TopTop

സംഘികള്‍ക്ക് എന്തിനാണ് സംഗീതയോട് കലിപ്പ്? വംശീയവും ലിംഗപരവുമായ വെറിതീര്‍ക്കലല്ല വിമര്‍ശനം

സംഘികള്‍ക്ക് എന്തിനാണ് സംഗീതയോട് കലിപ്പ്? വംശീയവും ലിംഗപരവുമായ വെറിതീര്‍ക്കലല്ല വിമര്‍ശനം
കവിത എന്നത് ഭാഷയുടെ ഏറ്റവും സര്‍ഗ്ഗാത്മകമായ വ്യവഹാര മണ്ഡലങ്ങളില്‍ ഒന്നാണ്. നിത്യജീവിതത്തിലെ കേവല പ്രതീതികളും യാഥാര്‍ഥ്യങ്ങളും ആവശ്യങ്ങളും അഭിപ്രായങ്ങളും മാത്രമല്ല അതില്‍ വിനിമയം ചെയ്യപ്പെടുന്നത്. കവിത വാക്കുകളിലുപരി ബിംബങ്ങളും, ചമത്ക്കാരങ്ങളും കൊണ്ട് സംസാരിക്കുന്ന, വാക്കുകളുടെ സാമാന്യ അര്‍ത്ഥത്തിലുപരി അവ ചേര്‍ന്ന് ഉണ്ടാവുന്ന ധ്വനികളില്‍ നിലനില്‍ക്കുന്ന ഒന്നാണ് എന്നതിനാല്‍ തന്നെയാവണം ധൈഷണികമോ വൈകാരികമോ നൈതികമോ ആയ പാപ്പരത്തങ്ങള്‍ക്ക് അത് സാധാരണ വഴങ്ങിക്കൊടുക്കാറില്ല. സംഘികള്‍ക്ക് കവിത വഴങ്ങാറില്ല എന്നതിന്റെ കാരണവും മറ്റൊന്നല്ല.

ആര്‍ സംഗീത എന്ന കവിയുടെ 'ഒറ്റയ്ക്കൊരാള്‍ കടല്‍ വരയ്ക്കുന്നു' എന്ന കവിതാ സമാഹാരത്തിലെ 'ദി മോട്ടോര്‍ സൈക്കിളിസ്റ്റ്‌' എന്ന കവിത അതിന്റെ ഭാവുകത്വപരമായ സത്യസന്ധതയും ആര്‍ജ്ജവവും കൊണ്ട് സഹൃദയര്‍ക്കിടയില്‍ അന്നേ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ വൈറല്‍ ആവാന്‍ തക്കവണ്ണം ഉണ്ടായിരുന്നുവോ ആ ശ്രദ്ധ എന്ന് ഉറപ്പില്ല. അത് എന്തുതന്നെ ആയാലും ഇപ്പോള്‍ ഏതാണ്ട് രണ്ട് കൊല്ലം കഴിയുമ്പോള്‍ പ്രസ്തുത സമാഹാരവും, അതിലെ 'ദി മോട്ടോര്‍ സൈക്കിളിസ്റ്റ്‌' എന്ന കവിതയും സൈബര്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്. ദൌര്‍ഭാഗ്യവശാല്‍ അത് ആ കവിതയുടെ ഭാവുകത്വ ഭംഗി കണ്ടെടുത്തുകൊണ്ടല്ല. ആ കവിതയെ ഇപ്പോള്‍ കണ്ടെടുത്ത് വൈറല്‍ ആക്കിയത് സഹൃദയ കൂട്ടായ്മകളുമല്ല.

സംഘികളാണ് ഇതിന്റെ പിന്നില്‍. മുകളില്‍ പറഞ്ഞതുപോലെ കൃത്യമായ കാരണങ്ങളാല്‍ തന്നെ കവിത പോലുള്ള ആവിഷ്കാരങ്ങള്‍ വഴങ്ങാത്ത ഇവര്‍ എന്തിന് ഈ കവിത ആക്രമണത്തിന് തിരഞ്ഞെടുത്തു, എന്തായിരുന്നു അതിന്റെ രീതിശാസ്ത്രം എന്നത് പരിശോധിച്ചാല്‍ ഈ പറഞ്ഞ സംഘി എന്നുവച്ചാല്‍ ആരാണ്, എന്താണ് എന്ന ചോദ്യത്തിന് മറുപടി കിട്ടും.

ആരാണ് സംഘി

ആളുകള്‍ പരക്കെ തെറ്റിദ്ധരിക്കുന്നത് പോലെ ഇതൊരു സംഘടനയുടെ ചുരുക്കിപ്പേരല്ല. എന്നുവച്ചാല്‍ കമ്മി, കൊങ്കി, സുടാപ്പി തുടങ്ങിയ പ്രയോഗങ്ങള്‍ പോലെയല്ല ഇത് എന്ന്. സംഘി എന്നത് അപരിഷ്കൃതവും അശാസ്ത്രീയവും ആധുനികപൂര്‍വ്വവും ജനാധിപത്യ വിരുദ്ധവുമായ ഒരു സാംസ്കാരിക മനോനിലയാണ്. പല നിലയില്‍, പലയളവില്‍ ആ അവസ്ഥയില്‍ കുടുങ്ങിക്കിടക്കുന്ന മനുഷ്യര്‍ ഉണ്ടാവാം. അതുകൊണ്ട് തന്നെ സംഘി എന്നത് ഒരു ബ്രാന്‍ഡ് നെയിം പോലെ പൂര്‍ണമായ ഒന്നുമല്ല; അതില്‍ മൃദു, തീവ്രം തുടങ്ങി ചാണക സംഘി വരെയുള്ള നിരവധി വകഭേദങ്ങള്‍ സാദ്ധ്യമാണ്.

അതുകൊണ്ട് തന്നെ ഇവരെ തിരിച്ചറിയാനും വര്‍ഗ്ഗീകരിക്കാനും അത്ര എളുപ്പമല്ല. ഒരു സാദ്ധ്യമായ വഴി അവരെ വര്‍ഗ്ഗീകരിക്കുന്നതിന് പകരം അവരുടെ പൊതുസ്വഭാവത്തെ പട്ടികപ്പെടുത്തുക എന്നതാണ്. സ്ത്രീവിരുദ്ധത, ദളിത്‌, ലൈംഗിക ന്യൂനപക്ഷ വിരുദ്ധത, വംശീയത തുടങ്ങിയവ ഇതിലെ ഏറ്റവും വിശാലമായ സംവര്‍ഗ്ഗങ്ങളാണ്.

ഇവരുടെ സകല ദൈനംദിന ഇടപാടുകളിലും പ്രത്യക്ഷമായോ പരോക്ഷമായോ ഇവ നമുക്ക് കണ്ടെടുക്കാനാവും. ഇവര്‍ ഇഷ്ടപ്പെടുന്നവയിലും വെറുക്കുന്നവയിലും ഇഷ്ടാനിഷ്ടങ്ങളുടെ യുക്തിയിലും, അവ പങ്കുവയ്ക്കുന്ന ഭാഷാപരമായ ഭാവുകത്വത്തിലും ഒക്കെയും.

എന്തുകൊണ്ട് 'ദ മോട്ടോര്‍ സൈക്കിളിസ്റ്റ്‌'

'ദി മോട്ടോര്‍ സൈക്കിളിസ്റ്റ്‌' എന്നല്ല, രചിക്കപ്പെട്ടതും രചിക്കാനിരിക്കുന്നതുമായ ഒരു കവിതയും വിമര്‍ശനത്തിന് അതീതമല്ല. ഈ കവിത എടുത്താല്‍ ചെ ഗ്യുവേര എന്ന ഗറില്ല സമരനായകനോടും ക്യുബ എന്ന വിപ്ലവ മാതൃകയോടും ഉള്ള അതികാല്പനികതയോളം എത്തുന്ന ആരാധനയാണ് അതിന്റെ ഭാവുകത്വ പരിസരം. അതില്‍ കവി പക്ഷേ സത്യസന്ധയാണ് എന്നതാണ് പ്രിട്ടെന്‍ഷ്യസായ കമ്യുണിസ്റ്റ് വിപ്ലവ കവിതകളില്‍ നിന്നും അതിനെ വേറിട്ട്‌ നിര്‍ത്തുന്നത്.

എന്നാല്‍ കമ്യൂണിസ്റ്റ് അനുഭാവിയല്ലാത്ത, ചെയുടെ വിപ്ലവമാതൃകയെ മറ്റൊരു തലത്തില്‍ വിശകലനം ചെയ്യുന്ന ഒരാള്‍ക്ക് ഈ കവിതയെ കുറിച്ച് വേറിട്ട ഒരഭിപ്രായം ഉണ്ടാവാം. ആ സാധ്യതയെ റദ്ദ് ചെയ്യുകയല്ല ഈ എഴുത്തിന്റെ ലക്ഷ്യം.

പക്ഷേ അങ്ങനെയൊന്ന് ഉണ്ടായാല്‍ അതിന്റെ ആഖ്യാനകേന്ദ്രം ഈ കവിതയുടെ ടെക്സ്റ്റ് അഥവാ പാഠം തന്നെയാവും. അതുകൊണ്ട് തന്നെ ഭാഷയുടെ, കലാ ശില്പത്തിന്റെ വികാസ പരിണാമങ്ങളുടെ ചരിത്രത്തിനുള്ളില്‍ തന്നെയാവും ആ സംവാദ പരിസരവും. അവിടെ കാമ്പും ആത്മവിശ്വാസവും ഉള്ള, സാംസ്കാരിക യുക്തികള്‍ക്ക് ആരോഗ്യകരമായി പരസ്പരം സംവദിക്കാനും അതിലുടെ സര്‍ഗ്ഗാത്മകമായ ഒരു സാഹിത്യ സംവാദത്തിന് തിരികൊളുത്താനും ആയേക്കാം. എന്നാല്‍ ഇവിടെ നടന്നത് അതല്ല. കവിതയുടെ പാഠമല്ല, പാരഡിയാണ് ചര്‍ച്ചയാവുന്നത്. അത് തന്നെയും സാധ്യമാക്കിയത് ഒരു ധൈഷണിക തീപ്പൊരിയുമില്ലാത്ത, ആശയസത്തയില്ലാത്ത വംശീയതയോളം അധ:പതിക്കുന്ന കേവല കമ്യൂണിസ്റ്റ് വിരോധം. അതിന്റെ ഭാഷയും ഭാവുകത്വവുമാകട്ടെ വെറും സ്ത്രീ വിരുദ്ധതയുടെയും.വിമര്‍ശനത്തിന്റെ ഭാഷയും ഭാവുകത്വവും

ആര്‍. സംഗീതയുടെ കവിതയ്ക്ക് മേല്‍ സൈബര്‍ മീഡിയയില്‍ നടന്ന ആക്രമണം ചര്‍ച്ചയാവുന്ന മുറയ്ക്ക് മറുപക്ഷം ഉയര്‍ത്തി കൊണ്ടുവരും എന്ന് ഉറപ്പുള്ള വാദമാണ് വിമര്‍ശനം പാടില്ലേ എന്നത്. അതുകൊണ്ട് തന്നെ പറയട്ടെ വംശീയവും ലിംഗപരവുമായ വെറിതീര്‍ക്കലിന്റെ ഭാഷയ്ക്ക് പറയുന്ന പേരല്ല വിമര്‍ശനം. അതിന്റെ ദരിദ്രവും പ്രതിലോമകരവുമായ ഭാവുകത്വത്തിനെയുമല്ല വിമര്‍ശനം എന്ന് നാം വിളിച്ച് പോരുന്നത്.

ആര്‍ സംഗീത എന്ന കവി തനിക്ക് ക്യൂബയെ ഗര്‍ഭത്തില്‍ പേറണം എന്ന് തന്റെ കവിതയിലൂടെ പറയുന്നു. അതിന്റെ രാജ്യത്തെ ഗര്‍ഭം ധരിക്കുവാന്‍ ആഗ്രഹിക്കുന്ന സ്ത്രീ എന്നത് കേവല യുക്തിയിലൂടെ വായിക്കാനാവില്ല എന്നത് പ്രകടമായ വസ്തുത. വ്യംഗ്യം എന്താണ്? സമഗ്ര നൈതികതയുടെ, മാനവികതയുടെ, തുല്യതയുടെ ആവിഷ്കാരം എന്ന് അവര്‍ക്ക് ബോധ്യമുള്ള ഒരു രാജ്യത്തെ അവര്‍ ബിംബമായ് എടുത്ത് തന്റെ കവിതയില്‍ ഗര്‍ഭം ധരിച്ച് സൃഷ്ടിക്കുകയാണ്.
അതിനെയും വിമര്‍ശിക്കാം. ചെ ഗ്യുവേരയെ, അദ്ദേഹത്തിന്റെ വിപ്ലവ മാതൃകയെ സാക്ഷാല്‍ ആനന്ദ് വിമര്‍ശിച്ചിട്ടുണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പ്. അതല്ല പ്രശ്നം. പ്രശ്നം വിമര്‍ശനത്തിന്റെ ഭാഷയും ഭാവുകത്വവുമാണ്.

പ്രസ്തുത കവിതയുടെ വൈറലായ പാരഡി എടുക്കുക.

“എനിക്ക് ക്യൂബയെ ഗർഭത്തിൽ
പേറണം എന്നാഗ്രഹമുണ്ടായിരുന്നു….
അപ്പോളാണ് എന്റെ ഫ്രണ്ട് എനിക്ക് പാർട്ടി
ഓഫീസ് റെക്കമൻഡ് ചെയ്തത്
ഇപ്പോൾ നോക്ക് ഗർഭം ഒഴിഞ്ഞു നേരമില്ല….”

ചന്ദ്രിക

ഒരു കവിതയുടെ പാരഡിയായി കുറിക്കുന്ന ഈ വരികളില്‍ ഒരു വിധ മൌലീകതയുമില്ല, അത് ചന്ദ്രികയുടെ പരസ്യത്തിന്റെയും പാരഡിയാണ്. എന്നാല്‍ അത്തരം ഒന്നില്‍ തമാശയെങ്കിലും ഉണ്ട് എന്ന് വിചാരിക്കുന്ന മനോനിലയില്‍ മൌലികതയില്ല എന്ന് മാത്രമല്ല, സ്ത്രീവിരുദ്ധതയുടെ ഏറ്റവും അപരിഷ്കൃതമായ രൂപങ്ങള്‍ ഉണ്ട് താനും.

പണ്ടെനിക്ക് ഒരുപാട് സ്കിന്‍ പ്രോബ്ലങ്ങള്‍ ഉണ്ടായിരുന്നു എന്ന പരസ്യവാചകമാണ് ആദ്യ രണ്ട് വരികളില്‍. പിന്നെ എന്റെ ഫ്രണ്ട് എനിക്ക് ചന്ദ്രിക റെക്കമെന്റ് ചെയ്തു എന്നത് പാര്‍ട്ടി ഓഫീസായി. തുടര്‍ന്ന് ഇപ്പോള്‍ എനിക്ക് പ്രോബ്ലം ഒന്നും ഇല്ല എന്നത് ഗര്‍ഭം ഒഴിഞ്ഞ് വേറെ നേരമില്ല എന്നതായി.

Also Read: ‘ദി മോട്ടോർ സൈക്ലിസ്റ്റ്’ എന്ന കവിതയ്ക്ക് അശ്ലീല പാരഡിയുമായി കവി ആര്‍ സംഗീതയ്ക്ക് നേരെ സൈബര്‍ ആക്രമണം

ഗര്‍ഭം എന്ന തമാശ


ഇവിടെ ഗര്‍ഭം എന്ന വാക്കിന്റെ അര്‍ത്ഥം എന്തായി തീരുകയാണ്? മനുഷ്യന്റെ ഭൌതീക ജീവിതത്തില്‍ സാധ്യമായ ഏറ്റവും വലിയ സൃഷ്ടി കര്‍മ്മം; അതാണ്‌ ഗര്‍ഭവും പ്രസവവും. സര്‍ഗ്ഗാത്മകത എന്ന് നമ്മള്‍ പൊതുവില്‍ വ്യവഹരിക്കുന്ന വിവിധ കര്‍മ്മങ്ങളില്‍ നിര്‍ണ്ണായക നേതൃസ്ഥാനത്ത് വന്ന എല്ലാ മനുഷ്യരും ഈ സര്‍ഗ്ഗ പ്രക്രിയ വഴി സമൂഹത്തിന് ലഭിച്ച മുതല്‍ക്കൂട്ടുകളാണ് എന്നിരിക്കെയാണ്, ഞാന്‍ ഒന്ന് പൂണ്ട് വിളയാടിയാല്‍ പത്ത് മാസം പിന്നെ നിനക്ക് റസ്റ്റ്‌ ഉണ്ടാവില്ല എന്ന വൃത്തികെട്ട, വിചാര ശൂന്യമായ തമാശ ഉണ്ടാവുന്നത്.

പുരുഷനും സ്ത്രീയും, ലൈംഗിക ന്യൂനപക്ഷങ്ങളുമായി പിറന്ന് ലോകത്തിന്റെ സര്‍ഗ്ഗാത്മക ചരിത്രത്തെ മുമ്പോട്ട്‌ കൊണ്ടുപോകുന്ന മുഴുവന്‍ മനുഷ്യരും കടപ്പെട്ടിരിക്കുന്ന ഒരു പ്രക്രിയയാണ് ഇവിടെ പെണ്ണിന് മേല്‍ ആണിന് പ്രകൃത്യാ ഉള്ളതായി സ്ഥാപിക്കപ്പെടുന്ന ഈ മേല്‍ക്കൈ. ഇത് എത്രത്തോളം മനുഷ്യവിരുദ്ധമാണ് എന്ന് മനസിലായാലേ ഇതുവച്ച് ചിരിക്കുന്നവര്‍ എന്തളവില്‍ തങ്ങള്‍ക്ക് തന്നെ വിരുദ്ധരാണ് എന്ന് ആലോചിക്കാനെങ്കിലും പറ്റൂ.

പി.കെ ശശി വിഷയത്തില്‍ സിപിഎമ്മിനെ, ബിഷപ്പ് ഫ്രാങ്കോ വിഷയത്തില്‍ ഇടത് സര്‍ക്കാരിനെ വിമര്‍ശിക്കാനും പരിഹസിക്കാനും എല്ലാവര്‍ക്കും അവകാശമുണ്ട്. എന്നാല്‍ അത് വസ്തുനിഷ്ഠവും പ്രശ്നാധിഷ്ടിതവുമായിരിക്കണം എന്ന് മാത്രം. സ്ത്രീവിരുദ്ധമായ പൊതുബോധത്തെ അതിലും സ്ത്രീവിരുദ്ധമായ പൊതുബോധ യുക്തികള്‍ വച്ച് നേരിടുകയും അതും 'വിമര്‍ശനം' ആണെന്ന് അവകാശപ്പെടുകയും അരുത്.

വിമര്‍ശനം എന്നത് വംശീയതയാലോ, ലിംഗാധിപത്യവാദത്താലോ പ്രചോദിതമായ സാംസ്കാരിക അധോലോക പ്രവര്‍ത്തനമല്ല, അത് ഒരു സര്‍ഗ്ഗാത്മക, സാംസ്കാരിക വൃത്തിയാണ്. ഗര്‍ഭം, പ്രസവം തുടങ്ങിയ ജൈവ പ്രക്രിയകളെ കേവലം സെക്സിസ്റ്റ് തമാശകളായി ചുരുക്കി അതില്‍നിന്നും ഒരു അധീശപദവി കൈക്കൊള്ളുന്ന അധമ വര്‍ഗ്ഗത്തെ വിളിക്കുന്ന പേരുമല്ല വിമര്‍ശകര്‍ എന്ന്.

സംഘികള്‍ക്ക് എന്തിന് സംഗീതയോട് കലിപ്പ്?

ഇതുവരെ പറഞ്ഞുവന്നത് ചുരുക്കിയാല്‍ ആര്‍. സംഗീത എന്ന കവിയോട്, കവിതപോലുള്ള സാംസ്കാരിക, ധൈഷ്ണിക ഇടപാടുകളില്‍, പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്കുള്ള കാര്യം മാത്രമുള്ള സംഘികള്‍ക്ക് എന്താണ് പ്രശ്നം?

ഒന്ന്- ക്യൂബ, കമ്യൂണിസം എന്നൊക്കെ കേട്ടാലേ കലിപ്പാ, അത് എന്തെന്ന് അറിഞ്ഞിട്ടൊന്നുമല്ല, കാരണം ചരിത്രം എന്ന് കേട്ടാലെ അവര്‍ക്ക് കലിപ്പാണല്ലോ.

രണ്ട്- സംഗീത ഒരു പെണ്ണാണ്. തങ്ങളുടെ സ്ഥാവരജംഗമങ്ങളില്‍ ഒന്നായി അവര്‍ എണ്ണുന്ന പെണ്ണിനും അവളുടെ ഗര്‍ഭത്തിനും സ്വന്തമായ തിരഞ്ഞെടുപ്പ് ഏജന്‍സി ഉണ്ട് എന്നത് അവര്‍ക്ക് സഹിക്കാനേ പറ്റില്ല.

മൂന്ന്- ഒരു കമ്യൂണിസ്റ്റിനെയല്ല, ആ സംസ്കാരത്തെ മുഴുവനായി ഗര്‍ഭം ധരിച്ച് പ്രസവിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീ ആഗ്രഹിക്കുന്നത് സാംസ്കാരികമായി ആണെങ്കില്‍ പോലും വലിയൊരു ഭീഷണിയാണ്.

നാല്- അത്തരം ഭീഷണികളെ നേരിടാന്‍ സെക്സിസ്റ്റ് ആയ ആണ്‍കോയ്മാ ഭാവുകത്വത്തിന്റെ ഭാഷയും അതുവഴി കിട്ടുന്ന പിന്തുണയും അല്ലാതെ അവര്‍ക്ക് വേറെ വഴിയില്ല.

ഇവരെ എങ്ങനെ നേരിടണം എന്നത് ആര്‍. സംഗീത എന്ന വ്യക്തിയുടെ വിവേചനാധികാരത്തിന് വിടുന്നു. എന്നാല്‍ എങ്ങനെ നേരിട്ടാലും അതിനോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുക എന്നത് മാത്രമേ സംഘി ഇതര മനുഷ്യമനസ്സുകള്‍ക്ക് ഈ വിഷയത്തില്‍ എടുക്കാന്‍ നിലപാട് ബന്ധിയായ ഒരു ഓപ്ഷന്‍ ആയിട്ടുള്ളൂ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

https://www.azhimukham.com/trending-facebookdiary-bjpcyber-attack-against-poet-rsangeetha/

https://www.azhimukham.com/sports-racist-cartoon-against-serene-usopen-salimraj-facebookpost/

Next Story

Related Stories