TopTop
Begin typing your search above and press return to search.

കഠിനാധ്വാനിയാണ് ശ്രീധരൻ പിള്ള; പുതുതായി ബിജെപിയില്‍ അംഗത്വമെടുത്ത '5 ലക്ഷം' പേരില്‍ ലീഗ് നേതാവിന്റെ കൊച്ചുമകന്‍ തങ്ങളും ലീഗ് നോമിനിയായ മുന്‍ വിസിയുമുണ്ട്

കഠിനാധ്വാനിയാണ് ശ്രീധരൻ പിള്ള; പുതുതായി ബിജെപിയില്‍ അംഗത്വമെടുത്ത 5 ലക്ഷം പേരില്‍ ലീഗ് നേതാവിന്റെ കൊച്ചുമകന്‍ തങ്ങളും ലീഗ് നോമിനിയായ മുന്‍ വിസിയുമുണ്ട്

ബി ജെ പി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള വലിയ ത്രില്ലിലാണ്. പിള്ള വക്കീൽ അവകാശപ്പെടുന്നത് പോലെ മത ന്യൂനപക്ഷത്തിൽ പെട്ടവരടക്കം ബി ജെ പി അംഗത്വത്തിനായി തിക്കും തിരക്കും കൂട്ടുമ്പോൾ എങ്ങനെ ത്രില്ലടിക്കാതിരിക്കും? ഒന്നും രണ്ടുമൊന്നുമല്ല അഞ്ചു ലക്ഷം പേരാണത്രെ ബി ജെ പിയിൽ പുതിയതായി അംഗത്വം എടുത്തിരിക്കുന്നത്. ഇങ്ങനെ പോയാൽ അധികം വൈകാതെ തന്നെ കേരളത്തിലെ ഒന്നാം നമ്പർ പാർട്ടി ബി ജെ പി തന്നെയായിരിക്കും എന്ന കാര്യത്തിൽ വക്കീലിന് സംശയം ലെവലേശമില്ല. ഒരു പക്ഷെ ബി ജെ പി യിലെ അംഗത്വ അഭിയാൻ പദ്ധതി കുറച്ചുകൂടി നേരത്തെ ആരംഭിച്ചിരുന്നുവെങ്കിൽ കഴിഞ്ഞ പാർലമെന്റ് തിരെഞ്ഞെടുപ്പിൽ ചുരുങ്ങിയത് അഞ്ചു സീറ്റെങ്കിലും കേരളത്തിൽ നിന്നും പാർട്ടിക്ക് കിട്ടുമായിരുന്നു! പോയത് പോയി. ഇനിയും തിരെഞ്ഞെടുപ്പ് വരുമല്ലോ എന്ന ആശ്വാസത്തിലാണ്‌ പിള്ള വക്കീൽ.

കേരളത്തിൽ നിന്നും അഞ്ചു ലക്ഷം ആളുകൾ പുതുതായി ബി ജെ പി യിൽ ചേർന്നുവെന്നൊക്കെ പറയുമ്പോൾ അത് വിശ്വസിക്കാൻ അല്പം പ്രയാസമുണ്ട്. ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് കറകളഞ്ഞ ഗാന്ധിയൻ എന്നൊക്കെ സ്വയം വിശേഷിപ്പിച്ചിരുന്ന സംസ്കൃത സർവകലാശാലയുടെ മുൻ വൈസ് ചാൻസിലർ ഡോ. കെ രാധാകൃഷ്ണൻ അടക്കം ചിലരൊക്കെ ബി ജെ പി യിൽ ചേർന്നിരുന്നു. ഡൽഹിയിൽ കോൺഗ്രസിന്റെ വക്താവ് ചമഞ്ഞു നടന്നിരുന്ന ടോം വടക്കനും ബി ജെ പി യിൽ അംഗത്വം നേടിയെടുത്തത് ആയിടക്കായിരുന്നുവെങ്കിലും പുതുതായി വന്നവരുടെ കൂട്ടത്തിൽ നിന്നും ലോക് സഭയിലേക്കു മത്സരിക്കാൻ ടിക്കറ്റ് ലഭിച്ചത് രാധാകൃഷ്ണന് മാത്രമായിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം എ പി അബ്ദുള്ളകുട്ടി എന്ന ഭാഗ്യാന്വേഷിയും കാവിക്കൊടി ഏറ്റുവാങ്ങുന്നതും നമ്മളൊക്കെ കണ്ടതാണ്. ഇവരുടെയൊക്കെ ബി ജെ പി പ്രവേശം ബി ജെ പി വലിയ ആഘോഷമാക്കിയിരുന്നു. പക്ഷെ ഇത്ര പെട്ടെന്ന് അഞ്ചു ലക്ഷം പേർ ബി ജെ പി യിൽ ചേർന്നുവെന്ന കാര്യം പാർട്ടി മുഖപത്രമായ ജന്മഭൂമിയിൽ പോലും കണ്ടിരുന്നില്ല. അഞ്ചു ലക്ഷത്തിന്റെ കണക്കു പറയുന്നത് നമ്മുടെ പിള്ള വക്കീൽ ആയതുകൊണ്ട് വെള്ളം തൊടാതെ വിഴുങ്ങാൻ പ്രയാസമുണ്ട്.

പക്ഷെ ഒരു കാര്യം ശരിയാണ് അബ്ദുള്ളക്കുട്ടിക്ക് പിന്നാലെ രണ്ടു മുസ്ലിം നാമധാരികൾ കൂടി ബി ജെ പി യിലേക്ക് എത്തുന്നുവെന്നതിനു ഏതാണ്ട് സ്ഥിരീകരണമായിട്ടുണ്ട്. രണ്ടുപേരും ചില്ലറക്കാരല്ല; ഒരാൾ മുസ്ലിം ലീഗിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്ന സയ്യദ് ഉമർ ബാഫഖി തങ്ങളുടെ കൊച്ചുമകനും വ്യവസായിയുമായ താഹ ബാഫഖി തങ്ങള്‍, മറ്റൊരാള്‍ കോഴിക്കോട് സർവകലാശാലയുടെ മുൻ വൈസ് ചാൻസലർ ആയിരുന്ന ഡോ. എം അബ്ദുൽ സലാം. 2011ലെ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് മുസ്ലിം ലീഗിന്റെ നോമിനിയായിട്ടാണ് അബ്ദുൽ സലാം കോഴിക്കോട് സർവകലാശാലയുടെ വൈസ് ചാൻസലർ ആയത്. സമരങ്ങളും പോലീസിന്റെയും സ്വന്തം അംഗരക്ഷകരുടേയുമൊക്കെ പ്രൊട്ടക്ഷനുമൊക്കെയായി ഏറെ പ്രക്ഷുബ്ധമായിരുന്നു അബ്ദുൽ സലാമിന്റെ സര്‍വ്വകലാശാല ഭരണകാലം.

ഇത് ആദ്യമായിട്ടല്ല ഒരു തങ്ങൾ ബി ജെ പി യിലെത്തുന്നത്. 2016ൽ സയ്യദ് ബാദുഷ തങ്ങൾ ബി ജെ പി യിൽ ചേരുകയും മലപ്പുറത്ത് മത്സരിക്കുകയും ചെയ്തിരുന്നു. ചില തങ്ങൾമാരും ഭാഗ്യാന്വേഷികളുമൊക്കെ ബി ജെ പി യിൽ ചേരുന്നു എന്നതുകൊണ്ട് മാത്രം പിള്ള വക്കീൽ ആശിക്കുന്നതുപ്പോലെ ഒറ്റയടിക്ക് ബി ജെ പി കേരളത്തിലെ ഒന്നാം നമ്പർ രാഷ്ട്രീയ പാർട്ടി ആയി മാറുമെന്നൊക്കെ കരുതുക വയ്യ. എങ്കിലും ഒരു കാര്യത്തിൽ പിള്ള വക്കീലിനെ സമ്മതിക്കാതെ തരമില്ല. പ്രതീക്ഷകൾ വെച്ച് പുലർത്തുന്നതിലും അതിനായി കഠിനാദ്ധ്വാനം ചെയ്യുന്ന കാര്യത്തിലുമാണത്.

വക്കീൽ പണ്ട് ബി ജെ പി സംസ്ഥാന പ്രസിഡന്റ് ആയിരുന്ന കാലത്താണ് സി പി എം നേതാവും മുൻ ധനകാര്യ മന്ത്രിയുമായിരുന്ന വി വിശ്വനാഥ മേനോനെ എറണാകുളത്തു അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയാക്കിയതും മൂവാറ്റുപുഴയിൽ നിന്നും പി സി തോമസിനെ ജയിപ്പിച്ചെടുത്ത് കേന്ദ്ര സഹമന്ത്രിയാക്കിയതുമൊക്കെ. 2004 ൽ വര്‍ഷങ്ങളോളം ഇടതു ആഭിമുഖ്യം പുലർത്തിയിരുന്ന ഭരത് ഗോപിയടക്കം 14 പേരെ ഒറ്റയടിക്ക് ബി ജെ പി യിലെത്തിച്ചു പലരെയും ഞെട്ടിച്ചതും മറന്നുകൂടാ. ആ വര്‍ഷം മാർച്ച 9 നു തിരുവനന്തപുരത്തു സംഘടിപ്പിച്ച ഒരു ചടങ്ങിൽ വെച്ചായിരുന്നു ഗോപി അടക്കമുള്ളവർ ബി ജെ പി അംഗ്വതം സ്വീകരിച്ചത്. അത് വിതരണം ചെയ്തത് ഇപ്പോഴത്തെ ഉപ രാഷ്ട്രപതി വെങ്കയ്യ നായിഡുവും. മുൻ ക്രിക്കറ്റ് താരം കെ ശ്രീകാന്ത് അടക്കമുള്ളവർ പങ്കെടുത്ത ആ ചടങ്ങിൽ വെച്ച് മലയാള സിനിമയിലെ നിത്യ ഹരിത നായകനായിരുന്ന പ്രേം നസീറിന്റെ മകനും സിനിമ താരവുമായിരുന്ന ഷാനവാസും, സിനിമ നടനും ഫോട്ടോഗ്രാഫറുമായിരുന്ന എൻ എൽ ബാലകൃഷ്ണൻ, സി എസ് ഐ വൈദികൻ അബ്രഹാം തോമസ് തുടങ്ങിയവരും ബി ജെ പി യിൽ ചേർന്നിരുന്നു. ഭരത് ഗോപിയും എൻ എൽ ബാലകൃഷ്ണനും മരിച്ചുപോയി. ഷാനവാസ് മലേഷ്യയിൽ എന്തോ ബിസിനസ് ചെയ്യുന്നു എന്നാണ് വിവരം. അയാളോ അന്നത്തെ പതിനാലുപേരിൽ ശേഷിക്കുന്ന ആരെങ്കിലുമോ ഇപ്പോഴും ബി ജെ പി യിൽ തന്നെയുണ്ടോ എന്നറിയില്ല. പെരുമ്പറ കൊട്ടി പാർട്ടിയിലേക്ക് ആളുകളെ ക്ഷണിക്കുന്ന പിള്ള വക്കീലെങ്കിലും ഇതിനൊരു മറുപടി നല്‍കുമെന്ന് പ്രതീക്ഷിക്കാം.


Next Story

Related Stories