Top

കോണ്‍ഗ്രസ് ബാന്ധവത്തില്‍ തീരുമാനമായി; ഇനി സിപിഐയുടെ വേളി ഓഫര്‍ സിപിഎമ്മിന് സ്വീകരിച്ചുകൂടെ?

കോണ്‍ഗ്രസ് ബാന്ധവത്തില്‍ തീരുമാനമായി; ഇനി സിപിഐയുടെ വേളി ഓഫര്‍ സിപിഎമ്മിന് സ്വീകരിച്ചുകൂടെ?
കോണ്‍ഗ്രസുമായി ധാരണയ്ക്ക് അവസരമൊരുക്കുന്ന തീരുമാനം സി.പി.എമ്മിന്റെ ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉണ്ടായതോടെ കൊല്ലത്ത് ആരംഭിച്ച സി.പി.ഐയുടെ ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നിലുണ്ടാവുമായിരുന്ന രാഷ്ട്രീയവെല്ലുവിളി ഒഴിവായി. പ്രത്യയശാസ്ത്ര തര്‍ക്കങ്ങളൊന്നുമില്ലാത്തതിനാല്‍ അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഇനി നടക്കാനുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിലും നിലമെച്ചപ്പെടുത്തലിന് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കാവും പാര്‍ട്ടി കോണ്‍ഗ്രസ് ഊന്നല്‍ നല്‍കുക.

ഈ പാര്‍ട്ടി കോണ്‍ഗ്രസ് കൊടിയിറങ്ങുമ്പോള്‍ ആകാംക്ഷയുണര്‍ത്തുന്ന പ്രധാന ചോദ്യം എസ്.സുധാകര്‍ റെഡ്ഡി വീണ്ടുമൊരിക്കല്‍കൂടി സി.പി.ഐ ജനറല്‍ സെക്രട്ടറി ആവുമോ എന്നതാണ്. പാര്‍ട്ടി ഭരണഘടനയനുസരിച്ച് ജനറല്‍ സെക്രട്ടറിയുടെ കാലാവധി രണ്ടു തവണയാണ്. എ.ബി.ബര്‍ദാന്‍ കൃത്യം രണ്ടു തവണ കഴിഞ്ഞപ്പോള്‍ ഒഴിഞ്ഞ ജനറല്‍ സെക്രട്ടറി പദവിയിലാണ് ഈ എഴുപത്താറുകാരന്‍ എത്തിനില്‍ക്കുന്നത്. ഇപ്പോഴത്തെ തെലുങ്കാനയിലെ നല്‍ഗൊണ്ടയില്‍നിന്ന് രണ്ടുതവണ ലോക്‌സഭയിലെത്തിയ സുധാകര്‍റെഡ്ഡി തൊഴിലിനെ സംബന്ധിച്ച പാര്‍ലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷനായിരുന്നു. ദേശീയ കൗണ്‍സില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അംഗീകരിച്ചാലേ ജനറല്‍ സെക്രട്ടറിക്ക് തുടരാനാവൂ. നിലവിലത്തെ അവസ്ഥയില്‍ പാര്‍ട്ടിയെ മുന്നോട്ടുനയിക്കുന്നതിന് സുധാകര്‍റെഡ്ഡി വേണമെന്ന അഭിപ്രായത്തിനാണ് മേല്‍ക്കൈ ലഭിച്ചിട്ടുള്ളത്.

പാര്‍ട്ടിയുടെ ദേശീയ എക്‌സിക്യുട്ടീവ് അംഗമായ കെ.ഇ.ഇസ്മയിലിന് അവിടെ തുടരാനാവുമോ എന്നതാണ് കേരളത്തിലെ സി.പി.ഐ പ്രവര്‍ത്തകരെ ആകാംക്ഷയിലാക്കുന്നത്. കേരള നിയമസഭാംഗവും റവന്യൂമന്ത്രിയും രാജ്യസഭാ എം.പിയും ആയിരുന്ന ഇസ്മയിലിന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ എതിര്‍പക്ഷത്തെത്തിയതോടെയാണ് കാലിടറിത്തുടങ്ങിയത്. സംസ്ഥാന സെക്രട്ടറിയാവാന്‍ താല്പര്യപ്പെട്ടിരുന്ന ഇസ്മയിലാണ് കാനം ആദ്യമായി സംസ്ഥാന സെക്രട്ടറിയായപ്പോള്‍ സി.ദിവാകരനെ എതിര്‍ സ്ഥാനാര്‍ത്ഥിയാക്കി മത്സരിപ്പിച്ചതെന്ന് വിശ്വസിക്കുന്നവരാണ് കൂടുതലും. പലപ്പോഴും സി.പി.ഐയുടെ നിലപാടുകള്‍ക്കെതിരെ പരസ്യപ്രതികരണവുമായി രംഗത്തെത്തിയ ഇസ്മയിലിന് തിരിച്ചടിയായത് മന്ത്രിസഭായോഗം ബഹിഷ്‌കരിച്ച സി.പി.ഐ മന്ത്രിമാര്‍ക്കെതിരെ നടത്തിയ പരസ്യവിമര്‍ശനമാണ്. അതിനെതിരെ പാര്‍ട്ടി ഒന്നടങ്കം രംഗത്തെത്തിയതോടെ മുന്‍ നിലപാടിനെ അദ്ദേഹത്തിന് പരസ്യമായി തള്ളിപ്പറയേണ്ടിവന്നു. ഇസ്മയിലിനെ ഗള്‍ഫിലെ പണപ്പിരിവുകാരന്‍ എന്നതുള്‍പ്പെടെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളിക്കുന്ന സംസ്ഥാന കണ്‍ട്രോള്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമാക്കിയത് വന്‍ വിവാദത്തെ ക്ഷണിച്ചുവരുത്തി. ആ റിപ്പോര്‍ട്ട് മാദ്ധ്യമങ്ങള്‍ക്കു ലഭിക്കുകകൂടി ചെയ്തതോടെ ഇസ്മയില്‍ രോഷാകുലനാവുകയും കേന്ദ്രനേതൃത്വത്തിനും കണ്‍ട്രോള്‍ കമ്മിഷനും പരാതി നല്‍കുകയും ചെയ്തു.

എന്നാല്‍, ഇക്കാര്യത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി നല്‍കുന്ന സൂചന ഇസ്മയിലിനെതിരാണ്. പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ കണ്‍ട്രോള്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നല്‍കിയത് തെറ്റല്ലെന്ന നിലപാടിലാണ് സുധാകര്‍ റെഡ്ഡി.കണ്‍ട്രോള്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് രഹസ്യമായി വയ്ക്കാനാവില്ലെന്ന് സുധാകര്‍റെഡ്ഡി പറഞ്ഞു.കണ്‍ട്രോള്‍ കമ്മിഷന്‍ ഒരു റിപ്പോര്‍ട്ട് നല്‍കിയാല്‍ അത് സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ചേ മതിയാവൂ. അതിന്‍മേല്‍ നടന്ന വിവാദങ്ങളും ചര്‍ച്ചകളുമൊന്നും പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ച ചെയ്യില്ല. അത് കഴിഞ്ഞ ഇക്കാര്യം പാര്‍ട്ടി നേതൃത്വം പരിഗണിക്കൂ എന്നും ജനറല്‍ സെക്രട്ടറി വ്യക്തമാക്കി.

പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളിലും 20 ശതമാനം പേര്‍ മാറണമെന്നാണ് വ്യവസ്ഥ. അതനുസരിച്ച് സി.പി.ഐ എക്‌സിക്യൂട്ടീവിലെ 31 പേരില്‍ ആറുപേര്‍ ഇത്തവണ ഒഴിയേണ്ടിവരും. അതില്‍ ഇസ്മയില്‍ ഉള്‍പ്പെടുമോ എന്നതാണ് ചോദ്യം.കാനം രാജേന്ദ്രനും പന്ന്യന്‍ രവീന്ദ്രനും ബിനോയ് വിശ്വവുമാണ് ഇസ്മയിലിനെ കൂടാതെ കേരളത്തില്‍ നിന്ന് എക്‌സിക്യുട്ടീവിലുള്ളത്. സംസ്ഥാന സെക്രട്ടറിയായതിനാല്‍ കാനത്തെ മാറ്റാനാവില്ല. പാര്‍ട്ടിയുടെ താരപ്രാസംഗികനും മുന്‍ സംസ്ഥാന സെക്രട്ടറിയും ആയതിനാല്‍ പന്ന്യനും തുടരാനാണ് സാദ്ധ്യത. മാത്രമല്ല, കാനവും പന്ന്യനും പാര്‍ട്ടിയുടെ കേന്ദ്രസെക്രട്ടറിയേറ്റ് അംഗങ്ങളുമാണ്. ബിനോയ് വിശ്വം കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസിലേ ഈ സ്ഥാനത്തെത്തിയിട്ടുള്ളൂ. ബിനോയിയെ കേന്ദ്രസെക്രട്ടറിയേറ്റിലേക്കും പരിഗണിക്കുന്നുമുണ്ട്. ആ സ്ഥിതിക്ക് ഒഴിഞ്ഞു കൊടുക്കേണ്ടി വരികയാണെങ്കില്‍ അത് ഇസ്മയില്‍ ആയിരിക്കുമെന്നാണ് മിക്കവരും കരുതുന്നത്. ഇസ്മയില്‍ ഒഴിഞ്ഞാല്‍ പാര്‍ട്ടിയുടെ ഏക ലോക്‌സഭാംഗം സി.എന്‍.ജയദേവന്‍, കെ.പ്രകാശ്ബാബു എന്നിവര്‍ക്കാണ് സാധ്യത കല്‍പ്പിക്കപ്പെടുന്നത്. കാനം,പന്ന്യന്‍, ഇസ്മയില്‍,ബിനോയ് വിശ്വം എന്നിവരെക്കൂടാതെ സത്യന്‍മൊകേരി, സി.എന്‍.ചന്ദ്രന്‍, സി.എന്‍.ജയദേവന്‍, കെ.പ്രകാശ്ബാബു, ടി.വി.ബാലന്‍, സി.എ.കുര്യന്‍, കമല സദാനന്ദന്‍, സി.ദിവാകരന്‍, ചിഞ്ചുറാണി എന്നിവരാണ് ദേശീയ കൗണ്‍സില്‍ അംഗങ്ങള്‍. ഇതില്‍ മൂന്നുപേരെങ്കിലും ഒഴിയേണ്ടിവരും.

സി.പി.ഐയില്‍ വിഭാഗീയത രൂക്ഷമാണെന്ന് സംഘടനാ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നുണ്ട്. വ്യക്തിപരമായ പദവി മോഹങ്ങള്‍ക്കുപോലും ആദര്‍ശത്തിന്റെ മുഖംമൂടിയിട്ട് വിഭാഗീയ പ്രവര്‍ത്തനങ്ങളിലേക്കെത്തുന്നു. നയപരമായ ഭിന്നതയാണെങ്കില്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാനാവും. എന്നാല്‍, വ്യക്തിപരമായ താല്പര്യങ്ങളാണെങ്കില്‍ പരിഹാരം എളുപ്പമല്ല. നിയമസഭാ - ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍ക്ക് കൂടുതല്‍ ഗൃഹപാഠവും ഒരുക്കവും തയ്യാറെടുപ്പും ആവശ്യമാണ്. ഒരു എം.പി യും 21 എം.എല്‍.എമാരുമാണ് സി.പി.ഐക്കുള്ളത്. തൃശൂരില്‍നിന്നുള്ള സി.എന്‍.ജയദേവനാണ് ആകെയുള്ള ലോക്‌സഭാംഗം. മൊത്തമുള്ള 21 എം.എല്‍.എമാരില്‍ പത്തൊമ്പതും കേരളത്തിന്റെ സംഭാവനയാണ്.

കമ്മ്യൂണിസ്റ്റ് പുനരേകീകരണം എന്ന മുദ്രാവാക്യം സി.പി.ഐക്ക് പ്രിയപ്പെട്ടതായിരുന്നു. സി.പി.എം അതിനെ പരസ്യമായി എതിര്‍ക്കുക കൂടി ചെയ്ത സാഹചര്യത്തില്‍ ആ മുദ്രാവാക്യം ഉച്ചത്തില്‍ മുഴക്കാറില്ലായിരുന്നു. ഇപ്പോള്‍, കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യം പാടില്ലെന്നും ധാരണയാവാമെന്നുമുള്ള സി.പി.ഐ നിലപാടിലേക്ക് സി.പി.എമ്മും എത്തിയ സാഹചര്യത്തില്‍ കമ്മ്യൂണിസ്റ്റ് പുനരേകീകരണം എന്ന മുദ്രാവാക്യത്തിന് വീണ്ടും പ്രസക്തിയേറെയാണെന്നാണ് സി.പി.ഐയുടെ നിലപാട്. ഇക്കാര്യത്തില്‍ സി.പി.എമ്മിന്റെ പ്രതികരണത്തിന് സി.പി.ഐ കാക്കുകയാണ്. കോണ്‍ഗ്രസിനോടുള്ള നിലപാറ്റുമാറ്റത്തിനുശേഷം സി.പി.എമ്മിന്റെ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എത്തുന്നത് സി.പി.ഐ പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഉദ്ഘാടന സമ്മേളനത്തിലേക്ക് ആയതിനാല്‍ അതിന്റെ ആകാംക്ഷ സി.പി.ഐ പ്രവര്‍ത്തകരെക്കാള്‍ കേരളത്തിലെ സി.പി.എം പ്രവര്‍ത്തകര്‍ക്കാണ്.

മുഖ്യശത്രു ബി.ജെ.പി എന്ന പൊതുനിലപാടിലേക്ക് ഇടതു പാര്‍ട്ടികള്‍ എത്തിയ ശേഷമാണ് സി.പി.ഐ പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് കടക്കുന്നത്. സി.പി.എമ്മിന്റെ പുതിയ രാഷ്ട്രീയപ്രമേയം അംഗീകരിച്ചതോടെ വളരെയധികം സന്തോഷിക്കുകയാണെന്ന് സുധാകര്‍ റെഡ്ഡി തുറന്നുപറഞ്ഞു കഴിഞ്ഞു. ഇടത്, മതേതര, ജനവാധിപത്യ കൂട്ടായ്മക്കുവേണ്ടിയാണ് സി.പി.ഐ വാദിച്ചത്. എന്നാല്‍, സി.പി.എം വ്യത്യസ്ത നിലപാടിലായിരുന്നു. സി.പി.ഐക്ക് സി.പി.എമ്മിനെയോ ഇടതുമുന്നണിയെയോ കൈവിടാനുമാവില്ല. ബി.ജെ.പിക്കും സംഘപരിവാറിനുമെതിരെ എല്ലാ മതേതര, ജനാധിപത്യ, ഇടത് കക്ഷികളുടെയും കൂട്ടായ്മയുമായി തെരഞ്ഞെടുപ്പിനുള്‍പ്പെടെ നീക്കുപോക്കിന് സാധിക്കുമെന്ന അവസ്ഥയിലേക്ക് സി.പി.എമ്മിന്റെ തീരുമാനത്തോടെ സാധിച്ചുവെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി വിശദീകരിക്കുന്നു. അങ്ങനെ, മൊത്തത്തില്‍ വലിയ വെല്ലുവിളികളില്ലാതെ, ആശ്വാസകരമായ പാര്‍ട്ടികോണ്‍ഗ്രസിനെയാണ് സി.പി.ഐ കൊല്ലത്ത് പ്രതീക്ഷിക്കുന്നത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories