Top

ഇന്ത്യൻ വ്യാപാരസമൂഹമോ നാഗ്‌പൂരോ?; മോദിക്ക് തീരുമാനിക്കാൻ സമയമായി

ഇന്ത്യൻ വ്യാപാരസമൂഹമോ നാഗ്‌പൂരോ?; മോദിക്ക് തീരുമാനിക്കാൻ സമയമായി
രാഷ്ട്രീയ എതിരാളികൾക്കെതിരായ ഹീനവും വിഭാഗീയവുമായ പരാമർശങ്ങൾക്കൊണ്ട് കഴിഞ്ഞ കുറച്ചു മാസങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ അനുയായികളെ വരെ ഞെട്ടിച്ചു. ടെലിവിഷൻ സ്റ്റുഡിയോകളിലെ എൻ ഡി എ സഹയാത്രികർക്ക് വരെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമർശങ്ങൾ ന്യായീകരിക്കാൻ ബുദ്ധിമുട്ടായി. ‘സബ് കാ സാഥ്, സബ് കാ വികാസ്’ എന്ന മുദ്രാവാക്യവുമായി വികാസ് പുരുഷനായി വന്ന മോദിയെ  ഇപ്പോൾ വർഗീയതയുടേയും   അതിദേശീയതയുടേയും വ്യാഖ്യാനവുമായി രംഗത്തിറങ്ങാൻ പ്രേരിപ്പിച്ചതെന്താണ്? മോദി ഇന്ദ്രജാലം ഉണ്ടായിരുന്ന 2014-ൽ നിന്നും വ്യത്യസ്തമായി തരംഗരഹിതമായ ഒന്നാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ്. എന്നാലും, ഒരു പക്വതയാർജ്ജിച്ച രാഷ്ട്രീയനേതാവിനെ പോലെ, വെറുപ്പ് പ്രചരിപ്പിക്കാത്ത മാന്യമായ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയാലും പ്രധാനമന്ത്രിക്ക് മോശമല്ലാത്ത രീതിയിൽ സീറ്റുകൾ നേടാൻ കഴിയുമായിരുന്നു എന്ന് കരുതുന്ന നിരീക്ഷകരുണ്ട്; പിന്നെന്തുകൊണ്ടാണ് ഈ ‘കൊലവെറി’?

വികസന നായകൻ എന്നതിൽ നിന്നും ഹിന്ദുത്വ പ്രതീകങ്ങൾ തെരഞ്ഞെടുക്കാൻ മോദിയെ പ്രേരിപ്പിച്ചത് രണ്ടു കാരണങ്ങളാകാനാണ് സാധ്യത. കഴിഞ്ഞ അഞ്ചു വർഷത്തെ നേട്ടങ്ങളെക്കുറിച്ച് കാര്യമായൊന്നും പറയാനില്ല അല്ലെങ്കിൽ ബി ജെ പിയുടെ പ്രത്യയശാസ്ത്ര വഴികാട്ടിയായ ആർ എസ് എസിന്റെ കടുത്ത നിയന്ത്രണത്തിലാണ് അയാളിപ്പോൾ. 2014-ൽ ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി വരുമ്പോൾ മോദിക്ക് ശക്തരായ പിന്തുണക്കാരുണ്ടായിരുന്നു: ആർ എസ് എസ്, ഇന്ത്യയിലെ വ്യാപാര ലോകം, ഒരു വിഭാഗം മാധ്യമങ്ങൾ, ചില അന്താരാഷ്‌ട്ര ശക്തികൾ എന്നിവരെല്ലാം വിവിധാ കാരണങ്ങളാൽ അദ്ദേഹത്തെ പിന്തുണച്ചു. സമ്പദ് വ്യവസ്ഥയെ തിരികെ ചലനാത്മകമാക്കും മോദിയെന്ന് വ്യാപാര ലോകം കരുതിയപ്പോൾ, ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വലിയ മുന്നേറ്റത്തിന് അയാൾ സഹായിക്കും എന്ന് ആർ എസ് എസും കരുതി.

മധ്യ, ഉദാര വിഭാഗങ്ങൾപ്പോലും മോദി മാറ്റം കൊണ്ടുവരും, അഴിമതി തുടച്ചുനീക്കും എന്ന് പ്രതീക്ഷിച്ചു വോട്ടു ചെയ്യുന്ന തരത്തിൽ തീവ്രമായിരുന്നു അഴിമതിക്കും രണ്ടാം യു പി എ  സർക്കാരിനുമെതിരായ ജനവികാരം. ഗുജറാത്ത് മുഖ്യമന്ത്രി എന്ന നിലയിൽ ആർ എസ് എസിനെ കയ്യകലത്തിൽ നിർത്തിയ ശക്തനായ മുഖ്യമന്ത്രി എന്ന പ്രതിഛായയുള്ള മോദി വികസനത്തിന്റെ വഴിയിൽ നിന്നും വർഗീയവാദത്തെ മാറ്റിനിർത്തും എന്ന് പലരും പ്രത്യേകിച്ച് വലതുപക്ഷ സാമ്പത്തിക വിദഗ്ധർ കരുതി. എന്നാൽ അഞ്ചുകൊല്ലത്തിനിപ്പുറം കാണുന്നത് ജീവിത പ്രശ്നങ്ങൾ വഴി മാറുകയും അതിദേശീയത മോദിയുടെ അജണ്ടയായി മാറുകയും ചെയ്യുന്നതാണ്.

ലോക്സഭയിൽ 282 എം പിമാരുടെ പിന്തുണയും എല്ലാ അധികാരങ്ങൾക്കും സ്ഥാപനങ്ങൾക്കും മുകളിൽ അതിശക്തമായ നിയന്ത്രണമുണ്ടായിട്ടും മോദിക്ക് ആർ എസ് എസിന്റെ നിർദ്ദേശങ്ങൾ അനുസരിക്കേണ്ടിവന്നു എന്നത് ആശ്ചര്യമുണ്ടാക്കുന്നതാണ്. സ്വന്തമായി ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും ഭരിക്കാൻ സഖ്യകക്ഷികൾ ആശ്രയിക്കേണ്ടിയിരുന്നിട്ടും സംഘത്തിന്റെ നിർദേശങ്ങളെ തള്ളിക്കളയാൻ അടൽ ബിഹാരി വാജ്‌പേയിക്ക് കഴിഞ്ഞിരുന്നു. എൽ. കെ. അദ്വാനിയെ പരിഗണിക്കാതെ വാജ്‌പേയിയെ 1996-ൽ പ്രധാനമന്ത്രിയാക്കാൻ തീരുമാനിച്ചത് ആർ എസ് എസ് ആയിരുന്നു. പക്ഷെ പിന്നീട് സർക്കാരിന്റെ തീരുമാനങ്ങളെടുക്കൽ പ്രക്രിയയിൽ നാഗ്പൂർ കൈകടത്താൻ ശ്രമിച്ചതോടെ വാജ്‌പേയിയും അന്നത്തെ ആർ എസ് എസ് മേധാവി സുദർശനുമായുള്ള ബന്ധം വഷളായി. 1998-ൽ ധനമന്ത്രി സ്ഥാനത്തു നിന്നും ജസ്വന്ത് സിംഗിനെ മാറ്റാൻ വാജ്‌പേയിയെ നിര്‍ബന്ധിതനാക്കിയ സംഘം 2004-ൽ വാജ്‌പേയിയുടെ കാലാവധി തീരും വരെ സ്വദേശി ജാഗരൺ മഞ്ച്, ഭാരതീയ കിസാൻ സംഘ്, ഭാരതീയ മാസ്‌ടോര്ര സംഘ്, വി എച്ച് പി തുടങ്ങിയ തങ്ങളുടെ സംഘടനകളിലൂടെ വാജ്‌പേയിയുടെ സാമ്പത്തിക, വിദേശ നയങ്ങളെയും അയോദ്ധ്യ പ്രശ്നത്തെയും സ്വാധീനിക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. ചില പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിച്ചതിന്റെ പേരിൽ അരുൺ ഷൂരിയെ നിർനിക്ഷേപ മന്ത്രിസ്ഥാനത്തു നിന്നും പുറത്താക്കാനും സുദർശൻ ആവശ്യപ്പെട്ടു. എങ്കിലും ശക്തരായ പ്രാദേശിക സഖ്യകക്ഷികളുടെ സഹായത്തോടെയും തന്റെ വ്യക്തിപ്രഭാവവും നയതന്ത്രജ്ഞതയും ഉപയോഗിച്ചും വാജ്പേയീ കാര്യങ്ങൾ മോശമല്ലാതെ മുന്നോട്ടുകൊണ്ടുപോയി. അമർഷംപൂണ്ട സംഘ് സൈദ്ധാന്തികൻ ഗോവിന്ദാചാര്യ, വാജ്‌പേയിയെ ‘മുഖംമൂടി’ എന്ന് വിളിക്കുന്നതുവരെയെത്തി.

ഇതിന് വിരുദ്ധമായി മോദിക്ക് ആർ എസ് എസുമായി വലിയ തർക്കങ്ങളൊന്നുമില്ല. എസ് ജെ എം, ബി കെ എസ്, ബി എം എസ് എന്നിവയെല്ലാം കഴിഞ്ഞ കുറച്ചു വർഷങ്ങളായി നിശ്ശബ്ദരാണ്. വലിയ തന്ത്രജ്ഞരായ മോദിക്കും ഭഗവതിനും അവരുടെ മുൻഗണനകളുണ്ട്-ഹിന്ദുത്വ പദ്ധതിയിൽ അവർ പരസ്പരം കൊടുക്കൽ വാങ്ങലുകൾ നടത്തുന്നു. നോട്ട് നിരോധനം പോലുള്ള വിഷയങ്ങളിൽ  അസാധാരണമായ വിധത്തിൽ ആർ എസ് എസ് മൗനം പാലിച്ചപ്പോൾ സംഘവുമായുള്ള തന്റെ ബന്ധം ഉപയോഗപ്പെടുത്തിക്കൊണ്ട് ബി ജെ പിയിലെ മുതിർന്ന നേതാക്കന്മാരെയും കൂട്ടായ നേതൃത്വത്തെയും എല്ലാം താരതമ്യേന എളുപ്പത്തിൽ മോദി ക്രമമായി ഇല്ലാതാക്കി. അദ്വാനിക്കും ജോഷിക്കും മറ്റുള്ളവർക്കും വേണ്ടി നാഗ്പൂരിൽ നിന്നും ആരും കരഞ്ഞില്ല. ഐ എം എഫ്‌, ലോകബാങ്ക്  രീതിയിലുള്ള പാശ്ചാത്യ സാമ്പത്തിക വികസന മാതൃകകയ്‌ക്കെതിരായ സംഘം തങ്ങളുടെ സ്വദേശി മുദ്രാവാക്യം മാറ്റിവെക്കുകയും നേരിട്ടുള്ള വിദേശ നിക്ഷേപത്തിനും ഓഹരി വിറ്റഴിക്കലിനുമെതിരായ തങ്ങളുടെ എതിർപ്പ് ഏതാണ്ട് അവസാനിപ്പിക്കുകയും ചെയ്തു.

മോദിയുടെ മേലുള്ള ആർ എസ് എസിന്റെ പിടി മുറുകുന്നു എന്നതിന്റെ സൂചന ആദ്യം ലഭിച്ചത് 2015-ൽ മുസ്ലീങ്ങൾക്കും ദളിതർക്കുമെതിരായ ആൾക്കൂട്ട ആക്രമണങ്ങളിൽ അദ്ദേഹം മൗനം പുലർത്തിയപ്പോഴായിരുന്നു (അല്ലെങ്കിൽ ദുർബലമായ പ്രതികരണം). 2017-ൽ ഉത്തർ പ്രദേശ് പോലൊരു സംസ്ഥാനത്ത് യോഗി ആദിത്യ നാഥിനെ മുഖ്യമന്ത്രിയാക്കാൻ മോദി നിർബന്ധിതനായി. ആർ എസ് എസ് സൈദ്ധാന്തികൻ എസ്. ഗുരുമൂർത്തിയെ ആർ ബി ഐ (part time) ഡയറക്ടറാക്കി. സാമ്പത്തിക വിദഗ്ധരായ രഘുറാം രാജനെയും ഊർജിത പട്ടേലിനെയും ആർ ബി ഐ സ്ഥാനത്ത് നിന്ന് ഒഴിവാക്കി, അരവിന്ദ് സുബ്രഹ്മണ്യത്തെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സ്ഥാനത്തു നിന്നും നീക്കം ചെയ്തു. ഇപ്പോൾ മധ്യപ്രദേശിൽ  വർഗീയ ധ്രുവീകരണത്തിന് ആക്കം കൂട്ടാൻ പ്രഗ്യ താക്കൂറിനെ ഭോപ്പാലിൽ സ്ഥാനാർത്ഥിയാക്കിയിരിക്കുന്നു; ഇതെല്ലാം പ്രധാനമന്ത്രിക്ക് പൂർണ്ണസമ്മതമായിരുന്നു.

പല കോർപ്പറേറ്റ് വൃത്തങ്ങളും 2014-ൽ വിശ്വസിച്ചത് ആർ എസ് എസിന്റെ സാമ്പത്തിക കാഴ്ച്ചപ്പാടിൽ നിന്നും ഹിന്ദുത്വ രാഷ്ട്രീയത്തിൽ നിന്നും മോദി ബി ജെ പിയെ മോചിപ്പിക്കും എന്നും നിക്ഷേപത്തിന് അനുകൂലമായ അന്തരീക്ഷം ഉണ്ടാക്കും എന്നുമാണ്. വ്യാപാരം നടത്തുന്നത് ലളിതമാക്കാൻ സർക്കാർ പല രീതിയിലും ശ്രമിച്ചെങ്കിലും നേരിട്ടുള്ള വിദേശ നിക്ഷേപം തീർത്തും കുറവാണ്. വ്യവസായ നയ, പ്രോത്സാഹന വകുപ്പിനെ ഉദ്ധരിച്ചുകൊണ്ട് റോയിറ്റേഴ്‌സ് പറയുന്നത് വിദേശ നിക്ഷേപ നിരക്ക് 2017-18-ൽ അഞ്ചു വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 3% ത്തിലാണ് അഥവാ 44.85 ബില്യനാണ് യു എസ് ഡോളർ എന്നാണ്.

ആർ എസ് എസിനു വഴങ്ങിക്കൊടുത്ത മോദിയുടെ നയം ഇന്ത്യൻ വ്യാപാര സമൂഹത്തിന്റെ വിശ്വാസം നഷ്ടപ്പെടുത്തുന്നത് മോദിക്ക് നഷ്ടപ്പെടുത്തുക മെയ് മാസത്തിനു ശേഷമുള്ള കാലം കൂടെയാണോ? കഴിഞ്ഞ മാസം തെക്കൻ മുംബൈയിലെ കോൺഗ്രസ് സ്ഥാനാർത്ഥി മിലിന്ദ് ദിയോറയ്ക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് മുകേഷ് അംബാനി അമ്പരപ്പുണ്ടാക്കിയിരുന്നു. ഇത് സർക്കാരിനോടുള്ള വലിയ അസംതൃപ്തിയായി വായിക്കിച്ചെടുക്കാനില്ലെങ്കിലും മോദി തന്റെ വിഭാഗീയ രാഷ്ട്രീയത്തെക്കുറിച്ച് ആകുലപ്പെടേണ്ടിയിരിക്കുന്നു. വിപണി ശക്തികളുടെ കണ്ണുകൾ ഏറെ ദൂരത്തേക്ക് കാണും, അവർക്ക് അവരുടേതായ തിരുത്തൽ മാർഗങ്ങളുണ്ട്.

Read More: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കു വേണ്ടി സ്വന്തം ജീവിതം മാറ്റിവെച്ച അമ്പലത്തറ കുഞ്ഞിക്കൃഷ്ണന്‍ രോഗശയ്യയില്‍

Next Story

Related Stories