TopTop
Begin typing your search above and press return to search.

വനിതാ മാധ്യമ പ്രവര്‍ത്തകരെ അവര്‍ ഭയപ്പെടുന്നതിന് കാരണങ്ങളുണ്ട്‌

വനിതാ മാധ്യമ പ്രവര്‍ത്തകരെ അവര്‍ ഭയപ്പെടുന്നതിന് കാരണങ്ങളുണ്ട്‌

ശബരിമലയിൽ സ്ത്രീകൾക്ക് പ്രായഭേദമെന്യേ പ്രവേശിക്കാനാകുമെന്ന സുപ്രീം കോടതി വിധി വരികയും അത് ലംഘിക്കാൻ സംഘപരിവാർ കച്ച കെട്ടി ഇറങ്ങുകയും ചെയ്തിരിക്കുന്നു . സ്ത്രീകൾ ശബരിമലയിൽ കയറുന്നത് എന്തു വിലകൊടുത്തും തടയുമെന്നു പറയുന്നവർ ശബരിമലക്ക് വന്ന വനിതാ മാധ്യമ പ്രവർത്തകരെ ക്രൂരമായി ആക്രമിക്കുകയും ചെയ്തു. ശബരിമലക്ക് കിലോമീറ്ററുകൾക്കകലെ നിലക്കലിൽ വെച്ചു പോലും വനിതാ മാധ്യമ പ്രവർത്തകരെ തടഞ്ഞു.

ശരണം വിളിയോടൊപ്പം അസഭ്യവർഷവും നടത്തി ക്രൂരമായി ഉപദ്രവിച്ചാണ് അവരെ പറഞ്ഞു വിട്ടത്. ആൾക്കൂട്ടം തങ്ങളെ കൃത്യമായ തയ്യാറെടുപ്പോടെ ആക്രമിക്കുകയായിരുന്നു എന്ന് രക്ഷപ്പെട്ടെത്തിയ മാധ്യമ പ്രവർത്തകർ സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു. തങ്ങളുടെ മുടി പിടിച്ചു വലിക്കുകയും പുറകിൽ ചവിട്ടുകയും ചെയ്തു എന്നും അവർ കുറിപ്പുകളില്‍ വ്യക്തമാക്കി. ഇതൊന്നും തന്നെ ഒരു ഒരു പ്രതിഷേധ പ്രകടനങ്ങൾക്കിടയിൽ സാധാരണയായി ഉണ്ടാകാവുന്ന സ്വാഭാവിക പ്രതികരണങ്ങൾ മാത്രമല്ല എന്ന് തിരിച്ചറിയുന്നിടത്താണ് സംഘപരിവാറിന്റെ തനിനിറം വീണ്ടും മറനീക്കി പുറത്തു വരുന്നത്. വനിതാ മാധ്യമപ്രവർത്തകർ എന്നും അവരുടെ കണ്ണിലെ കരടാണ്.

ലിംഗ വിവേചനത്തിൽ തുടങ്ങി മതാധിഷ്ഠിതമായ സവർണ ഉടയോൻ മനോഭാവം സ്ത്രീക്കു മേലെ അടിച്ചേൽപ്പിക്കുന്ന വർഗീയവാദികൾ (എല്ലാ മതത്തിലെയും) എന്നും ആഗ്രഹിക്കുന്ന 'വിനീത വിധേയ അടിമ'കളാണ് സ്ത്രീകൾ. സാമൂഹികഘടനയിൽ മതത്തെ ഉപയോഗിച്ച് വിഭജനം നടത്തുന്ന ഏതൊരു വർഗീയ പ്രസ്ഥാനങ്ങളും, ആ ഘടനയെ ഇഴ പിരിയാതെ സൂക്ഷിക്കാൻ കെല്‍പ്പുള്ള എന്തിനെയും വെറുക്കുന്നു. അതിൽ സാമൂഹിക പരിഷ്കർത്താക്കൾ, പുരോഗമന പ്രസ്ഥാന പ്രവർത്തകർ, യുക്തിവാദികൾ തുടങ്ങിയവർ സ്ഥാനം പിടിച്ചിട്ടുണ്ട്. സാമൂഹിക ഇഴകളെ ചേർത്തു നിറുത്താനുള്ള ആഹ്വാനം ഇപ്പറഞ്ഞവർ നടത്തുമ്പോൾ അത് പ്രാവർത്തികമാക്കുന്നത് സമൂഹത്തിലെ അടിസ്ഥാനവർഗം, ദളിതർ, സ്ത്രീകൾ തുടങ്ങിയവരാണ്. അത്തരത്തിൽ പ്രധാന പങ്കു വഹിക്കുന്ന സ്ത്രീ, മൗനിയായി തുടരാതെ ശബ്ദിച്ചും കൂടി തുടങ്ങിയാലോ? അവൾ അതിന് പത്രപ്രവർത്തനം ഒരു മാർഗവും തൊഴിലുമായി തിരഞ്ഞെടുത്താലോ? ഒരു സാമൂഹിക പരിഷ്കകർത്താവിന്റെ റോളിലേക്കു കൂടി അവൾ മാറുകയായി. അതിൽ പിന്നെ, യുക്തിരാഹിത്യരീതികളും ചിട്ടകളുമുള്ള വർഗീയത, സമൂഹത്തിനെ ഇഴ ചേർക്കുന്ന 'യുക്തിയുള്ള പെണ്ണി'നെ ഉന്മൂലനം ചെയ്യപ്പെടേണ്ട വിഭാഗത്തിൽ ഉൾപ്പെടുത്തും. രഹസ്യമായും പരസ്യമായും അവളെ നിശ്ശബ്ദയാക്കാൻ കിട്ടുന്ന ഒരവസരവും വർഗീയ പ്രസ്ഥാനങ്ങൾ ഒരിക്കലും നഷ്ടപ്പെടുത്തില്ല.

കലാപ കാലത്തെ സ്ത്രീ

ഏതൊരു വർഗീയ കാലാപങ്ങളിലും ആദ്യാവസാനം ഏറ്റവും കൂടുതൽ ദുരന്തം അനുഭവിക്കുന്നത് സ്ത്രീകളും കുട്ടികളുമാണ്. ഇന്ത്യയിൽ നടന്നിട്ടുള്ള വർഗീയ കാലാപങ്ങളിൽ സ്ത്രീകൾ വ്യാപകമായി കൊലചെയ്യപ്പെടുകയും ബലാത്സംഗത്തിനിരയാവുകയും ചെയ്തിട്ടുണ്ട്.

അന്യമത സ്ത്രീകൾക്ക് മേൽ ചാടി വീഴുന്ന വർഗീയ ഭ്രാന്തന്മാര്‍ അവിടെ നടത്തുന്നത് ഉപഭോഗാസക്തിയോടെയുള്ള ഒരു ലൈംഗിക അതിക്രമം മാത്രമല്ല, മറിച്ച് കീഴ്പ്പെടുത്തലിന്റെ ഒരു രാഷ്ട്രീയ പ്രവർത്തനം കൂടിയാണ്. 'ശത്രു'മതത്തിന്റെ മേൽ നേടുന്ന ഒരു 'വിശുദ്ധ' യുദ്ധവിജയം കൂടിയാണത്. ഇന്ന മതത്തിൽ പെട്ടു എന്നത് മാത്രമാണ് കൊല്ലപ്പെടാനോ, ബലാത്സംഗം ചെയ്യപ്പെടാനോ ഉള്ള കാരണം. കൃത്യത്തിനു ശേഷം, ഓരോ വർഗീയവാദിയും മടങ്ങുക തന്നെ കാലങ്ങളോളം മാനസികമായി 'ബുദ്ധിമുട്ടിച്ച' ഒന്നിനെ ആക്രമിച്ചു കീഴ്പ്പെടുത്തിയപ്പോൾ കിട്ടിയ ആ 'ആത്മനിർവൃതി'യോടെയാണ്. അതുപോലെ ശബരിമലയിൽ വനിതാ മാധ്യമ പ്രവർത്തകർ ആക്രമിക്കപ്പെട്ടതിനു പിന്നിലും കൃത്യമായ രാഷ്ട്രീയ കാരണങ്ങളാണ് കൂടുതലായി ഉള്ളത്.

പ്രത്യാഘാതം വകവെക്കാതെ ആർഎസ്എസിന്റെ കടുത്ത വിമർശകരായി മാറിയ പ്രശസ്ത വനിതാ പത്രപ്രവർത്തകർ അധികമൊന്നും ഇല്ല നമ്മുടെ രാജ്യത്ത്. ജെഎൻയു വിഷയത്തിൽ സംഘപരിവാറിനെതിരെ ശബ്ദമുയർത്തി രംഗത്തു വന്ന മുതിർന്ന മാധ്യമ പ്രവർത്തക ബർഖ ദത്ത്, 2002-ലെ ഗുജറാത്ത് കലാപത്തെ പറ്റി, 'ഗുജറാത്ത് ഫയൽസ്' എന്ന പുസ്‌തകം എഴുതിയ റാണ അയൂബ്, തീവ്ര ഹിന്ദു വർഗീയവാദികളാൽ കൊല ചെയ്യപ്പെട്ട ഗൗരി ലങ്കേഷ് തുടങ്ങിയ ചുരുക്കം പേരുകളിൽ നമുക്കാ വിഭാഗത്തെ ഒതുക്കാം. സംഘപരിവാരിനെതിരെ കടുത്ത നിലപാടുകളെടുത്തതിന്റെ പേരില്‍ കേരളത്തിലും ചുരുക്കം വനിതാ മാധ്യമ പ്രവര്‍ത്തകരുണ്ട്. ഇവർക്കെല്ലാം തന്നെ കടുത്ത ഭീക്ഷണികൾ സംഘപരിവാറിൽ നിന്ന് നേരിടേണ്ടി വന്നിട്ടുണ്ട്.

ഒരു പുരുഷ ജേര്‍ണലിസ്റ്റ് ഇവർ ചെയ്ത ഇതേ കാര്യങ്ങൾ ചെയ്തിരുന്നെങ്കിൽ, ഇതു പോലെ അക്രമിക്കപ്പെടുമായിരുന്നോ എന്നത് അവലോകന വിധേയമാകേണ്ടതുണ്ട്. എങ്കിൽ നമ്മൾ ചെന്നെത്തുക, തൂലിക എടുത്ത, ചിന്തിക്കുകയും തർക്കിക്കുകയും ചെയ്യുന്ന ഒരു സ്ത്രീയെ പ്രധാന ശത്രുവായി കാണുന്ന, അവളുടെ മേൽ ലിംഗ, ധാർമിക, ശരീര നിയമങ്ങൾ അടിച്ചേൽപ്പിച്ച, മതവർഗീയതയുടെ തീവ്ര വിധ്വംസനത്തിലാണ്. സ്ത്രീ മാധ്യമ പ്രവർത്തകർ 'പ്രസ്റ്റിറ്റ്യൂട്ട്സ്' ആകുന്നതും, അവർക്കെതിരെ ബലാത്സംഗ ഭീക്ഷണികൾ ഉയരുന്നതും അതുകൊണ്ടു മാത്രമാണ്.

ആക്രമണത്തില്‍ പരിക്കേറ്റ റിപ്പബ്ലിക് ടിവിയിലെ പൂജ പ്രസന്ന, ഇന്ത്യ ടുഡേയിലെ മൗസമി സിംഗ്, ന്യൂസ് മിനിറ്റിലെ സരിത ബാലന്‍, സിഎന്‍എന്‍-ന്യൂസ് 18-ലെ രാധിക രാമസ്വാമി, എന്‍ഡിടിവിയുടെ സ്നേഹ കോശി തുടങ്ങിയ വനിതാ മാധ്യമ പ്രവർത്തകർ വ്യക്തിപരമായല്ല ആ അതിക്രമമം നേരിട്ടത്. അവരിലോരോരുത്തരെയും ആക്രമിക്കുമ്പോൾ, സംഘപരിവാറിന്റെ മനസ്സിൽ ബർഖയും റാണയും സിന്ധുവും ഷാനിയും ഒക്കെ ആയിരുന്നു. കൊന്നു കളഞ്ഞിട്ടും കലി തീരാതെ ഗൗരിയോടുള്ള പകയായിരുന്നു ആ ആക്രമണങ്ങൾ. തങ്ങൾക്കെതിരെ ഇപ്പോൾ ശബ്ദിക്കുന്ന/നാളെ ശബ്ദിക്കാൻ സാധ്യതയുള്ള എല്ലാ വനിതാ മാധ്യമ പ്രവർത്തകരെയും എന്നന്നേക്കുമായി നിശബ്ദരാക്കാൻ വേണ്ടിയുള്ള രാഷ്ട്രീയ തീരുമാനമാകുന്നത് അങ്ങനെയാണ്.

സ്ത്രീ 'കുലസ്ത്രീ' ആയാൽ മതി

താലപ്പൊലിയും ക്ഷേത്രാചാരങ്ങളും പിൻപറ്റി ബാലഗോകുലത്തിന്റെ ശ്രീകൃഷ്ണ ജയന്തിയിൽ ഭാവിതലമുറയെ എത്തിക്കുന്നിടം വരെ, അല്ലെങ്കിൽ ബിംബവത്ക്കരിക്കപ്പെട്ട ഒരു ദേവീസങ്കല്പം, അതുവരെ മാത്രമേ 'നാരീശക്തി' എത്താവൂ എന്ന് വർഗീയ പ്രസ്ഥാനങ്ങൾക്ക് നിർബന്ധമുണ്ട്. ഈ ഘട്ടങ്ങളിലെല്ലാം അവളുടെ കുടുംബപദവി, ബൗദ്ധികം, പൗരത്വം, മാതൃത്വം, ശരീര പ്രകടനം തുടങ്ങിയവയിലെല്ലാം അലിഖിത നിഷ്ഠകൾ ഏകാധിപത്യ വർഗീയ പ്രസ്ഥനങ്ങൾ കല്‍പ്പിക്കുന്നുണ്ട്.

ഈ നിഷ്ഠകളുടെ പുറത്തു നിൽക്കുന്ന, 'ജീൻസ് ധരിച്ച ആക്ടിവിസ്റ്റ് പത്രക്കാരി'കളെ, ഏതൊരു വർഗീയവാദിയും തികഞ്ഞ അസഹിഷ്ണതയോടെയാണ് കാണുന്നത്. ഭക്തി മാർഗത്തിലൂടെ വർഗീയതയിൽ എത്തേണ്ട തന്റെ 'സോഫ്റ്റ് ടാർഗറ്റ്' ആയ മറ്റു സ്ത്രീകളെ വഴിതെറ്റിക്കുന്ന 'പിഴച്ചവളാ'യി വനിതാ മാധ്യമ പ്രവർത്തകർ മാറുന്നു. വൈകാരിക തലത്തിൽ മതത്തെ സജീവമായി നിലനിർത്തി മുന്നേറുന്ന എല്ലാ വർഗീയ പ്രസ്ഥാനങ്ങളും, പുരുഷനേക്കാൾ സമൂഹമനസിനെ സ്വാധീനിക്കാൻ കഴിയുന്ന വനിതാ മാധ്യമ പ്രവർത്തകരെ കൂടുതൽ വീറോടെ ശത്രുപക്ഷത്ത് നിർത്തുന്നു. പലപ്പോഴും അവർ , 'പോക്കുകേസാ'യി ചിത്രീകരിക്കപ്പെടുന്നു. റാണ അയൂബിനെ അവരുടെ മോർഫ് ചെയ്ത അശ്ലീലചിത്രത്തിലൂടെയായാണ് അവർ അധിക്ഷേപിച്ചത്. മലയാളി മാധ്യമ പ്രവർത്തകർക്ക് നേരെ അവർ, ബലാത്സംഗ ഭീഷണി വരെ മുഴക്കുകയുണ്ടായി. ഇരയെ മാനസികമായി തകർത്ത് കീഴ്‌പ്പെടുത്തുന്ന കൃത്യമായ ഫാസിസിസ്റ്റ് അജണ്ടയാണ് ഈ സംഭവങ്ങളിലൂടെ നടപ്പിൽ വരുത്താൻ ശ്രമിച്ചത്, ഇപ്പോഴും തുടരുന്നതും.

കെട്ട കാലത്തെ വനിതാ മാധ്യമ പ്രവർത്തനം

തല കുത്തി നിർത്തുന്ന സത്യത്തിലാണ് ഫാസിസം നിലനിൽക്കുന്നത്; അതുപോലെ വിഘടനവും ഭിന്നിപ്പുമാണ് അതിന്റെ വളർച്ചാമാർഗം. സ്ത്രീക്ക് സമൂഹത്തിലുള്ള അവഗണിക്കാനാകാത്ത മാതൃസ്ഥാനം, അവൾ കൃത്യമായി രാഷ്ട്രീയമായി ഉപയോഗിക്കുമെങ്കിൽ സ്ത്രീയിൽ നിന്ന് ചരിത്രത്തിലേക്ക് വളരുന്ന രീതിയിലേക്ക് സമൂഹത്തെ മാറ്റാൻ വനിതാ മാധ്യമ പ്രവർത്തകർക്ക് എളുപ്പത്തിൽ സാധിക്കും. ഇവിടുത്തെ വർഗീയപ്രസ്ഥാനങ്ങളുടെ നട്ടെല്ല് തകർക്കുന്ന ഒരു പ്രക്രിയയാകും അത്. ഇത് ഏതൊരു സ്ത്രീകളേക്കാളും ഇന്ന് ഏറ്റവും കൂടുതൽ തിരിച്ചറിഞ്ഞിരിക്കുന്നത് വർഗീയപ്രസ്ഥാനങ്ങൾ തന്നെയാണ്. താലിബാൻ ഫത്വ കല്പിച്ച് ഇല്ലായ്മ ചെയ്യാൻ ശ്രമിച്ച മലാലാ യൂസഫ് സായിയെ പോലെ ചിന്തിക്കുന്ന, എഴുതുന്ന, വായിക്കുന്ന, സംസാരിക്കുന്ന സ്ത്രീകളെ വർഗീയത എന്നും ഭയന്നു കൊണ്ടേയിരിക്കും. അതു കൊണ്ടു തന്നെ അവർ തിരിച്ചു ഭയപ്പെടുത്തി കൊണ്ടേയിരിക്കും. ആ ഭയപ്പെടുത്തലിനെതിരെ പ്രത്യക്ഷ പ്രത്യാക്രമണത്തിൽ കുറഞ്ഞുള്ള ഒന്നും മതിയാകില്ലെന്ന തിരിച്ചറിവാകണം ഈ വർഗീയ കാലത്തെ വനിതാ മാധ്യമ പ്രവർത്തനം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

https://www.azhimukham.com/offbeat-protesters-harassed-snehakoshy-ndtv-reporter-who-conducted-telethon-to-collect-flood-relief-fund-reports-sreeshma/

https://www.azhimukham.com/trending-saritha-balan-speaks-about-sabarimala-protesters-attack/

https://www.azhimukham.com/opinion-what-history-taught-us-and-sabarimala-women-entry-writes-aisibi/

https://www.azhimukham.com/india-why-gaurilankesh-was-murdered-harishkhare/

Next Story

Related Stories