TopTop
Begin typing your search above and press return to search.

കുപ്പിവെള്ളം മുതല്‍ സ്വാശ്രയ കൂട്ടുകച്ചവടം വരെ; യുവാക്കളുടെ നാണംകെട്ട പ്രതികരണ ഷണ്ഡത്വം

കുപ്പിവെള്ളം മുതല്‍ സ്വാശ്രയ കൂട്ടുകച്ചവടം വരെ; യുവാക്കളുടെ നാണംകെട്ട പ്രതികരണ ഷണ്ഡത്വം

കുടിവെള്ളം പോലും മിതമായ വിലയ്ക്ക് കിട്ടാത്ത ഒരു സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. നിലവിലുള്ള അമിത വില കുറയ്ക്കാന്‍ കപ്പിവെള്ള കമ്പനിക്കാര്‍ തയ്യാറായിട്ടും വില്പനക്കാര്‍ വഴങ്ങുന്നില്ല. എന്നിട്ടും ഭരിക്കുന്നവര്‍ക്കോ പ്രതിപക്ഷത്തിനോ ഇതിലൊന്നും ഒരു താല്പര്യവുമില്ല.

നിയമവിരുദ്ധമായി, സര്‍ക്കാരിനെപ്പോലും വെല്ലുവിളിച്ച് പണമുള്ളവരുടെ മക്കള്‍ മാത്രം പഠിച്ചാല്‍ മതി എന്ന ധാര്‍ഷ്ട്യത്തോടെ മെഡിക്കല്‍ പ്രവേശനം നടത്തിയ സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്കുവേണ്ടി എല്‍.ഡി.എഫും യു.ഡി.എഫും ബി. ജെ. പിയും ഒറ്റക്കെട്ട്. പാടുപെട്ട് പഠിച്ച് മെറിറ്റില്‍ പ്രവേശനത്തിന് അര്‍ഹതയുള്ള സാധാരണക്കാരുടെ അവസരമാണ് പണത്തിനുവേണ്ടി ഇക്കൂട്ടര്‍ തട്ടിത്തെറിപ്പിച്ചതെന്ന് കാണാന്‍ ഇവിടത്തെ നമ്മുടെ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്കോ എം.എല്‍.എമാര്‍ക്കും കഴിഞ്ഞില്ല. പാവപ്പെട്ട, മെരിറ്റില്‍ അര്‍ഹത നേടിയവരെ ചവിട്ടിമെതിച്ച് പണം എന്ന ഒരേയൊരു മാനദണ്ഡം മാത്രം കണക്കിലെടുത്ത് പ്രവേശനം ലഭിച്ചവരെ രക്ഷിക്കാന്‍ സുപ്രീംകോടതിയെ പോലും വെല്ലുവിളിച്ച് നിയമം പുതിയതായി നിര്‍മ്മിക്കാന്‍ വ്യഗ്രതപ്പെട്ടവരാണ് ഈ കക്ഷിഭേദമന്യേയുള്ള കൂട്ടായ്മ! അവരാണ് ന്യായവിലയ്ക്ക് കുടിവെള്ള വില്പനയ്ക്കുപോലും അവസരമൊരുങ്ങാത്തത് കണ്ടിട്ടും കൈയുംകെട്ടി നോക്കിനില്‍ക്കുന്നത്. ഇവരില്‍നിന്ന് ഇത്രയും പ്രതീക്ഷിച്ചാല്‍ മതി.

ഒരു ലിറ്റര്‍ കുപ്പിവെള്ളം വാങ്ങണമെങ്കില്‍ നല്‍കേണ്ടത് 20 രൂപ. ഈ വിലയ്ക്കുള്ള കുപ്പിവെള്ളം വിതരണക്കാര്‍ക്ക് ലഭിക്കുന്നത് ഏഴ് രൂപ 50 പൈസക്കാണ്. അവര്‍ ഒരു രൂപ മാര്‍ജിന്‍ ഈടാക്കി ചില്ലറ വില്പനക്കാര്‍ക്ക് നല്‍കും. അവര്‍ വില്‍ക്കുന്നത് 20 രൂപയ്ക്ക്. എത്ര രൂപയാണ് ഈ ഇനത്തില്‍ ലാഭമുണ്ടാക്കുന്നത് എന്ന് ഓര്‍ത്തുനോക്കുക.വലിയ തോതില്‍ വെല്ലുവിളിയും മത്സരവും ഉണ്ടായതോടെയാണ് ഒരു ലിറ്ററിന് 20 രൂപയില്‍നിന്ന് 12 രൂപ എന്ന നിരക്കില്‍ വില്പന നടത്താന്‍ കുടിവെള്ള കമ്പനികള്‍ നിര്‍ബന്ധിതരായത്.

http://www.azhimukham.com/trending-koothuparambu-martyr-kvroshans-father-against-kannurkaruna-medical-bill/

ജയില്‍ വില്പന ശാലകളില്‍ സംസ്ഥാന സര്‍ക്കാരിന്റെ 'ഹില്ലിഅക്വ' കുപ്പിവെള്ളം ഒരു ലിറ്റര്‍ വില്‍ക്കുന്നത് 10 രൂപയ്ക്കാണ്. രണ്ട് ലിറ്ററിന്റെ വില 20 രൂപ. ത്രിവേണി, സപ്‌ളൈകോ, ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റുകള്‍ എന്നിവിടങ്ങളില്‍കൂടി ഈ നിരക്കില്‍ വില്പന നടത്തിയാല്‍ മറ്റ് കുപ്പിവെള്ളങ്ങളെല്ലാം 10 രൂപയ്ക്ക് വില്‍പ്പന നടത്തിയേ മതിയാവൂ എന്ന നിലയിലേക്ക് എത്തുമായിരുന്നു. പക്ഷെ, ജനത്തിന് ആശ്വാസം നല്‍കുന്ന കാര്യത്തില്‍ ഒരു നടപടിയും സ്വീകരിക്കില്ലെന്ന കാര്യത്തില്‍ വാശിയോടെ നിലയുറപ്പിച്ചിരിക്കുന്ന കള്ളക്കൂട്ടങ്ങളായി നമ്മുടെ ഔദ്യോഗിക സംവിധാനങ്ങള്‍ മാറിയല്ലോ. പണംകൊണ്ട് വിലയ്‌ക്കെടുക്കപ്പെടാവുന്ന ഒന്നായി സര്‍ക്കാരും പ്രതിപക്ഷവും ഒക്കെ മാറിക്കഴിഞ്ഞ സ്ഥിതിക്ക് അത്തരം പ്രതീക്ഷകളൊന്നും വേണ്ട.

കുടിവെള്ളക്കമ്പനി ഉടമകളുടെ സംഘടനയാണ് കുപ്പിവെള്ളവില ലിറ്ററിന് 20 ല്‍നിന്ന് 12 രൂപയാക്കി കുറയ്ക്കാന്‍ തീരുമാനിച്ചത്. ഏപ്രില്‍ രണ്ടു മുതല്‍ തീരുമാനം നടപ്പിലാവുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഇപ്പോഴത്തെ അവസ്ഥയില്‍ ഏപ്രില്‍ ഒന്നെന്ന് പറയുകയായിരുന്നു ഉചിതം. ജനങ്ങളെ മണ്ടന്‍മാരാക്കുന്നതില്‍ എല്ലാവരും മത്സരിക്കുകയാണല്ലോ! എന്തായാലും ഒരാഴ്ച കഴിഞ്ഞിട്ടും കേരളത്തില്‍ കുപ്പിവെള്ളത്തിന് ലിറ്ററിന് 20 രൂപതന്നെയാണ്. സിഗരറ്റ് മുതല്‍ ഡീസല്‍വരെ സകലതിനും പ്രഖ്യാപനമുണ്ടായാല്‍ അപ്പോള്‍ വിലവര്‍ദ്ധന നടപ്പാക്കുന്ന നാട്ടിലാണ് ഒരാഴ്ച കഴിഞ്ഞിട്ടും വിലക്കുറവ് നടപ്പില്‍ വരുത്താതെ പഴയ സ്റ്റോക്ക് എന്ന പേരില്‍ 20 രൂപയ്ക്ക് കുപ്പിവെള്ളം വില്‍ക്കുന്നത്.

എം.ആര്‍.പി 20 രൂപ എന്ന് അച്ചടിച്ചിരിക്കുന്നു എന്നതാണ് 20 രൂപ വില്‍പ്പനയ്ക്കുള്ള കച്ചവടക്കാരുടെ ന്യായം. എം.ആര്‍.പി എന്നത് 'പരമാവധി വില്പന വില' മാത്രമാണ്. അതില്‍ കുറച്ച് വില്‍പ്പന പാടില്ലെന്നില്ല. അതില്‍ കൂടുതല്‍ വിലയ്ക്ക് വില്‍ക്കാന്‍ പാടില്ല എന്നേയുള്ളൂ. പഴയ സ്റ്റോക്ക് പുതിയ വിലയ്ക്ക് വില്‍ക്കാന്‍ പറഞ്ഞിട്ടും ഞങ്ങളുടെ ഉപഭോക്താക്കളെ കൊള്ളയടിച്ചേ മതിയാവൂ എന്ന ധാര്‍ഷ്ട്യത്തെ നേരിടാന്‍ സാധാരണ ജനങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ടത് രാഷ്ട്രീയക്കാരാണ്. എന്നാല്‍, ഈ കൊള്ളലാഭത്തിന്റെ ഒരു വിഹിതം കിട്ടുമെന്നതിനാലാവണം, രാഷ്ട്രീയനേതാക്കളും ജനപ്രതിനിധികളും ഈ കൊള്ളയ്ക്കും കൂട്ടുനില്‍ക്കുകയാണ്.

http://www.azhimukham.com/self-financing-collage-protest-ksu-cpm-mvr-ka-antony-azhimukham/

സര്‍ക്കാരിന്റെ 'ഹില്ലിഅക്വ ' കുപ്പിവെള്ളം', സാന്റ് ഫില്‍റ്ററേഷന്‍, റിവേഴ്‌സ് ഓസ്‌മോസിസ്, ഓസണൈസേഷന്‍ ഉള്‍പ്പെടെ എല്ലാ ആധുനിക ശുദ്ധീകരണപ്രക്രിയകളും യന്ത്രസഹായത്താല്‍ നിര്‍വഹിക്കപ്പെടുന്നതിനാല്‍ ഗുണനിലവാരത്തില്‍ മറ്റേതൊരു ബഹുരാഷ്ട്ര കുപ്പിവെള്ളത്തെക്കാളും മുന്നിലാണ്. മലങ്കര ഡാമിലെ വെള്ളം പെന്‍സ്റ്റോക്ക് പൈപ്പിലൂടെ എത്തിക്കുന്നതിനാല്‍ വെള്ളക്ഷാമം ഇല്ല. പക്ഷെ, ആവശ്യക്കാര്‍ക്ക് അത് കിട്ടില്ല! 'ഹില്ലിഅക്വ'യുടെ വെബ്‌സൈറ്റില്‍ കൊടുത്തിരിക്കുന്ന നമ്പര്‍ 0471 2559676. അതിലേക്ക് വിളിച്ചാലുടനെ ഫോണെടുക്കുന്ന ആള്‍ പറയും:'ഈ നമ്പരല്ല. ഹില്ലി അക്വ നമ്പര്‍ 0471 2559656 ആണ്'. ആ നമ്പരില്‍ ഏപ്രില്‍ ഒമ്പതിന് പകല്‍ 10 മുതല്‍ വൈകുന്നേരം അഞ്ചുവരെ വിളിച്ചു. 'മാര്‍ക്കറ്റിംഗ് സെക്ഷനിലെ ആള്‍ സീറ്റിലില്ല.' എന്നുപറഞ്ഞ് ഫോണ്‍ വയ്ക്കുകയാണ്. വിളിച്ച ആളിന് എന്തെങ്കിലും ചോദിക്കാനുണ്ടോ, പറയാനുണ്ടോ എന്നൊന്നും കേള്‍ക്കാന്‍ കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ എന്ന സര്‍ക്കാര്‍ കുപ്പിവെള്ളക്കമ്പനിയുടെ ഫോണെടുക്കുന്നവര്‍ക്ക് നേരമില്ല! ഹില്ലിഅക്വ എന്ന കുപ്പിവെള്ളം ഇത് വായിക്കുന്ന ബഹുഭൂരിപക്ഷം പേരും കാണാത്തതിനും അറിയാത്തതിനും വേറെ കാരണം തിരയേണ്ടതില്ല. ഇതുപോലെയൊക്കെയാണ് പോകുന്നതെങ്കില്‍ അത് മറ്റൊരു വെള്ളാനയായി പാവപ്പെട്ട നികുതിദായകന്റെ ബാദ്ധ്യതയായി മാറുമെന്ന് ഉറപ്പാണ്.

http://www.azhimukham.com/keralam-govt-decision-to-give-autonomous-status-to-24-engineering-colleges-criticised-reports-krdhanya/

വ്യാപാരി വ്യവസായി ഏകോപന സമിതിയും വെറും സമിതിയുമൊക്കെ ഉണ്ടെങ്കിലും അവര്‍ക്ക് പരമാവധി ലാഭമുണ്ടാക്കണമെന്ന താല്പര്യം സ്വാഭാവികം. പക്ഷെ, എട്ടുരൂപയ്ക്കും ഒമ്പതുരൂപയ്ക്കുമൊക്കെ കിട്ടുന്നതിന് 10 മുതല്‍ 12 രൂപവരെ ലാഭം വേണമെന്ന വാദം പിടിച്ചുപറി തന്നെയാണ്. ഇതുകണ്ടിട്ടും കേട്ടിട്ടും മിണ്ടാതിരിക്കുന്ന നമ്മുടെ യുവജന സംഘടനകള്‍ എവിടെയാണ്? ഡിവൈഎഫ്‌ഐ തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ചില ജില്ലകളില്‍ ആശുപത്രികളില്‍ ആയിരക്കണക്കിന് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും പൊതിച്ചോര്‍ വീടുവീടാന്തരം കയറിയിറങ്ങി ശേഖരിച്ചു നല്‍കുന്ന ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്നുണ്ട്. അത് നല്ലത്. അഭിനന്ദനാര്‍ഹവുമാണ്. സമരം ഇനി അടുത്ത സര്‍ക്കാരിന്റെ കാലത്തുമതിയല്ലോ. അന്ന് മറന്നുപോയില്ലെങ്കില്‍ സമരം ചെയ്യാം! പക്ഷെ, യൂത്തുകോണ്‍ഗ്രസ്? അവര്‍ സമരം മറന്നുപോയതായിരിക്കണം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വെയിലുകൊള്ളേണ്ടി വന്നിട്ടില്ലല്ലോ. യുവമോര്‍ച്ചക്കാര്‍ എങ്ങോട്ടുപോയോ, ആവോ? പ്രത്യേകിച്ചും, സമരം ചെയ്ത് ഇന്ധനവില അമ്പതുരൂപയിലേക്ക് കൊണ്ടുവന്നിരിക്കുകയാണല്ലോ!(അരലിറ്ററിന് അമ്പതുരൂപയാക്കാമെന്നാണ് പറഞ്ഞതെന്ന വിശദീകരണം ഉടന്‍ വരും!) എ.ഐ.വൈ.എഫ് മുതല്‍ യൂത്ത്ഫ്രണ്ട് വരെയുള്ള ചെറുപ്പക്കാരുടെ സംഘടനകളുമുണ്ടല്ലോ. നിങ്ങള്‍ എന്താണ് പ്രതികരണ ഷണ്ഡന്‍മാരായി തുടരുന്നത്? പണത്തിനുമേല്‍ പറക്കാത്ത പരുന്തുകളായി നിങ്ങളുടെ രാഷ്ട്രീയ യജമാനന്‍മാര്‍ മാറിയിട്ടുണ്ടാവാം. നിങ്ങള്‍ക്ക് ചെറുപ്പത്തിനോട് ബാദ്ധ്യതയുണ്ടോ എന്ന് സ്വയം ബോദ്ധ്യപ്പെടേണ്ട അവസരമാണിത്. കുപ്പിവെള്ളം മുതല്‍ സ്വാശ്രയ കൂട്ടുകച്ചവടം വരെ എണ്ണിയൊടുങ്ങാത്ത വിഷയങ്ങളില്‍ യുവാക്കളുടെ പ്രതികരണനിശ്ശബ്ദത മുഴങ്ങിക്കൊണ്ടേയിരിക്കുന്നു...!

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

http://www.azhimukham.com/kerala-karuna-kannur-medical-collage-entrance-supreme-court-stay-government-ordinance-cm-and-health-minister-must-explain-to-people-kj-jacob/


Next Story

Related Stories