TopTop

എന്‍ഡിഎയുടെ കട കാലിയാക്കലും മോദി എന്ന ബാധ്യതയും

എന്‍ഡിഎയുടെ കട കാലിയാക്കലും മോദി എന്ന ബാധ്യതയും
ഗോരഖ്പൂര്‍, ഫൂല്‍പൂര്‍ ഉപതെരഞ്ഞെടുപ്പില്‍, ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഉറച്ച തട്ടകങ്ങളില്‍ ബിജെപിയെ അക്ഷരാര്‍ത്ഥത്തില്‍ മലര്‍ത്തിയടിച്ച എസ് പി- ബി എസ് പി സഖ്യത്തിന്റെ പ്രകടനം ഇല്ലായിരുന്നെങ്കിലും ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എന്‍ഡിഎ വിടുമായിരുന്നു. പക്ഷേ നായിഡുവിന്റെ വിട്ടുപോരല്‍ ഇപ്പോള്‍ രാഷ്ട്രീയവൃത്തങ്ങളില്‍ സൃഷ്ടിച്ചിരിക്കുന്ന ചലനം ഉണ്ടാകാന്‍ കാരണം, യു പിയിലെയും ബിഹാറിലെയും ഉപതെരഞ്ഞെടുപ്പ് ഫലങ്ങളാണ്.

ആന്ധ്രാപ്രദേശിന് പ്രത്യേക സംസ്ഥാന പദവി അനുവദിക്കണമെന്ന ആവശ്യത്തെ രാഷ്ട്രീയമായി മുതലെടുക്കാന്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈ എസ് ആര്‍ കോണ്‍ഗ്രസും, പവന്‍ കല്യാണിന്റെ രണ സേനയുമെല്ലാം രംഗത്തിറങ്ങിയതോടെ ചന്ദ്ര ബാബു നായിഡുവിന് ഇനിയും ഇത്തരമൊരാവശ്യം അംഗീകരിക്കാത്ത എന്‍ഡിഎ സര്‍ക്കാരിനൊപ്പം തുടരുന്നത് ഏതാണ്ട് അടുത്ത പൊതുതെരഞ്ഞെടുപ്പിലെ രാഷ്ട്രീയ ആത്മഹത്യക്ക് തുല്യമായിരുന്നു. നടപ്പ് പാര്‍ലമെന്‍റ് സമ്മേളനത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയ നീക്കം ആരംഭിച്ച വൈ എസ് ആര്‍ കോണ്‍ഗ്രസ്, ടിഡിപിക്ക് മുമ്പേ ഓരോ പ്രാദേശിക രാഷ്ട്രീയായുധവും  പ്രയോഗിക്കാന്‍ തുടങ്ങിയതോടെ നായിഡുവിന് ഇതൊരു ജീവന്‍മരണ കളിയായി.

ഇതിനിടയിലാണ് യുപിയില്‍ ബിജെപിയുടെ രാഷ്ട്രീയ അടിത്തറയെ ഇളക്കിയ ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍. ഇതോടെ നരേന്ദ്ര മോദിയെ നേരിട്ടാക്രമിക്കാനുള്ള രാഷ്ട്രീയോര്‍ജ്ജമാണ് ടിഡിപിക്ക് ലഭിച്ചത്.

അവിശ്വാസപ്രമേയം കേന്ദ്ര സര്‍ക്കാരിന് നിലനില്‍പ്പ് ഭീഷണിയൊന്നും ഉയര്‍ത്തുന്നില്ല. എന്നാല്‍ അതൊരു ഔപചാരിക ആത്മവിശ്വാസം മാത്രമാണ്. പൊതു തെരഞ്ഞെടുപ്പിന് ഒരു കൊല്ലം മാത്രം അവശേഷിക്കേ ഒട്ടും പ്രതീക്ഷിക്കാത്ത വെല്ലുവിളികളാണ് ബിജെപി നേരിടുന്നത്. അതിലൊന്ന് പ്രതിപക്ഷ കക്ഷികളുടെ ബിജെപി വിരുദ്ധ ഐക്യം സാധ്യമാകാനുള്ള സൂചനകളാണ്. ശിഥിലമായ പ്രതിപക്ഷത്തിന്റെ ചെലവില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ മറ്റ് പ്രതികൂല ഘടകങ്ങളെ മറികടന്ന് അധികാരം പിടിക്കാം എന്നായിരുന്നു ബിജെപിയുടെ ശുഭപ്രതീക്ഷ. അതിപ്പോഴും ഇല്ലാതായെന്ന് പറയാനാകില്ല. എന്നാല്‍ ആ പ്രതീക്ഷയുടെ ഉറപ്പ് അതിന്റെ കടയ്കല്‍ നിന്നുതന്നെ ഇളകിയിരിക്കുന്നു.

പ്രധാനമായും രണ്ടു പ്രതിസന്ധികളാണ് ബിജെപി 2019-ലേക്ക് നേരിടുന്നത്. ഒന്ന്, സാധാരണക്കാരായ ജനങ്ങളുടെ ജീവിതത്തില്‍ ഗുണപരമായ മാറ്റങ്ങളൊന്നും ഉണ്ടാക്കാന്‍ കഴിയാഞ്ഞ അഞ്ചു വര്‍ഷത്തെ ഭരണം അവശേഷിപ്പിക്കുന്ന ഭാരം. രണ്ട്, നരേന്ദ്ര മോദിയെന്ന ഹിന്ദുത്വ ഭീകരതയുടെയും കോര്‍പ്പറേറ്റ് വികസനത്തിന്റെയും സംയുക്ത ബ്രാന്റിന്റെ വിപണിമൂല്യത്തില്‍ വന്ന ഇടിവ്. ഇത് രണ്ടും പരിഹരിക്കാന്‍ ബിജെപിയുടെ കയ്യില്‍ നിലവില്‍  ഒരു വഴിയുമില്ല. പ്രതിപക്ഷത്തിന്റെ അനൈക്യവും അങ്ങനെ ഭൂരിപക്ഷം വോട്ടുകളും തങ്ങള്‍ക്കെതിരാണെങ്കിലും അവ ചിതറിപ്പോകുന്ന അവസ്ഥയില്‍ അധികാരം നിലനിര്‍ത്താമെന്ന കണക്കുകൂട്ടലുമായിരുന്നു അവര്‍ക്കുണ്ടായിരുന്നത്. ഇതിലാണ് പതുക്കെ വിള്ളലുകള്‍ വീഴാന്‍ തുടങ്ങിയിരിക്കുന്നത്.

http://www.azhimukham.com/edit-when-harish-khare-steps-down-as-editor-from-tribune/

ഹിന്ദി മേഖലയിലും തെക്കേ ഇന്ത്യയില്‍ കര്‍ണാടകത്തിലും ഒഴികെ മറ്റെല്ലാ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും സഖ്യകക്ഷികളുമായാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടാറുള്ളത്. ഇതില്‍ രാജസ്ഥാനിലും മധ്യപ്രദേശിലും നിലവില്‍ ബിജെപിയുടെ കയ്യിലുള്ള സംസ്ഥാന ഭരണം അടുത്ത തെരഞ്ഞെടുപ്പില്‍ കൈവിട്ടുപോകുമെന്ന സാധ്യത വളരെ ശക്തമാണ്. രാജസ്ഥാനിലെ ഉപതെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി കോണ്‍ഗ്രസ്, ബിജെപിയെ പരാജയപ്പെടുത്തുകയാണ്.  മധ്യപ്രദേശിലും ശിവരാജ് സിംഹ് ചൌഹാന്‍ സര്‍ക്കാരിന്റെ ജനപിന്തുണയിലെ ഇടിവ് ഉപതെരഞ്ഞെടുപ്പുകളിലെ തോല്‍വിയില്‍ പ്രതിഫലിക്കുന്നുണ്ട്. സംസ്ഥാനത്തെ കോണ്‍ഗ്രസ് സംഘടന ദുര്‍ബലമാണെന്നതും ജ്യോതിരാദിത്യ സിന്ധ്യയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലെ പടലപ്പിണക്കങ്ങള്‍ തീര്‍ന്നിട്ടില്ല എന്നതുമാണ് മധ്യപ്രദേശില്‍ ബിജെപിയുടെ ഏക പ്രതീക്ഷ.

പക്ഷേ ഇതെല്ലാം അതാത് പ്രദേശങ്ങളിലെ സ്വാധീന ഘടകങ്ങളായി തള്ളിയാലും ദേശീയതലത്തില്‍, നേരത്തെ ചൂണ്ടിക്കാണിച്ച രണ്ട് വലിയ പ്രതിസന്ധികളെ ബിജെപ്പിക്ക് അത്രയെളുപ്പം അതിജീവിക്കാനാകില്ല. കേന്ദ്ര സര്‍ക്കാരിന്റെ വമ്പന്‍ മോദി പദ്ധതികളെല്ലാം ഒരു ചലനം പോലും സൃഷ്ടിക്കാതെയാണ് കടലാസുപുലികളായി കിടക്കുന്നത്. സ്വച്ഛ ഭാരതം തൊട്ട് മെയ്ക് ഇന്‍ ഇന്ത്യയും ഡിജിറ്റല്‍ ഇന്ത്യയും വരെയുള്ള പ്രഖ്യാപന മഹോത്സവങ്ങള്‍ ജനങ്ങളെ മാത്രമല്ല ഇന്ത്യന്‍ സമ്പദ് രംഗത്തെയും ഒട്ടും അനുകൂലമായി സ്വാധീനിച്ചിട്ടില്ല. നോട്ട് നിരോധനത്തിന്റെ ആഘാതത്തില്‍ ഇടിഞ്ഞ ഗ്രാമീണ സമ്പദ് രംഗം അതിന്റെ ദീര്‍ഘകാല തരംഗാഘാതങ്ങള്‍ പല തലങ്ങളില്‍ അനുഭവിക്കുന്നുണ്ട്.  2014-ല്‍ തന്റെ ഇന്ദ്രജാലത്തിനായി വോട്ട് ചോദിച്ച മോദി 2019-ലും ക്ഷമയോടെ കാത്തിരിപ്പിന്‍, ഇനിയാണ് ശരിയായ മായാജാലം എന്നു പറയുമ്പോള്‍ കേള്‍ക്കാന്‍ ആളെക്കിട്ടുമായിരിക്കും, പക്ഷേ വോട്ടുചെയ്യാന്‍ എത്ര പേരുണ്ടാകും എന്നതില്‍ സംശയമുണ്ട്.

http://www.azhimukham.com/edit-rahul-can-be-branded-easily-than-modi-and-political-narrative-is-changing/

രണ്ടാം യുപിഎ സര്‍ക്കാരിന്റെ അവസാനവര്‍ഷം പോലെയാകാന്‍ സാധ്യതയില്ലെങ്കിലും മോദി സര്‍ക്കാരിനെ അവസാനവര്‍ഷത്തില്‍ വേട്ടയാടുന്ന ബാങ്ക് തട്ടിപ്പുകളുടെ പരമ്പരകളും പ്രതിപക്ഷത്തിന്റെ കഴിവുകേടുകൊണ്ട് മുങ്ങിപ്പോയ റാഫേല്‍ അഴിമതിയുമെല്ലാം അത്രയെളുപ്പത്തില്‍ മായ്ച്ചുകളയാനാകില്ല.

മോദിയെന്ന സംഘപരിവാര്‍ പരസ്യ ബിംബം അതിന്റെ എല്ലാ തിളക്കവും നഷ്ടപ്പെട്ടായിരിക്കും അടുത്ത പൊതു തെരഞ്ഞെടുപ്പിനെ നേരിടുക. ഹിന്ദുത്വ ഭീകരതയുടെ സാമൂഹ്യ സംഘര്‍ഷങ്ങളും കോര്‍പ്പറേറ്റ് കോള്ളയുമല്ലാതെ ഒന്നും തന്നെ കഴിഞ്ഞ 4 വര്‍ഷം നല്കാതിരുന്ന മോദിക്ക് തന്റെ വിഭാഗീയ അജണ്ട ഒരിക്കല്‍ക്കൂടി വിജയിപ്പിക്കണമെങ്കില്‍ പാടുപെടേണ്ടിവരും.

ഉത്തരേന്ത്യയില്‍ ആസൂത്രിതമായി നടത്തിയ ചെറു വര്‍ഗീയ സംഘര്‍ഷങ്ങളാണ് യുപിയില്‍ ഇത്രയും വലിയ വിജയം നേടാന്‍ ബി ജെ പിയെ സഹായിച്ചത്. അതിനെത്തുടര്‍ന്നാണ് വിജയത്തിനു ശേഷം ഈ ഹിന്ദുത്വ ഭീകരതയുടെ സന്ദേശം ഊട്ടിയുറപ്പിക്കാന്‍ ഹിന്ദുത്വ ഭീകരതയുടെ പരസ്യമുഖമായ യോഗി ആദിത്യനാഥിനെ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയാക്കിയതും. ഗോ സംരക്ഷക ഗുണ്ടാ സംഘങ്ങളും, പ്രണയിക്കുന്നവരെ പിടിക്കാനുള്ള പോലീസ് സംഘവും, നിയമബാഹ്യമായ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും, ചെറുനഗരങ്ങളിലെ വര്‍ഗീയ സംഘര്‍ഷങ്ങളുമൊക്കെയായി, ഭരണത്തിലിരിക്കുന്ന യോഗി 2019-ലേക്ക് ഉത്തര്‍ പ്രദേശിനെ സജ്ജമാക്കുകയായിരുന്നു. അതിനിടയിലാണ് ഗോരഖ്പൂരിലും ഫൂല്‍പൂരിലും നടന്ന ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍, മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും എംപി സ്ഥാനം രാജിവെച്ച മണ്ഡലങ്ങളില്‍ ബിജെപിക്കു കനത്ത പരാജയമേറ്റത്.

എസ് പി-ബി എസ് പി സഖ്യത്തിന്റെ വോട്ടുകള്‍ മാത്രമല്ല, ബിജെപിയുടെ വോട്ടുകള്‍ വലിയതോതില്‍ ഒലിച്ചുപോകുന്നു എന്നുകൂടിയാണ് തെരഞ്ഞെടുപ്പിലെ കണക്കുകള്‍ തെളിയിക്കുന്നത്. 2014-ലെയും 2017-ലെയും ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിലെ വോട്ട് ശതമാനം നോക്കിയാല്‍ ഏറ്റവും മോശം പ്രകടനത്തിലും ഇരുകക്ഷികളുടെയും വോട്ടുകള്‍ കൂട്ടിവെച്ചാല്‍ ബിജെപിയുടെ ഏറ്റവും മികച്ച പ്രകടനത്തെ മറികടക്കാനാകും എന്നതാണ് വസ്തുത. ഇതിനൊപ്പമാണ് സ്വന്തം വോട്ടുകള്‍ ചോര്‍ന്നുപോകുന്ന അവസ്ഥയും.

അതായത് മോദിയുടെ അച്ഛേ ദിന്‍ കാത്തിരുന്ന ജനം അക്ഷമരാകുന്നു എന്നതിന്റെ സൂചന കൂടിയാണിത്. ഇത് തിരിച്ചറിഞ്ഞതുകൊണ്ടാണ്, ടിഡിപി തലവനും ആന്ധ്ര മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു രാജ്യത്ത് മോദി-ബിജെപി വിരുദ്ധ വികാരമാണുള്ളതെന്ന് ഉപതെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നു എന്നു പറഞ്ഞത്. അങ്ങനെയൊരു വികാരം എത്രത്തോളമുണ്ട് എന്നതല്ല, ആ ഫലത്തെയും ബിജെപിയുടെ തോല്‍വിയെയും മോദിയുമായി നേരിട്ടു ബന്ധപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നാണ് കാര്യം. തോല്‍വിയുടെ ഭാരം ഏറ്റെടുക്കേണ്ടിവന്ന മോദി വീഴ്ത്താനാകാത്ത വീരനെന്ന വ്യാജ പരിവേഷം അഴിച്ചുവെക്കാന്‍ നിര്‍ബന്ധിതനായാണ് അടുത്ത തെരഞ്ഞെടുപ്പിനായി നിലത്തിറങ്ങുക.

ഈ ആത്മവിശ്വാസം സംസ്ഥാനാടിസ്ഥാനത്തില്‍ ശക്തരായ കക്ഷികള്‍ക്ക് ലഭിച്ചു എന്നതും ഉപതെരഞ്ഞെടുപ്പിലെ തോല്‍വിയും ടിഡിപിയുടെ എന്‍ഡിഎ വിട്ടുപോരലും കാണിക്കുന്നു. ഇതുമാത്രവുമല്ല, മിക്ക കക്ഷികള്‍ക്കും ഇത് നിലനില്‍പ്പിന്റെ പ്രശ്നവുമാണ്. ആന്ധ്രയിത്തന്നെ വൈ എസ് ആര്‍ കോണ്‍ഗ്രസിനും ടിഡിപിക്കും ഇനി ബി ജെ പിയുമായി സഖ്യമുണ്ടാക്കണമെങ്കില്‍ സംസ്ഥാനത്തിന് പ്രത്യേക പദവി എന്ന ആവശ്യത്തില്‍ നിന്നും പിറകോട്ടു പോകാതെ വയ്യ. അങ്ങനെ ചെയ്താല്‍ ആ കക്ഷിക്ക് തേരഞ്ഞെടുപ്പില്‍ നേരിടുന്ന തിരിച്ചടി തെലുഗു അഭിമാനം പരമാവധി മുതലെടുക്കാന്‍ ശ്രമിക്കുന്ന വരുന്ന തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് താങ്ങാനാകുന്നതല്ല. അതുകൊണ്ട് ആന്ധ്രയില്‍ ഒരു തെരഞ്ഞെടുപ്പ് മുന്നണി ബിജെപിക്ക് ഇന്നത്തെ അവസ്ഥയില്‍ അത്ര വേഗത്തില്‍ സാധ്യമല്ല.

യു പിയില്‍ മായാവതിയുടെ ബി എസ് പിയെ സംബന്ധിച്ച്, സംഘപരിവാറിന്റെ വിശാല ഹിന്ദു തട്ടിപ്പിലും ഹിന്ദുത്വ തീവ്രവാദ രാഷ്ട്രീയതന്ത്രങ്ങളിലും തങ്ങളുടെ ദളിത് വോട്ടുകള്‍ ഒഴുകിപ്പോകാന്‍ തുടങ്ങിയെന്ന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു കൂടി കഴിഞ്ഞതോടെ മായാവതിക്ക് ബോധ്യമായി എന്നുവേണം കരുതാന്‍. അതായത് ആ കക്ഷിയെ സംബന്ധിച്ച് എസ് പിയുമായുള്ള സഖ്യം നിലനില്‍പ്പിന്റെ പ്രശനം കൂടിയാണ്. എസ് പിയും അത്തരത്തില്‍ ഒരു സഖ്യമില്ലെങ്കില്‍ നിത്യ പ്രതിപക്ഷമാകുമോ എന്ന ആശങ്കയിലും. അതുകൊണ്ടുതന്നെ അടുത്ത പൊതുതെരഞ്ഞെടുപ്പിലേക്ക് എസ് പി- ബി എസ് പി സഖ്യം നീങ്ങാനുള്ള സാധ്യത വളരെ കൂടുതലാണ്.

http://www.azhimukham.com/when-pm-modi-skipped-a-times-group-event/

തമിഴ്നാട്ടില്‍ എല്ലാ സിനിമ സൂപ്പര്‍താരങ്ങളും തങ്ങളുടെ രാഷ്ട്രീയ ചിത്രങ്ങള്‍ പുറത്തിറക്കാന്‍ തയ്യാറാകവേ അതിനിടയില്‍ ഏതെങ്കിലും അതിഥി വേഷത്തില്‍ വന്നുപോവുകയെ ബിജെപിക്ക് ചെയ്യാനുള്ളൂ. തെരഞ്ഞെടുപ്പിന് ശേഷമുള്ള തൂക്കംനോക്കിയുള്ള വിലപേശലിനാകും മിക്ക ദ്രാവിഡ കക്ഷികളും രജനികാന്ത്, കമലഹാസന്‍ എന്നീ പുതിയ രാഷ്ട്രീയ ചൂതാട്ടക്കാരും ശ്രമിക്കുക. എ ഐ എ ഡി എം കെ എന്ന ആള്‍ക്കൂട്ടം, ഡി എം കെ, ദിനകരന്‍-ശശികല സംഘത്തിന്റെ അമ്മ കക്ഷി, ആത്മീയ വാചകങ്ങളുമായി ബിജെപിയുമായി ചേരാനുള്ള പ്രവണത തുടക്കം മുതലേ കാണിക്കുന്ന രജനീകാന്തിന്റെ ഊര്‍ക്കാവലന്‍, എല്ലാ ഫ്രെയിമിലും അവനവന്‍ നിറയുന്ന പതിവ് കമലഹാസന്‍, വിജയകാന്തിന്റെ കോപത്തമിഴന്‍ അങ്ങനെയങ്ങനെയുള്ള പേച്ചും പടങ്ങളുടെ ഇടയില്‍ മോദിക്ക് ബ്ലാക്കില്‍ കൂടിയ വിലയ്ക്ക് ടിക്കറ്റ് വാങ്ങേണ്ടിവരും.

ബംഗാളില്‍ ഒറ്റയ്ക് നിന്നു ചരിത്രം സൃഷ്ടിക്കാനൊന്നും ബിജെപിക്ക് ശക്തിയായിട്ടില്ല. സിപിഎം കടുത്ത പകയോടെ സ്വയം അവസാനിപ്പിക്കുന്ന പ്രക്രിയ തുടര്‍ന്നാല്‍, രണ്ടാം സ്ഥാനത്തേക്കുള്ള വരവ് സാധ്യമാക്കാം എന്നേയുള്ളൂ. വീണ്ടും മമത തന്നെയാകും അവിടെ കാര്യങ്ങള്‍ നിശ്ചയിക്കുക. മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് കാലത്തേക്ക് ശിവസേനയെ വീണ്ടും കൂടെക്കൂട്ടിയില്ലെങ്കില്‍ ഇപ്പോഴുള്ള നിലയില്‍ നിന്നും താഴെപ്പോകാതിരിക്കാന്‍ ഒരു സാധ്യതയും കാണുന്നില്ല. ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍, ദുര്‍ബലമായ സംഘടനാ സംവിധാനമുള്ള കോണ്‍ഗ്രസിനോട് കഷ്ടിച്ചാണ് ജയിച്ചതെന്ന് കണ്ടു. ലോക്സഭ തെരഞ്ഞെടുപ്പിലും  ആ നിലയില്‍നിന്നും മുന്നോട്ടുപോകാനുള്ള കാലവുമില്ല.

ഇതൊക്കെ സീറ്റുകളുടെ കണക്കുകളും മുന്നണി ബന്ധങ്ങളും നോക്കിയുള്ള വര്‍ത്തമാനങ്ങളാണ്. അതിലേറെ പ്രധാനമായ കാര്യം അതിദേശീയതയുടെ, മുസ്ലീം വിരുദ്ധതയുടെ, പാകിസ്ഥാന്‍ വിരുദ്ധതയുടെ തട്ടിപ്പുകളെല്ലാം മോദി ഇതിനകം ഉപയോഗിച്ചുതീര്‍ത്തു എന്നതാണ്. മതേതര വാദികളെയും കോര്‍പ്പറേറ്റ് കൊള്ളക്കെതിരെ പ്രതിഷേധിക്കുന്നവരെയും ദേശവിരുദ്ധര്‍ എന്നു വിളിച്ച നാടകം ഇപ്പോള്‍ ജെഎന്‍യുവില്‍ ഒരു കോമാളിത്തമായി, ഇന്ത്യന്‍ മാനദണ്ഡങ്ങള്‍ വെച്ചുനോക്കിയാല്‍ മികവ് പുലര്‍ത്തിയിരുന്ന ആ സര്‍വകലാശാലയെ പൊളിച്ചടുക്കുകയാണ്. ഗുജറാത്ത് മാതൃക എന്ന ദളിത് വിരുദ്ധവും കര്‍ഷക വിരുദ്ധവുമായ കോര്‍പ്പറേറ്റ് കൊള്ളയുടെ മാതൃക 2014-ലെ പോലെ ഇനി വില്‍ക്കാനാകില്ല.

ഇന്ത്യയുടെ ബഹുസ്വരതയെ, അതിന്റെ ഫെഡറല്‍ സംവിധാനത്തെ പല രീതിയിലും തകര്‍ക്കാന്‍ ശ്രമിച്ച, ഹിന്ദി-ഹിന്ദുത്വ ബോധത്തെ ഇന്ത്യയുടെ പൊതുബോധമാക്കി മാറ്റാന്‍ ശ്രമിച്ച സംഘപരിവാര്‍ അജണ്ടക്ക് സ്വാഭാവികമായും ലഭിക്കേണ്ട തിരിച്ചടിയുമാണത്. ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തെ ജി എസ് ടി വഴി ഇതിനകം തന്നെ ദുര്‍ബലമാക്കിക്കഴിഞ്ഞു. ഇനി കേന്ദ്ര, സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തി അവയുടെ രാഷ്ട്രീയ അസ്തിത്വത്തെക്കൂടി ഇല്ലാതാക്കാനുള്ള നിര്‍ദേശമാണ് മോദി മുന്നോട്ടുവെച്ചിരിക്കുന്നത്.

http://www.azhimukham.com/india-how-modi-era-scams-differ-from-earlier-scams/

ഈ നിലയ്ക്കാണ് അടുത്ത പൊതുതെരഞ്ഞെടുപ്പ് വരെ കാര്യങ്ങള്‍ ഏതാണ്ടൊക്കെ മുന്നോട്ടുപോകുന്നതെങ്കില്‍ പ്രാദേശിക കക്ഷികളുടെ ശാക്തിക, ബലാബലങ്ങളായിരിക്കും 2019-ലെ കേന്ദ്ര സര്‍ക്കാരിനെ തീരുമാനിക്കുക. എസ് പി-ബി എസ് പി സഖ്യം, ദ്രാവിഡ കക്ഷികള്‍, ആന്ധ്രയില്‍ നിന്നുള്ള കക്ഷികള്‍, ടി എം സി, ബിജു ജനതാദള്‍ എന്നീ കക്ഷികളുടെ പൊതുശക്തിയായിരിക്കും 2019-ല്‍ ഇന്ത്യയിലെ തെരഞ്ഞെടുപ്പിന് ശേഷമുള്ള വിലപേശലില്‍ മുന്നിട്ടുനില്‍ക്കുക.

ആണ്ടി വലിയ അടിക്കാരനാണെന്ന് പറഞ്ഞു കേട്ട പെരുമയിലാണ് ജനം തള്ളിക്കയറിയത്, ഇതാണ് ആണ്ടിയുടെ അടിയെങ്കില്‍ ഇനി ആണ്ടി ജനത്തിന്റെ അടികിട്ടാതെ മടങ്ങാനുള്ള സാധ്യത വളരെക്കുറവാണ് എന്നതാണ് മോദിയുടെ അവസ്ഥ. മോദി-അമിത് ഷാ ക്രിമിനല്‍ ദ്വന്ദവും സംഘപരിവാറിലെ ഹിന്ദുത്വ ഭീകരവാദികളും തെരഞ്ഞെടുപ്പിന് മുന്നോടിയായി ആസൂത്രണം ചെയ്യുന്ന ഒളിഞ്ഞും തെളിഞ്ഞുമുള്ള വര്‍ഗീയ കലാപങ്ങള്‍ക്കെതിരെ കരുതിയിരിക്കുക എന്ന മതേതര ജാഗ്രതയും, മുംബൈ കര്‍ഷക ജാഥയടക്കമുള്ള ജനകീയ സമരങ്ങളുടെ സൂചനകള്‍ തന്ന ചെറുത്തുനില്‍പ്പിന്റെ ആവേശവും മുന്നോട്ടുകൊണ്ടുപോകാന്‍ ഇന്ത്യയിലെ മതേതര രാഷ്ട്രീയ പ്രതിപക്ഷത്തിനുള്ള ശേഷിയാണ് ഇനി തെളിയേണ്ടത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

http://www.azhimukham.com/viral-trending-twitterati-mocks-modi-constitution-video/

http://www.azhimukham.com/narendra-modi-arnab-gowsami-interview-qustions-azhimukham/

http://www.azhimukham.com/india-cpim-general-secretary-sitaram-yechury-wrote-on-three-years-of-modi-government/

http://www.azhimukham.com/opinion-what-is-the-national-security-in-modi-s-corruption-in-rafale-deal-by-pramod-puzhankara/

http://www.azhimukham.com/trending-npd-and-modi-protest-advertisement-in-times-of-india/

Next Story

Related Stories