വിശാഖ് ശങ്കര്‍

കാഴ്ചപ്പാട്

വിപരീത പഥങ്ങള്‍

വിശാഖ് ശങ്കര്‍

കോളേജുകളില്‍ ‘ഇടിമുറികള്‍’ ഉള്ള കാലത്ത് കോടതികള്‍ക്കും ആവാം പരിഷ്കരണം

അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് കോടതി പഴയ വിധിയുടെ കാര്യം ഓര്‍ത്തെടുക്കുന്നത്

മാനേജ്മെന്റുകള്‍ക്ക് തങ്ങളുടെ കാമ്പസുകളില്‍ രാഷ്ട്രീയം നിരോധിക്കാനുള്ള അവകാശമുണ്ട് എന്ന് കേരള ഹൈക്കോടതി വിധിച്ചത് രണ്ടായിരത്തി മൂന്നിലാണെന്ന്‌ തോന്നുന്നു. ഒപ്പം സര്‍ക്കാര്‍ കോളേജുകളില്‍ നിന്നും രാഷ്ട്രീയത്തെ നിരോധിക്കാന്‍ വേണ്ട നിയമ നിര്‍മ്മാണം നടത്തണം എന്ന ശുപാര്‍ശയുമുണ്ടായിരുന്നു.

മഹാരാജാസ് കോളേജില്‍ അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നടന്ന ഒരു വ്യവഹാരത്തിന്റെ ഭാഗമായി കോടതി ഇപ്പോള്‍ അത് വീണ്ടും ചോദിക്കുന്നു; എന്തുകൊണ്ട് ആ പഴയ വിധി ഫലപ്രദമായി നടപ്പിലാക്കിയില്ല?

പ്രീഡിഗ്രി പ്ലസ് ടുവിന് വഴിമാറി സ്കൂളിന്റെ ഭാഗമായതിനെ തുടര്‍ന്ന് സാധാരണഗതിയില്‍ പ്രായപൂര്‍ത്തിയായ, വോട്ടവകാശമുള്ള പൌരന്മാരാണ് ഒന്നാം വര്‍ഷ ബിരുദത്തിന് ചേരുന്നവര്‍ പോലും. നമ്മുടെ ജനാധിപത്യ സംവിധാനത്തില്‍ മൂല്യാധിഷ്ടിതമായി പറഞ്ഞാല്‍ വോട്ട് വ്യക്തികള്‍ക്കല്ല, അവര്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തിനാണ്. കാരണം സംഘടനകള്‍ അവരുടെ രാഷ്ട്രിയമനുസരിച്ചാണ്, പ്രതിനിധികളുടെ വ്യക്തിഗത താല്പര്യങ്ങള്‍ക്ക് അനുസരിച്ചല്ല പ്രവര്‍ത്തിക്കുന്നത്. തിരഞ്ഞെടുപ്പ് തന്നെ വ്യത്യസ്ത രാഷ്ട്രീയ ധാരകള്‍ക്കിടയിലാണ് എന്നിരിക്കെ പ്രായപൂര്‍ത്തിയായ മനുഷ്യരുടെ വ്യവഹാര മണ്ഡലത്തില്‍ നിന്ന്‌ രാഷ്ട്രിയത്തെ എങ്ങനെ നിരോധിക്കും എന്നാണ് ഇവര്‍ കരുതുന്നത്?

ബിരുദം, ബിരുദാനന്തര ബിരുദം, ഗവേഷണമൊക്കെയായി ഒരു പതിറ്റാണ്ടിലും ഏറെ നീളാവുന്ന കാമ്പസ് ജീവിതത്തില്‍നിന്ന്‌ രാഷ്ട്രീയത്തെ നിരോധിക്കുക എന്നുവച്ചാല്‍ അരാഷ്ട്രീയവത്ക്കരിച്ച ഒരു തലമുറയെ വാര്‍ത്തെടുക്കുവാനുള്ള ഒരു പരോക്ഷ ആഹ്വാനം തന്നെയാണത്.

ഇനി, ക്യാമ്പസ്സിനുള്ളില്‍ പാടില്ല എന്നേയുള്ളു, പുറത്താകാമല്ലോ എന്നാണ് വാദമെങ്കില്‍ കാമ്പസ് ജിവിതത്തെയും രാഷ്ട്രീയത്തെയും കുറിച്ചുള്ള അതിലളിതവും രേഖീയവുമായ ധാരണകളില്‍ നിന്നുമാണ് അത് ഉണ്ടാവുന്നത് എന്നേ പറയാനുള്ളൂ. കാമ്പസ് ജീവിതമെന്നത് വിശാല അര്‍ത്ഥത്തില്‍ വ്യക്തികളുടെ ധൈഷണിക, സാംസ്കാരിക രൂപീകരണം തന്നെയാണ്. അത് കാമ്പസ്സിന്റെ നാലു ചുവരിനുള്ളില്‍ നടക്കുകയും ഗേറ്റ് കടക്കുമ്പോള്‍ ഒടുങ്ങുകയും ചെയ്യുന്ന ഒന്നല്ല. രാഷ്ട്രീയമാവട്ടെ വ്യക്തികളുടെ സാംസ്കാരിക, ധൈഷണിക, ഭാവുകത്വ തലങ്ങളില്‍ മുഴുവന്‍ വ്യാപിച്ച് കിടക്കുന്ന ബോധ്യങ്ങളും.

പറയുന്നത് കക്ഷി രാഷ്ട്രീയത്തെ കുറിച്ച് മാത്രമാണ് എന്ന് വച്ചാല്‍ അതിലും പ്രശ്നങ്ങളുണ്ട്. ഓരോ കക്ഷിയും വിശാലമായ രാഷ്ട്രീയത്തിനുള്ളിലെ ചില തനത് സൂക്ഷ്മ രാഷ്ട്രീയ രൂപങ്ങളാണ്. അതുകൊണ്ട് തന്നെ രാഷ്ട്രീയമുണ്ടെങ്കില്‍ കക്ഷി രാഷ്ട്രീയവും ഉണ്ടാകും.
കാമ്പസുകളില്‍ നിന്നും രാഷ്ട്രീയം നിരോധിക്കുന്നതിനുള്ള കാരണങ്ങളാണ് ഇതിലൊക്കെ വിചിത്രം. അക്രമ സംഭവങ്ങളും കൊലപാതകങ്ങളും ഉണ്ടാകുന്നു എന്നതിനാലത്രെ നിരോധനം! അങ്ങനെയെങ്കില്‍ രാഷ്ട്രീയ കൊലപാതകങ്ങളും അക്രമങ്ങളും തടയാനായി രാഷ്ട്രീയത്തെ കാമ്പസില്‍ നിന്ന് മാത്രമല്ല നാട്ടില്‍ നിന്നും നിരോധിക്കേണ്ടി വരും.

അടുത്ത കാലത്ത് പ്രൊഫഷണല്‍ കോളേജുകളില്‍ ‘ഇടിമുറി’കള്‍ മുതല്‍ ഇന്റെണല്‍ മാര്‍ക്കും അറ്റന്‍ഡന്‍സും വരെ ഉപയോഗിച്ച് മാനേജ്മെന്റുകള്‍ നടത്തുന്ന വിദ്യാര്‍ത്ഥി പീഡനങ്ങളും അതുവഴി ഉണ്ടാകുന്ന ആത്മഹത്യകളും തുടര്‍ക്കഥയായപ്പോള്‍ തലയ്ക്ക് വെളിവും മണ്ണില്‍ നടന്ന പരിചയവും ഉള്ളവര്‍ പറഞ്ഞിരുന്നു, കാമ്പസ് രാഷ്ട്രീയത്തിന്റെ പ്രസക്തിയെ പറ്റി. ജനാധിപത്യപരമായ രാഷ്ട്രീയ സംവാദങ്ങള്‍ ഇല്ലാതാവുന്ന കാമ്പസ്സുകളില്‍ ആ സ്ഥാനം കയ്യടക്കുക മയക്കുമരുന്നും മതമൌലികവാദവുമൊക്കെയായിരിക്കും എന്നും അവര്‍ ചുണ്ടിക്കാണിച്ചിരുന്നു. എന്നിട്ടും നമ്മുടെ കോടതികള്‍ ചോദിക്കുന്നത് നിരോധനം നടപ്പിലാക്കാത്തതെന്ത് എന്നാണ്!

അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് കോടതി പഴയ വിധിയുടെ കാര്യം ഓര്‍ത്തെടുക്കുന്നത്. എന്നാല്‍ എന്താണാ സംഭവം? കെ എസ് യു, എസ് എഫ് ഐ തുടങ്ങിയ ജനാധിപത്യ രാഷ്ട്രീയ സംഘടനകളുടെ വിദ്യാര്‍ത്ഥി ഘടകങ്ങള്‍ ആരോഗ്യകരമായി തങ്ങളുടെ രാഷ്ട്രീയം പറഞ്ഞും പ്രചരിപ്പിച്ചും മത്സരിച്ചും ജയിച്ചും തോറ്റും കഴിയുന്ന ഒരു കാമ്പസ്. എതിരാളികള്‍ക്ക് പോലും നല്ലത് മാത്രം പറയുവാനുള്ള ഒരു വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രവര്‍ത്തകന്‍. അവനെ ഒരു മതമൌലികവാദ സംഘടന കൃത്യമായി തിരഞ്ഞെടുത്ത് കൊലപ്പെടുത്തുന്നു. ആ പശ്ചാത്തലത്തിലാണ് കോടതി പഴയ വിധി ഓര്‍ത്തെടുക്കുന്നത്. ഇത് ആ മത തീവ്രവാദ സംഘടനയെ മറ്റൊരു വിദ്യാര്‍ത്ഥി രാഷ്ട്രീയ സംഘടനയായും ആ കൊലപാതകത്തെ മറ്റൊരു വിദ്യാര്‍ത്ഥി സംഘട്ടനമായും പരോക്ഷമായി സ്വാഭാവികവത്ക്കരിക്കുകയല്ലേ?

കലാലയ രാഷ്ട്രീയം നിരോധിക്കണമെന്ന് പറയുന്ന കോടതി ഇവര്‍ പറയുന്നത് കൂടി കേട്ടു നോക്കൂ

നിയമത്തെ യാന്ത്രികവും സാങ്കേതബദ്ധവുമായി മാത്രം കാണുന്ന കോടതികള്‍ നമ്മുടെ നിയമ വ്യവസ്ഥയുടെ, ഭരണഘടനയുടെ മനുഷ്യപക്ഷ സത്തയും ഉള്‍കാഴ്ചകളെയും ചോര്‍ത്തി കളയുകയാണ് ഇത്തരം പ്രവര്‍ത്തികളിലൂടെ.

നമ്മുടെ ജൂഡീഷ്യല്‍ സംവിധാനങ്ങളും അതിനെ നയിക്കുന്ന പഴയ കൊളോണിയല്‍ കാല ചിട്ടവട്ടങ്ങളും മാറേണ്ടിയിരിക്കുന്നു. ജനാധിപത്യത്തിന്റെ, രാഷ്ട്രീയത്തിന്റെ മനുഷ്യപക്ഷ സത്തയെയും മൂല്യങ്ങളെയും മുന്‍നിര്‍ത്തി അത് പരിഷ്കരിക്കപ്പെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് തന്നെ പറയാം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ഒരു 19-കാരനെ കൊന്നതിന് ന്യായീകരണം ചമയ്ക്കലാണോ നിങ്ങളുടെ രാഷ്ട്രീയം? സണ്ണി എം കപിക്കാട് പ്രതികരിക്കുന്നു

അഭിമന്യുവിന്റെ വട്ടവട

ജിഷ്ണു മരിച്ചത് ഓരോ വിദ്യാര്‍ത്ഥിക്കും വേണ്ടിയാണ്; പോലീസ് ഇപ്പോള്‍ ഞങ്ങളെ കുറ്റവാളികളാക്കുന്നു

പാമ്പാടി ഓര്‍മ്മയില്ലേ? രക്ഷിതാക്കള്‍ ഇങ്ങനെ പറഞ്ഞില്ലായിരുന്നെങ്കില്‍…

ഫാറൂഖ് കോളേജ്: ഇവിടെ ചോദ്യങ്ങളുണ്ട്; അവ ഉറക്കെ ചോദിക്കേണ്ടതുമുണ്ട്

വിശാഖ് ശങ്കര്‍

വിശാഖ് ശങ്കര്‍

എഴുത്തുകാരന്‍, സാമൂഹിക നിരീക്ഷകന്‍. വിദേശത്ത് താമസം. അഴിമുഖത്തില്‍ വിപരീതപഥങ്ങള്‍ എന്ന കോളം ചെയ്യുന്നു

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍