UPDATES

കെയ് ബെനഡിക്ട്

കാഴ്ചപ്പാട്

Perspective

കെയ് ബെനഡിക്ട്

ട്രെന്‍ഡിങ്ങ്

സുബ്രഹ്മണ്യന്‍ സ്വാമി വെളിപ്പെടുത്തുന്ന ധ്രുവീകരണ അജണ്ട; അപ്പോള്‍ കളിയിനി 2019-ല്‍ കാണാം

നാലു കൊല്ലങ്ങള്‍ കഴിയുമ്പോള്‍ ചോദ്യങ്ങള്‍ ഏറെ ഉയരുന്നുണ്ട്; മോദിയുടെ വികസന മുദ്രാവാക്യം വെറും തട്ടിപ്പായിരുന്നോ, വര്‍ഗീയ ധ്രുവീകരണമായിരുന്നുവോ യഥാര്‍ത്ഥ ലക്ഷ്യം? മറ്റാരുമല്ല, മുതിര്‍ന്ന ബി ജെ പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയാണ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്

2019-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബി ജെ പിയുടെയും നരേന്ദ്ര മോദിയുടെയും പ്രചാരണ അടിത്തറ എന്തായിരിക്കും? മോദിയെ വികാസ പുരുഷനായി പൊക്കിക്കാട്ടിയ 2014-ലെ തെരഞ്ഞെടുപ്പില്‍ വികസനവും അഴിമതിയുമായിരുന്നു രണ്ടു പ്രധാന തെരഞ്ഞെടുപ്പ് വിഷയങ്ങള്‍. ഈ രണ്ടു വിഷയങ്ങള്‍ക്കും ഇപ്പോള്‍ തിളക്കം നഷ്ടപ്പെട്ടിരിക്കുന്നു. വികസനം അഥവാ ‘സബ്കാ സാത്, സബ്കാ വികാസ്’ എന്നത് സാധാരണക്കാരിലേക്ക് എത്തിയില്ല അഴിമതി മുദ്രാവാക്യത്തിന് പണ്ടത്തെ പൊലിപ്പുമില്ല. ലോക് പാല്‍ ബില്‍ നിയമമാക്കാതെയും തൃണമൂല്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ് കക്ഷികളിലെ അഴിമതിക്കാരായ നേതാക്കളെ കൂടെച്ചേര്‍ത്തും, ബെല്ലാരി റെഡ്ഡി സഹോദരന്മാര്‍, ബി എസ് യെദ്യൂരപ്പ എന്നിവരെ മുന്നില്‍ നിര്‍ത്തിയും, അഴിമതി കേസുകളില്‍ കുരുങ്ങിക്കിടക്കുന്ന വൈ എസ് ആര്‍ കോണ്‍ഗ്രസിന്റെ ജഗ്മോഹന്‍ റെഡ്ഡിയുമായി സഖ്യത്തിന് ശ്രമിച്ചുമൊക്കെ ബി ജെ പി തങ്ങളുടെ അഴിമതി വിരുദ്ധ വാചകമടിയുടെ പൊള്ളത്തരം വെളിവാക്കിയിരിക്കുന്നു.

നാലു കൊല്ലങ്ങള്‍ കഴിയുമ്പോള്‍ ചോദ്യങ്ങള്‍ ഏറെ ഉയരുന്നുണ്ട്; മോദിയുടെ വികസന മുദ്രാവാക്യം വെറും തട്ടിപ്പായിരുന്നോ, വര്‍ഗീയ ധ്രുവീകരണമായിരുന്നുവോ യഥാര്‍ത്ഥ ലക്ഷ്യം? മറ്റാരുമല്ല, മുതിര്‍ന്ന ബി ജെ പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയാണ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്: ഒരു സമയത്ത് കാര്യങ്ങള്‍ ശക്തിയായി നിയന്ത്രിച്ചുകൊണ്ടിരുന്ന മോദി, കോര്‍പ്പറേറ്റുകളെയും വലതുപക്ഷ സാമ്പത്തികവിദഗ്ധരെയും വരെ അമ്പരപ്പിച്ചുകൊണ്ട്, പ്രത്യയശാസ്ത്രബന്ധിതമായ വഴിയിലേക്ക് പോവുകയായിരുന്നു. 2014-നു ശേഷമുള്ള പല നിയമസഭാ തെരഞ്ഞെടുപ്പുകളിലും വികസനത്തിന് പകരം വിഭാഗീയതയായിരുന്നു അജണ്ട. മോദിയുടെ സ്വന്തം തട്ടകമായ ഗുജറാത്തില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പോലും മോദി വികസനത്തിലല്ല വര്‍ഗീയ ആഖ്യാനങ്ങള്‍ക്കാണ് ഊന്നല്‍ കൊടുത്തത്. 2015-ല്‍ ബിഹാറിലും 2018-ല്‍ കര്‍ണാടകയിലും ഇതുതന്നെയാണ് നടന്നത്. ഈ വര്‍ഗീയ ധ്രുവീകരണം 2012-ല്‍ തന്നെ ശ്രദ്ധാപൂര്‍വം ആസൂത്രണം ചെയ്ത ഒന്നായിരുന്നു എന്നാണ് സ്വാമി വെളിപ്പെടുത്തുന്നത്. മെയ് 5-ലെ ഒരു ടെലിവിഷന്‍ പരിപാടിയിലാണ് ഒരു കുലുക്കവുമില്ലാതെ സ്വാമി ഇക്കാര്യം പറഞ്ഞത്.

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വിജയതന്ത്രം തിരിച്ചിടുകയായിരുന്നു ബി ജെ പിയുടെ തന്ത്രമെന്ന് സ്വാമി പറഞ്ഞു. അതായത് ന്യൂനപക്ഷത്തെ ഭിണിപ്പിക്കുകയും ഹിന്ദുക്കളെ ഒന്നിപ്പിക്കുകയും ചെയ്യുക. അതേ ‘ഹിന്ദുത്വ’ തന്ത്രം തന്നെയാണ് 2019-ലെ തെരഞ്ഞെടുപ്പിലും ഉപയോഗിക്കാന്‍ പോകുന്നത്. എന്തുകൊണ്ടാണ് ബി ജെ പി മുന്‍കാലത്തേക്ക് നോക്കുന്നതെന്നും അതിന്റെ ശ്രദ്ധ മുഴുവന്‍ ചരിത്രത്തില്‍ കേന്ദ്രീകരിച്ചിരിക്കുന്നതെന്നുമുള്ള ചോദ്യത്തിന് അയാള്‍ ഇങ്ങനെയാണ് മറുപടി പറഞ്ഞത്; “ഞാന്‍ 1952 മുതലുള്ള തെരഞ്ഞെടുപ്പുകള്‍ പഠിച്ചു, സാമ്പത്തിക വിഷയങ്ങള്‍ വളരെ അപ്രധാനമായാണ് വന്നത്.” മുന്‍ പ്രധാനമന്ത്രിമാരായ നരസിംഹ റാവു, ഇന്ദിരാഗാന്ധി, വാജ്പേയി എന്നിവരെ പരാര്‍ശിച്ചുകൊണ്ട്, ‘ആധുനിക’ പ്രതിച്ഛായകൊണ്ട് വലിയ ഉപയോഗമില്ലെന്നും “ഹിന്ദുത്വവും അഴിമതിയും പറഞ്ഞില്ലെങ്കില്‍ ബി ജെ പി അണികളില്‍ ആവേശമുണ്ടാക്കാന്‍ കഴിയില്ലെന്നും” അയാള്‍ പറഞ്ഞു. മോദിക്ക് ‘ആധുനിക’ പരിവേഷമില്ലാത്തത് ബി ജെ പിയെ സഹായിച്ചു എന്നാണോ അയാള്‍ ഉദ്ദേശിച്ചത് എന്നു വ്യക്തമല്ല.

പതിവുപോലെ സ്വയം പുകഴ്ത്തിക്കൊണ്ട് സ്വാമി പറഞ്ഞു, “ഞാന്‍ ഇന്ന് ബി ജെ പിയില്‍ ഉണ്ടാകില്ലായിരുന്നു… ഞാന്‍ രാം ജെത് മലാനിയെയോ അരുണ്‍ ഷൂരിയെയോ മറ്റ് പലരെയും പോലെ ആകുമായിരുന്നു, പക്ഷേ എനിക്കു ബി ജെ പിക്കുള്ളില്‍ നിന്നും വലിയ പിന്തുണയുണ്ട്, അതുകൊണ്ടാണ് ഞാനിതൊക്കെ പറഞ്ഞാലും നിന്നുപോകുന്നത്.”

“നമ്മുടെ വിശകലനം, സംഘ ബുദ്ധിജീവികള്‍ എന്നു വിളിക്കുന്നവരുടെ, വര്‍ഷങ്ങളായി കോണ്‍ഗ്രസ് വിജയിക്കുന്നത് ഹിന്ദു സമുദായത്തില്‍ ഭിണിപ്പുണ്ടാക്കിയും ന്യൂനപക്ഷങ്ങളെ ഒന്നിപ്പിച്ചുമാണ്. ഞങ്ങള്‍ എത്തിയ അന്തിമ നിഗമനം, 2012-ല്‍ ഒരു യോഗത്തില്‍, നമ്മളിത് തിരിച്ചിടാന്‍ തീരുമാനിച്ചു. ഹിന്ദുത്വത്തോടുള്ള ഞങ്ങളുടെ ആഹ്വാനം കൃത്യമായി തിരിച്ചറിയപ്പെട്ടു, തുടര്‍ന്നാണ് ഈ ‘ഹിന്ദു ഭീകരത’ ഉണ്ടാകുന്നത്, എല്ലാ ഉയര്‍ന്ന നേതാക്കളെയും (ആര്‍ എസ് എസ്) തടവിലാക്കും എന്ന ഭീഷണിപോലും ഉണ്ടായിരുന്നു… “Deterrence Against Terrorism” എന്ന പുസ്തകം എഴുതിയതിന് ശ്രീ ചിദംബരം എന്റെ പേരില്‍ വാറണ്ട് വരെ പുറപ്പെടുവിച്ചു. നമ്മള്‍ കഴിയാവുന്നത്ര ഹിന്ദുക്കളെ ഒന്നിപ്പിക്കണമെന്നും ന്യൂനപക്ഷങ്ങളെ ഭിന്നിപ്പിക്കണമെന്നുള്ള വികാരം വളരെ ശക്തമായിരുന്നു, ആ പ്രക്രിയ ഇപ്പോഴും തുടരുകയാണ്. മുതലാഖ് മുസ്ലീങ്ങളിലെ സ്ത്രീകളെയും പുരുഷന്മാരെയും ഭിന്നിപ്പിച്ചു, യു പിയില്‍ നമ്മള്‍ അത് കണ്ടു. കോണ്‍ഗ്രസ് ജാതിയുടെ പേരില്‍ ഹിന്ദുക്കളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണ്, അത് കൂടുതല്‍ അപകടകരമാണ്, ഞങ്ങള്‍ ജാതി അപ്രധാനമാണ് എന്നു പറഞ്ഞുകൊണ്ടു ഹിന്ദുക്കളെ ഒന്നിപ്പിക്കുകയാണ്, ഹിന്ദുമതം അപകടത്തിലാണ് എന്നതാണു പ്രധാനം… 2019-ല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ അത് ഞങ്ങളെ സംബന്ധിച്ചു ദുരന്തമാണ്, അതുകൊണ്ട് 2019-ല്‍ ഹിന്ദുത്വ തന്നെയാകും നടക്കുക,” സ്വാമി പറഞ്ഞു.

2019-നുള്ള അജണ്ട റെഡി; ‘ഹിന്ദു ഉണരണം, നമുക്ക് വേറെവിടെയും പോകാനില്ല’- മോഹന്‍ ഭാഗവത്

ബൌദ്ധികമായ സത്യസന്ധതയില്ലായ്മയെന്നോ അസംബന്ധ താരതമ്യം എന്നോ വിളിക്കാം, രാഷ്ട്രീയ നിരീക്ഷകന്‍ സന്‍ജയ് ബാര്‍ മാത്രമാണു ആ പരിപാടിയില്‍ ഹിന്ദുത്വ പദ്ധതിയെ അംഗീകരിച്ചത്, “സ്വാമി പറഞ്ഞത് സത്യസന്ധമാണെന്ന് ഞാന്‍ കരുതുന്നു… അണികളെ സംഘടിപ്പിക്കാന്‍ ഏത് രാഷ്ട്രീയകക്ഷിയിലായാലും നിങ്ങള്‍ക്ക് പ്രത്യയശാസ്ത്ര പ്രതിബദ്ധത ആവര്‍ത്തിക്കേണ്ടിവരും. ഉദാഹരണത്തിന് ഇടതുപക്ഷം- അണികള്‍ക്കുള്ള സന്ദേശം എപ്പോഴും കടുത്ത മാര്‍ക്സിസമാണ്, പക്ഷേ അത്ര പ്രതിബദ്ധതയില്ലാത്ത വോട്ടുകള്‍ കിട്ടാന്‍ നിങ്ങള്‍ക്ക് ഭാവിയെക്കുറിച്ച് സംസാരിക്കേണ്ടിവരും, പ്രതീക്ഷകള്‍ സംബന്ധിച്ച പ്രശ്നങ്ങള്‍, അപ്പോള്‍ നിങ്ങളുടെ അണികളെ ആകര്‍ഷിക്കുന്ന ഒരു തറയും പൊതുജനത്തിനായി മറ്റൊരു തറയും ഉണ്ടാകുന്നത് വൈരുദ്ധ്യമല്ല. അത് പ്രത്യയശാസ്ത്രബദ്ധരായ രാഷ്ട്രീയകക്ഷികള്‍ ചെയ്യുന്ന ഒരു കാര്യമാണ്. ഉദാഹരണത്തിന് ജാതി അടിസ്ഥാനത്തിലുള്ള രാഷ്ട്രീയകക്ഷികളെടുക്കൂ, മുലായം സിംഗ് യാദവ്, ആദ്യം അദ്ദേഹത്തിന് യാദവരോടും പിന്നെ മുസ്ലീങ്ങളോടും അഭ്യര്‍ത്ഥിക്കണം. ദളിത് വോട്ടുകളോ മറ്റ് വോട്ടുകളോ ഉണ്ടാകട്ടെ, യാദവര്‍ കൈവിട്ടാല്‍ അയാളില്ല.” ഒരു ബുദ്ധിപരമായ താരതമ്യമല്ല; സമാജ് വാദി കക്ഷിയോ ഇടതുപക്ഷമോ മറ്റ് പൌരന്‍മാര്‍ക്കെതിരെ വെറുപ്പ് പടര്‍ത്തുകയോ, ഭൂരിപക്ഷവാദം പറയുകയോ, ഭരണഘടന മാറ്റുന്നതിനെക്കുറിച്ച് സംസാരിക്കുകയോ ചെയ്തിട്ടുണ്ടോ?

2012-2014 കാലഘട്ടത്തില്‍ ഉണ്ടായ സംഭവവികാസങ്ങള്‍ സ്വാമിയുടെ വെളിപ്പെടുത്തലിനെ ശരിവെക്കും. India Against Corruption, Save Democracy, Rashtriya Sainik Sanstha, Youth For Democracy, Truth about India Corruption,തുടങ്ങി കോണ്‍ഗ്രസ് വിരുദ്ധ ആക്രമണത്തിനായി അനവധി വെബ്സൈറ്റുകളും സംഘങ്ങളും ഉണ്ടായി. അതിനൊക്കെ ധാര്‍മിക സാധുത നല്കാന്‍ അണ്ണാ ഹസാരെയും അരവിന്ദ് കേജ്രിവാളും വന്നു. അഴിമതിക്കെതിരായ ഒറ്റമൂലിയായി ലോകപാലിനെ ആവശ്യപ്പെട്ട് ഹസാരെ സത്യാഗ്രഹം നടത്തി. ആ തന്ത്രം വന്‍ വിജയമായിരുന്നു. ബോളിവുഡ് താരങ്ങള്‍, കോര്‍പ്പറേറ്റ് മേധാവികള്‍ മുതല്‍ കോര്‍പ്പറേറ്റ് വിരുദ്ധ സാമൂഹ്യ പ്രവര്‍ത്തകരായ മേധാ പട്കറും, കമ്മ്യൂണിസ്റ്റുകാരും, ക്രിസ്ത്യന്‍ പള്ളിക്കാരും എല്ലാം ജന്തര്‍ മന്തറിലെത്തി. ബാക്കി ചരിത്രമാണ്. കേജ്രിവാള്‍ മുഖ്യമന്ത്രിയായി, കിരണ്‍ ബേദി ഗവര്‍ണറായി, മറ്റ് ചില കുരിശ് യുദ്ധക്കാര്‍-മാധ്യമ പ്രവര്‍ത്തകരടക്കം- ബി ജെ പി ഭരണത്തില്‍ വേണ്ടപോലെ പരിഗണിക്കപ്പെട്ടു. ലോക്പാലിന് മാന്യമായ ശവമടക്ക്, അഴിമതി പൂര്‍വാധികം ഭംഗിയായി നടക്കുന്നു; അപ്പോള്‍ കളിയിനി 2019-ല്‍ കാണാം.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കര്‍ണാടകം: ജനവിധികളുടെ മോഷണകല-ഹരീഷ് ഖരെ എഴുതുന്നു

ഈ സഖ്യം 2019-ലേക്ക് നീണ്ടാല്‍ മോദി പിന്നെ ചരിത്രം മാത്രമാകും

കെയ് ബെനഡിക്ട്

കെയ് ബെനഡിക്ട്

ഡല്‍ഹിയില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. പ്രമുഖ മാധ്യമങ്ങള്‍ക്ക് വേണ്ടി രാഷ്ട്രീയം, പാര്‍ലമെന്‍റ്, പൊതു തിരഞ്ഞെടുപ്പ് എന്നിവ കൈകാര്യം ചെയ്തിട്ടുണ്ട്. കാരവന്‍ മാസികയില്‍ മാധ്യമ പ്രവര്‍ത്തന ജീവിതം ആരംഭിച്ചു. പിന്നീട് ദി ഇന്ത്യന്‍ എക്സ്പ്രസ്സ്, ഏഷ്യന്‍ ഏജ്, ദി ടെലഗ്രാഫ്, ഡിഎന്‍എ , ഇന്ത്യാ ടുഡെ, ക്വിന്‍റ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ സ്വന്തന്ത്ര മാധ്യമ പ്രവര്‍ത്തകന്‍. കോട്ടയം സ്വദേശിയാണ്

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍