TopTop
Begin typing your search above and press return to search.

നിതീഷ് കുമാറിന്റെ രാഷ്ട്രീയ വഞ്ചന

നിതീഷ് കുമാറിന്റെ രാഷ്ട്രീയ വഞ്ചന

മന:സാക്ഷിയോട് നീതി പുലര്‍ത്താന്‍ ഇന്ത്യയിലെ രാഷ്ട്രീയക്കാര്‍ നടത്തുന്ന വലിയ ത്യാഗങ്ങളുടെ കൂട്ടത്തില്‍ തന്റെ പേരുകൂടി കൊത്തിവെച്ചിരിക്കുന്നു നിതീഷ് കുമാര്‍. അങ്ങനെയാണ് ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയത്തിനെ എതിര്‍ക്കുക എന്ന ഒറ്റ അജണ്ടയില്‍ രൂപം കൊണ്ട മഹാസഖ്യത്തെ പൊളിച്ച്, കൂട്ടുകൂടി നിതീഷ് കുമാര്‍ ഒറ്റ രാത്രിയുടെ ഇടവേളയില്‍ മുഖ്യമന്ത്രി പദത്തില്‍ നിന്നും രാജിവെക്കുകയും പിറ്റേന്ന് രാവിലെ ബിജെപിയുമായി സഖ്യം ചേര്‍ന്ന് മുഖ്യമന്ത്രിയായി പുതിയ മന്ത്രിസഭ ഉണ്ടാക്കുകയും ചെയ്തത്.

ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനം നിതീഷ് കുമാര്‍ രാജിവെച്ചു എന്നത് കഴിഞ്ഞ കുറച്ചാഴ്ച്ചകളായി ബിഹാറിലെ രാഷ്ട്രീയസംഭവവികാസങ്ങള്‍ ശ്രദ്ധിക്കുന്നവരെ അത്ഭുതപ്പെടുത്തില്ല. ബിജെപി പിന്തുണയോടെ തൊട്ടുപിറ്റേന്ന് അയാള്‍ പുതിയ മന്ത്രിസഭ ഉണ്ടാക്കുകയാണെന്ന വസ്തുതയും. ഉപമുഖ്യമന്ത്രിയും ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജസ്വി യാദവിനെ സിബിഐ ഒരു അഴിമതിക്കേസന്വേഷണത്തില്‍ പ്രതി ചേര്‍ത്തതോടെയാണ് നീതീഷിന്റെ രാജിക്കുള്ള രാഷ്ട്രീയ കാലാവസ്ഥ ഉണ്ടാക്കിയെടുത്തത്. തേജ്വസി രാജിവെക്കില്ലെന്ന് വ്യക്തമാക്കിയതോടെ അഴിമതിക്കെതിരായ സംശുദ്ധ രാഷ്ട്രീയം എന്ന നിലപാടുമായി നിതീഷ് രാജിവെക്കുകയായിരുന്നു.

പക്ഷേ 2015-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ വേണ്ടി രൂപംകൊണ്ട ജെ ഡി യു-ആര്‍ ജെ ഡി-കോണ്‍ഗ്രസ് മഹാസഖ്യത്തില്‍ നിന്നും പുറത്തുപോരാന്‍ ഒരവസരം കാത്തിരിക്കുകയായിരുന്നു നിതീഷ് എന്നത് മുമ്പേ വ്യക്തമായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍ജെഡി ഏറ്റവും വലിയ ഒറ്റക്കക്ഷിയായതോടെ ലാലു പ്രസാദിന്റെ സമ്മര്‍ദ്ദതന്ത്രങ്ങളില്‍ തന്റെ ഏതാണ്ട് സ്വതന്ത്രമായിരുന്ന അധികാരം ഒതുക്കപ്പെടുമെന്ന ഭീതി അയാള്‍ക്കുണ്ടായിരുന്നു. ഇത് തെരഞ്ഞെടുപ്പിന് ശേഷം മാത്രം നീതീഷിന് കിട്ടിയ അറിവല്ല. അതിനു മുമ്പും, സാമാന്യമായി ബീഹാര്‍ രാഷ്ട്രീയത്തെക്കുറിച്ച് ധാരണയുളള ആര്‍ക്കും ഊഹിക്കാവുന്നതായിരുന്നു.

എന്നിട്ടും ഇത്തരത്തിലൊരു സഖ്യം രൂപപ്പെട്ടതിന്റെ കാരണം 2014-ല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നീതീഷിന്റെ ജെ ഡി (യു) അടക്കമുള്ള മതേതര കക്ഷികള്‍ക്കെല്ലാം ഏറ്റ കനത്ത പരാജയവും ബിജെപിയുടെ വന്‍വിജയവുമായിരുന്നു. നീതീഷിനെയും ലാലുവിനെയും സംബന്ധിച്ച് വേറൊരു വഴിയും ഉണ്ടായിരുന്നില്ല എന്നും പറയാം. പക്ഷേ ലാലുവിനെ സംബന്ധിച്ച് എല്ലാക്കാലത്തും ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയത്തിനെതിരായ ഒരു നിലപാട് അയാള്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നു. അഴിമതിയില്‍ ആണ്ടിറങ്ങിയ ഇന്ത്യന്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ ഏറ്റവും ആഘോഷിക്കപ്പെട്ട പ്രതിരൂപങ്ങളിലൊന്നായി നില്‍ക്കുമ്പോഴും, മതേതര രാഷ്ട്രീയത്തോടുള്ള പ്രതിബദ്ധത അയാള്‍ ഉപേക്ഷിച്ചില്ല എന്നു കാണാം.

എന്നാല്‍ നിതീഷ് കുമാര്‍, അടല്‍ ബിഹാരി വാജ്പേയിയുടെ മന്ത്രിസഭയില്‍ അംഗമായിരുന്നത് തൊട്ടേ ബിജെപിയുമായി അടുത്ത ബന്ധം പുലര്‍ത്തിയ ഒരാളാണ്. ഗുജറാത്ത് വംശഹത്യയുടെ കാലത്ത് രാജിവെക്കാനുള്ള ധാര്‍മികത അയാള്‍ക്ക് തോന്നിയിരുന്നുമില്ല. പിന്നീട് തട്ടകം ബീഹാര്‍ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മാറ്റുകയും ലാലു പ്രസാദ് യാദവിനെതിരായ രാഷ്ട്രീയ യുദ്ധത്തില്‍ ബിജെപിക്കൊപ്പം സര്‍ക്കാരുണ്ടാക്കുകയും ചെയ്തപ്പോഴുമൊക്കെ നിതീഷ് ഒരു പ്രായോഗിക അവസരവാദി രാഷ്ട്രീയക്കാരന്റെ മിടുക്ക് മാത്രമാണ് കാണിച്ചത്.

മഹാസഖ്യം അധികാരത്തില്‍ വന്നതിനുശേഷം മോദി സര്‍ക്കാരിനെതിരായ രാഷ്ട്രീയാക്രമണങ്ങളില്‍ നിന്നും നിതീഷ് കുമാര്‍ തന്ത്രപൂര്‍വം ഒഴിഞ്ഞു നിന്നു. കേന്ദ്രസര്‍ക്കാരിനെയെയും ബിജെപിയെയും അസാധാരണമാം വിധത്തില്‍ പ്രതിരോധത്തിലാക്കിയ നോട്ട് നിരോധനത്തിന്റെ ആദ്യഘട്ടത്തില്‍, അതിനെ പിന്തുണച്ചുകൊണ്ട് രംഗത്തുവന്ന് പ്രതിപക്ഷ പ്രതിരോധത്തെ പാളിപ്പിച്ചത് നിതീഷ് കുമാറായിരുന്നു.

ഇപ്പോള്‍ നടന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നതിന് മുമ്പ് തന്നെ, മുന്‍ ബിഹാര്‍ ഗവര്‍ണറായിരുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിന് ദളിത സ്വത്വം പറഞ്ഞ് പിന്തുണ പ്രഖ്യാപിച്ച് ആ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ പോരാട്ടത്തെയും അയാള്‍ ദുര്‍ബലമാക്കി. ഇതൊന്നും നിഷ്ക്കളങ്കമായിരുന്നില്ല. 2019-ലെ നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ഐക്യമുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി നിതീഷ് കുമാറിനെ അവതരിപ്പിക്കാന്‍ കോണ്‍ഗ്രസിതാര പ്രതിപക്ഷം ഏതാണ്ട് തയ്യാറായിരുന്നു. എന്നാല്‍ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിലെ ബിജെപി വിജയവും രാജ്യത്തെങ്ങും ദുര്‍ബലമായ പ്രതിപക്ഷവും ശുഭസൂചനകളല്ല നല്‍കിയത്. നിതീഷ് ഈ സൂചനകളെ വ്യാഖ്യാനിച്ചത് പറക്കുന്ന കിളിയെ പിടിക്കാന്‍ ശ്രമിച്ച് കയ്യിലിരിക്കുന്ന കിളി പറന്നുപോകും എന്ന യുക്തിയിലാണ്. പ്രധാനമന്ത്രിയെ സ്ഥാനാര്‍ത്ഥി എന്ന രൂപത്തില്‍ വന്നാല്‍, ബിഹാറിലെ മുഖ്യമന്ത്രി സ്ഥാനം സഖ്യത്തിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ആര്‍ജെഡി അവകാശപ്പെടും. ആ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ വിജയം ഉണ്ടാവുക എന്നതിനുള്ള സാധ്യത മങ്ങുകയുമാണ്. അപ്പോള്‍ വീണ്ടും ബിഹാറിലെക്കൊരു മടങ്ങിപ്പോക്ക് അസാധ്യമാകും. ഇതൊരു നഷ്ടം മാത്രമുണ്ടാക്കുന്ന ചൂതാട്ടമായാണ് നിതീഷ് കണക്കാക്കിയത്.

നിതീഷിന് ബിഹാറില്‍ ലഭിക്കുന്ന പിന്തുണയില്‍ മുസ്ലീങ്ങളുടെ സ്വാധീനം വളരെ കുറവാണ്. ബിജെപിയോടുള്ള എതിര്‍പ്പില്‍ രാഷ്ട്രീയ സ്ഥിരത പുലര്‍ത്തുന്ന ലാലു പ്രസാദ് യാദവിനൊപ്പമാണ് അവര്‍. കുറച്ചൊക്കെ കോണ്‍ഗ്രസിനും. ഒ ബി സി, മഹാദളിത് ജനവിഭാഗങ്ങളാണ് നീതീഷിനൊപ്പമുള്ളത്. നിലവിലെ രാഷ്ട്രീയ കാലാവസ്ഥയില്‍, പ്രത്യേകിച്ചും യുപി തെരഞ്ഞെടുപ്പിന് ശേഷം, ഈ വിഭാഗങ്ങള്‍ ബിജെപി രാഷ്ട്രീയത്തോട് ചേര്‍ന്ന് നില്ക്കാന്‍ സാധ്യതയുണ്ടെന്നും നിതീഷ് കരുതുന്നു. വടക്കേ ഇന്ത്യയിലെ മുഖ്യധാര ദളിത രാഷ്ട്രീയം നാനാവിധമായ വെല്ലുവിളികള്‍ നേരിടുകയാണെന്ന വസ്തുത കണക്കിലെടുക്കുമ്പോള്‍ പ്രത്യേകിച്ചും. അതുകൊണ്ട് ബിജെപിയുമായുള്ള സഖ്യം നീതീഷിനൊപ്പമുള്ള വിഭാഗങ്ങളെ അകറ്റുകയില്ല.

എന്നാല്‍ ഹിന്ദുത്വ വര്‍ഗീയവിരുദ്ധതയുടെ രാഷ്ട്രീയം പറഞ്ഞ് അധികാരത്തില്‍ വന്ന നിതീഷ് കുമാര്‍ സംഘപരിവാറിന്റെ ആശ്രിത പാളയത്തിലേക്കു ചേക്കേറുമ്പോള്‍ അയാള്‍ ഇല്ലാതാക്കിയത് ബിഹാറിന് പുറത്ത് ബിജെപി ബദല്‍ രാഷ്ട്രീയത്തിന്റെ നേതൃത്വം ഏറ്റെടുക്കാനുള്ള ചരിത്രപരമായ സാധ്യതയാണ്. നിതീഷിനെപ്പോലെ സംഘപരിവാര്‍ പാളയത്തില്‍ പലതവണ അന്തിയുറങ്ങിയ ഒരു അവസരവാദിയെ അങ്ങനെ എഴുന്നള്ളിക്കേണ്ടിവരുന്ന ഗതികേട് വിഴുങ്ങിയാണെങ്കില്‍ക്കൂടി അതിനുള്ള സാധ്യതകള്‍ തെളിഞ്ഞുവന്നിരുന്നു. വാജ്പേയിയുടെ കാലത്തുളള എന്‍ഡിഎ അല്ല മോദിയുടെയും അമിത് ഷായുടെയും എന്‍ഡിഎ. അവിടെ ചായകുടിക്കും കുശാലാന്വേഷണങ്ങള്‍ക്കും അപ്പുറം പ്രത്യേകിച്ച് ഒരു പരിഗണനയും നിതീഷിന് ലഭിക്കില്ല. ബിഹാറില്‍ ഇനി അടുത്തൊന്നും ഒരു മടങ്ങിപ്പോക്ക് സാധ്യമാകാത്ത രീതിയില്‍ മതേതര സഖ്യത്തില്‍ നിന്നും പുറത്തുവന്ന നിതീഷിന് സംഘപാളയത്തിലെ ആനപ്പന്തിയില്‍ കുറെക്കാലത്തേക്ക് കഴിഞ്ഞുകൂടിയേ പറ്റൂ.

ദേശീയരാഷ്ട്രീയത്തില്‍ ബിജെപിക്ക് ഇതുണ്ടാക്കുന്ന നേട്ടം ചില്ലറയല്ല. മറ്റൊരു രാഷ്ട്രീയ കക്ഷികൂടി സഖ്യത്തില്‍ എത്തി എന്നതിനേക്കാള്‍, ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തോടുള്ള എതിര്‍പ്പിന്റെ അടിസ്ഥാനത്തില്‍ രൂപം കൊണ്ട ഒരു മതേതരസഖ്യം പൊളിയുകയും അതിലെ പ്രധാന കക്ഷി തങ്ങളോടൊപ്പം ചേരുകയും ചെയ്യുന്നു എന്നതാണ് ഏറ്റവും വലിയ നേട്ടം. 2014-ലെ മോദിയുടെ വലിയ വിജയത്തിനു ശേഷം ബിജെപിയേയും മോദിയെയും ഇനി പിടിച്ചാല്‍ കിട്ടില്ല എന്ന പ്രചാരണത്തിനെ മറികടന്ന്, തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ബിജെപിക്കെതിരെ മൂര്‍ത്തമായ വിജയസാധ്യതകളുണ്ട് എന്നു തെളിയിച്ച തെരഞ്ഞെടുപ്പായിരുന്നു ബിഹാറിലേത്. ഭാവിയില്‍ ദേശീയരാഷ്ട്രീയത്തില്‍ രൂപപ്പെടാന്‍ സാധ്യതയുള്ള വിശാല പ്രതിപക്ഷ മുന്നണിയുടെ മാതൃകയായും ഇതിനെ കണ്ടു. ഈ സാധ്യതകളുടെ തിരിയാണിയാണ് ഇപ്പോള്‍ ഊരിപ്പോന്നത്.

ഹിന്ദുത്വ ഭീകരതയുടെ കറകളഞ്ഞ പ്രചാരകനായ മോദിക്ക്, കുറച്ചുകാലത്തെക്കെങ്കിലും വടക്കേ ഇന്ത്യയിന്‍ രാഷ്ട്രീയത്തില്‍ നീതീഷിനെപ്പോലെ പഴയ സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന്റെ മുഖംമൂടിയിട്ട ഒരവസരവാദിയെ കൂടെക്കൊണ്ടുനടക്കുന്നത് ചില പ്രതിച്ഛായ നിര്‍മ്മിതിയുടെ സാധ്യതകള്‍ പരീക്ഷിക്കാന്‍ അവസരമുണ്ടാക്കുകയും ചെയ്യും.

തങ്ങള്‍ക്ക് ഒറ്റയ്ക്ക് അധികാരം പിടിക്കാന്‍ കഴിയാത്ത സംസ്ഥാനങ്ങളില്‍ പ്രബല കക്ഷികളെ ഒന്നുകില്‍ ഏതാണ്ട് മൊത്തമായി വിലയ്ക്കുവാങ്ങിയും അല്ലെങ്കില്‍ നെടുകെപ്പിളര്‍ത്തിയും ബിജെപി നടത്തുന്ന കച്ചവടം അസമിലും മറ്റ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും വിജയം കണ്ടു. ബിഹാറില്‍ ഇതിന്റെ മറ്റൊരു രൂപമാണ് അവര്‍ കളിച്ചത്. ഒഡിഷയില്‍ ബിജു ജനതാദളിലെ നവീന്‍ പട്നായിക്കിനെതിരെയുള്ള അസംതൃപ്ത വിഭാഗത്തെ കൂടെക്കൂട്ടാനുള്ള ഇടപാടിന്റെ ധാരണകള്‍ ഏതാണ്ട് അന്തിമഘട്ടത്തിലാണ്.

എന്തുകൊണ്ടാണ് ഇത്രയെളുപ്പത്തില്‍ ഈ സഖ്യം തകര്‍ന്നത് എന്നതിന് പിന്നില്‍, നിതീഷ്-ആര്‍ജെഡി തര്‍ക്കം അതിന്റെ ഒരു ഘടകം മാത്രമേ ആകുന്നുള്ളൂ. അതൊരു പ്രധാന കാരണമാണ് എന്നതില്‍ തര്‍ക്കമൊന്നുമില്ലെങ്കിലും. ഏറെനാള്‍ അധികാരത്തിലിരുന്ന ലാലുവിന്റെ ആര്‍ജെഡി എന്നാല്‍ ലാലു കുടുംബത്തിന്റെ അഴിമതിയും കൂടെയുള്ള അഴിമതി-ഗുണ്ടാ സംഘവും എന്ന നിലയിലേക്ക് മാറിയിരുന്നു. വടക്കേ ഇന്ത്യയിലെ രാഷ്ട്രീയത്തില്‍ ഏത് കക്ഷിയാണ് ഇങ്ങനെയല്ലാത്തത് എന്നത് വേറെ കാര്യം. ഉത്തവണ അപ്രതീക്ഷിതമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ആര്‍ജെഡി, മുന്‍കാല പ്രാബല്യത്തോടെ അഴിമതി നടത്താന്‍ തുടങ്ങി എന്നതും വസ്തുതയാണ്. തന്റെ പ്രതിച്ഛായയുടെ പുറത്ത് വളര്‍ത്തിക്കൊണ്ടുവരുന്ന രാഷ്ട്രീയത്തെ ഇത് ബാധിക്കും എന്ന് നിതീഷിന് തുടക്കം മുതലേ ആധിയുണ്ടായിരുന്നു താനും. ഇക്കാര്യങ്ങളെ പരിഗണിക്കുന്നതില്‍ ലാലു പ്രസാദ് ഒരു വിട്ടുവീഴ്ചയും കാണിച്ചില്ല എന്നതും കാണേണ്ടതാണ്. തീര്‍ത്തും സ്വാര്‍ത്ഥമായ അധികാര രാഷ്ട്രീയം എങ്ങനെയാണ് ജനങ്ങളെ നിരന്തരം വഞ്ചിച്ചുകൊണ്ടിരിക്കുന്നത് എന്നതിന്റെ തെളിവ് കൂടിയാണ് ഇതൊക്കെ.

ദേശീയ രാഷ്ട്രീയത്തിലെ ബിജെപി വിരുദ്ധകക്ഷികള്‍ക്ക് നിതീഷ് കുമാര്‍-ലാലു പ്രസാദ് ബന്ധത്തിലെ വിള്ളലും അത് നിതീഷ്, എന്‍ഡിഎയില്‍ ചേരാനുള്ള ഒരു കാരണമായി കാണിക്കും എന്നതും കഴിഞ്ഞ ഒരു വര്‍ഷമായി മനസിലായതാണ്. എന്നാല്‍ ഈ പ്രതിസന്ധിയെ പരിഹരിക്കാനും കൂടുതല്‍ സജീവമായ ഒരു രാഷ്ട്രീയ മുന്നണിയുടെ ഭാഗമായി ജെ ഡി (യു) വിനെ നിലനിര്‍ത്താനും കഴിയാതെ പോയ കോണ്‍ഗ്രസ് അടക്കമുള്ള ദേശീയ പ്രതിപക്ഷം തങ്ങള്‍ പാഴാക്കുന്ന അവസരങ്ങളെക്കുറിച്ചും അതിനു കൊടുക്കേണ്ടിവരുന്ന വിലയെക്കുറിച്ചും ഒട്ടും ബോധവാന്‍മാരല്ല എന്നതാണു വസ്തുത.

തെരഞ്ഞെടുപ്പുകളെ മാത്രം അടിസ്ഥാനമാക്കി, സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയത്തെ പ്രതിരോധിക്കുക സാധ്യമല്ല. വര്‍ഗതാത്പര്യങ്ങളുടെ കാര്യത്തില്‍ ഭൂപ്രഭുക്കളുടെയും മുതലാളിമാരുടെയും കൂടെ നില്‍ക്കുന്ന രാഷ്ട്രീയ കക്ഷികളും, മണ്ഡല്‍ കാലത്ത് ഉയര്‍ന്നുവന്ന ജാതി സ്വത്വത്തില്‍ അധിഷ്ഠിതമായ രാഷ്ട്രീയകക്ഷികളുമാണ് വടക്കേ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ബിജെപി വിരുദ്ധര്‍. ഇതില്‍ കോണ്‍ഗ്രസ് അടക്കമുള്ള ആദ്യ വിഭാഗം മതേതരത്വം ഒഴികെയുള്ള എല്ലാ കാര്യങ്ങളിലും ബിജെപിയുടെ ജനവിരുദ്ധ നയങ്ങളുടെ ഒപ്പമാണെന്നുള്ളതുകൊണ്ടും അതിന്റെ ചരിത്രപരമായ തകര്‍ച്ചയുടെ അവസാന ഘട്ടത്തിലാണ് എന്നതുകൊണ്ടും ഒരു കനത്ത രാഷ്ട്രീയപ്പോരാട്ടത്തിനുള്ള ആശയപരമോ സംഘടനാപരമോ ആയ ഊര്‍ജം ഉള്ളവയല്ല.

രണ്ടാം വിഭാഗത്തിലെ കക്ഷികള്‍ വലിയ പ്രതിസന്ധി നേരിടുന്നുണ്ട്. ജാത്യാധിഷ്ഠിതമായ സ്വത്വവാദ രാഷ്ട്രീയം അതിന്റെ നിലനില്‍പ്പ് വെല്ലുവിളികള്‍ നേരിടുകയാണ്. സംവരണവും രാഷ്ട്രീയ പ്രാതിനിധ്യവും എന്ന അജണ്ടകള്‍ ഇവരില്‍ നിന്നും ഹിന്ദുത്വ രാഷ്ട്രീയം വിദഗ്ധമായി തട്ടിയെടുത്തിരിക്കുന്നു. സംവരണ അജണ്ടയ്ക്കപ്പുറം അനിവാര്യമായ രാഷ്ട്രീയ-സാമ്പത്തിക പോരാട്ടങ്ങളെക്കുറിച്ചും വിശാലമായ മുതലാളിത്ത വിരുദ്ധ ചെറുത്തുനില്‍പ്പിനെക്കുറിച്ചും പിന്തിരിപ്പന്‍ രാഷ്ട്രീയ നിലപാടുകള്‍ വെച്ചുപുലര്‍ത്തുന്ന മുഖ്യധാര തെരഞ്ഞെടുപ്പ് ദളിത് രാഷ്ട്രീയവും, മുലായവും ലാലുവുമടക്കമുള്ളവരുടെ ജാതി രാഷ്ട്രീയവും, സംവരണ അജണ്ടയോടുള്ള തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന ബ്രാഹ്മണ്യ വ്യവസ്ഥയുടെ എതിര്‍പ്പിനെ സംഘപരിവാര്‍ തന്ത്രപരമായി മറച്ചുവെച്ചതോടെ വലിയ അസ്തിത്വ പ്രതിസന്ധിയാണ് നേരിടുന്നത്.

ഈ കക്ഷികളെല്ലാം ഒരേപോലെ നടപ്പാക്കുന്ന കോര്‍പ്പറേറ്റ് കൊള്ളയുടെ അജണ്ടകളെ ജനകീയ സമരങ്ങളിലൂടെ ചെറുക്കുന്നതിലൂടെ ഉയര്‍ന്നുവരുന്ന ജനകീയ ബദലുകള്‍ക്ക് മാത്രമേ, ഇന്ത്യയിലെ ഉപരിവര്‍ഗ താത്പര്യങ്ങളെ പല രീതിയില്‍ പ്രതിനിധീകരിക്കുന്ന ഈ രാഷ്ട്രീയകക്ഷികളുടെ അവസരവാദ നിലപ്പാടുകള്‍ക്കപ്പുറം ഹിന്ദുത്വ ഭീകരതയെ ചെറുക്കാനാകൂ. ആ ചെറുത്തുനില്‍പ്പിന്റെ ഇപ്പോഴത്തെ അവസ്ഥ തീര്‍ത്തൂം ദുര്‍ബലവുമാണ്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ജനങ്ങള്‍ നടത്തുന്ന, അവശേഷിക്കുന്ന ഉപജീവന മാര്‍ഗങ്ങളും മണ്ണും വെള്ളവും സരക്ഷിക്കാനുള്ള സമരങ്ങള്‍ അതിന്റെ സംഘടനാരൂപങ്ങളിലും പ്രത്യയശാസ്ത്ര തെളിമയിലും അത്ര ശക്തമല്ല താനും. എന്നാല്‍ അതിലെ ഏറ്റവും പ്രതീക്ഷാനിര്‍ഭരമായ സംഗതി അവ ജനങ്ങളുടെ ചേരുത്തുനില്‍പ്പുകളാണ് എന്നുള്ളത് തന്നെയാണ്. ഇത്തരം ചെറുത്തുനില്‍പ്പുകളെ എങ്ങനെയാണ് കണ്ണിചേര്‍ക്കുക എന്നുള്ളതാണ് രാഷ്ട്രീയമായ വെല്ലുവിളി. കാലാകാലങ്ങളില്‍ ഇത്തരം ഉപരിവര്‍ഗ രാഷ്ട്രീയ കക്ഷികളുടെ തോളില്‍ കയ്യിട്ടും അവസരവാദ തെരഞ്ഞെടുപ്പ് സഖ്യങ്ങളില്‍ ഏര്‍പ്പെട്ടും സ്വന്തം നിലനില്‍പ്പുതന്നെ ഏതാണ്ടില്ലാതാക്കിയ മുഖ്യധാര ഇടതുപക്ഷം ഇതില്‍ നിന്നും എന്തു പാഠമാണ് പഠിക്കുക എന്നത് കണ്ടറിയണം.

എന്തായാലും രാജ്യത്തെ കാത്തിരിക്കുന്നത് നീണ്ട ശൈത്യമാണ്. നിശബ്ദമായ അടിയന്തരാവസ്ഥയെ വികസനം എന്നു വിളിക്കുന്ന ഒരു വെണ്ണപ്പാളി വിഭാഗവും അതിന്റെ രാഷ്ട്രീയ ബോധവും കാലുറപ്പിക്കുന്നു. പൌരസ്വാതന്ത്ര്യങ്ങളെയും ജനാധിപത്യ സ്വാതന്ത്ര്യത്തെയും അധികാരത്തില്‍ വന്ന നാളുകള്‍ തൊട്ടേ ആക്രമിക്കുന്ന സംഘപരിവാര്‍ ഹിന്ദുരാഷ്ട്രമെന്ന അജണ്ടയിലേക്ക് നീങ്ങുന്നുമുണ്ട്. പ്രതിരോധങ്ങള്‍ ദുര്‍ബലമാണ്. ജനാധിപത്യത്തെ എത്ര ചെറിയ മൂലകളിലാണെങ്കില്‍ക്കൂടി സംരക്ഷിക്കുക എന്നതാണ് വീട്ടുവീഴ്ച്ചയില്ലാതെ നടപ്പാക്കേണ്ട രാഷ്ട്രീയ ചുമതല.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories