Top

കെട്ടുകഥകളുടെ തടവറക്കാലങ്ങൾക്ക് ആരാണ് മറുപടി പറയേണ്ടത്?

കെട്ടുകഥകളുടെ തടവറക്കാലങ്ങൾക്ക് ആരാണ് മറുപടി പറയേണ്ടത്?
ഐ എസ് ആര്‍ ഒ ചാരക്കേസെന്ന കെട്ടുകഥയിൽ പ്രതിയാക്കപ്പെടുകയും പൊലീസ് ഭീകരതയുടെയും, ശാസ്ത്രവിഷയങ്ങളിലെ മാധ്യമ, പൊതുജന നിരക്ഷരതയുടെയും, പതിനാറാം തരം രാഷ്ട്രീയ ഗൂഢാലോചനകളുടെയും പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വരികയും ചെയ്ത നമ്പി നാരായണൻ എന്ന ശാസ്ത്രജ്ഞന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും ആ കേസ് അന്വേഷിക്കുകയും പ്രതികളാക്കിയവരെ പീഡിപ്പിക്കുകയും ചെയ്ത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്താനുമുള്ള സുപ്രീം കോടതി വിധി ഭാവിയിൽ സമാനമായ പോരാട്ടങ്ങളിൽ ഏർപ്പെടുന്നവർക്കൊരു ഉറച്ച ആയുധമാണ്.

ആ കേസിൽ കുറ്റാരോപിതരാക്കിയ രണ്ടു സ്ത്രീകൾക്കെതിരെ അശ്ലീലമായ ‘മദാലസ പുരാണങ്ങൾ' എഴുതിവിട്ട മലയാള മനോരമ മാത്രമല്ല ഏതാണ്ട് സമാനമായ രീതിയിൽ അതുതന്നെ ചെയ്ത മിക്ക വാരികകളും പത്രങ്ങളും തങ്ങളുടെ അന്വേഷണ പത്രപ്രവർത്തന വൈദഗ്ധ്യത്തിൽ സ്വയം ഒന്നിലേറെ രോമാഞ്ച കഞ്ചുകങ്ങൾ അണിഞ്ഞായിരുന്നു വിലസിയിരുന്നത്. അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരനെതിരെ കോൺഗ്രസിലെ ഒരു വിഭാഗവും യു ഡി എഫിലെ മറ്റു ചില കക്ഷികളും ചേർന്ന് നടത്തിയ കൊട്ടാര അട്ടിമറി ശ്രമത്തിൽ പക്ഷം പിടിച്ച് മനോരമ എഴുതിവിട്ട കഥകളുടെ ആഖ്യാനത്തിൽ അവരുടെ മിടുക്കിന്റെ ചാരുത മുഴുവൻ ചാലിച്ച് ചേർത്തിരുന്നു എന്നതുകൊണ്ടാണ് അതുമാത്രം നാമിന്നും ഓർക്കുന്നത്.

കേരളം കണ്ട ഏറ്റവും ഹീനനായ, അഴിമതിക്കാരനായ രാഷ്ട്രീയനേതാക്കളിൽ ഒരാളായിരുന്നു കെ കരുണാകരൻ. പക്ഷേ അയാൾ ചാരനാണെന്ന്‌ പറഞ്ഞത് അധാർമികം മാത്രമല്ല അറിഞ്ഞുകൊണ്ട് ചെയ്ത ഒരു കുതന്ത്രം കൂടിയായിരുന്നു. മനോരമയും കോൺഗ്രസിലെ ഒരു വിഭാഗവും മാത്രമല്ല, സി പി എം അടക്കമുള്ള ഇടതുമുന്നണിയും അന്ന് അനന്തമജ്ഞാതമവർണനീയം ഈ ലോകഗോളം തിരിയുന്ന മാർഗം, അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു ഈ മാലി സ്ത്രീകളും നമ്പി നാരായണനും കൂടി റോക്കറ്റുണ്ടാക്കുന്ന വിദ്യയും ക്രയോജനിക് എൻജിൻ സൂത്രങ്ങളും കടത്തുകയും അതിനു കൂട്ടുനിന്ന രമണ്‍ ശ്രീവാസ്തവയെ സംരക്ഷിക്കാൻ കരുണാകരൻ ശ്രമിക്കുകയും അങ്ങനെ അയാൾക്കും ചാരബന്ധമുണ്ടെന്നു വരികയും ചെയ്ത സംഭ്രമജനകമായ ഖഗോളകഥകൾ ആവോളം പുഴുത്ത മൈതാനപ്രസംഗങ്ങളായി അവരെല്ലാം തുപ്പിനാറ്റിക്കുകയും ചെയ്തിരുന്നു. പോകുന്നിടത്തെല്ലാം ചാരൻ രാജിവെക്കുക മുദ്രാവാക്യങ്ങളും കരിങ്കൊടികളുമായി യുവജന സംഘടനകൾ പിന്നാലെയെത്തിയിരുന്നു. അതുകൊണ്ട് 50 ലക്ഷം മനോരമയും ഉമ്മൻചാണ്ടിയും മാത്രമല്ല, കേരളത്തിലെ അന്നത്തെ രാഷ്ട്രീയ പ്രതിപക്ഷവും പങ്കിട്ടുകൊടുക്കാൻ ബാധ്യസ്ഥരാണ്.

Also Read: നമ്പി നാരായണന്‍/അഭിമുഖം: ഒരു മീന്‍ കുട്ടയില്‍ വെച്ച് കടത്തിക്കൊടുക്കാന്‍ കഴിയുന്നതാണോ ഈ സങ്കേതിക വിദ്യ?

ഒരു ഗ്രാഹ്യവുമില്ലാത്ത ശാസ്ത്രവിഷയങ്ങളിലടക്കം അവസാന വാക്കാകാനുള്ള സർവജ്ഞ ത്വരയ്ക്ക് ഇപ്പോഴും മാധ്യമങ്ങളിൽ ഒതുക്കം വന്നതായി തോന്നുന്നില്ല. എന്നാൽ സൗകര്യപൂർവം ശാസ്ത്രവിഷയങ്ങളെക്കുറിച്ചൊന്നും ഒന്നും പറയാതിരിക്കാൻ ശ്രദ്ധിക്കാറുണ്ട് എന്ന് കരുതാം.

നമ്പി നാരായണന്റെ നഷ്ടപരിഹാര വിധിയും പോലീസ് ഉദ്യോഗസ്ഥർക്കെതിരായ അന്വേഷണവും നമ്മെ ഓർമ്മപ്പെടുത്തേണ്ട മറ്റു ചില കാര്യങ്ങളുമുണ്ട്. അത് കെട്ടിച്ചമച്ച കേസുകളിലായി നിരവധി വർഷങ്ങൾ വിചാരണ തടവുകാരായി കിടക്കേണ്ടിവരുന്ന മനുഷ്യരെക്കുറിച്ചാണ്. നമ്പി നാരായണനെപ്പോലെ നീണ്ട കോടതി യുദ്ധം നടത്താൻ കഴിവില്ലാതെ, ഇന്ത്യയിലെ ഭീകരമായ തടവറകളിൽ ജീവിതത്തിന്റെ നല്ല കാലം മുഴുവൻ നരകിച്ചുതീർത്ത് ഒടുവിൽ കുറ്റവിമുക്തനാക്കി എന്നൊരു വിധിയുമായി വേച്ചുവേച്ചു തടവറയ്ക്കു പുറത്തിറങ്ങി മാറിയ ലോകത്തിനും വേഗത്തിനും മുന്നിൽ അന്തിച്ചുനിൽക്കുന്ന മനുഷ്യരെക്കുറിച്ചാണ് അത് നമ്മെ ഓർമ്മപ്പെടുത്തേണ്ടത്.

ഇന്ത്യയിലെ തടവറകളിൽ 67% വിചാരണ തടവുകാരാണ്. ഇതിൽ 53% മുസ്ലീങ്ങളും ദളിതരും ആദിവാസികളുമാണ് എന്നത് പോലീസിന്റെ നിയമവാഴ്ച്ചയുടെ നടത്തിപ്പ് എങ്ങനെയാണെന്ന് സൂചന നൽകുന്നുണ്ട്.

2017 മെയ് മാസത്തിൽ ഉത്തർപ്രദേശിലെ ബാരാബങ്കിയിയിലെ ഒരു കോടതി സബർമതി തീവണ്ടി സ്‌ഫോടനക്കേസിൽ (2000) കുറ്റവിമുക്തനാക്കി പുറത്തിറങ്ങുമ്പോൾ, കാശ്മീരുകാരനായ ഗുൽസാർ അഹമ്മദ് വാനിയുടെ ജീവിതത്തിൽ നിന്നും തടവറയിലെ നരകവാസത്തിനു നൽകിയത് 16 കൊല്ലമാണ്. അലിഗഡ് സർവകലാശാലയിൽ അറബിയിൽ പി എച്ച് ഡി ചെയ്യുന്ന കാലത്താണ് 28 കാരനായ അയാൾ തടവിലായത്. 15 കേസുകളിൽ അയാളെ പൊലീസ് പ്രതിയാക്കി. എല്ലാ കേസുകളിലും കുറ്റവിമുക്തനാക്കപ്പെട്ടു. അവസാനത്തേതായിരുന്നു സബർമതി കേസ്. അയാളെ നമ്മള്‍ അപ്പോഴേക്കും മറന്നിരുന്നു. പുതിയ ഭീകരവാദികളെ പോലീസ് പിടികൂടി പ്രദർശിപ്പിക്കാൻ തുടങ്ങിയിരിക്കും. എന്താണ് ഈ രാജ്യം അയാൾക്ക് നൽകേണ്ട നഷ്ടപരിഹാരം?

Also Read: ചാരക്കേസ്: ആരാണ് യഥാര്‍ത്ഥ പ്രതി?

ബാബരി മസ്ജിദ് തകർത്തതിന്റെ ഒന്നാം വാർഷികത്തിൽ നടന്ന സ്‌ഫോടനത്തിന്റെ പേരിലാണ് നിസാർ ഉദ് ദിൻ മുഹമ്മദിനെയും അയാളുടെ സഹോദരനെയും പോലീസ് പിടികൂടിയത്. 2016-ൽ എല്ലാ കേസിലും കുറ്റവിമുക്തനാക്കിയ അയാളെ ഉടനടി മോചിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. നീതി നടപ്പായി. പക്ഷെ 23 വർഷങ്ങൾ നിസാറിന്റെ ജീവിതത്തിൽ നിന്നും തടവറക്കാലമായി ചെത്തിയെടുത്തിരുന്നു. നിങ്ങൾ നീതി എന്ന് ഏതു ഭാഷയിലാണ് പറയുക പതിവ്?

2002-ലെ അക്ഷർധാം ആക്രമണത്തിൽ വധശിക്ഷയ്ക്കും 10 വർഷം തടവിനും വിധിച്ച 6 മുസ്ലീങ്ങളെ 2016-ലാണ് സുപ്രീം കോടതി വെറുതെവിട്ടത്. 11 കൊല്ലത്തെ തടവറയിൽ നിന്നും വീണ്ടും മറവിയിലേക്കു നടന്നുപോയി അവരും.

ഒരു ചാവേർ ആക്രമണത്തിന്റെ ഗൂഢാലോചന ആരോപിച്ചു തടവിലാക്കിയ മുഹമ്മദ് അബ്ദുൽ കലീമും മുഹമ്മദ് അബ്ദുൽ സഹേദും 11 കൊല്ലമാണ് 2017-ൽ കുറ്റവിമുക്തരാക്കപ്പെടുംവരെ തടവറയിൽ കഴിഞ്ഞത്. 23 വയസിലാണ് സഹേദ് തടവിലായത്. അയാളുടെ യൗവനം തിന്നുതീർത്ത തടവറകളിലേക്കു നാമിപ്പോഴും നിരപരാധികളെ അയക്കുന്നുണ്ട്.

ഇതൊക്കെ ചെയ്ത, ഈ കള്ളക്കേസുകൾ പടച്ചുണ്ടാക്കിയ ഒരു പൊലീസ് ഉദ്യോഗസ്ഥനും ഭരണരാഷ്ട്രീയ നേതൃത്വവും ഇന്നുവരെ ശിക്ഷിക്കപ്പെട്ടിട്ടില്ല. ന്യായമായ നഷ്ടപരിഹാരം പോലും ഇവർക്കൊന്നും കിട്ടിയിട്ടില്ല. നീതിയുടെ അനന്തമായ വ്യവഹാരവ്യഥകളിൽ വല്ലപ്പോഴും വരുന്ന ഒരു ആശ്വാസത്തിനായി കാത്തിരുന്നു നരകിച്ചവരാണിവരും, ഇവരെപ്പോലെയുള്ള ആയിരക്കണക്കിന് മനുഷ്യരും. നമ്പി നാരായണൻ വിധി അവരുടെ പോരാട്ടങ്ങളിൽ കരുത്താകുമെന്ന് കരുതാം.

നീതി ഒരു ജനാധിപത്യവ്യവഹാരത്തിന്റെ ഭാഷയാണ് എന്നത് നമുക്കിനിയും ബോധ്യപ്പെടാത്ത ഒരു കാര്യമാണ്. മുകളിൽ നിന്നുള്ള ഏതോ ദൈവത്തിന്റെ ശിക്ഷയുടെ രൂപത്തിലാണ് നാമിപ്പോഴും നീതിയുടെയും നിയമത്തിന്റെയും നടത്തിപ്പുകളെ കാണുന്നത്. അനന്തമായ കാത്തിരിപ്പുകളും അനീതിയും നീതിയുടെ ഭാഗമാണ് എന്ന് നമ്മെ ശീലിപ്പിച്ചിരിപ്പിക്കുന്നു. ജനാധിപത്യപരമായ ഇടപെടലുകൾ നീതിനിർവ്വഹണത്തിലേക്കു കടത്തിവിടാനുള്ള നിരന്തര സമരങ്ങൾ ഇനിയും ഉണ്ടാകേണ്ടതുണ്ട് എന്ന് നമ്പി നാരായണൻ വിധി നമ്മെ ഓർമ്മിപ്പിക്കുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Also Read: ചാരക്കേസ്: മുഖ്യ പ്രതി ആര്? പോലീസിനൊപ്പം വേട്ടപ്പട്ടികളെ പോലെ ഏറ്റു കുരച്ച മാധ്യമങ്ങളേ, നിങ്ങള്‍ തന്നെ

Next Story

Related Stories