UPDATES

എം ബി സന്തോഷ്

കാഴ്ചപ്പാട്

റൈറ്റ് ക്ലിക്

എം ബി സന്തോഷ്

ട്രെന്‍ഡിങ്ങ്

വാഴ്ത്തുപാട്ടുകള്‍ ആവാം, പക്ഷെ, ചരിത്രത്തെ നോക്കി പരിഹസിക്കരുത്; കെ.കരുണാകരന്‍ ഇങ്ങനെയും കൂടിയാണ്…

കേരളത്തില്‍ അധികാരം ഇത്രയേറെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കായി വിനിയോഗിച്ച മറ്റൊരു മുഖ്യമന്ത്രി കരുണാകരനെപ്പോലെ ഉണ്ടായിട്ടില്ല

കണ്ണോത്ത് കരുണാകര മാരാര്‍ എന്ന കെ.കരുണാകരന്‍ നൂറുവയസ്സ് പൂര്‍ത്തിയാക്കിയിരിക്കുന്നു. തൊണ്ണൂറ്റി രണ്ടാം വയസ്സില്‍, 2010 ഡിസംബര്‍ 23ന് അന്തരിച്ച, ഏറ്റവും കൂടുതല്‍ കാലം കേരളത്തില്‍ മുഖ്യമന്ത്രിയായിരുന്ന കോണ്‍ഗ്രസ് നേതാവ് എന്ന ബഹുമതിയും ഈ നേതാവിന് സ്വന്തം. ആ റെക്കോര്‍ഡ് മറ്റൊരാള്‍ ഭേദിക്കാനുള്ള സാധ്യതയും സമീപകാലത്തൊന്നും കാണുന്നില്ല.

നെടുമ്പാശ്ശേരി വിമാനത്താവളം, ഗോശ്രീപാലം, കലൂര്‍ നെഹ്റു സ്റ്റേഡിയം…കെ.കരുണാകരന്റെ വികസനസ്തംഭങ്ങളായി വാഴ്ത്തുപാട്ടുകാര്‍ കഴിഞ്ഞ ദിവസങ്ങളില്‍ കുറിച്ചിട്ടത് ഇവയൊക്കെയാണ്. എറണാകുളം ജില്ലയില്‍ മാത്രം വികസനത്തിന്റെ തേരുരുളാന്‍ ‘ലീഡര്‍’ എന്ന് ഒരുവിഭാഗം കോണ്‍ഗ്രസുകാരും മാദ്ധ്യമങ്ങളും ചാര്‍ത്തിക്കൊടുത്ത വിളിപ്പേര് ആസ്വദിച്ചിരുന്ന കരുണാകരന്‍ ബദ്ധശ്രദ്ധനായത് എന്തുകൊണ്ടാവാം? അതെന്തായാലും എറണാകുളത്തെ കൊച്ചി എന്ന മെട്രോ നഗരമായി പരിവര്‍ത്തനപ്പെടുത്തിയതില്‍ ഈ നേതാവിന്റെ വികസനതീരുമാനങ്ങള്‍ വലിയ പങ്കുവഹിച്ചു എന്നതില്‍ ഒരു തര്‍ക്കത്തിനുമില്ല,അത് വസ്തുതയാണ്.

എന്നാല്‍, ഈ വികസനനേട്ടങ്ങള്‍ക്കപ്പുറം കെ.കരുണാകരന്‍ കേരളത്തിന് എന്ത് സംഭാവനയാണ് നല്‍കിയതെന്നുള്ളത് പരിശോധിക്കേണ്ടതല്ലേ? നാല് തവണ മുഖ്യമന്ത്രിയായ ഒരാളില്‍നിന്ന് കേരളത്തിന് ലഭിക്കേണ്ടതിന്റെ നാലിലൊന്നെങ്കിലും കിട്ടിയോ എന്ന് ഇനിയെങ്കിലും നമ്മള്‍ പഠിക്കേണ്ടേ? രാജ്യത്തിന്റെ പ്രധാനമന്ത്രിയെ വരെ നിശ്ചയിച്ച ഒരേയൊരു മുഖ്യമന്ത്രിയായി ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവായി വളര്‍ന്ന ഈ നേതാവ് വിചാരിച്ചെങ്കില്‍ വരുമായിരുന്ന കോച്ചുഫാക്ടറിയോ റെയില്‍വേ സോണോ ഐ ഐ ടിയോ ഒക്കെ എത്രയോ വര്‍ഷം മുമ്പ് കേരളത്തിലെത്തുമായിരുന്നു. കേന്ദ്രത്തിലും കേരളത്തിലും ഇത്രയേറെ സ്വാധീനമുണ്ടായിരുന്ന ഒരു നേതാവ് കരുണാകരനെപ്പോലെ വേറൊരാള്‍ കേരള രാഷ്ട്രീയത്തില്‍ ഉണ്ടായിട്ടില്ല. കഴിഞ്ഞ 10 വര്‍ഷമായി എ.കെ. ആന്റണി വഹിക്കുന്ന പദവികളും സ്ഥാനങ്ങളും മറക്കുന്നില്ല. പക്ഷെ, ചോദ്യം ചെയ്യാനില്ലാത്ത കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ ഭാഗമോ അവസാനഘട്ടത്തില്‍ തലയോ തന്നെ ആയിരുന്നു കരുണാകരന്‍. ക്ഷയിച്ച തറവാടായ കോണ്‍ഗ്രസിന്റെ നേതൃസ്ഥാനത്താണ് ആന്റണി എത്തിയത്. അദ്ദേഹത്തിനും വയലാര്‍ രവിക്കുമൊക്കെ എല്ലാ പ്രമുഖ കോണ്‍ഗ്രസ് മന്ത്രിമാരെയും പോലെ സ്വന്തം സംസ്ഥാനത്തിനായി കുറച്ച് കേന്ദ്രസ്ഥാപനങ്ങളും നിക്ഷേപങ്ങളും അനുവദിപ്പിക്കുക ഒട്ടും പ്രയാസമുള്ള കാര്യമായിരുന്നില്ല. ആന്റണിയേയും വയലാര്‍ രവിയേയും പോലെതന്നെ കേന്ദ്രവ്യവസായമന്ത്രി ആയിരുന്നപ്പോള്‍ കെ.കരുണാകരനും ലോകമലയാളിയായി! എന്നുവച്ചാല്‍ ഉന്നത സ്ഥാനത്തിരിക്കുമ്പോള്‍ ഇവര്‍ക്കാര്‍ക്കും സ്വന്തം സംസ്ഥാനത്തോട് മമത കാട്ടണമെന്ന് തോന്നുകയേയില്ല!

കേരളത്തില്‍ അധികാരം ഇത്രയേറെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കായി വിനിയോഗിച്ച മറ്റൊരു മുഖ്യമന്ത്രി കരുണാകരനെപ്പോലെ ഉണ്ടായിട്ടില്ല. മുഖ്യമന്ത്രി ആവുംമുമ്പ്, അടിയന്തരാവസ്ഥക്കാലത്ത് മുഖ്യമന്ത്രിയെക്കാള്‍ ‘അധികാരം’ ഉണ്ടായിരുന്ന ആഭ്യന്തരമന്ത്രിയായിരുന്നു അദ്ദേഹം. രാഷ്ട്രീയ ശത്രുക്കളെ പീഡിപ്പിക്കുന്നതില്‍ അന്ന് കരുണാകരനും അദ്ദേഹത്തിന്റെ പൊലീസും കാട്ടിക്കൂട്ടിയ മനുഷ്യാവകാശലംഘനങ്ങള്‍ ഇന്നത്തെ തലമുറയ്ക്ക് സങ്കല്പിക്കാവുന്നതിലും അപ്പുറത്താണ്. കോഴിക്കോട് റീജിയണല്‍ എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന പി.രാജനെ പൊലീസ്  മര്‍ദ്ദിച്ചുകൊന്നത് അടിയന്തരാവസ്ഥയ്ക്കുശേഷമാണ് പുറത്തറിഞ്ഞത്. നക്‌സല്‍ വേട്ടയ്ക്ക് കരുണാകരന്‍ പൊലീസിനെ കയറൂരിവിട്ടിരുന്നു. അതിന്റെ പേരില്‍ ഇഷ്ടമില്ലാത്തവരെയൊക്കെ നക്‌സലൈറ്റാക്കി പീഡിപ്പിച്ചതിന് ജയറാം പടിക്കലും മധുസൂദനനും പോലുള്ള അന്നത്തെ  ‘സ്വന്തം’ ഐ.പി.എസ് ഓഫീസര്‍മാര്‍ നേതൃത്വം കൊടുത്തപ്പോള്‍ കരുണാകരനും തടയാനായില്ല. അക്കാലത്ത് ജീവച്ഛവങ്ങളാക്കി വഴിയില്‍ തള്ളിയത് ആയിരക്കണക്കിന് ചെറുപ്പക്കാരെയാണ്.

ഐ എ എസ്, ഐ പി എസ് ഉദ്യോഗസ്ഥരെ വാല്യക്കാരാക്കി മാറ്റി എന്നതാണ് കരുണാകരന്റെ മറ്റൊരു ‘സംഭാവന’. എറണാകുളം ജില്ലയിലെ കളക്ടര്‍ക്കും പൊലീസ് മേധാവിക്കും പ്രധാന ജോലി മുഖ്യമന്ത്രിയുടെ പേരക്കുട്ടികളെ കളിപ്പിക്കലും കുളിപ്പിക്കലുമാണെന്ന് പറഞ്ഞിരുന്നത് അക്കാലത്തെ ‘ശിങ്ക’ങ്ങളായിരുന്ന സിവില്‍ സര്‍വീസുകാര്‍തന്നെയായിരുന്നു. അതിനുള്ള പ്രയോജനം ഇഷ്ടപ്പെട്ട തസ്തികയായും സ്ഥാനക്കയറ്റമായും അവര്‍ക്ക് ലഭിച്ചു എന്നതിനാല്‍ ഒരു പരാതിയും അവര്‍ക്കാര്‍ക്കും ഉണ്ടായില്ല. അന്ന് സോഷ്യല്‍ മീഡിയ ഇന്നത്തെപ്പോലെ ഇല്ലാതിരുന്നത് കരുണാകരന്റെ ഭാഗ്യം. എന്നിട്ടും കാര്‍ട്ടൂണുകളായും സിനിമകളായും റേഡിയോ നാടകങ്ങള്‍പോലുമായും കരുണാകരന്റെ അധികാരദുര്‍വിനിയോഗം കേരളീയരുടെ മുന്നിലെത്തി. പ്രധാന മാധ്യമങ്ങള്‍ ഇന്നത്തെപ്പോലെതന്നെ അന്നും കണ്ണടച്ച് പാലുകുടിക്കുകയായിരുന്നു!

അഴിമതി കേരളത്തില്‍ വിശ്വരൂപം പ്രാപിച്ചത് കരുണാകരന്റെ കാലത്താണ്. പാവം പയ്യന്‍ ആന്റോ മുതല്‍ പിച്ച ബഷീര്‍ വരെ എത്രയോ ‘അവതാരങ്ങള്‍’ അന്ന് മുഖ്യമന്ത്രിക്കു ചുറ്റും വട്ടം ചുറ്റി ദല്ലാള്‍ പണി നടത്തിയെന്ന് വിളിച്ചു പറഞ്ഞത് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയായിരുന്നു. അപ്പോഴൊക്കെ ആശ്രിതവാത്സല്യം മഹത്തായ ഗുണങ്ങളിലൊന്നാണെന്ന് പാടി നടക്കാന്‍ പാണന്‍മാരുണ്ടായി. പാമോയില്‍ അഴിമതി സുപ്രീംകോടതി പോലും ശരിവച്ചു. ആ അഴിമതിയിലെ കെ.കരുണാകരന്റെ പങ്ക് രേഖാമൂലം എഴുതിവച്ച നിയമസഭാ സമിതിയുടെ അദ്ധ്യക്ഷന്‍, കഴിഞ്ഞ ദിവസം അദ്ദേഹത്തെ വാഴ്ത്തിയ ഇപ്പോഴത്തെ കെ.പി.സി.സി പ്രസിഡന്റ് എം എം ഹസ്സനാണ്!

പൊലീസിനെ സംഘടനാ തെരഞ്ഞെടുപ്പിനുപയോഗിക്കുന്ന ആപല്‍ക്കരമായ കീഴ്വഴക്കം സൃഷ്ടിച്ചതും കരുണാകരനായിരുന്നു. കെ.പി.സി.സി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എ കെ ആന്റണിയെ തോല്‍പ്പിക്കാന്‍ കടുത്ത ‘എ’ ക്കാരനായിരുന്ന വയലാര്‍ രവിയെ മറുകണ്ടം ചാടിച്ചത് മനസ്സിലാക്കാം. എന്നാല്‍ വയലാര്‍ രവിക്ക് വോട്ടര്‍മാരെ ഉണ്ടാക്കാന്‍ പൊലീസിനെ വ്യാപകമായി ഉപയോഗിച്ചു എന്ന് പരസ്യമായി കുറ്റപ്പെടുത്തിയതില്‍ പില്‍ക്കാലത്ത് മുഖ്യമന്ത്രിയായിരുന്ന ആളുപോലുമുണ്ട്! അങ്ങനെ, ആന്റണി കെ.പി.സി.സി ഓഫീസില്‍നിന്ന് അടിച്ചേല്‍പ്പിക്കപ്പെട്ട തോല്‍വിക്ക് കീഴടങ്ങി തലകുനിച്ച് ഇറങ്ങിപ്പോവുന്ന കാഴ്ച കരളലയിപ്പിക്കുന്നതായിരുന്നു. അതേ ആന്റണി, കരുണാകരന്റെ ജന്മശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യാനെത്തുകയും കോണ്‍ഗ്രസുകാരുടെ ഒന്നാം നമ്പര്‍ ശത്രു കോണ്‍ഗ്രസുകാര്‍ തന്നെയാണെന്ന് പറയുകയും ചെയ്യുമ്പോള്‍ ചരിത്രത്തിന്റെ പ്രതികാരമായല്ലാതെ അതിനെ വിശേഷിപ്പിക്കാനാവില്ല.

അധികാരം ജനങ്ങളുടെ മണ്ടയ്ക്കുകയറാനുള്ള ഒന്നാണെന്ന് വോട്ടര്‍മാരെ കാണിച്ചുകൊടുത്ത മുഖ്യമന്ത്രിയും മറ്റാരുമായിരുന്നില്ല. കരുണാകരന്‍ തുടങ്ങിവച്ച ജനങ്ങളുടെ മേലുള്ള ആ കുതിരകയറ്റം പിന്നീടുവന്ന എല്ലാ മുഖ്യമന്ത്രിമാരും ആവര്‍ത്തിക്കുകയായിരുന്നു. അതില്‍ കുറച്ച് ഭേദമുണ്ടായിരുന്നത് ആന്റണി മാത്രമായിരുന്നു. സ്പീഡിന്റെ പേരിലാണ് കരുണാകരന്‍ ജനങ്ങളെ മണിക്കൂറുകളോളും പെരുവഴിയിലാക്കിയത്. അന്നത്തെ ചെറിയ റോഡുകളില്‍ കുതിച്ചു പായാന്‍ പൊലീസിനെ ഉപയോഗിച്ച് ഗതാഗതം നിര്‍ത്തിവയ്പിച്ചു. ഇന്നും അതുതന്നെയാണല്ലോ നടക്കുന്നത്. അന്ന് ഒരു കരുണാകരന്‍ മാത്രമേ അങ്ങനെ ഉണ്ടായിരുന്നുള്ളൂ എങ്കില്‍ ഇപ്പോള്‍ കേരളത്തില്‍പോലും അത്തരത്തില്‍ ഒരുപാട് കരുണാകരന്‍മാരുണ്ട് എന്ന നിലയില്‍ നാം വികസിതരായിരിക്കുന്നു!

കോണ്‍ഗ്രസ് രാഷ്ട്രീയം നെഹ്റുവിന്റെ കുടുംബത്തിനു മാത്രമല്ല, തനിക്കും കുടുംബകാര്യം തന്നെയാണെന്ന് കരുണാകരന്‍ കേരളീയര്‍ക്ക് കാട്ടിത്തന്നു. മകന്‍ കെ മുരളീധരനെ ജനങ്ങള്‍ അംഗീകരിച്ചു. സി.പി.എമ്മിന്റെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്ത് എം.എല്‍.എ ആയ മുരളീധരന്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അവിടെ സി.പി.എമ്മിന്റെ സംസ്ഥാന സമിതി അംഗമായ രാജ്യസഭാ അംഗത്തെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെ തോല്പിച്ച് സീറ്റ് നിലനിര്‍ത്തി. എന്നാല്‍, മകള്‍ പത്മജാ വേണുഗോപാലിനെ അംഗീകരിക്കാന്‍ കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റുകളിലെ വോട്ടര്‍മാര്‍ പോലും ഇതുവരെ തയ്യാറായിട്ടില്ല. അതില്‍ ലോക്‌സഭാ, നിയമസഭാ ഭേദങ്ങളില്ല.

കെ.കരുണാകരന്‍ കേരളത്തില്‍ മുന്നണി സംവിധാനത്തിന് തുടക്കം കുറിച്ചു. ഒരേ താല്പര്യങ്ങള്‍ക്കപ്പുറം പാമ്പിനെയും പഴുതാരയേയും ചേരയേയും അട്ടിന്‍കുട്ടിയേയും കോഴിയേയും ഒക്കെ ഒരേ കൂട്ടില്‍ അദ്ദേഹം തടുത്തുകൂട്ടി. അധികാരത്തിന് ആരുമായും എങ്ങനെയും സമരസപ്പെടാമെന്ന അദ്ദേഹത്തിന്റെ മൂലമന്ത്രം തന്നെയാണ് ഇന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഇവിടെ ആധാരം. അതുകൊണ്ട്, ഇന്നലെവരെ ബി.ജെ.പി നേതാവായി കാവിക്കൊടി പിടിച്ച ആള്‍ ഇന്ന് അല്പംകൂടി കടുത്ത ചുവപ്പ് കൊടി പിടിച്ച് സ്‌റ്റേറ്റ് കാറില്‍ സഞ്ചരിക്കുന്നു! ഇന്നലെവരെ കോണ്‍ഗ്രസ് നേതാവായിരുന്ന ആള്‍ ഒരു തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിനിറങ്ങിയതിന്റെ പേരില്‍ സി.പി.എം സംസ്ഥാന സമിതി അംഗം വഹിച്ച സ്ഥാനത്ത് എത്തുന്നു! സി.പി.എമ്മിന്റെ പഞ്ചായത്ത് പ്രസിഡന്റ് ബി.ജെ.പി നേതാവാകുന്നു! സി.പി.ഐയുടെ തീപ്പൊരി നേതാവ് മുസ്ലിംലീഗ് എം.എല്‍.എയാവുന്നു. അതി വിപ്‌ളവകാരി ബി.ജെ.പി നേതാവാകുന്നു…!

വാഴ്ത്തുപാട്ടുകള്‍ ആവാം. പക്ഷെ, ചരിത്രത്തെ നോക്കി പരിഹസിക്കരുത്. മരണാനന്തര പ്രസംഗത്തില്‍ നമുക്ക് ഇഷ്ടപ്പെട്ടതും അപദാനങ്ങളും മാത്രം ആലപിക്കാം. പക്ഷെ, കേരള ചരിത്രത്തില്‍ സജീവമായി ഇടപെട്ടിരുന്ന ഒരാള്‍ മരിച്ച് എട്ടാണ്ടിനുശേഷവും ‘ചിതമായതേ’ പറയാവൂ എന്നുവരുന്നത് ഉചിതമല്ല. കാരണം, ചരിത്രം ആരുടേയും മടിശ്ശീലയില്‍ ഒതുങ്ങുന്നതല്ല. അതുകൊണ്ട് നമുക്ക് പറയാം, നെടുമ്പാശ്ശേരി വിമാനത്താവളം യാഥാര്‍ത്ഥ്യമാക്കാന്‍ ഇറങ്ങിത്തിരിച്ച കെ. കരുണാകരന്‍ പൊലീസിനെ വഴിതിരിച്ച് ഉപയോഗിച്ചതില്‍ മുന്നില്‍ നിന്ന നേതാവുമാണ്. അതെ, കെ.കരുണാകരന്‍ ഇങ്ങനെയും കൂടിയാണ്…!

Read More: കരുണാകരന്‍ മൂത്രമൊഴിക്കാന്‍ പോയപ്പോള്‍ ആന്‍റണി ചെയ്തത്; എകെയുടെ കരുണാകര സ്മൃതിയില്‍ ഒളിഞ്ഞിരിക്കുന്നത്

എം ബി സന്തോഷ്

എം ബി സന്തോഷ്

മാധ്യമ പ്രവര്‍ത്തകന്‍

More Posts

Follow Author:
TwitterFacebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍