TopTop
Begin typing your search above and press return to search.

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്; വേങ്ങരയിലെ വജ്രായുധമോ?

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്; വേങ്ങരയിലെ വജ്രായുധമോ?

രാഷ്ട്രീയ കേരളം കാത്തിരുന്ന സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട് കമ്മീഷന്‍ രൂപീകൃതമായി നാലുവര്‍ഷം തികയാന്‍ ഏതാണ്ട് ഒരു മാസം ശേഷിക്കെ ഇന്നലെ സമര്‍പ്പിച്ചു. നാല് വാള്യം ഉള്ള റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളും ശിപാര്‍ശകളും എന്തൊക്കെയാണെന്ന് റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിച്ച ജസ്റ്റിസ് ശിവരാജനോ റിപ്പോര്‍ട്ട് കൈപ്പറ്റിയ മുഖ്യമന്ത്രി പിണറായി വിജയനോ മുഖ്യമന്ത്രിയുടെ ഓഫിസോ ഒന്നും തന്നെ പറഞ്ഞിട്ടില്ല. എങ്കിലും അന്വേഷണ വിഷയം സോളാര്‍ തട്ടിപ്പും പ്രസ്തുത തട്ടിപ്പുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓഫിസിനുള്ള പങ്കും ഒക്കെ ആകയാല്‍ ഇത്തരം കാര്യങ്ങളൊക്കെ റിപ്പോര്‍ട്ടില്‍ ഉണ്ടാവാതിരിക്കാന്‍ ഇടയില്ല.

ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം റിപ്പോര്‍ട്ട് സംബന്ധിച്ച വിഷയം ചര്‍ച്ച ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. വേങ്ങര ഉപതിരഞ്ഞെടുപ്പ് ഇങ്ങു പടിവാതിലില്‍ എത്തി നില്‍ക്കുന്ന വേളയില്‍ പൂര്‍ണ രൂപത്തിലല്ലെങ്കിലും സെലെക്റ്റീവായ വിവരങ്ങള്‍ ഉടനെ തന്നെ പുറത്തുവന്നു തുടങ്ങും എന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട. മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റവും പി വി അന്‍വര്‍ എം എല്‍ എ യുടെ വിവാദ പാര്‍ക്ക് നിര്‍മാണവും വേങ്ങരയില്‍ പ്രചാരണായുധമാക്കാന്‍ പ്രതിപക്ഷം ഒരുങ്ങിക്കഴിഞ്ഞ സ്ഥിതിക്ക് സോളാര്‍ അന്വേഷണ റിപ്പോര്‍ട്ട് തന്നെയാവും ഭരണ പക്ഷത്തിനു പ്രതിരോധത്തിനുള്ള ഏക ആയുധം. ഈ ആയുധം അവര്‍ വളരെ ഫലപ്രദമായി ഉപയോഗിക്കും എന്ന് മുന്‍ മന്ത്രിയും തല മുതിര്‍ന്ന സി പി എം നേതാവുമായ പാലൊളി മുഹമ്മദ് കുട്ടി ഇന്നലെതന്നെ വ്യക്തമാക്കിയതുമാണ്.

അതിനിടെ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പ്രസക്തിയെക്കുറിച്ചും അതിന്റെ ഭാവിയെക്കുറിച്ചുമൊക്കെയുള്ള ചര്‍ച്ചകളും സജീവമാണ്. പൊതു ഖജനാവില്‍ നിന്നും ഒരു ചില്ലിക്കാശുപോലും നഷ്ട്ടം വരാത്ത ഒരു കേസാണിതെന്നും അതുകൊണ്ടു തന്നെ കമ്മിഷന്‍ അന്വേഷണത്തിന് പ്രസക്തിയില്ലെന്നും ചില കോണ്‍ഗ്രസ് നേതാക്കളും അഭിഭാഷകരുമൊക്കെ വാദിക്കുന്നുണ്ട്. നാട്ടുകാരെ കബളിപ്പിച്ചു പണം തട്ടിയ ഈ കേസില്‍ ഒരു ക്രൈം ബ്രാഞ്ച് അന്വേഷണം മാത്രമായിരുന്നു നടത്തേണ്ടിയിരുന്നതെന്നും കമ്മീഷനെ വെക്കുകവഴി പൊതു ഖജനാവില്‍ നിന്നും ഏഴുകോടി രൂപയുടെ പാഴ്‌ചെലവ് സംഭവിച്ചുവെന്നുമൊക്കെയാണ് അവരുടെ വാദം. ഇത്തരം വാദങ്ങള്‍ ഉന്നയിക്കുന്നവര്‍ പക്ഷെ ഒരു സുപ്രധാന കാര്യം വിസ്മരിക്കുന്നുവെന്നു പറയാതെ വയ്യ. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചു അരങ്ങേറിയ ഒരു തട്ടിപ്പു ഏതു മുഖ്യമന്ത്രിയുടെ ക്രൈം ബ്രാഞ്ചാണ് സത്യസന്ധമായി അന്വേഷിക്കുക എന്ന ചോദ്യത്തിന് അവര്‍ മറുപടി പറയേണ്ടതായുണ്ട്. ഈ കേസ് തുടക്കം മുതല്‍ തേച്ചു മായ്ച്ചുകളയാന്‍ ചില ഉന്നത പോലീസ് ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയുടെ അടുപ്പക്കാരായ കോണ്‍ഗ്രസ് നേതാക്കളും നടത്തിയ നീക്കങ്ങള്‍ നേരെത്തെ പരസ്യമായ കാര്യവും ഇക്കൂട്ടര്‍ ഇപ്പോള്‍ സൗകര്യപൂര്‍വം വിസ്മരിക്കുകയാണ്.

മാറാട് കൂട്ടക്കുരുതി, തട്ടേക്കാട് ബോട്ടു ദുരന്തം തുടങ്ങിയ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടുകളുടെ ഗതി തന്നെയാവും ഈ റിപ്പോര്‍ട്ടിന്റേതെന്നും ഇവര്‍ വാദിക്കുന്നുണ്ട്. മാറാട് കമ്മീഷന്റെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് മാറാട് കൂട്ടക്കുരുതിക്ക് പിന്നിലെ മത തീവ്രവാദം അന്വേഷിക്കാന്‍ കോടതി സി ബി ഐയോട് ആവശ്യപ്പെട്ടിരുക്കുന്നതെന്ന കാര്യം എന്തെ ഇവര്‍ മൂടിവെക്കുന്നു? സോളാര്‍ കേസുമായി ഉയര്‍ന്നുവന്നത് വെറും വഞ്ചനാകുറ്റം മാത്രമല്ലല്ലോ ചില മന്ത്രിമാരും, എം പി മാരും എം എല്‍ എ മാറുമൊക്കെ തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന സരിതയുടെ പരാതിയും നിലനില്‍ക്കുന്നുണ്ടല്ലോ. അപ്പോള്‍ പിന്നെ സോളാര്‍ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചുകഴിഞ്ഞ സാഹചര്യത്തില്‍ ഇക്കാര്യങ്ങളെക്കുറിച്ചൊക്കെ പുതിയ സര്‍ക്കാരിന്റെ ക്രൈം ബ്രാഞ്ചിന് വിശദമായ അന്വേഷണം നടത്താവുന്നതല്ലേയുള്ളു. അപ്പോള്‍ പിന്നെന്തിനാണ് ഈ കോലാഹലങ്ങളും അങ്കലാപ്പുമൊക്കെ എന്നേ അറിയേണ്ടതുള്ളൂ. കമ്മിഷന്റെ കണ്ടെത്തലുകള്‍ എന്തായാലും ഉമ്മന്‍ ചാണ്ടിക്ക് അനുകൂലമാകാന്‍ ഇടയില്ല. ആ നിലക്ക് ചാണ്ടിയുടെ രാഷ്ട്രീയ ഭാവി തന്നെ അനിശ്ചിതത്തിലാകുന്നുവെന്നതിനെ ചൊല്ലിയുള്ള ആശങ്ക തന്നെയാണ് കമ്മിഷനെതിരെ ഇപ്പോള്‍ വിമര്‍ശനവുമായി രംഗത്തുവന്നിരിക്കുന്നവര്‍ പ്രകടിപ്പിക്കുന്നത് എന്ന കാര്യത്തില്‍ തര്‍ക്കമില്ല .


Next Story

Related Stories