

http://www.azhimukham.com/edit-this-is-how-institutions-cave-in-modis-rule/

കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ അനുസരിച്ച്, ഇന്ത്യയില്‍ 242 ദശലക്ഷത്തോളം ആളുകള്‍ ഫേസ്ബുക് ഉപയോഗിക്കുന്നുണ്ട്. 43 ദശലക്ഷം പേര്‍ ഇന്‍സ്റ്റാഗ്രാമും; 30 ദശലക്ഷത്തിലേറെപ്പേര്‍ ട്വിറ്റര്‍ ഉപയോഗിക്കുന്നു. ഇന്നത്തെ നിലയില്‍ ഇന്ത്യയില്‍ 463 ദശലക്ഷം പേര്‍ ഇന്‍റര്‍നെറ്റ് ഉപഭോക്താക്കളാണ്, ഇതില്‍ 444 ദശലക്ഷവും മൊബൈല്‍ ഇന്‍റര്‍നെറ്റാണ് ഉപയോഗിക്കുന്നത്. ദിനംപ്രതി വലുതാകുന്ന ഈ വിഭാഗത്തെ നിയന്ത്രിക്കുക എളുപ്പമല്ല. സ്വാഭാവികമായും അഭിപ്രായസ്വാതന്ത്ര്യം പോലുള്ള വിഷയങ്ങള്‍ ഉന്നയിക്കപ്പെടുകയും ചെയ്യും. യു എസില്‍ ഇത്തരത്തിലുള്ള 'തെരഞ്ഞെടുപ്പ് നിശബ്ദത' ഇല്ല. റഷ്യ, പാകിസ്ഥാന്‍, സിംഗപ്പൂര്‍, എന്നീ രാജ്യങ്ങളില്‍ ഇത് 24 മണിക്കൂറാണ്. സ്പെയിന്‍, ഉക്രെയിന്‍, യു കെ, ഹംഗറി, പോളണ്ട്, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ ഇത് തെരഞ്ഞെടുപ്പ് ദിവസത്തിന് മുമ്പുള്ള ദിവസം അര്‍ദ്ധരാത്രി മുതലാണ്. കാനഡയില്‍ ഈയടുത്തുവരെ ഉണ്ടായിരുന്ന 'election blackout' പൌരസ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് പറഞ്ഞ് ഈയിടെ എടുത്തുകളഞ്ഞു.

http://www.azhimukham.com/edit-al-seshan-is-an-old-age-home/

ഇന്ത്യയില്‍ സാമൂഹ്യ മാധ്യമങ്ങളുടെ സ്വാധീനം ഗ്രാമങ്ങളെക്കാള്‍ കൂടുതല്‍ നഗരങ്ങളിലാണ്. അതാണ് ബിജെപി നഗരങ്ങളില്‍ നില മെച്ചപ്പെടുത്താനുള്ള ഒരു പ്രധാന കാരണം. ഇക്കഴിഞ്ഞ ഗുജറാത്ത് തെരഞ്ഞെടുപ്പിലും ബിജെപിക്ക് നഗരങ്ങളിലാണ് കൂടുതല്‍ വോട്ട് കിട്ടിയത്. ഗ്രാമങ്ങള്‍ മാറ്റത്തിനായി വോട്ടുചെയ്തു. വോട്ടര്‍മാര്‍ക്ക് കാര്യങ്ങളെ വിലയിരുത്താനും ശരിയായി തെരഞ്ഞെടുപ്പ് നടത്താനുമാണ് 48 മണിക്കൂര്‍ സമയം നല്കിയിരിക്കുന്നത്. എന്നാല്‍ നവ സാമൂഹ്യ മാധ്യമങ്ങളുടെ വരവോടെ തെരഞ്ഞെടുപ്പിന്റെ നിശബ്ദത ഇല്ലാതായിരിക്കുന്നു. പകരം അവസാന വോട്ട് വീഴും വരെയും സ്വകാര്യ വ്യക്തികളും രാഷ്ട്രീയ കക്ഷികളും പി ആര്‍ ഏജന്റുമാരും ദല്ലാളുമാരും നടത്തുന്ന ബഹളമാണുള്ളത്. അഭിപ്രായ സ്വാതന്ത്ര്യത്തിന് തടയിടാതെ പുതിയ കാലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെ നിയന്ത്രിക്കാന്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ തന്ത്രങ്ങള്‍ മെനയേണ്ട കാലമായിരിക്കുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

http://www.azhimukham.com/newsupdate-delaying-declaration-of-gujarat-election-results-is-suspicious/

http://www.azhimukham.com/election-commission-of-india-online-election-campaign/

Next Story

Related Stories