TopTop
Begin typing your search above and press return to search.

സിനിമ തീയേറ്ററില്‍ ദേശീയഗാനമാകാം, ഇന്ത്യ-പാക് അതിര്‍ത്തിയില്‍ വേണ്ടേ?

സിനിമ തീയേറ്ററില്‍ ദേശീയഗാനമാകാം, ഇന്ത്യ-പാക് അതിര്‍ത്തിയില്‍ വേണ്ടേ?

സിനിമ തിയേറ്ററിൽ തുണ്ടുപടം കാണാൻ പോകുന്ന കാണികളെ വരെ ദേശീയഗാനം കേൾപ്പിച്ച് എഴുന്നേൽപ്പിച്ചു നിർത്തി ദേശസ്നേഹം ഉണ്ടാക്കാൻ ശ്രമിക്കുമ്പോൾ അവർക്കുണ്ടാകുന്ന അതേ വികാരവും വിമ്മിഷ്ടവുമാണ് ദേശസ്നേഹ പ്രകടനം കാണാൻ അതിർത്തിയിൽ പോയ എന്റെ മുന്നിൽ നടന്ന ഒരു കൂട്ടം സ്ത്രീകളുടെ ഡപ്പാംകൂത്ത് കണ്ടപ്പോൾ എനിക്കുണ്ടായത് എന്ന് പറയാതെ വയ്യ.

ഹോളി ദിവസം വൈകുന്നേരം നാലുമണിയോടെ ഇന്ത്യയെയും പാകിസ്താനെയും വേർതിരിക്കുന്ന വാഗാ ബോര്‍ഡറില്‍ എത്തി ബീറ്റിങ് റിട്രീറ്റ് എന്ന ഇരു രാജ്യങ്ങളുടെയും ദേശീയ പതാകകൾ താഴ്ത്തുന്ന ചടങ്ങുകൾ വീക്ഷിക്കാൻ ആളുകൾ തിങ്ങി നിറഞ്ഞിരിക്കുന്ന ഗാലറിയിൽ ഇരുപ്പുറപ്പിച്ചു. ഇന്ത്യയെയും പാകിസ്താനെയും ബന്ധിപ്പിക്കുന്ന ഗ്രാൻഡ് ട്രങ്ക് റോഡിന്റെ ഇരുവശത്തുമായി പണികഴിപ്പിച്ച ഗാലറിയിൽ കൂടുതലും ആവേശഭരിതരായ തീവ്രദേശസ്നേഹികൾ. മിക്കവരുടെയും മുഖത്തും ശരീരത്തിന്റെ പല ഭാഗങ്ങളിലും ദേശീയപതാക പെയിൻറ് ചെയ്തിരിക്കുന്നു. പലരുടെയും കൈകളിൽ ചെറുതും വലുതുമായ ദേശീയപതാകയും തലയിൽ ത്രിവർണ നിറത്തിലുള്ള തൊപ്പിയും കാണപ്പെട്ടു. ബോളിവുഡ് സിനിമകളിലെ ദേശസ്നേഹം വിളിച്ചോതുന്ന പാട്ടുകൾ ചെവിപൊട്ടുമാറു ഉച്ചത്തിൽ മുഴങ്ങികേൾക്കുന്നുണ്ടായിരുന്നു. ഇരുരാജ്യങ്ങളെയും വേർതിരിച്ചുകൊണ്ട് ഗേറ്റുകൾ ഇരുഭാഗത്തും നിന്നും അടച്ചിരിക്കുന്നിടത്ത് റോഡ് അവസാനിക്കുന്നു. കമ്പിവേലി കെട്ടിത്തിരിച്ച മതിലിന് ഇരുപുറവും കൈയിൽ തോക്കേന്തിയ ഇന്ത്യയുടെ ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിലെ പട്ടാളക്കാരും അപ്പുറം പാകിസ്ഥാൻ റെയ്‌ഞ്ചേഴ്സും റോന്തു ചുറ്റുന്നു.

ഇന്ത്യൻ ഗേറ്റിനപ്പുറം ചെറുതും വലുതുമായ പാകിസ്താന്റെ ദേശീയപതാക കൈയ്യിലേന്തിയ കാണികൾ ഗാലറിയിൽ എത്തിക്കൊണ്ടിരുന്നു. ഏകദേശം നാലരയോടെ ഇന്ത്യൻ ഗാലറിയിലേക്ക് വന്നുകൊണ്ടിരുന്ന കാണികളിൽ സ്ത്രീകളെയും പെൺകുട്ടികളെയും റോഡിൻറെ തുടക്കത്തിൽ ചീർലീഡർ വരിവരിയായി പിടിച്ചു നിർത്തി. അതിനു ശേഷം ഒരു ദേശീയ പതാക കൈയ്യിൽ കൊടുത്തിട്ട് ഇരുമ്പു ഗേറ്റിന്റെ നൂറടി മുന്നേ കയറുകൊണ്ടു കെട്ടിയിരിക്കുന്ന ബോർഡർ വരെ ഓടിച്ച് തിരിച്ചു വിട്ടുകൊണ്ടിരുന്നു. ദേശീയ പതാക കയ്യിലേന്തിയുള്ള ഓട്ടം തുടങ്ങിയപ്പോളേക്കും കാണികൾക്ക് ആവേശം കൂടിക്കൂടി കൈ അടിക്കാനും ഗാലറിയിൽ ഡാൻസ് ചെയ്യാനും തുടങ്ങി. അത്യുച്ചത്തിൽ മുഴങ്ങിക്കൊണ്ടിരുന്ന ഹിന്ദി സിനിമാപ്പാട്ടിൽ പല 'ഭാരത മാത കി ജയ്', 'വന്ദേ മാതരം' വിളികളും മുങ്ങിപ്പോയി.

കാണികളെ ആവേശഭരിതരാക്കാൻ വേണ്ടുന്ന എല്ലാ അടവുകളും ചീർലീഡറിന്റെ കൈയ്യിലുണ്ടായിരുന്നു. ആവേശം അൽപ്പം കുറഞ്ഞു പോയാൽ ആ ഭാഗത്തേക്ക് നോക്കി കളിയാക്കുന്നതായും മുഷ്ടി ചുരുട്ടി ഇടിക്കുന്നതായും പിൻകാലുകൊണ്ടു തൊഴിക്കുന്നതടക്കമുള്ള പല ചേഷ്ടകളും അയാൾ നടത്തിക്കൊണ്ടിരുന്നു. അങ്ങനെ, അവിടെ പിടിച്ചു നിർത്തിയതും വന്നുകൊണ്ടിരുന്നതുമായ സ്ത്രീകളെ ഒരു പത്തിരുപതു മിനിറ്റ് പതാകയേന്തി ഓടിച്ചതിനുശേഷം അവരോടു ഡാൻസ് ചെയ്യാൻ ആവശ്യപ്പെട്ടു. ബോളിവുഡിലെ ദേശഭക്തി ഗാനങ്ങളുടെ താളത്തിനനുസരിച്ച് സ്ത്രീകൾ ഡാൻസ് ചെയ്യാൻ തുടങ്ങിയപ്പോൾ ആവേശം കൊണ്ട് ഗാലറിയിൽ നിന്നും ഇറങ്ങി റോഡിലേക്ക് വരാൻ ശ്രമിച്ച ആളുകളിൽ പുരുഷന്മാരെ മാത്രം പട്ടാളക്കാർ തടഞ്ഞു നിർത്തി ഗാലറിയിലേക്കു തിരിച്ചയച്ചു. പാകിസ്താനിലേതുപോലെയല്ല, ഇന്ത്യയിലെ സ്ത്രീകൾക്ക് ഡാൻസ് കളിക്കാനുള്ള അവകാശമുണ്ടെന്ന് കാണിച്ചുകൊടുക്കാനും അതുവഴി അവിടെയിരുന്ന സ്ത്രീകളെ അസൂയപ്പെടുത്താനുമുള്ള ഇന്ത്യയുടെ ഒരു സൈക്കളോജിക്കൽ നീക്കമല്ലേ അതെന്നു ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാൻ പറ്റില്ല.

അതേസമയം, പാകിസ്ഥാൻ ഭാഗത്ത് പച്ചയും വെള്ളയും വസ്ത്രം ധരിച്ച, കൈയ്യിൽ ദേശീയ പതാകയേന്തിയ ഒരാൾ ഒരു ഗാനത്തിന്റെ താളത്തിനനുസരിച്ച് ഏതോ കലാരൂപം എന്ന് തോന്നിക്കുന്ന ഒരു നൃത്തം ചെയ്യുന്നുണ്ടായിരുന്നു. അങ്ങിങ്ങായി ഉയർന്നു കേട്ട പാകിസ്ഥാൻ ജയ് വിളികളിൽക്കിടയിലും ബീറ്റിങ് റിട്രീറ്റ് എന്ന, 1959 മുതൽ നടത്തിപ്പോരുന്ന ചടങ്ങു വീക്ഷിക്കാൻ ഗാലറിയിൽ യൂണിഫോം ധരിച്ച സ്കൂൾ, കോളേജ് കുട്ടികളടക്കമുള്ള കാണികള്‍.

അഞ്ചു മണിയോടടുപ്പിച്ച്, എന്നും സൂര്യാസ്തമയത്തിനു മുൻപേ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നിലനിർത്തിപ്പോരുന്ന വൈരത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായി കണക്കാക്കപ്പെടുന്ന ബീറ്റിങ് റിട്രീറ്റ്, പട്ടാളക്കാരുടെ ഗർജിക്കുന്ന പരേഡിൽ തുടങ്ങി സൂര്യൻ അസ്തമിക്കുന്നതോടെ ഇരു രാജ്യങ്ങളുടെയും ഇരുമ്പു ഗെയ്റ്റുകൾ തുറന്ന് കൃത്യമായി ഏകോപിപ്പിച്ച പതാക താഴ്ത്തലിനു ശേഷം വീണ്ടും ഗെയ്റ്റുകൾ അടച്ച് പട്ടാളക്കാർ ഇരുഭാഗത്തേക്കും മടങ്ങുന്നതോടെ അവസാനിക്കുന്നു. എന്നാല്‍ പരേഡിൽ ഉടനീളം സഹോദര്യത്തിന്റേതായ യാതൊരു ഗെസ്റ്ററും ഇരു രാജ്യത്തെ പട്ടാളക്കാരിലും കാണാൻ കഴിഞ്ഞില്ല എന്ന് മാത്രമല്ല, ഇരു ഭാഗക്കാരും അവരവരുടെ അതിർത്തികളിൽ നിന്ന് നടത്തിയ ശക്തി പ്രകടനത്തിലും തുറിച്ചു നോട്ടത്തിലും അന്തരീക്ഷത്തിലേക്ക് കാലുയർത്തി തൊഴിക്കുന്നതായി കാണിച്ചതടക്കമുള്ള എല്ലാ അഭ്യാസ പ്രകടനകളിലും ക്രൗര്യവും വൈര്യവും അസഹിഷ്ണുതയും തന്നെയാണ് കാണാനായത്. 2010-ൽ പാകിസ്ഥാൻ റേഞ്ചേഴ്സിന്റെ ജനറലായിരുന്ന യാക്കൂബ് അലി ഖാൻ ഇരു രാജ്യങ്ങളുടെയും പരേഡിലുമുള്ള പ്രകടമായ ഈ വൈര്യവും അസഹിഷ്ണുതയും ഒന്ന് കുറയ്ക്കുന്നത് നന്നായിരിക്കും എന്ന് അഭിപ്രായപ്പെട്ടിട്ടും ഗുണമൊന്നും ഉണ്ടായില്ല എന്നാണ് മനസിലാക്കാൻ കഴിഞ്ഞത്.

ചടങ്ങുകൾ അവസാനിച്ചതോടെ ദേശീയഗാനം പ്രതീക്ഷിച്ച് എഴുന്നേറ്റുനിന്നവരെ വീണ്ടും ഞെട്ടിച്ചുകൊണ്ട്, തീവ്രദേശീയതയും തീവ്രരാജ്യസ്നേഹവും പ്രകടിപ്പിച്ച ഭൂരിപക്ഷം വരുന്ന ജനക്കൂട്ടം അവസാനവട്ട ജയ് വിളികളോടെ പിരിഞ്ഞു പോകുന്നതാണ് കണ്ടത്. സിനിമ തീയേറ്ററുകളിൽ ദേശീയഗാനം നിർബന്ധമില്ലെന്ന് സുപ്രീം കോടതി നിരീക്ഷണം ഉണ്ടായിട്ടു പോലും ഇപ്പോഴും ദേശീയഗാനം കേൾപ്പിച്ച് താത്പര്യമില്ലാത്ത ജനങ്ങളെ വരെ എഴുന്നേൽപ്പിച്ചു നിർത്തിക്കുന്നതും, ഇവിടെ ദേശസ്നേഹം പ്രകടിപ്പിക്കാനും പ്രകടിപ്പിക്കുന്നത് കാണാനും വന്ന ജനക്കൂട്ടത്തെ ദേശീയഗാനം കേൾപ്പിക്കാതെ പിരിച്ചുവിട്ടതിലുമുള്ള ലോജിക് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories