കിടക്കയില്‍ ശവാസനമനുഷ്ഠിക്കുന്ന മലയാളിപ്പെണ്ണുങ്ങളെ, സണ്ണി ലിയോണിനെയാണ് നിങ്ങളുടെ കണ്‍കണ്ട ദൈവങ്ങള്‍ക്കിഷ്ടം

Print Friendly, PDF & Email

സ്ത്രീ ശരീരത്തെ കുറിച്ചുള്ള എല്ലാ ധാരണകളും നഗ്നമായ പെണ്ണുടലിനോടോ അല്ലങ്കില്‍ അനാവൃതമാകുന്ന ആ ശരീരഭാഗങ്ങളെ ചുറ്റിപ്പറ്റിയുള്ള ആവലാതികള്‍ മാത്രമായ സമൂഹത്തില്‍ നഗ്നമായ ആ പെണ്ണുടല്‍ ഒരു രാഷ്ട്രീയമാണ്

പ്രീത ജി.പി

പ്രീത ജി.പി

A A A

Print Friendly, PDF & Email

ഒരുച്ചയുറക്കത്തില്‍ നിന്നു വിളിച്ചുണര്‍ത്തിയ ഫോണ്‍കോളിന്റെ അങ്ങേത്തലക്കല്‍ അഴിമുഖത്തില്‍ നിന്നാണന്നും, സണ്ണി ലിയോണിന്റെ വരവുമായി ബന്ധപ്പെട്ടു നിങ്ങളിട്ട പോസ്റ്റിനെ ഒന്നു വിപുലമാക്കി, മലയാളി സദാചാരവുമായി ബന്ധപ്പെടുത്തി എഴുതി തരണമെന്നുമായിരുന്നു ആവശ്യം. എന്നിലെ മടിച്ചി ആദ്യം പറഞ്ഞ മറുപടിയുടെ അര്‍ത്ഥം ‘എനിക്കു പറ്റില്ലാ’യെന്നായിരുന്നു. പിന്നീടു ഏതായാലും ഉറക്കം മുറിഞ്ഞ സ്ഥിതിക്ക് മൊബൈലുമായി എഴുതാനിരുന്നു.

സണ്ണി ലിയോണിന്റെ വരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ഒന്നും ശ്രദ്ധിച്ചിരുന്നില്ല. അവര്‍ എവിടെ വരുന്നു, എന്തിനു വരുന്നു ഇതൊന്നും എനിക്കറിയില്ലായിരുന്നു. താത്പര്യം തോന്നിയില്ലയെന്നതാണ് സത്യം. എങ്കിലും ന്യൂസ് ഫീഡില്‍ പ്രത്യക്ഷപ്പെട്ട ചില പോസ്റ്റുകളില്‍ നിന്നും അവരുടെ വരവ് അറിഞ്ഞു.

അവര്‍ വന്നതിനു ശേഷമുള്ള ചില പോസ്റ്റുകളും വാര്‍ത്തകളും അവയിലെ പരിഹാസവുമൊക്കെയാണ് ഇന്നിട്ട കുറിപ്പിനാധാരം.

സണ്ണിയെ ഞാന്‍ അറിഞ്ഞു തുടങ്ങിയിട്ട് ഒരുപാട് കാലമൊന്നുമായിട്ടില്ല. അല്ലെങ്കില്‍ ഫേസ്ബുക്കിലൂടെയാണ് സണ്ണിയെന്ന സ്ത്രീയെ അറിഞ്ഞത് എന്നാണെന്റെയോര്‍മ്മ. ഭര്‍ത്താവുമൊത്ത് ഏതോ കാലത്തു കണ്ട ഒരു ബ്‌ളൂ ഫിലിം ഉണ്ടാക്കിയ ഓക്കാനത്തിനു ശേഷം ഞാന്‍ പോണ്‍/ബ്ലൂ വിഭാഗത്തിലുള്ള ഒന്നും കാണാന്‍ മെനക്കെട്ടിട്ടില്ല. ഒരുപക്ഷേ പുരുഷ കാമനകളെ തൃപ്തിപ്പെടുത്തുന്ന അതിന്റെ പ്രത്യേകതയാകാം കാരണം.

‘സണ്ണി ചേച്ചി’യെന്ന പരിഹാസങ്ങളില്‍ നിന്നാണ് ആരാണിവര്‍ എന്നന്വേഷിച്ചത്. ഗൂഗിളില്‍ നിന്നും വിശദമായിത്തന്നെയറിഞ്ഞു. ഹെട്രോസെക്ഷ്വലായിരിക്കത്തന്നെ ഒരു ആണ്‍ശരീരത്തിലേക്ക് നോക്കുന്നതിനേക്കാള്‍ ആഹ്ലാദം ഒരു നഗ്നമായ പെണ്‍ശരീരമാണെന്നത് എന്നെ തന്നെ അതിശയിപ്പിച്ചിട്ടുണ്ട്. അതൊരുപക്ഷേ സ്ത്രീയെന്ന നിലയില്‍ അടിച്ചേല്‍പ്പിക്കപ്പെട്ട ലൈംഗിക സദാചാരത്തിന്റെ പാര്‍ശ്വഫലമാകാം. അല്ലെങ്കില്‍ മനുഷ്യ ലൈംഗികതയ്ക്ക് ഒരു ഏകമാന സ്വഭാവവും ഇല്ലല്ലോ. പക്ഷേ ഇന്നെനിക്ക് (സ്വതന്ത്രയായ) സ്ത്രീയെന്ന നിലയില്‍ ആണ്‍ശരീരത്തെ, അതിന്റെ ഭംഗികളെ ആസ്വദിക്കാന്‍, ലൈംഗികതയെന്ന ജന്തു പരിണാമവാസനയെ മറ്റൊന്നായി ആസ്വദിക്കാന്‍ കഴിയുന്നു. എന്തായാലും ആ പെണ്ണുടല്‍ എനിക്ക് കാഴ്ചയുടെ ആഹ്ലാദങ്ങളെ തന്നിട്ടുണ്ട്.

ചുരുക്കിപ്പറഞ്ഞാല്‍ കഴിഞ്ഞ മൂന്നു നാലു കൊല്ലങ്ങള്‍ക്കിടയിലാണ് എന്റെ ലൈംഗിക താത്പര്യമെന്ന രീതിയില്‍ ഇപ്പറഞ്ഞ ദൃശ്യ ആവിഷ്‌കാരങ്ങള്‍ കണ്ടുതുടങ്ങിയതും ആ സ്ത്രീയെന്നെ അതിശയിപ്പിച്ചതും. പോണ്‍ ഇന്‍ഡസ്ട്രിയിലെ ചൂഷണങ്ങളെ കുറിച്ചുള്ള വേവലാതികള്‍ ഇല്ലാതെ ഞാന്‍ കണ്ടു. അവര്‍ സ്വ ഇഷ്ടത്തോടെ ചെയ്യുന്നതല്ലേയെന്ന ആശ്വാസത്തില്‍. എന്തായാലും ആ കാഴ്ചകള്‍ എന്നെ മടുപ്പിച്ചു എന്നതും നേര്. എന്റെ ഉള്ളിലെ ലൈംഗിക താത്പര്യങ്ങള്‍ മറ്റു ചിലത് ആയതു കൊണ്ടാകും വൈകാരിക അടുപ്പമില്ലാത്ത ഇത്തരം ദൃശ്യങ്ങള്‍ എനിക്കാരോചകമായി തോന്നുന്നത്.

ഇവിടെ വിഷയം സണ്ണിയുടെ വരവും മലയാളി ആണ്‍ബോധ സദാചാരവുമാണല്ലോ. അവിടെ തടിച്ചുകൂടിയ ജനത്തെ കുറിച്ച് സദാചാര നിലപാടുകളുമായി ചേര്‍ത്ത് അനുകൂലവും പ്രതികൂലവുമായ വിശകലനങ്ങള്‍ കണ്ടു. പക്ഷേ ലൈംഗിക സദാചാരവുമായി ബന്ധപ്പെട്ട് അനുദിനം പരുഷമായി കൊണ്ടിരിക്കുന്ന ഒരു സമൂഹത്തില്‍ അവിടെ തടിച്ചു കൂടിയ ആണ്‍കൂട്ടങ്ങള്‍ മലയാളിയുടെ കപട സദാചാരത്തിന്റെ ഒരു മുഖമായി മാത്രമേ എനിക്കു തോന്നിയുള്ളു. നഗ്നമായി മാത്രം കാണപ്പെട്ട ആ പെണ്ണുടലിനെ അങ്ങേയറ്റം പുച്ഛത്തോടെ തന്നെയാകും അവര്‍ കണ്ടിരിക്കുക. ആ സ്ത്രീയെ ഒരു സമഗ്ര വ്യക്തിത്വമായി അംഗീകരിച്ചാണ് ഇത്രയും ആണ്‍കൂട്ടങ്ങള്‍ അവിടെയെത്തിയതെങ്കില്‍ കേരള പൊതുസമൂഹം എന്തുകൊണ്ട് ഇപ്പോഴും വെളിച്ചം കടക്കാത്ത സദാചാര അറകള്‍ നിറഞ്ഞ സമൂഹമായി നിലകൊള്ളുന്നു എന്നാലോചിക്കേണ്ടതുണ്ട്‌.

‘സണ്ണി ചേച്ചി’യെന്ന അഭിസംബോധനയില്‍ത്തന്നെയുണ്ടാ പുച്ഛം. പ്രായഭേദമില്ലാതെ കേരളത്തിലെ പുരുഷാരം എന്തുകൊണ്ടാണ് ചേച്ചി ചേര്‍ത്ത് അഭിസംബോധന ചെയ്യുന്നത്. ലൈംഗികാനുഭവങ്ങളുമായി ബന്ധപ്പെട്ട് കുടുംബത്തിനു പുറത്തുള്ള സ്ത്രീ, അവളെ ചേച്ചിയെന്നു ചേര്‍ത്തു വിളിക്കുന്ന മലയാളി ആണത്ത ബോധത്തിന്റെ അടിസ്ഥാനമെന്താണ്?

സണ്ണിയെ കാണാന്‍ കൊച്ചിയിലേക്കൊഴുകിയെത്തിയ ആണ്‍കുട്ടങ്ങള്‍ നല്‍കുന്ന സൂചനകള്‍ ഹിതകരമായ സാമൂഹിക മാറ്റമാണെന്നുള്ള തരത്തില്‍ ചില അഭിപ്രായങ്ങള്‍ കണ്ടു. അധ്യാപകര്‍, മതസ്ഥാപനങ്ങളുമായി ബന്ധപ്പെട്ടവര്‍, ജനപ്രതിനിധികള്‍, കമ്യൂണിസ്റ്റ് പുരോഗമന വാദികള്‍ ഇങ്ങനെ ചില വിഭാഗങ്ങളെ ഒഴിച്ചു നിര്‍ത്തിയാല്‍ സമൂഹത്തില്‍ എവിടെയാണ് പുരുഷന് പോണ്‍ കാണുന്നതിനും പോണ്‍ സ്റ്റാറിനെ കാണുന്നതിനുമൊക്കെ തടസ്സം? പിടിക്കപ്പെടാത്ത ‘അവിഹിത’ ബന്ധങ്ങളിലെ മിടുക്കനെപ്പോലെ, ഇതൊക്കെ അവരുടെ മിടുക്കല്ലേ. ആണ്‍ബോധ സമൂഹത്തില്‍ കൃത്യമായി അനുവദിച്ചു കിട്ടിയ പ്രിവിലേജല്ലേ? ചെളിവെള്ളത്തില്‍ ചവിട്ടാന്‍ സാധ്യതയുള്ള ‘അവന്‍’; അവന്റെ പ്രിവിലെജ് ആണിതൊക്കെ.

പ്രേമിക്കുന്ന സ്ത്രീയെ, ലെഗിന്‍സ് ധരിക്കുന്ന സ്ത്രീയെ, ഇഷ്ടവസ്ത്രം ധരിക്കുന്ന പെണ്ണിനെയൊക്കെ പൊതുബോധ സദാചാര അളവുകോല്‍ കൊണ്ടു വിചാരണ നടത്തി, ‘അവള്‍ ശരിയല്ല’ എന്ന ഒറ്റവരി തീര്‍പ്പിലെത്തുന്ന അതേ പുരുഷനല്ലേ അവിടെ തടിച്ചുകൂടിയതും, ആ ‘ചരക്കി’നെ ഒന്നു കാണാനെത്തിയതും. തന്റെ കാമമെന്ന പരിണാമ വികാരത്തെ അടിച്ചമര്‍ത്തിയ സമൂഹത്തില്‍, തന്റെ കാമത്തിനു ശമനം നല്‍കിയ സ്ത്രീ ശരീരത്തെ ഈ കൂട്ടങ്ങള്‍ സ്‌നേഹിക്കുന്നുണ്ടോ? ആദരിക്കുന്നുണ്ടോ? സ്വന്തം ശരീരത്തേയും അതിന്റെ കാമനകളേയും പാപമായി കരുതുന്ന, പാപകര്‍മ്മം പോലെ ഒളിച്ചുചെയ്യുന്ന ഒരു കര്‍മ്മത്തിലെ പങ്കാളിയോടുള്ള വികാരം എന്തായിരിക്കും. തെറ്റായ പ്രവൃത്തിയിലെ പങ്കാളിയോട്, തെറ്റു ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ഒരാള്‍ എന്നാവുമോ? തെറ്റുകളുടെ മുഴുവന്‍ ഉത്തരവാദിത്വവും ആരോപിക്കപ്പെട്ട ഒരു പെണ്ണുടല്‍.

മലയാളി പുരുഷന്റെ ലൈംഗിക സദാചാരവും കാപട്യവും ഒരു ഗവേഷണത്തിനുള്ള വിഷയമുണ്ട്. അത്ര കണ്ടു കപടമാണത്. സ്ത്രീക്കും പുരുഷനും ഒറ്റയ്ക്കിരുന്നു സംസാരിക്കാന്‍ സാധ്യമല്ലാത്ത ഈ ഇടത്തില്‍, ഒരായിരം തുറിച്ചു നോട്ടങ്ങള്‍ കൊണ്ട് ലൈംഗികമാനങ്ങളുണ്ടന്നവര്‍ സംശയിക്കുന്ന ബന്ധങ്ങളെ തഴയുമ്പോള്‍, ഏതുതരം സ്ത്രീ പുരുഷ ബന്ധങ്ങളും ലൈംഗികതയുമായി ചേര്‍ത്തു നിര്‍ത്തി അസാധ്യമാക്കുമ്പോള്‍, ഈ തടിച്ചുകൂടിയ ആണ്‍കൂട്ടങ്ങളുടെ വികാരം ആ ‘പീസി’നെ ഒന്നു നേരില്‍ കാണുക മാത്രമല്ലേ? ഇഷ്ടമില്ലാത്ത പെണ്ണിനെ, സ്വാതന്ത്ര്യബോധമുള്ള പെണ്ണിനെയൊക്കെ വേശ്യ എന്നു വിളിച്ചു നാവടപ്പിക്കാന്‍ ശ്രമിക്കുന്ന മലയാളി പുരുഷന്‍ പോണ്‍ സ്റ്റാറിനെ കണ്ടതുപോലും ടെറിറ്ററിക്ക് പുറത്തുള്ളവള്‍ അല്ലങ്കില്‍ തന്റെ അധികാര പരിധിക്കു പുറത്തുള്ളവളെന്ന ആശ്വാസത്തിലായിരിക്കില്ലേ? സ്വതന്ത്രയായ ഒരു പെണ്ണുടലിനെ അംഗീകരിക്കാന്‍ ഈ കൂട്ടങ്ങള്‍ക്കാകുമോ? ബലാത്സംഗത്തിലോ ലൈംഗികതിക്രമങ്ങളിലോ ഇരയാകുന്ന, പ്രതികരിക്കുന്ന സ്ത്രീയെ പോലും ഒരു സങ്കോചവുമില്ലാതെ victim blame നടത്തുന്ന രൂക്ഷമായ ഈ ആണ്‍ബോധ സമൂഹം എന്തിനായിരിക്കും സണ്ണിയെ കാണാന്‍ തടിച്ചു കൂടിയത്?

എന്തായിരുന്നാലും, ഇതു കേരളത്തിലെ സ്ത്രീകള്‍ക്കുള്ള പാഠമാണ്. ലൈംഗികത പാപമാണന്നു പഠിപ്പിച്ച്, ലൈംഗിക ആഹ്ലാദങ്ങള്‍ക്കുള്ള തിരഞ്ഞെടുപ്പുകള്‍ പോലുമില്ലാതെ, കിടക്കറയില്‍ ശവാസനമനുഷ്ഠിക്കുന്ന മലയാളിപ്പെണ്ണുങ്ങളെ, നിങ്ങളുടെ കണ്‍കണ്ട ദൈവങ്ങള്‍ക്ക് സണ്ണി ലിയോണിനെയാണിഷ്ടം. സ്വന്തം പങ്കാളിയോടു പോലും ലൈംഗിക ബന്ധത്തില്‍ മുന്‍കൈയെടുക്കാന്‍ പ്രാപ്തയല്ലാത്ത വിധം നിങ്ങളെ പരുവപ്പെടുത്തിയെടുത്ത ആണ്‍കോയ്മയുടെ ലൈംഗിക താത്പര്യങ്ങള്‍ അല്ലാതെ എന്താണന്നുള്ളത്? വീടിനുള്ളില്‍ എപ്പോഴും ലഭ്യമാകുന്ന പൊതുബോധ നിര്‍മ്മിതിയായ മാന്യസ്ത്രീ, ടെറിറ്ററിക്കുള്ളിലെ ഉത്തമയായ സ്ത്രീ, വീടിനു പുറത്ത് തങ്ങളുടെ അധികാര പരിധിയില്‍പ്പെടാത്തെ പിഴച്ച പെണ്ണും; മലയാളി പുരുഷന്റെ സ്ത്രീ സങ്കല്‍പം ഈ രണ്ടു ദ്വന്ദങ്ങളിലാണ്.

സണ്ണി, എനിക്കു നിങ്ങളെ ഇഷ്ടമാണ്; മനോഹരമായ ഉടലും. മനുഷ്യന് അവന്റെ തലച്ചോറിനേയും ബുദ്ധിയേയും ഉപയോഗിക്കാമെങ്കില്‍, കച്ചവടവത്കരിക്കാമെങ്കില്‍ ലൈംഗികതയേയും കച്ചവടവത്കരിക്കാം. ആവശ്യമുള്ളവര്‍ വാങ്ങി ആസ്വദിക്കട്ടെ. ആണുടലുകളും നഗ്നതയും കച്ചവടവത്കരിക്കപ്പെട്ട പുതിയ കാലത്ത് പെണ്ണുടലിനെ കുറിച്ചു മാത്രമെന്തിനു വേവലാതിപ്പെടണം. സ്ത്രീ ശരീരത്തെ കുറിച്ചുള്ള എല്ലാ ധാരണകളും നഗ്നമായ പെണ്ണുടലിനോടോ അല്ലങ്കില്‍ അനാവൃതമാകുന്ന അവളുടെ ശരീരഭാഗങ്ങളെ ചുറ്റിപ്പറ്റിയുള്ള ആവലാതികള്‍ മാത്രമായ സമൂഹത്തില്‍ നഗ്നമായ ആ പെണ്ണുടല്‍ ഒരു രാഷ്ട്രീയമാണ്. തടിച്ചു കൂടിയ ആ ആണ്‍കൂട്ടങ്ങളും…

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

പ്രീത ജി.പി

പ്രീത ജി.പി

കാലിക്കട്ട് സര്‍വകലാശാലയില്‍ ഫിലോസഫി വിദ്യാര്‍ത്ഥി

More Posts

Follow Me:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍