Top

അംബാനിക്കറിയാം, പാര്‍ലമെന്റിനറിയില്ല; ഫ്രാന്‍സിനറിയാം, ഇന്ത്യക്കാര്‍ക്കറിയില്ല; റാഫേലിലെ കൊള്ളക്കൊടുക്കലുകള്‍

അംബാനിക്കറിയാം, പാര്‍ലമെന്റിനറിയില്ല; ഫ്രാന്‍സിനറിയാം, ഇന്ത്യക്കാര്‍ക്കറിയില്ല; റാഫേലിലെ കൊള്ളക്കൊടുക്കലുകള്‍
റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാറിലെ ഉള്ളടക്കം, കരാര്‍ രഹസ്യമായതിനാല്‍  വെളിപ്പെടുത്താനാവില്ലെന്ന് പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റില്‍ പറഞ്ഞു. ഇന്ത്യയിലെ ജനങ്ങളുടെ പരമ്മോന്നത പ്രതിനിധിസഭയ്ക്ക്, ജനങ്ങള്‍ക്ക് ഇതറിയാന്‍ അവകാശമില്ല എന്ന്. ഈ ദരിദ്ര രാജ്യത്തിന്റെ കാലിപ്പത്തായത്തില്‍ കയ്യിട്ടുവാരി, നരേന്ദ്ര മോദിയും ഇടനിലക്കാരും ഫ്രാന്‍സിലെ ഗുണഭോക്താക്കളും Dassault Aviation-മായി നടത്തിയ അഴിമതിയും കൊള്ളയും നാട്ടുകാരെ, ആര്‍ഷഭാരതവാസികളേ, നിങ്ങളറിയണ്ട എന്ന്.

കാലമേറെ കഴിഞ്ഞാണ് ഇത്തരത്തില്‍ ഒരു കൊള്ളയ്ക്ക് അവസരം കിട്ടിയത്. 1996-ല്‍ റഷ്യയില്‍ നിന്നും സുഖോയ് യുദ്ധവിമാനങ്ങള്‍ വാങ്ങിയതിനുശേഷം ഗഗനചാരികളായ യന്ത്രങ്ങള്‍ വാങ്ങിയിട്ടില്ലായിരുന്നു. ഇടക്കാലത്ത് സ്വന്തമായി ‘തേജസ്’ എന്നൊരു യുദ്ധവിമാനം ഉണ്ടാക്കാനും ഒന്നു രണ്ടു തവണ പറപ്പിക്കാനും ശ്രമിച്ചെങ്കിലും, ‘റാകിപ്പറക്കുന്ന ചെമ്പരുന്തേ, നീയുണ്ടോ മാമാങ്ക വേല കണ്ടൂ, വേലയും കണ്ടു വിളക്കും കണ്ടു, കടല്‍ത്തിര കണ്ടു കപ്പല്‍ കണ്ടു” എന്നുപറഞ്ഞ് താഴത്തിറങ്ങി വിശ്രമിച്ച സ്വദേശി പരുന്ത്, ശേഷം ചര്‍ക്കയില്‍ നൂല്‍ നൂറ്റ് അഹിംസയുടെ ഭാരതീയതയെക്കുറിച്ച്  ഓര്‍മ്മിപ്പിച്ചതാണ്. പിന്നെ പൊങ്ങിയിട്ടില്ല.

അങ്ങനെയാണ് കടുത്ത മത്സരത്തില്‍ മറ്റ്  കച്ചോടക്കാരെ പിന്നിലാക്കി മെസ്യോ റാഫേല്‍ ആകാശവെടിയും പുകയുമായി എത്തിയത്. അങ്ങനെ 2012-ല്‍ 126 റാഫേല്‍ യുദ്ധവിമാനങ്ങള്‍ ഏതാണ്ട് 54000 കോടി രൂപയ്ക്ക് (10.2 ബില്ല്യണ്‍ ഡോളര്‍) വാങ്ങാന്‍ കരാറായി. ഇതില്‍ 18 എണ്ണം ഇപ്പോപ്പറത്താം എന്ന ‘fly-away condition’ ല്‍ ആകും. ബാക്കി 108 എണ്ണം പൊതുമേഖല സ്ഥാപനമായ HAL (Hindustan Aeronautics Ltd) നിര്‍മ്മിക്കും. ഇതിനാവശ്യമായ സാങ്കേതികവിദ്യ Dassault, HAL-നു കൈമാറും. ഇതായിരുന്നു കരാറിലെ പ്രധാന വ്യവസ്ഥകള്‍.

പക്ഷേ ഒന്നും വേണ്ടിവന്നില്ല. മുതലയെപ്പിടിച്ചു മടുത്തപ്പോള്‍ രാഷ്ട്രീയത്തിലിറങ്ങിയ ബാല നരേന്ദ്രന്‍ നോസ്ത്രദാമസിന്റെ പ്രവചനപ്രകാരം പ്രധാനമന്ത്രിയായി. രാത്രിക്ക് രാത്രി വേഷം മാറി വ്യോമതാവളങ്ങളില്‍ പരിശോധന നടത്തി. നോക്കുമ്പോള്‍ സുഖോയ് വിമാനങ്ങള്‍ കൂര്‍ക്കം വലിച്ചുറങ്ങുന്നു. രാജ്യസുരക്ഷ അപകടത്തിലാണെന്ന് നരന്ദ്രന്‍ തിരിച്ചറിഞ്ഞു. ഒട്ടും വൈകിയില്ല. ഫ്രഞ്ച് പഠിക്കാന്‍ ആളെ ഏര്‍പ്പാടാക്കി. ഭാഷ പഠിക്കണമെന്നില്ല, യൂറോയില്‍ നിന്നും ഡോളറില്‍ നിന്നും രൂപയിലേക്ക് പണം മൂല്യം കണക്കാക്കാനും എണ്ണാനും അറിഞ്ഞാല്‍  മതിയെന്ന് പഠിപ്പിക്കാന്‍ വന്ന മദാമ്മയും മോണ്‍സ്യോ മുകുന്ദനും പറഞ്ഞുകൊടുത്തു.  വൈകിയില്ല, അന്നത്തെ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ ഗോവയിലേതോ മീനങ്ങാടിയില്‍ പാകിസ്ഥാനെ വെല്ലുവിളിക്കുന്ന നേരത്ത് 2015 ഏപ്രിലില്‍ മോദി പാരീസില്‍ 36 റാഫേലുകള്‍ സായിപ്പ് പറത്തിക്കൊണ്ടുവരുന്ന അവസ്ഥയില്‍ വാങ്ങാനുള്ള കരാറിന് ധാരണയായി. കരാര്‍ തുക ഏതാണ്ട് 58,000 കോടി രൂപ. പണപ്പെരുപ്പം  വരുത്തുന്ന വിനിമയനിരക്കിലെ മൂല്യവര്‍ദ്ധനകൂടി കണക്കിലെടുത്താല്‍ വിമാനമൊന്നിന് കോടിക്കണക്കിനു രൂപ കൂടുതല്‍ കൊടുത്താലെന്താ, തറവാടിന്റെ മാനം കാത്തില്ലേ മോദിച്ചേകവര്‍! പഴയ കരാര്‍ മരിച്ചു മണ്ണടിഞ്ഞതായി പരീക്കര്‍ മീഞ്ചന്തയില്‍ പ്രഖ്യാപിച്ചു. മോദിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം 2 കിലോ മത്തി പരീക്കര്‍ക്ക്  സൌജന്യമായി നല്കി. സന്തോഷസൂചകമായി അടുത്തകൊല്ലം തൃശൂര്‍ പൂരത്തിന്റെ വെടിക്കെട്ട് ഫ്രഞ്ച് കമ്പനി വകയായിരിക്കുമെന്ന പ്രഖ്യാപനം കരാറിലുണ്ടെന്ന് കേള്‍ക്കുന്നു. കുടമാറ്റം അംബാനി നടത്തുമായിരിക്കും.

http://www.azhimukham.com/edit-rafale-deal-with-france-is-a-big-scam-under-modi/

അപ്പോ നിങ്ങള്‍ വിചാരിക്കും മോദി ഒറ്റയ്ക്ക് പാരീസില്‍ പോയി സാര്‍ത്ര്-നെ കണ്ട്, സിമോന്‍ ദി ബുവെ കൊടുത്ത കാലിച്ചായ കുടിച്ച്, ന്നാ നി പിന്നെ കാണാം സാര്‍ത്ര് മേന്‍നേ, ബുവെട്ട്യെമ്മേ അപ്പോ യാത്രയില്ല, കരാര്‍ ഒപ്പിടാറായി, ന്നും പറഞ്ഞു പോന്നൂന്ന്. എലിസീ കൊട്ടാരത്തില്‍ കാത്തിരുന്ന അന്നത്തെ  ഫ്രഞ്ച് പ്രസിഡണ്ട് ഫ്രാന്‍സൌ ഔലാന്ദ് കാത്തിരുന്ന് മുഷിയുമല്ലോ എന്ന് കരുതി അന്തംവിട്ട് നടന്നുവെന്ന്. ന്നാല്‍ അങ്ങനെയല്ല. പ്രതിരോധ മന്ത്രിയെ മീന്‍ ചന്തയിലേക്ക് വിട്ട് മോദി കൂടെക്കൊണ്ടുപോയത് അനില്‍ അംബാനിയെയാണ്. മുടിഞ്ഞ കടമാണ് അനില്‍ അംബാനിക്ക്. ഒക്കെ ബാങ്കുകളെ പറ്റിച്ചു ജീവിക്കുകയാണ്. പക്ഷേ അനില്‍ അംബാനിയുടെ കുറച്ചു മാസങ്ങള്‍ മാത്രമായ പ്രതിരോധ കമ്പനിക്ക് ഏതാണ്ട് 30,000 കോടി രൂപയുടെ അനുബന്ധ കരാര്‍ കൊടുത്തുകൊണ്ടാണ് മോദി പാവം പയ്യനെ സമാധാനിപ്പിച്ചത്. മനോഹര്‍ പരീക്കര്‍ മത്തി മുളകിട്ട് വെക്കണോ, വാളമ്പുളി വേണോ കൊടമ്പുളി വേണോ എന്നൊക്കെ സര്‍ഗതപസ്യയില്‍ ഏര്‍പ്പെടുമ്പോള്‍, ഇന്ത്യന്‍ പ്രധാനമന്ത്രിക്കൊപ്പം രാജ്യത്തിന്റെ പ്രതിരോധ കരാര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തത് അനില്‍ അംബാനിയാണ്. എന്നിട്ടാണ് സംഭവം പുറത്തുപറയാന്‍ കൊള്ളാത്ത, പാര്‍ലമെന്റിന് പോലും അറിയാന്‍ അവകാശമില്ലാത്ത രഹസ്യമാണെന്നാണ് ശ്രീമതി സീതാരാമന്‍ പറയുന്നത് (ആ സിബിഐ ഡയറിക്കുറിപ്പിലെ മ്യൂസിക്കിടൂ).

http://www.azhimukham.com/rafale-fighter-india-france-deal-personal-interest-modi-azhimukham/

രഹസ്യമൊക്കെ നാട്ടുകാരോടാണ്, കാശ് കൊടുക്കുന്നവരോടാണ്. അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് കമ്പനി, നഷ്ടത്തിലോടിയിരുന്ന പിപവാവ് പ്രതിരോധ കമ്പനി 2015-ല്‍ ഏറ്റെടുത്തു. 2015 ആദ്യമാസങ്ങളിലാണ് ഏറ്റെടുക്കല്‍ പ്രക്രിയ നടക്കുന്നത്. പിപവാവിന്റെ ഉടമസ്ഥന്‍ കൊല്‍ക്കത്തക്കാരന്‍ നിഖില്‍ ഗാന്ധിയില്‍ നിന്നും അനില്‍ അംബാനി കമ്പനി ഏറ്റെടുക്കുന്ന ഏതാണ്ട് അതേ സമയത്ത് 2015 ഫെബ്രുവരി 17-ന് മോദിയുടെ മന്ത്രിസഭ 6 ആണവശേഷിയുള്ള മുങ്ങിക്കപ്പലുകലും 7 യുദ്ധക്കപ്പലുകളും ഏതാണ്ട് 1 ട്രില്ല്യന്‍ രൂപ ചെലവില്‍  നിര്‍മ്മിക്കാനുള്ള തീരുമാനമെടുത്തു; ഒപ്പം സ്വകാര്യ മേഖലയെ പങ്കാളിയാക്കാനും. മാര്‍ച്ച് മാസത്തില്‍ 6 മുങ്ങിക്കപ്പലുകള്‍ നിര്‍മ്മിക്കാനുള്ള ഏതാണ്ട് 60,000 കോടി രൂപയുടെ കരാര്‍ L& T-ക്കും അംബാനി ഏറ്റെടുത്ത പിപവാവ് കമ്പനിക്കും നല്‍കാന്‍ മോദി സര്‍ക്കാര്‍ തീരുമാനിച്ചതായി മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കി. അതായത് മന്ത്രിസഭയുടെ തീരുമാനങ്ങള്‍ മുന്‍കൂട്ടിക്കണ്ടാണ് അംബാനിമാര്‍ കളത്തില്‍ കാശിറക്കാറുള്ളത് എന്ന്.

https://www.azhimukham.com/india-modi-govt-will-face-tough-questions-regarding-weapon-arms-deals-azhimukham-edit/

കൃഷ്ണ-ഗോദാവരി തടത്തില്‍ നിന്നും എണ്ണയും പ്രകൃതിവാതകവും  ഊറ്റിയെടുക്കാന്‍ ചേട്ടന്‍ മുകേഷ് അംബാനിക്ക് കോണ്‍ഗ്രസും ബിജെപിയുമൊക്കെ മത്സരിച്ചാണ് മണ്ടന്മാരായി അഭിനയിക്കാറുള്ളത് എന്ന് പഴയരീതിയില്‍ ഇത്തരുണത്തില്‍ ഓര്‍ക്കാവുന്നതാണ്. അത് പറഞ്ഞപ്പോഴാണ്, ഇത്ര വലിയ കുന്നിക്കുരു ഇടപാടില്‍ മുകേഷ് അംബാനി കാഴ്ച്ചക്കാരനായി നില്‍ക്കുമോ എന്ന് സംശയം തോന്നാം. എന്നാല്‍ വിഷമികേണ്ട, അനിയനെക്കാള്‍ വലിയ പുലിയാണ് ഏട്ടന്‍. 2012-ല്‍ ഇപ്പറഞ്ഞ Dassault മായി പ്രതിരോധരംഗത്ത് തായം കളിക്കാന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് കരാര്‍ ഉണ്ടാക്കിയിരുന്നു. അതായത് ഏട്ടന്‍ അംബാനി ഫ്രഞ്ച് നേരത്തെ തന്നെ പഠിക്കാന്‍ തുടങ്ങിയെന്ന് സാരം.

http://www.azhimukham.com/india-orders-french-made-rafale-fighter-jets-pm-modi/

സുഖോയ് വിമാനങ്ങള്‍ക്ക് വയസായി, പുതിയവ വന്നില്ലെങ്കില്‍ ആകാശം കാര്‍മേഘങ്ങളാല്‍ മൂടും, ചെന്നായ്ക്കള്‍ ഓരിയിടും, അതിര്‍ത്തിയിലാകെ അശുഭലക്ഷണങ്ങള്‍ കാണും, പാകിസ്ഥാനും ചൈനയും ഇപ്പോ ആക്രമിക്കും എന്ന് പറഞ്ഞാണ് 126 പുത്തന്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ അന്ന് ധാരണയായത്. പക്ഷേ ഇപ്പോള്‍ 36 എണ്ണം മതി എന്നായി. അപ്പോള്‍ വ്യോമസേനയുടെ ആധുനികവത്കരണം? രാജ്യസുരക്ഷ? സാങ്കേതികബലം കൂട്ടല്‍? അതിപ്പോ ഈ പരിപാടിയും നിലവിളിയുമൊക്കെ രാജ്യസുരക്ഷയ്ക്കല്ല, കച്ചോടത്തിനാണ് എന്ന് സകലര്‍ക്കും അറിയാം. വ്യോമസേനയ്ക്കും അറിയാം. വ്യോമസേനയുടെ ഒരു മുന്‍ തലവന്‍ ഇറ്റലിയില്‍ നിന്നുള്ള ഹെലികോപ്റ്റര്‍ കച്ചവടത്തില്‍ കാശ് വാങ്ങിയതിന് വിചാരണ നേരിടുകയാണ്.

http://www.azhimukham.com/offbeat-a-journalist-writes-her-experience-how-adanis-india-rejected-visa/

മോദിയുടെ ഇന്ദ്രജാലം തീര്‍ന്നില്ല. പുതിയ കരാറില്‍ പൊതുമേഖല സ്ഥാപനമായ HAL പുറത്തായി. പകരം അനില്‍ അംബാനിയുടെ കമ്പനി വന്നു. റാഫേല്‍ ഉണ്ടാക്കുന്ന Dassault ഏതാണ്ട് പൂട്ടാനുള്ള നിലയിലായിരുന്നു. ഇന്ത്യയുമായുള്ള ഇടപാടാണ് കമ്പനിയെ ജീവിപ്പിച്ചത്. അടുത്ത 40 വര്‍ഷത്തേക്കുകൂടി അറ്റകുറ്റപ്പണികള്‍ക്കും അനുബന്ധ സാമഗ്രികള്‍ക്കും അവരെത്തന്നെ ആശ്രയിക്കേണ്ട അവസ്ഥയാണ് പുതിയ കരാര്‍പ്രകാരം വരുന്നത്. മോദിയുടെ പുതിയ കരാറില്‍ ഫ്രഞ്ച് കമ്പനി സാങ്കേതിക വിദ്യ കൈമാറേണ്ടതുമില്ല!  മാഹിയില്‍ ഫ്രഞ്ച് സര്‍ക്കാര്‍ വക രണ്ടു കള്ളുഷാപ്പെങ്കിലും തുറക്കാന്‍ പറയാമായിരുന്നു. ഇത്രയും ഗുണഭോക്താക്കള്‍ ഒരു കരാറിനുണ്ടാകുമ്പോള്‍, ഇന്ത്യ കൂടുതല്‍ നഷ്ടത്തില്‍ കരാര്‍ ഉറപ്പിക്കുമ്പോള്‍, ആര്‍ക്കൊക്കെ ദല്ലാള്‍പ്പണം കിട്ടിയിരിക്കും എന്ന് മാത്രമേ ഇനി തെളിയേണ്ടതുള്ളൂ.

http://www.azhimukham.com/national-who-is-nikhil-merchant-and-his-relation-with-bjp-government/

മോദി സര്‍ക്കാര്‍ നടത്തിയ ഏറ്റവും വലിയ അഴിമതിയാണ് റാഫേല്‍ ഇടപാട്. ഒരു വിദേശ സര്‍ക്കാരും, വിദേശ കമ്പനിയുമായി രാജ്യം ഏര്‍പ്പെട്ട വ്യാപാര ഇടപാടില്‍ സ്വകാര്യ കമ്പനികളെക്കൂടി ഉള്‍പ്പെടുത്തുമ്പോഴും അതിന്റെ വിവരങ്ങള്‍ രാജ്യത്തെ പരമ്മോന്നത നിയമനിര്‍മ്മാണസഭയില്‍ നിന്നും മറച്ചുവെക്കാനുള്ള മോദി സര്‍ക്കാരിന്റെ തീരുമാനം ഈ രാജ്യത്തെ ജനാധിപത്യ പ്രക്രിയയോടും ജനങ്ങളോടുമുള്ള വെല്ലുവിളിയാണ്. സഭയില്‍ ഇതിനൊന്നും മറുപടി പറയാതെ കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന തെരഞ്ഞെടുപ്പ് പ്രസംഗം നടത്തി തടി കയ്ച്ചിലാക്കുകയാണ് മോദി. ഒരു വിഷയത്തിനും കേവലം വാചാടോപത്തിനപ്പുറം അയാള്‍ക്കുത്തരമില്ല. കള്ളപ്പണം കൊണ്ടുവന്നോ, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതാരാണ്; വിലക്കയറ്റമോ, സര്‍ദാര്‍ പട്ടേലിനെ എന്തുകൊണ്ട് കോണ്‍ഗ്രസ് പ്രസിഡണ്ടാക്കിയില്ല; ജി എസ് ടി വിജയിച്ചോ, ചായക്കടക്കാരന്‍ പ്രധാനമന്ത്രിയായതില്‍ നിങ്ങള്‍ക്കസൂയയാണ്; ഈ നിലയ്ക്കാണ് അയാളുടെ മറുപടികള്‍. പാര്‍ലമെന്റിന് ഉത്തരങ്ങള്‍ ലഭിക്കുന്നില്ലെങ്കില്‍ ജനങ്ങള്‍ക്ക് ലഭിക്കുന്നില്ല എന്നാണര്‍ത്ഥം. രാജ്യത്തെ പണയം വെക്കുന്ന അന്താരാഷ്ട്രക്കരാറുകള്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ ചര്‍ച്ച പോലും ചെയ്യാതെ ഒപ്പിട്ടുപോന്ന മുന്‍ സര്‍ക്കാരുകളുണ്ട്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഈ ആന്തരിക ദൌര്‍ബല്യത്തെയാണ് മോദി തന്റെ അഴിമതി മറച്ചുപിടിക്കാന്‍ ഇപയോഗിക്കുന്നത്.

അനില്‍ അംബാനിക്കറിയാം, ഇന്ത്യന്‍ പാര്‍ലമെന്റിനറിയില്ല ഇന്ത്യ മുടക്കുന്ന അരലക്ഷത്തിലേറെ കോടി രൂപയുടെ രഹസ്യങ്ങള്‍ എന്നാണവസ്ഥ. ഫ്രഞ്ച് സര്‍ക്കാരിനും ഫ്രഞ്ച് കമ്പനിക്കും അറിയാം , ഇന്ത്യന്‍ പാര്‍ലമെന്റിനും ഇന്ത്യയിലെ ജനങ്ങള്‍ക്കുമറിയില്ല ഇന്ത്യയുടെ പ്രതിരോധത്തിനായി എന്താണ് ചെയ്യുന്നത് എന്നാണാവസ്ഥ. ഇതിലും വലിയ ജനാധിപത്യ നിഷേധമുണ്ടോ!

http://www.azhimukham.com/blackmoney-narendra-modi-goutam-adani-supreme-court-list-sffidavit-india/

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories