TopTop
Begin typing your search above and press return to search.

മാന്യതയുടെ മൂടികൾ മറച്ച മധ്യവർഗ മുലകള്‍ സ്വീകരണമുറിയില്‍ നഗ്നമാകുമ്പോള്‍

മാന്യതയുടെ മൂടികൾ മറച്ച മധ്യവർഗ മുലകള്‍ സ്വീകരണമുറിയില്‍ നഗ്നമാകുമ്പോള്‍
മുലയൂട്ടലിനെ കുറിച്ചുള്ള ചർച്ചകളിലാണ് കേരളമിപ്പോൾ. ഫേസ്ബുക്കിൽ അമൃത എന്ന യുവതി തുടങ്ങി വച്ച ക്യാമ്പയിൻ ഫേസ്ബുക്കിനെ തുടര്‍ന്ന് 'ഗൃഹലക്ഷ്മി'യും ഏറ്റെടുത്തിരിക്കുന്നു. മലയാള മാഗസിൻ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു മാഗസിൻ കവറിൽ 'മുലയൂട്ടുന്ന അമ്മ' പ്രത്യക്ഷപ്പെടുന്നത്. ഗർഭകാല -മുലയൂട്ടൽ  ഫോട്ടോ ഷൂട്ടുകൾ അന്താരാഷ്ട്ര തലത്തിലും ദേശിയ തലത്തിലും ശ്രദ്ധേയമായി വരുന്ന കാലഘട്ടമാണിത്. മുലയൂട്ടലിന്റെ ആവശ്യകത, മൂടി വെച്ച് പാൽ കൊടുക്കുന്നത് കൊണ്ട് കുഞ്ഞിനുണ്ടാകാനിടയുള്ള ആരോഗ്യപ്രശ്നങ്ങൾ, മുലയൂട്ടുന്നവർക്ക് നേരെയുള്ള തുറിച്ചു നോട്ടങ്ങളെ പ്രതിരോധിക്കുക എന്നിവയൊക്കെയാണ് ഇതിലൂടെ ലക്‌ഷ്യം വയ്ക്കുന്നത്.

പാശ്ചാത്യ ലോകമാണ് പൊതുവിടത്തിലെ മുലയൂട്ടൽ ആദ്യമായി ചർച്ച ചെയുന്നത്. പരസ്യമായി മുലയൂട്ടിയതിനെ തുടര്‍ന്ന്  അപമാനിക്കപ്പെട്ടവർ നിരവധിയാണ് അവിടെ. ജൈവികമായ ഒരു പ്രക്രിയയെ അശ്ലീലമായി കണ്ട് നാണംകെടുത്തുന്നവർക്ക് നേരെ ശക്തമായ പ്രതിരോധങ്ങൾ ആവശ്യപ്പെടുന്നുണ്ട് ഇത്തരം പ്രതികരണങ്ങൾ. അമ്മയുടെ അസാന്നിധ്യത്തിലും ശാരീരിക അസ്വാസ്ഥ്യങ്ങളിലും മാത്രം ഫലപ്രദമായി ഉപയോഗിക്കുന്ന/ഉപയോഗിക്കേണ്ട ഫീഡിംങ് ബോട്ടിലുകളിലേക്ക് വലിയ തോതിൽ പാലൂട്ടൽ മാറിയതിനും പൊതുവിടങ്ങളില്‍ ഫീഡിംഗ് സ്പേസുകള്‍ ഉണ്ടാകുന്നതിനും ഈ പൊതുബോധം  ശക്തമായ കാരണമാകുന്നുണ്ട്. അത് വരുത്തി വച്ച ആരോഗ്യപ്രശ്നങ്ങള്‍ക്ക് കൂടിയുള്ള മറുപടിയാണ് ഇത്തരം ക്യാംപയിനുകള്‍.

പാശ്ചാത്യ നാടുകളെ അപേക്ഷിച്ച് മുലയൂട്ടലില്‍ ഏറെ മുന്നിലാണ് ഇന്ത്യ. പൊതുവിടങ്ങളിലെ മുലയൂട്ടലും അതുപോലെ തന്നെ. തുറിച്ചു നോട്ടങ്ങൾക്ക് യാതൊരു കുറവുമില്ലാത്ത നാടാണ് നമ്മുടേത്‌. അതിന് മുലയൂട്ടണം എന്ന് തന്നെ നമുക്കില്ല. മുലയൂട്ടലിനോടുള്ള സമീപനത്തിൽ മുൻകാലങ്ങളെ അപേക്ഷിച്ച് വിലക്കുകൾ ഉണ്ടാകുന്നുണ്ട് ഇപ്പോൾ. മുൻപ് കേരളത്തിലെ പൊതുവിടങ്ങളിലും സ്വകാര്യ ഇടങ്ങളിലും ഒരുപോലെ മുലയൂട്ടലിനെ സ്വാഭാവിക ജൈവിക പ്രക്രിയ കണ്ടിരുന്നു. കുട്ടിക്കാലത്ത് ബസിലും റെയിൽവേ സ്റേഷനുകളിലുമെല്ലാം മറയില്ലാതെ മുലയൂട്ടുന്ന നിരവധി അമ്മമാരെ കണ്ടിട്ടുണ്ട്. ഇന്നും മുലയൂട്ടലിനോട് ചേർന്ന് നിൽക്കുന്ന മാന്യതയുടെ മൂടികൾ മറയ്ക്കുന്നത് മധ്യവർഗ മുലകളെ മാത്രമാണ്.

വിപ്ലവകരമായ കവർ പേജുകളിലാണ് മലയാളത്തിലെ മുഖ്യധാരാ സ്ത്രീ മാസികകൾ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വനിതയിലൂടെ ട്രാൻസ്ജെന്‍ഡറും കറുത്തവളും ഗൃഹാലക്ഷ്മിയിലൂടെ ഇപ്പോൾ മുലയൂട്ടുന്നവളും കവറിൽ നിറയുന്നു. വെളുക്കാനും മെലിയാനും ഉത്തമകുടുംബിനിയാകാനും പതിറ്റാണ്ടുകളായി മലയാളി സ്ത്രീകളെ 'പരിശീലിപ്പിക്കുന്നവ'യാണ് ഇവയിലോരോന്നും, മലയാള സ്ത്രീ സൗന്ദര്യ – വസ്ത്രധാരണ സങ്കല്പങ്ങള്‍, സ്വഭാവ മാതൃകകള്‍ എല്ലാം ഊട്ടിയുറപ്പിച്ച പ്രസിദ്ധീകരണങ്ങള്‍. മാറിവരുന്ന സാമൂഹിക സാഹചര്യങ്ങള്‍ക്കനുസരിച്ച് പിന്നീട് ഇവര്‍ തന്നെ ഇതേ മാതൃകകളെ ഇടയ്ക്കിടെ 'വിപ്ലവ'കരമായി തിരുത്തുന്നു. വീണ്ടും പഴപടിയാകുന്നു.

ഗൃഹലക്ഷ്മിയിലൂടെ ജിലു ജോസഫ്‌ എന്ന മോഡല്‍ മലയാളത്തിലെ ആദ്യ മുലയൂട്ടുന്ന കവര്‍ ചിത്രമായി മാറുമ്പോള്‍ സിന്ദൂരവും കരിമണി മാലയുമണിഞ്ഞ ഉത്തമ ഹൈന്ദവ കുടുംബിനിയാകുന്നത് യാദൃശ്ചികമാവില്ല. പാലൂട്ടുന്നതെങ്കിലും അഴകളവൊത്ത വെളുത്ത, ഉടയാത്ത മാറിടമാകുന്നത്തിലും വലിയ വിപ്ലവമൊന്നും ഗൃഹലക്ഷ്മിയില്‍ നിന്ന് പ്രതീക്ഷിക്കുകയും വയ്യ. മലയാള മുഖ്യധാരക്ക് ഏറ്റവും പ്രിയങ്കരമാകുന്ന ബിംബങ്ങളെ തഴുകാതെ വിപ്ലവം വരുന്നതെങ്ങനെ.

മോഡലിങ്ങിലെ ഒരു പ്രോപ്പിനപ്പുറം ആ കുഞ്ഞിനും കാര്യമായ പങ്കൊന്നും ഈ ചിത്രത്തിലില്ല. പാലൂട്ടാത്ത ഒരു സ്ത്രീയോട് ചേര്‍ത്ത് വെച്ച് ഫോട്ടോ എടുക്കുമ്പോള്‍ കാഴ്ചയിലെ ഭംഗിക്കും മാര്‍ക്കറ്റിങ്ങിനും അപ്പുറം അവരീ ആഘോഷിക്കുന്ന ക്യംപയിന്‍റെ ഉദ്ദേശശുദ്ധിയോ ആ കുഞ്ഞിന്‍റെ അവകാശങ്ങളെക്കുറിച്ചോ കാര്യമായി ചിന്തിച്ചിരിക്കില്ല.

http://www.azhimukham.com/opinion-on-breastfeeding-cover-image-by-gruhalakshmi-writes-babitha/

പൊതുസൗന്ദര്യ സങ്കല്‍പ്പങ്ങളെ കൂട്ടുപിടിച്ചുള്ള മാര്‍ക്കറ്റിംഗ് തന്ത്രമായാണെങ്കില്‍ പോലും ഗൃഹലക്ഷ്‌മിയിലൂടെ ഒരു നഗ്നമായ മാറിടം വീട്ടകങ്ങളിലേക്കെത്തുന്നതാണ് ഇതിലെ ആകര്‍ഷകമായ വസ്തുത. പൊതുവിടത്തിലെ മുലയൂട്ടൽ, ശരീര പ്രദർശനമാവുമെന്നും അതുവഴി ലൈംഗിക ചോദന ഉണർത്തുമെന്നും പലരും ആശങ്കപ്പെടുന്നുണ്ട്. തീർച്ചയായും മുലകൾ ലൈംഗികാവയവം കൂടിയാണ്. പാലൂട്ടുമ്പോഴോ അല്ലാത്തപ്പോഴോ അത് അങ്ങനെ തന്നെയാണ്. മുലയൂട്ടുമ്പോഴും അല്ലാത്തപ്പോഴുമുള്ള തുറിച്ചു നോട്ടങ്ങളും അനുവാദമില്ലാത്ത കയറിപ്പിടുത്തങ്ങളും അംഗീകരിക്കാവുന്നതുമല്ല. നിങ്ങളുടെ ലൈംഗിക ഉദ്ധാരണങ്ങൾ നിങ്ങളുടെ മാത്രം പ്രശ്നമാണ്. അതിനായി മറ്റുള്ളവരുടെ അവകാശങ്ങള്‍ ഹനിക്കാതിരിക്കുക എന്ന തിരിച്ചറിവ് സ്വാഭാവികമായി ഉണ്ടാകേണ്ടതാണ്.

ഇത്തരം സംരംഭങ്ങളെ മറുചോദ്യമില്ലാതെ സ്വീകരിക്കണമെന്ന് വാശി പിടിക്കാതെ പൊതുവിടത്തിലെ മുലയൂട്ടലിനൊപ്പം സ്ത്രീ ശരീരത്തിനു മേല്‍ അവള്‍ക്കുള്ള അവകാശങ്ങളെക്കുറിച്ചും ശിശുക്കളുടെ അവകാശങ്ങളെക്കുറിച്ചും സംവദിക്കാനും സവര്‍ണ സൗന്ദര്യബോധത്തെയും 'ഉത്തമനാരീ' സങ്കല്‍പ്പങ്ങളെയും കൃത്യമായി വിമര്‍ശിക്കാനും ഇത്തരം ചര്‍ച്ചകളിലൂടെ സാധിക്കേണ്ടതുണ്ട്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

http://www.azhimukham.com/opinion-breastfeeding-and-stare-when-grihalakhshmi-modelling-it-by-renya-das/

http://www.azhimukham.com/trending-cinemanews-jaishreemisra-supports-mathrubhumigruhalakshmi-for-breastfeeding-photo/

http://www.azhimukham.com/breastfeeding-protest-london-indian-male-gaze-patriarchy-kiss-pramod/

Next Story

Related Stories