മുരളി തുമ്മാരുകുടി

കാഴ്ചപ്പാട്

ഗസ്റ്റ് കോളം

മുരളി തുമ്മാരുകുടി

കേരളം രക്ഷപ്പെടണമെങ്കില്‍ ഭൂമിവില പത്തിലൊന്നായി ഇടിച്ചുതാഴ്ത്താനുള്ള നയവും നിയമവും ഉണ്ടാകണം

Print Friendly, PDF & Email

കേരളത്തിന്റെ സുസ്ഥിരവികസനം: സാധ്യതകളും വെല്ലുവിളികളും-കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 55-ാം സംസ്ഥാന സമ്മേളനത്തില്‍ മുരളി തുമ്മാരകുടി നടത്തിയ ഉദ്ഘാടനപ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം

A A A

Print Friendly, PDF & Email

വയനാട്ടില്‍ നടക്കുന്ന (2018 മെയ് 11,12,13 ) കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 55-ാം സംസ്ഥാന സമ്മേളനത്തില്‍ നടത്തിയ ഉദ്ഘാടനപ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിന് എന്നെ ക്ഷണിച്ച സംഘാടകരോട് ആദ്യമേ നന്ദി പറയുന്നു.

ചെറുപ്പകാലം മുതലേ ധാരാളം കേട്ടിട്ടുള്ള, കേരളത്തിലെ പരിസ്ഥിതി അവബോധത്തിലും ചെറുത്തുനില്പിലും വലിയ പങ്കുവഹിച്ച, കേരളത്തിലെ പരിസ്ഥിതി അവബോധത്തില്‍ സമ്പൂര്‍ണ സാക്ഷരത യാഥാര്‍ത്ഥ്യമാക്കിയ പ്രസ്ഥാനം എന്നിങ്ങനെ ശാസ്ത്രസാഹിത്യ പരിഷത്തിനെപ്പറ്റി എനിക്ക് ഏറെ ഓര്‍മകളുണ്ട്. വ്യക്തിപരമായും അതിലുപരിയായും എന്നെ സ്വാധീനിച്ചിട്ടുള്ളത് ഈ പ്രസ്ഥാനത്തിലൂടെ കടന്നുവന്നിട്ടുള്ള, ഞാന്‍ പരിചയപ്പെട്ടിട്ടുള്ള അനവധി ആളുകളുടെ അടിസ്ഥാനപരമായ ചില സ്വഭാവങ്ങളാണ്. സ്വാഭാവികമായ ശാസ്ത്രബോധം, പരന്ന വായനാശീലം, രാഷ്ട്രീയബോധം (ഇടതുപക്ഷ ചായ്‌വുണ്ടെങ്കെിലും), ചുറ്റും കാണുന്ന സാമൂഹ്യപ്രശ്‌നങ്ങളോട് പ്രതികരിക്കാനും കാര്യങ്ങള്‍ അല്‍പമെങ്കിലും മാറ്റിയെടുക്കാനും ശ്രമിക്കാനുള്ള സന്നദ്ധത ഇതൊക്കെ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മൂശയിലൂടെ കടന്നുപോയിട്ടുള്ള യുവാക്കളില്‍ ഞാന്‍ കാണുന്ന ഗുണങ്ങളാണ്. പൊതുവെ നമ്മുടെ സമൂഹത്തില്‍ കുറഞ്ഞുവരുന്ന ഗുണങ്ങളാണ് ഇവ എന്നതും ഞാന്‍ ശ്രദ്ധിക്കുന്നുണ്ട്.

ജനീവയില്‍നിന്നും കേരളത്തിലേക്ക് വരുമ്പോഴോ മറ്റ് ഔദ്യോഗിക യാത്രക്കിടയിലോ അബുദാബിയില്‍ ഇറങ്ങുമ്പോഴെല്ലാം യുവജനങ്ങള്‍ ചേര്‍ന്നുള്ള ഫ്രണ്ട്സ് ഓഫ് ശാസ്ത്രസാഹിത്യ പരിഷത്ത് എന്ന സംഘടനയുടെ ആഭിമുഖ്യത്തില്‍ ആരുടെയെങ്കിലും വീട്ടില്‍ ഒത്തുചേര്‍ന്ന് കേരളത്തെക്കുറിച്ച് ചര്‍ച്ചകള്‍ നടത്താറുണ്ട്. വലിയ ഊര്‍ജം പകര്‍ന്നുതരുന്ന ഒന്നാണത്. ഈ ചര്‍ച്ചകളില്‍ എന്നെ കൂടുതല്‍ സന്തോഷിപ്പിക്കുന്നത് അവിടുത്തെ സ്ത്രീസാന്നിധ്യമാണ്. ആണുങ്ങളെ പോലെയോ അതിലുപരിയോ ആയി അവര്‍ കാമ്പുള്ള, കാതലായ, വെല്ലുവിളി ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ ചോദിക്കും. അങ്ങനെ അവര്‍ ചെയ്യുന്നുവെന്നതും അത് ചെയ്യാനുള്ള കുടുംബ സാഹചര്യം ശാസ്ത്രസാഹിത്യ പരിഷത്തിലൂടെ കടന്നുപോയ കുട്ടികളുടെ കുടുംബത്തിലുണ്ട് എന്നതും എന്നെ സന്തോഷിപ്പിക്കുന്നു. ഇനി എന്നാണ് കേരളം നമ്മുടെ സ്ത്രീകള്‍ക്ക് തുല്യ അവസരങ്ങള്‍ നല്‍കുന്നത്? അവരുടെ അഭിപ്രായങ്ങളെ ശ്രദ്ധിക്കുന്നത്? അന്നായിരിക്കും യഥാര്‍ത്ഥത്തില്‍ കേരളം ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ എത്തുന്നത്.

കേരളത്തിലെ വികസനത്തെപ്പറ്റി പറയുമ്പോള്‍ ആദ്യം പറയാനാഗ്രഹിക്കുന്നത് നമ്മുടേത് വളരെ വിജയകരമായ ഒരു വികസന മാതൃകയാണെന്നാണ്. ഞാന്‍ സഞ്ചരിച്ചിട്ടുള്ള നൂറ് രാജ്യങ്ങളില്‍ അതിസമ്പന്നവും അതിദരിദ്രവുമായവ ഉള്‍പ്പെടും. എന്നാല്‍ ഒട്ടും അതിശയോക്തിയില്ലാതെ എനിക്ക് പറയാന്‍ സാധിക്കും, അവര്‍ക്കൊക്കെ മാതൃകയാക്കാവുന്ന പലതും നമ്മുടെ സംസ്ഥാനത്തിലുണ്ട് എന്ന്. നമ്മുടെ വിദ്യാഭ്യാസ സംവിധാനം, പൊതുഗതാഗതം, ആരോഗ്യരംഗം, വിവിധ മതങ്ങളുടെ സാന്നിധ്യത്തിലും അധികം ചേരിതിരിവുകളില്ലാതെ നടക്കുന്ന പൊതുജീവിതം, യുവാക്കള്‍ ഉള്‍പ്പെടെ ഉള്ളവരുടെ രാഷ്ട്രീയരംഗത്തെ ഇടപെടല്‍ എന്നിങ്ങനെ നമ്മള്‍ ‘taken for granted’ ആയി എടുക്കുന്ന പലതും ലോകത്തെ പല രാജ്യങ്ങള്‍ക്കും അടുത്ത അമ്പതുവര്‍ഷത്തില്‍ പോലും എത്തിപ്പിടിക്കാന്‍ പറ്റാത്ത മരീചികയാണ്.

ഇതെല്ലാം എല്ലാക്കാലത്തും ഉണ്ടായിരുന്നതാണ്, എന്നാല്‍ സ്വയം ഉണ്ടായതുമല്ല. സ്വാതന്ത്ര്യം കിട്ടി പത്തുവര്‍ഷത്തിനുശേഷം കേരള സംസ്ഥാനം ഉായപ്പോള്‍ ഇന്ത്യയിലെ ഏറ്റവും ദരിദ്രമായ സംസ്ഥാനങ്ങളില്‍ ഒന്നായിരുന്നു കേരളം. ഇന്നത് ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ സംസ്ഥാനങ്ങളില്‍ ഒന്നായി മാറിയിരിക്കുന്നു. കേരളത്തിന്റെ ആളോഹരി വരുമാനം പര്‍ച്ചേസിംഗ് പവര്‍ പാരിറ്റി അനുസരിച്ച് പതിനായിരം ഡോളറിനടുത്ത് എത്തിയിരിക്കുന്നു എന്നാണ് എക്കണോമിസ്റ്റ് മാസിക പറയുന്നത്. ഇന്ത്യയിലെ ശരാശരിയുടെ ഇരട്ടിയും ഇന്ത്യയിലെ ഏറ്റവും താഴെക്കിടയിലുള്ള സംസ്ഥാനങ്ങളുടെ മൂന്നിരട്ടിയും ആണിത്. 2017-ല്‍ എച്ച് ഡി എഫ് സി നടത്തിയ ഒരു പഠനം സൂചിപ്പിക്കുന്നത്, അമേരിക്ക, ചൈന തുടങ്ങി വലിയ ജനസംഖ്യയുള്ള രാജ്യങ്ങളിലെല്ലാം സമ്പന്നവും അല്ലാത്തതുമായ സംസ്ഥാനങ്ങള്‍ തമ്മിലുള്ള അന്തരം കുറഞ്ഞുവരുമ്പോള്‍ ഇന്ത്യയിലത് കൂടിവരികയാണെന്നാണ്. ഇതിന്റെ തെളിവ് കാണാന്‍ നാം റിപ്പോര്‍ട്ടുകള്‍ ഒന്നും വായിക്കേണ്ട. നമ്മുടെ പാടത്തും പറമ്പിലും ഫാക്ടറിയിലും ബോട്ടിലും ജോലി ചെയ്യുന്ന മറുനാട്ടുകാരെ നോക്കിയാല്‍ മതി. പെരുമ്പാവൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന Centre For Migration and Inclusive Development (CMID) നടത്തിയ ഒരുപഠനം പറയുന്നത്, ഇന്ത്യയില്‍ ഗുജറാത്തും പഞ്ചാബും ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളില്‍നിന്നും തൊഴില്‍ തേടി ആയിരക്കണക്കിന് ആളുകള്‍ കേരളത്തിലെത്തുന്നു എന്നതാണ്. വികസനരംഗത്തെ പുരോഗതിക്ക് ഇതില്‍പരം തെളിവ് വേണ്ട.

വികസനരംഗത്തെ ഈ മുന്നേറ്റം തന്നെയാണ് കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. സാമ്പത്തികമായി മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളേക്കാള്‍ നാം ഏറെ മുന്നേറിക്കഴിഞ്ഞു. ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളും സുസ്ഥിരവികസനത്തിന്റെ സൂചികകള്‍ 2030-ല്‍ പോലും എത്തിപ്പറ്റാന്‍ ബുദ്ധിമുട്ടുമ്പോള്‍ കേരളം ഇപ്പോഴേ അവിടെയുണ്ട്. ഇന്ത്യ എന്ന, വലിയ ജനസംഖ്യയും വിസ്തൃതിയുമുള്ള ഒരു വലിയ രാജ്യത്തിന്റെ മൊത്തം വിസ്തീര്‍ണത്തിന്റെ രണ്ടു ശതമാനത്തിലും താഴെ വലിപ്പമുള്ള ചെറിയൊരു സംസ്ഥാനം മാത്രമാണ് കേരളം. പാര്‍ലമെന്റില്‍ അഞ്ഞൂറ്റി നാല്പത്തി രണ്ടില്‍ ഇരുപത് എം പി മാര്‍ മാത്രം. സാമ്പത്തികമായി മുന്നില്‍ നില്‍ക്കുന്ന കേരളത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ നല്ല നയമാണെങ്കിലും പദ്ധതിയാണെങ്കിലും അതുണ്ടാകുന്ന സമയത്ത് കേന്ദ്രത്തിന്റെ മുന്നിലാണുള്ളത്. വികസനരംഗത്ത് കേരളത്തില്‍നിന്നും ഒരു തലമുറ പുറകിലായിരിക്കുന്ന ശരാശരി ഇന്ത്യയുടെ വികസനത്തിനായി ആവിഷ്‌കരിക്കുന്ന നയത്തിലും പദ്ധതിയിലും നമ്മുടെ പദ്ധതികളെ ബലമായി ഫിറ്റ് ചെയ്യാന്‍ നോക്കുന്നത് സുസ്ഥിരവികസനത്തിന് അനുയോജ്യമായ അടിസ്ഥാനമല്ല.

കഴിഞ്ഞ ആഗസ്റ്റ് മാസത്തില്‍ കേരളത്തിലെ നിയമസഭാ സാമാജികരോട് കാലാവസ്ഥാവ്യതിയാനത്തെപ്പറ്റി സംസാരിക്കാനുള്ള ഒരവസരം എനിക്കുണ്ടായി. മുഖ്യമന്ത്രിയും കാബിനറ്റിലെ ഭൂരിപക്ഷം മന്ത്രിമാരും എം എല്‍ എ മാരും അവിടെ സന്നിഹിതരായിരുന്നു. അവരോട് ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ഇതാണ്. ചെറുപ്പകാലം മുതല്‍ ഇന്ത്യയിലെ ഒരു ചെറിയ സംസ്ഥാനമാണ് കേരളം എന്ന് കേട്ടാണ് നാം വളര്‍ന്നത്. പക്ഷെ, ലോകത്ത് അനവധി രാജ്യങ്ങളില്‍ സഞ്ചരിച്ചപ്പോള്‍ എനിക്കും ഒന്ന് മനസ്സിലായി. പ്രദേശം കൊണ്ടും ജനസംഖ്യകൊണ്ടും കേരളം ഒരു ‘ചെറിയ’ സ്ഥലമല്ല. ലോകത്തെ 150 രാജ്യങ്ങളില്‍ പലതും (ആസ്‌ട്രേലിയ, സിങ്കപ്പൂര്‍ ഉള്‍പ്പെടെ) കേരളത്തേക്കാള്‍ ജനസംഖ്യ കുറഞ്ഞതാണ്. വികസനത്തിനും ജനാധിപത്യത്തിനും സ്ത്രീകളുടെ ഉന്നതിക്കും പേരുകേട്ട നോര്‍ബിക് രാജ്യങ്ങളായ ഫിന്‍ലാന്‍ഡ്, സ്വീഡന്‍, ഡെന്മാര്‍ക്ക്, നോര്‍വേ ഇവയുടെയെല്ലാം ജനസംഖ്യ കൂട്ടിയാലും അത് കേരളത്തിന്റെ മൂന്നില്‍ രണ്ടു പോലും വരില്ല. ഒരു ചെറിയ സംസ്ഥാനത്തിന്റെ വികസനപ്രശ്‌നങ്ങളായിട്ടല്ല, ലോകത്തില്‍ തന്നെ മാതൃകയാക്കാന്‍ പോന്ന ഒരു പ്രദേശമായിട്ടാണ് നാം കേരളത്തെ കാണേണ്ടത്. യുപിയും ബീഹാറുമായി താരതമ്യം ചെയ്ത് നമ്പര്‍ വണ്‍ ആണെന്ന് പറഞ്ഞ് നമ്മള്‍ നമ്മുടെ ആഗ്രഹത്തിന്റെ ചക്രവാളത്തെ പരിമിതപ്പെടുത്തരുത്.

കേരളത്തിലെ വികസനത്തിന്റെ രണ്ട് അടിസ്ഥാനശിലകള്‍ കേരളത്തില്‍നിന്നും പുറത്തേക്ക് പോകുന്ന പ്രവാസികളും കേരളത്തിനകത്തേക്ക് വരുന്ന പ്രവാസികളുമാണ്. ഇന്ന് നാം കേരളത്തില്‍ കാണുന്ന സാമ്പത്തിക ഉന്നതിയുടെ അടിസ്ഥാനം പ്രവാസികള്‍ നാട്ടിലേക്ക് ഒഴുക്കിയ പണമാണ്. മെട്രോ മുതല്‍ നെല്‍കൃഷി വരെ നടത്തുന്നത് കേരളത്തിലെത്തുന്ന പ്രവാസികള്‍ ഒഴുക്കുന്ന വിയര്‍പ്പുകൊണ്ടാണ്. എന്തായിരിക്കണം നാളത്തെ കേരളത്തില്‍ ഇവരുടെ സ്ഥാനം?

ഒരു നാട്ടില്‍നിന്നും അവിടുത്തെ ഏറ്റവും മിടുക്കന്മാരായവര്‍, അത് എഞ്ചിനീയര്‍മാരോ പാചകക്കാരോ ആകട്ടെ, സ്ഥിരമായി പുറത്തു പോകുന്നത് ആ രാജ്യത്തെ ബൗദ്ധികമായി ദരിദ്രമാക്കും. അതിനാല്‍ ഇതൊരു സ്ഥിരം പരിപാടിയായി തുടരുന്നത് ആശാസ്യമല്ല. ഗള്‍ഫില്‍ തൊഴിലവസരങ്ങള്‍ കുറയുന്നതിനാല്‍ നമുക്ക് ആഫ്രിക്കയിലേക്ക് കെട്ടുകെട്ടാം എന്ന തരത്തിലാണ് നാം ചിന്തിക്കുന്നത്. ഇതിന്റെ ആവശ്യമില്ല. ഗള്‍ഫില്‍നിന്നും ആളുകള്‍ കേരളത്തിലേക്ക് തിരികെ വരട്ടെ. ഇവിടെനിന്നും പോയവര്‍ പോയതുപോലെയല്ല തിരിച്ചുവരുന്നത്. ഡോക്ടര്‍ മുതല്‍ പ്ലംബര്‍ വരെയുള്ളവര്‍ ആ തൊഴിലിലെ നവീനരീതികള്‍ പഠിച്ച്, പുതിയ ഉപകരണങ്ങള്‍ ഉപയോഗിച്ച് പരിചയിച്ച്, ലോകത്തെ മറ്റുരാജ്യങ്ങളുമായി ബന്ധങ്ങളുാക്കി, പുതിയ ഭാഷകള്‍ പഠിച്ച് കുറച്ച് മൂലധനവുമായിട്ടാണ് തിരിച്ചെത്തുന്നത്. എന്നാല്‍ അവര്‍ തിരിച്ചെത്തുന്ന കേരളമാകട്ടെ, ലോകത്തെ ഏറ്റവും നവീനമായ കാറുകളും കമ്പ്യൂട്ടറും ഉപയോഗിക്കുന്നുങ്കെിലും പല കാര്യങ്ങളിലും ഇരുപതാംനൂറ്റാണ്ടിലെ സംവിധാനങ്ങള്‍ തുടരുന്ന സമ്പദ്‌വ്യവസ്ഥയാണ്. മനുഷ്യരാണ് ഇപ്പോഴും ഇവിടെ ഓടയിലിറങ്ങി മാലിന്യം കോരുന്നത്. മുടിവെട്ട്, ചുമടിറക്കല്‍, കെട്ടിടനിര്‍മാണം, കൃഷി എന്നീ മേഖലകളില്‍ ലോകത്തുണ്ടായ സാങ്കേതികപുരോഗതിയൊന്നും നമ്മെ സ്പര്‍ശിച്ചിട്ടില്ല. ഇതെല്ലാം മാറ്റിയെടുക്കാനുള്ള ഒരു അവസരമായിരിക്കും പ്രവാസികളുടെ തിരിച്ചുവരവ്.

കേരളത്തില്‍ 20 ലക്ഷത്തിനുമുകളില്‍ മറുനാടന്‍ തൊഴിലാളികളുണ്ടെന്നാണ് ഏകദേശ കണക്ക്. മലയാളികള്‍ ചെയ്യുന്നതും മലയാളികള്‍ ചെയ്യാത്തതും എന്ന് കേരളത്തിലെ തൊഴിലുകള്‍ രണ്ടായി തിരിഞ്ഞുകഴിഞ്ഞു. അതിന്റെ പരിണതഫലം വിചിത്രമാണ്. മലയാളഭാഷ അറിയാത്ത, യാതൊരുവിധ പ്രത്യേക കഴിവുകളുമില്ലാത്ത, അധ്വാനം മാത്രം കൈമുതലായി ആലുവയില്‍ പണിയാനിറങ്ങുന്ന ആര്‍ക്കും അടുത്ത ദിവസം മുതല്‍ ദിവസം അഞ്ഞൂറ് രൂപ പണിയെടുത്ത് സമ്പാദിക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ല. എന്നാല്‍ ബിരുദവും പി എച്ച് ഡിയുമുള്ള മലയാളികള്‍ മാസം അയ്യായിരം രൂപപോലും കിട്ടാതെ തൊഴിലില്ലാതെ വലയുന്നു.

റോബോട്ടിക്‌സിലെ വളര്‍ച്ച വന്‍തോതില്‍ തൊഴിലുകളെ ഉന്മൂലനം ചെയ്തുകൊണ്ടിരിക്കുകയാണ്. 2013 ലെ ഓക്‌സ്‌ഫോര്‍ഡ് മാര്‍ട്ടിന്‍ സ്‌കൂള്‍ സ്റ്റഡി പറയുന്നത് ഇന്ന് ലോകത്ത് നിലവിലുള്ള എണ്ണൂറ് തൊഴില്‍ വിഭാഗങ്ങളില്‍ 47 ശതമാനവും റോബോട്ടിക്‌സും കമ്പ്യൂട്ടറും വഴി ഇല്ലാതാകുമെന്നാണ്. എല്ലാ ലോകരാജ്യങ്ങളും ഇതിനെ ഭീതിയോടെയാണ് കാണുന്നത്. കേരളം ഇതിനെ നല്ലൊരു അവസരമായെടുക്കണം. കേരളത്തില്‍ ഇപ്പോഴുള്ള 20 ലക്ഷം തൊഴിലുകള്‍ അപ്രത്യക്ഷമായി. അതിനു പകരം റോബോട്ടുകള്‍ വന്നാലും അത് കേരളത്തിന്റെ തൊഴിലില്ലായ്മയെ ബാധിക്കില്ല എന്ന് മാത്രമല്ല, കമ്പ്യൂട്ടര്‍ റോബോട്ടിക്‌സ് രംഗത്ത് നമുക്ക് ലോകത്തെ നമ്പര്‍ വണ്‍ ആകുകയും ചെയ്യാം. പോകുന്ന ഓരോ പത്തു ജോലിക്കും പകരം ഒരു ഹൈ സ്‌കില്‍ ജോലി ഉണ്ടാകുമെന്ന് കരുതിയാല്‍ തന്നെ അഭ്യസ്തവിദ്യരായ നമ്മുടെ ആളുകള്‍ക്ക് രണ്ടു തൊഴിലവസരങ്ങള്‍ ഉണ്ടാക്കാം. ഇവിടെയുമുണ്ട് ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തം.

കേരളം മുങ്ങും; ഭയക്കണം, ആഗോളതാപനത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ ഈ മുന്നറിയിപ്പ്

നഗരവല്‍ക്കരണം

ഇന്ത്യയില്‍ ഏറ്റവും നഗരവല്‍ക്കരിക്കപ്പെട്ട സംസ്ഥാനമാണ് കേരളം. 2015 ലെ കണക്കനുസരിച്ച് അമ്പത് ശതമാനത്തിലേറെ മലയാളികള്‍ നഗരങ്ങളിലാണ് താമസിക്കുന്നത്. ഇത് 27 ശതമാനം വേഗത്തില്‍ വളരുകയും ചെയ്യുന്നു. അതേസമയം നമ്മുടെ നഗരങ്ങള്‍ ഒന്നും ആധുനിക നഗരത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ ഉള്ളവയല്ല. യാത്ര, ഉയര്‍ന്നനിലവാരത്തിലുള്ള കമ്പോളനിലവാരം, ഉന്നതവിദ്യാഭ്യാസമുള്ള ജനങ്ങള്‍, കാര്‍ഷിക സര്‍വകലാശാലയും എഞ്ചിനീയറിങ് കോളേജുമുള്‍പ്പെടെയുള്ള കാര്‍ഷികപഠനകേന്ദ്രങ്ങള്‍, ഇത്രയുമൊക്കെയുള്ള കേരളം ഹൈടെക്ക് കൃഷിയുടെ ലോകം ആകേണ്ടതാണ്. പക്ഷെ, യാതൊരു ലക്ഷ്യ ബോധവുമില്ലാത്ത കാര്‍ഷിക ശാസ്ത്രജ്ഞന്മാര്‍, നെല്‍കൃഷിയെപ്പറ്റിയുള്ള പഴയകാല സെന്റിമെന്റ്‌സുമായി നടക്കുന്ന നേതൃത്വം, ഒരു ശാസ്ത്ര ബോധവുമില്ലാത്ത കൃഷിക്കാര്‍ എന്നിവയുമായി പുതിയ ആശയങ്ങളില്ലാതെ നട്ടം തിരിയുകയാണ് നമ്മുടെ കാര്‍ഷികരംഗം.

ഒരേക്കറില്‍ താഴെ ശരാശരി കൃഷിഭൂമിയുള്ള കേരളത്തില്‍ നെല്‍കൃഷി ലാഭകരമായി ചെയ്യുന്ന ഒരു കാലം ഉണ്ടാവില്ലെന്ന സത്യം ഇനിയെങ്കിലും നമ്മള്‍ മനസ്സിലാക്കണം. നമ്മേക്കാള്‍ പത്തും നൂറും ഇരട്ടി വലിപ്പമുള്ള കൃഷിഭൂമിയുള്ള പഞ്ചാബില്‍നിന്നും ട്രെയിന്‍ വഴി ഗോതമ്പ് കൊണ്ടുവരുന്നതിലും ലാഭകരമാണ് ആസ്‌ട്രേലിയയില്‍ നിന്നും ഗോതമ്പ് കൊണ്ടുവരുന്നതെന്ന് പൊറോട്ടമാവുണ്ടാക്കുന്ന എന്റെ സുഹൃത്ത് പറഞ്ഞു. അരിയുടെ കാര്യവും വ്യത്യസ്തമല്ല. ആയിരവും പതിനായിരവും ഹെക്റ്റര്‍ ഭൂപ്രദേശത്ത് എല്ലാ ആധുനിക സംവിധാനങ്ങളും ഉപേക്ഷിച്ച് ശാസ്ത്രീയമായി ചെയ്യുന്ന കൃഷിയോട് കിടപിടിക്കാന്‍ പത്തു യുവാക്കളുടെ ആത്മാര്‍ത്ഥതയോ കുടുംബശ്രീയുടെ സംഘബലമോ പോരാ.

പകരം ചെയ്യാവുന്നത്, നമ്മുടെ കാലാവസ്ഥയും ഭൂപ്രകൃതിയും നമുക്ക് കനിഞ്ഞു തന്നിരിക്കുന്ന ആനുകൂല്യങ്ങള്‍ ഉപയോഗിച്ച് ഉന്നതമൂല്യമുള്ള കൃഷി ചെയ്യുക. ഉദാഹരണത്തിന് ഗള്‍ഫ് രാജ്യങ്ങളില്‍ ബില്യണ്‍ കണക്കിന് ഡോളറിന്റെ പൂവ് മാര്‍ക്കറ്റാണുള്ളത്. വര്‍ഷത്തില്‍ 12 മാസവും പൂകൃഷി ചെയ്യാവുന്ന കാലാവസ്ഥയാണ് നമുക്കുള്ളതെന്ന് നമ്മുടെ കര്‍ഷകരെ പറഞ്ഞു മനസ്സിലാക്കാന്‍ എന്തുകൊണ്ടാണ് ഓരോ പഞ്ചായത്തിലും പഠന ക്ലാസ്സുകള്‍ വരാത്തത്?

നമ്മുടെ സംസ്ഥാനത്തിന്റെ ഔദ്യോഗിക വൃക്ഷം തെങ്ങ് എന്നത് മാറി ഇപ്പോള്‍ പ്ലാവായല്ലോ. പണ്ടൊന്നും പ്ലാവ് നട്ടു പിടിപ്പിക്കുന്ന ഒരു സമ്പ്രദായം കേരളത്തിലില്ല. പറമ്പില്‍ എവിടെയെങ്കിലും ഒരു ചക്കക്കുരു വീണ് മുളച്ച് വളരും. അത് വലുതായിക്കഴിഞ്ഞാലാണ് ഏത് തരം ചക്കയാണെന്ന് പോലും മനസ്സിലാകുന്നത്. ഇനി അത് മാറിയേക്കാം. അതുകൊണ്ടു തന്നെ ഞാന്‍ ഒരു ആശയം പറയാം.

ജനീവയില്‍ ഞാന്‍ താമസിക്കുന്ന വീടിനടുത്ത് പത്തുകിലോ മീറ്ററോളം ആപ്പിള്‍ തോട്ടങ്ങളാണ്. ഞാന്‍ ഹിമാചലിലും കാശ്മീരിലും ആപ്പിള്‍ മരം കണ്ടിട്ടുണ്ട്. ചെറിയ പ്ലാവിനോളം വരും വലിപ്പം. സ്വിറ്റ്‌സര്‍ലാന്‍ഡിലെ ആപ്പിള്‍ തോട്ടം കണ്ട് ഞാന്‍ അത്ഭുതപ്പെട്ടു. മൂന്നടി ഇടവിട്ട് ഏകദേശം ഒന്നര ഇഞ്ച് വ്യാസമുള്ള ചെടി, പരമാവധി എട്ടടി പൊക്കമേയുള്ളു. ആപ്പിള്‍ മരത്തിന്റെ തൈ ആണെന്നാണ് ആദ്യം കരുതിയത്. പിന്നീടാണ് മനസ്സിലായത് വിളവെടുക്കുന്ന തോട്ടമാണെന്ന്. ഈ മരങ്ങള്‍ എന്തുകൊണ്ടാണ് ഇത്ര ചെറുതെന്ന ചോദ്യത്തിന് അവിടുത്തെ ശാസ്ത്രജ്ഞര്‍ തന്ന ഉത്തരം നമ്മളെ ചിന്തിപ്പിക്കേതാണ്. ‘ആപ്പിള്‍ കൃഷിയുടെ പ്രധാന കര്‍ത്തവ്യം ആപ്പിള്‍ പഴം ഉണ്ടാകുക എന്നതാണ്, അല്ലാതെ ആപ്പിള്‍ മരം ഉണ്ടാകുക എന്നതല്ല. അതിനാല്‍ ചെടി മണ്ണിലെ വളം വലിച്ചെടുത്ത് തടിയിലേക്ക് കൊണ്ടുപോകുന്ന കാലത്ത് ഞങ്ങള്‍ അതിനെ വെട്ടിക്കളഞ്ഞ് വേറെ തൈവക്കും.’

പത്തുവര്‍ഷത്തിന് മേല്‍ പ്രായമുള്ള ആപ്പിള്‍ ചെടികള്‍ അവിടെ തോട്ടങ്ങളിലില്ല. നമ്മുടെ നാട്ടിലെ തെങ്ങുകൃഷിയുമായി ഇതൊന്ന് താരതമ്യം ചെയ്തു നോക്കുക. അപ്പൂപ്പനോ അച്ഛനോ വച്ചതായിരിക്കും വീട്ടിലെ ഒരു തെങ്ങ്. വളര്‍ന്ന് മാനം മുട്ടിയ തെങ്ങില്‍നിന്ന് വര്‍ഷത്തില്‍ അമ്പത് തേങ്ങാ കിട്ടിയാല്‍ ഭാഗ്യം. തെങ്ങ് മുറിച്ചെടുക്കണമെങ്കില്‍ കൊടുക്കണം തടിക്ക് കിട്ടുന്നതിലും കൂടുതല്‍ പണം. എന്നിട്ടും നമ്മള്‍ ആ തെങ്ങ് വെട്ടിക്കളഞ്ഞ് പുതിയ തൈ വയ്ക്കുന്നില്ല. അപ്പനപ്പൂപ്പന്റെ സെന്റിമെന്റ്‌സും പറഞ്ഞ് തെങ്ങുകള്‍ ചുമ്മാ അങ്ങ് നിലനിര്‍ത്തുകയാണ്. കേരം സംസ്ഥാന വൃക്ഷമല്ലാതായ അവസരം നോക്കി കേരളത്തിലെ അഞ്ചുമീറ്ററില്‍ കൂടുതല്‍ പൊക്ക മുള്ള തെങ്ങുകള്‍ വെട്ടിക്കളയണം. പകരം പ്ലാവ് നടുക. അതിനെയും അഞ്ചു മീറ്ററില്‍ കൂടുതല്‍ വളരാന്‍ വിടരുത്. തടിക്കായി വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കേണ്ട രീതി വേറെയാണ്. പഴവും തടിയും കിട്ടാനായി പ്ലാവ് കൃഷി ചെയ്യുന്നത് നഷ്ടമാണ്.

ഒരുദാഹരണം പറഞ്ഞുവെന്നേയുള്ളു. ശാസ്ത്രവും സാമ്പത്തികവുമായിരിക്കണം കൃഷിയുടെ അടിസ്ഥാനം. സെന്റിമെന്റ്‌സും കപട വിശ്വാസവും ആയിരിക്കരുത്.

കാലാവസ്ഥാവ്യതിയാനവും ദുരന്തങ്ങളും

ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രശ്‌നമാണ് കാലാവസ്ഥാവ്യതിയാനം എന്നത് ലോകം മുഴുവന്‍ അംഗീകരിച്ചുകഴിഞ്ഞു. എന്നാല്‍ മലയാളികള്‍ക്ക് ഇപ്പോഴും ഇത് അന്റാര്‍ട്ടിക്കയില്‍ മഞ്ഞുരുകുന്നതും 2100-ല്‍ കടല്‍പ്പരപ്പ് ഉയരുന്നതും പോലെ അവരുടെ ഭൂപ്രകൃതിയില്‍നിന്നും ചിന്തയില്‍നിന്നും ഏറെ അകലെയുള്ള ഒരു പ്രതിഭാസമാണ്. വാസ്തവത്തില്‍ കാലാവസ്ഥാവ്യതിയാനം കേരളത്തില്‍ എത്തിക്കഴിഞ്ഞു. മാറിമറയുന്ന സീസണുകളായും, കൂടുതല്‍ ശക്തിയായി പെയ്യുന്ന മഴയായും, മഴയില്ലാതാകുന്ന കൂടുതല്‍ ദിനങ്ങളായും കാലാവസ്ഥാവ്യതിയാനം ഇപ്പോള്‍ തന്നെ നമ്മുടെ ചുറ്റിലുമുണ്ട്. വരള്‍ച്ചയായും വെള്ളപ്പൊക്കമായും കാട്ടുതീയായും നാം കാണുന്നുമുണ്ട്. ഈ കുത്തുകള്‍ ഒന്നും നമ്മള്‍ കൂട്ടിയോജിപ്പിക്കാത്തതിനാല്‍ കാടിനകത്ത് കിടന്ന് ചാകാനാണ് പാവം മോട്ടുമുയലിന്റെ വിധി.

2017-ല്‍ ഓഖി കേരളതീരത്ത് എത്തിയത് പോലുമില്ല, ആ വഴി പോയതേയുള്ളു. എന്നിട്ടും നമ്മള്‍ ഉണ്ടാക്കിവച്ചിരുന്ന സകല ദുരന്ത നിവാരണ സംവിധാനങ്ങളും പൊളിഞ്ഞ് പാളീസായി. കാരണം അടുത്തിടക്കൊന്നും നമ്മള്‍ ഇമ്മാതിരി ഒരു കാറ്റ് കിട്ടില്ല. കൊടുങ്കാറ്റ് എന്നാല്‍ അമേരിക്കയിലും ജപ്പാനിലും ആന്ധ്രയിലും ബംഗ്ലാദേശിലും മാത്രം സംഭവിക്കുന്ന ഒന്നാണെന്ന മൗഢ്യത്തിലാണ് നാം അന്നുവരെ ജീവിച്ചത്. ആ കാലം കഴിഞ്ഞു. ഇനി ദുരന്തങ്ങളെല്ലാം നമ്മെ തേടിവരാന്‍ പോകുകയാണ്. നമ്മള്‍ മറന്നുകഴിഞ്ഞ 99ലെ വെള്ളപ്പൊക്കത്തിലും വലുതൊന്ന് ഇനിയും കേരള ത്തിലുണ്ടാകും. കഴിഞ്ഞ അമ്പതുവര്‍ഷത്തില്‍ നമ്മള്‍ ഉണ്ടാക്കിയ പലതും, ഫാക്ടറികളും സൂപ്പര്‍ മാര്‍ക്കറ്റും വെള്ളത്തിലാകും. അറിഞ്ഞില്ല പറഞ്ഞില്ല എന്നൊന്നും പിന്നീട് പറയരുത്.

കുടിക്കാന്‍ ഒരു തുള്ളി വെള്ളമുണ്ടാകില്ല; യു എന്‍ പട്ടികയില്‍ ബംഗളൂരുവാണ് ലോകത്ത് മൂന്നാം സ്ഥാനത്ത്

പരിസ്ഥിതിയും ശാസ്ത്രവും

ശാസ്ത്രസാഹിത്യ പരിഷത്തിന്റെ വലിയ വിജയങ്ങളില്‍ ഒന്നാണല്ലോ പരിസ്ഥിതി വിഷയങ്ങളിലെ ഇടപെടല്‍. എന്നാല്‍ പരിസ്ഥിതിസംരക്ഷണത്തിനായുള്ള ഒരു വലിയ അവസരമാണ് നമ്മള്‍ ഇപ്പോള്‍ കളഞ്ഞുകുളിക്കുന്നത്. മുമ്പ് പറഞ്ഞതുപോലെ വര്‍ഷാ വര്‍ഷം കൃഷിഭൂമി കേരളത്തില്‍ കുറഞ്ഞുവരികയാണ്. അത് പാടമായാലും മലയായാലും. കൂടുതലാളുകള്‍ നഗരത്തിലേക്ക് പോകുന്നു, കൃഷി കുറഞ്ഞു വരുന്നു. നമ്മുടെ നാടിനെ അതിന്റെ അടിസ്ഥാന പ്രകൃതിയിലേക്ക് തിരിച്ചു വിടാന്‍ ഇതിലും പറ്റിയ സമയമില്ല.

മലയാളികള്‍ക്ക് യഥാര്‍ത്ഥത്തില്‍ പരിസ്ഥിതിസംരക്ഷണത്തിന്റെ പ്രാധാന്യം അറിഞ്ഞുകൂടാ. സ്വന്തം വ്യക്തിതാല്പര്യത്തിന് ബുദ്ധിമുട്ട് വരാത്തത്രയും കാലം നമ്മള്‍ പരിസ്ഥിതിപ്രേമികള്‍ തന്നെയാണുതാനും. പശ്ചിമഘട്ടം സംരക്ഷിക്കണമെന്ന കാര്യത്തില്‍ കടല്‍ത്തീരത്ത് ഉള്ളവര്‍ക്കും കല്‍ക്കാടുകള്‍ സംരക്ഷിക്കണമെന്ന കാര്യത്തില്‍ മലയോര മേഖലയിലുള്ളവര്‍ക്കും യാതൊരു അഭിപ്രായ വ്യത്യാസവുമില്ല. പാടങ്ങള്‍ സംരക്ഷിക്കണമെന്ന കാര്യത്തില്‍ നഗരവാസികള്‍ ഒറ്റക്കെട്ടാണ്. പക്ഷെ, സ്വന്തം സാമ്പത്തിക താല്പര്യത്തിന് എതിര് നില്‍ക്കുന്ന ഏതു പരിസ്ഥിതി പ്രശ്‌നത്തെയും എങ്ങനെയും നമ്മള്‍ രാഷ്ട്രീയമായി എതിര്‍ത്ത് തോല്‍പ്പിക്കും. ഇതാണ് സത്യത്തില്‍ നമ്മുടെ പ്രധാന പരിസ്ഥിതിപ്രശ്‌നം.

രണ്ടാമത്തെ പരിസ്ഥിതിപ്രശ്‌നം നമ്മള്‍ കേരളത്തെ വലിയൊരു പ്രദേശം ആയിട്ടാണ് കാണുന്നത് എന്നതാണ്. കേരളത്തിന്റെ ഭൂ പ്രകൃതിയില്‍ ഏതാണ്ട് മുപ്പത് ശതമാനത്തോളം സ്ഥലം രേഖ പ്രകാരം കാടുകളാണ്. അത് വലിയ സംഭവമാണെന്നൊക്കെ നമുക്ക് തോന്നാം. പക്ഷെ കേരളത്തിലെ കാടിന്റെ മുകളിലൂടെ ഒന്ന് പറന്നു പോയിട്ടുള്ളവര്‍ക്കോ നമ്മുടെ ഉപഗ്രഹ ചിത്രം എടുത്തുനോക്കിയിട്ടുള്ളവര്‍ക്കോ അറിയാം വളരെ ചെറിയ വീതിയില്‍, അതും പരസ്പരം വിട്ടു വിട്ടാണ് നമ്മുടെ കാടുകള്‍ കിടക്കുന്നത് എന്ന്. ആമസോണിലും കോംഗോയിലും മണിക്കൂറുകള്‍ വിമാനത്തില്‍ പോയാലും വനം മാത്രം കാണുന്ന സ്ഥലങ്ങളുണ്ട്. കേരളത്തില്‍ പത്തുമിനിറ്റ് തുടര്‍ച്ചയായി വനങ്ങളുള്ള സ്ഥലങ്ങളില്ല. അപ്പോള്‍ കേരളത്തിലെ കാടുകളും പുഴകളും സൂക്ഷ്മമായി പരിശോധിച്ച് അതില്‍ ഏതൊക്കെയാണ് പരിസ്ഥിതിലോലമെന്നും സംരക്ഷിക്കപ്പെടേണ്ടതെന്നും തീരുമാനിക്കുന്ന ഒരു നിലയിലേ നമ്മള്‍ ഇപ്പോള്‍ എത്തിയിട്ടുള്ളൂ, അത് തന്നെ എല്ലാവരും അംഗീകരിച്ചിട്ടില്ല. സ്വന്തം സ്ഥലം പരിസ്ഥിതിലോലം അല്ല എന്ന് തെളിയിച്ചെടുക്കാനുള്ള ശ്രമത്തിലാണ് മിക്കവരും, കാരണം അങ്ങനെ വന്നാല്‍ പിന്നെ ഭൂമിയെ വസ്തുവാക്കി വെട്ടി വിറ്റ് അധികം കാശുണ്ടാക്കാന്‍ പറ്റില്ല. പക്ഷെ ഇത്തരം വില്ലേജ് തിരിച്ചുള്ള പരിസ്ഥിതി ലോലത്തിനൊന്നും ഒരു നൂറുകൊല്ലത്തെ പ്ലാനിങ്ങ് ചക്രവാളം എടുത്താല്‍ യാതൊരു അര്‍ത്ഥവുമില്ല. അറബിക്കടലിനും പശ്ചിമ ഘട്ടത്തിനും ഇടയില്‍ കിടക്കുന്ന കേരളം ഒട്ടാകെ പരിസ്ഥിതിലോലമാണ്. ഇതിനെ പഞ്ചായത്തും വില്ലേജും തിരിച്ച് സംരക്ഷിക്കാനാകില്ല. കാരണം, വനങ്ങള്‍ ഒരു ഇക്കോ സിസ്റ്റം ആയി നിലനില്‍ക്കണമെങ്കില്‍ അതിനൊരു മിനിമം വലിപ്പം ആവശ്യമുണ്ട്. തുണ്ട് തുണ്ടായി കിടക്കുന്നത് കൂട്ടിനോക്കു മ്പോള്‍ മൊത്തം വലിപ്പം ഉണ്ടായിട്ട് കാര്യമില്ല. കാലാകാലമായി വനഭൂമിയില്‍ മുറിവുകള്‍ വന്നതോടെ ഒരു പര്യാവരണ വ്യവസ്ഥ എന്ന നിലയില്‍ കേരളത്തിലെ വനങ്ങള്‍ ഇപ്പോള്‍ തന്നെ സമ്മര്‍ദത്തിലാണ്. കാലാവസ്ഥാ വ്യതിയാനം ചിലതരം ചെടികള്‍ക്കും മരങ്ങള്‍ക്കും ഹാനികരമാകുന്നത് മുതല്‍ കാട്ടുതീ വരെ ഉണ്ടാക്കും. അപ്പോള്‍ കേരളത്തെ ഒറ്റ യൂണിറ്റായി കണ്ട് പരിസ്ഥിതിസംരക്ഷണപ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ചാലേ ഇരുപത്തി രണ്ടാം നൂറ്റാണ്ടില്‍ മനുഷ്യര്‍ക്ക് ജീവിക്കാന്‍ പറ്റുന്ന വിധത്തില്‍ കേരളം ഉണ്ടാകൂ. അതിനകത്ത് മലയും പുഴയും തണ്ണീര്‍ത്തടങ്ങളും കണ്ടല്‍ക്കാടുകളും ഒക്കെ ഉണ്ടാകണം. റോഡും വീടും മാത്രമാക്കി ചുരുക്കി നമ്മള്‍ ഉണ്ടാക്കിയെടുക്കുന്ന നഗരവല്‍കൃത കേരളം വെള്ളത്തില്‍ മുങ്ങിപോവുകയോ വെള്ളം കിട്ടാതെ മരിച്ചു പോവുകയോ ചെയ്യും. മലയ്ക്കും കടലിനും ഇടക്ക് കിടന്നു വെള്ളംകിട്ടാതെ വലയുന്ന ദക്ഷിണാഫ്രിക്കയിലെ കേപ്പ് ടൗണില്‍ നിന്നും ചിലതൊക്കെ നമുക്കും പഠിക്കാനുണ്ട്.

നമ്മുടെ ഭൂമിയെ തുണ്ടാക്കി വസ്തുവാക്കി വിറ്റ് പണമുണ്ടാക്കുന്നതും അങ്ങനെ ചിന്തിക്കുന്നതും വിത്തെടുത്ത് കുത്തി കഞ്ഞിയുണ്ടാക്കുന്നതു പോലെ ഹ്രസ്വദൃഷ്ടിയുള്ള പരിപാടിയാണെന്ന് ആളുകള്‍ക്ക് മനസ്സിലാകുന്ന വിധത്തില്‍ നമ്മുടെ ഭൂമിയുടെ പരിസ്ഥിതി അടിസ്ഥാനമായുള്ള സ്ഥല വിനിയോഗ മാപ്പുകള്‍ ഉണ്ടാക്കി അതിനെ തിരിച്ചുവിടുന്ന നയപരിപാടികള്‍ ഉണ്ടാക്കുക. ഭൂമിയുടെ വില ഇപ്പോഴത്തേതില്‍ നിന്നും പത്തിലൊന്നായി അടിച്ചുതാഴ്ത്താനുള്ള നിയമവും നയവും ഉണ്ടാക്കാം. ഇങ്ങനെ വന്നാല്‍ നമ്മുടെ പണം ഭൂമിയില്‍നിന്ന് പുറത്തുവരും. ഭൂമി അതിന്റെ യഥാര്‍ത്ഥ അവകാശികള്‍ക്ക് ലഭ്യമാകുകയും ചെയ്യും.

ഇതൊന്നും അത്ര സുന്ദരമായ, നടക്കാത്ത സ്വപ്നങ്ങളല്ല. ഇത് നടപ്പിലാക്കാന്‍ ആദ്യം ശാസ്ത്രം നയത്തെ നയിക്കുന്ന ഒരു കാലം വരണം. നിലവില്‍ നമ്മള്‍ അവിടെയെത്തിയിട്ടില്ല. ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കേരളത്തിലേക്ക് പരിസ്ഥിതിരംഗത്ത് ഒരു തലമുറയുടെ കൂടി ദൂരമുണ്ട്. നമ്മുടെ ഭൂമിക്ക് അത്രനാള്‍ ആയുസുണ്ടോ? ഉണ്ടാകട്ടെ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കീഴാറ്റൂര്‍; ബദലുകളുണ്ട്: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ പഠനത്തിന്റെ പൂര്‍ണ്ണരൂപം

മുരളി തുമ്മാരുകുടി

മുരളി തുമ്മാരുകുടി

ദുരന്തനിവാരണ വിദഗ്ധന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍