Top

എംഎം ഹസ്സനോട് കോണ്‍ഗ്രസ് ചെയ്ത ചതി!

എംഎം ഹസ്സനോട് കോണ്‍ഗ്രസ് ചെയ്ത ചതി!
കെ.പി.സി.സി പ്രസിഡന്റാണ് എം.എം.ഹസ്സന്‍. താല്‍ക്കാലിക ചുമതലയെന്നൊക്കെ പറഞ്ഞ് ചിലര്‍ അതിനെ ലഘൂകരിക്കാന്‍ നോക്കിയെങ്കിലും കെ.പി.സി.സി പ്രസിഡന്റ് പ്രസിഡന്റുതന്നെ. രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷനായതോടെ ഇതാ ഹസ്സനെ മാറ്റുമെന്നായി ഒരു കൂട്ടര്‍. അതിനുംമുമ്പേ മാറ്റാന്‍ കച്ചകെട്ടിയിറങ്ങിയ മറ്റൊരു വിഭാഗമുണ്ടായിരുന്നു. അപ്പോഴാണ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കിയത് - പാര്‍ട്ടി പുന:സംഘടനയ്ക്കുശേഷമേ കെ.പി.സി.സി അദ്ധ്യക്ഷനെ മാറ്റുകയുള്ളൂ.

ആ ഒരുറപ്പ് ലഭിച്ചതോടെ ഹസ്സനും ഒന്നമര്‍ന്ന് കെ.പി.സി.സി അദ്ധ്യക്ഷന്റെ കസേരയിലിരുന്നു. കളം നിറഞ്ഞ് കളിക്കാന്‍ തുടങ്ങി. വിവിധ പ്രദേശങ്ങളില്‍ സന്ദര്‍ശനം, സര്‍ക്കാരിനെതിരെ നിരന്തര വിമര്‍ശനം, പ്രശ്‌നപ്രദേശങ്ങളില്‍ ഓടിയെത്തി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കല്‍... അല്ലെങ്കില്‍തന്നെ, ഹസ്സനെ ആരെങ്കിലും കളി പഠിപ്പിക്കണോ? കെ.എസ്.യു പ്രസിഡന്റ്, കേരള സര്‍വകലാശാലാ യൂണിയന്‍ ചെയര്‍മാന്‍, സെനറ്റ് അംഗം എന്നീ സ്ഥാനങ്ങളിലൊക്കെ തിളങ്ങിയ ഹസ്സന്‍ ചെറുപ്പത്തിലേ നല്ല കളരിയിലാണ് തുടങ്ങിയത്.

തുളച്ചുകയറുന്ന പ്രത്യേക ശബ്ദത്തില്‍ സംസാരിച്ചു കയറുന്ന ഹസ്സന് ഉജ്ജ്വലവാഗ്മി എന്ന് അറിയപ്പെടാന്‍ അധികനാളൊന്നും വേണ്ടിവന്നില്ല. കഴക്കൂട്ടത്തുനിന്ന് 1980ല്‍ ആദ്യമായി നിയമസഭയിലെത്തിയ ഇദ്ദേഹം ഒരു തവണ കൂടി അവിടെനിന്ന് ജയിച്ചു. അടുത്ത തവണ കുറേക്കൂടി സുരക്ഷിതമായ തിരുവനന്തപുരം വെസ്റ്റിലേക്ക് മാറി. അവിടെ രണ്ടുതവണ വിജയിച്ച ഹസ്സന്‍ പിന്നീട് കായംകുളത്തിന് വണ്ടികയറി. അവിടെനിന്ന് ജയിച്ച് പ്രവാസികാര്യ മന്ത്രിയുമായി. കൂട്ടിന് മറ്റൊരു 'കനപ്പെട്ട' വകുപ്പുകൂടി കിട്ടി - പാര്‍ലമെന്ററി കാര്യം! മന്ത്രിയായതിനുശേഷം ഹസ്സന് എം.എല്‍.എ ആകാന്‍ ഭാഗ്യമുണ്ടായില്ല.

കോണ്‍ഗ്രസില്‍ 'എ' വിഭാഗത്തിന്റെ ശക്തരായ കുന്തമുനകളിലൊരാളായിരുന്നു ഹസ്സന്‍. കെ.കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലയളവില്‍ അദ്ദേഹത്തെ വെള്ളം കുടിപ്പിക്കാന്‍ മുന്‍നിരയിലായിരുന്നു. പാമോയില്‍ കേസില്‍ ആരോപണവിധേയനായ കരുണാകരനെതിരെ ഹസ്സന്‍ ചെയര്‍മാനായ നിയമസഭാ സമിതി റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിച്ചത് വി.എസ്.അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള അന്നത്തെ പ്രതിപക്ഷം ആയുധമാക്കി. തിരുവനന്തപുരത്തെ വഴുതക്കാട് ഈശ്വരവിലാസം റോഡ് 'അഞ്ജനം' എന്ന എ.കെ.ആന്റണിയുടെ വീട്ടിന്റെ മൂന്നുനാല് വീടപ്പുറത്താണ് ഹസ്സന്റെ 'ഹര്‍ഷം'. തുടക്കം മുതല്‍ ആന്റണിയുമായി ആത്മബന്ധം പുലര്‍ത്തിയിരുന്ന ഈ അയല്‍ക്കാരന്‍ ഇപ്പോള്‍ എഴുപത്തൊന്നാം വയസ്സിലും ആ അടുപ്പം നിലനിറുത്തുന്നു. അതുകൊണ്ടുതന്നെ കോണ്‍ഗ്രസില്‍ സമവാക്യങ്ങള്‍ മാറിമറിഞ്ഞപ്പോള്‍ ആന്റണിയുടെ ബന്ധുക്കള്‍ ഉമ്മന്‍ചാണ്ടിയുടെ 'അത്രത്തോളം' ബന്ധുക്കള്‍ അല്ലാതായി.

കേരളത്തിലെ കോണ്‍ഗ്രസിനുള്ളിലെ എല്ലാ ഗ്രൂപ്പുകളുടെയും നോമിനികളെ തള്ളി, എ.കെ.ആന്റണിയുടെ ആശീര്‍വാദത്തോടെ രാഹുല്‍ ഗാന്ധി നേരിട്ട് നിയമിച്ച കെ.പി.സി.സി പ്രസിഡന്റായിരുന്നല്ലോ വി.എം.സുധീരന്‍. മുമ്പ് ആന്‍റണി 'എ' ഗ്രൂപ്പിന്റെ 'എ' ആയിരുന്ന കാലയളവില്‍ ആ ഗ്രൂപ്പിന്റെ ഭാഗമായി കെ. കരുണാകരന്‍ എന്ന പ്രതാപിയായ മുഖ്യമന്ത്രിയോട് സ്പീക്കറുടെ സ്ഥാനത്തിരുന്നുപോലും ഏറ്റുമുട്ടാന്‍ മടികാട്ടാത്ത സുധീരന്‍, ആന്റണി കേന്ദ്രത്തിലേക്ക് പോവുകയും 'എ' ഗ്രൂപ്പിനെ ഉമ്മന്‍ചാണ്ടി കീശയിലാക്കുകയും ചെയ്തതോടെ ഒരു ഗ്രൂപ്പിന്റെയും ഭാഗമാകാതെ സര്‍വ്വതന്ത്ര സ്വതന്ത്രനായി വിരാജിക്കുകയായിരുന്നു. കെ.പി.സി.സി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായി പൊലീസിനെ ഭരിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടപ്പോഴായിരുന്നല്ലോ പുതിയ അദ്ധ്യക്ഷന്‍ വേണ്ടിവന്നത്. ഉമ്മന്‍ ചാണ്ടിയോടൊപ്പം നിയമസഭാ തെരഞ്ഞടുപ്പില്‍ മുഖ്യമന്ത്രിയാവാന്‍ മത്സരിച്ച് ജയിച്ച ചെന്നിത്തല ആഭ്യന്തരമന്ത്രിയാവാന്‍ പെട്ട പാട് അന്നത്തെ ഏറ്റവും വലിയ തമാശയായിരുന്നല്ലോ. ഒരാളിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ എന്തുചെയ്യണമെന്ന് ആരും പറഞ്ഞുകൊടുക്കേണ്ടാത്ത നേതാവാണല്ലോ ഉമ്മന്‍ചാണ്ടി. അതിന് രമേശ് ചെന്നിത്തല സോളാര്‍ സമയത്ത് തിരിച്ചു പണി കൊടുത്തു എന്നത് വേറെ കാര്യം. ഗ്രൂപ്പുകള്‍ വരിഞ്ഞു മുറുക്കാന്‍ നോക്കിയെങ്കിലും വഴങ്ങാതെ പാര്‍ട്ടിയെ ചടുലമാക്കാന്‍ സുധീരന് കഴിഞ്ഞു. സുധീരന്റെ ജനകീയത തകര്‍ക്കാന്‍ 'ബാര്‍ അടച്ചുപൂട്ടല്‍' എന്ന 'അറ്റകൈ' പ്രയോഗിക്കാന്‍ പോലും ഉമ്മന്‍ചാണ്ടി നിര്‍ബന്ധിതനായി. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും സുധീരനെ ഒതുക്കാന്‍ ഒരുമിച്ചു. അതോടെ ഹൈക്കമാന്റ് നിസ്സഹായരായി. അങ്ങനെ സുധീരന്‍ ഒഴിഞ്ഞ ഇടത്തേക്കാണ് ആന്റണി അടുപ്പക്കാരനെ വീണ്ടും കെ.പി.സി.സി പ്രസിഡന്റിന്റെ കസേരയില്‍ വാഴിച്ചത്.

http://www.azhimukham.com/offbeat-when-will-be-people-freed-from-kerala-march-by-political-parties-writes-aruntvijayan/

'എ'യ്ക്കും 'ഐ' ഗ്രൂപ്പിനും വെവ്വേറെ സ്ഥാനാര്‍ത്ഥികള്‍ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് ഉണ്ടായിരുന്നു. കെ.പി.സി.സിയിലെ സീനിയര്‍ വൈസ് പ്രസിഡന്റ് എന്ന നിലയില്‍ ഹൈക്കമാന്‍ഡിലൂടെ ആന്റണി പിടിമുറുക്കിയപ്പോള്‍ ആര്‍ക്കും ഹസ്സനെതിരെ തിരിയാന്‍ നിവൃത്തിയില്ലാതായി. 'എ' ഗ്രൂപ്പിലെ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലൊന്നിലും ഇല്ലെങ്കിലും ഇപ്പോഴും ഗ്രൂപ്പില്‍തന്നെ തുടരുന്നുണ്ടല്ലോ എന്ന് അവര്‍ ആശ്വസിച്ചു. അപ്പോഴാണ്, ചാരക്കേസില്‍ കെ.കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്പിച്ചതിനെ എ.കെ.ആന്റണി എതിര്‍ത്തിരുന്നുവെന്ന പ്രസ്താവനയുമായി ഹസ്സന്‍ ഞെട്ടിച്ചത്. തുടര്‍ന്നാണ് പുതിയ കെ.പി.സി.സി പ്രസിഡന്റിനുവേണ്ടി 'എ' ഗ്രൂപ്പ് സടകുടഞ്ഞെഴുന്നേറ്റത്. പാര്‍ട്ടി പുനസംഘടന കഴിയും വരെ ഹസ്സന്‍ തന്നെ തുടരുമെന്ന് ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചതോടെ അമര്‍ഷം അടക്കി എ ഗ്രൂപ്പ് ഒതുങ്ങി.

കോണ്‍ഗ്രസ് കേരളത്തില്‍ പ്രതിപക്ഷത്ത്. കേന്ദ്രത്തില്‍ പ്രതിപക്ഷത്താണെങ്കിലും 'ഔദ്യോഗിക പ്രതിപക്ഷം'പോലുമല്ല. സംസ്ഥാനവും കേന്ദ്രവും ഭരിച്ചതിന്റെ 'ഗുണ'ഫലമായിരുന്നല്ലോ അത്. തകര്‍ന്നടിഞ്ഞ പാര്‍ട്ടി ഈ രണ്ടിടത്തും തിരിച്ചുവരുമെന്ന് ഒരുറപ്പുമില്ല. അതുകൊണ്ടുതന്നെ പണത്തിന്റെ ദാരിദ്ര്യം രൂക്ഷമായി. തകര്‍ന്ന ചില തറവാടുകളുടെ അതേ അവസ്ഥ. മുമ്പ് പണപ്പെട്ടിയുമായി നേതാക്കളുടെ പിന്നാലെയുണ്ടായിരുന്ന ബാറുടമകളെ സുധീരനും ഉമ്മന്‍ചാണ്ടിയും കൂടി പിണക്കിക്കളഞ്ഞതിന്റെ ദുര്യോഗം ഇപ്പോഴാണ് പാര്‍ട്ടി തിരിച്ചറിയുന്നത്. ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ കാശില്ല, വണ്ടികള്‍ക്ക് ഇന്ധനം നിറയ്ക്കാനും നിവൃത്തിയില്ല. പഴയ പ്രതാപം പറഞ്ഞിരുന്നിട്ട് കാര്യമില്ല. പാര്‍ട്ടി ചലിച്ചാലും ഇല്ലേലും പാര്‍ട്ടി 'നടത്തിപ്പിന്' പണം കൂടിയേ തീരൂ.

അങ്ങനെയാണ് പണപ്പിരിവ് എന്ന ലക്ഷ്യവുമായി ഒരു ജാഥ നടത്താം എന്ന് പാര്‍ട്ടി തീരുമാനിക്കുന്നത്. പിരിക്കാന്‍ വേണ്ടിയാണ് ജാഥ എന്ന് പുറത്തുപറയാന്‍ പറ്റില്ലല്ലോ. അതിനാല്‍, ഫാസിസത്തിനും അക്രമത്തിനും എതിരെ പ്രസിഡന്റ് എം.എം.ഹസ്സന്‍ നയിക്കുന്ന ജാഥ നടത്താന്‍ കെ.പി.സി.സി തീരുമാനിച്ചതായി ഔദ്യോഗിക അറിയിപ്പുണ്ടായി. ഏപ്രില്‍ ഏഴിന് കാസര്‍കോട്ടുനിന്ന് എ.കെ.ആന്റണി ഉദ്ഘാടനം ചെയ്യുന്ന ജാഥ 25ന് തിരുവനന്തപുരത്ത് സമാപിക്കുമ്പോള്‍ കൂടുന്ന മഹാസമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ സാക്ഷാല്‍ രാഹുല്‍ ഗാന്ധിയെ കൊണ്ടുവരാനായിരുന്നു ധാരണ.

http://www.azhimukham.com/opinion-why-cpm-should-consider-merger-request-by-cpi-writes-mbsanthosh/

കേന്ദ്ര - കേരള സര്‍ക്കാരുകള്‍ക്കെതിരെ ആഞ്ഞടിച്ച ആന്റണിയുടെ പ്രസംഗത്തോടെ കാസര്‍കോട്ടുനിന്ന് ആരംഭിച്ച ജാഥയിലേക്ക് വന്ന പണം ആരുടെയോ ഒക്കെ കൈകളിലേക്ക് പോയതായി വാര്‍ത്തകള്‍ പരന്നു. പാര്‍ട്ടിയുടെ നേതാക്കളില്‍ ചിലര്‍ പണം അടിച്ചുമാറ്റി എന്ന നിലയിലും പ്രചാരണമുണ്ടായി. അതിനിടയിലാണ് പുതിയ കെ.പി.സി.സി പ്രസിഡന്റിനെ നിശ്ചയിക്കാനുള്ള ആലോചനകള്‍ ശക്തമായത്. ഹൈക്കമാന്‍ഡ് തന്നെ ഉമ്മന്‍ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും ഡല്‍ഹിക്ക് വിളിപ്പിച്ചു. പലപല പേരുകള്‍ ഗ്രൂപ്പുകള്‍ കൈമാറി. ഏറ്റവുമൊടുവില്‍, എ.ഐ.സി.സിയുടെ തിരഞ്ഞെടുപ്പ് അതോറിറ്റി അദ്ധ്യക്ഷനായ മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.പി.സി.സി മുന്‍ പ്രസിഡന്റ് കെ.മുരളീധരന്‍, വൈസ് പ്രസിഡന്റ് വി.ഡി.സതീശന്‍ എന്നിവരാണ് അന്തിമപ്പട്ടികയിലാണെന്നാണ് കിഞ്ചന വര്‍ത്തമാനം. കൊടിക്കുന്നില്‍ സുരേഷ്, കെ.സുധാകരന്‍, ബെന്നി ബഹനാന്‍ മുതല്‍ പന്തളം സുധാകരന്റെവരെ പേര് കേള്‍ക്കുന്നുണ്ട്.

അതെന്തായാലും ഇതിനിടയില്‍ ഹസ്സന്റെ ജാഥ നനഞ്ഞ പടക്കമായി. ഒഴിയാന്‍ പോവുന്ന കെ.പി.സി.സി പ്രസിഡന്റിനെ സ്വീകരിക്കാന്‍ പ്രവര്‍ത്തകര്‍ക്ക് വലിയ ആവേശമൊന്നും ഉണ്ടാവില്ലല്ലോ. കെ.പി.സി.സി പ്രസിഡന്റിനെ മാറ്റാന്‍ തീരുമാനിച്ചിട്ടില്ലെന്നും ജാഥ പൊളിക്കാന്‍ വേണ്ടിയാണീ പ്രചാരണമെന്നും ഹസ്സനു തന്നെ പറയേണ്ടിവന്നു. ഇങ്ങനെയൊരു ജാഥ വന്നതോ പോയതോ തീര്‍ന്നതോ കോണ്‍ഗ്രസുകാര്‍പോലും അറിഞ്ഞില്ല!

ഹസ്സന്‍ നയിച്ച ജാഥയ്‌ക്കെതിരെ പ്രചാരണം നടത്തിയതാരാണ്? സി.പി.എമ്മോ ഇടതുപക്ഷ മുന്നണിയോ ആണോ? ബി.ജെ.പിയോ എന്‍.ഡി.എയോ ആണോ? എന്തിന് കെ.എം.മാണി ആണോ? ഇവരാരും അല്ലെന്ന് എല്ലാവര്‍ക്കുമറിയാം. അതാണ് കോണ്‍ഗ്രസ്. ഭര്‍ത്താവ് ചത്താലും വേണ്ടില്ല, അമ്മായിഅമ്മയുടെ കണ്ണീര് കണ്ടാല്‍ മതിയെന്ന് ചിന്തിക്കുന്ന പാര്‍ട്ടി. ഹസ്സന്‍ നയിക്കുന്ന ജാഥ പൊളിയണം. അത്രേയുള്ളൂ. ഫലത്തില്‍, ഹസ്സന്‍ നയിച്ച ജാഥയുടെ പേര് 'കേരള മോചനയാത്ര' എന്നായിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ അതിനെ 'ഹസ്സനില്‍നിന്നുള്ള' മോചനയാത്രയാക്കി മാറ്റി!

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

http://www.azhimukham.com/kerala-ka-antony-writing-about-political-leaders-yathra/Next Story

Related Stories