Top

നിങ്ങള്‍ പറിച്ചെറിഞ്ഞിട്ടും മാറു മറച്ച സ്ത്രീകളുടേതാണ് ചരിത്രം; 'ആര്‍ത്തവലഹള'യും അത് തന്നെയാവും

നിങ്ങള്‍ പറിച്ചെറിഞ്ഞിട്ടും മാറു മറച്ച സ്ത്രീകളുടേതാണ് ചരിത്രം;
ഇന്ത്യയിൽ നടന്ന മറ്റെല്ലാ നവോത്ഥാന പ്രസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേത് സമാനതകളില്ലാത്ത വിധം ചരിത്രത്തിൽ സ്ഥാനം നേടിയത് അതിലേക്ക് നയിച്ച സമരങ്ങൾ തുടങ്ങിയ ഇടങ്ങളുടെ പ്രത്യേകത കൊണ്ടായിരുന്നു. സമൂഹത്തിൽ അത് വരെ ജാതിയാലും വർണ്ണത്താലും സമുദായത്താലും മാറ്റിനിർത്തപ്പെട്ടിരുന്ന കീഴ്‌ജാതികളുടെ അശാന്തിയിൽ നിന്നായിരുന്നു നവോത്ഥാനത്തിന്റെ ആദ്യ തീപ്പൊരികൾ കേരളത്തെ ഊതി കത്തിച്ചത്. മാറ്റത്തിന്റെ വിരലുകൾ ഏറ്റവും അവസാനം സ്പർശിക്കുന്നത് ഉയർന്ന ജാതി എന്ന് സ്വയം അവകാശപ്പെടുന്ന നമ്പൂതിരി സമുദായക്കാരെയായിരുന്നു. അങ്ങനെ നോക്കുമ്പോൾ നവോത്ഥാനം ഇന്നും അവരിൽ ചിലരുടെ വീട്ടിലേക്കുള്ള വഴി ഇപ്പോഴും കണ്ടെത്തിയില്ല എന്ന് പറയുന്നതാണ് അതിന്റെ ശരി.

കേരളം നടന്ന വഴികൾ താണ്ടുമ്പോൾ - പ്രത്യേകിച്ചും അവർണ്ണർ താണ്ടിയ വഴികൾ- തൊണ്ടയിലും നെഞ്ചത്തും ഭാരവും നട്ടെല്ലിന് ഉറപ്പും കൂടും. കേരളത്തിലെ മിക്ക റോഡുകളും തോടുകളും പാലങ്ങളും സർക്കാർ സ്ഥാപനങ്ങളും നിര്‍മ്മിക്കപ്പെട്ടത് ഊഴിയവേലകള്‍ കൊണ്ടായിരുന്നു. ഇന്ന് കേരളത്തിൽ സംരക്ഷിക്കപ്പെടുന്ന കൊട്ടാരങ്ങളുടെയും കോവിലകങ്ങളുടെയും ക്ഷേത്രങ്ങളുടെയും പൈതൃക കെട്ടിടങ്ങളുടെയും നിലനിൽപ്പ് വിരുത്തിയേർപ്പാടും ഊഴിയവേലയും പ്രകാരം കെട്ടിപ്പടുത്തവയാണെന്ന് പൊതുവായി ഒരു ചരിത്രാഖ്യാനത്തിലും പറയാറില്ല. എന്താണ് വിരുത്തിയേർപ്പാടും ഊഴിയവേലയും? കീഴാള ജാതിയായി കണ്ടിരുന്നവരെ അടിമകളാക്കി പ്രതിഫലം കൂടാതെ പണിയെടുപ്പിച്ചിരുന്ന ഏര്‍പ്പാടായിരുന്നു ഊഴിയവും വിരുത്തിയവും. അടിമവേല ബ്രിട്ടീഷുകാരുടെ ഇടപെടലുകളോടെ നിർത്തലാക്കിയെങ്കിലും ഊഴിയവേല വീണ്ടും തുടർന്നിരുന്നു. 1815-ല്‍ റസിഡന്റ് ജോണ്‍ മണ്‍റോയുടെ ശ്രമഫലമായി സുറിയാനി ക്രിസ്ത്യാനികളെ ഊഴിയവേലയില്‍ നിന്നും ഒഴിവാക്കിയെങ്കിലും കീഴ്ജാതികളിൽ നിന്നും ക്രിസ്തുമതം സ്വീകരിച്ചവർ ഊഴിയം ചെയ്യാൻ ബാധ്യസ്ഥരായി കണക്കാക്കിയിരുന്നു. ഞായറാഴ്ചകൾ ഒഴികെയുള്ള ദിവസങ്ങൾ അവർക്ക് ഹിന്ദു മേലാളരുടെ വിരുത്തിയതിൽ നിന്നും യാതൊരു ഒഴിവുകഴിവും അനുവദിച്ചിരുന്നുമില്ല. 1860-ല്‍ സര്‍ക്കാര്‍ പൊതുമരാമത്ത് വകുപ്പ് രൂപീകരിച്ചതോടെയാണ് സര്‍ക്കാരിലേക്ക് നേരിട്ടുളള ഊഴിയം വേല നിര്‍ത്തലാക്കിയത്. അവരുടെ സൗജന്യത്തിൽ പണിത ക്ഷേത്രത്തിലും റോഡിലും നിന്നു കൊണ്ടാണ് ഇന്നത്തെ 'സമരം' എന്ന് മറന്ന് പോകാതെ ഓരോ 'കുലജന്മ'വും സമരത്തിൽ ചന്തിയുറപ്പിച്ച് ഇരിക്കണം.

നായർ സ്ത്രീകൾ ഒരിക്കൽ ഈഴവ തലകളും ഇപ്പോൾ പകരമായി ചെത്തിയ ഇളനീരും ഗുരുതിക്കൂട്ടും ഉരലിലിട്ട് ഇടിച്ച്‌ ആ തെറിക്കുന്ന ചോര ഏറ്റുവാങ്ങുന്ന കൊങ്ങിലിടി (പൊങ്ങനിടി) എന്ന ആചാരവും, ക്ഷേത്രത്തില്‍ നിന്നും ഇറങ്ങി വരുന്ന ഈഴവസ്ത്രീകളെ കല്ലെറിഞ്ഞ് ഓടിക്കാൻ സംഘം രൂപീകരിച്ച നമ്പൂതിരികളും, ചെറായി കടപ്പുറത്ത് അയ്യാരു എന്ന പുലയക്കുട്ടി വിളമ്പിയ പായസം കഴിച്ച കെ. അയ്യപ്പനെ ശാസിച്ച കുമാരനാശാനും, പന്തളം ചന്തയിൽ മൂക്കുത്തി ധരിച്ചു എന്ന പാതകത്തിനു സവർണ്ണർ ചേർന്ന് മൂക്കിന്റെ ദശയടക്കം കീറിയെടുത്ത മൂക്കുത്തിയും, കുമ്പളം ചന്തയിൽ വച്ച് സവർണർക്ക് 'അധികാരപ്പെട്ട' അച്ചിപ്പുടവ ധരിച്ച് മാറ് മറച്ചതിന് വസ്ത്രം കീറിക്കളഞ്ഞു ആ സ്ത്രീയെ പ്രദർശിപ്പിച്ചതും, ആധാരത്തില്‍ 'താന്‍' എന്ന് ഒരു പുലയൻ അഭിസംബോധന ചെയ്തെന്നു പറഞ്ഞ് കോടതിയില്‍ പോയ ധര്‍മ്മോത്തു പണിക്കരും, തന്റെ പശു പ്രസവിച്ചാൽ അതിന്റെ പാല് കറന്ന് 'അശുദ്ധ'മാക്കാതെ പശുവിനെ അടുത്തുള്ള നായർ പ്രമാണിയെ ഏല്‍പ്പിക്കാത്തതിന്, ശിക്ഷയായി മരത്തിൽ കെട്ടിയിട്ട് അടിക്കുകയും വിട്ടു കിട്ടാൻ വെറ്റിലയും പാക്കും കാൽക്കൽ വെച്ച് പശുവിനെ ഏല്പിച്ചു മാപ്പു പറഞ്ഞു പോകുന്ന സമ്പ്രദായം തടഞ്ഞ ഉഴുതുമ്മല്‍ കിട്ടനും, പൂജാരി അയ്യർ എന്ന പിന്നോക്കാരന്റെ മകൾ പഞ്ചമിയെ സ്‌കൂളിൽ ചേർക്കാൻ എത്തിയ അയ്യങ്കാളിയെയും കൂട്ടരെയും ഊരൂട്ടമ്പലത്തെ ജന്മിയായ കൊച്ചപ്പിപിള്ളയുടെ നേതൃത്വത്തിൽ അടിച്ചോടിച്ച്  സ്‌കൂളിന് തന്നെ തീയിട്ടതും, ഡോ. പൽപ്പുവിന്റെ ജ്യേഷ്ഠൻ വേലായുധൻ ജോലിക്കായി തിരുവിതാംകൂർ രാജാവിനെ സമീപിച്ചപ്പോൾ, "കുലത്തൊഴിൽ ചെയ്യണം, പോയി ചെത്തണം" എന്നരുളിയ രാജകുടുംബവും, വൈക്കം സത്യാഗ്രഹത്തിന് കൂട്ടുനിന്നതിന് കെ.വി. രാമനിളയതിന്റെ കണ്ണില്‍ കമ്മട്ടിപ്പാലില്‍ ചുണ്ണാമ്പ് അലിയിച്ച് ബലമായി തേച്ചു പിടിപ്പിച്ചു കാഴ്ചശക്തി നഷ്ട്ടപെട്ടതും, തീണ്ടാപ്പലക സ്ഥാപിച്ച വഴികളിലൂടെ നടന്ന കീഴാളരെ കുതിരയെ കൊണ്ട് ചവിട്ടിച്ചതും, എതിരെ നിന്നും തമ്പുരാക്കൾ വരുന്നത് കണ്ട് ഓടിയ ഗർഭിണിയായ പുലയ സ്ത്രീയുടെ കുഞ്ഞിനെ കാലു വാരിയെടുത്ത്, ആ സ്ത്രീയെ അടിച്ചു വീഴ്‌ത്തി അവർ പ്രസവിച്ചു പോയതും ഈ നാടിന്റെ ചരിത്രത്തിൽ കീഴ്ജാതിയുടെ മഷി പിടിക്കാത്തതു കൊണ്ട് എഴുതാതിരുന്ന നീറ്റലുകളാണ്. ഇതൊക്കെ എളുപ്പത്തിൽ മറന്നത് കൊണ്ടാണ് ഇന്ന് സ്ത്രീവിരുദ്ധ സമരത്തിന് ഇറങ്ങുമ്പോൾ നെഞ്ചു കലങ്ങാത്തതും അന്ന് തനിക്ക് നിഷിദ്ധമായ ക്ഷേത്ര മുറ്റത്തു നിന്ന്, വായ പൊത്തി പിടിക്കാതെ, ഇഷ്ടമുള്ള വാക്കുകളും വസ്ത്രങ്ങളും വഴിയും തിരഞ്ഞെടുത്ത് തന്റെ മേലാളർക്ക് വേണ്ടി സമർത്ഥിക്കുന്നത്.

"സ്നാതമശ്വം ഗജം മത്തം ഋഷഭം കാമമോഹിതം ശൂദ്രമക്ഷരസംയുക്തം ദൂരത പരിവർജയേൽ" - കുളിച്ചു വരുന്ന കുതിരയെ പോലെയും, മദം പൊട്ടിയ ആനയെ പോലെയും, കാമപരവശനായ കാളയെ പോലെയും അക്ഷരം പഠിച്ച ശൂദ്രനെയും മാറ്റി നിർത്തണം എന്ന് ചൊല്ലിയാണ് മേൽജാതിക്കാർ വിദ്യാലയങ്ങളിൽ നിന്നും ബാക്കിയുള്ളവരെ മാറ്റി നിർത്തിയിരുന്നത്. അയ്യങ്കാളിയും മറ്റു സാമൂഹ്യപരിഷ്കർത്താക്കളും സർക്കാർ സ്‌കൂളുകളിൽ എല്ലാ കുഞ്ഞുങ്ങൾക്കും പ്രവേശനാനുമതിക്ക് വേണ്ടി നയിച്ച സമരങ്ങൾ നീണ്ടതും കാഠിന്യമേറിയതും ആയിരുന്നു. 1865-ൽ ദിവാൻ മാധവ റാവു സർക്കാർ ജോലികൾ, ഇനി മുതൽ വിദ്യാഭ്യാസ യോഗ്യതക്ക് അനുസരിച്ചായിരിക്കും എന്ന് വിളംബരം ചെയ്തു. ഇതോടു കൂടിയാണ് കേരളത്തിൽ വിദ്യാഭ്യാസം, ഒരു സർക്കാർ ജോലിയും പണവും നേടി കൊടുക്കും എന്ന അറിവുണ്ടാകുന്നതും അതുവരെ വിദ്യാഭ്യാസത്തെ ഭയന്നിരുന്ന ജനങ്ങൾ മക്കളെ സ്‌കൂളിലേക്ക് അയക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കിയതും. എന്നിട്ടും 1914 വരെയും ഈഴവക്കുട്ടികളെ സ്‌കൂളിൽ ചേർക്കാൻ അനുവാദം നൽകിയിരുന്നില്ല എന്നത് ഒരു ചരിത്ര യാഥാർഥ്യമാണ്. കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിനു സമീപമാണ് എന്ന കാരണം പറഞ്ഞ് സർക്കാർ സ്‌കൂളിൽ ഈഴവപ്പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നിഷേധിച്ച കാലമാണിത് എന്നോര്‍ക്കണം. Admission of Ezhava girls into the LSGS Crangannore is out of question എന്നെഴുതിയാണ് അപേക്ഷകള്‍ നിരസിച്ചിരുന്നത്.

സ്ത്രീ-പുരുഷ ഭേദമന്യേ ഒരു കീഴ്സമുദായക്കാരനും കേരളത്തിലെ ഒരു ക്ഷേത്രത്തിലും പ്രവേശനമില്ലാതിരുന്ന കാലത്തിന് ഇന്നേക്ക് 86 കൊല്ലത്തിന്റെ പഴക്കമേയുള്ളൂ എന്നത് ഓർമ്മപ്പെടുത്തേണ്ട ഒന്നാണ്. നമ്പൂതിരി സമുദായം നടത്തിയിരുന്ന 'ശ്രീശങ്കരാചാര്യർ' എന്ന പത്രം 1917 ഓഗസ്റ്റില്‍ അധികാരികള്‍ക്ക് ഇങ്ങനെയൊരു മുന്നറിയിപ്പു നല്‍കിയതായി രേഖപ്പെടുത്തുന്നു: "ഈ മാസം 15-ന് പകല്‍ നാലു മണിക്ക് ചെങ്ങന്നൂര്‍ എച്ച്ജി സ്ക്കൂളില്‍ പഠിക്കുന്ന ഏതാനും ഈഴവ വിദ്യാര്‍ത്ഥികള്‍ സ്‌കൂൾ വിട്ടുവരുമ്പോള്‍ പബ്ളിക്ക് റോഡില്‍ക്കൂടി നടക്കാന്‍ അവകാശമുണ്ടെന്നും മറ്റും വീരവാദം പറഞ്ഞുകൊണ്ട് ചെങ്ങന്നൂര്‍ മഹാക്ഷേത്രത്തിന്റെ കിഴക്കുപുറത്തെ മതിലിനരികില്‍ക്കൂടി പോയി ക്ഷേത്രം തീണ്ടി തൊടാന്‍ ഭാവിക്കയും അതിന്നു ചിലര്‍ തടസ്ഥം പറയുകയും ചെയ്തതായി അവിടെ നിന്നും ഒരു ലേഖകന്‍ ഞങ്ങള്‍ക്കെഴുതിയിരിക്കുന്നു. തീണ്ടലുളള ജാതിക്കാര്‍ക്ക് പബ്ളിക് റോഡില്‍ക്കൂടി നടക്കാന്‍ ഗവര്‍മ്മെണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും ക്ഷേത്രം തീണ്ടത്തക്കവണ്ണം ക്ഷേത്രത്തോട് സമീപിക്കുന്നതിന് ഗവര്‍മ്മെണ്ടനുവാദമില്ലെന്നത് ഈ വിദ്യാര്‍ത്ഥികള്‍ അറിഞ്ഞിട്ടില്ലായിരിക്കാം. ജാതിഭ്രാന്തു പിടിച്ചു മര്യാദയും വകതിരിവും ഇല്ലാതെ നടക്കുന്ന ഈ കൂട്ടരെ മര്യാദ പഠിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് അധികൃതന്മാരെ അറിയിച്ചു കൊള്ളുന്നു".


ഇവിടെ ഈഴവ വിദ്യാർത്ഥി എന്ന പദത്തിന് പകരമായി യുവതികൾ എന്ന് ചേർത്ത് വായിച്ചാൽ മതി, ശബരിമല യുവതീ പ്രവേശനത്തെ എതിർക്കുന്ന കോമഡി മനസ്സിലാവാൻ.

"ഈഴവര്‍ക്കു കൊടുക്കണം; ക്ഷേത്രപ്രവേശനമല്ല. അടികൊടുക്കണം", എന്ന് കൊല്ലത്ത് നിന്നും പ്രസിദ്ധീകരിച്ചിരുന്ന 'സ്വരാജ്യം' എന്ന പത്രം അന്ന് പ്രതിനിധാനം ചെയ്തത് എല്ലാ 'സവർണ്ണ' ഹിന്ദുക്കളുടെയും മാനസികാവസ്ഥയും ആയിരുന്നു. കെപിസിസിയിലെ പി കൃഷ്ണപിള്ളയും, എകെജിയും ഗുരുവായൂർ പ്രവേശനത്തിനായി സമരം നയിച്ച് അടിവാങ്ങുകയും, അയിത്തത്തെയും തീണ്ടലിനെയും ഇല്ലായ്മ ചെയ്യാൻ സത്യഗ്രഹം ഇരിക്കുകയും ചെയ്തപ്പോൾ; മുല്ലപ്പള്ളിയുടെയും ചെന്നിത്തലയുടെ മാത്രം പൂർവികരായ കെപിസിസിയിലെ ചില സവർണ്ണ ഹിന്ദുക്കൾ "
ഈ പ്രവർത്തനങ്ങളൊന്നും സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി കണക്കാക്കാൻ പറ്റില്ല"
എന്ന് വാദിക്കുകയും ചെയ്തിരുന്നു. ടോപ്പ് ക്ലാസ്സ് സവർണിസം ഒൺലി പ്ലീസ്, എന്ന്.

സത്യഗ്രഹികളെ നിർദാക്ഷിണ്യം അടിച്ചു കൊല്ലും എന്നായിരുന്നു ക്ഷേത്ര രക്ഷാ സമിതി അന്നുയർത്തിയ ഭീഷണി. ഇതിനായി അമ്പലത്തിനു ചുറ്റും കാവലിൽ ഏർപ്പെടുകയും, മുള്ളുവേലി തീർക്കുകയും ചെയ്തു. തടകൾ ഭേദിച്ച് ശ്രീകോവിലിൽ കയറി മണിയടിച്ച പി കൃഷ്ണപിള്ളയെ അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു. മുള്ളുവേലി പിഴുതെറിയുകയും ക്ഷേത്ര സംരക്ഷകരെ അടിച്ചോടിക്കുകയും ചെയ്തപ്പോൾ ഒരു തടസ്സവുമില്ലാതെ എല്ലാർക്കും ക്ഷേത്രത്തിൽ പ്രവേശിക്കാമെന്ന സ്ഥിതി വന്നു. ഈ അവസ്ഥ വന്നപ്പോൾ നടയടച്ച് ക്ഷേത്രം അധികാരികൾ സ്ഥലം വിട്ടു. ഈ ചരിത്രം കേള്‍ക്കുമ്പോള്‍ നിലവിലുള്ള സ്ഥിതിഗതികളുമായി ഏതെങ്കിലും തരത്തിലുള്ള സാമ്യം തോന്നുന്നുണ്ടെങ്കിൽ നിങ്ങൾക്ക് തലയിൽ വൈദ്യുത ബന്ധം ഉണ്ട് എന്നു തന്നെയാണ് അര്‍ത്ഥം.

ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ കുറിച്ചുള്ള എല്ലാ വാദഗതിയിലും ഉയർന്നു വന്നിട്ടുള്ള രണ്ടു സമരങ്ങളാണ് - ക്ഷേത്ര പ്രവേശന വിളംബരവും മാറ് മറയ്ക്കൽ സമരവും. "പണ്ട് സ്ത്രീകൾക്ക് മാറ് മറയ്ക്കാൻ പാടുണ്ടായിരുന്നോ? ഇപ്പോ മറയ്ക്കാൻ പറ്റുന്നുണ്ടല്ലോ" എന്നും "അതൊരു ദുരാചാരം ആയിരുന്നു, പക്ഷെ ഇതൊരു ആചാരം ആണല്ലോ" എന്നൊക്കെ വളരെ എളുപ്പത്തിൽ പറഞ്ഞു പോകുന്നതിന്റെ ഒഴുക്ക്; അതിന്റെ പിന്നിലെ ചോരയുടെയും ചവിട്ടിയരച്ച മാംസത്തിന്റെയും ഭീകരതയെ എന്ത് കൊണ്ടോ മായ്ച്ചു കളയുന്നതായി തോന്നാറുണ്ട്. മൂന്നു നൂറ്റാണ്ടോളം നീണ്ടു നിന്ന മാറ് മറയ്ക്കൽ സമരം; സഫ്രാജെറ്റ് മൂവ്മെന്റിനേക്കാളും മുന്നേയും നീണ്ടതും വീര്യമേറിയതുമായ സമരമായിരുന്നു എന്നത് ലോകചരിത്രം തന്നെ രേഖപ്പെടുത്താതെ പോയിരിക്കുകയാണ്.

മേൽജാതികളുടെ മുന്നിൽ മാറ് മറയ്ക്കുന്നത് ബഹുമാന കുറവായായിരുന്നു കണ്ടിരുന്നത്. നമ്പൂതിരികൾ ദൈവത്തിനു മുന്നിലും, നായന്മാർ നമ്പൂതിരികൾക്ക് മുന്നിലും, മറ്റുള്ളവർ അവരുടെ മേലുള്ള ജാതികൾക്ക് മുന്നിലും മാറ് മറയ്ക്കാതെ നടന്നു. നാടാർ/ ചാന്നാർ മതപരിവർത്തനത്തോടെ 1822-ൽ സാറ എന്ന ക്രിസ്ത്യന്‍ യുവതി മേൽശീല ധരിച്ചതിന് ദിവാൻ ശങ്കുണ്ണി മേനോൻ നടപടിയെടുത്തതോടെയാണ് മാറുമറയ്ക്കൽ സമരത്തിന്റെ ലിഖിത ചരിത്രം തുടങ്ങുന്നത്. ഇതിനും മുമ്പുള്ളതാണ് വാമൊഴിയായി പകർന്നു വന്ന നങ്ങേലിയുടെ മുലയറുത്തുള്ള പ്രതിഷേധം. ഇതിനു ശേഷം ഇശക്കിയും പൂതത്താൻ കുട്ടിയും എന്ന ദമ്പതികൾ മാറ് മറച്ചു കൊണ്ട് ഇല്ലത്ത് ജോലിക്ക് പോവുകയും അതൊരു സംഘർഷത്തിന് വഴി മാറുകയും ചെയ്തു. മാറ് മറച്ചാൽ ജാതിയും മറയും എന്ന് വാദമുന്നയിച്ചു കൊണ്ട് നാടാർ ക്രിസ്തീയ സ്ത്രീകൾക്കെതിരെ സവർണ്ണ ഹിന്ദുക്കൾ ആക്രമണം അഴിച്ചു വിടുകയായായിരുന്നു പിന്നീടങ്ങോട്ട്. അങ്ങാടിയിലും പൊതു സ്ഥലങ്ങളിലും വെച്ച് കടന്നു പിടിച്ച് അവരുടെ ബ്ലൗസും മറമുണ്ടും പറിച്ചെറിയുകയും മരത്തിൽ കെട്ടി പ്രദർശിപ്പിക്കുകയും ചെയ്തു. മിഷനറി സ്‌കൂളുകളിൽ ആക്രമിച്ച് കയറി ചാന്നാർ കുട്ടികളെ ആക്രമിക്കുകയും, അവരുടെ പഠനോപകരണങ്ങൾ നശിപ്പിക്കുകയും അവർ ധരിച്ചിരുന്ന വസ്ത്രങ്ങൾ വലിച്ചു കീറി അവരെ അടിച്ചോടിക്കുകയും ചെയ്തു.

1828-ൽ റവറന്റ് മീഡ് എന്ന ക്രിസ്ത്യൻ മിഷനറിയുടെ ലേഖനങ്ങളിൽ അന്നേ വര്‍ഷം ഡിസംബർ 28-ന് നടന്നതായി ഇങ്ങനെ രേഖപെടുത്തുന്നു: "ഞായറാഴ്ച ദിവസം പള്ളിയിൽ പോകാൻ അനുവദിക്കാതെ ക്രിസ്ത്യാനികളായ ചാന്നാർ വിഭാഗക്കാരെ പത്മനാഭപുരം കൊട്ടാരത്തിലെ ആനകൾക്ക് വേണ്ടിയുള്ള ഓലമടൽ, ഊഴിയവേലയായി അരൂരിൽ നിന്നും കൊണ്ട് വരാൻ ഏർപ്പാടാക്കി. മടലും ചുമന്നു വരുന്നവരെ മറ്റൊരു കൂട്ടം ചാന്നാന്മാർ വഴിയിൽ വച്ച് കാണുകയും, ആ ഓലമടലുകൾ നായർ യുവാക്കളെ കൊണ്ട് തിരികെ ചുമപ്പിക്കുകയും ചെയ്തു. ഇതൊരു ലഹളയായി മാറുകയും, വലിയ ഒരു കൂട്ടം നായർ പട ചാന്നാർ ക്രിസ്ത്യാനികളെ മർദ്ദിക്കുകയും വീടുകൾ കത്തിക്കുകയും ചെയ്തു. പിന്നീട് റവ. മീഡിന്റെ ബംഗ്ളാവ് വളയുകയും അദ്ദേഹത്തെ വധിക്കാനുള്ള ഗൂഡാലോചന പുറത്താവുകയും ചെയ്തതോടെ മണ്ടക്കാട്ടെ മുക്കുവരും ബ്രിട്ടീഷ് പട്ടാളവും അദ്ദേഹത്തിന് കാവൽ നിന്നു. ഇതിനെ തുടർന്ന് 1829-ൽ തിരുവിതാംകൂര്‍ റാണി ഗൗരിപാര്‍വ്വതിഭായി തമ്പുരാട്ടി ഒരു വിളംബരം പുറപ്പെടുവിക്കുകയും ചെയ്തു; 'ക്രിസ്തുമതം സ്വീകരിച്ച ചാന്നാട്ടികള്‍ മേലില്‍ ശീല ഇട്ടുകൂടെന്നും അതിനു പകരമായി കുപ്പായം ധരിച്ചു കൊള്ളാമെന്നുമായിരുന്നു' കല്പന. പ്രതിഷേധങ്ങളും ആക്രമണങ്ങളും ഇതിനു ശേഷവും തുടരുകയും പൊതുവായി ഒരു സംഘർഷാവസ്ഥ നിലനിൽക്കുകയും ചെയ്തു."


1850-കളുടെ അവസാന വർഷങ്ങളിൽ പ്രതിഷേധങ്ങളും മറു അക്രമങ്ങളും ശക്തിയായി തുടർന്നു. സ്ത്രീകളുടെ ബ്ലൗസ് കീറിയാൽ കെട്ടേണ്ടിയിരുന്ന പിഴ അടച്ച് വീണ്ടും വീണ്ടും അവരുടെ മേൽമുണ്ട് പറിക്കുകയും അവരെ നഗ്നരാക്കി നടത്തുകയും ചെയ്തു. സവർണ്ണ നേതാക്കളും പോലീസ് സൂപ്രണ്ടും അടക്കം നേതൃത്വം നൽകിയ മേൽമുണ്ട് പറിക്കൽ നടന്നു. അഭയം തേടിയ നിരവധി പള്ളികൾ കത്തിക്കുകയും പാതിരികളെ മർദ്ദനത്തിരയാക്കുകയും ചെയ്തു. വീണ്ടും വീണ്ടും മാറ് മറച്ചു പുറത്തിറങ്ങിയ സ്ത്രീകളെ കണ്ട് സവർണ്ണ ഹിന്ദുക്കളുടെ രോഷം ആളിക്കത്തി- പൊതു സ്ഥലങ്ങളിൽ വെച്ച് കാണുന്ന ഏതു കീഴ്‌ജാതിയേയും ആക്രമിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ നീണ്ടു. പുറം നാട്ടിൽ നിന്നുള്ള ക്രിസ്തീയ യുവാക്കൾ തിരുവിതാംകൂറിലേക്ക് സമരത്തിൽ പങ്കെടുക്കാൻ വന്നെത്തി തുടങ്ങി. മദ്രാസ്‌ ഗവർണർ ലോർഡ്‌ ഹാരിസ്‌ ശക്തിയേറിയ ഭാഷയിൽ തിരുവിതാംകൂർ റസിഡന്റ് ജനറൽ കല്ലന് എഴുതിയതിനെ തുടർന്ന് 1859 ജൂലൈ 26-ന് ഉത്രം തിരുനാൾ ഇപ്രകാരം വിളംബരം പുറപ്പെടുവിച്ചു: "ചാന്നാർ സ്ത്രീകൾക്ക്‌ അവരുടെ ആഭിജാത്യബോധമനുസരിച്ച് ഏതുതരത്തിലും വസ്ത്രം ധരിച്ച് നഗ്നത മറയ്ക്കുന്നതിനുള്ള പൂർണ്ണസ്വാതന്ത്ര്യം ഇതിനാൽ അനുവദിച്ചിരിക്കുന്നു. എന്നാൽ അവർ ഉന്നതജാതിയിലെ സ്ത്രീകളുടെ വസ്ത്രങ്ങളെ അനുകരിക്കാൻ പാടില്ലാത്തതാകുന്നു."


എന്നാൽ ഇതിനു ശേഷവും വളരെ വർഷങ്ങൾ കേരളത്തിലെ സ്ത്രീകൾക്ക് മാറ് മറക്കാനുള്ള അവകാശം അംഗീകരിച്ചു കൊടുക്കാൻ തയ്യാറായിരുന്നില്ല. ക്ഷേത്രത്തിൽ കയറണമെങ്കിൽ സ്‌ത്രീകള്‍ മാറുമറയ്‌ക്കാതെ ചെല്ലണമെന്നു രാമവർമ്മ മഹാരാജാവ് നിർബന്ധം പിടിച്ചിരുന്നു. 1915ൽ അയ്യൻകാളിയുടെ നേതൃത്വത്തിൽ കല്ലുമാല സമരം അഥവാ പെരിനാട് ലഹള എന്നറിയപ്പെട്ട സമരത്തിലൂടെ പുലയ സ്ത്രീകൾ അവരുടെ കല്ലയും മാലയും അറുത്തെറിഞ്ഞു സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. രാജ്യത്തിനു സ്വാതന്ത്ര്യം ലഭിച്ച്‌ പത്ത് വർഷത്തിന് ശേഷവും 1956ൽ വേലൂർ മണിമലർക്കാവിൽ ഉത്സവത്തിനു താലമെടുക്കുന്ന സ്ത്രീകൾ മാറ് മറയ്ക്കരുതെന്ന അമ്പലം കമ്മിറ്റിയുടെ വ്യവസ്ഥക്കെതിരെ പോരാടിയ സ്ത്രീകളും തലമുറയും ഇന്നും ഉണ്ട്. കമ്മ്യൂണിസ്റ് പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ വേളത്ത് ലക്ഷ്‌മിക്കുട്ടി, കെ.സി കാളിക്കുട്ടി, കെ.കെ കുറുമ്പ, അത്താണിക്കൽ ജാനകി, കമലു, വള്ളിമ്മു, വെള്ളറോട്ടിൽ മീനാക്ഷി, ഞാലിൽ അമ്മു എന്നിവരും മറ്റു സ്ത്രീകളും മാറുമറച്ച് താലമെടുത്തു. സവർണ്ണ മേധാവികൾ ആക്രമണം അഴിച്ചു വിടുകയും ഉത്സവപറമ്പ് ഒരു യുദ്ധക്കളമായി തീരുകയും ചെയ്തു.

നൂറ്റാണ്ടുകളായി പ്രമാണിമാരുടെ ജാതിപ്പോരിനും ക്രൂരതയ്ക്കും നേരെയുള്ള ചെറുത്തുനില്പിനെ തടയാന്‍ പോന്നതായിരുന്നു കീഴാളസ്‌ത്രീ വിഭാഗത്തിന്റെയും പുരോഗമന പ്രസ്ഥാനങ്ങളുടെയും ഉശിരും വീറും. ബ്രാഹ്മണപ്രാമാണിത്വത്തിന്റെ വെള്ളം ചേർത്ത് നേർപ്പിച്ച 'ക്ഷേത്രാചാര യുവതീ പ്രവേശന ലംഘനം' ചോദ്യം ചെയ്തു കൊണ്ട്, സമത്വത്തിനു വേണ്ടി നിന്നില്ലെങ്കിൽ ലോർഡ് ഹാരിസ് എഴുതിയ കത്ത് ഇന്നും പ്രസക്തമായി തുടരും: "സത്യവും നീതിയും മാത്രമല്ല മനുഷ്യസാധാരണമായ സർവ മനോവൃത്തികളും ഈ സംഗതിയിൽ നമ്മുടെ വശത്താണ്. ഇങ്ങനെയുള്ള ഒരു സന്ദർഭത്തിൽ നാം ഗൌരവപൂർവ്വം പ്രവർത്തിച്ചില്ലെങ്കിൽ പരിഷ്കൃതലോകം മുഴുവൻ നമ്മെ പുച്ഛിക്കും...അതുകൊണ്ട് 1829-ലെ തിരുവിതാംകൂർ രാജകീയ വിളംബരത്തിൽ അടങ്ങിയിരിക്കുന്ന ശാസനങ്ങൾ ഇക്കാലത്തിനോ, പരിഷ്കൃതാശയനായ ഒരു രാജാവിനോ യോജിച്ചതല്ലെന്ന്‌ രാജാവിനെ അറിയിക്കേണ്ടത് നിങ്ങളുടെ ചുമതലയാകുന്നു..
."

നാളെ ചരിത്രത്തിൽ 'ആർത്തവലഹള' എന്ന് അറിയപ്പെടാൻ പോകുന്ന ഇന്നത്തെ ക്ഷേത്രപ്രവേശന സമരം, സ്ത്രീകളുടെ മുന്നേറ്റ ചരിത്രത്തിന്റെ ഒരു മനോഹരമായ ഏടായി നിലനിൽക്കേണ്ട ഒന്നാണ്. ആർത്തവം കാരണം നിഷേധിക്കപ്പെടുന്ന ഇടങ്ങളിൽ അവസാനത്തേതാണ് ആരാധനാലയങ്ങൾ. ജാതി കാരണം നിഷേധിക്കപ്പെടുന്ന അവസാന ഇടമായി ക്ഷേത്രജോലികളും നിലനിൽക്കുന്നു. രണ്ടും ചവിട്ടി 'അശുദ്ധമാക്കി' പരിഷ്കൃത സമൂഹത്തിലേക്ക് കയറി പോകേണ്ട സമയം 100 കൊല്ലം മുന്നേ കഴിഞ്ഞതാണ്. പണ്ടത്തെ പോലെ ഏതായാലും വർഗ്ഗീയ/സവർണ്ണ വാദികളുടെ പേരും മുഖവും പ്രവർത്തികളും വാക്കുകളും ചരിത്രത്തിൽ രേഖപ്പെടാതെ പോകില്ല എന്നുള്ളത് മനസ്സിന് വല്ലാത്ത ഒരു ആനന്ദം തന്നെ തരുന്നുണ്ട്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

https://www.azhimukham.com/kerala-sabarimala-women-entry-and-attacks-in-nilakkal-report-by-krishna/

https://www.azhimukham.com/trending-saritha-balan-speaks-about-sabarimala-protesters-attack/

https://www.azhimukham.com/news-updates-nilakkal-protest-on-sabarimala-women-entry-using-tribal-women-as-shield/

https://www.azhimukham.com/trending-pinarayi-speech-in-ldf-public-meeting/

Next Story

Related Stories