UPDATES

സോമി സോളമന്‍

കാഴ്ചപ്പാട്

My Africa

സോമി സോളമന്‍

കേരളത്തിലെ ആഫ്രിക്ക (കെ. പാനൂരിനോട് കടപ്പാട്)

എന്ത് കൃത്യമായാണ് ആഫ്രിക്കയും ഇന്ത്യയിലെ ആദിവാസി സമൂഹങ്ങളും ഒരു അച്ചിൽ വാർത്ത പോലെ ഒരു സാമൂഹിക ക്രമത്തിന് വിധേയമാക്കപ്പെട്ടത്.

2015, സ്ഥലം കൊച്ചി. കിച്ചങ്കനി ലൈബ്രറി നിര്‍മാണവുമായി ബന്ധപ്പെട്ട് പുസ്തകങ്ങള്‍ ശേഖരിക്കുന്ന സമയം. ഞാന്‍ ടാന്‍സാനിയയിലാണെന്ന് അറിഞ്ഞപ്പോള്‍ കൊച്ചിയിലെ ഒരു പോസ്റ്റ്‌ മെട്രിക് ഹോസ്റ്റലിലെ വാര്‍ഡനായി പ്രവര്‍ത്തിച്ചിരുന്ന, നഗരവാസിയായ, വിദ്യാസമ്പന്നയായ ഒരു സ്ത്രീ ചോദിച്ചതാണിത്- “ഇവിടുത്തെ ആദിവാസികളുടെ അതേ നാറ്റമാണോ ആഫ്രിക്കക്കാര്‍ക്കും?”. ഒന്നും മിണ്ടാന്‍ തോന്നിയില്ല, കേട്ടുനിന്നു.

അട്ടപ്പാടിക്കും ആഫ്രിക്കക്കും ഒരേ മുഖമാണ്, നിരന്തരം ചൂഷണം ചെയ്യപ്പെടുന്ന മനുഷ്യരുടെയും അവരുടെ അതിജീവനത്തിന്റെയും പ്രതിരോധത്തിന്റെയും മുഖം.

മനുഷ്യവംശത്തിന്റെ പ്രയാണം തുടങ്ങിയത് ആഫ്രിക്കയിൽ നിന്നായിരുന്നു. മനുഷ്യവംശത്തിന്റെ പരിണാമങ്ങൾക്കു സാക്ഷ്യം വഹിച്ച മണ്ണ്.
ഭ്രൂണാവസ്ഥയിലുള്ള ഭരണസംവിധാനങ്ങൾ രൂപപെടുന്നതും മനുഷ്യന്റെ ചിന്തകളും വികാരങ്ങളും എല്ലാം താളമായും നിറങ്ങളായും ഒക്കെ രൂപാന്തരം പ്രാപിച്ചതും ആഫ്രിക്കയിൽ നിന്നായിരിക്കണം. ബെനിനിലെ കോപ്പർ ശില്പങ്ങളും മാലിയിലെ കയ്യെഴുത്തു പ്രതികൾ നിറഞ്ഞ വായനശാലയും നാവിക വിദഗ്ദരായ ‘മൂറുകൾ’ നടത്തിയ കടൽ യാത്രകളും ആഫ്രിക്കയുടെ കൊളോണിയൽ കാലഘട്ടത്തിനു മുൻപ് ഉണ്ടായിരുന്ന സമൂഹത്തെ അടയാളപ്പെടുത്തിയവയാണ്. എന്നാൽ വിഭവവേട്ടയ്ക്കിറങ്ങിയ ‘വെള്ളക്കാര’ന്റെ കണ്ടുപിടിത്തങ്ങളായി കൊളോണിയൽ കാലഘട്ടം ആഫ്രിക്കയെ രേഖപ്പെടുത്താൻ തുടങ്ങി.

കാടിനരുകിലായി കടലുണ്ടായിരുന്നു. കപ്പലിൽ വന്നവരോട് നിങ്ങൾ ആരാണെന്നും എന്തിനു വന്നുവെന്നും ചോദിച്ചു തുടങ്ങിയവരെയാണ് കപ്പലിൽ വന്നവരുടെ തോക്കിൻ കുഴലുകൾ ആദ്യം ഇല്ലാതാക്കിയത്. അപരിഷ്കൃതമായ ഭാഷ സംസാരിക്കുന്നവരെന്നും സംസ്കാരമില്ലാത്തവരെന്നും വിളിച്ച് കപ്പലിറങ്ങിയവർ കടൽത്തീരങ്ങളും കാടും മലയും മലയിടുക്കുകളും കീഴടക്കി. പ്രതിരോധങ്ങളെ അടയാളങ്ങൾ പോലും അവശേഷിപ്പിക്കാത്ത വിധം ഭൂമിയിൽ നിന്നും തുടച്ചു നീക്കി. കപ്പലിറങ്ങിയവർ കരയിലെത്തിയപ്പോൾ കരയുടെ ഉടയോർക്ക് അവകാശങ്ങളും അധികാരങ്ങളും അസ്തിത്വം പോലും നഷ്ടപ്പെട്ടു. വേട്ടക്കാരൻ എഴുതുന്ന ചരിത്രങ്ങളിലൂടെ വേട്ടയാടപ്പെടുന്നവരെ അടയാളപ്പെടുത്താൻ തുടങ്ങി.

വേട്ടക്കാരൻ, ‘അപരിഷ്കൃത’മായ സമൂഹത്തെ പരിഷ്കൃതമാകുന്നതിൽ തങ്ങളുടെ പങ്കിനെ കുറിച്ച് അടയാളപ്പെടുത്തി കൊണ്ടേയിരുന്നു. വേട്ടക്കാരന്റെ ചരിത്രവും, വേട്ടയാടപ്പെടുന്നവന്റെ ചരിത്രവും രണ്ടും രണ്ടാണെന്ന ചരിത്ര ബോധം അംഗീകരിക്കാൻ നൂറ്റാണ്ടുകൾക്കിപ്പുറവും പൊതുബോധങ്ങൾക്കു കഴിഞ്ഞിട്ടില്ല.

ആഫ്രിക്കന്‍ അടയാളപ്പെടുത്തലുകളുടെ അതെ മുഖമാണ് അട്ടപ്പാടി ഉൾപ്പെടുന്ന ആദിവാസി സമൂഹങ്ങളുടേത്. ആഫ്രിക്കയിലേയും നമ്മുടെ ആദിവാസി സമൂഹങ്ങളും കടന്നു പോകുന്ന ‘പാറ്റേണി’ല്‍ നിന്ന് അത് വ്യക്തമാണ്.

  1. കൈയേറ്റങ്ങൾ
  2. കുടിയൊഴിപ്പിക്കലുകൾ
  3. ‘വൈറ്റ് മാൻസ് ബർഡൻ’
  4. ചൂഷണം
  5. പുനരുദ്ധാരണ പ്രൊജക്ടുകൾ അഥവാ ‘ചാരിറ്റി പോൺ’
  6. വേട്ടക്കാരന്റെ അടയാളപ്പെടുത്തലുകൾ
  7. ഉയർന്നു വരുന്ന പ്രതിരോധങ്ങൾ

എന്ത് കൃത്യമായാണ് ആഫ്രിക്കയും ഇന്ത്യയിലെ ആദിവാസി സമൂഹങ്ങളും ഒരു അച്ചിൽ വാർത്ത പോലെ ഒരു സാമൂഹിക ക്രമത്തിന് വിധേയമാക്കപ്പെട്ടത്.

എന്നാല്‍ പൊളിച്ചെഴുത്തുകൾ തുടങ്ങി കഴിഞ്ഞു. മധുവിന് നീതി കിട്ടാൻ വേണ്ടി ആദിവാസി സമൂഹത്തിന്റെ നേതൃത്വത്തിൽ ഉയർന്ന സമരപ്പന്തൽ അതിന്റെ കൃത്യമായ അടയാളപ്പെടുത്തലാണ്.

കാടിന്റെ അവകാശികളായ മനുഷ്യരെയാണ് കാട് കേറി ‘നാടർ’ തല്ലിക്കൊന്നുകൊണ്ടിരിക്കുന്നത്. കൊലപാതികകളായ ആൾക്കൂട്ടങ്ങൾ തന്നെ സെൽഫികളിലൂടെ മധു നേരിട്ട അനീതി പുറംലോകത്തെത്തിച്ചു. ‘ദേഹാസ്വാസ്ഥ്യം’ മൂലം ‘മരിക്കേണ്ടി വരുന്ന’ ആദിവാസികളുടെ കഥകൾ മാത്രം എഴുതി വന്നിരുന്ന മാധ്യമപാരമ്പര്യങ്ങൾ ഇത്ര നാൾ ഇടം നിഷേധിച്ച, എത്ര കൊലപാതകങ്ങൾ കേരളത്തിലെ ആദിവാസി ഊരുകൾക്കു പറയാൻ ഉണ്ടാകും.

കാട് കയ്യേറിയവൻ, കാടിന്റെ ഉടയോരെ ‘അപരിഷ്കൃതർ’ എന്ന് വിളിച്ചു. തങ്ങളുടെ ഭൂമിയിൽ നിന്നും അവരെ കുടിയൊഴിപ്പിച്ചു, മണ്ണ് സ്വന്തമാക്കി. കൈയേറ്റക്കാർ ഉടമസ്ഥരും ഭൂമിയുടെ അവകാശികൾ പണിയാളുകളുമായി. കാടിന്റെ ഭാഗമായിരുന്ന മണ്ണും ‘പെണ്ണും’ കെയേറ്റക്കാരുടെ ചൂഷണങ്ങൾക്ക്, അതിക്രമങ്ങൾക്ക് ഇരയായി. ചൂഷണങ്ങൾക്ക് വെള്ള പൂശാൻ മദ്യവും മയക്കുമരുന്നും കാട് കേറ്റി. പ്രതിരോധങ്ങൾക്കു ശേഷിയില്ലാത്ത തലമുറയാക്കി അവരെ മാറ്റേണ്ടത് ഭൂമി കയ്യേറിയവരുടെ ആവശ്യമായിരുന്നു.

തദ്ദേശീയരുടെ ഭക്ഷണ ശീലങ്ങളെ, വിശ്വാസങ്ങളെ, അറിവുകളെ, അനുഭവങ്ങളെ, സംഗീതത്തെ, കലയെ എല്ലാം ‘അപരിഷ്കൃതമാക്കി’. പൊതുബോധത്തെ വാർത്തെടുക്കാൻ കൈയേറ്റക്കാരന് സാധിച്ചു. വേട്ടക്കാരന്റെ ചരിത്രം ഒരിക്കലും വേട്ടയാടപ്പെടുന്നവന്റെ ഭാഗം അടയാളപ്പെടുത്താറില്ല. പ്രകൃതിയോടൊപ്പം ജീവിക്കുന്ന, മണ്ണിൽ അധികാരമുള്ള, ഭൂമിയുടെ ഉടയോരായ ജനതയെ ‘അപരിഷ്കൃതരാ’യി ‘അധികാരിവർഗം’ അടയാളപ്പെടുത്തി. ജാതിവ്യവസ്ഥയിൽ നിർമ്മിച്ചെടുത്ത കേരള സമൂഹം അധികാരമുള്ള ആദിമ ജനതയെ തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരുമായി മാറ്റി നിർത്തി.  (2017-ലും തിരുവിതാംകൂർ കൊട്ടാരത്തിലെ ഒഴിഞ്ഞ കസേരകളുടെ അടുത്ത് നിലത്തിരുത്തിപ്പെട്ട ആദിമ ജനത, കേരളത്തിന്റെ തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും അല്ലാതെ വേറെ എന്താണ് സംസാരിക്കുന്നത്).

സ്വയം നിർണായാവകാശമുള്ള ജനവിഭാഗമാണ് ആദിവാസികൾ; അധികാരമുള്ള ജനത. നിരന്തര ചൂഷണത്തിനെതിരായി പ്രതിഷേധങ്ങളും പ്രതിരോധങ്ങളും ഉയർന്നു തുടങ്ങിയപ്പോൾ, അധികാരത്തെയും അവകാശത്തെയും കുറിച്ച് അവർ സ്വരം ഉയർത്താനുള്ള സാദ്ധ്യതകൾ കണ്ടു തുടങ്ങിയപ്പോൾ, കൈയേറ്റക്കാരുടെ ഭാഷ സംസാരിക്കുന്ന ഭരണകൂടങ്ങൾ അടിച്ചമർത്തലിന്റെയും അതിക്രമത്തിന്റെയും പോലിസ് ഭാഷ സംസാരിക്കാൻ തുടങ്ങി. തണ്ടർബോൾട്ടുകൾ കാടു കയറി. കേരളത്തിലെ ആദിവാസി സമൂഹത്തിന്റെ പ്രതിരോധങ്ങളെ ഇല്ലാതാക്കാൻ ശ്രമിച്ചു. ഭരണകൂടത്തിന്റെ അധികാര പദവികൾക്കെല്ലാം കൈയേറ്റക്കാരുടെ മുഖമാണ്. വേട്ടക്കാരൻ, വേട്ടയാടപ്പെടുന്നവന്റെ ‘പുനരുദ്ധാരണ’ത്തിന് വേണ്ടി പ്രവർത്തിക്കുന്നതിലെ അനീതി ഇനിയും ഭരണകൂടങ്ങൾക്ക് മനസിലായിട്ടില്ല, അല്ലെങ്കിൽ മനസിലാക്കാൻ ആഗ്രഹിക്കുന്നില്ല.

ലോകമെമ്പാടുമുള്ള തദ്ദേശീയ ജനങ്ങള്‍ പോരാട്ടത്തിലാണ്. ‘ദൃശ്യത’യുടെ രാഷ്ട്രീയമാണ് ആദിമ ജനതയുടെ പോരാട്ടങ്ങൾ. തങ്ങൾ നിലനിൽക്കുന്നു എന്ന് പോലും അംഗീകരിക്കാൻ കഴിയാത്ത പൊതുബോധങ്ങളോടുള്ള നിരന്തരമായ പോരാട്ടങ്ങളാണത്. ജീവൻ കൊടുത്ത് പോരാടി നേടിയതാണ് ആ ദൃശ്യത. ആത്മാഭിമാനത്തോടെ ജീവിക്കാൻ, നിലനിൽക്കാൻ അവര്‍ക്ക് തങ്ങളുടെ മണ്ണ് തിരികെ വേണം. തങ്ങൾക്കു വേണ്ടത് വിളയിച്ചെടുക്കാനും വിശപ്പടക്കാനും അവർക്കറിയാം. അതിന് ആദിവാസികൾക്ക് അവകാശമുള്ള അവരുടെ മണ്ണ് തിരികെ ലഭിക്കണം. അരിയും പച്ചക്കറിയുമല്ല അവർക്കു വേണ്ടത്, ജീവിതം കരുപ്പിടിപ്പിക്കാനുള്ള മണ്ണാണ്.

കാടറിഞ്ഞു ജീവിക്കാൻ ഇഷ്ടമുള്ളവർ കാട്ടിൽ ജീവിക്കണം, അത് തിരഞ്ഞെടുക്കാനുള്ള അവകാശം ആദിമ ജനതയ്ക്കു മാത്രമാണ്. കാടറിഞ്ഞു ജീവിക്കുന്നവരെ കൂട്ടിലടയ്ക്കുമ്പോൾ അവർ കടന്നു പോകുന്ന മാനസിക, ശാരീരീരിക സംഘര്‍ഷങ്ങളുടെണ്ട്. നിര്‍ബന്ധിക്കപ്പെടുന്ന മനുഷ്യരുടെ നിസ്സഹായതയാണ്. അങ്ങനെ ഒരവസ്ഥ ആദിവാസികളുടെ മേൽ അടിച്ചേൽപ്പിക്കാൻ ആർക്കാണ് അധികാരം. ആദിവാസികളുടെ ആവശ്യങ്ങളോ അധികാരങ്ങളോ മനസിലാക്കാൻ ഇനിയെങ്കിലും ഭരണകൂടങ്ങൾ ശ്രമിക്കുമോ അതോ അടിച്ചേൽപ്പിക്കലുകൾ തുടരുമോ?

കാട്ടിൽ കയറി ഗുഹയ്ക്കുള്ളിൽ നിന്നും മധുവിനെ വലിച്ചിറക്കി തല്ലിക്കൊല്ലാൻ എങ്ങനെയാണ് ആൾക്കൂട്ടങ്ങൾക്ക് ‘അധികാരം’ ലഭിച്ചത്. ഭരണഘടനാ സുരക്ഷിതത്വം ഉറപ്പു നൽകുന്ന മധുവിനെ കൊല്ലാൻ കെല്‍പ്പുള്ളവരാണ് ആദിമ ജനതയ്‌ക്കൊപ്പം ഇപ്പോൾ ഉള്ളത്. ഭരണകൂടങ്ങൾ പരാജയപ്പെടുന്നതിന്റെ ഉദാഹരണമല്ലെങ്കിൽ പിന്നെ ആളെ കൊല്ലുന്ന ആൾക്കൂട്ടങ്ങൾ പിന്നെ എന്താണ് സംവദിക്കുന്നത്. ഭരണഘടന ഉറപ്പു നൽകുന്ന സുരക്ഷിത്വം ഒരു പൗരന് നല്കാൻ ഭരണ സംവിധാങ്ങൾക്കു കഴിയുന്നില്ലെങ്കിൽ അത് പൂർണമായും പരാജയപ്പെട്ടിരിക്കുന്നു എന്നു തന്നെയാണ്. വിനായകനെ കൊന്ന ഭരണസംവിധാനങ്ങളുടെ ഒടുവിലത്തെ ഇരയാണ് മധു.

ആൾക്കൂട്ടങ്ങൾ മോഷണക്കുറ്റമാരോപിച്ച് തല്ലിക്കൊന്നവർക്കെല്ലാം ഒരേ മുഖമായിരുന്നു. ഇന്ത്യയിൽ എല്ലായിടത്തും ആൾക്കൂട്ട വിചാരണയ്ക്ക് വിധേയമാകുന്നവർ ദളിതരോ ആദിവാസികളോ ന്യൂനപക്ഷങ്ങളോ ആയിരുന്നു. ഇന്ത്യയിലെ തെരുവുകളിൽ, മെട്രോകളിൽ ആഫ്രിക്കൻ വംശജരും ക്രൂരമായ ആൾക്കൂട്ട വിചാരണയ്ക്കും അതിക്രമങ്ങൾക്കും കൊലപാതകങ്ങള്‍ക്കും ഇരയായിട്ടുണ്ട്. ഇന്ത്യൻ ജാതിബോധം നിർമ്മിച്ചെടുത്ത വംശവെറിയുടെ മുഖമാണ് ഈ ആൾക്കൂട്ടങ്ങൾക്ക്. ഫാൻ ഫൈറ്റ് ക്ലബ്ബുകളുടെ അത്യന്തം മനുഷ്യത്വവിരുദ്ധവും വംശീയ വെറി നിരഞ്ഞതുമായ പോസ്റ്റുകളിലൂടെ, കമന്റുകളിലൂടെ ‘തമാശ’ പറയുന്ന, ആസ്വദിക്കുന്ന മലയാളി യുവത്വം, പിന്നോട്ട് നടക്കുന്ന മലയാളിയെ അല്ലാതെ വേറെ ആരെയാണ് പ്രതിനിധാനം ചെയ്യുന്നത്.

മധു ഭയന്നാണ് ജീവിച്ചിരുന്നത്. മധുവിന് നീതി ലഭിക്കണമെങ്കിൽ മധു പ്രതിനിധാനം ചെയ്യുന്ന ആദിമ ജനതയ്ക്ക് ഭയമില്ലാതെ ജീവിക്കാൻ കഴിയണം. ഭയമില്ലാതെ അത്മാഭിമാനത്തോടെ സ്വന്തം മണ്ണിൽ ജീവിക്കാനുള്ള ആദിവാസികളുടെ പോരാട്ടങ്ങൾക്ക് ഒപ്പമാണോ അതോ ചൂഷകർക്കും മര്‍ദ്ദിതർക്കും ഒപ്പമാണോ എന്ന ചോദ്യം മാത്രമാണ് മധുവിന്റെ കണ്ണുകൾ നമ്മളോട് ചോദിക്കുന്നുള്ളൂ.

കറുത്തവരെ കൊല്ലുന്ന ഭാരത് മാതയുടെ മക്കള്‍

ആരാണ് പറഞ്ഞത് ഇന്ത്യ വര്‍ണവെറിയന്‍ രാജ്യമല്ലെന്ന്?

ഉത്തര്‍ പ്രദേശില്‍ ആഫ്രിക്കന്‍ വംശജര്‍ക്കെതിരെ വ്യാപക അക്രമം – വീഡിയോ

കൊളോണിയലിസത്തിന്റെ വിഴുപ്പ് ആഫ്രിക്കയുടെ മുകളിൽ അലക്കരുത്

ബംഗലുരുവില്‍ ടാന്‍സാനിയന്‍ യുവതിയെ വസ്ത്രമുരിഞ്ഞ്‌ റോഡിലൂടെ നടത്തിച്ചു

സോമി സോളമന്‍

സോമി സോളമന്‍

എഴുത്തുകാരി, വിദ്യാഭ്യാസ പ്രവര്‍ത്തക, ഇപ്പോള്‍ ടാന്‍സാനിയയിലെ ദാര്‍-എസ്-സലാമില്‍ താമസം. അഴിമുഖത്തില്‍ My Africa എന്ന കോളം ചെയ്യുന്നു.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍