TopTop
Begin typing your search above and press return to search.

മുത്തലാഖ് ബില്‍: മുസ്ലീം പുരുഷന് മേല്‍ കുറ്റവാളി പദവി ചാര്‍ത്തുന്ന അദൃശ്യമായ ചൂണ്ടക്കൊളുത്തിന് നിയമസാധുത നല്‍കുമ്പോള്‍

മുത്തലാഖ് ബില്‍: മുസ്ലീം പുരുഷന് മേല്‍ കുറ്റവാളി പദവി ചാര്‍ത്തുന്ന അദൃശ്യമായ ചൂണ്ടക്കൊളുത്തിന് നിയമസാധുത നല്‍കുമ്പോള്‍

മതേതരമെന്ന് എഴുതി വച്ച ഭരണഘടനയുള്ള ഒരു രാജ്യത്ത് പ്രത്യേക മതവിഭാഗത്തില്‍ ജനിച്ചു പോയവരെ 'കൂടുതല്‍ കുറ്റവാളി'യാക്കുന്ന തരം നിയമങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതിന്‍റെ അപകടകരമായ വൈരുദ്ധ്യമാണ് ഒന്നും രണ്ടും നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രകടിപ്പിച്ച് കൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ സാഹചര്യത്തില്‍ അങ്ങേയറ്റം അപരത്വം പേറുന്ന മുസ്ലീം പുരുഷന്‍റെ മേല്‍ നിയമപരമായി കുറ്റവാളി പദവി ചാര്‍ത്തുന്ന മുത്തലാഖ് ബില്‍ ഇന്നലെ ലോക്സഭയില്‍ പാസായപ്പോള്‍ അദൃശ്യമായിരുന്നൊരു ചൂണ്ടക്കൊളുത്തിന് മൂര്‍ത്തത ലഭിക്കുകയാണ്.

ആധുനിക ഭരണസങ്കൽപ്പങ്ങളിലുള്ള ഒരു സമൂഹം അതിൻറെ നിയമസംവിധാനത്തെ ക്രമപ്പെടുത്തുന്നത് സ്വാഭാവികമായ നീതിയിലേക്കുള്ള വഴിയായാണ്. വൈജാത്യങ്ങളും സങ്കീർണ്ണതകളും നിറഞ്ഞ പല വിഭാഗം ജനങ്ങൾ പാർക്കുന്ന ഇന്ത്യൻ സമൂഹത്തിൽ അവയെ പരിഗണിക്കാതെ, വ്യക്തികളുടെ വ്യവഹാരങ്ങളെ സംബന്ധിക്കുന്ന നിയമങ്ങൾ നിർമിക്കാനോ നടപ്പിലാക്കാനോ സാധ്യവുമല്ല. അതുകൊണ്ട് തന്നെ ഇന്ത്യയിലെ വ്യക്തിനിയമം ഇവിടുത്തെ വ്യത്യസ്ത മതവിഭാഗങ്ങളുടെ നിലപാടുകളും സ്വഭാവവും കാഴ്ചയും പരിഗണിച്ച് രൂപപ്പെടുത്തിയിട്ടുള്ളതാണ്.

ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും ക്രിസ്ത്യാനികൾക്കും മറ്റു മതവിഭാഗങ്ങൾക്കും ജനനം, വിവാഹം, വിവാഹമോചനം, മരണം, സ്വത്തവകാശം തുടങ്ങിയവയിൽ അവരവരുടെ മതനിയമങ്ങളെ ലംഘിക്കാതെ ജീവിച്ചു പോരാൻ വ്യക്തിനിയമങ്ങൾ സഹായിക്കുന്നു. അതേസമയം കുടുംബ വ്യവസ്ഥയിലുണ്ടാകുന്ന ലിംഗവിവേചനം അതേപടി നിലനിർത്താൻ സഹായിക്കുന്നതാണ് ഈ വ്യക്തി നിയമങ്ങൾ എന്നത് യാഥാർത്ഥ്യമാണ്. മതങ്ങളിൽ നിലനിൽക്കുന്ന പുരുഷമേധാവിത്വത്തിൻറെ സ്വാധീനം വ്യക്തി നിയമങ്ങളിലും പ്രതിഫലിക്കുന്നു. അത് സ്വത്തവകാശത്തിൽ സ്ത്രീയുടെ പങ്ക് കുറയ്ക്കുകയും വിവാഹവുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ അവളുടെ സ്വയം നിർണ്ണയാവകാശത്തെ നിരാകരിക്കുകയും ചെയ്യുന്നുണ്ട്. ഇസ്ളാമിലെ മുത്തലാഖും ബഹുഭാര്യാത്വവും ഇത്തരത്തിൽ ഏറെ വിമർശിക്കപ്പെട്ടിട്ടുള്ളതാണ്. ഒരു പുരോഗമന സമൂഹത്തിൽ നിയമപരമായ സംരക്ഷണം ലഭിക്കേണ്ടാത്ത സംഗതിയാണ് മൂന്ന് വാക്കുകളിൽ ഭർത്താവിന് വിവാഹ ബന്ധം അസാധുവാക്കാവുന്നതും, പുരുഷന് നാല് വിവാഹം കഴിക്കാനാകുന്നതും. ലിംഗനീതിക്ക് പ്രാധാന്യം നൽകി ഇവയിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തേണ്ടത് അത്യാവശ്യവുമാണ്. എന്നാൽ സമകാലീന ഇന്ത്യൻ സാഹചര്യത്തിൽ ന്യൂനപക്ഷസമുദായത്തെ ഒറ്റപ്പെടുത്താനും ആക്രമിക്കാനും നിയമപരമായി സാധുത ലഭിക്കാനായി ഈ പ്രശ്നങ്ങളെ ഉപയോഗിക്കാനുള്ള സാധ്യതകളും നിലനിൽക്കുകയാണ്. ഏകീകൃത സിവിൽ കോഡിലേക്കുള്ള ബിജെപി ഗവൺമെൻറിൻറെ തിടുക്കം ഒരു 'ഏകീകൃത ഹിന്ദു കോഡി'ലേക്കുള്ള വഴിയായി മാറിയേക്കാം എന്നതിനാലാണ് സ്ത്രീപക്ഷത്ത് നിൽക്കുന്നവരും പുരോഗമനവാദികളും ഏകീകൃത സിവിൽ കോഡിനെ കണ്ണുംപൂട്ടി സ്വാഗതം ചെയ്യാൻ മടിക്കുന്നത്.

ഇതിനിടയിലാണ് മുസ്ലീം സ്ത്രീകളുടെ അഭിമാനത്തിനും അവകാശത്തിനുമായി എന്നവകാശപ്പെട്ട് 'മുസ്ലീം സ്ത്രീ വിവാഹാവകാശ സംരക്ഷണ ബിൽ' പാസ്സായിരിക്കുന്നത്. പ്രധാനമായും മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്നതാണ് ഈ ബിൽ. മുത്തലാഖ് അസാധുവാക്കിക്കൊണ്ടുള്ള സുപ്രീം കോടതി വിധിയും ഗാർഹിക പീഡന വിരുദ്ധ നിയമവും നിലനിൽക്കുമ്പോൾ തന്നെ പാസ്സാക്കിയ പ്രത്യേക മുത്തലാഖ് നിയമം മുസ്ലീം സമുദായത്തെ ഓരം ചേർക്കാനുള്ള അജണ്ടയോട് ചേർന്ന് നിൽക്കാനുള്ള ചോദന പ്രകടിപ്പിക്കുന്നു എന്ന വിമർശനം ശക്തമാണ്. ലോക്സഭയില്‍ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ഇക്കാര്യങ്ങള്‍ ഉയര്‍ത്തി വലിയ പ്രതിഷേധങ്ങളും ഉയര്‍ത്തിയിരുന്നു. വിവാഹമെന്ന സിവിൽ വ്യവഹാരത്തിന്റെ അവസാനിപ്പിക്കലിനെ ക്രിമിനൽ കുറ്റമാക്കി, മറ്റൊരു മതവിഭാഗത്തിനുമില്ലാത്ത തരത്തില്‍ മുസ്ലീം പുരുഷനെ കുറ്റവാളിയാക്കുന്ന സാഹചര്യമാണ് ഈ ബില്‍ പാസ്സായത് വഴി നിലവില്‍ വന്നിരിക്കുന്നത്.

•എന്താണ് മുത്തലാഖ്?

മുസ്ലീം സമുദായത്തിലെ വിവാഹമോചന രീതിയാണ് ത്വലാഖ്. തലാഖ് അൽ സുന്നത്ത്, ത്വലാഖ്-ഇ-ബിദ്ദത്ത് എന്നീ എന്ന വിവാഹമോചന രീതികളിൽ രണ്ടാമത്തേതാണ് നിയമപ്രകാരം നിരോധിച്ചിരിക്കുന്നത്. മുത്തലാഖ് അഥവാ ത്വലാഖ്-ഉൽ-ബിദ്ദത്ത് പ്രകാരം മൂന്ന് തവണ തലാഖ് എന്നുച്ചരിച്ച് ഭർത്താവിന് വിവാഹബന്ധം അസാധുവാക്കാം. മലയാളത്തിലാണെങ്കിൽ മൊഴി ചൊല്ലി, വേർപിരിച്ചു തുടങ്ങിയ പദപ്രയോഗങ്ങളാലോ എഴുതിയറിയിച്ചോ വിവാഹമോചനം നേടാം. ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ വാട്സാപ്പ് മെസേജ്, ഫോൺകോൾ എന്നിവയിലൂടെയും ഇത് ചെയ്യാം.

ത്വലാഖ്-അൽ-സുന്നത്ത് പ്രകാരം ഒന്നോ രണ്ടോ തവണ ത്വലാഖ് ചെയ്താൽ 'ഇദ്ദ' എന്ന കാലയളവ് തീരുന്നതിനു മുമ്പ് ബന്ധം പുന:സ്ഥാപിക്കാവുന്നതാണ്. (വിവാഹമോചനത്തിനോ ഭർത്താവിന്റെ മരണത്തിനോ ശേഷം, പുനർവിവാഹത്തിന് മുമ്പ് സ്ത്രീ ആചരിക്കേണ്ട നാല് മാസത്തിലധികമോ മൂന്ന് ആർത്തവചക്രത്തിനിടയിലോ ഉള്ള ദിവസങ്ങളാണ് ഇദ്ദ). ഈ കാലയളവ് കഴിഞ്ഞും ഭർത്താവ് ത്വലാഖ് പിൻവലിക്കുന്നില്ലെങ്കിൽ അത് വിവാഹത്തെ അസാധുവാക്കും.

മൂന്ന് തവണ ത്വലാഖ് ചെയ്താൽ പിന്നീട് സ്ത്രീ മറ്റൊരാളെ വിവാഹം ചെയ്ത് അതിൽ നിന്ന് വിവാഹമോചനം നേടിയാൽ മാത്രമേ അവർക്ക് ഒരുമിച്ച് ജീവിക്കാനാകൂ. വാക്കാലോ ഫോണിലൂടെയോ സന്ദേശത്തിലൂടെയോ അടിയന്തിരമായി ചെയ്യാവുന്ന, പിൻവലിക്കാനാകാത്ത ഈ രീതിയാണ് സുപ്രീം കോടതി നേരത്തേ ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിച്ചിട്ടുള്ളത്.

ചീഫ് ജസ്റ്റിസ് ജെ.എസ് കെഹാറിൻറെ അധ്യക്ഷതയിലുള്ള സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് 2017 ഓഗസ്റ്റിലാണ് ഒരു ഭൂരിപക്ഷ വിധിയിലൂടെ മുത്തലാഖ് ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിച്ചത്. മുത്തലാഖ് വഴി വിവാഹമോചിതയായ ഉത്തർപ്രദേശിലെ സൈറ ബാനു, ഭർത്താവ് റിസ്വാൻ അഹമ്മദിനെതിരെ നൽകിയ പരാതിയിലാണ് വിധി വന്നത്. ആർട്ടിക്കിൾ 14 പ്രകാരമുള്ള, നിയമത്തിനു മുന്നിലെ തുല്യതയെന്ന മൗലികാവകാശം ലംഘിക്കുന്നതാണ് മുത്തലാഖ് എന്നും കോടതി നിരീക്ഷിച്ചിരുന്നു.

മുസ്ലീം വ്യക്തിനിയമത്തിലെ സ്ത്രീകളുടെ അവകാശവുമായി ബന്ധപ്പെട്ട് ഏറ്റവും അധികം ചർച്ചകൾ ഉയർത്തിക്കൊണ്ട് വന്നത് ഷാബാനു ബീഗത്തിൻറെ കേസാണ്. മുഹമ്മദ് അഹമ്മദ് ഖാനെന്ന ഭർത്താവ് മൂന്ന് തവണ ത്വലാഖ് ചൊല്ലിപ്പിരിഞ്ഞതിനു ശേഷം ജീവനാംശം ലഭിക്കാനാണ് അവർ കോടതിയെ സമീപിച്ചത്. മുസ്ലീമായ തനിക്ക് ശരിയത്ത് നിയമമാണ് ബാധകമെന്നും ക്രിമിനൽ നടപടി നിയമത്തിലെ ജീവനാംശം സംബന്ധിക്കുന്ന 125 -ാം വകുപ്പ് ബാധകമല്ലെന്നുമുള്ള മുഹമ്മദ് ഖാൻറെ വാദം കോടതി തള്ളി. വ്യക്തിനിയമപ്രകാരം ത്വലാഖ് ചൊല്ലി ബന്ധം വേർപ്പെടുത്തിയാലും മുസ്ലീം സ്ത്രീകൾക്ക് ജീവനാംശത്തിന് അർഹതയുണ്ടെന്ന വിധിപ്രസ്താവം രാജ്യത്ത് വ്യക്തി നിയമങ്ങളേയും ഏകീകൃത സിവിൽ കോഡിനേയും സംബന്ധിക്കുന്ന വലിയ ചർച്ചകൾക്ക് വഴി തെളിച്ചിരുന്നു. മതസ്വാതന്ത്യം മുൻനിർത്തി മുസ്ലീം പുരോഹിത വര്‍ഗ്ഗത്തിന്റെ നേതൃത്വത്തില്‍ അന്ന് നടന്ന വലിയ എതിർപ്പുകളുടെ ഫലമായി ക്രിമിനൽ നടപടി ക്രമം 125 -ാം വകുപ്പിൽ നിന്നും മുസ്ലീം പുരുഷനെ ഒഴിവാക്കുന്ന ഒരു നിയമം പാസ്സാക്കപ്പെട്ടു. രാജീവ് ഗാന്ധി സർക്കാർ പാസ്സാക്കിയ മുസ്ലീം വുമൺസ് പ്രൊട്ടക്ഷൻ ആക്ട് (പ്രൊട്ടക്ഷൻ ഓഫ് റൈറ്റ്സ് ഓൺ ഡിവോഴ്സ് ആക്ട് 1986) ഇദ്ദ കാലാവധി വരെ മാത്രം മുൻഭർത്താവ് ജീവനാംശം നൽകിയാർ മതിയെന്നുള്ള സംവിധാനം കൊണ്ട് വന്നു. വ്യക്തി നിയമത്തെ സംരക്ഷിക്കുക വഴി മുസ്ലീം പുരുഷനെ രക്ഷിക്കുകയും സ്ത്രീയെ ദുരിതത്തിൽ തുടരാൻ സഹായിക്കുകയും ചെയ്യുകയായിരുന്നു അന്ന് സർക്കാർ. നരേന്ദ്ര മോദി സര്‍ക്കാരിലെ നിയമമന്ത്രി രവി ശങ്കര്‍ പ്രസാദ് ഇന്നലെ ബില്‍ പാസാക്കുന്ന വേളയില്‍ ഉദ്ധരിച്ചതും ഇതുമായി ബന്ധപ്പെട്ട ഒരു വാചകമാണ്; താന്‍ മോദി സര്‍ക്കാരിലെ മന്ത്രിയാണ്, രാജീവ് ഗാന്ധി സര്‍ക്കാരിലെ അല്ല, എന്നും മുസ്ലീം സ്ത്രീകളെ സംരക്ഷിക്കലാണ് തങ്ങളുടെ ലക്ഷ്യമെന്നും.

•മുത്തലാഖ് ബില്ലും കേന്ദ്രസർക്കാരും

2017 ഓഗസ്റ്റിൽ ഭരണഘടനയുടെ ആർട്ടിക്കിൾ 14, 21 എന്നിവയ്ക്ക് വിരുദ്ധമാണെന്ന് പ്രഖ്യാപിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധി വന്നു. 2018 സെപ്തംബറിൽ മുത്തലാഖ് നിയമവിരുദ്ധമാക്കിക്കൊണ്ടുള്ള ഒരു ഓർഡിനൻസ് കേന്ദ്രസർക്കാർ പാസ്സാക്കിയിരുന്നു. പാർലമെൻറിന്റെ ശീതകാലസമ്മേളനം ആരംഭിച്ചതോടെ ഡിസംബർ 27 ന് ലോക്സഭയിൽ ബിൽ അവതരിപ്പിച്ചു. സുപ്രീം കോടതി വിധിക്ക് ശേഷവും 430 മുത്തലാഖ് കേസുകൾ സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നാണ് കേന്ദ്രനിയമ മന്ത്രി രവിശങ്കർ പ്രസാദ് ബിൽ അവതരിപ്പിച്ചു കൊണ്ട് അവകാശപ്പെട്ടത്. കോൺഗ്രസ്, സിപിഎം, മുസ്ലീം ലീഗ്, ആർഎസ്പി, ബിജെഡി, എഐഎംഐഐം തുടങ്ങി 11 കക്ഷികൾ ബില്ലിനോടുള്ള എതിർപ്പ് പ്രകടിപ്പിച്ചപ്പോൾ 245 സഭാംഗങ്ങൾ അനുകൂലിച്ച് വോട്ട് ചെയ്തു. മുത്തലാഖ് ചൊല്ലുന്ന പുരുഷന് ജയിൽശിക്ഷ നൽകുന്ന വ്യവസ്ഥ ഭരണഘടന മൂല്യങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് 10 പ്രതിപക്ഷ കക്ഷികൾ സഭ ബഹിഷ്കരിക്കുകയും ചെയ്തു. പോരായ്മകൾ പരിഹരിക്കാനായി ബില്‍ പാർലമെൻറിൻറെ സംയുക്ത സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന നിർദ്ദേശവും സർക്കാർ പരിഗണിച്ചില്ല.

രണ്ടാം മോദി സര്‍ക്കാര്‍ മൂന്നാമൂഴത്തില്‍ ആ ബില്‍ ലോക്സഭയില്‍ പാസ്സാക്കിയെടുത്തു. എല്ലാ എതിര്‍പ്പുകളും ബഹളങ്ങളും നിലനില്‍ക്കെ തന്നെ. കേരളത്തില്‍ നിന്നുള്ള എംപിമാരായ എന്‍.കെ പ്രേമചന്ദ്രനും, പി.കെ കുഞ്ഞാലിക്കുട്ടിയും ശശി തരൂരും മുത്തലാഖ് ബില്ലിനെതിരെ കൊണ്ട് വന്ന പ്രമേയം ഏഴു മണിക്കൂറോളമാണ് സഭ ചര്‍ച്ച ചെയ്തത്. ഒടുവില്‍ 82 പേരുടെ എതിര്‍പ്പിന് മേല്‍ വന്ന 303 പേരുടെ അനുകൂല വോട്ടില്‍ ബില്‍ പാസാക്കുകയായിരുന്നു. ബിജെപി സഖ്യകക്ഷിയായ ജനതാദള്‍ (യുണൈറ്റഡ്), കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ്, ഡിഎംകെ, എന്‍സിപി, ആര്‍എസ്‌പി, എന്‍സിപി തുടങ്ങിയ പാര്‍ട്ടികളൊക്കെ ബില്ലിനോട് പ്രതിഷേധിച്ച് സഭ ബഹിഷ്കരിക്കുകയാണ് ചെയ്തത്. പക്ഷേ മുസ്ലീം ലീഗ്, സിപിഎം, എഐഎംഐഎം എന്നിവരൊക്കെ അവസാനം വരെ വിവിധ വ്യവസ്ഥകളോടുള്ള പ്രതിഷേധം സഭയ്ക്കകത്ത് പ്രകടിപ്പിച്ച് കൊണ്ടിരുന്നു. പ്രതിപക്ഷത്തിന്‍റെ എല്ലാ ഭേദഗതി നിര്‍ദ്ദേശങ്ങളും വോട്ടിനിട്ട് തള്ളിയാണ് സര്‍ക്കാര്‍ ബില്ല് പാസാക്കിയെടുത്തത്. അതോടെ മുസ്ലീം പുരുഷന് മേല്‍ പ്രത്യേകമായി തൂങ്ങി നില്‍ക്കുന്ന ഒരു കുറ്റവാളി സാധ്യതയ്ക്ക് നിയമപരമായ സാധുതയായി.

•എന്തൊക്കെയാണ് മുത്തലാഖ് ബില്ലിൽ

*മുസ്ലീം സ്ത്രീ വിവാഹാവകാശ സംരക്ഷണ നിയമം 2019 പ്രകാരം ഒറ്റയടിക്കുള്ള മുത്തലാഖ് അസാധുവും കുറ്റകരവുമാണ്. എഴുത്തോ ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയുള്ളതോ ഇതിൽ പെടും.

*മുത്തലാഖ് ചൊല്ലുന്ന പുരുഷന് മൂന്ന് വർഷം വരെ തടവും പിഴയും ലഭിക്കാം. വാറൻറില്ലാതെ പോലീസിന് അറസ്റ്റ് ചെയ്യാനാകുന്ന കുറ്റകൃത്യമാണ് ഇത്. വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീയോ അവളുടെ രക്ത ബന്ധത്തിലുള്ളവരോ നൽകുന്ന വിവരത്തിൻമേൽ പോലീസിന് നടപടിയെടുക്കാം.

*ത്വലാക്ക് ചെയ്യപ്പെട്ട സ്ത്രീയുടെ ഭാഗം കേട്ടതിന് ശേഷം ജാമ്യം നൽകണമെന്ന് മജിസ്ട്രേറ്റിന് തോന്നിയാല്‍ മാത്രം ജാമ്യം നല്‍കാം. ത്വലാഖ് ചെയ്യപ്പെട്ട സ്ത്രീയുടെ അനുമതിയുണ്ടെങ്കിലും ജാമ്യം നല്‍കാം.

*സ്ത്രീക്ക് കൂടി സമ്മതമാണെങ്കിൽ നിയമപരമായ വ്യവഹാരങ്ങൾ ഒഴിവാക്കി തർക്കം പരിഹരിക്കാവുന്നതാണ്. ഇതിലെ ഉപാധികളും നിബന്ധനകളും തീരുമാനിക്കുന്നതും മജിസ്ട്രേറ്റ് തന്നെയാകും. ഭാര്യയുടേയും ഭര്‍ത്താവിന്‍റേയും സമ്മതത്തോടെ ഒത്തുതീര്‍പ്പ് അനുവദനീയമാണ്.

*ത്വലാഖ് ചെയ്യപ്പെട്ട സ്ത്രീക്കും അവളുടെ കുട്ടിക്കും ഭർത്താവിൽ നിന്ന് ജീവനാംശം ആവശ്യപ്പെടാം. ഈ തുക എത്രയായിരിക്കണമെന്ന തീരുമാനവും മജിസ്ട്രേറ്റിൻറെ പരിധിയിലുള്ളതാണ്.

*ത്വലാഖ് ചെയ്യപ്പെട്ട സ്ത്രീക്ക് അവളുടെ പ്രായപൂർത്തിയാകാത്ത കുട്ടിയെ കൂടെ നിർത്താനുള്ള അവകാശം ചോദിക്കാം. എങ്ങനെയായിരിക്കണം കുട്ടിയുടെ സംരക്ഷണം എന്നതിലെ തീരുമാനം മജിസ്ട്രേറ്റിന്റേതാണ്‌.

ബിൽ വിമർശിക്കപ്പെടുന്നത്

വിവാഹവും അതിനോട് ബന്ധപ്പെട്ട കാര്യങ്ങളും വ്യക്തി നിയമത്തിൻറെ പരിധിയിൽ ആയിരിക്കുമ്പോൾ തന്നെ വിവാഹമോചനം ക്രിമിനൽ കുറ്റമാക്കുന്നു എന്നതാണ് ബിൽ വിമർശിക്കപ്പെടാനുള്ള പ്രധാന കാരണം. ഇന്ത്യൻ സമൂഹത്തിലെ വിവാഹ മോചനത്തോടുള്ള അകൽച്ച നിലനിർത്താൻ മാത്രമേ ഈ നിയമം കാരണമാകൂ. വിവാഹമോചനം പുരുഷന് 3 വർഷം ജയിൽ ശിക്ഷയുടെ സാധ്യത ഉണ്ടാക്കുന്ന ഒന്നായാൽ മുത്തലാഖ് ചെയ്യുക എന്നതൊഴികെ മറ്റെല്ലാ പീഡനങ്ങളും സ്ത്രീ തന്നെ അനുഭവിക്കേണ്ടി വരും. ത്വലാഖ് എന്ന് മൂന്ന് വട്ടം ഉച്ചരിക്കാത്ത പക്ഷം നിയമത്തിൽ നിന്ന് ഭർത്താവിന് വിടുതലുണ്ട്. അത് ചെയ്യാതെ വിവാഹബന്ധത്തിൽ സ്ത്രീ ആവശ്യപ്പെടുന്ന കാര്യങ്ങൾ എല്ലാം നൽകാതിരിക്കാനും വീട്ടിൽ നിന്നിറക്കിവിടാനുമുള്ള സാധ്യതകളെ നിയമം എവിടെയും പരിഗണിക്കുന്നില്ല.

മറ്റെല്ലാ മതവിശ്വാസികളിൽ നിന്നും വിഭിന്നമായി മുസ്ലീം പുരുഷന് 3 വർഷം ജയിൽ ശിക്ഷ നൽകുമെന്നത് ഭരണഘടന വിഭാവനം ചെയ്യുന്ന സമത്വത്തിന് വിരുദ്ധമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. വിവാഹത്തിനകത്ത് പുരുഷൻ ചെയ്യുന്ന അക്രമങ്ങളെ ഗാർഹിക പീഡന നിരോധന നിയമത്തിന്റെ പരിധിയിൽ നേരിടാമെന്നിരിക്കെയാണ് വിവാഹമോചനം നടത്തിയാൽ ജയിൽ ശിക്ഷ എന്ന നിയമം ഒരു വിഭാഗം പൗരൻമാർക്ക് മാത്രം ബാധകമാക്കുന്നത്.

ത്വലാഖ് ചെയ്യപ്പെട്ട ഭാര്യക്ക് ജീവനാംശം ആവശ്യപ്പെടാനുള്ള വകുപ്പ് ബില്ലിലുണ്ട്. അതേ സമയം ത്വലാഖ് ചെയ്ത പുരുഷന് 3 വർഷം ജയിൽ ശിക്ഷയും. തടവിലാകുന്ന ഭർത്താവിന് എങ്ങനെ ജീവനാംശം നൽകാനാകുമെന്നത് വൈരുദ്ധ്യമാണ്. തടവിനൊപ്പം പിഴയും ഭർത്താവിന് നൽകണമെന്ന് പറയുന്ന ബിൽ അത് എത്രയാണെന്ന കാര്യത്തിൽ നിശബ്ദമാണ്.

ത്വലാഖ് എന്ന് 3 വട്ടം ഉച്ചരിച്ചാൽ അത് വിവാഹമോചനം ആകുന്നില്ല എന്ന് സുപ്രീം കോടതി വിധി തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. പുതിയ ബിൽ അനുസരിച്ചും മുത്തലാഖ് അസാധുവാണ്. അങ്ങനെയെങ്കിൽ മുത്തലാഖ് ചൊല്ലിയാലും വിവാഹം നിലനിൽക്കും. പുരുഷന് തടവ്ശിക്ഷ ലഭിക്കാൻ പോകുന്ന, അയാൾ ചെയ്തു എന്ന് നിയമം പറയുന്ന കുറ്റം യഥാർത്ഥത്തിൽ നടന്നിട്ടില്ല. അവർ ഭാര്യാഭർത്താക്കൻമാരാണ്. സാങ്കേതികമായ വാക്കുകളുടെ ഉച്ചാരണമാണ് കുറ്റകരമായി ബില്ലിൽ പറയുന്നത്. ഈ അവ്യക്തത ബില്ലിൽ നിലനിൽക്കുകയാണ്.

മുസ്ലീം സ്ത്രീക്ക് വിവാഹമോചനവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളെ അഭിസംബോധന ചെയ്ത് പരിഹാരം നൽകുന്നതിൽ സർക്കാർ അവകാശപ്പെടുന്ന തരം ഇടപെടലിന് മുസ്ലീം സ്ത്രീ വിവാഹാവകാശ സംരക്ഷണ നിയം 2019 പ്രാപ്തമല്ല എന്നാണ് വ്യക്തമാകുന്നത്. അവൾക്ക് വിവാഹമോചനം സ്വന്തം നിലയ്ക്ക് നടത്താനാകുന്ന വകുപ്പുകൾ ഈ നിയമത്തിലുമില്ല. ഒരു തവണ വിവാഹമോചനം നടത്തിയാൽ അതേ പുരുഷൻ വീണ്ടും ആ സ്ത്രീയെ വിവാഹം കഴിക്കണമെങ്കിൽ മുസ്ലീം വ്യക്തി നിയമപ്രകാരം നികാഹ് ഇൽ ഹലാല അനുഷ്ടിക്കണം. അതായത് മറ്റൊരു പുരുഷൻ അവളെ വിവാഹം ചെയ്ത് ത്വലാഖ് ചൊല്ലണം. ഈ നിബന്ധനയെ പറ്റിയും മുത്തലാഖ് ബിൽ ഒന്നും പറയുന്നില്ല.

കുടുംബത്തിനകത്ത് സ്ത്രീയുടെ നിലനിൽപ്പിനെ കൂടുതൽ സങ്കീർണ്ണമാക്കുന്ന തരത്തിലാണ് ഈ ബില്ലിലെ വ്യവസ്ഥകൾ. ഇന്ത്യയിൽ മറ്റ് മതവിഭാഗങ്ങളിലെ സ്ത്രീകൾക്കും വിവാഹമോചനം അത്ര സുഗമമായ പ്രക്രിയയല്ല. വിവാഹം, വിവാഹമോചനം തുടങ്ങിയവയിൽ രാജ്യത്തെ സ്ത്രീകൾക്ക് സ്വയംനിർണ്ണയാവകാശം ലഭിക്കുന്ന പദ്ധതികളാണ് സർക്കാർ ആസൂത്രണം ചെയ്യേണ്ടത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Also Read: ഇന്ത്യയിലെ മുസ്ലിം സ്ത്രീകൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം മുത്തലാഖ് ആണെന്ന രീതിയിൽ അവതരിപ്പിക്കുന്നതിന് പിന്നിൽ ചില രാഷ്ട്രീയ താൽപ്പര്യങ്ങളുണ്ട്


Next Story

Related Stories