Top

കാമ്പസുകളില്‍ അതിതീവ്ര ദേശീയതയുടെ സര്‍ജിക്കല്‍ സ്ട്രൈക്ക്

കാമ്പസുകളില്‍ അതിതീവ്ര ദേശീയതയുടെ സര്‍ജിക്കല്‍ സ്ട്രൈക്ക്
തീവ്രദേശീയതയുടെ ആപത്തുകളെക്കുറിച്ച് നിരന്തരം ഓർമ്മപ്പെടുത്തിയിരുന്നു രബീന്ദ്രനാഥ് ടാഗോർ. ‘ദേശീയത ഇന്ത്യയിൽ’ എന്ന പ്രബന്ധത്തിൽ (1917) അദ്ദേഹം എഴുതുന്നു: ‘മാനവിക മൂല്യങ്ങളെക്കാൾ വലുതാണ് സ്വന്തം രാജ്യമെന്നു പഠിപ്പിക്കുന്ന വിദ്യാഭ്യാസത്തോട് പൊരുതിക്കൊണ്ട്, യഥാർത്ഥ ഇന്ത്യ എന്തെന്ന്, എന്റെ നാട്ടുകാർ മനസ്സിലാക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.'

രാഷ്ട്രത്തിനുള്ളിൽത്തന്നെ അതിന്റെ അപരങ്ങളെയും സൃഷ്ടിക്കുന്ന ദേശീയതാ വീക്ഷണങ്ങൾ, മാനവിക മൂല്യങ്ങളെ മുഴുവനായും കീഴ്പ്പെടുത്തുമെന്നും ബഹുസ്വരമായ ഇന്ത്യൻ സമൂഹത്തെ ഛിന്നഭിന്നമാക്കുമെന്നുള്ള ദീർഘവീക്ഷണമാണ് സൈനികവൽക്കരിക്കപ്പെടുന്ന തീവ്രദേശീയതാ സങ്കല്പങ്ങളെ നിരാകരിക്കാൻ ടാഗോർ അടക്കമുള്ള സ്വാതന്ത്ര്യസമരപ്പോരാളികളെ പ്രേരിപ്പിച്ചത്. ഇന്ത്യയെന്ന സ്വതന്ത്രരാഷ്ട്രം ഭാവിയിൽ നേരിടാനിരിക്കുന്ന ഏറ്റവും സങ്കീർണ്ണമായ വെല്ലുവിളി, സാമ്രാജ്യത്വ വിരുദ്ധ സമരമുഖത്ത് രൂപപ്പെട്ട ഇന്ത്യൻ ദേശീയത പ്രവർജ്ജക സ്വഭാവമുള്ളതായി പരിണമിക്കുന്നതാണെന്ന് തിരിച്ചറിയാൻ, അക്കാലത്തു തന്നെ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവർത്തിച്ചവർക്കു സാധിച്ചിരുന്നുവെന്നതിന് തെളിവാണ് ടാഗോറിന്റെ വാക്കുകൾ.

ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ തുരുപ്പുചീട്ടുകളിലൊന്ന് എക്കാലത്തും തീവ്ര ദേശീയതാ വാദങ്ങൾ ആയിരുന്നു. ന്യൂനപക്ഷ വിഭാഗങ്ങളെ ദേശീയതയുടെ അപരങ്ങളായി ചിത്രീകരിച്ചു കൊണ്ടു നടത്തുന്ന വർഗ്ഗീയ പ്രചരണങ്ങളാണ് സംഘപരിവാറിന്റെ പ്രധാന രാഷ്ട്രീയ പ്രചരണായുധം. നാസി-ഫാസിസ്റ്റ് ആശയങ്ങൾ കടം കൊണ്ടു രൂപപ്പെടുത്തിയ സൈനിക ദേശീയതയുടെ മൂർത്തരൂപമാണ് പരിവാർ സംഘടനാ സംവിധാനങ്ങളും അതിന്റെ ദൃശ്യപ്രയോഗങ്ങളും. യുദ്ധങ്ങളും യുദ്ധവിജയങ്ങളുമെല്ലാം ദേശീയതയുടെ വിജയങ്ങളായി ചിത്രീകരിക്കപ്പെടുകയും ദേശീയബോധത്തെ ഉത്തേജിപ്പിക്കുന്ന ഉൾപ്രേരകങ്ങളായി നിരന്തരം ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ദേശീയതയുടെ ചരിത്രം, ഇന്ത്യ/പാകിസ്താൻ എന്ന ദ്വന്ദ്വത്താൽ നിരന്തരം നിർവ്വചിക്കപ്പെട്ടു പോന്നു.

ഇന്ത്യൻ ദേശീയതയുടെ അപരമായി പാകിസ്താനെ ചിത്രീകരിക്കുകയും സ്ഥിരശത്രു എന്ന സ്ഥാനത്ത് പാകിസ്താൻ പ്രതിഷ്ഠിക്കപ്പെടുകയും ചെയ്തു. ഇന്ത്യൻ സമൂഹത്തിൽ മുസ്ലീം സമുദായത്തെ ഈ അപരത്തിന്റെ ഭാഗമായാണ് ഹിന്ദുത്വ രാഷ്ട്രീയം നിരന്തരം ചിത്രീകരിക്കാറുള്ളത്.

ക്രിക്കറ്റ് പോലുള്ള കായിക മത്സരങ്ങളിൽ പാക്കിസ്താനോടുള്ള ജയമോ പരാജയമോ, ഇന്ത്യാ-പാക് യുദ്ധങ്ങളിലെ ജയപരാജയങ്ങൾ പോലെ ആഘോഷിക്കപ്പെടുകയും വിലപിക്കപ്പെടുകയും ചെയ്തു വരുന്നു. സൈനികവൽക്കരിക്കപ്പെട്ട ഈ ദേശീയതാ ബോധ്യങ്ങൾക്ക് ഇന്ത്യൻ സമൂഹത്തിൽ കൈവന്ന മേൽക്കൈയ്യിലാണ് ഹിന്ദുത്വരാഷ്ട്രീയത്തിന്റെ കോട്ടകൊത്തളങ്ങൾ കെട്ടിപ്പടുത്തിട്ടുള്ളതെന്ന് സംശയലേശമെന്യേ നിരീക്ഷിക്കാൻ സാധിക്കും.ആ ദിശയിലുള്ള മറ്റൊരു ശ്രമമാണ്, ഇക്കഴിഞ്ഞ സപ്തംബർ 29 'മിന്നലാക്രമണ സ്മരണദിന'മായി ആചരിക്കാനുള്ള യുജിസി നിർദ്ദേശം. സൈനികവല്‍ക്കരിക്കപ്പെടുന്ന സമൂഹവും അതിതീവ്ര ദേശീയതയും ഫാസിസത്തിന്റെ വിളനിലങ്ങളാണ്‌. അത്തരത്തിലൊരു സമൂഹത്തെ രൂപപ്പെടുത്താനുള്ള ശ്രമങ്ങളാണ് കഴിഞ്ഞ നിരവധി വർഷങ്ങളായി സംഘപരിവാർ ഇന്ത്യയിൽ നടത്തിവരുന്നത്.

ദേശസുരക്ഷയും പ്രതിരോധവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മുതൽ വിദ്യാഭ്യാസമടക്കമുള്ള വിഷയങ്ങൾ വരെ ഇത്തരത്തിലുള്ള തീവ്ര ചിന്താഗതികൾ വളർത്തിയെടുക്കാനായി ഉപയോഗിക്കുകയാണ് കേന്ദ്രഭരണകൂടം ചെയ്യുന്നത്. ഹിംസയുടെ മഹത്വവൽക്കരണമെന്ന സംഘപരിവാർ ആശയത്തെ സാധൂകരിയ്ക്കുന്നതിനായി, രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട് നടത്തിയ ഒരു സുപ്രധാന നീക്കത്തെ ഉപയോഗപ്പെടുത്തുകയാണ് ഈ ആചരണത്തിന്റെ ലക്ഷ്യം.

ദേശസുരക്ഷയെ മുൻനിർത്തി, അസാമാന്യമായ ത്യാഗമനോഭാവത്തോടെ രാജ്യത്തെ സേനാവിഭാഗങ്ങൾ നടത്തുന്ന പ്രവർത്തനങ്ങളെയും സൈനികരുടെ ധീരോദാത്തമായ ജീവത്യാഗത്തെയും വരെ കേന്ദ്രസർക്കാർ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന ആക്ഷേപമുന്നയിച്ചത്, മുൻ സൈനിക മേധാവിയാണ്.

ജമ്മു കാശ്മീരിലെ സ്കൂളുകളിൽ മിന്നലാക്രമണ ദിനം നിർബ്ബന്ധമായും ആചരിക്കണമെന്നും വീഡിയോ മനുഷ്യവിഭവശേഷി വകുപ്പിന്റെ വെബ്‌സൈറ്റിലേക്ക് അയക്കണമെന്നുമുള്ള സർക്കാർ നിർദ്ദേശം, അടിച്ചേൽപ്പിക്കുന്ന ദേശീയതയെന്ന ഫാസിസ്റ്റ് ഭരണകൂട ക്രമങ്ങളുടെ വഴിയേയുള്ള സഞ്ചാരം തന്നെയാണ്. സൈനികരുടെ രക്തം ചിന്തി നേടിയെടുത്ത വിജയങ്ങൾ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുന്നതിനു പകരം, അരുംകൊലകൾ ആവർത്തിയ്ക്കപ്പെടാതിരിക്കാനുള്ള സമാധാന ശ്രമങ്ങൾക്ക് സർക്കാർ ശ്രമിയ്ക്കുന്നില്ലെന്ന കാര്യവും ഓർക്കാവുന്നതാണ്.

ഇതോടൊപ്പം ചേർത്തു വായിക്കേണ്ട മറ്റൊരു കാര്യമാണ് ജെ എൻ യു വിദ്യാർത്ഥികൾക്കെതിരെ പ്രതിരോധമന്ത്രി നിർമ്മലാ സീതാരാമൻ നടത്തിയ പരാമർശം. ദേശദ്രോഹികളുടെ കേന്ദ്രമായി ജെ എൻ യു മാറിയിരിക്കുന്നുവെന്ന മന്ത്രിയുടെ പരാമർശം, ഒരേസമയം നിരുത്തരവാദപരമായ ഒരു പ്രസ്താവനയും അതോടൊപ്പം അക്രമത്തിനുള്ള ആഹ്വാനമായി മാറുന്നു. നിർമ്മല സീതാരാമൻ മാത്രമല്ല, ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് അടക്കമുള്ള മുതിർന ബി ജെ പി നേതാക്കൾ നിരവധി തവണ സമാനമായ പ്രസ്താവനകൾ നടത്തിയിട്ടുണ്ട്.

രണ്ടു വർഷങ്ങൾക്ക് മുമ്പ് കനയ്യകുമാർ അടക്കമുള്ള വിദ്യാർത്ഥി പ്രതിനിധികളെ ജയിലിലടക്കാൻ സർക്കാർ ഉപയോഗിച്ചതും ഈ ദേശദ്രോഹ ആരോപണം തന്നെയാണ്. സുപ്രീംകോടതിയുടെ ഇടപെടലിൽ ഈ വിദ്യാർത്ഥി നേതാക്കൾ മോചിക്കപ്പെട്ടുവെങ്കിലും, ജെ എൻ യു അടക്കം, രാജ്യത്തെ മതേതര വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരായ സംഘപരിവാർ അജണ്ട, അനുസ്യൂതം തുടരുകയാണ്. ജെഎൻയുവിലെ തന്നെ വിദ്യാർത്ഥിയായിരുന്ന നജീബിന്റെ തിരോധാനവും ഉമർ ഖാലിദിനെതിരായ വധശ്രമവുമെല്ലാം ചില ഉദാഹരണങ്ങൾ മാത്രം.

ഈയിടെ നടന്ന ജെഎൻയു വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകൾ നേടിയ വലിയ വിജയമാണ്, സർവ്വകലാശാലയ്ക്കെതിരെ തിരിയാൻ പ്രതിരോധ മന്ത്രിയെ പ്രേരിപ്പിച്ചത്. സംഘപരിവാർ നേത്യത്വത്തിൽ ഇന്ത്യയൊട്ടാകെ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന അപര വിദ്വേഷത്തിന്റെ രാഷ്ട്രീയത്തിനെതിരെ രൂപപ്പെട്ടു വരുന്ന പ്രതിരോധങ്ങൾക്ക് ദിശാബോധം നല്കുന്നത് ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അവശേഷിക്കുന്ന മതേതര ജനാധിപത്യ കൂട്ടായ്മകളും കർഷകരുടെയും ദളിത-് പിന്നാക്ക വിഭാഗങ്ങളുടെയും ഐക്യപ്പെടലുകളുമാണെന്ന കാര്യം ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വക്താക്കളെ നിരന്തരം അലോസരപ്പെടുത്തുന്നുണ്ട്.

വിദ്യാർത്ഥികൾക്കിടയിലും മർദ്ദിത ജനവിഭാഗങ്ങൾക്കിടയിലും ഇടതുപക്ഷ രാഷ്ട്രീയത്തിന് കൈ വരുന്ന സ്വാധീനത്തെ, അടിച്ചമർത്തലുകളിലൂടെ നിശ്ശബ്ദമാക്കാനുള്ള ശ്രമങ്ങൾ നിരന്തരം ഉണ്ടാകാനുള്ള കാരണവും ഇതുതന്നെയാണ്.

വിദ്യാഭ്യാസ പ്രക്രിയയെ കാവിവൽക്കരിക്കാനും വിദ്യാഭ്യാസത്തിന്റെ മതേതര ജനാധിപത്യ ഉള്ളടക്കത്തെ പൂർണ്ണമായും ഇല്ലാതാക്കാനുമുള്ള ശ്രമങ്ങൾ നരേന്ദ്ര മോദി ഭരണത്തിൻ കീഴിൽ ഉച്ചസ്ഥായിയിലെത്തിയിരിക്കുന്നു, സാമൂഹ്യ സമത്വമെന്ന വിശാല ലക്ഷ്യത്തിലേക്ക് നയിക്കുന്ന രീതിയിൽ സ്വാതന്ത്ര്യാനന്തര ഇന്ത്യ വിദ്യാഭ്യാസ മേഖലയിൽ നേടിയെടുത്ത നേട്ടങ്ങളെയെല്ലാം പൂർണ്ണമായും റദ്ദു ചെയ്യുന്ന നയസമീപനങ്ങളാണ് കേന്ദ്ര സർക്കാർ പിന്തുടരുന്നത്.

സുവർണ്ണ ഭൂതകാലത്തെ സംബന്ധിക്കുന്ന സംഘപരിവാർ പരികല്പനകളുടെ ന്യായീകരണം ചമയ്ക്കലായി ഉന്നത വിദ്യാഭ്യാസ മേഖലയിലെ പഠനഗവേഷണ പ്രവർത്തനങ്ങൾ മാറിത്തീരുന്നു. ശാസ്ത്രബോധവും, വിമർശനാത്മക സമീപനവും ആവശ്യമില്ലെന്നും വിപണിക്കാവശ്യമായ തൊഴിലാളികളെ നിർമ്മിക്കുക മാത്രമാണ്, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമെന്നും ഭരണാധികാരികൾ നിരന്തരം ഓർമ്മിപ്പിക്കുന്നു.

സമൂഹത്തിലെ പാർശ്വവൽകൃത വിഭാഗങ്ങൾക്ക് പ്രവേശനമില്ലാത്ത ദന്തഗോപുരങ്ങളായി ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ മാറുകയും അധികാരകേന്ദ്രങ്ങളുടെ കുഴലൂത്തുകാരായി അക്കാദമിക്കുകളെ മാറ്റുകയും ചെയ്യുന്നു. അങ്ങേയറ്റം വരേണ്യമായിത്തീർന്നുകൊണ്ടിരിയ്ക്കുന്ന ഇത്തരം സ്ഥാപനങ്ങളിൽ,
വിയോജിപ്പിന്റെ നേരിയ ശബ്ദങ്ങൾ പോലും അനുവദിക്കപ്പെടുന്നില്ലെന്നു മാത്രമല്ല അതിശക്തമായ രീതിയിൽ അടിച്ചമർത്തപ്പെടുകയും ചെയ്യുന്നു.

അർബ്ബൻ നക്സലുകളെന്നാരോപിച്ച് അറസ്റ്റു ചെയ്യപ്പെട്ട പൗരാവകാശ പ്രവർത്തകരുടെയും കാസർകോഡ് കേന്ദ്രസർവ്വകലാശാലയിലെ അധ്യാപകനായ പ്രസാദ് പന്ന്യന്റെയും, മോത്തി ഹാരി കേന്ദ്രസർവ്വകലാശാലയിലെ അധ്യാപകനായ സഞ്ജയ് കുമാറിന്റെയുമെല്ലാം ദുരനുഭവങ്ങൾ ഏറ്റവും അവസാനത്തെ ഉദാഹരണങ്ങൾ മാത്രമാണ്. ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യ മതേതര രാഷ്ട്രമെന്ന പൂർണ്ണമായും ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ നിരന്തരം ചെറുക്കുകയെന്നതാണ്, ചരിത്രം നമ്മോടാവശ്യപ്പെടുന്നത്.

വിദ്യാർത്ഥികളും അധ്യാപകരുമടങ്ങുന്ന അക്കാദമിക സമൂഹത്തിനു മാത്രമായി ചെയ്യാവുന്നതല്ല ഈ ചെറുത്തു നില്പ്. പൊതുസമൂഹം കൂടി ഈ സമരത്തിൽ ഐക്യപ്പെടേണ്ടിയിരിയ്ക്കുന്നു. അപരവിദ്വേഷത്തിന്റെ വിഷം വമിയ്ക്കുന്ന ആശയങ്ങൾക്ക് പകരം രാഷ്ട്രപിതാവടക്കമുള്ള മഹത്തുക്കൾ ഉയർത്തിപ്പിടിച്ച സമാധാനത്തിന്റെയും സഹജീവിതത്തിന്റെയും ആശയങ്ങളാൽ നമ്മുടെ കാമ്പസുകൾ മുഖരിതമാവട്ടെ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


https://www.azhimukham.com/offbeat-recent-ugc-directive-will-distroy-higher-education-writes-shefeeque/

https://www.azhimukham.com/opinion-jnu-election-says-students-unity-against-fascist-forces-writes-amal/

https://www.azhimukham.com/offbeat-closing-of-safety-valves-of-democracy-writes-unnikrishnan/

https://www.azhimukham.com/offbeat-higher-education-vested-political-interest-article-ugc-sanghparivar-by-unnikrishnan/


Next Story

Related Stories