TopTop
Begin typing your search above and press return to search.

ആരോടാണ് സുപ്രീം കോടതിയുടെ കൂറ്? ജനാധിപത്യത്തോടല്ല എന്നു സംശയിക്കണം

ആരോടാണ് സുപ്രീം കോടതിയുടെ കൂറ്? ജനാധിപത്യത്തോടല്ല എന്നു സംശയിക്കണം

ജസ്റ്റിസ് ലോയയുടെ മരണത്തെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്ന പൊതുതാത്പര്യ ഹര്‍ജി ഇന്ന് സുപ്രീം കോടതി തള്ളി. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പെട്ട ഷൊറാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലക്കേസില്‍ വാദം കേട്ടിരുന്ന ലോയ മരിച്ചു രണ്ടാഴ്ച്ചക്കുള്ളില്‍, പുതിയ ന്യായാധിപന്‍ അമിത് ഷായെ കുറ്റവിമുക്തനാക്കുകയും വിചാരണയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു എന്നറിയുമ്പോഴാണ് ലോയയുടെ മരണത്തിന്റെ ഉടന്തടി ഗുണഭോക്താവ് ആരാണെന്ന് നമുക്ക് മനസിലാവുക. ഷായെ കേസില്‍ നിന്നൊഴിവാക്കാന്‍ ലോയക്ക് 100 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നു എന്നു ലോയയുടെ സഹോദരി വെളിപ്പെത്തിയിരുന്നു. ലോയക്കു നെഞ്ചുവേദന വന്നതിനു ശേഷമുള്ള ഓരോ സംഭവവും അസാധാരണമായ ക്രമക്കേടുകളുടെ ഘോഷയാത്രയാണ്. എന്നിട്ടും ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബഞ്ചിന് തോന്നിയത്, PIL,'Scandalous' ആണെന്നാണ്. ഇതിന് മുമ്പ് അമിത് ഷായെ കുറ്റവിമുക്തനാക്കിയ മുന്‍ ചീഫ് ജസ്റ്റിസ് ദൈവത്തിന്റെ സ്വന്തം നാട്ടില്‍ മാവേലിയായി നാടുവാഴുകയാണ് എന്നുകൂടി ഓര്‍ക്കണം.

ഇന്നോളമുണ്ടായിട്ടില്ലാത്ത വിധത്തില്‍ രാജ്യത്തെ ഭരണഘടന സ്ഥാപനങ്ങള്‍ വിശ്വാസത്തകര്‍ച്ച നേരിടുകയാണ്. സുപ്രീം കോടതി അതിന്റെ മുന്നില്‍ തന്നെയാണ് എന്നാണവസ്ഥ. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ അയാള്‍ക്ക് തൊട്ട് താഴെയുള്ള നാലു മുതിര്‍ന്ന ന്യായാധിപന്മാര്‍ പരസ്യമായി ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്നു. വ്യവഹാരങ്ങള്‍ തീര്‍പ്പാക്കാന്‍ ഓരോ ന്യായാധിപനും അനുവദിക്കുന്ന തര്‍ക്കങ്ങള്‍ ഏതൊക്കെയെന്ന് തീരുമാനിക്കാനുള്ള ചീഫ് ജസ്റ്റിസിന്റെ വിവേചനാധികാരം സംശയാസ്പദമായ കാരണങ്ങളാല്‍ ദുരുപയോഗം ചെയ്യുന്നു എന്നാണ് അയാള്‍ക്കെതിരെയുള്ള മുഖ്യ പരാതി. സിനിമ പ്രദര്‍ശനശാലകളില്‍ ദേശീയഗാനം കേള്‍പ്പിച്ച് കാണികളെ ദേശസ്‌നേഹത്താല്‍ ഉണര്‍ത്തി നിര്‍ത്തണമെന്ന അപഹാസ്യമായ വിധി പുറപ്പെടുവിച്ചയാളാണ് ജസ്റ്റിസ് മിശ്ര എന്നുകൂടി ഓര്‍ക്കണം. അതായത് നിലവില്‍ രാജ്യം ഭരിക്കുന്ന ഹിന്ദുത്വ ഭീകരതയുടെ രാഷ്ട്രീയത്തോടുള്ള തന്റെ കൂറ് അയാള്‍ സംശയമില്ലാത്തവണം വ്യക്തമാക്കിയിട്ടുണ്ട്.

സംഘപരിവാര്‍ എഴുതിക്കൊടുക്കുന്ന വിധികളാണ് എല്ലാ വ്യവഹാരങ്ങളിലും സുപ്രീം കോടതി പുറപ്പെടുവിക്കുന്നത് എന്നല്ല ഇതിനര്‍ത്ഥം എന്നാല്‍, രാഷ്ട്രീയമായി സംഘപരിവാരിനും അതിന്റെ പ്രത്യയശാസ്ത്രത്തിനും അനുകൂലമായ ഒരു അന്തരീക്ഷമാണ് സുപ്രീം കോടതിയില്‍ എന്നാണ് തെളിഞ്ഞു കാണുന്നത്. സര്‍ക്കാരിന് താത്പര്യമില്ലാത്ത ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസ് ജസ്റ്റിസ് കെ. എം ജോസഫിനെ സുപ്രീം കോടതി ന്യായാധിപനാക്കാനുള്ള കൊലീജിയം ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുക്കാതെ മനപൂര്‍വം വൈകിക്കുന്നതിനെതിരെ മുതിര്‍ന്ന രണ്ടു സുപ്രീം കോടതി ന്യായാധിപന്മാര്‍ ഇക്കഴിഞ്ഞ ദിവസങ്ങളിലാണ് പരസ്യമായി ചീഫ് ജസ്റ്റിസ് മിശ്രയോട് അതൃപ്തി പ്രകടിപ്പിച്ചത്. ഉത്തരാഖണ്ഡ് നിയമസഭയെ പിരിച്ചുവിടാന്‍ കേന്ദ്ര സര്‍ക്കാരെടുത്ത തീരുമാനവും അതിനുള്ള രാഷ്ട്രപതിയുടെ വിജ്ഞാപനവും റദ്ദാക്കിക്കൊണ്ട് ബി ജെ പി സര്‍ക്കാരിനെ കടുത്ത വിമ്മിട്ടത്തിലാക്കിയ വിധി പുറപ്പെടുവിച്ച ജസ്റ്റിസ് കെ എം ജോസഫിനെ സുപ്രീം കോടതിയിലേക്ക് കൊണ്ടുവാരാനുള്ള ശുപാര്‍ശ ബി ജെ പി സര്‍ക്കാര്‍ വൈകിക്കുന്നതിലെ രാഷ്ട്രീയം എന്താണെന്ന് സകലര്‍ക്കുമറിയാം. കൊലീജിയത്തിനുമറിയം. അതാണ് കൊലീജിയത്തിലെ രണ്ടു ജസ്റ്റിസുമാര്‍ പരസ്യമായി പറഞ്ഞതും. എന്നിട്ടും കേന്ദ്ര സര്‍ക്കാരിനോട് ഒരു വിശദീകരണം പോലും ചോദിക്കാത്ത ചീഫ് ജസ്റ്റിസ് ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിക്ഷിപ്ത രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കുന്നു എന്നുതന്നെ വേണം കരുതാന്‍.

സമാനമായ അമ്പരപ്പാണ് ലോയ കേസിലെ വിധിയും ഉണ്ടാക്കുന്നത്. തികച്ചും സംശയാസ്പദമായ സാഹചര്യങ്ങളില്‍ മരിച്ച ലോയയുടെ ചികിത്സ നടപടിക്രമങ്ങളിലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും പോലീസ് നടപടികളിലും ഇപ്പോള്‍ സുപ്രീം കോടതി തങ്ങള്‍ പൂര്‍ണമായും വിശ്വസിക്കുന്നു എന്നു പറയുന്ന മറ്റ് ന്യായാധിപന്മാരുടെ മൊഴികളിലുമെല്ലാമുള്ള വൈരുദ്ധ്യങ്ങളാണ് ഇങ്ങനെയൊരാവശ്യം സുപ്രീം കോടതിയിലേക്ക് എത്താനിടയാക്കിയത് എന്നു സുപ്രീം കോടതി തന്ത്രപൂര്‍വം മറക്കുകയാണ്. ലോയയുടെ മരണം സ്വാഭാവിക മരണമാണ് എന്നാണ് കോടതിയിപ്പോള്‍ പറയുന്നത്. വാസ്തവത്തില്‍ ഈ ഘട്ടത്തില്‍ അത് കോടതി കണ്ടുപിടിക്കേണ്ട കാര്യമല്ല. അത് സ്വാഭാവിക മരണമാണോ എന്ന കാര്യത്തില്‍ അന്വേഷണം നടത്തിയതിന് ശേഷം മാത്രമാണു കോടതി പറയേണ്ടത്.

http://www.azhimukham.com/update-justiceloyacase-supremecourt-verdict/

അമിത് ഷാ ഉള്‍പ്പെട്ട വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ലോയക്ക് മുമ്പ് വാദം കേട്ട ന്യായാധിപനെ, അതിലെ വാദം കേള്‍ക്കല്‍ കഴിയും വരെ മാറ്റാന്‍ പാടില്ലെന്ന സുപ്രീം കോടതി നിര്‍ദേശം ലംഘിച്ചുകൊണ്ടാണ് സ്ഥലം മാറ്റിയത്. ശേഷം വന്ന ലോയ ദുരൂഹ സാഹചര്യത്തില്‍ മരിക്കുന്നു. ലോയക്ക് ശേഷം വന്ന ന്യായാധിപന്‍ അമിത് ഷായെ കുറ്റവിമുക്തനാക്കുന്നു. ഇതെല്ലാം വളരെ സ്വാഭാവികമായ കാര്യങ്ങളാണെന്ന് ഇന്ത്യയില്‍ ജീവിക്കുന്നവര്‍ക്ക് വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണ്. രാജ്യത്തെ ഭരണഘടന സ്ഥാപനങ്ങളെ ദുര്‍ബലമാക്കുകയും അവയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുകയും ചെയ്യുക എന്ന സംഘപരിവാര്‍ അജണ്ടയില്‍ കോടതികളുടെ സ്വതന്ത്ര, മതേതര സ്വഭാവത്തെ ഇല്ലാതാക്കുക എന്നത് വളരെ നിര്‍ണായക സംഗതിയാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കാര്യത്തില്‍ സര്‍ക്കാര്‍ അതിനെ തങ്ങളുടെ കൂലിക്കാരാക്കി മാറ്റുന്ന പ്രക്രിയ രാജ്യത്തിന്റെ കണ്‍മുന്നില്‍ നടക്കുകയാണ്. ഇത് തന്നെയാണ് സുപ്രീം കോടതിയിലും നടക്കുന്നത്.

സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയത്തെ, രാജ്യത്തിന്റെ മതേതര ഭരണഘടന സ്വഭാവത്തെ പ്രയോഗത്തില്‍ ഇല്ലാതാക്കുന്ന തരത്തിലേക്ക്, എല്ലാ നിര്‍ണായകമായ ഭരണഘടന സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കുക എന്നതാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. അത് കുട്ടികളുടെ പാഠപുസ്തകങ്ങള്‍ മുതല്‍ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലമാര്‍ വരെയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുതല്‍ സുപ്രീം കോടതി വരെയും നീളുന്ന ഒരു പ്രക്രിയയാണ്. അസാധാരണമായ ഒരു സാഹചര്യമാണിത്. അതുകൊണ്ടുതന്നെ അസാധാരണമായ പ്രതികരണങ്ങളും അതാവാശ്യപ്പെടുന്നു. പതിവുചിട്ടയില്‍ കോടതിവിധി വന്നല്ലോ, എല്ലാവരും പിരിഞ്ഞുപോണം എന്നു നമുക്കിനി പറയാനാവില്ല (ഒരു കാലത്തും ഒരു ജനാധിപത്യ സമൂഹത്തില്‍ അങ്ങനെ അന്തിമമായി ജനം പിരിഞ്ഞുപോകരുത് എന്നത് വേറെ കാര്യം). പ്രത്യക്ഷമായ തരത്തില്‍ത്തന്നെ കോടതികളെ തങ്ങള്‍ക്കനുകൂലമാക്കി നിര്‍ത്താന്‍ ന്യായാധിപ നിയമനത്തെ വരെ തടഞ്ഞുനിര്‍ത്തുന്ന ഒരു സര്‍ക്കാര്‍ ഈ റിപ്പബ്ലിക്കിന്റെ ജനാധിപത്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സംവിധാനത്തിന്റെ ആദര്‍ശാതത്മകമായ സത്തയെയാണ് ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നത്.

http://www.azhimukham.com/india-high-voltage-hearing-supremecourt-loya-case/

സ്വതന്ത്ര ഇന്ത്യയിലെ നീതിന്യായ സംവിധാനം ബ്രിട്ടീഷ് കൊളോണിയല്‍ രാജിന്റെ ഏറെക്കുറെ തുടര്‍ച്ചയായിരുന്നു. വളരെ സാവധാനമാണ് അതിന്റെ വിധികളില്‍ ഒരു സ്വാതന്ത്ര്യ സമരത്തിന്റെയും സ്വതന്ത്ര ജനാധിപത്യ റിപ്പബ്ലിക്കിന്റെയും രാഷ്ട്രീയ മൂല്യങ്ങള്‍ അല്‍പാല്‍പയമായി പ്രതിഫലിക്കാന്‍ തുടങ്ങിയത്. ഇത് കോടതികളില്‍ നേരിട്ടുണ്ടായ ഒരു മാറ്റമായിരുന്നില്ല. ഒരു സമൂഹമെന്ന നിലയില്‍ ജനാധിപത്യത്തെക്കുറിച്ചുള്ള സംഘര്‍ഷാത്മകമായ ചര്‍ച്ചകള്‍ സമൂഹത്തില്‍ നടന്നപ്പോഴാണ് ഈ മാറ്റം പ്രതിഫലിച്ചത്.

എപ്പോഴെല്ലാം ഭരണകൂടം അതിന്റെ സമഗ്രാധിപത്യ സ്വഭാവത്തിലേക്ക് കയറാന്‍ ശ്രമിച്ചിട്ടുണ്ടോ, അപ്പോഴൊക്കെ ആദ്യഘട്ടത്തില്‍ അതിനു സര്‍വാത്മനാ പിന്തുണ നല്‍കാനാണ് കോടതികള്‍ മുതിരുക. അടിയന്തരാവസ്ഥക്കാലത്ത് നാമിത് കണ്ടതാണ്. എന്നാല്‍ പൊതുസമൂഹത്തിലെ രാഷ്ട്രീയ സമരങ്ങള്‍ ഈ ഭരണകൂട ശ്രമത്തെ പ്രതിരോധിക്കുകയും ദുര്‍ബലമെങ്കിലും സാമാന്യമായ ജനാധിപത്യ ചട്ടക്കൂട് വീണ്ടും നിലനില്‍ക്കും എന്നു വരികയും ചെയ്യുമ്പോള്‍ കോടതികള്‍ അതിന്റെ ജനാധിപത്യ കടമകള്‍ ചെറിയതോതില്‍ വീണ്ടും നിര്‍വഹിക്കും.

ഇപ്പോള്‍ ഇന്ത്യയില്‍ നടക്കുന്നത് മേല്‍പ്പറഞ്ഞ ഭരണകൂട സമഗ്രാധിപത്യത്തിന് കോടതി വിടുപണി ചെയ്യുന്ന ഘട്ടമാണ്. പൊതുസമൂഹത്തില്‍ നടക്കുന്ന ആശയ സംഘട്ടനങ്ങളും സുപ്രീം കോടതിയില്‍ തന്നെ 'ഉദാര ജനാധിപത്യ വാദികളും''യാഥാസ്ഥിതിക ഹിന്ദുത്വ രാഷ്ട്രീയ അനുകൂലികളും' തമ്മിലുള്ള സംഘര്‍ഷമാണ് ഇതിന്റെ വേഗതയേ കുറയ്ക്കുന്നത്. കോടതിക്കുള്ളിലെ ഈ സംഘട്ടനം ഇല്ലാതാക്കാനും തങ്ങളുടെ പിണിയാളുകളെക്കൊണ്ട് നീതിന്യായ സംവിധാനത്തെ നിറയ്ക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് ബി ജെ പി സര്‍ക്കാര്‍ ജസ്റ്റിസ് ജോസഫിന്റെ സുപ്രീം കോടതി പ്രവേശനത്തെ തടഞ്ഞുവെക്കുന്നത്. ഇതൊരു സ്വാഭാവികമായ സര്‍ക്കാര്‍ നടപടിയിലെ വൈകല്യമായി കണ്ടാല്‍ അത് സംഘപരിവാറിന്റെ ഹിന്ദുരാഷ്ട്ര അജണ്ടയിലെ ഒരു നിര്‍ണായകഘട്ടം കടക്കാന്‍ നാമവരെ അനുവദിക്കുക എന്നതായിരിക്കും.

http://www.azhimukham.com/national-death-judge-loya-government-documents-placed-before-supremecourt-raises-questions/

ഈ പശ്ചാത്തലത്തില്‍ക്കൂടി വേണം ലോയ കേസിലെ വിധി കാണേണ്ടത്. ന്യായാധിപന്മാരുടെ വാക്കുകളെ മറ്റെന്തിനെക്കാളും മുന്‍ഗണന നല്‍കി മുഖവിലയ്‌ക്കേടുക്കേണ്ട ഒരേയൊരു സന്ദര്‍ഭം, അവര്‍ കോടതിയിലെ ന്യായാധിപന്മാര്‍ എന്ന നിലയില്‍ തങ്ങളുടെ ഔദ്യോഗിക കൃത്യനിര്‍വഹണം നടത്തുമ്പോള്‍ മാത്രമാണ്. അല്ലാത്ത സമയത്ത് അവരുടെ മൊഴികളെ അവിശ്വസിക്കരുതെന്നോ അല്ലെങ്കില്‍ മറ്റ് സാഹചര്യങ്ങളില്‍ സ്വതന്ത്രരായ മനുഷ്യര്‍ എന്ന നിലയ്ക്കുള്ള അവരുടെ മൊഴികള്‍ക്ക് മറ്റുള്ളവയെക്കാള്‍ പ്രാമാണികത നല്‍കണമെന്നോ നിയമത്തില്‍ ഒരിക്കലും പറഞ്ഞിട്ടില്ല. അത് മാത്രവുമല്ല അങ്ങനെ നല്‍കുന്നത് സാമാന്യ നീതിയുടെയും നീതിബോധത്തിന്റെയും ലംഘനമാണ്. ഒരു സാക്ഷിയുടെ മുന്‍കാല പെരുമാറ്റമോ ചരിത്രമോ അയാളുടെ മൊഴിയെ വിശ്വസിക്കാനോ അവിശ്വസിക്കാനോ കാരണമായിക്കൂട. ഈ പ്രത്യേക വിഷയത്തിലെ സാഹചര്യങ്ങളും വസ്തുതകളും നിയമപരമായുള്ള നിലനില്‍പ്പും മാത്രമാണ് മൊഴിയുടെ വിശ്വാസ്യത കണക്കാക്കാന്‍ ഉപയോഗിക്കേണ്ടത്. അതുകൊണ്ട് ന്യായാധിപന്മാര്‍ നല്‍കിയ മൊഴി എന്ന്, കോടതി മായ്ക്കാനാവാത്ത സത്യം എന്ന രീതിയില്‍ വിളിച്ചുപറയുന്നത് തുല്യനീതിയെയും നീതിനടത്തിപ്പുവേണ്ട ജനാധിപത്യ മൂല്യങ്ങളെയും അവഹേളിക്കലാണ്. ഉന്നത നീതിപീഠങ്ങളിലെ ഏതാണ്ട് 20% ന്യായാധിപന്മാര്‍ അഴിമതിക്കാരാണെന്ന് ഒരു സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പറഞ്ഞ നാട്ടിലാണ് ഈ ന്യായാധിപ മൊഴിയുടെ പ്രവാചക വിശുദ്ധി!

വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ ലോയയും സഹ ന്യായാധിപന്മാരും രണ്ടാള്‍ക്കുള്ള മുറിയില്‍ മൂന്നു പേര്‍ കുത്തിത്തിരക്കി കിടന്നു എന്നത് മുതല്‍ ഇ.സി.ജി റിപ്പോര്‍ട്ടിലും അടിയന്തര ശസ്ത്രക്രിയ നടത്തിയെന്ന പ്രഥമദൃഷ്ട്യാ അനാവശ്യമെന്നും വ്യാജമെന്നും തെളിയുന്ന തരത്തിലുള്ള ചികിത്സ നടപടി ക്രമങ്ങളിലും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലും ശവസംസ്‌കാരം നടത്താന്‍ സംഘപരിവാറുകാര്‍ എങ്ങുന്നിന്നുമില്ലാതെ പ്രത്യക്ഷപ്പെട്ട നാടകീയതയിലുമൊക്കെ ഒരു കുഴപ്പവും കാണാത്ത സുപ്രീം കോടതി ഒടുവില്‍ കണ്ട കുഴപ്പം മുഴുവന്‍ പൊതു താത്പര്യ ഹര്‍ജിയും 'ജുഡീഷ്യറിയെ താറടിച്ചു കാണിക്കാന്‍ ശ്രമിച്ചു' എന്നതാണ്. വാദത്തിനിടയില്‍ അഭിഭാഷകര്‍ പറഞ്ഞ കാര്യങ്ങളാണ് വിധിയില്‍ കോടതിയുടെ വലിയ പരാമര്‍ശവിഷയം എന്നത് എത്ര ആത്മനിഷ്ഠവും നിയമബാഹ്യവുമായാണ് സുപ്രീം കോടതി ഈ വിഷയങ്ങളെ സമീപിക്കുന്നത് എന്നതിന്റെ തെളിവാണ്.

http://www.azhimukham.com/india-death-of-judge-loya-government-documents-placed-before-supreme-court-raise-more-questions-deepen-the-mystery/

ഇതുമാത്രമല്ല, ഇതെല്ലാം നിയമ പ്രക്രിയയെ ദുരുപയോഗം ചെയ്യലാണെന്നുകൂടി കോടതി പറഞ്ഞുവെക്കുന്നു. വ്യാപാര, രാഷ്ട്രീയ തര്‍ക്കങ്ങള്‍ തീര്‍ക്കാന്‍ ഇതിനെ ഉപയോഗിക്കരുതെന്ന്, വ്യക്തമായി ഇതില്‍ രാഷ്ട്രീയ പ്രശ്‌നമുണ്ടെന്നും അമിത് ഷാ ഉള്‍പ്പെട്ട ക്രിമിനല്‍ വിചാരണ സംബന്ധിച്ച വ്യവഹാരമാണ് ലോയയുടെ മരണത്തിലേക്ക് എത്തിച്ചതെന്നുമുള്ളത് ഒരു ന്യായമായ വാദമാണ്. അത്തരമൊരു വാദത്തെ കോടതിയലക്ഷ്യം എന്നൊക്കെയുള്ള ഭീഷണി മുഴക്കി നിശബ്ദമാക്കാന്‍ ശ്രമിക്കുകയാണ് സുപ്രീം കോടതി.

അമിത് ഷാ ഉള്‍പ്പെട്ട വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ എല്ലാം എങ്ങനെയാണ് നിയമനടപടിക്രമങ്ങള്‍ വികൃതമാക്കപ്പെട്ടതെന്നും, ആയിരക്കണക്കിന് മുസ്ലീങ്ങള്‍ കൊല്ലപ്പെട്ട ഗുജറാത്ത് കലാപത്തില്‍ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ പ്രകടമായ മേല്‍നോട്ട പങ്ക് തേച്ചുമാച്ചു കളഞ്ഞതിന്റെ പിന്നില്‍ നീതിന്യായ സ്ഥാപനങ്ങളും മോദി-ഷാ-സംഘപരിവാര്‍ കുറ്റവാളി രാഷ്ട്രീയ സംഘവും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണെന്ന് രാജ്യത്തു ഹിന്ദുത്വ രാഷ്ട്രീയത്തിന്റെയും അതിന്റെ ആസൂത്രിതമായ നീക്കങ്ങളുടെയും ഗതിവിഗതികള്‍ കാണുന്ന വലിയൊരു വിഭാഗം ആളുകള്‍ ഉറച്ചുവിശ്വസിക്കുന്നു. ലോയ കേസിലെ കോടതിവിധി അതിനു വീണ്ടും ഉറപ്പ് നല്‍കുന്നു.

ഗുജറാത്ത് കലാപത്തില്‍ മോദിക്ക് പങ്കില്ലെന്ന് എഴുത്തിക്കൊടുത്ത പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവന്‍ ആര്‍. കെ രാഘവനെ 76ആം വയസില്‍ സൈപ്രസിലെ ഇന്ത്യന്‍ സ്ഥാനപതിയാക്കി സുഖവാസ നിയമനം നടത്തിയാണ് മോദി പ്രതിഫലം നല്‍കിയത്. അമിത് ഷായെ കുറ്റവിമുക്തനാക്കിയ അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സദാശിവത്തിനെ കേരള ഗവര്‍ണറാക്കി മോദി സര്‍ക്കാര്‍ നന്ദിയറിയിച്ചു. ന്യായമായും ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കും സംഘത്തിനും നെല്ലായോ പദവിയായോ അതോ മറ്റേത് തരത്തിലാണ് സംഘനന്ദി എന്നു ജനം ചോദിച്ചാല്‍ അത് കോടതിയലക്ഷ്യമല്ല, നാട്ടുകാര്‍ക്കിപ്പോഴും കാര്യകാരണസഹിതം ചിന്തിക്കാനുള്ള ബോധം നിലനില്‍ക്കുന്നു എന്നതിന്റെ തെളിവാണ്.

http://www.azhimukham.com/india-shocking-revelation-on-justice-loya-murder-that-post-mortem-report-manipulated-by-bjp-ministers-relative-by-caravan/

അസാധാരണമായ വിധത്തില്‍ ഹര്‍ജിക്കാരെ അവഹേളിച്ചാണ് ലോയ കേസില്‍ സുപ്രീം കോടതിയുടെ വിധി. അതിലെ രൂക്ഷമായ വാക്കുകളും പ്രയോഗങ്ങളും വിധിക്ക് പിറകിലെ ആത്മാര്‍ത്ഥത വെളിവാക്കുന്നുണ്ട്. ആരോടാണ് ആത്മാര്‍ത്ഥ എന്നത്, ചില പ്രത്യേക കേസുകള്‍ തീര്‍പ്പാക്കാന്‍ ചില പ്രത്യേക ന്യായാധിപന്മാരുടെ ബഞ്ചിലേക്കു വിടുന്നു എന്നു ചീഫ് ജസ്റ്റിസിനെതിരെ മുതിര്‍ന്ന നാലു ന്യായാധിപന്മാര്‍ ആരോപണമുന്നയിച്ച സാഹചര്യത്തില്‍ പ്രസക്തമായ ചോദ്യമാണ്. തീര്‍ച്ചയായും ഇന്ത്യന്‍ ഭരണഘടനയോടും അതിന്റെ ജനാധിപത്യ, മതേതര മൂല്യങ്ങളോടുമുള്ള സുപ്രീം കോടതിയുടെ പ്രതിബദ്ധത ചോദ്യം ചെയ്യപ്പെട്ട ചരിത്രപ്രതിസന്ധിയുടെ നാളുകളിലാണ് നമ്മള്‍. അസാധാരണമാണത്. അതുകൊണ്ടുതന്നെ കോടതിയലക്ഷ്യ ഭീഷണികള്‍ക്ക് കൂച്ചുവിലങ്ങിടാനും സംഘപരിവാര്‍ ഭീഷണികള്‍ക്ക് മാപ്പെഴുതി വാങ്ങാനും കഴിയാത്ത ഉറച്ച മതേതര ജനാധിപത്യ രാഷ്ട്രീയ ബോധത്തോടെ, അത് പറയേണ്ട ചരിത്രപരമായ കടമ കൂടി ഒരു ജനത എന്ന നിലയില്‍ നമുക്കുണ്ട്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

http://www.azhimukham.com/india-shocking-revelation-on-justice-loya-murder-that-post-mortem-report-manipulated-by-bjp-ministers-relative-by-caravan/

http://www.azhimukham.com/india-did-justiceloya-took-room-ravibhan/

http://www.azhimukham.com/edit-cbi-modi-amit-shah-and-fate-of-justice-loya-this-is-india/

http://www.azhimukham.com/national-cause-of-loyas-death-is-not-heart-attack/

http://www.azhimukham.com/update-loyacase-mainreason-supremecourt-mutiny/

http://www.azhimukham.com/update-supremecourt-in-disorder-justice-chelameswar/

Next Story

Related Stories