Top

വീണ്ടും ചില കോണ്‍ഗ്രസ് വീണ്ടുവിചാരങ്ങള്‍

വീണ്ടും ചില കോണ്‍ഗ്രസ് വീണ്ടുവിചാരങ്ങള്‍
കേരളത്തിലെ കോണ്‍ഗ്രസ്സിലെ കാര്യങ്ങള്‍ ഒടുവില്‍ കുഞ്ഞൂഞ്ഞു പിടിച്ച വഴിയേ നീങ്ങുന്നുവെന്നു വേണം കരുതാന്‍ . എത്രയും വേഗത്തില്‍ സംഘടന തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കുക അല്ലെങ്കില്‍ സമവായത്തിലൂടെ കെ പി സി സി ക്കു ഒരു സ്ഥിരം അധ്യക്ഷനെ കണ്ടെത്തുക എന്ന അഭിപ്രായത്തോട് പാര്‍ട്ടിയിലെ സകലമാന ഗ്രൂപ്പുകളും ഏതാണ്ട് യോജിച്ചതില്‍ നിന്നും ഇക്കാര്യം കൂടുതല്‍ വ്യക്തമാവുകയാണ് . ഒരു ആക്ടിങ് പ്രസിഡന്റിനെ വെച്ച് ശിഥിലമായിക്കൊണ്ടിരിക്കുന്ന പാര്‍ട്ടിയെ ഇനിയും മുന്നോട്ടു കൊണ്ടുപോകാന്‍ ശ്രമിക്കുന്നത് അത്യന്തം അപകടമായിരിക്കും എന്ന തിരിച്ചറിവ് ഒട്ടുമിക്ക നേതാക്കള്‍ക്കും ഉണ്ടായിരിക്കുന്നു.

കെപിസിസിക്ക് നേതൃത്വം നല്‍കേണ്ടത് ഒരു യുവ നേതാവായിരിക്കണം എന്ന് ചിന്തിക്കുന്നവര്‍ പാര്‍ട്ടിയില്‍ ഇപ്പോഴും ഉണ്ട് .  വി ഡി സതീശനും , പി ടി തോമസും കെ സുധാകരനുമൊക്കെ കെ പി സി സി അധ്യക്ഷ സ്ഥാനം സ്വപനം കണ്ടവരും ഇപ്പോഴും സ്വപനം കാണുന്നവരും ആണെന്നതൊക്കെ ശരിതന്നെ. പക്ഷെ നിലാവുദിക്കുവോളം പന്നി നില്‍ക്കണമെന്നില്ലല്ലോ ! ഇക്കാര്യം തല്ക്കാലം അവര്‍ക്കും ബോധ്യപ്പെട്ട മട്ടുണ്ട് . ഇനിയിപ്പോള്‍ നാച്ചിയപ്പന്‍ വരുമ്പോള്‍ 'കുറുക്കച്ചാ ഞങ്ങളുടെ വഴക്കു തീര്‍ന്നു ' എന്ന് കോഴി പണ്ട് കുറുക്കനെ പറഞ്ഞു പറ്റിച്ചതുപോലെ കേരളത്തില്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ടാണെന്നു പറഞ്ഞു വിശ്വസിപ്പിക്കാനെങ്കിലും ഒരു സമവായം ഉണ്ടാക്കിയേ തീരു. ഈയൊരു അവസ്ഥയില്‍ നിന്നാണ് പുതിയ സമവായ ചിന്ത ഉരുത്തിരിഞ്ഞിരിക്കുന്നത്.

കേരളത്തില്‍ കെ പി സി സിക്ക് സ്ഥിരം അധ്യക്ഷനില്ലാത്ത അവസ്ഥ പണ്ടും ഉണ്ടായിട്ടുണ്ടല്ലോ . അന്നും തിരഞ്ഞെടുപ്പുകള്‍ നടന്നിട്ടില്ലേ എന്നൊക്കെ ആക്ടിങ് പ്രസിഡന്റ് ഹസ്സന്‍ജി മനസ്സില്‍ ചോദിക്കുന്നുണ്ടെന്നത് നൂറു തരം. അതുകൊണ്ടുതന്നെയാവണമല്ലോ വേങ്ങര തിരഞ്ഞെടുപ്പും കെ പി സി സി അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് ടിയാന്‍ ഇന്നലെ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത് . ശരിയാണ് തെന്നല ബാലകൃഷ്ണ പിള്ളയെ ആക്ടിങ് പ്രസിഡണ്ട് ആക്കിവെച്ചു കേരളത്തിലെ കോണ്‍ഗ്രസ്സ് പണ്ടും മുന്നോട്ടു പോയിട്ടുണ്ട് . പക്ഷേ, കാലം ഏറെ മാറിയിരിക്കുന്നു . നാഥനില്ലാക്കളി തുടര്‍ന്നാല്‍ കോണ്‍ഗ്രസ്സ് ഇനിയങ്ങോട്ട് എടുക്കാനും വെക്കാനും ഇല്ലാത്ത വിധത്തില്‍ ആയിത്തീര്‍ന്നെന്നു വരും . അത്ര തന്നെ .കേരളത്തിലെ കോണ്‍ഗ്രസില്‍ ഇപ്പോള്‍ ഉണ്ടായതുപോലൊരു വീണ്ടുവിചാരം കേരളത്തിലെ ബി ജെ പി യിലും ഉണ്ടായിട്ടുണ്ടെന്നാണ് കേള്‍ക്കുന്നത് . കേരളത്തിലെ തമ്മിലടി കണ്ട് കലിമൂത്താണ് കുമ്മനത്തിനു പറഞ്ഞുറപ്പിച്ചുവെച്ചിരുന്ന കേന്ദ്ര മന്ത്രി സ്ഥാനം മണ്ണും ചാരി നിന്ന അല്‍ഫോന്‍സ് കണ്ണന്താനത്തിന് നല്‍കിയതെന്ന തിരിച്ചറിവ് ബി ജെ പി നേതാക്കള്‍ക്കിടയില്‍ ശക്തമാണത്രെ . ഇനിയെങ്കിലും എല്ലാ വൈരവും മറന്ന് ഒറ്റകെട്ടായി മുന്നോട്ടുപോയില്ലെങ്കില്‍ കൂടുതല്‍ ദുരനുഭവങ്ങള്‍ ഉണ്ടാകുമെന്ന് അവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു എന്നൊക്കെയാണ് സംഘമനസ്സു വായനാ വിദഗ്ദ്ധര്‍ പറയുന്നത് . ഒരുമയുണ്ടെങ്കില്‍ ഉലക്കേമേലും കിടക്കാം എന്നാണല്ലോ . അപ്പോള്‍ പിന്നെ കുമ്മനത്തിനും വി മുരളീധരനും പി കെ കൃഷ്ണദാസിനുമൊക്കെ എന്തുകൊണ്ട് അതായിക്കൂടാ എന്ന ചോദ്യവുമായി എ എന്‍ രാധാകൃഷ്ണനും പി എസ ശ്രീധരന്‍ പിള്ളയുമൊക്കെ ബി ജെ പി യിലും ഐക്യ കാഹളം ആഹ്വനം ചെയ്തു പണിതുടങ്ങിക്കഴിഞ്ഞത്രേ . ഈ ഐക്യ ശ്രമങ്ങളൊക്കെ പക്ഷേ എത്രകണ്ട് വിജയിക്കുമെന്ന് കണ്ട് തന്നെ അറിയേണ്ടതുണ്ട്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)
Next Story

Related Stories