TopTop
Begin typing your search above and press return to search.

കുറ്റവിമുക്തനായ ഇപി ജയരാജനെ സിപിഎം ഇനി എന്തു ചെയ്യും?

കുറ്റവിമുക്തനായ ഇപി ജയരാജനെ സിപിഎം ഇനി എന്തു ചെയ്യും?

ബന്ധുനിയമന വിവാദത്തില്‍ മന്ത്രിസ്ഥാനം നഷ്ട്മായ ഇ പി ജയരാജനെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസം പകരുന്നതാണ് പ്രസ്തുത കേസ് പിന്‍വലിക്കാന്‍ വിജിലന്‍സ് ഒരുങ്ങുന്നുവെന്ന വാര്‍ത്ത. അഴിമതി നിരോധനനിയമ പ്രകാരം കേസ് നിലനില്‍ക്കില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് പിന്‍വലിക്കാന്‍ വിജിലന്‍സ് ഒരുങ്ങുന്നത് . ഇതേ വാദം തന്നെയാണ് ജയരാജനും നേരത്തെ കോടതിയിലും കോടതിക്ക് പുറത്തും ഉന്നയിച്ചിരുന്നത്. പിണറായി സര്‍ക്കാര്‍ അധികാരമേറ്റ് വെറും മൂന്നുമാസം പിന്നിട്ട വേളയില്‍ ഉയര്‍ന്നുവന്ന വിവാദവും തുടര്‍ന്നുണ്ടായ മന്ത്രിയുടെ രാജിയും പുത്തരിയില്‍ കല്ലുകടിച്ച അനുഭവമാണ് ഉണ്ടാക്കിയതെന്നതിനാല്‍ ബന്ധു നിയമന കേസ് ഉപേക്ഷിക്കപ്പെടുമ്പോള്‍ ജയരാജനൊപ്പം പാര്‍ട്ടിക്കും മുന്നണിക്കും സര്‍ക്കാരിനും ആശ്വസിക്കാം.

കേസ് പിന്‍വലിക്കുന്ന സാഹചര്യത്തില്‍ ജയരാജന്‍ മന്ത്രിസഭയില്‍ തിരിച്ചെത്തുമോ എന്ന ചോദ്യം ഇതോടെ ശക്തമായിരിക്കുകയാണ്. ആരോപണം ഉയര്‍ന്ന ഉടന്‍ തന്നെ രാജിവെക്കുക വഴി സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും യശസ്സ് ഉയര്‍ത്തിപ്പിടിച്ചയാളാണ് ജയരാജന്‍. ആ നിലയ്ക്ക്, പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ ഇപിയെ കേസ്സ് പിന്‍വലിച്ച ശേഷവും പുറത്തു നിറുത്തുന്നത് വലിയ വിമര്‍ശനത്തിന് വഴിവെച്ചേക്കാം. അതുകൊണ്ടുതന്നെ ഇന്ന് ചേരുന്ന സിപിഎം സെക്രട്ടേറിയറ്റ് യോഗം ഇക്കാര്യം ചര്‍ച്ചചെയ്തുകൂടായ്കയില്ല. അതേസമയം ഇപിയെ മന്ത്രിസഭയില്‍ എടുക്കുന്നതിനും ചില പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ട്. ഇപിയെ മന്ത്രിയാക്കണെമെങ്കില്‍ നിലവിലുള്ള മന്ത്രിസഭയില്‍ നിന്നും ആരെങ്കിലും ഒരാളെ ഒഴിവാക്കണം. ഇപി രാജിവെച്ച ഒഴിവിലേക്കാണ് എം എം മണി വന്നത്. ഇപിയെ തിരികെ കൊണ്ടുവരുന്നതിനുവേണ്ടി മണിയെ ഒഴിവാക്കിയാല്‍ ഇടുക്കിയില്‍ അത് പാര്‍ട്ടിക്ക് ഉണ്ടാക്കുന്ന ക്ഷീണം ചില്ലറയൊന്നുമാവില്ല. കൂടാതെ മണിയെ ഒഴിവാക്കാനായി പ്രത്യേകിച്ച് മറ്റൊരു കാരണവും ചൂണ്ടിക്കാണിക്കാനുമില്ല.

മന്ത്രിമാരുടെ എണ്ണം 21 വരെ ആകാമെന്നും ആരെയും ഒഴിവാക്കാതെ ഇപിയെ മന്ത്രിസഭയില്‍ എടുക്കാമെന്നൊക്കെ ഇക്കഴിഞ്ഞ ദിവസം ഒരു പ്രമുഖ മലയാള പത്രം എഴുതിക്കണ്ടു. എന്നാല്‍ മുഖ്യമന്ത്രിയടക്കം 19 മന്ത്രിമാര്‍ എന്നത് എല്‍ഡിഎഫിന്റെ പ്രഖ്യാപിത നയമാകയാല്‍ അങ്ങനെ ഒരു നീക്കത്തിന് മുന്നണിയോ സര്‍ക്കാരോ ഇപ്പോള്‍ മുതിരുമെന്നു തോന്നുന്നില്ല. തന്നെയുമല്ല, സിപിഎമ്മിന് വീണ്ടും മന്ത്രിസ്ഥാനം എന്ന ആശയത്തോട് മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ സിപിഐ യാതൊരു കാരണവശാലും യോജിക്കാനുമിടയില്ല. അപ്പോള്‍ മുന്നിലുള്ള ആദ്യ പോംവഴി വിവാദത്തില്‍ കുരുങ്ങിക്കിടക്കുന്ന തോമസ് ചാണ്ടിയെ രാജിവെപ്പിച്ച് ഇപിയെ തിരികെ കൊണ്ടുവരിക എന്നതാണ് എന്നും ചിലരൊക്കെ സര്‍ക്കാരിനെ ഉപദേശിച്ചു തുടങ്ങിയിട്ടുണ്ട്. എന്നാല്‍, ഇതും പ്രായോഗികമല്ല. ഒരു ഘടക കക്ഷിയുടെ മന്ത്രിസ്ഥാനം തിരിച്ചെടുക്കുമ്പോള്‍ അത് ആ പാര്‍ട്ടിക്ക് തന്നെ നല്‍കേണ്ടതായുണ്ട്. അശ്‌ളീല ഫോണ്‍ സംഭാഷണ വിവാദത്തെത്തുടര്‍ന്ന് എന്‍സിപിയിലെത്തന്നെ സി കെ ശശീന്ദ്രന്‍ രാജിവെച്ച ഒഴിവിലാണ് തോമസ് ചാണ്ടി മന്ത്രിയായത്. തോമസ് ചാണ്ടി രാജിവെക്കുന്ന പക്ഷം ആ സ്ഥാനം എന്‍സിപി ആവശ്യപ്പെട്ടാല്‍ ശശീന്ദ്രനുതന്നെ നല്‍കേണ്ടിവരും.

പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി പാര്‍ട്ടി ഘടകങ്ങള്‍ സമ്മേളനങ്ങളിലേക്കു നീങ്ങിയിരിക്കുകയാണ്. അതിനിടയില്‍ വേങ്ങര ഉപതിരഞ്ഞെടുപ്പ് നടക്കാനുമുണ്ട്. ആ സാഹചര്യത്തില്‍ ഇപിയെ തത്കാലം പുറത്തു തന്നെ നിറുത്തുക എന്നതാവും സിപിഎം തീരുമാനം. അങ്ങനെ വന്നാല്‍ അടുത്ത ലോക്‌സഭ തിരെഞ്ഞെടുപ്പ് കാലം വരെ ഇപി ജയരാജന് കാത്തിരിക്കേണ്ടിവരും.


Next Story

Related Stories