UPDATES

ട്രെന്‍ഡിങ്ങ്

നിങ്ങളാണ് മതപണ്ഡിതരേ, നീതിക്കു വേണ്ടി ഞങ്ങള്‍ സ്ത്രീകളെ കോടതി വരാന്തയില്‍ കാത്തുനിര്‍ത്തിച്ചത്‌

ബില്‍ക്കിസ് ബാനുവിനെയും കൗസര്‍ബിയെയും നീതി അര്‍ഹിക്കുന്നവരായി കണക്കാക്കാത്ത ഒരു ഭരണാധികാരി, യുപിയിലെ റാലിയില്‍ മുസ്ലിം സ്ത്രീകളുടെ മുതലാഖില്‍ കാണിച്ച രോഷവും സങ്കടവും സംശയാസ്പദമാണ്

വി യു അമീറ

വി യു അമീറ

മുത്തലാഖ് നിരോധിച്ചു കൊണ്ടുള്ള സുപ്രീം കോടതിയുടെ അഞ്ചംഗ ബഞ്ചിന്റെ വിധി തര്‍ക്കങ്ങള്‍ക്ക് വിരാമമിടുമോ അതോ വരും ദിവസങ്ങളില്‍ കൂടുതല്‍ വിവാദങ്ങള്‍ക്ക് വഴി വെക്കുമോ എന്ന് കാത്തിരുന്നു കാണേണ്ടതുണ്ട്. ഷാബാനു കേസില്‍ വിധി ന്യൂനപക്ഷ അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമെന്ന് വ്യാഖ്യാനിച്ചു കൊണ്ട് നിരത്തിലിറങ്ങിയവര്‍ ഈ മുത്തലാഖിനെതിരായ വിധിക്കെതിരെ ശബ്ദമുയര്‍ത്തുകയാണെങ്കില്‍ ഇവിടത്തെ മുസ്ലീം സ്ത്രീസമൂഹം പതിന്മടങ്ങ് വീര്യത്തോടെ തിരിച്ചു പറയും; അവരെ നീതിക്കായി കോടതി വരാന്തയില്‍ കാത്തു നിര്‍ത്തിയതിന് ഉത്തരവാദികള്‍ അവരുടെ മതമോ വിശ്വാസമോ അല്ല, സംരക്ഷകരുടെ കുപ്പായമണിഞ്ഞ രക്തദാഹികളായ സംഘപരിവാറോ ബിജെപിയോ അല്ല; മറിച്ച് ഖുര്‍ആനിലെ സൂക്തങ്ങള്‍ ശരിയായ ദിശയില്‍ വ്യാഖ്യാനിക്കാതെയും ഇന്ത്യന്‍ മുസ്ലിങ്ങളുടെ സവിശേഷ സാമൂഹികാവസ്ഥ പഠിക്കാതെയും ഏകപക്ഷീയവും സ്ത്രീവിരുദ്ധവുമായ ഒരു ആചാരത്തെ സംരക്ഷിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ഇവിടത്തെ മതപണ്ഡിതന്മാരാണെന്ന്.

യാഥാര്‍ഥ്യത്തില്‍ നിന്ന് അകന്ന് ദന്തഗോപുരവാസികളായ പുരോഹിതവര്യന്മാരെ ഇന്ത്യയിലെ മുസ്ലിം സ്ത്രീകളുടെ ഭാഗധേയം നിശ്ചയിക്കുവാന്‍ ആരും അധികാരപ്പെടുത്തിയിട്ടില്ല. മുസ്ലിം വ്യക്തി നിയമത്തെ അന്ധമായി ന്യായീകരിക്കാനുള്ള വ്യഗ്രതയില്‍ പുരുഷ കേന്ദ്രീകൃത സമൂഹത്തിന്റെ ഏതു താല്പര്യങ്ങളെ സംരക്ഷിക്കാനാണോ അവര്‍ ഇത്ര നാളും കച്ചകെട്ടിയിരുന്നത് ആ നിക്ഷിപ്ത താല്പര്യങ്ങള്‍ക്കുള്ള വ്യക്തമായ മറുപടിയാണ് കോടതി പുറപ്പെടുവിച്ചത്. എന്നാല്‍ മുത്തലാഖ് വിഷയത്തില്‍ ആദ്യത്തെ സ്ത്രീ വിരുദ്ധ നിലപാടുകള്‍ മാറ്റി ഈ കോടതി വിധിയെ സ്വാഗതം ചെയ്യുന്ന പക്വമായ പ്രതികരണമാണ് മുസ്ലിം പഴ്‌സണല്‍ ലോ ബോര്‍ഡ് അടക്കം നല്‍കിയിട്ടുള്ളത് എന്നത് ആശാവഹമാണ്.

സ്ത്രീകള്‍ സാമൂഹികരംഗത്ത് തന്റേതായ ഇടം കണ്ടെത്തുകയും പുരുഷനോളമോ അതിലേറയോ വിദ്യാഭ്യാസം നേടുകയും തൊഴിലെടുക്കുകയും കുടുംബം പുലര്‍ത്തുകയും ചെയ്യുന്ന ഒരു കാലഘട്ടത്തില്‍ പോലും ഏകപക്ഷീയമായ തലാഖ് പുരുഷന്റെ അവകാശമാണെന്നാണ് പലരും വാദിക്കുന്നത്. ശരീഅത്തനുസരിച്ച്, ഒറ്റയിരുപ്പില്‍ ഉള്ള മുത്തലാഖ് രീതി അഭിലഷണീയമല്ലെന്നും ക്രമവിരുദ്ധമാണെന്നും എല്ലാ മതപണ്ഡിതരും വിചാരധാരകളും ഏക സ്വരത്തില്‍ ആവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ അത് വിവാഹബന്ധം വേര്‍പ്പെടുത്താന്‍ കാരണമാകുമെന്ന പരസ്പര വിരുദ്ധമായ ‘ഫത്വ’വകളും പണ്ഡിതര്‍ പുറപ്പെടുവിക്കുന്നുണ്ട്. തന്നെയുമല്ല, എടുത്തു പറയത്തക്ക കാരണമൊന്നുമില്ലാതെ തലാഖ് ഉച്ചരിക്കപ്പെട്ടാല്‍ പോലും വിവാഹബന്ധം ശിഥിലമാകുകയും ചെയ്യും. വാട്‌സ് ആപ്പ് വഴിയോ മെസ്സേജ് വഴിയോ ഏക പക്ഷീയമായി മൂന്നു തലാഖ് ചൊല്ലി ഭാര്യയെ വിടുന്നതാണ് ഇസ്ലാമിക വിധി എന്നുള്ള തെറ്റിദ്ധാരണയെ അരക്കെട്ടുറപ്പിക്കുകയാണ് ഇതിലൂടെ അവര്‍ ചെയ്യുന്നത്.

ഇന്നത്തെ സ്ത്രീകള്‍ നിരക്ഷരരല്ല. മതവും ഭരണഘടനയും തങ്ങള്‍ക്ക് നല്‍കിയ അധികാരത്തെയും അവകാശങ്ങളെയും കുറിച്ച് ബോധവതികളാണവര്‍. മതത്തെ തെറ്റായും സ്വന്തം താല്‍പര്യങ്ങള്‍ക്ക് അനുസൃതമായും വ്യാഖ്യാനം ചെയ്ത് ഇനിയും ചൂഷണം തുടര്‍ന്നാല്‍ ഖുര്‍ആനും ശരീഅത്തും ഉയര്‍ത്തിക്കാട്ടി തങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടി മുസ്ലിം സ്ത്രീകള്‍ കോടതി കയറുക തന്നെ ചെയ്യും. ഭരണഘടന സ്വന്തം മതവിശ്വാസത്തെ മുറുകെ പിടിക്കാനുള്ള സ്വാതന്ത്ര്യം കൊടുത്തിരിക്കുന്നത് മുസ്ലിം പുരുഷന്മാര്‍ക്ക് മാത്രമല്ല, സ്ത്രീകള്‍ക്ക് കൂടിയാണ്! വ്യക്തിനിയമത്തിനു നേരെയുള്ള ഏത് കടന്നു കയറ്റവും പ്രതിരോധിക്കല്‍ മാത്രമാണ് തങ്ങളുടെ കടമ എന്ന് തെറ്റിദ്ധരിച്ച് സമുദായത്തില്‍ നിന്ന് ഉയരുന്ന ശബ്ദങ്ങളെ അവഗണിക്കുന്നത് ഗുണകരമാവില്ല. പകരം സമുദായത്തിലെ എല്ലാവരുടെയും ന്യായമായ അവകാശങ്ങള്‍ സംരക്ഷിക്കുന്ന നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യുക എന്ന നിലയിലേക്ക് സമുദായ സംഘടനകള്‍ സ്വയം ഉയരേണ്ടതുണ്ട്.

ശരീഅത്തില്‍ നിന്ന് വ്യതിചലിക്കാതെ നിലവിലുള്ള വ്യക്തിനിയമം പുനരവലോകനം ചെയ്തു പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ ഉണ്ടാകുന്ന പ്രത്യാഘാതം കണക്കിലെടുത്തു പ്രവര്‍ത്തിക്കുകയാണ് കടമ എന്ന് അവര്‍ തിരിച്ചറിയേണ്ടതുണ്ട്. മുസ്ലിം വ്യക്തി നിയമങ്ങള്‍ വിമര്‍ശിക്കപ്പെടുമ്പോള്‍ മനസിലാക്കേണ്ട കാര്യം, ശരീഅത്തിന്റെ വിധികള്‍ നടപ്പിലാക്കുന്നതില്‍ വന്നു ഭവിച്ച വീഴ്ചകള്‍ കൂടെയാണ്. അത് തിരുത്താത്തിടത്തോളം കാലം പൊതു സിവില്‍ കോഡ് അടിച്ചേല്‍പ്പിക്കുന്നത് തടയാനുള്ള ശ്രമങ്ങള്‍ ഫലവത്താകുകയില്ല. ബഹുഭാര്യാത്വവും മുത്തലാഖും ഉയര്‍ത്തിയാണ് മുസ്ലിം സ്ത്രീകളുടെ കണ്ണീര്‍ തുടയ്ക്കാന്‍ എന്ന വ്യാജേന സംഘപരിവാര്‍ – ആര്‍എസ്എസ് ശക്തികള്‍ പൊതു സിവില്‍ കോഡ് ചര്‍ച്ച വിഷയമാക്കുന്നത്. അതിനു തടയിടാനായെങ്കിലും മുസ്ലിം സമുദായം വീണ്ടുവിചാരം നടത്തേണ്ടതുണ്ട്. മുസ്ലിം വ്യക്തി നിയമം, ദൈവദത്തം എന്ന് പറഞ്ഞ് പരിഷ്കരണങ്ങളെ എതിര്‍ക്കുന്നവര്‍ ഓര്‍ക്കുക, ഇന്ത്യയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നത് ശരീഅത്തല്ല, ആംഗ്ലോ മുഹമ്മദന്‍ ലോ ആണ്. ഡിഎഫ് മുല്ല ക്രോഡീകരിച്ച മുഹമ്മദന്‍ ലോ, ശരീഅത്ത് നിയമങ്ങള്‍ വിശകലനം ചെയ്ത് എഴുതിയതല്ല; മുസ്ലിംകളുടെ മത നിയമങ്ങളുമായി ബന്ധപ്പെട്ട ബ്രിട്ടീഷ് കോടതി വിധികളും അപ്പോഴത്തെ പുരോഹിതന്മാരുടെ ഉപദേശങ്ങളും എല്ലാം ക്രോഡീകരിച്ച് എഴുതപ്പെട്ടതാണ്. അതുകൊണ്ടാണ് മുബാറത് പോലുള്ള വളരെ പുരോഗമനപരമായ വിവാഹമോചന സമ്പ്രദായം ശരീഅത്തിലുണ്ടായിട്ടും വ്യക്തിനിയമത്തില്‍ ഇല്ലാതെ പോയത്.

ഗഹനമായി വിലയിരുത്തിയാല്‍ മനസ്സിലാക്കാം വ്യക്തിനിയമം പൂര്‍ണമായും ശരീഅത്തല്ല, അതില്‍ സാമ്രാജ്യത്വത്തിന്റെയും പൗരോഹിത്യത്തിന്റെയും കൈകടത്തലുകളുണ്ട്. അപ്പോള്‍ വ്യക്തി നിയമത്തില്‍ വന്നു പോയ അബദ്ധങ്ങളില്‍ നിന്ന് ശരീഅത്തിനെ സംരക്ഷിക്കേണ്ടതില്ലേ? നൂറ്റാണ്ടുകള്‍ക്കു മുന്‍പ് തന്നെ മറ്റൊരു സമുദായത്തിലും ഇല്ലാത്ത വിധം നീതിയും സ്വാതന്ത്യവും സ്ത്രീക്ക് വിവാഹത്തിലും വിവാഹ മോചനത്തിലും അനുവദിച്ച ഇസ്ലാമിന്റെ അധ്യാപനങ്ങളെ തകിടം മറിച്ച് ഇസ്ലാമില്‍ കടുത്ത അനീതിയാണ് സ്ത്രീക്ക് നേരിടേണ്ടി വരുന്നത് എന്ന രീതിയില്‍ ഉള്ള വ്യാഖ്യാനങ്ങളുമായി മുന്നോട്ട് പോയാല്‍ തങ്ങളുടെ കാര്യങ്ങളില്‍ അഭിപ്രായം പറയാനുള്ള പണ്ഡിത വര്‍ഗത്തിന്റെ അര്‍ഹതയെ തന്നെ ചോദ്യം ചെയ്യുന്ന രീതിയിലേക്കായിരിക്കും ഇവിടത്തെ സ്ത്രീകള്‍ എത്തുക. അവര്‍ ആവശ്യപ്പെടുന്നത് ആരുടേയും ഔദാര്യമല്ല, അവരുടെ അവകാശങ്ങളാണ്. വ്യക്തി നിയമങ്ങള്‍ അതതു സമുദായങ്ങളുടെ സ്വകീയ ആധിപത്യം ഉറപ്പിക്കപ്പെട്ട ഇടങ്ങളാണെന്നും അതിലുള്ള ഇടപെടലുകള്‍ സ്റ്റേറ്റിന്റെ അധികാരപരിധിക്കപ്പുറമാണെന്നും ഉള്ള വാദം കാലാകാലങ്ങളില്‍ ഉയര്‍ത്തിയിട്ടുമുണ്ട്. ചരിത്രപരമായി ഈ വാദം തെറ്റാണ്.

കൊളോണിയല്‍ ഭരണകൂടം അധീശത്വം ഉറപ്പു വരുത്താനായും ഭരണ സൗകര്യത്തിനായും നിയമങ്ങളെ ക്രോഡീകരിക്കാന്‍ നടത്തിയ ശ്രമങ്ങളുടെ അവശേഷിപ്പുകള്‍ മാത്രമാണ് അതാത് മതങ്ങളുടെ വ്യക്തിനിയമങ്ങള്‍. മതത്തിനോടുള്ള വിധേയത്വവും കൊളോണിയല്‍ ശേഷിപ്പുകളോടുള്ള അത്യാദരവും വ്യക്തിനിയമ സംരക്ഷണത്തെ വ്യഗ്രതപ്പെടുത്തിയിട്ടുണ്ടാകാം. ആര്‍ട്ടിക്കിള്‍ 25 ഉയര്‍ത്തിക്കാട്ടി മതസ്വാതന്ത്ര്യം ഭരണഘടനാവകാശം ആണെന്ന് പറയുമ്പോഴും സ്വന്തം മതത്തിനുള്ളില്‍ തന്നെ സ്ത്രീകള്‍ മുത്തലാഖിനെതിരെയും ബഹുഭാര്യാത്വത്തിനെതിരെയും ഉയര്‍ത്തുന്ന എതിര്‍പ്പിന്റെ സ്വരങ്ങള്‍ പാടെ അവഗണിച്ച് സ്വയം അപഹാസ്യരാവുകയാണ് മുസ്ലിം സമുദായത്തെ പ്രതിനിധീകരിക്കുന്ന പലരും. ഫാസിസം അതിന്റെ കരാള ഹസ്തത്തില്‍ മുസ്ലിം സമുദായത്തെ കുടുക്കാന്‍ പോകുന്നു എന്ന് വിലപിച്ച് പൊതു സിവില്‍ കോഡിനെ എതിര്‍ക്കുന്നവര്‍ ഓര്‍ക്കേണ്ടത് സ്വസമുദായത്തിലെ പകുതിയുടെ അവകാശങ്ങളെ നിഷേധിച്ചു കൊണ്ട് നടത്തിയ പിതൃവാഴ്ചയുടെ തേരോട്ടത്തിലാണ് അവരുടെ മതസ്വാതന്ത്ര്യത്തിന്റെ ഭൂമിക അന്യാധീനപ്പെട്ടുപോയത് എന്നാണ്. സ്ത്രീയെ അടിമയാക്കി വെക്കാന്‍ നിയമങ്ങളെ വളച്ചൊടിച്ചപ്പോള്‍ ഫാസിസത്തെ പ്രതിരോധിക്കാനുള്ള അര്‍ഹതയാണ് ചോദ്യം ചെയ്യപ്പെട്ടു പോയത്.

പുരുഷ ഫാസിസത്തില്‍ നിന്നും മതഗ്രന്ഥങ്ങളുടെ സ്ത്രീവിരുദ്ധ വ്യാഖ്യാനങ്ങളില്‍ നിന്നും സ്ത്രീക്ക് വിമോചനം വേണമെന്നത് നിസ്തര്‍ക്കമാണ്. എക്കാലത്തും ഇസ്ലാമിക നിയമങ്ങള്‍ വ്യാഖ്യാനിച്ച് നടപ്പില്‍ വരുത്തുന്നത് പുരുഷ മതപണ്ഡിത വൃന്ദമാണ്. അവര്‍ വളച്ചൊടിക്കുകയും സ്വന്തം താല്പര്യാനുസൃതം ദുര്‍വ്യാഖ്യാനം ചെയ്യുകയും ചെയ്ത ഇസ്ലാമിക സൂക്തങ്ങളുടെ ഇരകളാണ് മുസ്ലിം സ്ത്രീകള്‍. മുസ്ലിം സ്ത്രീകള്‍ അനുഭവിക്കുന്ന അനീതിയും അസമത്വവുമാണ് യൂണിഫോം സിവില്‍ കോഡ് നടപ്പാക്കാനുള്ള അടിയന്തര കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. എന്നാല്‍ സമത്വവും നീതിയും ആവശ്യപ്പെടുന്ന സ്ത്രീകള്‍ അത് തങ്ങളുടെ മതവിശ്വാസ പരിധിയില്‍ നിന്ന് വിട്ടു കൊണ്ടോ അതിന്റെ അടിസ്ഥാന പ്രമാണങ്ങളെയോ വിശ്വാസ സംഹിതകളെയോ ചോദ്യം ചെയ്തു കൊണ്ടോ ഒരു പൊതുവായ നിയമസംഹിതയിലൂടെ വേണം എന്നല്ല ആവശ്യപ്പെടുന്നത്: സ്വന്തം മതം നൂറ്റാണ്ടുകള്‍ക്കു മുന്നേ സ്ത്രീയ്ക്ക് അനുവദിച്ചു നല്‍കിയതും പിന്നീട് പുരുഷകേന്ദ്രീകൃത സമൂഹം സൗകര്യാര്‍ത്ഥം ദുര്‍വ്യാഖ്യാനം ചെയ്ത് സ്ത്രീക്ക് നിഷേധിച്ചതുമായ നീതി അവള്‍ക്കു ലഭ്യമാകണം എന്നാണ്. അവള്‍ ആവശ്യപ്പെടുന്നത് ലിംഗ നീതിയോടൊപ്പം മതവിശ്വാസ സംരക്ഷണവുമാണ്. രണ്ടും ഭരണഘടന അവള്‍ക്കു വാഗ്ദാനം ചെയ്യുന്നുമുണ്ട്. അത് നിരസിക്കാന്‍ മതപൗരോഹിത്യത്തിന് അവകാശമില്ലാത്തത് പോലെ തന്നെ ഭരണകൂടത്തിനും അവകാശമില്ല.

മതത്തെ മറയാക്കികൊണ്ടുള്ള സാമൂഹ്യ അനീതിയും ലിംഗനീതി നിരാസവും എതിര്‍ക്കപ്പെടണം. കാലാകാലങ്ങളില്‍ മത വ്യാഖ്യാതാക്കള്‍ പുരുഷന്മാരായിരുന്നത് കൊണ്ട് അവരുടെ സങ്കുചിത ചിന്തകളും സ്ത്രീവിരുദ്ധ ധാരണകളും ചേര്‍ന്ന് മലീമസമായ നിയമസംഹിതകളെ ശുദ്ധീകരിക്കേണ്ട പ്രക്രിയ സ്ത്രീ സമൂഹം ആവശ്യപ്പെടുന്നുണ്ട്. ഏകപക്ഷീയമായ മുത്തലാഖും നിയന്ത്രണ വിധേയമല്ലാത്തതും സ്ത്രീക്ക് നീതി നിഷേധിക്കുന്നതുമായ ബഹുഭാര്യാത്വവും അനിസ്‌ളാമികമാണെന്നും കാലങ്ങളായി വളച്ചൊടിക്കപ്പെട്ടതാണെന്നും അറിഞ്ഞിരുന്നിട്ടും സ്ത്രീകള്‍ക്ക് ഇസ്ലാം നല്‍കിയ നീതി നിഷേധിക്കുകയാണ് അവര്‍. ജീര്‍ണിച്ച മത, ധാര്‍മിക മാറാപ്പുകള്‍ പേറുന്നവരാണ് സ്ത്രീകള്‍ക്ക് വേണ്ടി നിയമങ്ങള്‍ ഒരുക്കുന്നതെങ്കില്‍ അതിനെ തള്ളിക്കളയാന്‍ സ്ത്രീകള്‍ മടിക്കില്ല.

മുത്തലാഖ്, ബഹുഭാര്യാത്വം തുടങ്ങിയ വിഷയങ്ങളില്‍ പുരുഷ താല്പര്യങ്ങളെ മാത്രം സംരക്ഷിക്കുന്ന വരേണ്യ പുരോഹിത വര്‍ഗം ശരീഅത്തിനെയും സ്ത്രീകളെയും വ്യക്തി നിയമങ്ങളില്‍ നിന്ന് മോചിപ്പിക്കുകയും ഇസ്ലാമിക സമ്പ്രദായമല്ലാത്ത സ്ത്രീധനത്തിനെതിരെ ശക്തമായി രംഗത്ത് വരികയും നാമമാത്രമായ മഹര്‍ സമ്പ്രദായത്തെ ദുര്‍ബലപ്പെടുത്തി മഹര്‍ എന്ന ഇസ്ലാമിക വിധിയുടെ ശരിയായ അന്ത:സത്ത ഉള്‍കൊള്ളുകയും ചെയ്ത് സ്വയം പരിഷ്‌കരണത്തിന് വിധേയമായി വന്നില്ലെങ്കില്‍ ഭാവിയില്‍ അത് മുസ്ലിം സമുദായത്തെ പ്രതികൂലമായി ബാധിക്കും എന്നതില്‍ തര്‍ക്കമില്ല. മുതലാഖ് നിരോധിക്കണം എന്ന് മുറവിളികൂട്ടി അതിന്റെ മറവില്‍ പൊതു സിവില്‍ കോഡ് നടപ്പില്‍ വരുത്താന്‍ ഇറങ്ങി പുറപ്പെട്ടിട്ടുള്ള ബിജെപിയും രാഷ്ട്രീയ നേതാക്കന്മാരും മുസ്ലിം സ്ത്രീ സമുദായത്തിന്റെ പ്രശ്‌നങ്ങള്‍ മാത്രം എപ്പോഴും സെന്‍സേഷണല്‍ ആക്കി പര്‍വ്വതീകരിക്കുന്ന മാധ്യമങ്ങളും കാര്യങ്ങള്‍ വസ്തു നിഷ്ഠമായി വിലയിരുത്താതെ യൂണിഫോം സിവില്‍ കോഡ് എന്ന് കേള്‍ക്കുമ്പോഴേ സ്വന്തം സമുദായത്തിലെ സ്ത്രീയെ സംരക്ഷിച്ചില്ലെങ്കിലും ബ്രിട്ടീഷുകാര്‍ ക്രോഡീകരിച്ചു തന്ന നിയമങ്ങള്‍ സംരക്ഷിക്കണമെന്ന് ശഠിക്കുന്ന മത മേധാവികളും എല്ലാം ഈ വിഷയത്തെ പക്വമായി സമീപിക്കേണ്ടതുണ്ട്.

മുസ്ലിം വ്യക്തി നിയമ പരിഷ്‌കരണത്തോടുള്ള മുസ്ലിം യാഥാസ്ഥിതിക എതിര്‍പ്പിനെ മറയായി വെച്ച്, സ്ത്രീയെ രണ്ടാംകിട പൗരയായി കാണുന്ന ഒരു പ്രാകൃത സമൂഹത്തിന്റെ പരിഷ്‌കരണത്തിന് തങ്ങള്‍ യത്‌നിക്കേണ്ടതുണ്ടെന്ന പ്രതീതി വരുത്തി ഹിന്ദുത്വ അജണ്ട പിന്‍വാതിലിലൂടെ കുത്തിക്കയറ്റാനുള്ള ബിജെപിയുടെ കുല്‍സിത താത്പര്യത്തെ തിരിച്ചറിയേണ്ടതുണ്ട്. മുതലാഖ് മതവിശ്വാസത്തിന്റെ ഉരകല്ലൊന്നുമല്ല, അതുകൊണ്ട് തന്നെ ഈ കോടതി വിധി മുസ്ലിം സമുദായത്തിനേറ്റ പ്രഹരമായി കാണേണ്ടതുമില്ല. ശരീഅത് സംരക്ഷണ ജാഥകളും ജാഡകളുമായി ആരും തെരുവിലിറങ്ങേണ്ടതുമില്ല. ഏകപക്ഷീയവും ഒറ്റയടിക്കുള്ളതുമായ മുത്തലാഖ് അനിസ്ലാമികമാണെന്ന് മുസ്ലിം പേര്‍സണല്‍ ലോ ബോര്‍ഡും കേരളത്തിലെയടക്കം നവോത്ഥാന സംഘടനകളും അഭിപ്രായപ്പെട്ടിട്ടുള്ളതാണ്. എന്നാല്‍ ആ ആശയം വേണ്ട വിധം സമുദായത്തിലേക്ക് എത്തിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് വിഷയം കോടതിയിലേക്ക് എത്തിയത്. അങ്ങനെ വീക്ഷിക്കുമ്പോള്‍ മതത്തിന്റെ ശരിയായ വിധികളിലേക്ക് പോകുവാന്‍ കോടതി മുസ്ലിം സ്ത്രീക്ക് തുണയാവുകയാണ് ചെയ്തത്. ആ വിധിയെ ഭൂരിപക്ഷം പേരും സ്വാഗതം ചെയ്യുന്നുമുണ്ട്.

അനുകൂലമായ കോടതി വിധി വരുന്നത് കൊണ്ട് മാത്രം ഈ വിഷയം അവസാനിക്കുന്നില്ല. മുസ്ലിം സമുദായത്തിനകത്ത് തന്നെ ഒരു ബോധവത്ക്കരണം നടക്കേണ്ടതുണ്ട്. ഇതൊരു രാഷ്ട്രീയ ആയുധമായോ മത വര്‍ഗീയവാദികള്‍ക്കുള്ള ചട്ടുകമായോ ഉപയോഗിക്കാനുള്ള അവസരം നല്‍കാതെ മുസ്ലിം സമുദായത്തിന്റെ നന്മയെ ലക്ഷ്യമാക്കി കൊണ്ടുള്ള വിധിയായി എടുത്ത് അതിന്റെ അന്ത:സത്ത ശരിയായി ഉള്‍ക്കൊണ്ട് മുന്നോട്ട് വരാന്‍ മുസ്ലിം സമുദായത്തിന് കഴിയേണ്ടതുണ്ട്. വിവാഹമോചനത്തിന്റ ശരിയായ രീതികളും മതം അനുശാസിക്കുന്ന നിബന്ധനകളും സ്ത്രീ പക്ഷത്തു കൂടി നിന്നുകൊണ്ട് വിശ്വാസികള്‍ക്ക് പകര്‍ന്നു കൊടുക്കാന്‍ മതനേതാക്കള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. സ്ത്രീയുടെ അവകാശങ്ങള്‍ ഉറപ്പു വരുത്തുന്ന, മുത്തലാഖ്, ബഹുഭാര്യത്വം തുടങ്ങിയ വിഷയങ്ങളില്‍ അവളുടെ താല്പര്യങ്ങള്‍ കൂടെ സംരക്ഷിക്കുന്ന നികാഹ് നാമ തയ്യാറാക്കുക, നിരക്ഷരരായ സ്ത്രീകളാണ് അതില്‍ ഒപ്പു വെക്കുന്നതെങ്കില്‍ അവരെ ബോധവത്കരിക്കാന്‍ പ്രാപ്തരായ അഭ്യസ്തവിദ്യരായ സ്ത്രീ പ്രതിനിധികളുടെ സാന്നിധ്യം ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങളൊക്കെ സമുദായ നേതാക്കള്‍ക്കു മുന്നില്‍ മുസ്ലിം സ്ത്രീ സംഘടനകള്‍ വച്ചിട്ടുള്ള നിര്‍ദേശങ്ങളാണ്. അത് ഇനിയെങ്കിലും പ്രാവര്‍ത്തികമാക്കാനുള്ള ശ്രമം മുസ്ലിം സമുദായത്തിനകത്ത് നിന്ന് ഉണ്ടാകേണ്ടതുണ്ട്.

ഇത് മുസ്ലിം സമുദായ നേതാക്കള്‍ക്ക് ഒരു പാഠമാണ്. സമുദായത്തിന്റെ ആന്തരിക പ്രശ്‌നമായിരുന്ന ഒരു വിഷയത്തെ സുപ്രീം കോടതിയിലെത്തിക്കാതെ സമുദായത്തിനുള്ളില്‍ നിന്ന് തന്നെ പരിഹാരം കാണേണ്ടിയിരുന്നു. എന്നാല്‍ ഇത് ഇത്രയും വലിയ തര്‍ക്ക വിഷയമാക്കിയത് ആരുടെ പിടിപ്പുകേടാണെന്ന് സ്വയം വിലയിരുത്തേണ്ടതുണ്ട്. ഇനിയെങ്കിലും ബഹുഭാര്യാത്വം, നികാഹ് ഹലാലാ, സ്വത്തവകാശം, പിന്തുടര്‍ച്ചാവകാശം തുടങ്ങിയ കാര്യങ്ങളില്‍ സ്വയം നവീകരണത്തിന് തയ്യാറായി സമുദായം മുന്നോട്ട് വരേണ്ടതുണ്ട്.

മുതലാഖ് നിരോധനത്തിന്റെ മറപറ്റി യൂണിഫോം സിവില്‍ കോഡ് നടപ്പാക്കാനുള്ള ഉദ്ദേശ്യവുമായി ഭാരതീയ ജനത പാര്‍ട്ടി മുന്നോട്ട് വരുമെന്ന ആശങ്കയും ഇതിനൊപ്പം ഉയര്‍ന്നു വരുന്നുണ്ട്. ഗോരഖ്പൂരിലെ പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് വേണ്ടി രാജ്യം മുഴുവന് തേങ്ങിയപ്പോഴും അനുശോചനം രേഖപ്പെടുത്താന്‍ മടിച്ച ഒരു പ്രധാനമന്ത്രി ഇപ്പോള്‍ ഈ വിധിയെ സ്വാഗതം ചെയ്യാന്‍ കാണിച്ച ആവേശം പോലും ഭയപ്പെടുത്തുന്നതാണ്. ലിംഗനീതി നിരാസത്തിന്റെ ഭീതിദമായ ഉദാഹരണങ്ങള്‍ അനവധി ഉണ്ടായിട്ടും അതൊന്നും കണ്ടില്ലെന്നു നടിക്കുന്ന, ദളിതരെ ചുട്ടുകൊല്ലുമ്പോള്‍ പോലും പരിഹസിച്ചു കൊണ്ടുള്ള പ്രസ്താവനകളിറക്കുന്ന, അഖ്ലാക്കിന്റെയും നജീബിന്റേയും രോഹിത് വെമുലയുടെയും പെഹ്ലുഖാന്റെയും ജുനൈദിന്റെയും ഒന്നും വീട്ടിലെ സ്ത്രീകളുടെ കണ്ണീരു കാണാത്ത, ബില്‍ക്കിസ് ബാനുവിനെയും കൗസര്‍ബിയെയും നീതി അര്‍ഹിക്കുന്നവരായി കണക്കാക്കാത്ത ഒരു ഭരണാധികാരി, യുപിയിലെ റാലിയില്‍ മുസ്ലിം സ്ത്രീകളുടെ മുതലാഖില്‍ കാണിച്ച രോഷവും സങ്കടവും സംശയാസ്പദമാണ്. വര്‍ഗീയ ധ്രുവീകരണ കാര്‍ഡായി വരും ദിവസങ്ങളില്‍ ഉപയോഗിക്കുമെന്ന ആശങ്ക ഈ വിധിയുടെ നിറം കെടുത്തുമെന്നു പറയാതെ വയ്യ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

വി യു അമീറ

വി യു അമീറ

പൊന്നാനി എംഇഎസ് കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍