TopTop
Begin typing your search above and press return to search.

സോളാര്‍ റിപ്പോര്‍ട്ട്: സംശയത്തിന്റെ നിഴലില്‍ ഉമ്മന്‍ ചാണ്ടി; ആകാംഷയില്‍ കേരളവും

സോളാര്‍ റിപ്പോര്‍ട്ട്: സംശയത്തിന്റെ നിഴലില്‍ ഉമ്മന്‍ ചാണ്ടി; ആകാംഷയില്‍ കേരളവും

ഏറെ വിവാദങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കുമൊടുവില്‍ സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്തു വെക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. അടുത്ത മാസം ഒന്‍പതിന് പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ത്താണ് റിപ്പോര്‍ട്ട് സമര്‍പ്പണം. ഇതോടൊപ്പം മറ്റൊരു നല്ല കാര്യം കൂടി ഇന്നലെ ചേര്‍ന്ന മന്ത്രി സഭായോഗം എടുത്തിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ടിന്മേല്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് മുന്‍പ് ഇക്കാര്യത്തില്‍ വീണ്ടും നിയമോപദേശം തേടുക എന്നതാണ് അത്. നല്ല കാര്യം തന്നെ. പക്ഷെ അപ്പോഴും ഒരു സംശയം ബാക്കിനില്‍ക്കുന്നു. നേരത്തെ തേടിയ നിയമോപദേശപ്രകാരം ആയിരുന്നുവോ തിരക്കിട്ടു വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്ത് തുടര്‍നടപടിക്കാര്യം പ്രഖ്യാപിച്ചത് എന്ന സംശയം. ഉപദേശകരുടെ ബാഹുല്യം മുഖ്യമന്ത്രിക്ക് ഒരു ഭാരമായി മാറുന്നുണ്ടോ എന്ന ചോദ്യവും പല കോണുകളിലില്‍ നിന്നും ഉയരുന്നുണ്ട്.

അതിനിടെ, റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്തു വെക്കുന്നതിനു മുന്‍പ് ഇത്തരമൊരു പ്രഖ്യാപനം നടത്തിയതിന്റെ സാധുതയും പലരും ചോദ്യം ചെയ്യുന്നുണ്ട്. മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങളല്ലാതെ ജസ്റ്റിസ് ശിവരാജന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ എന്തൊക്കെയാണുള്ളതെന്ന് ആര്‍ക്കും അറിയില്ല. മുഖ്യമന്ത്രി പറഞ്ഞതനുസരിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓഫീസ്, സോളാര്‍ തട്ടിപ്പിനുവേണ്ടി ദുരുപയോഗം ചെയ്തിരിക്കുന്നു. ഉമ്മന്‍ ചാണ്ടിയടക്കമുള്ള പലര്‍ക്കുമെതിരെ പരാതിക്കാരി ബലാത്സംഗ കുറ്റം ആരോപിച്ചിരുന്നു. തമ്പാനൂര്‍ രവി, മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ബെന്നി ബെഹ്നാന്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ തെളിവ് മൂടിവെക്കാന്‍ ശ്രമം നടത്തിയിരിക്കുന്നു. സോളാര്‍ തട്ടിപ്പു കേസ്സുകള്‍ അന്വേഷിച്ച മുന്‍ അന്വേഷണ സംഘം അന്വേഷണം അട്ടിമറിച്ചിരിക്കുന്നു. ഇതൊക്കെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താ സമ്മേളനത്തിലൂടെ പുറത്തുവന്ന കാര്യങ്ങള്‍.

ഉമ്മന്‍ ചാണ്ടിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ പെട്ട ചിലരെ, സരിതയുമായി ബന്ധം പുലര്‍ത്തിയിരുന്നുവെന്ന ആരോപണത്തിന്റെ പേരില്‍ പുറത്താക്കുക വഴി ഓഫീസ് ദുരുപയോഗം ചെയ്യപ്പെട്ടു എന്ന ആരോപണം ബലപ്പെട്ടു കഴിഞ്ഞു. എന്നാല്‍ ഉന്നയിക്കപ്പെട്ടിട്ടുള്ള ലൈംഗികാരോപണം ചുരുങ്ങിയ പക്ഷം ഉമ്മന്‍ ചാണ്ടിയുടെ കാര്യത്തിലെങ്കിലും എത്രകണ്ട് വാസ്തവമാണെന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നു. ഇതേ പരാതിക്കാരി തന്നെ ഒരിക്കല്‍ പിതൃതുല്യന്‍ എന്ന ഗുഡ് സര്‍ട്ടിഫിക്കറ്റ് ഉമ്മന്‍ ചാണ്ടിക്ക് നല്കിയിട്ടുള്ളതുമാണ്. അതേ വ്യക്തിക്കെതിരെയാണ് ഇപ്പോള്‍ ഇങ്ങനെയൊരു ആരോപണം ഉയര്‍ന്നു വന്നിരിക്കുന്നത് എന്ന കാര്യം വിസ്മരിച്ചുകൂടാ.

സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ ചൊല്ലിയുള്ള വിവാദങ്ങളും തര്‍ക്കങ്ങളും മുറുകുന്നതിനിടയില്‍ പുതിയൊരു പരാതിയുമായി സരിത വീണ്ടും സര്‍ക്കാരിനെ സമീപിച്ചിരിക്കുകയാണ്. ലൈംഗിക പീഡനം സംബന്ധിച്ച തന്റെ പരാതികള്‍ പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണം എന്നാണു പുതിയ ആവശ്യം. അതിനിടെ പഴയ അന്വേഷണസംഘ തലവന്‍ എ ഹേമചന്ദ്രനടക്കമുള്ളവരെ സര്‍ക്കാര്‍ ക്രൂശിക്കാന്‍ ശ്രമിക്കുന്നുവെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട് . മികവുറ്റ, സത്യസന്ധനായ പോലീസ് ഓഫീസര്‍ എന്ന ഖ്യാതി നേടിയിട്ടുള്ള ആളാണ് ഹേമചന്ദ്രന്‍. എങ്കിലും സോളാര്‍ കമ്മീഷന്‍ പഴയ അന്വേഷണ സംഘത്തിന് വീഴ്ച പറ്റിയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കില്‍ അക്കാര്യം അന്വേഷിക്കേണ്ടത് തന്നെ. അന്വേഷണം പോലീസ് സേനയുടെ മനോവീര്യം തകര്‍ക്കും എന്നൊക്കെയുള്ള വാദത്തില്‍ അത്ര കഴമ്പുണ്ടെന്ന് തോന്നുന്നില്ല.

അതിനിടെ പുതുതായി ഉയര്‍ന്നുവന്നിട്ടുള്ള ഒരു ആക്ഷേപം സോളാര്‍ കമ്മീഷന്‍ പരിധി വിട്ടോ എന്നത് സംബന്ധിച്ചുള്ളതാണ്. ഇക്കാര്യം ഗൗവരവതരം തന്നെ. അന്വേഷണ വിഷയമായി നിശ്ചയിച്ചിരുന്ന വിഷയങ്ങള്‍ക്ക് അപ്പുറത്തേക്ക് കമ്മീഷന്‍ പോയിട്ടുണ്ടെങ്കില്‍ അതിന്റെ ശരി, തെറ്റുകള്‍ നിയമ വിദഗ്ധരും കോടതിയുമൊക്കെ പരിശോധിക്കട്ടെ. എന്തായാലും റിപ്പോര്‍ട്ട് ഒന്‍പതാം തീയതി സഭയില്‍ വെക്കുകയാണല്ലോ ശേഷം കാര്യങ്ങള്‍ വഴിയേ അറിയാം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories