എസ്. മുഹമ്മദ് ഇര്‍ഷാദ്

കാഴ്ചപ്പാട്

ഇടവും കാലവും

എസ്. മുഹമ്മദ് ഇര്‍ഷാദ്

ട്രെന്‍ഡിങ്ങ്

അഭിമന്യു ആരുടെ രക്തസാക്ഷി?

പരസ്പരപൂരകങ്ങളായി നിൽക്കുന്ന അണികളും വിശ്വാസികളുമാണ് ജനാധിപത്യത്തെ തകർക്കുന്നതും ഫാസിസ്റ്റ് രാഷ്ട്രീയത്തെ വളർത്തുന്നതും

പ്രസ്ഥാനങ്ങൾക്ക് രക്തസാക്ഷികള്‍ ആവേശമാണ്. പ്രസ്ഥാനത്തോട് വിയോജിപ്പുള്ളവരും ഒരുവൾ/ഒരുവൻ താൻ വിശ്വസിക്കുന്ന  പ്രസ്ഥാനത്തിന് വേണ്ടി ജീവൻ കൊടുക്കുമ്പോൾ അഥവാ പ്രസ്ഥാനത്തിന്റെ ശത്രുക്കൾ ജീവനെടുക്കുമ്പോള്‍ അവരുടെ ജീവിതത്തെയും അവരുടെ നിലപാടുകളെയും ഗൗരവമായി കാണും. രക്തസാക്ഷി എന്നതിനെ ഒരു വ്യക്തി എന്നതിനേക്കാൾ ഒരു ജനപക്ഷ പ്രത്യയശാസ്ത്രത്തിന്റെ വിജയം എന്നുകൂടി അർത്ഥമുണ്ട്. മരണം ആ പ്രത്യയശാസ്ത്രത്തിന്റെ വിജയത്തെ കൂടി കുറിക്കുന്നു. സാമൂഹിക അസമത്വങ്ങള്‍ ഇല്ലാത്ത ഒരു ലോകം വിഭാവന ചെയ്യുന്ന കമ്മ്യൂണിസ്റ്റ്/ഇടതു രാഷ്ട്രീയത്തിനും, വർത്തമാന കാലത്ത് സാമ്രാജ്യത്വ വിരുദ്ധ/സാമ്പത്തിക അധികാര വിരുദ്ധ രാഷ്ട്രീയത്തിനും മാത്രമേ രക്തസാക്ഷികൾ ഉണ്ടാകുന്നുള്ളൂ. അവർക്ക് മാത്രമേ ജീവൻ കൊടുത്തുകൊണ്ട് ഈ രാഷ്ട്രീയത്തിന്റെ വിജയം ആഘോഷിക്കാൻ കഴിയൂ. ലോകത്തെമ്പാടും ആയിരക്കണക്കിന് രക്തസാക്ഷികൾ ഉണ്ടായിട്ടുണ്ട്, ഉണ്ടാകുന്നുമുണ്ട്. എന്നാൽ എല്ലാ രക്തസാക്ഷികളും ഓർമ്മിക്കപ്പെടുന്നില്ല, എല്ലാ രക്തസാക്ഷികളേയും പ്രസ്ഥാനങ്ങൾ ഏറ്റെടുക്കുന്നില്ല.

സംഘടിത പ്രസ്ഥാനങ്ങളാണ് പലപ്പോഴും രക്തസാക്ഷികളെ ഏറ്റെടുക്കുന്നതും രാഷ്ട്രീയത്തിന്റെ ഭാഗമാക്കുന്നതും. ഇങ്ങനെ രക്തസാക്ഷികളെ ദൈനംദിന രാഷ്ട്രീയത്തിന്റെ ഭാഗമാക്കാൻ ഇടതുപക്ഷത്തിന് കഴിയാറുമുണ്ട്. അതിന് പ്രധാനകാരണം  രക്തസാക്ഷികളെ അവരുടെ പ്രത്യയശാസ്ത്രത്തിന്റെ പ്രതീകമായി കാണുന്നത് മാത്രമല്ല ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ സാമൂഹിക അംഗീകാരവും കൂടിയാണ്. രക്തസാക്ഷി ആക്കപ്പെട്ടവരുടെ രാഷ്ട്രീയത്തേക്കാൾ ഇന്ന് ചർച്ചചെയ്യപ്പടുന്നത് കൊല ചെയ്തവരുടെ രാഷ്ട്രീയമാണ്; ഇതൊരു സ്വാഭാവിക നീതികൂടിയാണ്.

കേരളത്തിൽ ഇത്തരത്തിൽ ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെട്ട രക്തസാക്ഷിത്വം ആർ എം പി സ്ഥാപക നേതാവും മുൻ സിപിഎം നേതാവുമായിരുന്ന ടി പി ചന്ദ്രശേഖരന്‍റെ കൊലപാതകമായിരുന്നു. സാമൂഹിക-സാംസ്കാരിക രംഗത്തും വലിയ തോതിൽ വിവാദങ്ങൾക്കും ചർച്ചകൾക്കും ഇത് ഇടയാക്കി. പ്രതിസ്ഥാനത്ത് സിപിഎമ്മായിരുന്നത് കൊണ്ടുകൂടിയാണ് ഇത് വലിയ ചർച്ചയായത്. ടി പി അവരുടെ പാർട്ടിയെ സംബന്ധിച്ചിടത്തോളം രക്തസാക്ഷി തന്നെയാണ്. സിപിഎമ്മിന്റെ സംഘടനാ ശേഷിയും അന്ന് കേരളം ഭരിച്ച കോൺഗ്രസ് മുന്നണിയിയിലെ നീക്കുപോക്ക് ഇടപാടുകളും കൊണ്ട് കൊല നടത്തിയവരിലേക്ക് ഈ കേസ് ചുരുക്കപ്പെട്ടു. മുന്നണി ബന്ധങ്ങൾക്ക് പുറമേയുള്ള ചില ‘സവിശേഷമായ’ ബന്ധങ്ങൾകൊണ്ടാണ് സിപിഎം ഈ കേസിനെ മറികടന്നത്. തിരഞ്ഞെടുപ്പിൽ വിജയിച്ചതോടെ പാർട്ടി കൂടുതൽ കരുത്തു നേടുകയും ചെയ്തു. അതോടെ പാർട്ടിയുടെ കരുത്തിന്റെയും അധികാരത്തിന്റെയും ഒക്കെ പ്രതീകമായി ഈ കൊലപാതകം അംഗീകരിക്കപ്പെട്ടു.

Read More: അഭിമന്യുവിന്റെ മാത്രമല്ല, മഹാരാജാസിന്റെ ചങ്കില്‍ കൂടിയാണവര്‍ കുത്തിയത്

പരസ്യമായി പാർട്ടിക്ക് പങ്കില്ല എന്ന് പറയുമ്പോഴും സംഘടനയ്ക്കുള്ളിൽ, അത് ശരിയാണ് എന്ന് വിശ്വസിക്കുന്നവരാണ് പാർട്ടി പ്രവർത്തകര്‍. പിന്നീട് വിചാരണ നടത്തി കണ്ണൂരില്‍ ഷുക്കൂർ എന്ന ഇരുപത്തൊന്നുകാരനെ കൊന്നപ്പോഴും, ശുഹൈബിനെ കൊന്നപ്പോഴും ഒക്കെ ഉണ്ടായ വിമർശനങ്ങൾ സിപിഎം മറികടന്നത് താഴെത്തട്ടിലുള്ള പ്രവർത്തകർ വരെ ഇതെല്ലാം ‘പാർട്ടിശരി’യുടെ ഭാഗമായി കാണുന്നു എന്നതുകൊണ്ട് കൂടിയാണ്. ഇത്തരം ശരികൾ ഉണ്ടാകുന്നത് പാർട്ടിക്കുള്ളിലെ ജനാധിപത്യരാഹിത്യത്തെക്കാൾ അതിനുള്ളിൽ നിലനിൽക്കുന്ന ചോദ്യം ചെയ്യപ്പെടാനാകാത്ത അധികാരബന്ധം കൊണ്ട് കൂടിയാണ്.

ഈ കൊലപാതകങ്ങൾ കൊണ്ട് കേരളത്തിൽ എന്തെങ്കിലും രാഷ്ട്രീയ മാറ്റമോ ഇടതുപക്ഷ രാഷ്ടീയത്തിന് പ്രത്യേകിച്ചും പാർലമെൻറ്ററി ഇടതുപക്ഷത്തിന് എന്തെങ്കിലും നേട്ടം ഉണ്ടായതായോ കാണാൻ കഴിയില്ല. എന്നിട്ടും ഇത്തരം കൊലപാതകങ്ങൾ ആവർത്തിക്കപ്പെടുന്നുണ്ട്. അഭിമന്യു എന്ന എസ്എഫ്ഐ പ്രവർത്തകൻ ക്രൂരമായി കൊലചെയ്യപ്പെട്ടപ്പോൾ സംഭവിച്ചത് ഇത്തരത്തിലുള്ള അധികാരപ്രയോഗം തന്നെയാണ്. മതതീവ്രവാദത്തിലൂടെ മുസ്ളീം പൗരബോധത്തിന്റെ മൊത്തം നേതൃത്വം ഏറ്റെടുക്കാം എന്ന് കരുതുന്ന പോപ്പുലർ ഫ്രണ്ട് നടത്തിയ ഈ കൊലപാതകത്തിലും, ഒരു പക്ഷേ ഇസ്ലാം എന്നാൽ തീവ്രവാദം മാത്രമാണെന്ന് കരുതുന്ന പോപ്പുലർ ഫ്രണ്ടുകാരും പോപ്പുലർ ഫ്രണ്ട് എന്നാൽ ഇസ്ലാമാണ് എന്ന് കരുതുന്നവരുമാണ് പിന്തുണ നൽകുന്നത്. ഈ രണ്ട് കൂട്ടരുമാണ് ഈ പ്രസ്ഥാനത്തിന്റെ ശക്തി. ഇങ്ങനെ പരസ്പരം പുരകങ്ങളായി നിൽക്കുന്ന അണികളും വിശ്വാസികളുമാണ് ജനാധിപത്യത്തെ തകർക്കുന്നതും ഫാസിസ്റ്റ് രാഷ്ട്രീയത്തെ വളർത്തുന്നതും.

Read More: സൈമണ്‍ ബ്രിട്ടോ/അഭിമുഖം: അഭിമന്യുവിന്റെ കൊലപാതകം ഒരു രാഷ്ട്രീയ പ്രശ്‌നമല്ല, സാമൂഹിക പ്രശ്‌നമാണ്

അഭിമന്യുവിന്റെ കൊലപാതകത്തെ മാധ്യമങ്ങൾ വേണ്ട രീതിയിൽ ചർച്ച ചെയ്യുന്നില്ല എന്ന് സിപിഎം നേതാക്കൾ പരാതിപ്പെടുന്നുണ്ട്; അത് ശരിയുമാണ്. കാരണം ഇടതുപക്ഷം പ്രതിസ്ഥാനത്തു വരുമ്പോൾ പാർട്ടി നേതാക്കന്മാരും പാർട്ടി മാധ്യമങ്ങളും കൊലപാതകത്തെ മാത്രം കേന്ദ്രികരിച്ചു സംസാരിക്കുകയും അതിന് പിന്നിൽ ഉള്ള പാർട്ടി ബന്ധം മറച്ചുവെയ്ക്കപ്പെടുകയും ചെയ്യും. എസ് ഡി പി ഐ ഇപ്പോള്‍ ചെയ്യുന്നതും അത് തന്നെയാണ്. എസ് ഡി പി ഐക്ക് ഈ കാര്യത്തിൽ വഴികാട്ടി സിപിഎം തന്നെയാണ്. രാഷ്ടീയ എതിരാളികളെ ഇല്ലാതാക്കിയാൽ കേവലം പ്രതി ചേർക്കപ്പെടലിനപ്പുറം ഒന്നും സംഭവിക്കില്ല എന്ന് എല്ലാവര്‍ക്കും അറിയാം. എന്നാൽ അഭിമന്യുവിന്റെ കൊലപാതകം കേവല വൈകാരികതയ്ക്കപ്പുറം കൊണ്ടുപോകാന്‍ സർക്കാരും സിപിഎമ്മും തയ്യാറല്ല എന്നുകൂടി ചേർത്ത് വായിക്കണം. അതിന് കാരണം ‘പാർട്ടിശരി’യുടെ ഭാഗമായി നടത്തിയ കൊലപാതകങ്ങൾ തന്നെയാണ്. ഈ കേസിൽ കേവല പോലീസ് ഇടപെടൽ അല്ലാതെ മറ്റൊന്നും ഉണ്ടാകാൻ പോകുന്നില്ല. ഇതിനു പിന്നിൽ പ്രവർത്തിച്ച പ്രതികളെ പിടിക്കുക എന്നതിനേക്കാൾ പ്രധാനം ഈ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചവർക്ക് മുസ്‌ലിം പൗരബോധത്തിന്റെ പിന്തുണയുണ്ട് എന്ന രീതിയിൽ ഒരു ചർച്ച ഉണ്ടാക്കുക എന്നതാണ്.

കൊലപാതകം ഒറ്റപ്പെട്ട സംഭവം അല്ലെങ്കിലും പോപ്പുലർ ഫ്രണ്ടും എസ് ഡി പി ഐയും മുസ്ലീങ്ങളിൽ നിന്നും ഒറ്റപ്പെട്ട പ്രസ്ഥാനങ്ങളാണ് എന്ന വസ്തുത അംഗീകരിക്കാൻ കഴിയാത്ത തരത്തിൽ ഉള്ള ഒരു മാറ്റം കേരളത്തിൽ സംഭവിക്കുന്നുണ്ട്. കേരളത്തിൽ വലതുപക്ഷ രാഷ്ട്രീയത്തിന് കിട്ടിക്കൊണ്ടിരിക്കുന്ന പിന്തുണയാണ് ഇതിന്റെ മൂലകാരണം. അതുകൊണ്ടാണ് ആർഎസ്എസുകാരും സിപിഎമ്മുകാരും പ്രതിയാക്കപ്പെടുമ്പോൾ ഉണ്ടാകുന്ന മതേതരത്തിനുള്ള ഭീഷണി എന്ന വാദത്തിൽ നിന്നും മാറി, കേരളം ഒട്ടാകെയുള്ള ഒരു ഭയമായി ഈ കൊലപാതകം മാറുന്നത്. ആദ്യം ഭയപ്പെടുത്തുന്നത് മുസ്ലീങ്ങളെ തന്നെയാണ്. കേരളത്തിലെ മുസ്ലിം രാഷ്ട്രീയത്തിൽ ഇന്നും കടന്നുവരാത്ത ഒന്നാണ് സംഘടിത അക്രമവാസന. എന്നാൽ പോപ്പുലർ ഫ്രണ്ട് പോലെയുള്ള സംഘടനകൾ ജനാധിപത്യ സ്വഭാവം വിട്ട് അക്രമത്തിലേക്കും കൊലപാതകത്തിലേക്കും തിരിയുന്നതോടെ കേരളത്തിലെ മുസ്ലീങ്ങൾ കൂടുതൽ നിശബ്ദരാക്കപ്പെടും. കൊലപാതകത്തെ എതിർക്കുന്നത് പോലും കാപട്യമായി ചിത്രീകരിക്കപ്പെടുന്നു എന്ന വസ്തുത വിസ്മരിക്കാനാകില്ല. മറ്റേതൊരു സമുദായത്തേക്കാളും ഈ രാജ്യത്ത് മതേതരത്വവും ജനാധിപത്യവും നിലനിർത്തേണ്ടതിന്റെ ആവശ്യം മുസ്ലീങ്ങൾക്കാണ്. മുസ്ലീം പൗരബോധത്തിനുണ്ടാക്കുന്ന വെല്ലുവിളികൾ കൂടി ആയിട്ടായിരിക്കും ഈ രക്തസാക്ഷിത്വത്തെ ചരിത്രത്തിൽ അടയാളപ്പെടുത്തുക.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Also Read: രാജീവ് രവി/അഭിമുഖം: മലയാളി സമൂഹത്തോട് അവനൊരു വിശ്വാസമുണ്ടായിരുന്നു; അതാണ് നഷ്ടപ്പെട്ടിരിക്കുന്നത്

Read More: ചില ക്യാമ്പസ് ഓര്‍മ്മകള്‍ അഥവാ എസ്എഫ്ഐ ഫാസിസം

എസ്. മുഹമ്മദ് ഇര്‍ഷാദ്

എസ്. മുഹമ്മദ് ഇര്‍ഷാദ്

മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍ അദ്ധ്യാപകനാണ് ലേഖകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍