വിദേശം

പശ്ചിമേഷ്യയെ വെട്ടി മുറിക്കുകയാണ്; സിറിയയെ വീതം വച്ചു, അടുത്തത് യെമന്‍

സദ്ദാം ഹുസൈൻ, അബ്ദുള്ളാ അലി സാലിഹ്, ഗദ്ദാഫി പോലുള്ള ഒരു പാട് ഏകാധിപതികളുടെ ശവപ്പറമ്പ് കൂടിയാണ് അറബ് തെരുവുകൾ.

സൗദി, ഇറാൻ ചേരികളും മേഖലയ്ക്ക് പുറത്തുള്ള വൻ ശക്തികളും ചേർന്ന് കഷ്ണം കഷ്ണമായി പശ്ചിമേഷ്യയെ വീതം വെക്കുകയാണ്. സിറിയയിൽ തുടങ്ങിയ ഈ പരിപാടി യമനിലും നടപ്പാക്കുന്നതിലെ നിർണായക ഘട്ടമാണ് ഇന്നലെ അരങ്ങേറിയ സംഭവങ്ങൾ.

സിറിയയിൽ 2011-ൽ പൂർണമായും സമാധാനപരമായിരുന്ന ജനാധിപത്യ പ്രക്ഷോഭത്തോടെയായിരുന്നു തുടക്കം. സമരക്കാരെ കൊന്നൊടുക്കിയും ജയിലിലായിരുന്ന തീവ്രവാദികളെ മുഴുവൻ തുറന്ന് വിട്ടും സമരത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾക്ക് അസദ് തന്നെ തുടക്കമിട്ടു. അവസരം മുതലെടുത്ത് ഇറാനും സൗദിയും രംഗത്തിറങ്ങിയത് വളരെ പെട്ടെന്നായിരുന്നു. തുർക്കിയും ഖത്തറും അമേരിക്കയും അവരുടേതായ പങ്ക് വഹിച്ചു. ഐസിസ് ഒരു ഭീകര പ്രതിഭാസമായി അഴിഞ്ഞാടിയ അവസരം മുതലെടുത്ത് റഷ്യയും യുദ്ധ രംഗത്തേക്കിറങ്ങി. ഏഴു വർഷം പിന്നിടുമ്പോൾ രാജ്യം തവിടുപൊടിയായി, സമ്പദ് വ്യവസ്ഥ പൂർണമായും തകർന്നടിഞ്ഞു, പതിനായിരങ്ങൾക്ക് ജീവനും ലക്ഷങ്ങൾക്ക് വീടും നഷ്ടപ്പെട്ടു. പോരാട്ടം ഏറെക്കുറെ നിലയ്ക്കുമ്പോൾ ബാക്കിയാവുന്നത് വെട്ടിമുറിച്ച സിറിയയാണ്.

തലസ്ഥാനവും അലെപ്പോ അടക്കമുള്ള പ്രധാന ജനവാസ കേന്ദ്രങ്ങളും അസദിന്റെയും ഇറാൻ മിലീഷ്യകളുടേയും നിയന്ത്രണത്തിലാണ്. തുർക്കിയോട് അടുത്തുള്ള വടക്ക് ഭാഗം കുർദ് സേനകളായ YPG, SDF പോലുള്ളവരുടെ നിയന്ത്രണത്തിലാണ്. അമേരിക്കയുടെ രാഷ്ട്രീയവും സൈനികവുമായ മേൽനോട്ടത്തിൽ പോരാടിയ ഇവരിലൂടെ അമേരിക്കൻ താൽപര്യം തുടർന്നും സംരക്ഷിക്കപ്പെടും. പോരാത്തതിന് ഈ ഭാഗത്ത് സ്ഥിരമായ അമേരിക്കൻ സൈനിക സാന്നിധ്യം ഉണ്ടാവുന്നതിനെ പറ്റി വിദേശകാര്യ സെക്രട്ടറി റെക്സ് ടെല്ലേഴ്സൺ വ്യക്തമായ സൂചന നൽകിക്കഴിഞ്ഞു. കുർദുകളെ അടിച്ചമർത്തൽ ഔദ്യോഗിക നയമായ തുർക്കി സ്വാഭാവികമായും ഇതിൽ ബേജാറായിരുന്നു. പക്ഷേ ഇതിൽ തുർക്കിയോട് ചേർന്ന ആഫ്രിൻ, തുർക്കി സേന ആക്രമണം നടത്തി തിരിച്ചു പിടിച്ചപ്പോൾ റഷ്യ പൂർണമായും സഹകരിക്കുകയായിരുന്നു. ഇറാനും അമേരിക്കയുമൊന്നും വഴിപാട് വാക്കുകൾക്കപ്പുറം തുർക്കിയെ എതിർത്തില്ല. അവനവന്റ പങ്ക് അനുവദിച്ച് കൊടുക്കാൻ ഇവരൊക്കെ തയ്യാറാണ്. സിറിയയിൽ റഷ്യൻ സൈനിക താവളം നേരത്തേയുണ്ട്. സാന്നിധ്യം കൂടുതൽ ശക്തമാവുമെന്ന സൂചനകൾ വന്നു കഴിഞ്ഞു. ഫലത്തിൽ സിറിയയിൽ ഇറാനും അമേരിക്കയും റഷ്യയും തുർക്കിയും സൈനികമായി തന്നെ ഉണ്ടാവും. സൗദി പിന്തുണച്ചിരുന്ന റിബലുകൾ യുദ്ധത്തിൽ പരാജയപ്പെട്ടത് കൊണ്ട് സൗദി സാന്നിധ്യം ഉണ്ടാവില്ല. പഴയ സിറിയ എന്നൊന്ന് ഇനിയില്ല.

സമാധാനമാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് സല്‍മാന്‍ രാജാവ്: സൗദി യമനില്‍ ചെയ്യുന്നതെന്താണെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്

ഇതിന്റെ ആവർത്തനമാണ് യമനിൽ അരങ്ങേറുന്നത്. സിറിയ പോലെ കൈവിട്ട് പോവാതിരിക്കാൻ സൗദി കൂടുതൽ ഹിംസാത്മകമായി തന്നെ ഇടപെട്ട സ്ഥലമാണ് യമൻ. ഇറാനാണെങ്കിൽ ഹൂതി റബലുകളെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും നേരിട്ടിടപെടുന്നില്ല. സഖ്യസേന എന്ന ലേബലിൽ ആയിരുന്നെങ്കിലും ഫലത്തിൽ സൗദി-യുഎഇ സഖ്യമായിരുന്നു ഇടപെട്ടത്. യു എൻ അംഗീകൃത പ്രസിഡന്റ് അബ്ദുറബ്ബ് മൻസൂർ ഹാദിയുടെ സർക്കാരിനെ പിന്തുണക്കാനെന്നതായിരുന്നു ഔദ്യോഗിക ഭാഷ്യം. യഥാർത്ഥ പ്ലാൻ സിറിയയിൽ ഇറാൻ നേടിയത് യമനിൽ നേടാനായിരുന്നു. രണ്ടാഴ്ച കൊണ്ട് തീർക്കുമെന്ന് മുഹമ്മദ് ബിൻ സൽമാൻ പ്രതീക്ഷിച്ചിരുന്ന ആഭ്യന്തര യുദ്ധം 3 വർഷം നോക്കിയിട്ടും തീർക്കാനായിട്ടില്ല. തലസ്ഥാന നഗരിയായ സനാ അടക്കമുള്ള വലിയൊരു ഭാഗം ഹൂതികൾ നിയന്ത്രിക്കുന്നു. ജനസംഖ്യയുടെ 80 ശതമാനം ഹൂതി നിയന്ത്രിത വടക്കൻ മേഖലയിലാണ്. കിഴക്ക് ഭാഗത്ത് അൽ ഖായിദ വളരെ ശക്തമാണ്. ഏദൻ തുറമുഖത്തോട് ചേർന്ന തെക്കൻ മേഖല പ്രസിഡന്റ് ഹാദിയുടെ സൈനിക നിയന്ത്രണത്തിലാണ്. കൂടാതെ സജീവ സാന്നിധ്യമായി സൗദി, യുഎഇ സേനകളുമുണ്ട്. സൗദിയെക്കാളുപരിയായി യുഎഇ തീറ്റി പോറ്റുന്ന വിദേശ കൂലിപ്പട്ടാളങ്ങളാണ് കൂടുതൽ. ഇതിനിടക്ക് പഴയ പ്രസിഡന്റും അറബ് ലോകത്തെ ഏറ്റവും വലിയ സമ്പന്നനുമായി അറിയപ്പെട്ടിരുന്ന അബ്ദുള്ള സാലിഹിന്റെ മലക്കം മറിച്ചിലുകളുമുണ്ടായിരുന്നു. ആദ്യം സൗദിയുടെ കൂടെയും പിന്നെ ഹൂതികളോടും പിന്നെ വീണ്ടും സൗദിയോടും കൂടെ നിന്നു. അവസാനം ഹൂതികൾ കൊന്ന് തെരുവിൽ തള്ളുകയും ചെയ്തു. ഇപ്പോഴത്തെ പ്രസിഡന്റ് ഹാദിയാണെങ്കിൽ സൗദിയിൽ പ്രവാസ ജീവിതത്തിലുമാണ്! നാമമാത്ര ഭരണം മാത്രമാണ് യമനിൽ നടക്കുന്നത്.

ഇറാനില്‍ യുവത്വം തെരുവിലാണ്; ഇസ്ലാമിസ്റ്റ് പൌരോഹിത്യത്തിന് അവരെ ഹൈജാക്ക് ചെയ്യാനാവില്ല

നിരന്തരം ബോംബിങ്ങ് നടത്തി നിരപരാധികളെ കൊല്ലുന്നതിനപ്പുറം യുദ്ധമുഖത്ത് ദയനീയ പ്രകടനമാണ് സൗദി നേതൃത്വത്തിലുള്ള സഖ്യസേന കാഴ്ചവെക്കുന്നത്. അതീവ ദുർബലമായ ഈ സേനയെ കൊണ്ട് ഹൂതികളെ ഒരിക്കലും തോൽപ്പിക്കാനാവില്ലെന്ന തിരിച്ചറിവാണ് ഏറ്റവും പുതിയ സംഭവ വികാസങ്ങളുടെ അടിസ്ഥാനം. ദിവസം 200 മില്യൻ ഡോളർ എന്ന അതിഭീകരമായ ചിലവും അന്താരാഷ്ട്ര ഒറ്റപ്പെടലും മാത്രം ബാക്കിയാക്കുന്ന യുദ്ധം ഈ രീതിയിൽ മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കില്ലെന്ന് വളരെ വൈകിയെങ്കിലും മുഹമ്മദ് ബിൻ സൽമാനും യുഎഇ യും മനസ്സിലാക്കുന്നു. പ്ലാൻ ‘എ’ പരാജയപ്പെട്ടപ്പോഴുള്ള പ്ലാൻ ‘ബി’ ആണ് വരുന്നത്. തങ്ങൾക്ക് നിയന്ത്രണമുള്ള തെക്കൻ യെമനെ വിഘടിപ്പിക്കുക എന്നതാണിതിലെ പ്രധാന ഐറ്റം. അതിനായി വിഘടന വാദത്തിനായി പോരാടിയിരുന്ന Southern Transitional Council (STC) എന്ന സംഘടനയെ കൂടെ കൂട്ടിയിട്ടുണ്ട്. അവരുടെ നേതൃത്വത്തിലാണ് ഇന്നലെ ഏദനിലെ സൈനിക ആസ്ഥാനം പിടിച്ചടക്കിയത്. ഒരു ബദൽ മാഫിയാ സർക്കാർ യുഎഇയുടെ നേതൃത്വത്തിൽ ഇപ്പോൾ തന്നെ സമാന്തരമായി നിലവിലുണ്ട്. ഇവരുടെ നേതൃത്വത്തിൽ നടക്കുന്ന കൊടിയ മനുഷ്യാവകാശ ലംഘനങ്ങളെ പറ്റി ഹ്യൂമൺ റൈറ്റ് വാച്ച് അടക്കമുള്ളവർ നേരത്തേ റിപ്പോർട്ട് ചെയ്തതാണ്. നിലവിലുള്ള പ്രസിഡന്റ് ഹാദി ‘അട്ടിമറി’ക്കെതിരെ  പ്രതികരിച്ചിട്ടുണ്ടെങ്കിലും കൂടുതലെന്തെങ്കിലും ചെയ്യാൻ പറ്റുമെന്ന് തോന്നുന്നില്ല. ചോറ് സൗദിയുടേതായത് കൊണ്ട് കൂറും അങ്ങോട്ടായേ പറ്റൂ. ഇപ്പോൾ താമസിക്കുന്നത് തന്നെ റിയാദിലാണ്. യുഎഇയെ ഏതെങ്കിലും രീതിയിൽ എതിർക്കാനുള്ള ഒരു താൽപര്യവും മുഹമ്മദ് ബിൻ സൽമാനും ഉണ്ടാവില്ല. ഏറ്റവുമടുത്ത വ്യക്തി ബന്ധം മാത്രമല്ല, അധികാരം കയ്യിൽ കിട്ടിയത് തൊട്ട് ഇത് വരെയുള്ള ഓരോ രാഷ്ട്രീയ, സൈനിക നീക്കവും ഒരുമിച്ചാണ് ചെയ്തത്. ഇതും അങ്ങനെയാവാനേ തരമുള്ളൂ. ഫലത്തിൽ ഇറാനും യുഎഇ/സൗദി ചേരിയും യമനെ പങ്കു വെക്കും.

ഈ കുഞ്ഞുങ്ങളുടെ കൂട്ടക്കുരുതി എന്താണ് ലോകം കാണാത്തത്?

ലെബനാനിൽ ഇതേ കളിക്ക് സൗദി പരമാവധി ശ്രമിച്ചെങ്കിലും ഹരീരിയും ഹിസ്ബുള്ളയും ലബനാൻ ജനതയുമെല്ലാം ഒറ്റക്കെട്ടായി നിന്നത് കൊണ്ട് പരാജയപ്പെട്ടു. ഇറാഖിലെ കുർദ് മേഖലയുടെ മേൽ ബാഗ്ദാദിന്റെ നിയന്ത്രണം ഇല്ലാതാവുകയാണ്. ഇങ്ങനെ വെട്ടിമുറിക്കപ്പെടുമ്പോൾ അധികാര വികേന്ദ്രീകരണമല്ല നടക്കുന്നത്; കൊളോണിയൽ, സൈനിക വിപുലീകരണമാണ്.

ഇങ്ങനെ നിരവധിയായ കഷ്ണങ്ങളായി മുറിഞ്ഞ് കൊണ്ടിരിക്കുകയാണ് പശ്ചിമേഷ്യ. ഒന്നാം ലോകമഹായുദ്ധത്തിന് ശേഷം ഫ്രഞ്ച്-ബ്രിട്ടീഷ് കൊളോണിയൽ ശക്തികൾ സൈക്സ്-പിക്കോ രഹസ്യ കരാർ വഴി വെട്ടി മുറിച്ചതിന്റെ ആവർത്തനമാണ് വേറൊരു രീതിയിലും ശൈലിയിലും നടക്കുന്നത്. അന്ന് രംഗത്തില്ലായിരുന്ന സൗദിയും ഇറാനുമാണ് ഇന്നത്തെ പ്രധാന ശക്തികൾ. ഇവരുടെ യുദ്ധവും അഴിമതിയും ഏകാധിപത്യവും വഴി പട്ടിണിയിലാവുന്ന ജനങ്ങൾ തെരുവിലിറങ്ങി ആട്ടിയോടിക്കുന്നത് വരെ ഇത് തുടരും. അവരുടെ പ്രക്ഷോഭം സജീവമാവുമെന്നാണ് ഇറാനിൽ വരെ നടന്ന അടുത്ത കാലത്തെ സമരങ്ങൾ നൽകുന്ന സൂചനകൾ. സദ്ദാം ഹുസൈൻ, അബ്ദുള്ളാ അലി സാലിഹ്, ഗദ്ദാഫി പോലുള്ള ഒരു പാട് ഏകാധിപതികളുടെ ശവപ്പറമ്പ് കൂടിയാണ് അറബ് തെരുവുകൾ.

യെമന്‍: പശ്ചിമേഷ്യയിലെ ശീതസമരം ചൂടുപിടിക്കുമ്പോള്‍

സുന്നികളോ ഹൂതികളോ കാണുന്നില്ല യമനികളുടെ ദുരിതം

യെമന്‍; അധിനിവേശകരുടെ ശവപ്പറമ്പ്

(നാസിറുദ്ദീന്‍ ഫേസ്ബുക്കില്‍ എഴുതിയത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

നാസിറുദ്ദീന്‍ ചേന്ദമംഗല്ലൂര്‍

നാസിറുദ്ദീന്‍ ചേന്ദമംഗല്ലൂര്‍

സാമൂഹിക നിരീക്ഷകന്‍, സോഫ്റ്റ്‌വേര്‍ മേഖലയില്‍ ജോലി ചെയ്യുന്നു

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍