TopTop

ആന്റണി മുതല്‍ മുല്ലപ്പള്ളി വരെ പറഞ്ഞ രാഹുല്‍ തരംഗത്തെ കുറിച്ച് നാളെ ഉയരാന്‍ പോകുന്ന ചോദ്യങ്ങള്‍ ഇവയാണ്

ആന്റണി മുതല്‍ മുല്ലപ്പള്ളി വരെ പറഞ്ഞ രാഹുല്‍ തരംഗത്തെ കുറിച്ച് നാളെ ഉയരാന്‍ പോകുന്ന ചോദ്യങ്ങള്‍ ഇവയാണ്
ഒരു മാസത്തിലേറെ സമയമെടുത്ത് ഏഴ് ഘട്ടങ്ങളിലായി നടന്ന 17 ആം ലോക് സഭ തിരെഞ്ഞെടുപ്പിൽ ആരൊക്കെ വിജയിച്ചുവെന്നും ഏതൊക്കെ വൻ മരങ്ങൾ കടപുഴകിയെന്നും രാജ്യം ആര് ഭരിക്കുമെന്നുമൊക്കെ നാളെ അറിയാം. എക്സിറ്റ് പോൾ പ്രവചനങ്ങൾ ബി ജെ പി നേതൃത്വം നൽകുന്ന എൻ ഡി എക്കു വലിയ മുൻ‌തൂക്കം നല്കുന്നുവെങ്കിലും പ്രതിപക്ഷ പാർട്ടികൾ പ്രതീക്ഷ കൈവിടുന്നില്ല. എക്സിറ്റ് പോളുകൾ പ്രവചിക്കുന്നതുപോലുള്ള ഒരു മുന്നേറ്റം എൻ ഡി എക്കു ഉണ്ടായാൽ പോലും ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം തങ്ങൾക്കു ലഭിക്കുമോ എന്ന കാര്യത്തിൽ ബി ജെ പി നേതൃത്വത്തിന് അത്ര ഉറപ്പു പോരാ. അതുകൊണ്ടു കൂടിയാണ് ഫല പ്രഖ്യാപനത്തിനു ശേഷവും എൻ ഡി എ യുമായി സഹകരിക്കാൻ തയ്യാറുള്ളവർക്കായി വാതിലുകൾ തുറന്നിടുന്നുവെന്ന് ബി ജെ പി ദേശീയ അധ്യക്ഷൻ അമിത്ഷാ പ്രഖ്യാപിച്ചത്.

ജയപരാജയങ്ങൾക്കപ്പുറം പല പാർട്ടികളുടെയും പ്രസക്തി തന്നെ ചോദ്യം ചെയ്യപ്പെട്ടേക്കാം. ഇക്കൂട്ടത്തിൽ കോൺഗ്രസ്സും പെടും. യു പിയിലും ഡൽഹിയിലും പശ്ചിമ ബംഗാളിലും മാത്രമല്ല കേരളത്തിൽ പോലും ബി ജെ പി എന്തെങ്കിലും നേട്ടം ഉണ്ടാകുന്ന പക്ഷം അതിന്റെ പഴി കോൺഗ്രസിന്റെയും അതിന്റെ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെയും തലയിൽ തന്നെ വന്നു വീഴും. യു പി യുടെ കാര്യത്തിൽ കോൺഗ്രസിന് വേണമെങ്കിൽ എസ് പി - ബി എസ് പി സഖ്യത്തെ പഴിചാരി രക്ഷപ്പെടാൻ ശ്രമിക്കാം. കാരണം അവിടെ കോൺഗ്രസ്സുമായി സഖ്യമില്ലെന്നു പ്രഖ്യാപിച്ചത് അഖിലേഷ് യാദവും മായാവതിയുമായിരുന്നല്ലോ. എന്നാൽ കോൺഗ്രസ്സുമായി സഖ്യമില്ലെങ്കിലും സോണിയ ഗാന്ധി മൽസരിച്ച റായ് ബറേലിയിലും രാഹുലിന്റെ മണ്ഡലമായ അമേഠിയിലും സ്ഥാനാർത്ഥികളെ നിര്‍ത്താതെ സമ്പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടും മറ്റു മണ്ഡലങ്ങളിൽ സ്വന്തം സ്ഥാനാർത്ഥികളെ നിര്‍ത്തി മത്സരിപ്പിച്ചതിനുള്ള മറുപടി കോൺഗ്രസ് തീർച്ചയായും നൽകേണ്ടിവരും. ഡൽഹിയിൽ ഷീല ദീക്ഷിതിന്റെ കടുംപിടുത്തതിനുമുന്നിൽ കോൺഗ്രസ് ഹൈക്കമാൻഡ് മുട്ടുമടക്കിയതിന്റെ ഫലം കൂടിയായിരുന്നു അവിടെ ആം ആദ്മി പാർട്ടിയുമായുള്ള സഖ്യ സാധ്യത പൊലിഞ്ഞത്. ബംഗാളിലാവട്ടെ സി പി എമ്മുമായി സഖ്യം എന്നൊക്കെ തുടക്കത്തിൽ പറഞ്ഞിരുന്നെങ്കിലും സഖ്യം ഉണ്ടാക്കുന്നതിൽ അവിടെയും പരാജയപ്പെട്ടു.

കേരളത്തിലേക്ക് വന്നാൽ എക്സിറ്റ് പോളുകൾ പ്രവചിക്കുന്നതുപോലെ തിരുവനന്തപുരത്തോ പത്തനംതിട്ടയിലോ താമര വിരിഞ്ഞാൽ വയനാട്ടിൽ നിന്നും മത്സരിക്കാനുള്ള രാഹുൽ ഗാന്ധിയുടെ തീരുമാനം ചോദ്യം ചെയ്യപ്പെടും. കോൺഗ്രസിന്റെ ദേശീയ അധ്യക്ഷൻ എന്തുകൊണ്ട് ബി ജെ പി കടുത്ത മത്സരം കാഴ്ച വെച്ച തിരുവനന്തപുരം, പത്തനംതിട്ട മണ്ഡലങ്ങൾ ഒഴിവാക്കി കോൺഗ്രസിന്റെ ഉറച്ച സീറ്റായ വയനാട് തിരഞ്ഞെടുത്തു എന്ന ചോദ്യത്തിന് കേരളത്തിലെ പി സി സി നേതൃത്വം മാത്രമല്ല രാഹുൽ ഗാന്ധി കൂടി മറുപടി പറയേണ്ടിവരും. കേന്ദ്രത്തിൽ ബി ജെ പി പിയോട് യുദ്ധം പ്രഖ്യാപിച്ചുട്ടുള്ള രാഹുൽ എന്തുകൊണ്ട് ബി ജെ പി സ്ഥാനാർത്ഥികൾ കടുത്ത വെല്ലുവിളി ഉയർത്തിയ തിരുവനന്തപുരവും പത്തനംതിട്ടയും ഒഴിവാക്കി തിരഞ്ഞെടുപ്പിനു ശേഷം ഒരു ബി ജെ പി ഇതര സർക്കാർ രൂപീകരിക്കാൻ സാധ്യത തെളിഞ്ഞാൽ അതിനെ പിന്തുണക്കാൻ സന്നദ്ധമായി നിൽക്കുന്ന ഇടതുപക്ഷത്തെ എതിരിടാൻ വയനാട് തിരഞ്ഞെടുത്തുവെന്ന ചോദ്യം സി പി എമ്മിന്റെയും സി പി ഐ യുടെയും നേതാക്കൾ നേരത്തെ തന്നെ ഉന്നയിച്ചിരുന്നതാണ്. അതുകൊണ്ടു തന്നെ ആ രണ്ടു മണ്ഡലങ്ങളിൽ ഏതെങ്കിലും ഒന്നിലെങ്കിലും താമര വിരിഞ്ഞാൽ രാഹുൽ ഗാന്ധിക്കെതിരെയുള്ള ഇടതുപക്ഷ ആക്രമണത്തിന് മൂർച്ച വർധിക്കും എന്ന കാര്യത്തിൽ തർക്കമില്ല.

തമിഴ്‌നാടും കര്‍ണ്ണാടകവുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ വയനാട്ടിൽ നിന്നും രാഹുൽ ഗാന്ധി മത്സരിക്കുമ്പോൾ മൂന്ന് സംസ്ഥാനങ്ങളിലും രാഹുൽ തരംഗം ഉണ്ടാകും എന്നായിരുന്നു എ കെ ആന്റണി മുതൽ മുല്ലപ്പള്ളി രാമചന്ദ്രൻ വരെയുള്ളവർ അവകാശപ്പെട്ടിരുന്നത്. തമിഴ്‌നാട്ടിൽ ഡി എം കെ മുന്നണിയിലാണ് കോൺഗ്രസ് ഉള്ളതിനാലും അവിടെ ഡി എം കെ അനുകൂല തരംഗം പ്രവചിക്കപ്പെടുന്നതിനാലും തമിഴ്‌നാട്ടിലെ മുന്നേറ്റം രാഹുലിന്റെ കൂടെ ക്രെഡിറ്റിൽ പെടുത്തുന്നവർ ഉണ്ടാവാം. എന്നാൽ കർണാടകത്തിൽ നിന്നും അത്ര ശുഭകരമായ വാർത്തയല്ല വരുന്നത്. അവിടെ ഏച്ചുകെട്ടി ഉണ്ടാക്കിയ കോൺഗ്രസ് - ജെ ഡി എസ് സഖ്യത്തിലെ തമ്മിലടി ബി ജെ പിക്കു കൂടുതൽ നേട്ടം ഉണ്ടാകുമെന്നാണ് കേൾക്കുന്നത്. കേരളത്തിലാവട്ടെ വായനാടിനോട് ചേർന്ന് കിടക്കുന്ന കോഴിക്കോടും കണ്ണൂരിലും പല എക്സിറ്റ് പോൾ സർവ്വേകളും ഫോട്ടോ ഫിനിഷ് പ്രവചിക്കുമ്പോഴും നേരിയ മുൻ‌തൂക്കം നൽകുന്നത് ഇടതു മുന്നണിക്കാണ്. നാളെ ഫലം വരുമ്പോൾ ഈ മണ്ഡലങ്ങളിൽ വിജയം ഇടതിനൊപ്പമെങ്കിൽ എവിടെ രാഹുൽ തരംഗം എന്ന ചോദ്യം ഉയരാതെ തരമില്ലല്ലോ.

Read More: ശബരിമല, കള്ളവോട്ട്, സെക്കുലറിസം… എന്റെ നിലപാടില്‍ യാതൊരു മാറ്റവുമില്ല; ടീക്കാറാം മീണ തുറന്നു പറയുന്നു/അഭിമുഖം

Next Story

Related Stories