TopTop
Begin typing your search above and press return to search.

ഇത്ര വലിയ വങ്കത്തരമായിരുന്നോ സുഭാഷ്‌ ചന്ദ്രന്‍ പറയുന്ന 'പ്രഹേളികാസ്വഭാവമുള്ള സ്ത്രീജീവിത'ത്തിനു പിന്നില്‍?

ഇത്ര വലിയ വങ്കത്തരമായിരുന്നോ സുഭാഷ്‌ ചന്ദ്രന്‍ പറയുന്ന പ്രഹേളികാസ്വഭാവമുള്ള സ്ത്രീജീവിതത്തിനു പിന്നില്‍?

മനോഹരമായ ഒരു സെൻ കഥയോടെയാണ് സുഭാഷ് ചന്ദ്രന്റെ ‘സമുദ്രശില’യുടെ ആരംഭം. സ്വപ്നങ്ങളും യാഥാർത്ഥ്യങ്ങളും കൂട്ടിക്കലർത്തി, മിഥ്യ, സത്യം തുടങ്ങിയ വിവേചനങ്ങൾക്കു പ്രസക്തിയില്ലാതാവുന്ന വിധമാണ് നോവലിന്റെ ആഖ്യാനം. ഏതാണ് വാസ്തവമെന്നോ ഏതാണ് സ്വപ്നമെന്നോ വേർതിരിച്ചറിയേണ്ടത് യഥാർത്ഥത്തിൽ നോവൽ വായനയിൽ അനിവാര്യതയല്ല എങ്കിലും വായനക്കാരുടെ അത്തരം ചോദ്യങ്ങളെ അഭിസംബോധന ചെയ്യാൻ ഒരെഴുത്തുകാരന് ബാധ്യതയുണ്ട്. ഇത്തരത്തിൽ, വായനക്കാരുടേത് എന്ന് പറഞ്ഞ് അവതരിപ്പിക്കപ്പെട്ട ഒരു ചോദ്യത്തിന് ഏഷ്യാനെറ്റ് തിരുവോണം സ്പെഷ്യൽ പരിപാടിയിൽ സുഭാഷ് ചന്ദ്രൻ നൽകിയിരിക്കുന്ന മറുപടി നോവലിൽ ഒളിഞ്ഞും തെളിഞ്ഞും കിടക്കുന്ന സ്ത്രീ വിരുദ്ധ ആഖ്യാനങ്ങുടെ ഏറ്റുപറച്ചിൽ കൂടിയാണ്.

അംബ എന്ന സ്ത്രീയും അവരുടെ മകനായ അനന്തപത്മനാഭൻ എന്ന ഓട്ടിസം ബാധിച്ച യുവാവുമാണ് സുഭാഷ് ചന്ദ്രന്റെ രണ്ടാമത്തെ നോവലായ സമുദ്രശിലയിലെ കേന്ദ്ര കഥാപാത്രങ്ങൾ. 2019ൽ മാതൃഭൂമിയാണ് സമുദ്രശില പ്രസിദ്ധീകരിച്ചത്. ഈ നോവലിനെ മുൻനിർത്തി തിരുവോണദിനത്തിൽ ഏഷ്യാനെറ്റ് നടത്തിയ പടിപാടിയില്‍, വെള്ളിയാങ്കല്ലിൽ വെച്ച് അംബയും കാമുകനുമൊത്തുണ്ടായതായി പറയുന്ന രതിലീല ശരിക്കും ഉണ്ടായതാണോ അതോ ഭാവനയാണോ എന്ന് നിരവധി പേര്‍ സംശയം ചോദിച്ചു എന്നാണ് സുഭാഷ് ചന്ദ്രൻ പറയുന്നത്. അതിനുള്ള മറുപടി എന്ന നിലയില്‍ സുഭാഷ് ചന്ദ്രൻ പറയുന്നത് ഇപ്രകാരമാണ്:

“‘സമുദ്രശില’ വായിച്ചവരെല്ലാം ഫോണിലൂടെയും കത്തിലൂടെയും നേരിട്ടുമെല്ലാം ചോദിച്ചിട്ടുള്ള പ്രധാനപ്പെട്ട സംശയങ്ങളിലൊന്ന് അംബ അംബയുടെ കാമുകനുമൊത്ത് വെള്ളിയാങ്കല്ലില്‍ പോയി ഒരു രാത്രി, ഒരു പൂര്‍ണചന്ദ്രനുള്ള രാത്രി പൗര്‍ണമി ചെലവഴിച്ചു എന്ന് പറഞ്ഞ ആ സംഭവം വാസ്തവമാണോ അതോ സ്വപ്നമാണോ എന്നുള്ളതാണ്. അംബ അവളുടെ ഇഷ്ടപുരുഷനുമൊത്ത് സര്‍വതന്ത്രസ്വാതന്ത്ര്യങ്ങളോടെയും അന്ന് വെള്ളിയാങ്കല്ലില്‍ പോയി രതിലീലയില്‍ ഏര്‍പ്പെട്ടു, അതാണ് വാസ്തവമെങ്കില്‍ അങ്ങനെ ഉണ്ടായ കുഞ്ഞ് ഓട്ടിസ്റ്റിക്കായിട്ടുള്ള അല്ലെങ്കില് ഡൗണ്‍ സിന്‍ട്രോം ഉള്ള ഒരു കുട്ടിയായിട്ട് ജനിപ്പിക്കാന്‍ എനിക്ക് ആഗ്രഹമില്ല. കാരണം അവിടെ നമ്മള് പറയാനുദ്ദേശിച്ചതെല്ലാം റദ്ദ് ചെയ്യപ്പെടുകയാണ്. സ്ത്രീ അവളുടെ പൂര്‍ണസന്തോഷത്തോടെയും സ്വാതന്ത്ര്യബോധത്തോടെയും അവളുടെ പ്രിയ പുരുഷനുമൊത്ത് രതിയിലേര്‍പ്പെട്ടാല്‍ ഒരു മിടുക്കനായ പുത്രന്‍ തന്നെയാണ് ഉണ്ടാകേണ്ടത്” എന്നാണ്.

Also Read: സുഭാഷ് ചന്ദ്രന്റേത് മോഹനന്‍ വൈദ്യരുടെ പ്രവൃത്തി; നോവലിന്റെ ആഖ്യാനത്തിന് ശാസ്ത്രത്തെ കൂട്ടുപിടിക്കരുതെന്ന് ഡോക്ടര്‍മാര്‍

സ്ത്രീ ലൈംഗികതയേയും, ഗർഭധാരണത്തിന്റെ ശാസ്ത്രീയതയേയും ഓട്ടിസ്റ്റിക് ആയ കുഞ്ഞുങ്ങളുടെ പിറവിയേയും ഒക്കെ വെല്ലുവിളിക്കുന്ന, അശാസ്ത്രീയവും മനുഷ്യത്വവിരുദ്ധവുമായ പ്രസ്താവന നടത്തിയിരിക്കുന്നത് കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവായ ഒരു എഴുത്തുകാരനാണ്. ഓട്ടിസ്റ്റിക് ആയ കുഞ്ഞുങ്ങൾ ജനിക്കുന്നത് സ്ത്രീയുടെ അനിഷ്ടത്തോടെയുള്ള രതിയിൽ നിന്നുമാണെന്നും, മിടുക്കരായ ആണുങ്ങൾ ജനിക്കുന്നത് ഇഷ്ടത്തോടെയുള്ള രതിയിൽ നിന്നുമാണ് എന്നുമാണ് ഇദ്ദേഹം മഹാജ്ഞാനമായി അവതരിപ്പിച്ചിരിക്കുന്നത്.

പ്രസ്തുത നോവലിലെ ചില വാചകങ്ങളും കഥാസന്ദർഭങ്ങളും നോക്കുക.

"സ്ത്രീയുടെ ഹൃദയത്തിലേക്കുള്ള പ്രവേശനദ്വാരം കാതാണെന്ന് ഞാൻ കണ്ടെത്തി. സംസാരിക്കൂ, ഞാൻ നിന്നെ അറിയട്ടെ എന്ന് ആ കണ്ണുകൾ പറയുന്നതു കേട്ട നിമിഷത്തിൽ"(സമുദ്രശില, പേജ് 66) കേന്ദ്ര കഥാപാത്രമായ അംബയുടെ ജനനം മുതൽ അവളുടെ വിവാഹവും വിവാഹാനന്തര പ്രണയവും വരെ വിവരിക്കുന്ന 'പേര്' എന്ന അധ്യായത്തിനു നൽകിയിരിക്കുന്ന ആമുഖ വാചകമാണിത്. വാക്ക്സാമർഥ്യം കൊണ്ട് സ്ത്രീയെ കീഴടക്കാം എന്ന സാമാന്യ പുരുഷബോധത്തെ കുറേകൂടി നല്ല ഭാഷയിൽ അവതരിപ്പിക്കുക മാത്രമാണിവിടെ.

സുഭാഷ് ചന്ദ്രൻ എഴുത്തുകാരനായി തന്നെ കഥാപാത്രമായി അവതരിക്കുന്നുണ്ട് നോവലിൽ. 'വാക്ക്' എന്ന അധ്യായത്തിൽ സുഭാഷ് ചന്ദ്രനും അംബയും തമ്മിൽ ഒരു പുസ്തകപ്രകാശന ചടങ്ങിൽ കാണുന്നതായി വിവരിച്ച ഭാഗത്തിന് നൽകിയിരിക്കുന്ന ആമുഖ വാക്യം -"അവൻ അവളെ ശരീരം കൊണ്ട് അറിയുന്നതിനേക്കാൾ എത്രയോ തീക്ഷ്ണമായി അവൾ അവനെ വാക്കുകൊണ്ട് അറിയുന്നു" (പേജ് 137) എന്നാണ്. ശരീരം കൊണ്ട് അറിയുക എന്നത് പുരുഷന്റെ മാത്രം കുത്തകയായി സൂചിപ്പിക്കുന്ന ധാരാളം സന്ദർഭങ്ങൾ നോവലിൽ കാണാം.

സ്ത്രീയുടെ ചിന്തകളുടെ, ശരീരത്തിന്റെ കാമനകളുടെ ഒക്കെ സാധ്യതകളെ പാടേ നിക്ഷേധിക്കുന്ന വാചകങ്ങളുടെയും ആഖ്യാനങ്ങളുടെയും ആകെത്തുകയാണ് സമുദ്രശില എന്ന നോവൽ. ഒറ്റവാചകത്തിൽ അത്‌ അംബ എന്ന സ്ത്രീയുടെ സഹനത്തിന്റെയും തോൽവിയുടെയും കഥയാണ്. ഓട്ടിസം ആൻഡ് സെറിബ്രൽ പാൾസി എന്ന രോഗമുള്ള മകൻ, തൊട്ടു മുകളിലെ ഫ്ളാറ്റിലെ നിംഫോമാനിയാക്കായ ശകുന്തളാ സത്യപാലന്റെ വീട്ടിൽ നിന്ന് കയ്യോടെ 'പിടികൂടിയ' അംബയുടെ ഭർത്താവും ചരിത്ര പ്രൊഫെസറുമായ സിദ്ധാർത്ഥൻ, ഉപാധികൾ ഇല്ലാതെ തന്നെ സ്നേഹിക്കും എന്ന് അംബ ഉറച്ചു വിശ്വസിച്ച -റൂമി ജലാലുദ്ദീൻ എന്ന പുരാവസ്തു കച്ചവടക്കാരൻ- ഹോട്ടൽ മുറിയിൽ വെച്ച് തന്നെ ഭോഗിച്ച ശേഷം തന്നിലേക്ക് നോട്ടുകെട്ടുകൾ നീട്ടിയവൻ, നിത്യരോഗിയായ അമ്മ. ഇക്കണ്ട ജീവിത പരാജയങ്ങൾക്കൊക്കെ ഇടയിലും വിവാഹപൂർവ്വ പ്രണയവും വെള്ളിയാങ്കല്ലിൽ വെച്ചുണ്ടായതായി പറയുന്ന രതിയോർമ്മകളുമാണ് അംബയെ കാല്പനികമായി മുൻപോട്ട് നടത്തുന്നത്. "ഇരുപത്തിയൊന്ന് വർഷവും പത്തു മാസവും മുൻപ്, യാഥാര്‍ത്ഥ്യത്തേക്കാൾ എട്ടു മടങ്ങെങ്കിലും യഥാർത്ഥമായി തോന്നിയ ഒരു സ്വപ്നമാണ് തന്റെയുള്ളിൽ അവനു വിത്തിട്ടത്" -(പേജ് 111) എന്നാണ് നോവലിനകത്ത് അംബ ഇതേക്കുറിച്ചുള്ള ഓർമ പങ്കിടുന്നത്. അതീവ ദുർബലമായ ഈ കഥാപരിസരത്തെ ഹൃദസ്പർശിയായ ഭാഷകൊണ്ടും കാലക്രമം തെറ്റിച്ച ആഖ്യാനം കൊണ്ടും ദേവരാജൻ മാസ്റ്റർ മുതൽ അനീസ് ബഷീർ വരെയുള്ളവരുടെ കഥാപാത്രവത്കരണത്തിലൂടെയും ഭംഗിയാക്കുകയാണ് നോവലിൽ. പ്രളയവും നിപ പനിയും വരെ വന്നുപോവുന്ന ആഖ്യാന മികവിനെ തോൽപ്പിച്ചു കൊണ്ട്, അംബയുടെ അനുഭങ്ങളുടെ ആത്മാവില്ലായ്മയുടെ യഥാർത്ഥകാരണം എന്തെന്ന് കൂടിയാണ് ഇപ്പോഴത്തെ സുഭാഷ് ചന്ദ്രന്റെ പ്രസ്താവന വ്യക്തമാക്കുന്നത്. പുരുഷ ഭാവനയിൽ ജനിക്കുന്ന സ്ത്രീയുടെ വികലവും അപൂർണ്ണവുമായ ചിത്രീകരണമാണ് അംബ എന്ന വായനാനുഭവത്തെ, അടിവരയിട്ട് ഉറപ്പിക്കുന്നതാണ് സുഭാഷ് ചന്ദ്രന്റെ അംബയുടെ ഗർഭധാരണത്തെ കുറിച്ചുള്ള പ്രസ്താവന. അതിന്, 'ഉപാധികളില്ലാത്ത സ്ത്രീയുടെ സ്നേഹം' എന്ന ബോറന്‍ ന്യായീകരണവും.

വെള്ളിയാങ്കല്ലിൽ വെച്ച് തന്റെ ആദ്യകാമുകനുമായുള്ള സംഭോഗത്തിൽ ഉരുവാകുന്ന കുഞ്ഞാണ് ഓട്ടിസവും സെറിബ്രൽ പാൽസിയുമുള്ള അനന്തപദ്മനാഭൻ എന്നത് അംബയുടെ ഭാവനാ സൃഷ്ടി ആണെന്നും, ലൈംഗിക ബന്ധത്തിന് അംബയ്ക്ക് പ്രകൃതി/സമൂഹം/സദാചാരം നൽകിയ 'ശിക്ഷ' ആയിരുന്നു അംഗവൈകല്യമുള്ള മകൻ എന്നത് തന്റെ പാഠമോ ഉപപാഠമോ ആയിരുന്നില്ല എന്നും ഈ നോവലുമായി ബന്ധപ്പെട്ട് നടന്ന പല ചർച്ചകളിലും നോവലിസ്റ്റ് മുമ്പും പറഞ്ഞിട്ടുണ്ട്. അതിന്റെ ന്യായികരണം ഇത്രയും വലിയ ഒരു വങ്കത്തരം ആയിരുന്നു എന്ന് അന്നൊന്നും പുറത്തു പറഞ്ഞിട്ടില്ല!

Also Read: സ്ത്രീ പൂര്‍ണസന്തോഷത്തോടെയും സ്വാതന്ത്ര്യബോധത്തോടെയും പ്രിയപുരുഷനുമൊത്ത് രതിയിലേര്‍പ്പെട്ടാല്‍ ഓട്ടിസ്റ്റിക് ആയ കുട്ടിയുണ്ടാകില്ലെന്ന് സുഭാഷ് ചന്ദ്രന്‍

ടെക്സ്റ്റിനു പുറത്ത് എഴുത്തുകാരന്റെ നിലപാടുകൾ പരിഗണിക്കപ്പെടേണ്ടതുണ്ടോ എന്ന ആലോചനയ്ക്കൊന്നും ഇവിടെ സാധ്യതയില്ല. കാരണം സുഭാഷ് ചന്ദ്രൻ എന്തൊക്കെയാണ് തന്റെ സൃഷ്ടികൽപ്പനയ്ക്ക് പിറകിൽ ഉദ്ദേശിക്കുന്നത് എന്ന ചർച്ചയ്ക്കാണ് ഈ പ്രസ്താവന തുടക്കമിട്ടിരിക്കുന്നത്. അംബ ഒഴികെയുള്ളതെല്ലാം യാഥാർഥ്യവും അംബയ്ക്ക് ചുറ്റുമുള്ള ചിലതൊക്കെ മിഥ്യയുമായി കല്പിച്ചിരിക്കുന്നതിനും, അംബയെ ഇത്രമേൽ സർവ്വംസഹയാക്കിയതിനും ഒക്കെ പിറകിലും കാണണം ഇതുപോലെ എന്തെങ്കിലും ഒക്കെ ധാരണകൾ! മകന്റെ കാമപൂർത്തീകരണത്തോടെ മരണത്തിന് കീഴടങ്ങുന്ന സ്ത്രീയെ സൃഷ്ടിക്കുക ആവിഷ്കാര സ്വാതന്ത്ര്യമാണ്, അതൊക്കെ പ്രഹേളികാസ്വഭാവമുള്ള സ്ത്രീ ജീവിതമാണെന്ന് വാഴ്ത്തുകയും ആവാം. പക്ഷെ ഇടയ്ക്ക് ഇതുപോലെ ഉള്ളിലെ യാഥാസ്ഥിതികനായ പുരുഷൻ പുറത്തെത്താതെ നോക്കണം എന്ന് മാത്രം!

സ്ത്രീയുടെ ഇഷ്ടത്തോടെയുള്ള രതിയിൽ നിന്നും മിടുക്കരായ ആൺമക്കൾ ജനിക്കും എന്ന എഴുത്തുകാരന്റെ പ്രസ്താവന ആവിഷ്കാര സ്വാതന്ത്ര്യമെന്നോ, എപ്പോഴും സ്ത്രീപക്ഷമെന്ന് തോന്നിക്കും വിധം സംസാരിക്കുക എന്ന കച്ചവട മൂല്യമുള്ള വിപണന തന്ത്രമെന്നോ തള്ളിക്കളയാൻ ആവില്ല. ഒരു പുരുഷന്റെ വീക്ഷണത്തിൽ എത്ര അബന്ധജടിലമായാണ് സ്ത്രീ ശരീരവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉരുത്തിരിയുന്നത് എന്ന് ഇവിടെ വ്യക്തമായി കാണാം. നല്ല രതിയിൽ നിന്ന് നല്ല കുഞ്ഞുങ്ങൾ - ആൺ കുഞ്ഞുങ്ങൾ - പിറവികൊള്ളും എന്ന് വിശ്വസിക്കുകയും, അത്‌ ഒരു ശങ്കയും കൂടാതെ വിളിച്ച് പറയുകയും ചെയ്യുന്നതോടെ റദ്ദ് ചെയ്യപ്പെടുന്നത് 'പ്രഹേളികാസ്വഭാവമുള്ള സ്ത്രീ ജീവിതാവിഷ്കാരം' എന്ന് അടിക്കുറിപ്പുള്ള സമുദ്രശിലയെന്ന നോവൽ കൂടിയാണ്. ആണെത്ര കെട്ടിച്ചമച്ചാലും സ്ത്രീത്വം എന്നത് അവന്റെ എല്ലാ ചമത്ക്കാരങ്ങൾക്കും അപ്പുറം കുതറി മാറി നിൽക്കും എന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നുണ്ട് സുഭാഷ് ചന്ദ്രന്റെ ഈ അഭിമുഖം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Read Azhimukham: ഹീറോ അല്ല ഷീറോ; അപമാനിക്കപ്പെട്ടവരില്‍നിന്ന് അംഗീകാരം പൊരുതി നേടിയെടുത്ത ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ കൂട്ടായ്മയുടെ വിജയം


Next Story

Related Stories