UPDATES

ആങ്ങള ചത്താലും വേണ്ടില്ല നാത്തൂന്റെ കരച്ചിൽ കാണണമെന്നു പറയുന്ന കോൺഗ്രസിനും സിപിഎമ്മിനും ഇത് നല്ല പാഠം

മണിക് സർക്കാർ എന്ന ജനകീയ കമ്മ്യൂണിസ്റ്റുകാരന്റെ കരിസ്മ തോറ്റുപോയിടത്തു വരും ദിനങ്ങളിൽ ചർച്ചചെയ്യപ്പെടുക കേരളത്തിന്റെ ഭാവി തന്നെയാവും

കെ എ ആന്റണി

കെ എ ആന്റണി

ആഘോഷങ്ങൾക്ക് മുടക്കമുണ്ടാവില്ല; കാരണം കേരളത്തിന് വെളിയിൽ സിപിഎം തങ്ങളുടെ മാത്രമെന്ന് കരുതിയ ത്രിപുരയും കീഴടങ്ങിയിരിക്കുന്നു. ആയുധം വെച്ചെന്നു പറയുന്നില്ല. എങ്കിലും ശത്രുപാളയത്തിലെ പടയൊരുക്കം മനസ്സിലാക്കാൻ കഴിയാതെ പോയ ഒരു രാജാവിന്റെയും അയാളുടെ ഉപദേശകരുടെയും പരാജയമായി ചരിത്രം ഇതിനെ വിധിയെഴുതും. ആങ്ങള ചത്താലും വേണ്ടില്ല നാത്തൂന്റെ കരച്ചിൽ കാണണമെന്നു പറയുന്ന കോൺഗ്രസ്സിനും സിപിഎമ്മിനും ഇത് നല്ല പാഠം.

നാട്ടുരാജ്യങ്ങളെ കീഴടക്കി മുന്നേറിയ പഴയ അധിനിവേശ കാലഘട്ടം ഓര്‍മ്മപ്പെടുത്തുന്നതാണ് ത്രിപുരയിലെയും നാഗാലാന്റിലെയും മേഘാലയിലേയുമൊക്കെ സംഘപരിവാർ മുന്നേറ്റമെന്നു പറയേണ്ടിവരും. ത്രിപുര ഏതാണ്ട് തൂത്തുവാരിയപ്പോൾ നാഗാലാന്റിലും മേഘാലയിലും വീണുകിട്ടിയ അവസരം എത്രകണ്ട് തന്ത്രപരമായും കൃത്യതയോടെയും ബിജെപി ഉപയോഗപ്പെടുത്തുന്നതെന്നും കാണാതിരുന്നുകൂടാ. അധിനിവേശ ശക്തികൾ, വിഘടനവാദികൾ എന്നൊക്കെ ഘോരഘോരം ഗർജിക്കുന്ന സംഘപരിവാര്‍ എത്ര ലളിതമായാണ് പ്രാദേശിക വികാരങ്ങൾ മുതലെടുക്കുന്നതും സ്വതന്ത്ര രാഷ്ട്രവാദം ഉന്നയിക്കുന്നവരെയൊക്കെ കൂടെ നിറുത്തി പരമാധികാരം പിടിക്കുന്നതെന്നതിനും കൃത്യമായ തെളിവ് തന്നെയാണ് ത്രിപുരയിൽ അവർ നടത്തിയ പുതിയ പരീക്ഷണം.

ബിജെപിയെ സംബന്ധിച്ചിടത്തോളം ഇതൊരു പുതിയ കാര്യമല്ല. കാശ്മീരിൽ പിഡിപിക്കൊപ്പം നേരത്തെതന്നെ അവര്‍ കൂട്ടുചേര്‍ന്നതാണല്ലോ. അവിടെ അവരിപ്പോള്‍ നടത്തുന്ന നരഹത്യകളുടെ, ആത്യന്തികമായി അവർ ഗുജറാത്തിൽ തുടങ്ങിവെച്ച വംശ്യഹത്യയുടെ, മറ്റൊരു മാതൃക എന്ന് തന്നെ ഇതിനെ വിളിക്കേണ്ടി വരും. പ്രാദേശിക വികാരങ്ങളെ പരമാവധി മുതലെടുത്ത് എങ്ങനെ നേട്ടങ്ങൾ കൊയ്യാമെന്നും അതിനുവേണ്ടി ഏതറ്റംവരെ പോകാമെന്നതിനും ഇവർ മുൻ മാതൃകകൾ നേരത്തെ തന്നെ സൃഷ്ടിച്ചിട്ടുണ്ട് എന്നതും മറക്കേണ്ട. ഇത്തരം ഉഡായിപ്പുകൾ നടക്കാതെ വരുമ്പോൾ എങ്ങനെ കുതിരക്കച്ചവടം നടത്തി ലാഭം കൊയ്യാമെന്നും ഇതേ പാർട്ടി മണിപ്പൂരിലും ഗോവയിലും ഗുജറാത്തിലുമൊക്കെ കാണിച്ചു തന്നതുമാണ്. ഇനിയിപ്പോൾ ഇതേ ഏർപ്പാട് മേഘാലയിലും പയറ്റാൻ ഒരുങ്ങുക തന്നെയാണ് അവർ.

‘ഏഴു സഹോദരിമാർ’ എന്ന് നമ്മൾ ചെല്ലപ്പേരിട്ടു വിളിക്കുന്ന വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ കൂടി വരുതിയിൽ വന്നുകഴിഞ്ഞാൽ ഇന്ത്യ മഹാരാജ്യം ചൊല്പടിയിൽ എന്ന ബിജെപിയുടെയും അവരെ വഴി നടത്തുന്ന ആർഎസ്എസ്സിന്റെയും സ്വപ്നം ഏതാണ്ട് പൂവണിയുന്നുവെന്ന സൂചന തന്നെയാണ് നമുക്ക് ലഭിക്കുന്നത്. തങ്ങളുടെ മതാധിഷ്ഠിതമായ രാഷ്ട്രീയ ബലവും തന്ത്രവും ഉപയോഗിച്ച് ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രം തന്നെയാണ് അവർ കൃത്യമായി ഉപയോഗിക്കുന്നതും.

കൊടി കെട്ടാന്‍ ഇനി ചെങ്കോട്ടയുണ്ടോ? തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ദുര്‍ബലമാകുന്ന സിപിഎം

ലഭ്യമായ കണക്കുകൾ വെച്ച് ത്രിപുരയിൽ ആകെയുള്ള 60 സീറ്റിൽ ഒരു സിപിഎം സ്ഥാനാർഥി മരണപ്പെട്ടതിനെ തുടർന്ന് മാറ്റിവെച്ച തിരഞ്ഞെടുപ്പൊഴിച്ചാൽ വൻ പരാജയം തന്നെയാണ് ഇന്ത്യയിൽ തന്നെ ഏറ്റവും മികച്ച ജനകീയ മുഖമുള്ള മണിക് സർക്കാരിനും ഇടതു മുന്നണിക്കും നേരിടേണ്ടിവന്നിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 49 സീറ്റുണ്ടായിരുന്ന സിപിഎമ്മിന് ഈ തിരഞ്ഞെടുപ്പിൽ വെറും പതിനാറ് സീറ്റിലേക്ക് ഒതുങ്ങേണ്ടിവന്നപ്പോൾ സിപിഐക്കും കഴിഞ്ഞ 25 വർഷമായി പ്രധാന പ്രതിപക്ഷമായിരുന്ന കോൺഗ്രസിനും പറയാൻ നഷ്ടങ്ങളുടെ കണക്കു മാത്രം.

മണിക് സർക്കാർ എന്ന ജനകീയ കമ്മ്യൂണിസ്റ്റുകാരന്റെ കരിസ്മ തോറ്റുപോയിടത്ത് വരുംദിനങ്ങളിൽ ചർച്ചചെയ്യപ്പെടുക കേരളത്തിന്റെ ഭാവി തന്നെയാവും എന്ന കാര്യത്തിൽ തർക്കമില്ല. വീഴ്ച ഗുരുതരമാണ്. വേണമെങ്കിൽ ഭയാനകം എന്ന് തന്നെ വിശേഷിപ്പിക്കേണ്ടിവരും. ത്രിപുരയിൽ ജാനാധിപത്യ പരീക്ഷ ഇതേ വരെ പാസ്സാകാതിരുന്ന എൻഡിഎ എന്ന സംഘചാലക ശക്തിക്ക് മുന്നില്‍, ഒരിക്കലും വീഴില്ലയെന്നു കരുതിയ, ഒരു ജനകീയ മതേതര ജനാധിപത്യ തുരുത്തെന്നും ഒരിക്കലും ഇളകാത്ത ചുവപ്പു കോട്ടയെന്നും സിപിഎമ്മും കമ്മ്യൂണിസ്റ്റ് സഹചാരികളും പറഞ്ഞു നടന്നിരുന്ന ഊറ്റം കൊണ്ടിരുന്ന ത്രിപുരയാണ് ഇന്ന് കാവി സംഘം പിടിച്ചടക്കിയിരിക്കുന്നത്.

ഫാഷിസത്തെ തടയാന്‍ ഒരു മണിക് സര്‍ക്കാര്‍ മാത്രം പോര; ത്രിപുര ഇന്ത്യന്‍ ഇടതുപക്ഷത്തിന് മുന്നില്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

ബിജെപിയെ എതിരിടാൻ ഞങ്ങൾക്കൊപ്പം നിന്നുകൂടെയെന്നു ചോദിക്കുന്ന കോൺഗ്രസ്സും അത് സംബന്ധിയായി സിപിഐ എടുക്കുന്ന കോൺഗ്രസ് അനുകൂല നിലപാടും അതിനോടൊപ്പം സിപിഎമ്മിലെ തന്നെ യെച്ചൂരി – കാരാട്ട് തർക്കങ്ങളും വീണ്ടും ചർച്ചാവിഷയമാകുമെന്നതിൽ തർക്കമില്ല. ബിജെപിയുടെ രഥയോട്ടം തുടരുന്നിടത്തോളം കാലം ഇത്തരം ചർച്ചകൾ പൊടിപൊടിക്കുക തന്നെ ചെയ്യും.

1+1= 71 ആകുമോ? ത്രിപുര ചെങ്ങന്നൂരിന് നല്‍കുന്ന മുന്നറിയിപ്പ്

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍