Top

ചൈനീസ് സമഗ്രാധിപത്യ രീതിയിലേക്ക് ഇന്ത്യ പോകുന്നതിനു മുന്‍പ് കോണ്‍ഗ്രസ്സ് ചെയ്യേണ്ടത് -ഹരീഷ് ഖരെ എഴുതുന്നു

ചൈനീസ് സമഗ്രാധിപത്യ രീതിയിലേക്ക് ഇന്ത്യ പോകുന്നതിനു മുന്‍പ് കോണ്‍ഗ്രസ്സ് ചെയ്യേണ്ടത് -ഹരീഷ് ഖരെ എഴുതുന്നു
പാര്‍ട്ടിയുടെ സമ്പൂര്‍ണ സമ്മേളനത്തിനായി രണ്ടാഴ്ച്ച കഴിഞ്ഞാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഒത്തുകൂടാന്‍ പോവുകയാണ്. രാഹുല്‍ ഗാന്ധിയെ അദ്ധ്യക്ഷനായി തെരഞ്ഞെടുക്കുക മാത്രമല്ലാത്ത ചില കാര്യങ്ങളും അവര്‍ ആലോചിക്കേണ്ടതുണ്ട്. എങ്ങനെയാണ് ഒരു മനുഷ്യന്റെ ഭാരത്തിന് കീഴെ ഈ രാജ്യം ഞെരുങ്ങുന്നത് എന്നതിനെക്കുറിച്ച് – അയാളുടെ വിചിത്ര ബുദ്ധിയില്‍, മായാജാലങ്ങളില്‍, ഔദ്ധത്യത്തില്‍, പരിമിതികളില്‍- പൌരന്മാരെ വിശ്വാസത്തിലെടുത്തുകൊണ്ട് രാജ്യവുമായി ഒരു സംവാദം തുടങ്ങുന്നതിനുള്ള കടമ അവര്‍ നിറവേറ്റണം. എന്തുകൊണ്ടാണ് ഇന്നത്തെ നിലയില്‍ കാര്യങ്ങള്‍ സ്വീകാര്യമോ അഭികാമ്യമമോ അല്ലാതിരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ രാജ്യത്തോട് പറയേണ്ടതുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എന്തുകൊണ്ടാണ് നരേന്ദ്ര മോദിയെ തിരസ്കരിക്കേണ്ടത് എന്നതിന് കോണ്‍ഗ്രസ് രാജ്യത്തിന് മുന്നില്‍ ന്യായമായ കാരണം പറയണം.

അതൊരു രാഷ്ട്രീയ യോഗമായതുകൊണ്ട് നരേന്ദ്ര മോദിക്കും ബി ജെ പിക്കും സംഘ പരിവാറിനുമെതിരായ വലിയ പ്രതിഷേധങ്ങള്‍ക്ക് ഒരു ക്ഷാമവുമുണ്ടാകില്ല. എന്നാല്‍ വെറും ചീത്തവിളികള്‍ക്ക് മാത്രമാണു കോണ്‍ഗ്രസുകാര്‍ സമയം ചെലവാക്കുന്നതെങ്കില്‍ അതൊരു വൃഥാ വ്യായാമമാണ്. സ്തുതിപാടലിന്റെ പതിവ് നാടകങ്ങളാണ് കോണ്‍ഗ്രസുകാര്‍ നടത്തുന്നതെങ്കില്‍ അത് അതിലും വലിയ പ്രഹസനമാകും. മറിച്ച്, ഭരണഘടന മൂല്യങ്ങളുടെ ഉത്തരവാദിത്തമുള്ള കാവല്‍ക്കാര്‍ എന്ന നിലയ്ക്ക് വേണം അവര്‍ ചര്‍ച്ചകളില്‍ ഏര്‍പ്പെടാന്‍. ഇന്ത്യ എന്ന ആശയത്തോടും, നെഹ്രൂവിയന്‍ മൂല്യങ്ങളോടും പ്രതിബദ്ധതയുണ്ടെന്ന് അവകാശപ്പെടുന്നവര്‍ എന്ന നിലയില്‍ കോണ്‍ഗ്രസുകാര്‍ക്കുള്ളത് വളരെ ഗൌരവമായ ചുമതലയാണ്: എങ്ങനെയാണ് ഒരു ക്ഷുദ്രനായ മനുഷ്യന്റെ ക്ഷുദ്ര വിചാരങ്ങള്‍ നമ്മെയെല്ലാം വകതിരിവില്ലാതെ നട്ടംതിരിക്കുന്നതെന്ന് നാട്ടുകാരോട് പറയാനുള്ള ബാധ്യത അവര്‍ക്കുണ്ട്. അതിലുപരിയായി, പുതിയ സാധാരണത്വമായി മാറിയ ഈ ഹീനമായ കുഴഞ്ഞുമറിയലില്‍ നിന്നും നമ്മെയെല്ലാം രക്ഷിക്കാനുള്ള പാരമ്പര്യവും നേതൃത്വവും അനുഭവവും തങ്ങള്‍ക്കുണ്ടെന്നും അവര്‍ രാജ്യത്തിന് വിശ്വാസം വരുത്തേണ്ടതുണ്ട്.

നമ്മളിപ്പോഴും ഒരു ഭരണഘടന ജനാധിപത്യമായി നിലനില്‍ക്കുന്നു. പക്ഷേ നമ്മുടെ ഭരണഘടന സംവിധാനങ്ങളെല്ലാം-അത് രാഷ്ട്രപതിയായാലും, കേന്ദ്ര ആഭ്യന്തര മന്ത്രിയായാലും- അപ്രസക്തരായിരിക്കുന്നു. മന്ത്രിസഭ സംവിധാനം എന്നത് ചിരിപോലും ഉണര്‍ത്താത്ത ഒരു തമാശയായി മാറിയിരിക്കുന്നു. പരസ്പര പരിശോധനകളുടെ ഭരണഘടന സംവിധാനം ഗുരുതരമായ ഭീഷണി നേരിടുന്നു എന്ന് രാജ്യത്തോട് പറയേണ്ടതുണ്ട്.

http://www.azhimukham.com/opinion-gandhi-and-trump-hareeshkhare-writes/

നമ്മുടെ രാജ്യസംവിധാനത്തിലെ എല്ലാ നിര്‍ണായക ബന്ധങ്ങളും മാറ്റുകയും പുതുക്കുകയും ചെയ്തതെങ്ങനെയെന്ന് പൌരന്മാരോട് കോണ്‍ഗ്രസ് പറയണം. ആദ്യം ഭൂരിപക്ഷ-ന്യൂനപക്ഷ സമവാക്യം ക്രമമായി പുന:സംഘടിപ്പിക്കുകയും മതേതര പ്രതിബദ്ധതകള്‍ നഷ്ടപ്പെടുത്തുകയും ചെയ്തു. രണ്ടാമത്, കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ അപകടകരമായ തലത്തില്‍ ന്യൂ ഡല്‍ഹിക്ക് അനുകൂലമായ വിധത്തില്‍ മാറ്റുകയും സംസ്ഥാനങ്ങളെ വെറും പരാതിക്കാരായി ചുരുക്കുകയും ചെയ്തു. മൂന്ന്, ഭരണകൂടവും പൌരന്മാരും തമ്മിലുള്ള സന്തുലനം വലിയതോതില്‍ മാറ്റി. സര്‍വവ്യാപിയായ ആധാര്‍ നടപ്പിലാക്കുന്നതോടെ സ്വകാര്യത അടിയറവെക്കേണ്ടി വരുന്നു. നമ്മള്‍ ഒരു വക്രരൂപമുള്ള സമഗ്രാധിപത്യ സംവിധാനമായി മാറുന്നു. ഇനി, സൈന്യത്തിന് അതിന്റെ സ്ഥാപന വിശ്വാസ്യത കൈമോശം വരുന്നതോടെ പൌരസമൂഹ-സേന സന്തുലനത്തില്‍ പിഴവുകള്‍ സംഭവിക്കും. അവസാനമായി, ഏതാണ്ട് പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലായ ഇലക്ട്രോണിക് മാധ്യമങ്ങള്‍. ഇങ്ങനെയുള്ള നിര്‍ണായക സമവാക്യങ്ങളെല്ലാം അട്ടിമറിക്കപ്പെട്ടിരിക്കുന്നു. എങ്ങനെയാണ് ഈ സ്ഥാപനങ്ങളെ തകിടം മറിച്ചതെന്നും രാജ്യത്തെ ഒരു സമഗ്രാധിപത്യ പരീക്ഷണത്തിലേക്കുള്ള വഴിയിലേക്ക് തള്ളിയിട്ടിരിക്കുന്നതെന്നും നമ്മുടെ പൌരന്മാരെ അറിയിക്കേണ്ടതുണ്ട്.

http://www.azhimukham.com/opinion-beyond-the-aadhaar-security-breach-janardhan-dwivedi-and-current-indian-politics-harish-khare/

രാഷ്ട്രീയ വ്യവഹാരത്തില്‍ ജനാധിപത്യ സമ്മര്‍ദങ്ങളുണ്ടാക്കാന്‍ പ്രതിപക്ഷത്തിന് കഴിയാതെ വരുമ്പോള്‍ മറ്റ് ജനാധിപത്യ സ്ഥാപനങ്ങളെല്ലാം-ജുഡീഷ്യറി, തെരഞ്ഞെടുപ്പ് കമ്മീഷന്‍- പിന്തിരിപ്പിക്കപ്പെടുന്നു. റിസര്‍വ് ബാങ്ക് പോലുള്ള സ്വതന്ത്ര നിയന്ത്രണ സ്ഥാപനങ്ങള്‍ സര്‍ക്കാരിന്റെ യുക്തിരഹിതമായ ആവശ്യങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കേണ്ടിവരുന്നു. മുഖ്യ പ്രതിപക്ഷ കക്ഷിയെന്ന നിലയില്‍ കൃത്യമായ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ കോണ്‍ഗ്രസിന് ബാധ്യതയുണ്ട്.

ഒന്നുമില്ലെങ്കിലും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ എങ്ങനെയാണ് കെടുകാര്യസ്ഥതയോടെ കൈകാര്യം ചെയ്തതെന്ന് നിരന്തരം രാജ്യത്തോട് പറയണം. എങ്ങനെയാണ് എല്ലാ വലിയ പദ്ധതികളും-മെയ്ക് ഇന്‍ ഇന്‍ഡ്യ പോലുള്ളവ- വെറും വാചകമടി മാത്രമായി ഒതുങ്ങിയതെന്ന് പറയണം. അതിലും പ്രധാനമായി തൊഴില്‍രഹിത വളര്‍ച്ചക്കും രൂക്ഷമാകുന്ന കാര്‍ഷിക പ്രതിസന്ധിക്കും കോണ്‍ഗ്രസിന്റെ കയ്യില്‍ എന്താണ് പരിഹാരമെന്നും പറയണം.

ദേശ ഭക്തിയും ബലിദാന മന്ത്രങ്ങളും കാതടപ്പിക്കുന്ന ശബ്ദത്തിലുണ്ടെങ്കിലും, നമ്മുടെ എല്ലാ തെക്കനേഷ്യന്‍ അയല്‍ക്കാരെയും അനാവശ്യമായി ധിക്കാരപൂര്‍വ്വം വെറുപ്പിച്ച് എങ്ങനെയാണ് നാം ഒറ്റപ്പെട്ടതെന്ന് രാജ്യത്തെ അറിയിക്കാനുള്ള ബാധ്യത പ്രതിപക്ഷത്തിനുണ്ട്. അഞ്ചു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ അരക്ഷിതമാണ് ഇന്നത്തെ ഇന്ത്യ എന്നും രാജ്യം അറിയണം. ദേശ സുരക്ഷയെ ചുറ്റിപ്പറ്റി നടത്തുന്ന ഈ അനാവശ്യ പ്രകടനങ്ങളും സ്വദേശത്തും വിദേശത്തുമുള്ള ഈ പേശി പെരുപ്പിച്ചു കാട്ടലും എന്തുതരം പുതിയ ആഖ്യാനതന്ത്രമാണെന്ന് കോണ്‍ഗ്രസ് പൌരന്‍മാരെ അറിയിക്കണം. അയല്‍പക്കത്തുള്ള ചെറിയ രാജ്യങ്ങള്‍ക്ക് പോലും ബഹുമാനമില്ലാത്ത വിധത്തില്‍ നമുക്ക് നമ്മുടെ ആത്മാഭിമാനം നഷ്ടപ്പെടുകയാണ്.

http://www.azhimukham.com/opinion-harish-khare-on-india-and-its-current-governments-failure/

ഇതിന്റെയെല്ലാം പുറമേയാണ് ഈ ഊതിവീര്‍പ്പിക്കുന്ന വ്യക്തിവിശേഷം. വ്യക്തിപൂജയുടെ രീതികള്‍ ന്യൂ ഡല്‍ഹിയില്‍ സാധാരണമായി തോന്നിയേക്കാം; എങ്കിലും അത് അതിന്റെ എല്ലാ വിധ അസംബന്ധ ആവശ്യങ്ങളോടും കൂടെ വ്യക്തിപൂജ തന്നെയാണ്. ഹാര്‍വാര്‍ഡ് വിദ്യാഭ്യാസമില്ലാതെത്തന്നെ ‘hard work’ ആണ് തന്റെ കേമത്തം എന്ന് പറയുന്ന, തനിക്കെല്ലാമറിയാം എന്നൊക്കെ വീമ്പിളക്കുന്ന, പരീക്ഷകള്‍ എഴുതുന്നതു മുതല്‍ സമ്പദ് വ്യവസ്ഥ കുളമാക്കുന്നതുവരെ, സകലതും അറിയാമെന്നു നടിക്കുന്ന ഒരാള്‍ക്ക് മുന്നില്‍, മറ്റൊരു തരത്തില്‍ വിദ്യാഭ്യാസമുള്ളവരും, വിവരമുള്ളവരും വിദഗ്ധരുമായ ഉദ്യോഗസ്ഥരും ഉപദേശകരുമൊക്കെ പഞ്ചപുച്ഛമടക്കി നില്‍ക്കുന്ന കാഴ്ച്ച പരിതാപകരമാണ്. മുതിര്‍ന്ന മന്ത്രിമാര്‍ മുതല്‍ ജൂനിയര്‍ ജോയിന്‍റ് സെക്രട്ടറി വരെ എല്ലാവരും ‘daddy knows best’ തോന്നലാല്‍ നയിക്കപ്പെടുന്നത്, അടിയന്തരാവസ്ഥക്കാലത്ത് സഞ്ജയ് ഹാണ്ടിയെ പുകഴ്ത്തുന്ന എന്‍ ഡി തിവാരിയുടെ ശീലുകളെ ഓര്‍മ്മിപ്പിക്കുന്നു.

http://www.azhimukham.com/offbeat-niravmodi-mehulchoksi-billygraham-imrankhan-writes-hareeshkhare/

കഴിഞ്ഞ നൂറു കൊല്ലത്തെ ചരിത്രം നമ്മെ ലളിതമായൊരു കാര്യം പഠിപ്പിക്കുന്നു; രാഷ്ട്ര വ്യവഹാരത്തില്‍ വ്യക്തിപൂജകള്‍ അഭികാമ്യമല്ലാത്ത അസന്തുലിതാവസ്ഥ ഉണ്ടാക്കുന്നു. അവ മോശമായാണ് അവസാനിക്കുക, മിക്കപ്പോഴും ദുരന്തമായും.

ഏറ്റവും വലിയ അപകടം, ജനാധിപത്യത്തിന്റെ എല്ലാ സവിശേഷതകളും ഉപയോഗിച്ചാണ് നരേന്ദ്ര മോദി ജനാധിപത്യത്തിന്റെ മികച്ച രീതികളെയും മൂല്യങ്ങളെയും അസാധുവാക്കുന്നത് എന്നാണ്. നമ്മുടെ ദേശീയ കീര്‍ത്തിയുടെ പുനസ്ഥാപനത്തിന് ഇത് പോരെന്നും മതിയാകില്ലെന്നും കാണിക്കാന്‍ അതിന്റെ എല്ലാ മോശം ശീലങ്ങളെയും കൂട്ടുപിടിക്കുന്നു. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട പലരും ഇപ്പോള്‍ത്തന്നെ ആവശ്യത്തിലേറെയാണ് ജനാധിപത്യ വര്‍ത്തമാനം എന്ന് പിറുപിറുത്ത് തുടങ്ങി. ഈ യാത്രയുടെ അടുത്ത അപകടം, സി ജിന്‍പിങ് ശൈലിയില്‍ ഒരു സമഗ്രാധിപത്യ സാധ്യതയിലേക്കുള്ള മോഹമാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

http://www.azhimukham.com/edit-china-has-a-new-dictator-india-better-watch-out/Next Story

Related Stories