UPDATES

കെ എ ആന്റണി

കാഴ്ചപ്പാട്

Political Column

കെ എ ആന്റണി

ഇത് വെറുമൊരു തരംഗമല്ല, കൊടുങ്കാറ്റാണ്

സി പി എമ്മിനെയും എൽ ഡി എഫിനെയും പോലെ തന്നെ കേരളത്തിലെ ബി ജെ പിക്കും കടുത്ത നിരാശ പകരുന്നതാണ് തിരെഞ്ഞെടുപ്പ് ഫലം

കെ എ ആന്റണി

കേരളത്തിലേത് വെറുമൊരു തരംഗമല്ല, യഥാർത്ഥ കൊടുങ്കാറ്റാണ്. ആഞ്ഞടിച്ച ആ കൊടുങ്കാറ്റിൽ എൽ ഡി എഫിന്റെ എല്ലാ വൻ മരങ്ങളും കടപുഴകി. അതിനെ അതിജീവിക്കാൻ കഴിഞ്ഞത് സി പി എമ്മിന്റെ ആലപ്പുഴയിലെ സ്ഥാനാർഥി എ എം ആരിഫിന് മാത്രം. അരൂർ എം എൽ എ കൂടിയായ എ എം ആരിഫ് ആലപ്പുഴയിൽ ജയിച്ചുകയറിയപ്പോൾ യു ഡി എഫ് ഇത്തവണ മത്സരിപ്പിച്ച രണ്ടു വനിതാ സ്ഥാനാർഥികളിൽ ദുഃഖപുത്രിയായത് ഷാനിമോൾ ഉസ്മാൻ. സി പി എമ്മിന്റെ ഉരുക്കു കോട്ടക്കളയിൽ ഒന്നായി അറിയപ്പെടുന്ന ആലത്തൂരിൽ സിറ്റിംഗ് എം പി, പി കെ ബിജുവിനെതിരെ രമ്യ ഹരിദാസ് ഒന്നര ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷവുമായി പാട്ടും പാടി ജയിച്ചുകയറിയപ്പോഴും നാളിതുവരെ ഒരു തിരെഞ്ഞെടുപ്പിൽ പോലും ജയം രുചിട്ടില്ലാത്ത രാജ് മോഹൻ ഉണ്ണിത്താൻ സി പി എമ്മിന്റെ മറ്റൊരു ഉരുക്കു കോട്ടയായ കാസർകോട് നിന്നും ആദ്യ വിജയം കൈപ്പിടിയിൽ ഒതുക്കിയപ്പോഴും കെ സി വേണുഗോപാലിന്റെ സിറ്റിംഗ് സീറ്റായ ആലപ്പുഴയിലെ ഈ അപ്രതീക്ഷിത പരാജയം ഷാനിമോളുടെ ദുഃഖം ഇരട്ടിയാക്കുന്നു.

ശബരിമല ഒരു വിഷയമേ അല്ലെന്നും പിണറായി സർക്കാരിന്റെ ഭരണ നേട്ടങ്ങളുടെ ബലത്തിൽ കേരളത്തിൽ എൽ ഡി എഫ് 2004 ആവർത്തിക്കുമെന്നും അവകാശപ്പെട്ട സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കൂട്ടരുടെയും നാവടപ്പിക്കുന്ന ചരിത്ര വിജയമാണ് ഇക്കുറി യു ഡി എഫ് കരസ്ഥമാക്കിയിരിക്കുന്നത്. കോടിയേരിയും സംഘവും പ്രവചിതത്തിന്റെ നേർവിപരീത ഫലം ഉണ്ടായപ്പോൾ കേരളത്തിൽ യു ഡി എഫിന് ട്വന്റി – ട്വന്റി പ്രഖ്യാപിച്ച കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ആഹ്ളാദിക്കാൻ വകയുണ്ട്. ഒരു സീറ്റൊഴികെ ബാക്കിയെല്ലായിടത്തും വിജയിക്കാൻ കഴിഞ്ഞതിലുള്ള ആഹ്ളാദം.

സി പി എമ്മിനെയും എൽ ഡി എഫിനെയും പോലെ തന്നെ കേരളത്തിലെ ബി ജെ പിക്കും കടുത്ത നിരാശ പകരുന്നതാണ് തിരെഞ്ഞെടുപ്പ് ഫലം. ശബരിമലയുടെയും വിശ്വാസ സംരക്ഷണത്തിന്റെയും ഒക്കെ ചിറകിലേറി ഏറ്റവും ചുരുങ്ങിയത് തിരുവനന്തപുരത്തും പത്തനംതിട്ടയിലുമെങ്കിലും താമര വിരിയുമെന്നു കണക്കുകൂട്ടിയ ബി ജെ പി യുടെ പ്രതീക്ഷയത്രയും തകർന്നു തരിപ്പണമായിരിക്കുന്നു. ഒരുപക്ഷെ എക്സിറ്റ് പോളുകൾക്കു കേരളത്തിൽ സംഭവിച്ച ഏക പിഴവ് ചുരുങ്ങിയത് ഒരു സീറ്റെങ്കിലും ബി ജെ പിക്കു ലഭിക്കുമെന്ന് പ്രവചിച്ചതാണെന്നു പറയേണ്ടിയിരിക്കുന്നു. തിരുവനന്തപുരത്തോ പത്തനംതിട്ടയിലോ താമര വിരിഞ്ഞില്ലെന്നു മാത്രമല്ല വിജയം കണക്കുകൂട്ടിയ, ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ടയിൽ ബി ജെ പി സ്ഥാനാർഥി കെ സുരേന്ദ്രൻ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും ചെയ്തു. താരപരിവേഷവുമായി തൃശ്ശൂരിൽ താമര വിരിയിക്കാനെത്തിയ സുരേഷ് ഗോപിക്കും മൂന്നാം സ്ഥാനം കൊണ്ട് തന്നെ തൃപ്തിപ്പെടേണ്ടിവന്നിരിക്കുന്നു.

അഖിലേന്ത്യ തലത്തിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന യു പി എ തകർന്നടിഞ്ഞപ്പോഴും കേരളത്തിൽ യു ഡി എഫ് ചരിത്ര മുന്നേറ്റം നടത്തിയതിനു പിന്നിലെ പ്രധാന ഘടകങ്ങൾ ശബരിമലയും മോദി വിരുദ്ധതയിലൂന്നി രൂപപ്പെട്ട ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണവും തന്നെയാണ് എന്ന് കരുതേണ്ടിവരും. ശബരിമലയെ ഒരു ഗോൾഡൻ ഓപ്പർച്യുണിറ്റി ആയി കണ്ടത് ബി ജെ പി ആയിരുന്നുവെങ്കിലും ശബരിമലയും വിശ്വാസ സംരക്ഷണം തുണച്ചത് യു ഡി എഫിനെയും കോൺഗ്രസിനെയും ആണ്. ഹൈന്ദവ വിശ്വാസികളെ യു ഡി എഫിന് അനുകൂലമായി തിരിക്കുന്നതിൽ എൻ എസ് എസ് വഹിച്ച പങ്കിനെയും കുറച്ചുകാനാവില്ല. ന്യൂന പക്ഷങ്ങളെ, പ്രത്യേകിച്ചും മുസ്ലിം വോട്ടർമാരെ ഇക്കുറി യു ഡി എഫിന് അനുകൂലമായി മാത്രം ചിന്തിക്കാൻ പ്രേരിപ്പിച്ചതിൽ മുസ്ലിം ലീഗിനെപ്പോലെ തന്നെ ജമാഅത്തെ ഇസ്ലാമിക്കും എസ് ഡി പി ഐ ക്കും ഒക്കെയുള്ള റോളും ഒട്ടും ചെറുതല്ല. അതുപോലെ തന്നെ രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വവും ഇക്കുറി ഇടതു കോട്ടകളെ തകർത്തു തരിപ്പണമാക്കിയ തൂഫാന് പിന്നിൽ പ്രവർത്തിച്ചുവെന്നുതന്നെ കരുതേണ്ടിവരും. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, പാലക്കാട് മണ്ഡലങ്ങളിൽ ഒഴികെയുള്ള മണ്ഡലങ്ങളിൽ ബി ജെ പി വക ഒരു കൈത്താങ്ങും യു ഡി എഫിന് ലഭിച്ചു എന്നതും ഒരു വസ്തുതയാണ്.

യു ഡി എഫിന്റെ വൻ മുന്നേറ്റത്തിന്റെ പിന്നിലെ കാരണങ്ങൾ എന്ത് തന്നെയായിരുന്നാലും തിരെഞ്ഞെടുപ്പ് ഫലം സി പി എമ്മിനും ഇടതു മുന്നണിക്കും ഇത്തവണത്തെ ആഘാതത്തിൽ നിന്നും അത്രയൊന്നും എളുപ്പത്തിൽ വിമുക്തമാകാൻ ആവില്ല. കേരള ബി ജെ പി യുടെ സ്ഥിതിയും ഒട്ടും വിഭിന്നമല്ല.

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍