TopTop
Begin typing your search above and press return to search.

ചില വനിതാ ആക്ടിവിസ്റ്റുകൾ ഭാവിക്കുന്നതുപോലെ, കേരളത്തിലെ വനിതാ മുന്നേറ്റം അവരുടെ മാത്രം സംഭാവനയാണെന്ന തെറ്റിദ്ധാരണ പൊതുസമൂഹത്തിനില്ല

ചില വനിതാ ആക്ടിവിസ്റ്റുകൾ ഭാവിക്കുന്നതുപോലെ, കേരളത്തിലെ വനിതാ മുന്നേറ്റം അവരുടെ മാത്രം സംഭാവനയാണെന്ന തെറ്റിദ്ധാരണ പൊതുസമൂഹത്തിനില്ല

"കുഞ്ഞുങ്ങൾ ഉറങ്ങിക്കഴിഞ്ഞ ശേഷം മുത്തശ്ശിക്കഥ പറഞ്ഞു കൊടുത്തിട്ടെന്തു കാര്യം?" ബുറുണ്ടി എന്ന രാജ്യത്തെ ഒരു പഴഞ്ചൊല്ലാണിത്. ചെയ്യേണ്ടത് ചെയ്യേണ്ട സമയത്തുതന്നെ ചെയ്തിരിക്കണം എന്ന് ആശയം. കേരളത്തിലെ വർത്തമാനകാല സാഹചര്യങ്ങളിൽ ഈ പഴഞ്ചൊല്ല് ഏറെ പ്രസക്തമാണ്.

കേരളത്തിലെ സ്ത്രീകൾ പൊതുസ്ഥലങ്ങളിൽ വിവേചനം അനുഭവിക്കുന്നു. ശബരിമലയിലും മറ്റ് ആരാധനാലയങ്ങളിലും ഉള്ളതുപോലെ ചിലപ്പോൾ,പൊതുവിടങ്ങളിൽ അയിത്തം പോലും നേരിടേണ്ടി വരുന്നു. 1991 ലെ കേരള ഹൈക്കോടതി വിധി ഇതിന്റെ നിദർശനമാണെന്നു സുപ്രീംകോടതി കണ്ടെത്തി. പ്രസ്തുത വിധി ഭരണഘടനാ വിരുദ്ധമാകയാൽ 2018 സെപ്റ്റംബർ 28ന് സുപ്രീംകോടതി അതു റദ്ദു ചെയ്തു. പൊതുവിടങ്ങളിൽ സ്ത്രീ പുരുഷ തുല്യത ഉറപ്പു വരുത്തുന്ന ഉത്തരവ് പുറപ്പെടുവിച്ചു. വിധിയെ പുരോഗമന വീക്ഷണമുള്ളവരെല്ലാം ശ്ലാഘിച്ചു; സ്വാഗതം ചെയ്തു. യാഥാസ്ഥിതികർ വിധിയെ തള്ളിപ്പറഞ്ഞു. ചിലർ എതിർത്തു രംഗത്തുവന്നു. യാഥാസ്ഥിതിക പക്ഷത്തെ മറ്റു ചിലർ പതിവുപോലെ ഇരട്ട നാവാൽ സംസാരിച്ചു.

ആർ.എസ് എസ്, ബി.ജെ.പി, കോൺഗ്രസ് തുടങ്ങിയ സംഘടനകൾ ഇങ്ങനെ രണ്ടു തോണിയിൽ കാൽ വച്ചവരാണ്. ഇവർ ഒരേ സമയം അനാചാര സംരക്ഷകരായും സ്ത്രീ പക്ഷപാതികളായും വേഷം കെട്ടി! പക്ഷേ, അന്തിമമായ കൂറ് എപ്പോഴും പിന്തിരിപ്പന്മാരോടാണെന്ന് സ്വന്തം പ്രവൃത്തികളിലൂടെ തെളിയിച്ചു കൊണ്ടിരുന്നു. മറ്റേ നിലപാട്, പറഞ്ഞു നിൽക്കാനും ജനങ്ങളുടെ കണ്ണിൽ പൊടിയിടാനും മാത്രം!

ശബരിമല സന്നിധാനത്തിൽ എത്തുന്ന യുവതികളെ ശാരീരികമായും മാനസികമായും ആക്രമിച്ചു പിന്തിരിപ്പിക്കാനാണ് യാഥാസ്ഥിതികരുടെയും അവരുടെ പിന്തുണക്കുന്നവരുടെയും ശ്രമം. സന്നിധാനത്തേക്കു പോകുമെന്നു പറയുന്ന യുവതികളുടെ വീടുകൾ തകർക്കുക, അവരെ അസഭ്യം പറഞ്ഞ് അപമാനിക്കുക, തൊഴിലിടങ്ങളിൽ കയറ്റാതിരിക്കുക, കേസിൽ കുടുക്കുക, ഒറ്റപ്പെടുത്തുക... ലോകത്തെവിടെയുമുള്ള ഉത്പതിഷ്ണുക്കൾ മൂക്കത്ത് വിരൽവച്ചു പോകുന്ന അസംബന്ധങ്ങൾക്കാണ് നമ്മൾ സാക്ഷ്യംവഹിച്ചത്. പ്രബുദ്ധരായ കേരളീയരെ മുഴുവൻ അവർ ഇതുവഴി നാണം കെടുത്തി. ശബരിമലയെ അവർ സംഘർഷഭൂമിയാക്കി. ഭക്തരെ ഭീഷണിപ്പെടുത്തി. നടവരവ് കുറച്ച് ക്ഷേത്രത്തെയും ദേവസ്വം ബോർഡിനെയും പ്രതിസന്ധിയിലാക്കാൻ, നേർച്ചയിടരുതെന്നു പോലും ആഹ്വാനമുണ്ടായി. ശരണമന്ത്രം മുഴങ്ങിയ പരിസരങ്ങളിൽ കുടില തന്ത്രങ്ങൾ അരങ്ങേറി. ഭീതിയും ഭീകരതയും ശബരിമല പരിസരങ്ങളിൽ തളംകെട്ടി. 'അടിച്ചു കൊല്ലെടാ അവളെ ' എന്ന അട്ടഹാസം മുഴങ്ങിക്കേട്ടു. ഭക്തർ അക്രമികളെ ഭയന്ന് പലായനം ചെയ്തു.

യാഥാസ്ഥിതികർ അവകാശപ്പെട്ടത് സ്ത്രീകളെല്ലാം തങ്ങളുടെ പിന്നിലാണെന്നാണ്. അങ്ങനെ തോന്നിക്കും വിധം കുറച്ചു സ്ത്രീകളെ തെരുവിലിറക്കാൻ അവർക്ക് കഴിഞ്ഞു. ശാന്തമായ അന്തരീക്ഷത്തിൽ ആത്മ വിസ്മൃതിയോടെ ജപിക്കേണ്ടതെന്ന് കരുതിപ്പോന്ന ഈശ്വരനാമം, ഒരു സമരായുധമായി തെരുവിലെത്തി. (അത്തരം 'നാമജപ ' മൂർച്ഛയിലാണ് അവരിൽ ഒരുവൾ ജാതിപ്പേർ ചേർത്ത്, ചാനൽമൈക്കിലൂടെ മുഖ്യമന്ത്രിയെ ചീത്ത വിളിച്ചത്!) ഏറ്റവും ഒടുവിൽ, 'അയ്യപ്പജ്യോതി'യുമായി സ്ത്രീകളെത്തന്നെ വഴിയോരത്തെത്തിച്ചു കൊണ്ട്, തങ്ങൾ ഭരണഘടനയെക്കാളും സുപ്രീംകോടതിയെക്കാളും വില വയ്ക്കുന്നത് വിശ്വാസത്തെയാണെന്ന് യാഥാസ്ഥിതികർ സ്ഥിരീകരിച്ചു.

https://www.azhimukham.com/opinion-sabarimala-women-entry-vanitha-mathil-pinarayi-kadakampally-surendran-cpim-bjp-congress-kerala-writes-visakh-shankar/

കേരളത്തിന്റെ നവോത്ഥാന പൈതൃകത്തിൽ അഭിമാനിക്കുന്ന കേരളീയർ ഈ അപമാനത്തിനെതിരെ ഒറ്റക്കെട്ടായി രംഗത്തിറങ്ങാൻ തീരുമാനിച്ചതിന്റെ ഫലമാണ് 2019 ജനുവരി 1-ന്റെ വനിത മതിൽ. മുമ്പ് കേരള നവോത്ഥാന മുന്നേറ്റത്തിന്റെ അമരക്കാരായ സംഘടനകൾ തന്നെ ആ ദൗത്യത്തിന് നേതൃത്വം നൽകാൻ മുന്നോട്ടുവന്നു. പുരോഗമന കേരളം അവർക്ക് പിന്തുണ വാഗ്ദാനം ചെയ്തു. തൊഴിൽ സംഘടനകൾ, സ്ത്രീ സംഘടനകൾ, വിദ്യാർത്ഥികൾ, സാംസ്കാരിക പ്രവർത്തകർ, ഉദ്യോഗസ്ഥകൾ, വീട്ടമ്മമാർ... വനിതാ മതിലിനെ പിന്തുണയ്ക്കുമെന്ന് കേരളത്തിലെ പുരോഗമന സർക്കാരും പ്രഖ്യാപിച്ചു. കേരളത്തിന്റെ നവോത്ഥാന പൈതൃകവും നന്മയും സംരക്ഷിക്കാൻ താത്പര്യമുള്ള ഇടതു-വലതു രാഷ്ട്രീയ പാർട്ടികളും അവർക്കൊപ്പം അണിനിരക്കുമെന്ന് വ്യക്തമാക്കി.

വിശ്വാസികളെയും അവരിലെ ഗണ്യവിഭാഗമായ സ്ത്രീകളെയും ഗവണ്മെൻറിന് എതിരാക്കാൻ കാത്തിരുന്ന യു.ഡി.എഫ് ഈ മുന്നേറ്റത്തിൽ അപകടം മണത്തു. വനിതാ മതിൽ വർഗ്ഗീയമതിലാണെന്ന് അവർ ആക്ഷേപിച്ചു. അത് സ്വാഭാവികവും പ്രതീക്ഷിതവും തന്നെ! എന്നാൽ പുരോഗമനപക്ഷത്തെന്നു അവകാശപ്പെട്ടിരുന്ന ചിലർ വനിതമതിലിനെ എതിർത്തു രംഗത്തെത്തിയത് പൊടുന്നനെയാണ്! ഇവർ ഉന്നയിച്ച യുക്തികൾ യു ഡി എഫിന്റെ കുയുക്തികൾക്കു ശക്തി പകരുന്നതായിരുന്നു. അവർ പറഞ്ഞതെന്തെല്ലാമാണ്?

1. ജാതി സംഘടനകളാണ് മതിലിന് ആഹ്വാനം ചെയ്തത്.

2. ആക്ടിവിസ്റ്റ്കളെ മലചവിട്ടാൻ അനുവദിക്കുന്നില്ല. സർക്കാർ സംഘപരിവാറുമായി ഒത്തുകളിക്കയാണ്.

3. രഹന ഫാത്തിമയെ അറസ്റ്റു ചെയ്തതും ജയിലിലിട്ടതും ശരിയായില്ല.

4. മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ സ്ത്രീകളെ വിളിച്ചില്ല.

5. ശബരിമലയിൽ പോലീസ് വേണ്ടത്ര വീര്യം കാട്ടുന്നില്ല.

6. പി കെ ശശിയെ സി.പി.എം സംരക്ഷിക്കുന്നു.

7. കന്യാസ്ത്രീ സമരത്തെ മുഖ്യധാരാ വനിതാ സംഘടനകൾ പിന്തുണച്ചില്ല.

ഇനിയും ഉണ്ട് നിരവധി യുക്തികൾ. കേരളത്തിലെ ഒറ്റപ്പെട്ട സംഭവങ്ങളെയെല്ലാം തങ്ങളുടെ നിഷേധാത്മക നിലപാടിനെ ന്യായീകരിക്കാനായി മതിലിനെതിരെ നിരത്തിവയ്ക്കാനുള്ള അവരുടെ ഔത്സുക്യം അസാധാരണവും ദുരൂഹവുമാണ്.

https://www.azhimukham.com/blog-amrithandamai-became-patron-of-sabarimala-karmma-samithi-and-bjp-political-trick/

മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗം ചർച്ച ചെയ്തത് എന്തായിരുന്നു? ശബരിമലയെ മറയാക്കി ഒരു ഗൂഢാലോചന നടക്കുന്നു. സ്ത്രീവിരുദ്ധത, വർഗ്ഗീയ ചേരിതിരിവ്, നവോത്ഥാന മൂല്യങ്ങളെ തകർക്കൽ, നവകേരള സൃഷ്ടിയ്ക്കു തുരങ്കംവയ്ക്കൽ തുടങ്ങിയ ലക്ഷ്യങ്ങളുമായി കേരളത്തിന്റെ നന്മകളെ തകർക്കാൻ ചിലർ ഒരുങ്ങുന്നു. അവരെ എങ്ങനെ പ്രതിരോധിക്കാം എന്നതായിരുന്നു ചർച്ചാ വിഷയം. ഹിന്ദു മതത്തിലെ വിവിധ സംഘടനകളെ ലക്ഷ്യമിട്ട് സംഘപരിവാർ സംഘടനകൾ ഒരുക്കിയ കെണിയിൽനിന്ന് കേരളത്തെ എങ്ങനെ പരിക്കേൽക്കാതെ രക്ഷിക്കാം? കേരള നവോത്ഥാനത്തെ നയിച്ച മുൻകാല പാരമ്പര്യമുള്ള സംഘടനകളെയാണ് അന്നു വിളിച്ചു ചേർത്തത്. നേതാക്കൾക്കല്ല; സംഘടനകൾക്കാണ് പ്രാധാന്യം എന്നോർക്കുക. അവർ എടുത്ത ശരിയായ തീരുമാനത്തിനൊപ്പം പ്രബുദ്ധ കേരളം അണി ചേരുകയായിരുന്നല്ലോ. കേരളത്തിലെ രാഷ്ട്രീയ പാർട്ടികളെയോ സ്ത്രീ സംഘടനകളെയോ ഈ യോഗത്തിലേക്കു ക്ഷണിച്ചില്ല. അത്തരം ഔപചാരികതകൾക്ക് അവിടെ പ്രസക്തിയില്ലായിരുന്നു. കേരളം ആഗ്രഹിച്ച ഒരു മുന്നേറ്റത്തിനൊപ്പം അവരെല്ലാം യാഥാർത്ഥ്യബോധത്തോടെ അഹംഭാവങ്ങളെല്ലാം മാറ്റി വച്ച് ഒഴുകിച്ചേരുമെന്ന് ഉറപ്പായിരുന്നു. ഒരു മഹാപ്രവാഹത്തിലേക്കെന്നപോലെ!

ആക്ടിവിസ്റ്റുകളെ (മാധ്യമ പ്രവർത്തകരെയും) തടഞ്ഞതും ആക്രമിച്ചതും വനിത മതിലിന് ആഹ്വാനം ചെയ്തവരോ സർക്കാരോ അല്ലല്ലോ. രഹന ഫാത്തിമ അറസ്റ്റിലായത് മതപതമായ പ്രകോപനമുണ്ടാക്കി കലാപ പ്രേരണനൽകി എന്ന പരാതിയിലാണ്. ജാമ്യം നിഷേധിച്ച കോടതിയാണ് അവരെ ജയിലിലയച്ചത്. താൻ സ്വന്തം ശരീരത്തെ സമരായുധമാക്കുകയായിരുന്നുവെന്ന അവരുടെ വാദം എനിക്കും സ്വീകാര്യമാണ്. അവർക്ക് അതിനു അവകാശവുമുണ്ട്. പക്ഷേ, നിലനിൽക്കുന്ന നിയമസംഹിതകൾക്ക് അതു ബോധ്യമായിക്കൊള്ളണമെന്നില്ല. നിയമത്തെ വെല്ലുവിളിക്കുമ്പോൾ അതിന്റെ പ്രത്യാഘാതങ്ങൾ നേരിടാനും തയ്യാറാവണം. കോടതിയെ വിമർശിച്ച എം.വി ജയരാജൻ മാപ്പു പറയാതെ ജയിൽ ശിക്ഷ സ്വീകരിച്ചത് മറന്നുപോകരുത്. (തെരുവിൽ പ്രതിഷേധിക്കാനുള്ള അവകാശത്തിനു വേണ്ടിയായിരുന്നു അത്.) പിണറായി മുഖ്യമന്ത്രി ആയിരിക്കെത്തന്നെ അഭിമന്യുവടക്കം എത്ര സി.പി.എം പ്രവർത്തകർ കൊല്ലപ്പെട്ടു! എത്രപേർ ജയിലിൽ അടയ്ക്കപ്പെട്ടു! കണ്ണൂരിലെ രണ്ടു പ്രമുഖ നേതാക്കൾ ചെയ്യാത്ത കുറ്റത്തിന് വർഷങ്ങളായി നാടുകടത്തപ്പെട്ട് പീഡിപ്പിക്കപ്പെടുകയാണ്, ഇപ്പോഴും! അതെല്ലാം അവരുടെ പ്രവർത്തകരെ, ബസുക്കളെ വേദനിപ്പിക്കുന്നുണ്ട്. അമർഷവും വേദനകളും കടിച്ചമർത്തിത്തന്നെയാണ് അവരും മതിൽ പടുക്കുക. കന്യാസ്ത്രീ പീഡനം, വിജിയുടെ വൈധവ്യം, പി.കെ.ശശിയുടെ സ്ത്രീവിരുദ്ധത, കെവിന്റെ ദുരഭിമാന കൊല തുടങ്ങി എല്ലാ നിർഭാഗ്യകരമായ സംഭവങ്ങളെയും വനിത മതിലിനെതിരെ നിരത്തിനിർത്തി എതിർപ്പുന്നയിക്കുന്നത് സദുദ്ദേശ്യപരമല്ല. എല്ലാ അനീതിയും അവസാനിച്ചശേഷം മതി, വനിതാ മുന്നേറ്റം എന്നു ചിന്തിക്കുന്നത് ബുദ്ധിപരവും യുക്തിപൂർണ്ണവുമായിരിക്കുമോ? അതു തന്നെയല്ലേ, വനിതാ സംവരണ ബില്ലിനെതിരെ പാർലിമെന്റിലെ സ്ത്രീവിരുദ്ധരുടെ സമീപനവും!

https://www.azhimukham.com/social-wire-why-some-people-oppose-participating-in-vanitha-mathil/

ശബരിമലയിൽ പോലീസ് നിഷ്ക്രിയമാകുന്നുവെന്നതാണു മറ്റൊരു പരാതി. സമരക്കാരെ അടിച്ചോ വെടി വെച്ചോ വീഴ്ത്തി, 'ശബരിമലയിൽ ഭക്തരെ കൊലചെയ്യുന്നു'വെന്ന് മുറവിളി കൂട്ടണം. കലാപം കെട്ടഴിച്ചുവിടണം. ഗവണ്മെന്റിനെ പിരിച്ചുവിടണം. തരപ്പെട്ടാൽ അഖിലേന്ത്യാതലത്തിൽ ഒരു കമ്യൂണിസ്റ്റുവേട്ടയും നടത്തണം. സംഘപരിവാർ ഫാഷിസ്റ്റു ശക്തികളുടെ ലക്ഷ്യമതാണ്. ശബരിമലയിൽ ഇനി ഒരു ബലിദാനി ഉണ്ടായെങ്കിലേ സമരം വ്യാപിപ്പിക്കാനാകൂ. ഈ തിരിച്ചറിവിൽ നിന്ന് ഉയിർക്കൊണ്ട മോഹമാണ് മേൽപ്പറഞ്ഞ വാദത്തിലുള്ളത്. ചില മാധ്യമ പ്രവർത്തകരും ഈ ചിന്താഗതിക്കാരാണ്. സ്റ്റോറികളുടെ കലവറ പ്രതീക്ഷിച്ചവർക്ക് കക്കൂസുകളുടെ എണ്ണവും ദൃശ്യവുമെടുത്ത് തൃപ്തിപ്പെടേണ്ടിവന്നു! നിലയ്ക്കലിൽ കണ്ടതും കൊണ്ടതും മാത്രമേ അവർക്കു കിട്ടിയുള്ളൂ. നിരാശ സ്വാഭാവികം മാത്രം! പക്ഷേ, നമ്മുടെ സഹോദരിമാരിൽ ചിലർ മാധ്യമ പ്രചാരണങ്ങളിൽ കുടുങ്ങിപ്പോയെന്നു തോന്നുന്നു. ശബരിമലയിലേത് കേരളത്തിന് അപരിചിതമായ ഒരു പോലീസ് സമീപനമായിരുന്നു. തികച്ചും വ്യത്യസ്തമായ ഒന്ന്. 'പോലീസ് നടപടി'യെന്നാൽ ബലപ്രയോഗം എന്ന സമവാക്യം ശീലിച്ചവർക്ക് അത് ദഹിക്കാത്തതിൽ അത്ഭുതമില്ല. ഭക്തർക്കിടയിൽ കടന്ന്, കുട്ടികളെപ്പോലും മറയാക്കി അക്രമം നടത്തിയവരെ ഒറ്റപ്പെടുത്തി നിയമത്തിനു മുന്നിലെത്തിക്കുകയായിരുന്നു പോലീസ്. സംഘപരിവാർ കുതന്ത്രങ്ങളെ ക്ഷമയോടെ, ഒന്നൊന്നായി അവർ തകർത്തു. ഒരു തുള്ളി രക്തം പോലും വീഴ്ത്താതെ! യുവതികൾ കയറിയില്ല എന്നത് പോരായ്മതന്നെ. തീർച്ചയായും ലോകം അവസാനിച്ചിട്ടില്ല. സത്രീകൾക്ക് എല്ലാ പൊതുസ്ഥലങ്ങളിലേക്കും പാതയൊരുക്കുക കൂടിയാണ് വനിതാ മതിലിന്റെ ലക്ഷ്യം. ഏറെ കാത്തിരിക്കാതെ തന്നെ!

ചില വനിതാ ആക്ടിവിസ്റ്റുകൾ ഭാവിക്കുന്നതുപോലെ, കേരളത്തിലെ വനിതാ മുന്നേറ്റം അവരുടെ സംഭാവന മാത്രമാണെന്ന തെറ്റിദ്ധാരണ പൊതു സമൂഹത്തിനില്ല. അങ്ങനെ ഭാവിക്കുന്നവർ ഉത്തരം താങ്ങുന്ന പല്ലികളായി ഭാവിക്കുകയാണ്. ഇടതുപക്ഷത്തിനെതിരെ വീണുകിട്ടുന്ന ഓരോ അവസരവും ആഘോഷമാക്കാൻ ഓടിയെത്താറുള്ള വനിതാ ആക്ടിവിസ്റ്റുകളിൽ ചിലർ ലക്ഷ്യമിടുന്നത് മാധ്യമശ്രദ്ധയും മാധ്യമലാളനയുമാണ്. അതുകൊണ്ടുതന്നെ, സത്രീകളുടെ ദുർഗ്ഗതി പരിഹരിക്കാൻ അവർക്കു വലിയ തിടുക്കമൊന്നുമില്ല. "ദരിദ്രർ ഇല്ലാതായാൽ ഞങ്ങൾ ആർക്കു വേണ്ടി ജീവകാരുണ്യ പ്രവർത്തനം നടത്തും?" എന്ന് ആവലാതി പറഞ്ഞവരുടെ വേവലാതി, വനിത മതിലിൽ നിന്നുള്ള ഇവരുടെ മാറിനിൽപ്പിൽ പ്രതിഫലിക്കുന്നുണ്ട്. ഉത്പതിഷ്ണുക്കളായ സ്ത്രീകൾക്കിടയിലെ 'കുലസ്ത്രീകൾ' ആവാനാണോ അവരുടെ ശ്രമം?

https://www.azhimukham.com/kerala-sabarimala-women-entry-women-wall-sunny-m-kapikkadu/

"സൊല്ലയാൽ ഞങ്ങളിക്കടും കെട്ട്

മെല്ലെ മെല്ലെയഴിക്കുവാൻ നോക്കി;

ചെറ്റഴിക്കവേ, യെന്തുപബോധ-

വൃത്തിയോ, പിണച്ചേറെ മുറുക്കി"-എന്നു വൈലോപ്പിള്ളിയുടെ 'കുടിയൊഴിക്ക'ലിലെ നായകൻ സമ്മതിച്ചതുപോലെ, അവർ തങ്ങളുടെ പ്രവൃത്തികളിലൂടെ അറിഞ്ഞും അറിയാതെയും, സ്ത്രീ ജീവിതങ്ങളെ വരിഞ്ഞുമുറുക്കുക തന്നെയാണു ചെയ്യുന്നത്! ഈ സമുദായക്കെട്ടുകളുടെ അഴിയാക്കുരുക്കുകൾ വെട്ടി മുറിക്കാൻ

പ്രയോഗിക്കുന്ന മൂർച്ചയേറിയ ആയുധമായി മാറുകയാണ് വനിത മതിൽ!

ഒരു കാര്യം ഉറപ്പാണ്. ശക്തി പ്രാപിക്കുന്ന വർഗ്ഗീയതയ്ക്കും യാഥാസ്ഥിതികത്വത്തിനും ഫാസിസത്തിനുമെതിരെ മലയാളി മങ്കമാർ പടുത്തുയർത്തുന്ന പ്രതിരോധക്കോട്ടയാണ് വനിത മതിൽ. നവോത്ഥാന മൂല്യങ്ങളെ ഇകഴ്ത്തുകയും മതാന്ധതയെ വാഴ്ത്തുകയും ചെയ്യുന്ന പുരോഗമനവിരുദ്ധരുടെ വായടപ്പിക്കാൻ വനിത മതിൽ കാരണമാവും. കുയുക്തികൾ പറഞ്ഞു മാറിനിൽക്കാനൊരുങ്ങുന്ന സഹോദരിമാർ, കേരള ചരിത്രത്തിലെ ഏറ്റവുംവലിയ മഹിളാ മുന്നേറ്റമാകാൻ പോകുന്ന വനിത മതിലിന്റെ ഭാഗമാകണം എന്നാണ് കേരളീയർ ആഗ്രഹിക്കുന്നത്. മാറിനിൽക്കാൻ തന്നെയാണു തീരുമാനമെങ്കിൽ, മാനുഷികതയുടെ മഹാപ്രവാഹത്തിൽ, നിങ്ങളോടൊപ്പം നിങ്ങളുടെ കുയുക്തികളും ദുശ്ശാഠ്യങ്ങളും ഒലിച്ചുപോകുമെന്നുറപ്പാണ്. "വീണു ഞാൻ, പോയിതെന്നെച്ചവിട്ടി മാനുഷവ്യൂഹം, കാലപ്രവാഹം" എന്നു നിങ്ങളും വിലപിക്കേണ്ടിവരും! അങ്ങനെ സംഭവിക്കാതിരിക്കട്ടെ!

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

https://www.azhimukham.com/offbeat-why-we-dissent-on-vanitha-mathil-says-p-geetha/

https://www.azhimukham.com/opinon-sabarimala-women-entry-vanitha-mathil-manithi-pinarayi-vijayan-kerala-renaissance-writes-sharon-pradeep/

Next Story

Related Stories