TopTop
Begin typing your search above and press return to search.

പ്രചരിപ്പിച്ചാല്‍ അകത്തിടുമെന്ന് മുഖ്യമന്ത്രി പറഞ്ഞ ഏറ്റവും വലിയ വ്യാജ വാര്‍ത്തയാണ് നിങ്ങള്‍ പോസ്റ്റ് ചെയ്തത്, തിരുവനന്തപുരം ജില്ലാ കളക്ടര്‍ക്ക് ഖേദപൂര്‍വ്വം

പ്രചരിപ്പിച്ചാല്‍ അകത്തിടുമെന്ന് മുഖ്യമന്ത്രി പറഞ്ഞ ഏറ്റവും വലിയ വ്യാജ വാര്‍ത്തയാണ് നിങ്ങള്‍ പോസ്റ്റ് ചെയ്തത്, തിരുവനന്തപുരം ജില്ലാ കളക്ടര്‍ക്ക് ഖേദപൂര്‍വ്വം

അങ്ങൊരു രോഗമല്ല. രോഗലക്ഷണം മാത്രമാണ്

ദുരന്തങ്ങള്‍ ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ അവസരങ്ങള്‍ കൂടിയാണ് എന്ന് പറഞ്ഞാല്‍ അങ്ങ് തെറ്റിദ്ധരിക്കരുത്. എവിടെയെങ്കിലും ഒരു പ്രളയമോ വരള്‍ച്ചയോ സംഭവിച്ചാല്‍ ഫണ്ടേലുയ്യാ എന്ന് പറഞ്ഞു ആഹ്ളാദാരവം മുഴക്കുന്ന സന്നദ്ധ സേവന വ്യവസായികളേയും ആഗോള എന്‍ജിയോകളെയും പുതിയ നിര്‍മ്മാണ പ്രവര്‍ത്തികളിലെ അഴിമതിയിലും തട്ടിപ്പിലും കണ്ണ് വയ്ക്കുന്ന അഴിമതിക്കാരായ ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും കരാറുകാരെയുമല്ല ഉദ്ദേശിച്ചത്. ഉദേശിച്ചത് സാധാരണക്കാരായ മനുഷ്യരെയാണ്. സഹജീവികളുടെ ദുരിതങ്ങളിലും വേദനകളിലും സ്വന്തം ജീവിതവും അതിന്റെ സൗകര്യങ്ങളും അതിനായി നീക്കി വയ്ക്കുന്ന പണത്തിന്റെയും വിഭവങ്ങളുടെയും നിഷ്ഫലത മനസ്സിലാക്കുന്ന സാധാരണക്കാരെക്കുറിച്ച്‌.

അവരെ ഓര്‍ക്കുമ്ബോഴാണ് ദുരന്തം ഒരു അവസരമായി മാറുന്നത്. ഓരോ വ്യക്തിയിലേയും അദൃശ്യമായി പൊടിപിടിച്ചു കിടക്കുന്ന നന്മയെയും മനുഷ്യത്വത്തെയും സ്വയം കണ്ടെത്തി പുറത്തെടുക്കാനുള്ള സന്ദര്‍ഭം. മറ്റുള്ളവര്‍ക്കായി സ്വയം കത്തിയെരിയുന്ന സുസ്നേഹമൂര്‍ത്തികളായ സൂര്യന്മാരായി ആയിരക്കണക്കിന് മനുഷ്യര്‍ ഒരുമിച്ച്‌ ഉദിച്ചുയരുന്ന സന്ദര്‍ഭം. ആ നിമിഷങ്ങളിലാണ് നമ്മള്‍ നമ്മളെ വീണ്ടെടുക്കുന്നത്. കൊച്ചുകുട്ടികള്‍ അവരുടെ കൊച്ചു കൊച്ചു ഭണ്ഡാരങ്ങള്‍ പൊളിച്ചു അവയിലെ കൊച്ചു സമ്ബാദ്യങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് അയക്കുന്നത്. അത്തരം നിമിഷങ്ങളിലാണ് മക്കളുടെ പിറന്നാള്‍ സദ്യകള്‍ വേണ്ടെന്നു വയ്ക്കുന്ന അമ്മമാര്‍ വീട്ടിലെ കരുതല്‍ സമ്ബാദ്യങ്ങള്‍ എല്ലാമെടുത്തു സന്നദ്ധ സേവകര്‍ക്കു കൈമാറുന്നത്. ടെക്‌നോപാര്‍ക്കുകളിലും വിദ്യാലയങ്ങളിലും ആശുപത്രികളിലും ഫാക്ടറികളിലും മനുഷ്യര്‍ അവരുടെ നീക്കിവയ്പ്പുകള്‍ കൂട്ടായ പൊതുനന്മയ്ക്കായി പുറത്തെടുക്കുന്നത്. ഉപജീവനത്തിനായി കടലിലേക്ക് പായിക്കാന്‍ വച്ച ബോട്ട് പ്രളയം ബാധിച്ച നദീ തടങ്ങളിലേക്ക് തിരിച്ചു വിടുന്ന മത്സ്യത്തൊഴിലാളികള്‍ ആ വലിയ മനുഷ്യ നന്മയുടെ നേര്‍ ചിത്രമാണ്. പൊട്ടിപ്പോയ വൈദ്യുതി ലൈനുകള്‍ വിളക്കി ചേര്‍ക്കാന്‍ മരണത്തെ പോലും അവഗണിച്ചു പെരുമഴയില്‍ ഏണിയുമായി ഇറങ്ങുന്ന വൈദ്യതി വകുപ്പ് ജീവനക്കാര്‍ അത്തരമൊരു മനുഷ്യസാധ്യതയുടെ പ്രതിഫലനമാണ്.

ദുരന്തമുഖങ്ങളിലാണ് നമ്മള്‍ മനുഷ്യരാകുന്നത്. ദുരന്തങ്ങള്‍ക്ക് മുന്നിലാണ് നമ്മള്‍ നമ്മളെ കണ്ടെത്തുന്നത്. കോരിച്ചൊരിയുന്ന പേമാരിയിലും ഉരുള്‍പൊട്ടല്‍ ഭീതിയിലും അപകട മേഖലകള്‍ സന്ദര്‍ശിച്ചു രക്ഷാ പ്രവര്‍ത്തനം നടത്തുന്ന താങ്കളുടെ കീഴ്ജീവനക്കാരെ ഒന്നോര്‍ത്തു നോക്കൂ. അവരുടെ കുടുംബങ്ങളിലെ ആശങ്കകള്‍ ഒന്ന് മനസ്സില്‍ കാണൂ. ഇനി താങ്കളുടെ തന്നെ ചില സഹപ്രവര്‍ത്തകരെ ഓര്‍ക്കാം. ദുരിതാശ്വാസത്തിന് തുറന്നു കൊടുക്കാതെ സ്വന്തം ഓഫീസ് താഴിട്ടു പൂട്ടിയ വക്കീല്‍ സംഘടനയോട് കെഞ്ചാന്‍ നില്‍ക്കാതെ പൂട്ട് തല്ലിപ്പൊളിച്ച പഴയ തൃശൂര്‍ കളക്ടര്‍. ഇപ്പോഴും പ്രളയദുരിതാശ്വാസത്തിന് വേണ്ടി വലിയ തോതില്‍ വിഭവ സമാഹരണം നടത്തുന്ന പഴയ കോഴിക്കോട് കളക്ടര്‍. പോയ വര്‍ഷം തിരുവനന്തപുരം ജില്ലയിലെ രക്ഷാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ നിറഞ്ഞു നിന്നും അനുപമമമായ നേതൃത്വം കൊടുത്തും ഒരുപാടാളുകളെ പ്രചോദിപ്പിച്ച താങ്കളുടെ തന്നെ മുന്‍ഗാമി.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി താങ്കള്‍ വലിയ തിരക്കില്‍ ആയിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം. മദ്യപിച്ചു അമിത വേഗതയില്‍ വണ്ടിയോടിച്ചു നിരപരാധിയായ ഒരു ചെറുപ്പക്കാരനെ അരുംകൊല ചെയ്യുകയും അതിന്‍്റെ തെളിവുകള്‍ നിലവില്‍ നശിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഒരു സഹപ്രവര്‍ത്തകന് രക്ഷാവലയം തീര്‍ക്കുക ആയിരുന്നു താങ്കള്‍ എന്ന് കേള്‍ക്കുന്നത് സത്യമാകരുത് എന്ന് ആശിക്കുന്നു. അപകടത്തിന് മുന്നോടിയായി നടന്ന പാര്‍ട്ടിയുടെ സമയം മുതല്‍ താങ്കളുടെ മുന്‍ഗണനകള്‍ എന്തായിരുന്നു എന്ന് അന്വേഷിക്കണം എന്ന് പറഞ്ഞുള്ള ആവശ്യങ്ങളോട് താങ്കള്‍ മുഖം തിരിക്കില്ല എന്നും കരുതുന്നു. സുതാര്യത നല്ല ഭരണകര്‍ത്താക്കള്‍ക്ക് ആവശ്യമാണ് എന്നതിനോട് താങ്കളും യോജിക്കുന്നുണ്ടാകും.

ഈ മാസം പത്തു മുതല്‍ പതിമൂന്നു വരെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അവധിയെടുക്കരുത് എന്ന ഔദ്യോഗിക നിര്‍ദേശം ലംഘിച്ചു നിങ്ങള്‍ അവധിയില്‍ പോയി എന്നത് മാത്രമല്ല പ്രശ്നം. ദുരിത മേഖലകളില്‍ സഹായമെത്തിക്കാന്‍ വെമ്ബിനില്‍ക്കുന്ന ഒരു ജനതയുടെ കൂട്ടായ ഇച്ഛാശക്തിക്കു മുകളില്‍ തണുത്ത വെള്ളം കോരിയൊഴിക്കും വിധം താങ്കള്‍ ഏതോ അജ്ഞാത സങ്കേതത്തില്‍ നിന്നും പോസ്റ്റ് ചെയ്ത സോഷ്യല്‍ മീഡിയ വീഡിയോ കൂടിയാണ് പ്രശ്നം. എന്തായിരുന്നു സാര്‍ അതിന്റെ സാംഗത്യം? എത്ര ഹൃദയശൂന്യമായ പ്രവര്‍ത്തിയായിപ്പോയി സാര്‍ അത്. എത്ര വലിയ വേദനയാണ് അത് ഒരു ജനതയ്ക്കു വരുത്തിവച്ചത്.

വ്യാജവാര്‍ത്തകളും അയഥാര്‍ത്ഥമായ കാര്യങ്ങളും പ്രചരിപ്പിച്ചു രക്ഷാപ്രവര്‍ത്തനത്തെയും ദുരിതാശ്വാസങ്ങളെയും അവതാളത്തിലാക്കരുത് എന്ന് പറഞ്ഞ ഒരു മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ ഇരുന്നല്ലേ താങ്കള്‍ ഇത് ചെയ്തത്? വാസ്തവത്തില്‍ ഈ പ്രളയ കാലത്തു കേരളം കേട്ട ഏറ്റവും വലിയ വ്യാജ വാര്‍ത്തതന്നെയല്ലേ അത്. താങ്കള്‍ ഭാഗമായുള്ള സര്‍ക്കാരിന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ചു വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് താങ്കളെ തന്നെ അറസ്റ്റ് ചെയ്യാന്‍ താങ്കള്‍ ഉത്തരവിടേണ്ടതല്ലേ?

ജീവന്‍ വിലപ്പെട്ടതാണ് സാര്‍. ജീവിതങ്ങള്‍ ഒരുപോലെയാണ് സാര്‍. കാര്‍ ഇടിക്കുന്നവന്റെയും ഇടി കൊള്ളുന്നവന്റെയും ജീവിതങ്ങള്‍. പ്രളയം മണ്ണിനടിയിലേക്ക് പൂഴ്ത്തി വിടുന്ന വയനാട്ടിലെ പാവപ്പെട്ട ആദിവാസിയുടെ ആയാലും നഗരത്തിലെ ഏതോ സുരക്ഷിത കേന്ദ്രത്തില്‍ അവധി ദിവസം ആഘോഷിക്കുന്ന താങ്കളുടേത് ആയാലും. മനുഷ്യത്വത്തെ വീണ്ടെടുക്കാതെയും മനുഷ്യ നന്മകളില്‍ ഇന്‍വെസ്റ്റ് ചെയ്യാതെയും നമുക്കിനി ഒരിഞ്ചു മുന്നോട്ടു പോകാന്‍ ആകില്ല സാര്‍.

എല്ലാ പ്രശ്നങ്ങളുടെയും ഉത്തരവാദിത്വം അങ്ങയുടെ തലയില്‍ ഇടുകയല്ല. വാസ്തവത്തില്‍ അങ്ങിവിടെ ഒറ്റയ്ക്കല്ല. അങ്ങൊരു പ്രസ്ഥാനമാണ്. അങ്ങൊരു രോഗമല്ല. രോഗലക്ഷണം മാത്രമാണ്. തെക്കു വടക്കു വിഭജനം നടത്തി മഹാദുരന്തത്തില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന ജനതയെ അനൈക്യപ്പെടുത്തുന്ന അല്‍ മലബാറി വക്കീലും മലബാര്‍ അന്തപുരങ്ങളിലെ ചില കുലസ്ത്രീ ദേവതാത്മാക്കളും മറ്റൊരു ലക്ഷണമാണ്. ദുരിതാശ്വാസ നിധി ചെലവിട്ട രീതിയുടെ കണക്കുകള്‍ സത്യസന്ധമായി ബോധ്യപ്പെട്ടെങ്കിലും പിണറായി വിജയന് പണികൊടുക്കാനും അത് വഴി ശ്രീരാമ രാജ്യം വരുത്താനും വാട്ട്സ് ആപ്പ് വഴി ഗൂഢാലോചന നടത്തുന്ന സംഘമിത്രങ്ങള്‍ വേറെ ഒരു രോഗലക്ഷണമാണ്. ദുരിതത്തിലെ ക്രിസ്ത്യാനികളെ വേര്‍തിരിച്ചു രക്ഷിക്കാന്‍ ശ്രമിക്കുന്ന മതഭ്രാന്തര്‍ വേറെ ഒരു ഒരു രോഗലക്ഷണം.

നിങ്ങള്‍ എല്ലാവരും ചേര്‍ന്ന് അര്‍ത്ഥവ്യത്യാസം ഉണ്ടാക്കുന്നത് മനുഷ്യന്‍ എന്ന സുന്ദര പദത്തിനാണ്. ഒരു ജനതയുടെ കൂട്ടായ അതിജീവന പ്രവര്‍ത്തനങ്ങളെയാണ് തകരാറിലാക്കുന്നത്. നിങ്ങളുടേതായ പിഴവുകള്‍ മുഴുവന്‍ ഒളിച്ചു വച്ച്‌ കൈകഴുകാന്‍ ഒരെളുപ്പ മാര്‍ഗം കൂടിയുണ്ട് സാര്‍. മാധ്യമങ്ങളെ ചീത്ത വിളിക്കുക. അവര്‍ ട്വിസ്റ്റ് ചെയ്യുന്നതായി പുരയ്ക്കു പുറത്തു കയറി നിന്ന് വിലപിക്കുക. ശ്രീറാമിനെ പോലെ മാധ്യമ വിചാരണകള്‍ക്കു എതിരെ രോക്ഷം കൊള്ളുക.

അവസാനമായി ഒന്നേ ചോദിക്കാനുള്ളു. നന്മയുടെ അവസാനത്തെ തിരിവെട്ടങ്ങളും ഊതിക്കെടുത്തിക്കെടുത്തി നിങ്ങളൊക്കെ കൂടി ഈ നാടിനെ എങ്ങോട്ടാണ് നയിച്ച്‌ കൊണ്ടുപോകാന്‍ ശ്രമിക്കുന്നത്?

മാധ്യമ പ്രവര്‍ത്തകനും കോളമിസ്റ്റും. ദി ഹിന്ദു, ദി ടൈംസ്‌ ഓഫ് ഇന്ത്യ, ദി ഇന്ത്യന്‍ എക്സ്സ്പ്രസ്സ്, തെഹല്‍ക്ക, ഓപ്പണ്‍ വാരിക തുടങ്ങിയവയില്‍ പ്രവര്‍ത്തിച്ചു. ദി ടെലഗ്രാഫ്, ഹഫിംഗ്ടന്‍ പോസ്റ്റ്‌, മോംഗാബെ ഇന്ത്യ, ന്യൂസ്‌മിനിറ്റ് എന്നിവയില്‍ കോളമിസ്റ്റ് ആണ്. അഴിമുഖത്തിന്‍റെ എഡിറ്റോറിയല്‍ കണ്‍സല്‍ട്ടന്റ് ആയി പ്രവര്‍ത്തിക്കുന്നു.


Next Story

Related Stories