UPDATES

ബ്ലോഗ്

പിണറായി എന്ത് ഓമനപ്പേരിട്ടു വിളിച്ചാലും വനിതാ മതില്‍ വേര്‍തിരിക്കലിന്റെ ഇരുമ്പു മറയാണ്

ഹിന്ദു സംഘടനകളെ വിളിച്ചുകൂട്ടി മതില്‍ തീര്‍ക്കാന്‍ ഇത് ‘ഹിന്ദു സംസ്ഥാനമൊന്നുമല്ലല്ലോ’?

വിഭജിക്കാനുള്ളതാണ് മതില്‍, പ്രതിരോധത്തിന്റെ അടയാളമാണ് മതില്‍, അപ്പുറത്തുള്ളവരെല്ലാം ശത്രുക്കളാണ് എന്ന ചിന്തയില്‍ നിന്നാണ് മതിലുകള്‍ ഉയരുന്നത്. പരസ്പരം അടുക്കാന്‍ പാടില്ലെന്ന ധ്വനി കൂടി അതിലുണ്ട്. എന്ത് ‘ഓമനപ്പേരിട്ടു’ വിളിച്ചാലും മതില്‍ വേര്‍തിരിക്കലിന്റെയും പ്രതിരോധത്തിന്റെയും അടയാളമാണ്. മൂന്ന് പതിറ്റാണ്ടു മുന്‍പ് ലോകം സാകൂതം കേട്ട വാര്‍ത്തകളിലൊന്ന് ഒരു മതില്‍ പൊളിക്കുന്നതിനെക്കുറിച്ചുള്ളതായിരുന്നു.

ജര്‍മനിയിലെ ബെര്‍ലിന്‍ നഗരത്തെ പകുത്തിരുന്ന ‘ബെര്‍ലിന്‍ മതില്‍’. പശ്ചിമ ജര്‍മനിയെ അകറ്റിനിര്‍ത്തുന്നതിലൂടെ ഫാസിസത്തിനെതിരേയുള്ള മതിലാണ് കമ്യൂണിസ്റ്റ് ചിന്താഗതി പുലര്‍ത്തിയ പൂര്‍വ ജര്‍മനി ലക്ഷ്യമിട്ടത്. 1961ല്‍ പണിത മതില്‍ പശ്ചിമ ബെര്‍ലിന്‍ നഗരത്തെ കിഴക്കന്‍ ബെര്‍ലിനില്‍ നിന്നു മാത്രമല്ല, പൂര്‍വ ജര്‍മനിയില്‍ നിന്നു തന്നെ കൊട്ടിയടച്ചു. ഒടുവില്‍ ജനാഭിലാഷം മുന്‍നിര്‍ത്തി 1990-ല്‍ അധികൃതര്‍ മതില്‍ പൊളിച്ചുനീക്കുന്നതിനു മുന്‍പു തന്നെ മതില്‍ തട്ടിത്തകര്‍ത്ത് ഇരുചേരികളിലുമുള്ള ജനങ്ങള്‍ പരസ്പരം വാരിപ്പുണര്‍ന്നു.

പ്രളയത്തില്‍ മുങ്ങിയ കേരളത്തിന് ഇപ്പോള്‍ വനിതാ മതിലിനെക്കാള്‍ ആവശ്യം രക്ഷാമതിലായിരുന്നു. സംസ്ഥാനത്തെ ഏവരും ഏകമനസോടെ പ്രളയദിനങ്ങളെ അതിജീവിക്കുന്നതു കണ്ട് ലോകം വിസ്മയിച്ചതാണ്. കേരളത്തിന്റെ ശക്തിയും സവിശേഷതയും തിരിച്ചറിഞ്ഞ് അഭിനന്ദനങ്ങള്‍ ഒഴുകിയ ആ നാളുകള്‍ എത്ര വേഗമാണ് അസ്തമിച്ചതെന്നു നോക്കുക. ആ ഐക്യം ഊട്ടിയുറപ്പിച്ച് നവകേരളത്തിനു പുതിയ മുഖം നല്‍കാനുള്ള അഭിലാഷമാകാം മുഖ്യമന്ത്രി പിണറായി വിജയനെ ഇത്തരമൊരു ചിന്തയിലേക്കു നയിച്ചത്. അതിന് അദ്ദേഹത്തെ കുറ്റം പറഞ്ഞുകൂടാ. എന്നാല്‍, പുതുയുഗപ്പിറവിക്ക് ഏറ്റവും ആവശ്യം ഐക്യബോധമാണ് എന്ന് അദ്ദേഹവും ഉപദേഷ്ടാക്കളും ഓര്‍ക്കേണ്ടതായിരുന്നു.

ഉത്പതിഷ്ണുക്കളായ സ്ത്രീകൾക്കിടയിലെ ‘കുലസ്ത്രീകൾ’ ആവാനാണോ അവരുടെ ശ്രമം? വനിത മതിലിന് ഒപ്പമില്ലാത്ത സഹോദരിമാരോട്

പ്രളയദിനങ്ങള്‍ അതിവിദഗ്ധമായി കൈകാര്യം ചെയ്ത മുഖ്യമന്ത്രിക്കും അദ്ദേഹത്തിനു കീഴില്‍ പ്രവര്‍ത്തിച്ച ഭരണ സംവിധാനത്തിനും ശബരിമലയില്‍ സംഭവിച്ച പാളിച്ചയാണ് ഇപ്പോഴത്തെ അശാന്തിക്കു കാരണമായത് എന്നതു രഹസ്യമല്ല. പ്രളയ ദുരന്തത്തില്‍ നിന്നു കര കയറുന്നതിന് പ്രയോഗിച്ച സാലറി ചലഞ്ച് നല്‍കിയ തിരിച്ചടിയില്‍ നിന്നാണ് തുടക്കം. സംസ്ഥാനത്തിനു പണം നല്‍കാന്‍ ഏവരും സന്നദ്ധരായിരുന്നിട്ടും നിര്‍ബന്ധവും സമ്മര്‍ദ്ദവും അധികാരവും ഉപയോഗിച്ച് സര്‍ക്കാര്‍ ജീവനക്കാരെ സമീപിച്ചപ്പോള്‍ കണക്ക് പിഴച്ചു. മഴക്കെടുതികളില്‍ ഏവരും ബാധിതരായിരിക്കെ, ജീവനക്കാര്‍ക്ക് ആ പരിഗണന നല്‍കാതെ പോയതുകൊണ്ടാണ് സര്‍ക്കാരിന് പിടിച്ചു നില്‍ക്കാനാകാതെ പോയത്. അല്ലാതെ സാലറി ചലഞ്ച് മോശം ആശയമായതുകൊണ്ടല്ല.

ശബരിമല വിഷയത്തിന് മറ്റൊരു മാനമുണ്ട്. അത് ക്ഷേത്രഭരണവുമായി ബന്ധപ്പെട്ടതാണ്. സംസ്ഥാനത്തെ അറിയപ്പെടുന്ന ചില ക്ഷേത്രങ്ങളെങ്കിലും ഭരിക്കുന്നത് സിപിഎമ്മിന് മുന്‍തൂക്കമുള്ള ഭരണസമിതികളാണ്. ക്ഷേത്രനടത്തിപ്പ് എങ്ങനെ വേണമെന്നതിന് ഉദാഹരണങ്ങളായ ക്ഷേത്രങ്ങളും അവയിലുണ്ട്. അവിടേക്ക് ഓരോ വര്‍ഷവും കൂടുതല്‍ ഭക്തരെ എങ്ങനെയെത്തിക്കണമെന്നതും അവര്‍ക്കു നിശ്ചയമുണ്ട്. ശബരിമലയില്‍ തൊട്ടതിന് ശേഷമുണ്ടായിട്ടുള്ള പൊള്ളല്‍ ശരിക്കറിയുന്നവരാണ് അവരില്‍ പലരും. എന്നാല്‍, ‘സഹകരണ ബാങ്ക് പ്രശ്‌നം’ പോലെ പാര്‍ട്ടി വേദികളില്‍ ഇതുന്നയിക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ട്.

ഏത് ആരാധനാലയത്തിന്റെയും വാണിജ്യവിജയം അവിടേക്ക് ഒഴുകിയെത്തുന്ന സ്ത്രീകളാണ്. അവരുടെ അര്‍പ്പണ മനോഭാവമാണ് സംസ്ഥാനത്തിന്റെ എല്ലാ കുതിപ്പുകളുടെയും രഹസ്യമെന്നത്, സമൂഹം അറിഞ്ഞിട്ടുംഅംഗീകരിക്കാന്‍ മടിക്കുന്ന വസ്തുതയാണ്. സ്വാശ്രയ സംഘങ്ങളും മൈക്രോ ഫിനാന്‍സ് യൂണിറ്റുകളും വിജയകരമാക്കുന്ന ഈ അര്‍പ്പണം വിശ്വാസത്തിന്റെ കാര്യത്തിലാകുമ്പോള്‍ ഒരു പടി മേലെ തന്നെ. ആറ്റുകാലും, ചക്കുളത്തുകാവുമൊക്കെ ദൃഷ്ടാന്തങ്ങളായി മുന്നിലുണ്ട്. അതുവച്ച് ശബരിമലയിലെ കണക്കൊന്നു കൂട്ടിക്കാണും ദേവസ്വം ബോര്‍ഡ് തന്നെയും.

യുവതികള്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന നിലപാട് തന്നോടുള്ള വെല്ലുവിളിയായി മുഖ്യമന്ത്രിക്കു തോന്നിയത് എന്തുകൊണ്ടെന്ന് വ്യക്തമല്ല. നവകേരള സൃഷ്ടിക്കു തടസമായി ശബരിമല വിഷയം മാറിയതല്ല, പുരോഗമനചിന്ത വെടിഞ്ഞു പെരുമാറാന്‍ ഒരു വിഭാഗം തുടങ്ങുന്നുവെന്നതും അവര്‍ക്കു പിന്നില്‍ രാഷ്ട്രീയമായ കരുനീക്കങ്ങള്‍ നടക്കുന്നുവെന്നതുമാകാം അദ്ദേഹത്തെ പ്രകോപിപ്പിച്ചത്. ശബരിമലയല്ല, സഹ്യപര്‍വതം തന്നെ വന്നാലും നിസാരമെന്ന മട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മനസില്‍ നിര്‍മിച്ച പ്രതിരോധക്കോട്ടയാണ് വനിതാമതിലായി പുനര്‍ജനിച്ചത്.

‘കണ്ട പെലയന്മാരുടെയും ചോവന്മാരുടെയും കൂടെ മോളെ മതില് പണിക്ക് വിട്ടാല്‍ അതിലൊരുത്തന്റെ കൂടെ അവളിറങ്ങിപ്പോകുന്നത് കാണേണ്ടിവരും’; ഇങ്ങനെയാണ് ജാതി ഒളിച്ചു കടത്തുന്നത്

ശബരിമലയിലെ യുവതീ പ്രവേശനം പിന്നോട്ടു നടക്കലാണ് എന്ന സിപിഎം നിലപാടിനു പിന്തുണ ലഭിക്കുമായിരുന്നു, അതിനു യാഥാര്‍ഥ്യവുമായി ബന്ധമുണ്ടായിരുന്നെങ്കില്‍… ലക്ഷക്കണക്കിന് സ്ത്രീകള്‍ വന്നു തൊഴുതുമടങ്ങുന്ന സന്നിധിയാണ് ശബരിമല. അവരില്‍ യുവതികളില്ല എന്നേയുള്ളൂ. ക്യൂവില്‍ മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവരുന്ന കാനന ക്ഷേത്ര സന്നിധിയില്‍ മാത്രമല്ല. അയ്യപ്പന്മാര്‍ നിരനിരയായി അന്തിയുറങ്ങുന്ന സംസ്ഥാനത്തെ റെയില്‍വേ പ്ലാറ്റ്‌ഫോമുകളില്‍ വരെ കനത്ത സുരക്ഷിതത്വം ഉറപ്പാക്കേണ്ടിവരും ഓരോ തവണയും നട തുറക്കുമ്പോള്‍. അത്തരം വിപത് ഘട്ടങ്ങള്‍ ഒഴിവാക്കാനുള്ള ഉപായമെന്ന നിലയില്‍ വിലയിരുത്തപ്പെടേണ്ട നിര്‍ദോഷമായ ആചാരത്തെ മാത്രമല്ല, അയ്യപ്പനെത്തന്നെയും അപഹസിക്കുക വഴി ഭക്തരുടെ മനസിനെ ആഴത്തില്‍ മുറിവേല്‍പ്പിച്ചവരില്‍ ജനപ്രതിനിധികളും മന്ത്രിമാരും വരെയുണ്ട്. തങ്ങള്‍ക്ക് എതിരു നില്‍ക്കുന്നവരെ നേരിടുമ്പോള്‍ ജനാധിപത്യ മൂല്യങ്ങള്‍ ആവശ്യമില്ലെന്ന നിലപാടിനാണ് ധാര്‍ഷ്ട്യമെന്നു പറയുന്നത്.

കേരള ചരിത്രത്തില്‍ നവോത്ഥാനത്തിന്റെ തേര്‍തെളിച്ച അന്നും കേരളത്തിലെ ആരോഗ്യ- വിദ്യാഭ്യാസ, സാമൂഹിക -സാംസ്‌കാരിക മേഖലകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു പ്രബല സമുദായ സംഘടന, ശബരിമല പ്രശ്‌നത്തിലും വനിതാ മതില്‍ എന്ന ആശയത്തിലും തങ്ങള്‍ക്കെതിരെ അഭിപ്രായവും പറയുന്നു എന്ന ഒറ്റ കാരണത്താല്‍ ‘അധികാരത്തിന്റെ ഗര്‍വില്‍’ ഒറ്റതിരിഞ്ഞു ആക്രമിക്കുകയും, പുലഭ്യം പറയുകയും, ഇകഴ്ത്തി കെട്ടാന്‍ ശ്രമിക്കുകയുംചെയ്യുന്നത് കമ്മ്യൂണിസ്‌റ് ആശയങ്ങള്‍ക്കും കമ്മ്യൂണിസ്‌റ്റ് പ്രവര്‍ത്തന ശൈലിക്കും ഒട്ടും യോജിച്ചതല്ലായെന്ന് അറിഞ്ഞിട്ടും, തുടരെ തുടരെ അത്തരം പ്രസ്താവനകള്‍ ഒരു ഉത്തരവാദപ്പെട്ട പാര്‍ട്ടിയുടെ സെക്രട്ടറിയുടെ ഭാഗത്തുനിന്നും ഉണ്ടാവുമ്പോള്‍ അതിനെ ധാര്‍ഷ്ട്യമെന്നു വിളിക്കുന്നതില്‍ എന്ത് തെറ്റാണുള്ളത്? മാത്രവുമല്ല ജനാധിപത്യ മൂല്യങ്ങളുടെ അന്തഃസത്തക്ക് നേരെയുള്ള ഒരു തികഞ്ഞ വെല്ലുവിളി കൂടിയാണിത്.

നവോത്ഥാനത്തിന്റെ വിളംബരത്തിനായി വനിതാമതില്‍ തന്നെ ഉയരണമെന്ന നിര്‍ബന്ധം ഈ പശ്ചാത്തലത്തിലാണ് പരിശോധിക്കേണ്ടത്. നവോത്ഥാനം ഒരു ജനതയുടെ ആന്തരികമായ ചോദനയില്‍ നിന്നുയരുന്ന ആവേശകരമായ സ്വാതന്ത്ര്യ പ്രഖ്യാപനമാണ്. അവിടെ എല്ലാ വിഭാഗീയ ചിന്തകളും മറന്ന് ഏകസ്വരത്തില്‍ ജനത പറന്നുയരും. ഒഴുക്കിനെതിരേയുള്ള നീന്തലാണത് എന്നതു ശരി തന്നെ. പക്ഷേ, ഭൂരിപക്ഷം ജനങ്ങളും അതില്‍ ലയിക്കുന്നു. ബാഹ്യമായ വിസ്‌ഫോടനം മാത്രമല്ല, ആന്തരികമായ ശുദ്ധികലശവും അവിടെ സംഭവിക്കുന്നു. അതു സമൂഹഗാത്രത്തിനു കരുത്തും ഊര്‍ജവും പകരുന്നു.

വനിതാ മതില്‍ നടക്കുക തന്നെ വേണം, പിന്തുണയ്ക്കുന്നു; പക്ഷേ ശബരിമലയില്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാന്‍ കാരണമുണ്ട്- സണ്ണി എം കപിക്കാട് സംസാരിക്കുന്നു

ഇവിടെ മതില്‍ കെട്ടുന്നത് ഉള്ള ഊര്‍ജവും ഒരുമയും ചോര്‍ത്തിക്കളയുന്നതിനാണ്. ഇല്ലാത്ത ഒന്ന് സങ്കല്‍പ്പിച്ച് അതിനെ സത്യമായി അവതരിപ്പിക്കുന്നു. ഹിന്ദുമതത്തിന്റെ നവീകരണമാണ് ലക്ഷ്യമെന്ന് ഇതര മതസ്ഥരെ അകറ്റിനിര്‍ത്തിയതിലൂടെ സര്‍ക്കാര്‍ വ്യക്തമായ സൂചന നല്‍കുന്നു. ഹൈന്ദവ സംഘടനകളെ മാത്രം വിളിച്ചുചേര്‍ത്തുള്ള ആലോചനാ യോഗത്തിലാണ് വനിതാമതില്‍ എന്ന ആശയം ഉയരുന്നത്. പിന്നീടുള്ള സര്‍ക്കുലറുകളില്‍ എല്ലാ വിഭാഗങ്ങളും പങ്കെടുക്കണമെന്ന ആഹ്വാനമാണുള്ളതെന്നത് മറ്റൊരു വൈദഗ്ധ്യം. ഹിന്ദു സംഘടനകളെ വിളിച്ചുകൂട്ടി മതില്‍ തീര്‍ക്കാന്‍ ഇത് ഹിന്ദു സംസ്ഥാനമൊന്നുമല്ലല്ലോ?

സര്‍ക്കാര്‍ മുന്‍കൈയെടുത്തു നിര്‍മിക്കുന്ന മതില്‍ ‘വലിയ സംഭവമായി’ പ്രകീര്‍ത്തിക്കപ്പെടുമെന്നതില്‍ തര്‍ക്കമില്ല. ദേശീയതലത്തിലും രാജ്യാന്തര തലത്തിലും അതു വാഴ്ത്തിപ്പാടാനും ധാരാളം പേരുണ്ടാകും. എന്നാല്‍, മതില്‍ കെട്ടിയ സായാഹ്നത്തിനുശേഷം നേരം പുലരുമ്പോള്‍ സംസ്ഥാനത്ത് ജനങ്ങള്‍ക്കിടയില്‍ അകലം കൂടിയിട്ടുണ്ടാകും. വിശ്വാസ സംരക്ഷണത്തിനുവേണ്ടി നിന്നവരെ യാഥാസ്ഥിതികരെന്നും മാമൂല്‍വാദികളെന്നും ചാപ്പ കുത്തുന്നതിലേക്ക് കാര്യങ്ങള്‍ നീങ്ങുകയും ചെയ്യും. പിന്നെ അവിടെ നിന്നു തുടങ്ങേണ്ടിവരും ഐക്യസൂക്തം.

എന്തുകൊണ്ട് ഞങ്ങള്‍ ‘ചരിത്രത്തിന്റെ ചവറ്റുകോട്ട’യിലേക്ക് പോകാന്‍ തീരുമാനിച്ചു? വനിതാ മതിലിനോടുള്ള വിയോജിപ്പ് വിശദീകരിച്ചു പി ഗീത

പ്രളയക്കെടുതിയില്‍ നിന്നും ഇനിയും മോചനം നേടിയിട്ടില്ലാത്ത കേരള ജനതയ്ക്ക് ഇന്ന് വേണ്ടത് വര്‍ഗ്ഗീയ- സാമുദായിക ചേരിതിരിവിന്റെ ദുര്‍ഗന്ധമുള്ള വനിതാമതിലല്ല, മറിച്ച് ഐക്യസൂക്തം വിളിച്ചോതുന്ന, മുല്ലപ്പൂവിന്റെ ഗന്ധമുള്ള വാതായനങ്ങളാണ്.

വാതായനങ്ങള്‍ ആണ് കേരളജനതയ്ക്ക് ഇന്നും എന്നും ആവശ്യം, അല്ലാതെ വേര്‍തിരിവിന്റെ മതിലുകളല്ല. ശ്രീനാരായണ ഗുരുവും, ചട്ടമ്പിസ്വാമികളും, അയ്യങ്കാളിയും, മന്നത്തു പദ്മനാഭനും, കെ. കേളപ്പനുമെല്ലാം സമൂഹത്തിനു സമ്മാനിച്ചത് അത്തരം വാതായനങ്ങളാണ്. മതിലാകട്ടെ, പഴയ ഇരുമ്പുമറയുടെ ഓര്‍മയാണ്. ഇരുമ്പുമറകള്‍ കൊണ്ട് എന്തിനെയെങ്കിലും തടയാന്‍ സാധിക്കുന്ന കാലം കഴിഞ്ഞിരിക്കുന്നു!.

കടപ്പാട് – വാര്‍ത്താ മാധ്യമങ്ങള്‍, വിക്കിപീഡിയ

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മനിതിയടക്കമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ കയറാന്‍ പറ്റാത്തതിന്റെ പേരില്‍ വനിതാ മതില്‍ ബഹിഷ്കരിക്കുന്ന ഉപരിപ്ലവകാരികള്‍ അറിയാന്‍

ബി ശ്രീകുമാര്‍

ബി ശ്രീകുമാര്‍

സാമൂഹ്യ നിരീക്ഷകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍