TopTop
Begin typing your search above and press return to search.

അഫ്രാസുല്‍; മതേതര ജനാധിപത്യത്തിന്റെ മരണപ്രവചനം

അഫ്രാസുല്‍; മതേതര ജനാധിപത്യത്തിന്റെ മരണപ്രവചനം
രാജസ്ഥാനിലെ രാജ്സമന്ത് ജില്ലയില്‍ നടന്നത് സമാനതകള്‍ ഇല്ലാത്തവണ്ണം ക്രുരമായ ഒരു കൊലപാതകമാണ്. നാട്ടിലെ ഹിന്ദു സ്ത്രീകളെ 'ലവ് ജിഹാദി'ല്‍ നിന്ന് രക്ഷിക്കാന്‍ ഒരു മുസല്‍മാനെ പച്ചയ്ക്ക് വെട്ടിക്കൊന്ന് കത്തിക്കുക. അത് ദൃശ്യങ്ങളില്‍ പകര്‍ത്തി ഇന്റര്‍നെറ്റ് വഴി രാജ്യമെമ്പാടും എത്തിക്കുക. പ്രസ്തുത  കുറ്റകൃത്യത്തിന്റെ ദൃശ്യങ്ങള്‍ മാത്രമല്ല, അത് ചെയ്ത ആള്‍ താന്‍ എന്തിനിത് ചെയ്തു എന്ന് കാര്യകാരണസഹിതം വിശദീകരിക്കുന്ന മറ്റൊരു വീഡിയോയും ഉണ്ടത്രേ. ഈ വീഡിയോകള്‍ നെറ്റില്‍ 'വൈറല്‍' ആയി എന്ന വിശേഷണവും കൂടി ആയാല്‍ ചിത്രം പൂര്‍ത്തിയായി.

പശ്ചിമ ബംഗാള്‍ സ്വദേശിയായ അഫ്രാസുല്‍ എന്ന മനുഷ്യനാണ് ക്രൂരമായ കൊലപാതകത്തിന് ഇരയായത്. എന്തായാലും അഫ്രാസുലിന്റെ മരണം സ്ഥിതികരിക്കപ്പെട്ടുകഴിഞ്ഞു. കൃത്യം നടത്തിയ ആള്‍ പിടിയിലുമായി. നിലനില്‍ക്കുന്ന ഇന്ത്യന്‍ നിയമ വ്യവസ്ഥ പ്രകാരം പൊലീസ് പിടിയില്‍ ആകുന്നതിന് മുമ്പേ പ്രതി കുറ്റം സമ്മതിച്ച് കഴിഞ്ഞ ഈ കേസില്‍ അയാള്‍ ശിക്ഷിക്കപ്പെടും എന്നതും ഉറപ്പ്. എന്നാല്‍ അവിടെ തീരുന്ന ഒരു സാധാരണ ക്രമസമാധാന പ്രശ്നം മാത്രമാണോ രാജ്സമന്ത് സംഭവം?

അഭിമാനമാകുന്ന  കുറ്റകൃത്യങ്ങള്‍

സാധാരണ ഗതിയില്‍ ഒരു കുറ്റവാളിയും താന്‍ ചെയ്ത കുറ്റകൃത്യത്തിന്റെ തെളിവുകള്‍ നശിപ്പിക്കാനല്ലാതെ സ്വയം ശേഖരിച്ച് നാടുനീളെ പ്രചരിപ്പിക്കാന്‍ ഒരുമ്പെടില്ല. എന്നാല്‍ ഇവിടെ സംഭവിച്ചിരിക്കുന്നത് അതല്ല. പ്രതി തന്നെ മുന്‍കൈ എടുത്ത് കൃത്യം വീഡിയോയില്‍ പകര്‍ത്തി സംപ്രേക്ഷണം ചെയ്യുന്നു. ഒപ്പം കൃത്യത്തെ ന്യായീകരിച്ചുകൊണ്ട് മറ്റൊരു വീഡിയോയും. രണ്ടാമത്തെ വീഡിയോയുടെ ഉദ്ദേശം തനിക്ക് നേരിടേണ്ടുന്ന നിയമ നടപടികളില്‍ തന്റെ ഭാഗം സാധൂകരിക്കാനല്ല എന്ന് വ്യക്തം. പിന്നെ എന്തിന്?

http://www.azhimukham.com/opinion-muslim-man-burned-alive-sangh-parivar-india-sreekanth/

ശംഭുലാല്‍ റെയ്ഗറിന് താന്‍ ചെയ്തത് ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം തൂക്കുകയര്‍ വരെ ലഭിക്കാവുന്ന ഒരു കുറ്റകൃത്യമാണെന്ന് അറിയാം. അല്ല എന്ന് വിശ്വസിക്കാന്‍ അയാള്‍ മാനസിക വൈകല്യങ്ങള്‍ അനുഭവിച്ചുപോരുന്ന ഒരാള്‍ ആണെന്ന രാജസ്ഥാന്‍ ഡിജിപിയുടെ മുന്‍കൂര്‍ ജാമ്യമൊന്നും മതിയാവുകയില്ല. അപ്പോള്‍ അയാള്‍ ഈ കൃത്യം ചെയ്തതും അതിന്‍റെ വീഡിയോ എടുത്ത് ലോകമൊട്ടുക്ക് പ്രചരിപ്പിച്ചതും യാദൃശ്ചികമായ ഒരബദ്ധമൊന്നും അല്ല എന്ന് വ്യക്തം.

മോഷണം, പിടിച്ചുപറി മുതല്‍ ആകസ്മിക കൊലപാതകങ്ങള്‍ വരെയുള്ള വിവിധതരം കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് നീതിപീഠത്തിന് മുമ്പില്‍ നില്‍ക്കുന്നവരും, ദുരഭിമാന കൊല, പ്രത്യയശാസ്ത്രപരമായ കൊലകള്‍, അക്രമങ്ങള്‍, സൈനിക കൊലകള്‍ തുടങ്ങിയ ചിലവയുമായി ബന്ധപ്പെട്ട് വിചാരണ ചെയ്യപ്പെടുന്നവരും തമ്മില്‍ അടിസ്ഥാനപരമായി തന്നെ ഒരു വ്യത്യാസമുണ്ട്. സാധാരണ ഗതിയില്‍ ആദ്യ വിഭാഗത്തില്‍ പെട്ടവര്‍ക്ക് തങ്ങള്‍ ചെയ്തത് ഒരു കുറ്റകൃത്യമാണ് എന്ന ബോധ്യം ഉണ്ടായിരിക്കും. അതുകൊണ്ട് തന്നെ ശിക്ഷാ നടപടികളിലുടെ അവരെ തിരുത്തിയെടുത്ത് സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് തിരിച്ച് കൊണ്ടുവരിക എന്ന ഒരു സാധ്യത തത്വത്തില്‍ എങ്കിലും ഉണ്ട്. എന്നാല്‍ രണ്ടാമത്തെ വിഭാഗം തങ്ങള്‍ ചെയ്തത് സാമൂഹ്യപ്രസക്തവും വ്യക്തിനിരപേക്ഷവുമായ ഒരു ധീരകൃത്യമാണെന്ന് കരുതുന്നു; ശിക്ഷയെ രക്തസാക്ഷിത്വമായും. അവരെ തിരുത്തുക സാധ്യമല്ല.

ശംഭു ലാല്‍ റെയ്ഗര്‍ താന്‍ ചെയ്തത് ഒരു കുറ്റകൃത്യമായി കാണുന്നില്ല. മറിച്ച് അയാളെ സംബന്ധിച്ചിടത്തോളം അത് അഭിമാനകരമായ ഒരു സന്നദ്ധ പ്രവര്‍ത്തനമാണ്. അതിന്റെ പ്രത്യാഘാതങ്ങളെ അയാള്‍ ഭയക്കുന്നില്ല; അതാണ്‌ സത്യം!

http://www.azhimukham.com/india-muslim-labor-burned-alive-minor-boy-filmed-family-complained-accuse-mentally-unstable-drug-addict/

കുറ്റവും വ്യവസ്ഥയും

'കുറ്റം' എന്നത് സാര്‍വ്വകാലികമായി നിര്‍ണ്ണയിക്കപ്പെടുകയോ  സാര്‍വദേശീയമായി നിവര്‍ത്തിക്കപ്പെടുകയോ ചെയ്യാവുന്ന ഒന്നല്ല. അത് അതാത് വ്യവസ്ഥകള്‍ക്ക് ഉള്ളില്‍ നിലനില്‍ക്കുന്നതാണ്. സ്റ്റേറ്റിന് പോലും പലപ്പോഴും അതില്‍ നിര്‍ണ്ണയാവകാശമില്ല എന്നതാണ് പ്രായോഗിക സത്യം. സ്റ്റേറ്റിന് വേണമെങ്കില്‍ അതിന്റെ അംഗീകൃത വ്യവസ്ഥയ്ക്കുള്ളില്‍ കുറ്റത്തെ നിര്‍വചിക്കുകയും അത് ചെയ്യുന്നവരെ ശിക്ഷിക്കുകയും ചെയ്യാം. പക്ഷെ അതുകൊണ്ട് അവരില്‍ കുറ്റബോധം ജനിപ്പിക്കാന്‍ ആയെന്നുവരില്ല.

ഗോത്രീയമോ വംശീയമോ ദേശീയമോ ആയ യുദ്ധങ്ങളില്‍, സായുധ രാഷ്ട്രീയ വിപ്ലവങ്ങളില്‍ ഒക്കെ പങ്കെടുത്ത് പിടിക്കപ്പെടുന്നവര്‍ കുനിഞ്ഞ ശിരസുമായാവില്ല നിയമത്തെ നേരിടുന്നത്. മതവും രാഷ്ട്രീയവും ഒന്നിക്കുന്ന മതരാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളാല്‍ പ്രചോദിതരായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ കാര്യവും വ്യത്യസ്തമല്ല. കാരണം അവര്‍ വിശ്വസിക്കുന്ന വ്യവസ്ഥയ്ക്കുള്ളില്‍ അവര്‍ ശരിയാണ്. തെറ്റാകുന്നത് മറ്റൊരു വ്യവസ്ഥയുടെ നൈതിക സങ്കല്പങ്ങളില്‍ നിന്ന് നോക്കുമ്പോള്‍ മാത്രമാണ്.

രാജസ്ഥാനില്‍ നടന്ന ദാരുണമായ കൊലപാതകത്തിലും മുഴച്ച് നില്‍ക്കുന്നത് ഇതാണ്. കൃത്യം ചെയ്ത ശംഭുലാലിനെ സംബന്ധിച്ചിടത്തോളം അയാള്‍ ചെയ്തത് ഒരു കുറ്റകൃത്യമല്ല, മറിച്ച് സാമൂഹ്യപ്രസക്തവും ധീരവുമായ ഒരു കൃത്യമാണ്. ഹിന്ദു സ്ത്രീകളെ ലവ് ജിഹാദില്‍ നിന്ന് രക്ഷിക്കുക എന്ന ഒരു ഹിന്ദുവിന്റെ 'ധര്‍മ്മം' നിര്‍വഹിക്കുക മാത്രമേ അയാള്‍ ചെയ്തിട്ടുള്ളു.

ശംഭു ലാല്‍ റെയ്ഗര്‍ എന്ന മനുഷ്യന്‍ താന്‍ ചെയ്ത കൃത്യത്തെ ആളെ വച്ച് തത്സമയം ദൃശ്യത്തിലേക്ക് പകര്‍ത്തി വിശദീകരണ സഹിതം പ്രചരിപ്പിച്ചത് താന്‍ ചെയ്തത് കര്‍തൃത്വം നഷ്ടമാകാതെ നാടൊട്ടുക്ക് അറിയപ്പെടേണ്ട ഒരു മഹദ് കര്‍മ്മം എന്ന നിലയിലാണ്. ആ ദാരുണ ദൃശ്യം കൈവിറയ്ക്കാതെ പകര്‍ത്തിയത് ഒരു കൌമാരക്കാരനാണ്. അത് ആഘോഷിച്ചവരില്‍, ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു പങ്ക് വച്ചവരില്‍ എല്ലാ പ്രായത്തില്‍പ്പെട്ടവരും ഉണ്ട്. ആ നിലയ്ക്ക് ശംഭുലാലിനെ ശിക്ഷിക്കാം. പക്ഷെ അയാള്‍ ചെയ്ത കൃത്യത്തെ എങ്ങനെ ശിക്ഷിക്കും? അതില്‍ ഒരുപാടുപേര്‍, ഉണ്ട് എന്ന് കരുതുന്ന ശരിയെ എങ്ങനെ തെറ്റെന്ന് സാംസ്കാരികമായി  സ്ഥാപിക്കുകയെങ്കിലും ചെയ്യും?

http://www.azhimukham.com/trending-shocking-video-man-axing-buring-muslim-labor-alive-love-jihad-in-rajasthan/

നഷ്ടമായ നിശ്ചയങ്ങള്‍

അഫ്രസുല്‍ പേരക്കുട്ടിയുടെ വിവാഹം നിശ്ചയിച്ച് നാട്ടില്‍ നിന്നും മടങ്ങി പോയ ഒരു മധ്യവയസ്കനാണ്. അയാള്‍ക്ക് ആരുമായും പ്രണയമില്ല എന്ന് അദ്ദേഹത്തിന്റെ ഭാര്യ വാദിക്കുന്നത് ന്യായം.അവരെ സംബന്ധിച്ചിടത്തോളം  ഭാര്യാ-ഭര്‍തൃബന്ധത്തിന്റെ വൈകാരിക ബോണ്ടേജിനെയും സാമൂഹ്യ കരാറിനെയും തകര്‍ക്കുന്ന ഒരു ആരോപണം എന്ന നിലയില്‍ അത് വളരെ പ്രധാനമാണ്. എന്നാല്‍ പൊതുസമൂഹത്തെ സംബന്ധിച്ചിടത്തോളം അത് ഒരു പ്രാഥമിക പരിഗണന ആകേണ്ടതില്ല. ആയാല്‍ അയാള്‍ക്ക് ഒരു ഹിന്ദു പെണ്‍കുട്ടിയുമായി പ്രണയമുണ്ടായിരുന്നു എന്ന ആരോപണം ശരിയായിരുന്നു എങ്കില്‍ അയാള്‍ നേരിട്ട വിധിയും ശരിയായേനെ എന്ന ഒരു ധ്വനി അതില്‍ വരും.

അഫ്രാസുലില്‍  ആരോപിക്കപ്പെട്ട  അന്യമത പ്രണയം സത്യമാണെങ്കില്‍ തന്നെ അതെങ്ങനെ ലവ് ജിഹാദാകും എന്നതാണ് ചോദ്യം. ലവ് ജിഹാദ് എന്ന ഒരു സാധ്യത അംഗീകരിക്കണമെങ്കില്‍ മുന്നുപാധിയായി സ്ത്രീയുടെ ഏജന്‍സി എന്ന കല്‍പ്പനയെ ഒട്ടാകെ നിരാകരിച്ചേ മതിയാവു. “ന സ്ത്രീ സ്വാതന്ത്ര്യം അര്‍ഹതി” എന്ന് പ്രഖ്യാപിക്കുന്ന, അവളുടെ അസ്തിത്വത്തെ പിതാവിന്റെയും ഭര്‍ത്താവിന്റെയും മകന്റെയും രക്ഷാകര്‍തൃത്വങ്ങള്‍ക്കിടയില്‍ വീതം വയ്ക്കുന്ന ഒരു വ്യവസ്ഥയില്‍ പക്ഷേ, ഏത് അന്യമത പ്രണയവും ലവ് 'ജിഹാദോ' തത്തുല്യ വകഭേദങ്ങളോ ആവുകയും ചെയ്യാം.

മറ്റെല്ലാം എന്ന പോലെ നൈതികതയും അബ്സല്യുട്ട് അല്ല. ഒരു വ്യവസ്ഥയുടെ നൈതികതയെ അതിന്റെ ആന്തരിക യുക്തികള്‍ വച്ചാണ് വിലയിരുത്തേണ്ടത്. അല്ലാതുള്ള സാമാന്യവത്ക്കരണങ്ങളില്‍ ഒക്കെയും അധികാരമാണ് പ്രവര്‍ത്തിക്കുന്നത്. അത് ഹിംസയാണ് എന്ന് ഉത്തരാധുനികത സിദ്ധാന്തിക്കുന്നു. ആ സിദ്ധാന്ത പ്രകാരം നൈതിക സങ്കല്‍പ്പങ്ങള്‍ വ്യവസ്ഥയ്ക്കനുസരിച്ച് മാറിക്കൊണ്ടിരിക്കും. അത് പൂര്‍ണ്ണമായും സാധുവാണ്‌. ഒരു വ്യവസ്ഥയുടെ നൈതിക സങ്കല്‍പം ആധാരമാക്കി മറ്റൊന്നിനെ വിലയിരുത്തുന്നതും പ്രാകൃതമെന്ന് വിലയിരുത്തുന്നതും ഹിംസയാണ്. മതരാഷ്ട്രങ്ങളില്‍ വ്യക്തിയുടെ അവകാശങ്ങള്‍ പരിമിതപ്പെടുന്നതും സാമൂഹ്യ നിയമങ്ങള്‍ അനുസരിച്ച് അല്ലാതെ അവര്‍ പ്രവര്‍ത്തിക്കുന്നതോ, ചിന്തിക്കുന്നത് പോലുമോ കുറ്റകൃത്യമാകുന്നതും വ്യവസ്ഥയുടെ ഭാഗമാണ്. അതുകൊണ്ട് മതരാഷ്ട്രങ്ങളിലെ വ്യവസ്ഥ പ്രാകൃതമോ, പരിഷ്കരിക്കപ്പെടേണ്ടതോ ആകുന്നില്ല.

ആ നിലയ്ക്ക് ശംഭുലാലിന്റെ നൈതിക ബോധത്തെ നിര്‍ണ്ണയിക്കുന്ന വ്യവസ്ഥയും ന്യായമാണ് എന്നതിന് ഒരു 'സമഗ്ര  അക്കാദമിക് സൈദ്ധാന്തിക' പ്രപഞ്ചത്തിന്റെ തന്നെ സാക്ഷ്യമുണ്ട്. അതില്‍ ഹിന്ദുത്വവാദികളുടെ മാത്രമല്ല, ഇസ്ലാമിസ്റ്റ്, അമാനവ, അനാര്‍ക്കിസ്റ്റ്, അനാര്‍ക്കി കോണ്‍ഗ്രസ് പക്ഷങ്ങളുടെ ഒക്കെ കയ്യൊപ്പ് ഉണ്ട്. അപ്പോള്‍ പിന്നെ 'സ്ട്രാറ്റജിക് എസ്സെന്‍ഷ്യലിസ'ങ്ങള്‍ക്ക് അപ്പുറം ഇല്ലൊന്നിനും ഒരു നിശ്ചയം എന്ന് വരുന്നു.

http://www.azhimukham.com/trending-pratheesh-vishwanathan-provokes-again-in-rajastan-love-jihad-burn-kill/

മുറുകുന്ന കയര്‍

താത്വിക സംവാദങ്ങളും 'കൂട്ടിത്തൊടീക്ക'ലിനായുള്ള സൈദ്ധാന്തിക നെട്ടോട്ടങ്ങളും മലക്കം മറിച്ചിലുകളും തുടരുമ്പോഴും ഒന്ന്, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മാറ്റമില്ലാതെ തുടരുന്നു. രാജസ്ഥാന്‍ എന്ന് വെറുതെ ഗൂഗിളില്‍ ഒന്ന് തിരഞ്ഞാല്‍ പശുക്കൊല, ആക്രമണങ്ങള്‍, ഗായകന്റെ കൊല, ലവ് ജിഹാദ് കൊലകള്‍ ഒക്കെ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. ഇരകള്‍ സ്ഥിരമായും മുസ്ലിം, ദളിത്‌ വിഭാഗങ്ങളില്‍ പെട്ടവര്‍ തന്നെ. സംഘപരിവാര്‍ വന്‍ ഭൂരിപക്ഷത്തോടെ കേന്ദ്രവും ഭൂരിപക്ഷം സംസ്ഥാനങ്ങളും ഭരിക്കുമ്പോള്‍ ബ്യുറോക്രസി മുതല്‍ മാധ്യമ, നീതിന്യായ സംവിധാനങ്ങളില്‍ വരെ അവര്‍ക്കുള്ള സ്വാധീനം ഊഹിക്കാവുന്നതേ ഉള്ളൂ. അതുകൊണ്ട് തന്നെ ഈ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ഏറിയ പങ്കും അവരുടെ താല്പര്യങ്ങള്‍ക്കനുസരിച്ച് ആവും എന്നതും.

ഇതിനെ എങ്ങനെ നേരിടും? സ്വതന്ത്ര ഇന്ത്യയില്‍ ഉണ്ടായ മുസ്ലിം വംശഹത്യകളുടെ ഒക്കെ പശ്ചാത്തലത്തില്‍ ഹിന്ദു രാഷ്ട്രവാദത്തിന്റെയും അത് സജ്ജമാക്കി നിര്‍ത്തിയ മിലിറ്റന്റ്റ് സിവിലിയന്‍ ഗ്രൂപ്പുകളുടേയും സാന്നിധ്യം പ്രകടമാണ്. അതൊന്ന് അടങ്ങിയ സമാധാനകാലങ്ങള്‍ ഒക്കെയും ആധുനിക  മതേതര ജനാധിപത്യ മൂല്യങ്ങള്‍ നേടിയ സാംസ്കാരിക മേല്‍ക്കോയ്മയാല്‍ അടയാളപ്പെടുന്നതും. അതായത് ഇന്ത്യയെ പോലെയുള്ള ഒരു ബഹുസ്വര ജനാധിപത്യത്തിന്റെ ചരിത്രത്തില്‍ ഉള്ള സുഗമ കാലഘട്ടങ്ങള്‍ ഒക്കെയും,  മതരാഷ്ട്ര വാദത്തിനു മേല്‍ മതേതര ജനാധിപത്യത്തിന് കൈവരിക്കാനായ മേല്‍ക്കോയ്മയാലാണ്; നീതിന്യായ വ്യവസ്ഥയാലോ, പോലീസ്, പട്ടാള സംവിധാനങ്ങളാലോ അല്ല സാധ്യമായത് എന്ന്.

പതിറ്റാണ്ടുകള്‍ക്ക് എല്‍.കെ അദ്വാനി, വ്യാജ മതേതരത്വം എന്ന പ്രയോഗം മുന്നോട്ട് വച്ചതും അതിന് വ്യാപക പ്രചാരം ഉണ്ടായതും നാം ഓര്‍ക്കുന്നുണ്ടാവും. അതിന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ പ്രകടവുമാണ്‌. അതിനെ ചെറുത്ത് തോല്‍പ്പിക്കുന്നതിനു പകരം അത് ഉണ്ടാക്കാന്‍ ശ്രമിച്ച ഹിന്ദു- മുസ്ലിം ദ്വന്ദത്തിന്റെ ഇങ്ങേത്തലയ്ക്കല്‍, മുസ്ലീങ്ങളുടെ യഥാര്‍ത്ഥ പ്രതിനിധികള്‍ എന്ന് വാദിക്കുന്നവരും മുസ്ലിങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യയിലെ പാര്‍ശ്വവല്കൃത സമൂഹങ്ങളുടെ മൊത്തപ്രതിനിധികള്‍ എന്ന് വാദിക്കുന്ന സ്വത്വവാദികളും ചേര്‍ന്ന് ചെയ്തതോ, 'ഹിന്ദു സെക്കുലറിസം' എന്ന ഒരു സംജ്ഞ ഉണ്ടാക്കി ആ മഹത്തായ ആശയത്തെ മൊത്തമായും കയ്യൊഴിയുക മാത്രമല്ല, അതിന് അക്കാദമിക്ക് ഫാഷനബിലിറ്റി നിര്‍മ്മിച്ച് നല്കുകയും ചെയ്തു.

http://www.azhimukham.com/trending-guilty-should-be-punished-syas-mother-of-man-axed-burnt-in-rajasthan/

അനിവാര്യമായ ഫലം

ഒരു ബഹുസ്വര സമൂഹത്തില്‍ അതിന്റെ ഭൂരിപക്ഷത്തിനും മുഖ്യ ന്യുനപക്ഷത്തിനും ഇടയില്‍ നിര്‍മ്മിതമായ വിടവിനെ നേരിടാന്‍ ആകെയുള്ള ഒരു ഉപകരണം കൈവിട്ടാല്‍ എന്താവും സംഭവിക്കുക? ഹിന്ദുത്വവാദത്തെ നേരിടാന്‍ പാന്‍ ഇസ്ലാമിസം എന്നാവും. അത്തരം ഒരു സാഹചര്യത്തില്‍ സാമാന്യബുദ്ധിയുള്ള ആരും ആശങ്കപ്പെടുക  ഇനി നമുക്ക് പന്നി ഇറച്ചി കഴിക്കാനും മദ്യം സേവിക്കാനും കഴിയില്ലേ എന്നല്ല. ഇത് ഒരു പ്രതീതിയായെങ്കിലും നിലനിന്നാല്‍ ശംഭു ലാല്‍ നാഷണല്‍ ഹീറോ ആകുന്ന, പശു ഇറച്ചി തിന്നുന്നതും  അന്യമതത്തിലെ ഇണയോട് ഇഷ്ടം തോന്നുന്നതും ഒരുപോലെ  കുറ്റകൃത്യമാകുന്ന ഒരു വ്യവസ്ഥ അടുത്തിരിക്കുന്നു എന്നാവും. അതായത് വ്യക്തിഗത ഇഷ്ടങ്ങള്‍ ഒക്കെയും ഗോത്ര വ്യവസ്ഥയ്ക്ക് പണയം വയ്ക്കേണ്ടി വരുന്ന, വ്യക്തി ഇല്ലാതാകുന്ന കാലം എന്നതാവും.

ഇന്ത്യയെ നിര്‍വചിക്കുന്നതും നിലനിര്‍ത്തുന്നതും അതിന്റെ ഭരണഘടനയും അത് ഉയര്‍ത്തിപ്പിടിച്ച് പോരുന്ന ആധുനിക മതേതര, സോഷ്യലിസ്റ്റ്, ജനാധിപത്യ മൂല്യങ്ങളുമാണ്. അതിനെതിരേ ഉണ്ടായ ആക്രമണത്തിന്റെ രക്തസാക്ഷിയാണ് അഫ്രാസുല്‍ ഉള്‍പ്പെടെ ഈ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ജീവന്‍ വെടിഞ്ഞ മുസല്‍മ്മാന്മാരും ദളിതരും. അവരുടെ ദേഹത്തുവീണ ഓരോ അടിയും ദേഹം വെടിഞ്ഞ ഓരോ പ്രാണനും നമ്മുടെ ജനാധിപത്യത്തിന്‍റെ മരണ പ്രവചനങ്ങളാണ്.

ചെറുത്തുനില്‍പ്പ് നിയമ വ്യവസ്ഥയ്ക്കും ഭരണകൂടത്തിനുമായി വിട്ടുകൊടുക്കുന്നത് ആത്മഹത്യാപരമായിരിക്കും. അതിലും ആത്മഹത്യാപരമായിരിക്കും പാനിന്ത്യന്‍ സാഹചര്യങ്ങളില്‍ ഇത്തരം കായികമായ അക്രമങ്ങളെ കായികമായി തന്നെ ചെറുക്കാന്‍ ശ്രമിക്കുന്നതും. മതേതര ജനാധിപത്യ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള  സാംസ്കാരികമായ ചെറുത്തുനില്‍പ്പുകളുടെ ആഘോഷ സമാനമായ  തുടര്‍ച്ച. എന്തൊക്കെ പരിമിതികള്‍ ഉണ്ടായാലും ഈ ആസന്ന കാലത്ത് ജനങ്ങളെ ജനാധിപത്യത്തിലേക്ക് ആകര്‍ഷിക്കാന്‍, അതിനെ വീണ്ടെടുക്കാന്‍ വേറെ വഴിയില്ല എന്ന് തോന്നുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

http://www.azhimukham.com/trending-fb-post-of-sweets-distribution-for-celebrating-baberi-masjid-demolition/

Next Story

Related Stories