Top

ദക്ഷിണേന്ത്യയെ വൈകാരികമായി മുറിവേല്‍പ്പിച്ച് ഏകഭാഷാ സിദ്ധാന്തം വീണ്ടും പൊടിതട്ടിയെടുക്കുന്നതിനു പിന്നില്‍

ദക്ഷിണേന്ത്യയെ വൈകാരികമായി മുറിവേല്‍പ്പിച്ച് ഏകഭാഷാ സിദ്ധാന്തം വീണ്ടും പൊടിതട്ടിയെടുക്കുന്നതിനു പിന്നില്‍
പൊതുവായ എന്തെങ്കിലും സവിശേഷത അവകാശപ്പെടാന്‍ സാധിക്കുന്ന ഒരു ജനത അധിവസിക്കുമ്പോഴാണ് ഒരു രാഷ്ട്രം ഗുണപരമായ ഒരു അസ്തിത്വം നേടുന്നത്. സാങ്കല്‍പ്പികമോ യാഥാര്‍ത്ഥ്യമോ ആയ ഒരു പൊതുചരിത്രമോ സംസ്‌കാരമോ ഭാഷയോ നരവംശപ്രകൃതിയോ അവകാശപ്പെടാവുന്ന ഒരു പ്രജാസമുച്ചയം രാഷ്ട്രമെന്ന നിര്‍വ്വചനത്തില്‍ എത്തിച്ചേരുന്നതാണ് ലോകമെമ്പാടും നമുക്ക് കാണാന്‍ സാധിക്കുന്നത്. എന്നാല്‍ അതില്‍ നിന്നും പാടേ വിഭിന്നമായ ഒരു ചരിത്രമാണ് ഇന്ത്യയെന്ന മഹാരാജ്യം ലോകത്തിന് മുന്നില്‍ വെച്ചത്. ചരിത്രത്താലും സംസ്‌കാരത്താലും ഭാഷയാലും തീര്‍ത്തും ബന്ധമറ്റ 571 നാട്ടുരാജ്യങ്ങളെ ജനാധിപത്യത്തിന്റെ ആദ്യാക്ഷരം കുറിച്ചിട്ടില്ലാത്ത ന മ്മുടെ കൈയ്യിലേല്‍പ്പിച്ചാണ് ബ്രിട്ടീഷ് സാമ്രാജ്യം നമ്മെ കയ്യൊഴിഞ്ഞത്. വിഭജനമെന്ന ഉണങ്ങാത്ത മുറിവില്‍ നിന്നും അപ്പോഴും വിയോജിപ്പുകളുടെ ചോരത്തുള്ളികള്‍ കിനിയുന്നുണ്ടായിരുന്നു. അതിനാല്‍ തന്നെ ഇന്ത്യയില്‍ ഐക്യത്തിന്റെയും അഖണ്ഡതയുടെയും വിത്ത് പാകാന്‍ ഏറെ കടമ്പകള്‍ കടക്കാനുണ്ടായിരുന്നു.

രാജ്യവും ഭാഷയും- അല്‍പ്പം ചരിത്രം

ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളില്‍ പരസ്പരം പോരടിച്ചിരുന്ന ഒരു കൂട്ടം നാട്ടുരാജ്യങ്ങളെ ഭരിക്കുന്നതിനായി ഒരു ജനാധിപത്യ സംവിധാനം സൃഷ്ടിക്കുക എന്ന ഏറെക്കുറെ അസാധ്യമായ ഒരു ഉത്തരവാദിത്തമാണ് ഇന്ത്യയുടെ ഭരണഘടനാ നിര്‍മ്മാതാക്കള്‍ നേരിട്ടത്. അസാധാരണമായ ദീര്‍ഘവീക്ഷണം കൊണ്ടും കര്‍മ്മകുശലത കൊണ്ടും നാനാത്വത്തില്‍ ഏകത്വം കണ്ടെത്താന്‍ അവര്‍ക്ക് സാധിച്ചു. ഈ രാജ്യം ഭരിക്കുന്നതിന് അതിന്റെ വൈവിധ്യങ്ങളെ അഭിസംബോധന ചെയ്യാന്‍ പര്യാപ്തമായ ഫെഡറല്‍ ഭരണ സംവിധാനത്തിനേ സാധിക്കുകയുള്ളൂ എന്ന് നമ്മള്‍ തിരിച്ചറിഞ്ഞു. അതോടൊപ്പം പൊതുവായ ഘടകങ്ങളുടെ അഭാവത്തില്‍ സംസ്ഥാനങ്ങളെ ചേര്‍ത്തുപിടിക്കാന്‍ കരുത്തുള്ള ഒരു കേന്ദ്ര സര്‍ക്കാരിനെയും ഭരണഘടന വിഭാവനം ചെയ്തു. എന്നാല്‍ അതുകൊണ്ടും പ്രശ്‌നങ്ങള്‍ അവസാനിച്ചില്ല. സംസ്ഥാന രൂപീകരണത്തിന്റെ മാനദണ്ഡം എന്തായിരിക്കണം എന്നതായി നമ്മുടെ അടുത്ത പ്രശ്‌നം. ഇക്കാര്യത്തില്‍ അഭിപ്രായ സമന്വയം സാധ്യമാക്കുവാന്‍ അലഹബാദ് ഹൈക്കോടതി ജഡ്ജിയായിരുന്ന എസ്.കെ ധറിന്റെ നേതൃത്വത്തില്‍ ഒരു സംഘം പഠനം നടത്തി. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ വിഭജിക്കരുതെന്നും ഭരണനിര്‍വ്വഹണത്തിന്റെ സൗകര്യമായിരിക്കണം രാഷ്ട്രവിഭജനത്തിന്റെ അടിസ്ഥാന പ്രമാണമെന്നും എസ്.കെ ധര്‍ കമ്മിറ്റി കണ്ടെത്തി. അതിന്റെ നടത്തിപ്പിനെപ്പറ്റി പഠിച്ച ജെ.വി.പി കമ്മിറ്റിയും ഇക്കാര്യം അടിവരയിട്ടു. എന്നിട്ടും ഏറെ താമസിയാതെ നമുക്ക് ഭാഷാടിസ്ഥാനത്തില്‍ ആദ്യ സംസ്ഥാനം രൂപീകരിക്കേണ്ടതായി വന്നു. തെലുങ്ക് സംസാരിക്കുന്നവര്‍ക്കായി ആന്ധ്രാ പ്രദേശ് എന്ന സംസ്ഥാനം ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തിയിരുന്ന പ്രമുഖ നേതാവ് പോട്ടി ശ്രീരാമലു 56 ദിവസത്തെ തുടര്‍ച്ചയായ നിരാഹാര സമരത്തെ തുടര്‍ന്ന് മരിച്ചത് കടുത്ത പ്രക്ഷോഭങ്ങള്‍ക്ക് വഴിവച്ചു. അവരുടെ ആവശ്യം അംഗീകരിക്കുക വഴി ഭാഷാടിസ്ഥാനത്തില്‍ രാജ്യം വിഭജിക്കപ്പെടണം എന്നത് തത്വത്തില്‍ സര്‍ക്കാര്‍ അംഗീകരിച്ചു. സമാനമായ രീതിയില്‍ സംസ്ഥാന വിഭജനം പൂര്‍ത്തിയാക്കുന്നതിനായി ഫസല്‍ അലിയുടെ നേതൃത്വത്തില്‍ ഒരു കമ്മിറ്റിയെക്കൂടി ജവഹര്‍ലാല്‍ നെഹ്‌റു സര്‍ക്കാര്‍ നിയമിച്ചു. ഫസല്‍ അലിയുടെ നിര്‍ദ്ദേശത്തെതുടര്‍ന്ന് 14 പുതിയ സംസ്ഥാനങ്ങള്‍ ഭാഷാടിസ്ഥാനത്തില്‍ രൂപംകൊണ്ടു. അങ്ങനെ ഭാഷാടിസ്ഥാനത്തില്‍ രൂപംകൊണ്ട സംസ്ഥാനങ്ങളുടെ ഫെഡറേഷനായി ഇന്ത്യ മാറി. ഭാഷയും രാജ്യവുമായുള്ള വടംവലി അവിടംകൊണ്ടും തീര്‍ന്നില്ല. ഹിന്ദിയുടെ ഭാഷാഭേദങ്ങളായ ഗുജറാത്തി, മറാത്തി എന്നീ ഭാഷകള്‍ സംസാരിക്കുന്നവര്‍ തമ്മിലുള്ള തര്‍ക്കം ബോംബെ സംസ്ഥാനത്തെ ഗുജറാത്തും മഹാരാഷ്ട്രയുമായി വിഭജിച്ചു. ആന്ധ്രയെ വീണ്ടും വിഭജിച്ച് തെലുങ്ക് സംസാരിക്കുന്നവര്‍ക്ക് മാത്രമായി 2014-ല്‍ തെലങ്കാന എന്ന സംസ്ഥാനം രൂപീകരിക്കപ്പെടുന്നത് വരെയും രാജ്യം ഭാഷയാല്‍ വിഭജിക്കപ്പെട്ടു കൊണ്ടേയിരുന്നു.

ഇന്ത്യയെ 29 സംസ്ഥാനങ്ങളായി വിഭജിക്കാന്‍ പ്രാദേശിക ഭാഷകള്‍ കാരണമായി എന്ന വസ്തുത കൊണ്ട് മാത്രം ഭാഷകള്‍ ഇന്ത്യയില്‍ അനൈക്യവും വിഭജനവും സൃഷ്ടിച്ചു എന്ന് കരുതാന്‍ വരട്ടെ. 29 രാജ്യങ്ങളായി ചിതറിപ്പോകുമായിരുന്ന ഈ രാജ്യത്തെ പരസ്പരം സഹകരിക്കുന്ന, ഒറ്റ പൗരത്വത്തിലും ഭരണഘടനയിലും വിശ്വസിക്കുന്ന ഒരു ഏകാത്മക പൗരസമൂഹമായി മാറ്റിയത് ഈ പ്രാദേശിക ഭാഷകള്‍ക്ക് നമ്മുടെ രാജ്യം നല്‍കിയ തുല്യതയും ഭരണഘടനാപരമായ അംഗീകാരവും സംരക്ഷണവുമാണ്. മലയാളമോ തമിഴോ തെലുങ്കോ കന്നഡയോ ഹിന്ദിയോ സംസാരിച്ചുകൊണ്ട് ഭാരതീയനായിരിക്കാന്‍ നാം ഈ രാജ്യത്തെ ജനങ്ങളെ അനുവദിച്ചു എന്നതാണ് ഈ രാജ്യം ഇത്രമേല്‍ വൈവിധ്യങ്ങളുടെ നാടാകാന്‍ ഇടവന്നത്.

മാതൃഭാഷയും രാഷ്ട്രഭാഷയും- അല്‍പ്പം പൗരധര്‍മ്മം

ഏതൊരു രാഷ്ട്രത്തിന്റെയും ദേശീയതാ സങ്കല്‍പ്പങ്ങളില്‍ പ്രധാന ഘടകം അവിടെ സംസാരിക്കപ്പെടുന്ന ഒരു പൊതുഭാഷയാണ്. ആളുകളുടെ ഇടയില്‍ വൈകാരികമായ ഇഴയടുപ്പം സൃഷ്ടിക്കാന്‍ ഇത്തരത്തില്‍ ഒരു ബന്ധഭാഷ അനിവാര്യമാണ്. എന്നാല്‍ രാഷ്ട്രീയമായ ചരിത്രത്തിന്റെയും ഭൂമിശാസ്ത്രത്തിന്റെയും വൈവിധ്യം ഭാഷാ വൈവിധ്യത്തിനും കാരണമായി. പ്രത്യേകിച്ച് ദക്ഷിണ-ഉത്തര ഇന്ത്യകളിലെ ഭാഷകള്‍ പരസ്പരം ബന്ധമില്ലാത്ത രണ്ട് ഭാഷാ ഗോത്രങ്ങളുടെ പിന്‍മുറക്കാരാണ്. ദക്ഷിണേന്ത്യന്‍ ഭാഷകള്‍ ദ്രവീഡിയന്‍ ഭാഷാ ഗോത്രത്തിന്റെ ഭാഗമാകുമ്പോള്‍ ഹിന്ദി ഇന്തോ- യൂറോപ്യന്‍ ഭാഷാ ഗോത്രത്തിന്റെ പ്രതിനിധിയാണ്. ബ്രിട്ടീഷ് വിരുദ്ധത എന്ന പൊതുവികാരമാണ് ഇന്ത്യയില്‍ ദേശീയത എന്ന ഗുണവിശേഷം ആദ്യമായി ഉത്ഭവിക്കാന്‍ കാരണമായത്. എന്നാല്‍ ഈ പൊതുവികാരത്തെ പ്രകാശിപ്പിക്കാന്‍ ജനങ്ങള്‍ക്ക് ഒരു പൊതുഭാഷയുടെ അനിവാര്യതയുണ്ടായി. ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രക്ഷോഭങ്ങളുടെ കേന്ദ്രബിന്ദു ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ആയതിനാലും കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രഭവകേന്ദ്രം മുഖ്യമായും ഉത്തരേന്ത്യ ആയതിനാലും ഹിന്ദിയെ ഇന്ത്യയുടെ രാഷ്ട്രഭാഷയായി പരിഗണിക്കാന്‍ കാരണമായി. പുറത്തു നിന്നുള്ളവര്‍ക്ക് താരതമ്യേന ദുര്‍ഗ്രഹമാണ് ദക്ഷിണേന്ത്യന്‍ ഭാഷകള്‍ എന്നുള്ളതും ദക്ഷിണേന്ത്യയില്‍ പൊതുവായ ഒരു ഭാഷയും നിലവിലില്ല എന്ന വസ്തുതയും ഹിന്ദിയുടെ തെരഞ്ഞെടുപ്പിന് ഗുണകരമായി തീര്‍ന്നു.

മഹാത്മാ ഗാന്ധിയുടെ പ്രസംഗം ഗ്രഹിക്കാനും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ അണിചേര്‍ന്ന് രാജ്യസ്വാതന്ത്ര്യത്തിന് വേണ്ടി പടപൊരുതാനുമായി ഹിന്ദി പഠിക്കാന്‍ ജനങ്ങള്‍ തയ്യാറായി. മാതൃഭാഷയോടൊപ്പം രാഷട്രഭാഷയും നാം പഠിച്ചു, പ്രചരിപ്പിച്ചു. ഹിന്ദി പ്രചാര്‍സഭ പോലുള്ള സംവിധാനങ്ങള്‍ ഈ പരിപാടിയുടെ ഫലം വര്‍ദ്ധിപ്പിച്ചു. അതായത് നിയമത്തിന്റെയോ അധികാരപത്രങ്ങളുടെയോ പിന്‍ബലമില്ലാതെ, മറിച്ച് കറതീര്‍ന്ന രാജ്യസ്‌നേഹമാണ് ഹിന്ദിയുടെ രാഷ്ട്രഭാഷാ പദവിയ്ക്ക് സാധുത നല്‍കിയത്. സ്വാഭാവികമായും സ്വാതന്ത്ര്യസമരത്തില്‍ സജീവമായവര്‍ ഒഴികെയുള്ളവര്‍ തങ്ങളുടെ മാതൃഭാഷയില്‍ മാത്രം സംവദിച്ചുപോന്നതിനാല്‍ രാജ്യത്തെ എല്ലാവരുടെയും ഭാഷയാവാനുള്ള ശ്രമത്തില്‍ ഹിന്ദി വിജയിച്ചില്ല. അതോടൊപ്പം പ്രാദേശികാടിസ്ഥാനത്തില്‍ രൂപംകൊണ്ട പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികള്‍ നമുക്ക് പല ഭാഷയില്‍ തുടര്‍ന്നും രാഷ്ട്രസേവനം നടത്താന്‍ പശ്ചാത്തലം ഒരുക്കുക കൂടി ചെയ്തു. ഭാഷാടിസ്ഥാനത്തിലുള്ള രാജ്യവിഭജനത്തിന് പിന്നീട് ഉപോല്‍ബലകമായത് ഈ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികളാണ്.

സാമ്രാജ്യത്വ വിരുദ്ധത സ്വാഭാവികമായും ബ്രിട്ടന്റെ പതനത്തോടെ അവസാനിച്ചു. വീണ്ടും നമ്മള്‍ പല രാജ്യങ്ങളായി ചിന്നിച്ചിതറാതിരിക്കാന്‍ സ്വാതന്ത്ര്യസമരത്തിന്റെ ഗുണഫലങ്ങള്‍ എല്ലാവരിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് നാം ഭരണഘടനയ്ക്ക് രൂപം കൊടുത്തത്. ഒരു രാജ്യമെന്ന നിലയ്ക്ക് അവശ്യം വേണ്ട സാമൂഹ്യ ഏകോപനം സാധ്യമാക്കാന്‍ ഏകാത്മകമായ ഒരു പൗരസമൂഹത്തെ നിര്‍മ്മിക്കാന്‍ വേണ്ട യാതൊന്നും നമുക്കില്ല എന്ന തിരിച്ചറിവ് ഭരണഘടനാ നിര്‍മ്മാണ സമിതിയെ അലട്ടിയിരുന്നു. അതിനാല്‍ ഇന്ത്യയിലെ ഉപദേശീയതകളെ ശരിയായി അഭിസംബോധന ചെയ്യാനുതകുന്ന ഒരു ഫെഡറല്‍ സംവിധാനം നിര്‍മ്മിക്കാനും രാജ്യത്തെ എല്ലാ പ്രധാന ഭാഷകളെയും അംഗീകരിക്കാനും നിലനിര്‍ത്താനും അവയ്ക്ക് ഭരണഘടനയിലൂടെ തന്നെ സംരക്ഷണം നല്‍കാനും നാം തീരുമാനിച്ചു. ലളിതമായി പറഞ്ഞാല്‍ ഇന്ത്യയിലെ ചെറിയൊരു ശതമാനം ആളുകളുടെ ഭാഷയായ ഹിന്ദിയെ രാഷ്ട്രഭാഷ എന്ന പദവി നല്‍കി ഭാഷാപരമായ സ്വത്വത്തില്‍ അഭിമാനം കൊള്ളുന്ന ദക്ഷിണേന്ത്യ ഉള്‍പ്പെടെയുള്ളവരെ തുടക്കത്തിലേ രാജ്യത്തിന് എതിരാക്കി തീര്‍ക്കേണ്ടതില്ല എന്ന് ഭരണഘടനാ നിര്‍മ്മാണ സമിതി തീരുമാനിക്കുകയാണുണ്ടായത്.

സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്ര പശ്ചാത്തലം ഉള്‍ക്കൊണ്ട് തന്നെ ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 343 പ്രകാരം ദേവനാഗിരി ലിപിയിലുള്ള ഹിന്ദിയെ ഇന്ത്യയുടെ ഒഫീഷ്യല്‍/ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടുണ്ട്. അതായത് ഇന്ത്യയെന്ന രാജ്യത്തിന്റെ ഭരണ നിര്‍വ്വഹണകാര്യങ്ങളില്‍ ഹിന്ദിയായിരിക്കും ഉപയോഗിക്കപ്പെടുക. അതോടൊപ്പം ബന്ധ ഭാഷയെന്ന നിലയില്‍ അതിന്റെ കൃത്യമായ ഇംഗ്ലീഷ് വ്യഖ്യാനവും ചേര്‍ക്കേണ്ടതാണ്. ഇതോടൊപ്പം ഇന്ത്യന്‍ ഭരണഘടനയുടെ പട്ടിക 8-ല്‍ 22 പ്രാദേശികഭാഷകളെ ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ ഔദ്യോഗിക ഭാഷകളായി രേഖപ്പെടുത്തിയിട്ടുണ്ട്. വിവേകശൂന്യമായ ഭാഷാസ്‌നേഹം രാജ്യത്തെ വിഭജിക്കുമോ എന്ന നെഹ്‌റുവിന്റെ ആശങ്കകളെ അസ്ഥാനത്താക്കി കൊണ്ട് ഭാഷാപരമായി വിഭജിക്കപ്പെട്ട ഇന്ത്യ ഒരൊറ്റ രാജ്യമായി ഇന്നും നിലനില്‍ക്കുന്നു.

ഇംഗ്ലീഷിനെ ഔദ്യോഗിക ഭാഷയായി 15 വര്‍ഷത്തില്‍ കൂടുതല്‍ തുടരാന്‍ അനുവദിക്കരുത് എന്നാണ് ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്തത്. എന്നാല്‍ ഇത് പ്രായോഗികമല്ലെന്നും പൂര്‍ണമായും ഹിന്ദിയിലേക്കുള്ള ചുവടുമാറ്റം ചിലപ്പോള്‍ രാഷ്ട്ര വിഭജനയുക്തികള്‍ക്ക് പ്രാമുഖ്യം നല്‍കിയേക്കും എന്ന തിരിച്ചറിവും കൊണ്ടാണ് 1965-ന് ശേഷവും ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായി തുടരാനും പ്രാദേശിക ഭരണം അതത് ഭാഷകളില്‍ തുടരാനും അനുമതി നല്‍കിയത്. ഇത് ബ്രീട്ടീഷ് ഭരണ കാലത്ത് നാശത്തിലാണ്ടുപോയ ഇന്ത്യന്‍ പ്രാദേശിക ഭാഷകള്‍ക്ക് പുത്തനുണര്‍വ്വേകി. ഭരണഭാഷ, പത്രഭാഷ, ശാസ്ത്രസാങ്കേതികഭാഷ തുടങ്ങിയ നിലകളിലെല്ലാം ഇന്ത്യന്‍ പ്രാദേശിക ഭാഷകള്‍ ഇന്ന് സ്വയംപര്യാപ്തത നേടി.

ഒരു രാജ്യം, ഒരു ഭാഷ- രണ്ടാം വരവ്

ഒരു രാജ്യത്ത് പൊതുവില്‍ സംവദിക്കാനുതകുന്ന ഒരു ഭാഷയില്ലെങ്കില്‍ സ്വന്തം രാജ്യത്ത് അടിമകളായി ജീവിക്കേണ്ടി വരുമെന്ന തിരിച്ചറിവാണ് സ്വാതന്ത്ര്യപൂര്‍വ്വ ഇന്ത്യയില്‍ നിലനിന്നതെങ്കില്‍ അതേ ഭാഷാവാദം ഒരു വിഭജനയുക്തിയായാണ് നരേന്ദ്ര മോദി- അമിത് ഷാമാരുടെ സംഘപരിവാര്‍ കാലഘട്ടത്തില്‍ പുനരവതരിച്ചിരിക്കുന്നത്. പല സംസ്‌കാരങ്ങള്‍ കൂടിക്കലര്‍ന്ന് ഒരു പൊതു സംസ്‌കാരം രൂപപ്പെടുന്ന യൂറോപ്യന്‍- അമേരിക്കന്‍ ബഹുസ്വര സങ്കല്‍പ്പങ്ങളില്‍ നിന്ന് ഏറെ മാറിയാണ് ഇന്ത്യയുടെ നില. അവിടെ പൊതുസംസ്‌കാരത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ബഹുസ്വരതയാണെങ്കില്‍ പരസ്പരം ലയിക്കാന്‍ മടിക്കുന്ന തനത് സംസ്‌കാരങ്ങളുടെ ബഹുസ്വരതയാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്നത്. ഈ സാമൂഹ്യ സന്തുലിതാവസ്ഥയില്‍ സ്‌ഫോടനാത്മകരമായ ചലനങ്ങളാണ് സംഘപരിവാര്‍ മുന്നോട്ട് വെക്കുന്ന ഏകഭാഷാവാദം ഉണ്ടാക്കാന്‍ പോകുന്നത്.

ഏതൊരു ശരാശരി ഇന്ത്യക്കാരന്റെയും ധാരണാശക്തിക്ക് അനായാസമായി ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന ഒരു ലളിതയുക്തിയാണ് ഒരു രാജ്യം, ഒരു ഭാഷ എന്നത്. എന്നാല്‍ ഈ രാജ്യത്തെ ഏറ്റവും പരിണിതപ്രജ്ഞരും ദീര്‍ഘദര്‍ശികളുമായിരുന്ന നമ്മുടെ ഭരണഘടനാ നിര്‍മ്മാതാക്കള്‍ പാടേ തള്ളിക്കളഞ്ഞതുമാണിത്. മാത്രമല്ല നിലവിലുള്ള വ്യവസ്ഥിതിയില്‍ പ്രശ്‌നങ്ങളൊന്നും നിലനില്‍ക്കുന്നില്ല എന്നിരിക്കെ, തിടുക്കപ്പെട്ടുള്ള ഈ ഏകഭാഷാ സിദ്ധാന്തത്തിന്റെ ആവിര്‍ഭാവം, തങ്ങളുടെ നയങ്ങള്‍ക്ക് എക്കാലവും ഭീഷണിയായി തുടരുന്ന ദക്ഷിണേന്ത്യയെ വൈകാരികമായി മുറിവേല്‍പ്പിച്ച് രാജ്യം നേരിടുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ കൂടിയാണ്. രാജ്യമെന്ന നിലയില്‍ ഇന്ത്യ നേരിടുന്ന അടിയന്തര പ്രശ്‌നങ്ങള്‍ തൊഴിലില്ലായ്മയും ദാരിദ്ര്യവും അസമത്വവും സാമ്പത്തികമാന്ദ്യവുമാണെന്നിരിക്കെ അത്തരം പ്രശ്‌നങ്ങളെ പാടേ നിരാകരിച്ച് ആളുകള്‍ ഭാഷാ സംരക്ഷണത്തിന് ഇറങ്ങിത്തിരിക്കും എന്നതാണ് ഇവിടുത്തെ സാമാന്യയുക്തി.

ഭാഷ എന്ന വികാരത്തിന്റെ ജൈവനാരുകളാലല്ല, മറിച്ച് ഭരണഘടനാ ധാര്‍മ്മികതയുടെ ഉരുക്ക് നൂലുകളാലാണ് നാം ബന്ധിക്കപ്പെട്ടിരിക്കുന്നത് എന്ന തിരിച്ചറിവ് ഓരോ ഇന്ത്യക്കാരനുമുണ്ടായാല്‍ ഒരു വിഭജനയുക്തിക്കും നമ്മുടെ ഐക്യവും അഖണ്ഡതയും തകര്‍ക്കാന്‍ സാധിക്കില്ല.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories